ഇനി താൻ വീട്ടിൽ പോയീട്ട് അമ്മയുടെ മുൻപിൽ വെച്ചു ഇത്തരം കാര്യങ്ങളൊന്നും പറയരുത് കേട്ടോ…

അപൂർവ്വം ചിലർ

Story written by Aparna Nandhini Ashokan

============

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്. വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും. അവർക്കതിൽ ഒരു മകനും ഉണ്ട്.

രണ്ടാനമ്മയായതു കാരണം അഭിയോടവർക്കു അധികം അടുപ്പമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ എന്റെ എല്ലാ മുൻധാരണകളെയും മാറ്റിമറിച്ചുകൊണ്ട് ആഴത്തിലുള്ള ആത്മബന്ധമാണ് അഭിയ്ക്ക് അവരോടുള്ളതെന്നു ഞങ്ങളുടെ വിവാഹദിവസമാണ് എനിക്ക് മനസ്സിലായത്.

“എന്താടോ വലിയ ആലോചനയിലാണെല്ലോ..”

“അഭി എപ്പോഴാ അടുത്തു വന്നിരുന്നത്. ഞാനറിഞ്ഞതേയില്ല..”

“അതുതന്നെയാണ് ഞാനും ചോദിച്ചത് താനെന്താ ഇത്രകാര്യമായി ആലോചിക്കണേ..”

“അഭിയുടെ അമ്മയെ പറ്റിയാണ് ആലോചിച്ചത്. അഭിയോട് എന്തു സ്നേഹമാണ് അമ്മയ്ക്ക്. രണ്ടാനമ്മയാണെന്നു പറഞ്ഞപ്പോൾ എന്റെ ബന്ധുക്കൾക്കെല്ലാം അതിശയമായിരുന്നൂ..”

“എനിക്ക് ഇഷ്ടമല്ലെടോ അതെന്റെ സ്വന്തം അമ്മയെല്ലെന്നു പറയുന്നത്. തന്നോട് ഞാൻ പറഞ്ഞ കാര്യങ്ങളെന്തിനാ മറ്റുള്ളവരെ അറിയിച്ചത്..”

അഭി ചെറിയ നീരസത്തോടെ കട്ടിലിലേക്കു കിടന്നു.

“ഞാനായീട്ട് ആരോടും പറഞ്ഞതല്ല അഭിയുടെ അച്ഛനാണ് കല്ല്യാണം ഉറപ്പിക്കുന്നതിനു മുൻപേ എല്ലാ കാര്യങ്ങളും എന്റെ അച്ഛനോട് സംസാരിച്ചത്..”

“ഉം…ഇനി താൻ വീട്ടിൽ പോയീട്ട് അമ്മയുടെ മുൻപിൽ വെച്ചു ഇത്തരം കാര്യങ്ങളൊന്നും പറയരുത് കേട്ടോ. അമ്മയ്ക്കു വിഷമം തോന്നരുത്. സ്വന്തം അമ്മയായി കരുതി സ്നേഹിക്കണം..”

“ശരി അഭി..”

“എങ്കിൽ താനും കിടന്നോളൂ..നാളെ വീട്ടിലേക്കു പോകാൻ നേരത്തെ ഇറങ്ങേണ്ടതല്ലേ..”

“ഉം”

************

അഭിയുടെ വീട്ടിലെത്തിയപ്പോൾ മുതൽ എന്റെ ശ്രദ്ധ അമ്മയിലായിരുന്നൂ. എത്ര ശ്രമിച്ചാലും പെറ്റമ്മയെ പോലെ മക്കളെ സ്നേഹിക്കാൻ രണ്ടാനമ്മയ്ക്കാവുമോ എന്ന പൊതുവേയുള്ള എല്ലാവരുടെയും ചിന്താഗതി തന്നെയാണ് എനിക്കും ഉണ്ടായിരുന്നത്. അടുത്ത ദിവസം മുതൽ അമ്മയ്ക്കൊപ്പം അടുക്കളയിൽ സഹായത്തിനു ഞാനും കൂടി. എന്റെ പ്രതീക്ഷകൾക്കു വിപരീതമായി ഒരു മകളോടെന്നതു പോലെ അമ്മ എന്റെ കാര്യങ്ങളെല്ലാം ചെയ്തുതന്നൂ. പക്ഷേ അമ്മയ്ക്ക് അമിതമായ ലാളനകളോ തേൻപുരട്ടിയ വാക്കുകളോ ഇല്ല. എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തുതരും. എന്റെ മുടിയിൽ എണ്ണ പുരട്ടിതരുന്നതിനു വരെ അമ്മ മുൻകൈയെടുത്തൂ. അതോടെ അമ്മയുടെ സ്നേഹത്തിൽ എനിക്കു വിശ്വാസം വന്നു തുടങ്ങിയിരുന്നൂ.

എന്നോടുള്ളതു പോലെയൊരു വാത്സല്യം അഭിയോട് അമ്മ പ്രകടിപ്പിക്കുന്നില്ലെന്നു അധികം വൈകാതെ തന്നെ എനിക്കു മനസ്സിലായി.

“അമ്മ പെട്ടന്നുതന്നെ തന്നോട് അടുത്തു. അല്ലേടോ..”

“അഭി പറഞ്ഞതു ശരിയാണ്. അമ്മയ്ക്ക് എന്നോട് വലിയ സ്നേഹവും വാത്സല്യവുമാണ്. പക്ഷേ അഭിയോടോ അനിയനോടോ അത്തരം വാത്സല്യങ്ങളൊന്നും കാണിക്കുന്നില്ലാലോ..”

“അമ്മയ്ക്ക് പെൺകുട്ടികളെ വലിയ ഇഷ്ടമാണ്. അമ്മ ഇവിടെ വരുമ്പോൾ ഞാനും ആൺകുട്ടി, അമ്മയ്ക്ക് ജനിച്ചതും ഒരു ആൺകുട്ടിയല്ലേ. ഒരു പെൺകുട്ടി കൂടി വേണമായിരുന്നെന്നു അമ്മ എപ്പോഴും പറയാറുണ്ട്. താൻ ഇവിടെയ്ക്കു വന്നപ്പോൾ അമ്മയ്ക്കൊരു പെൺകുട്ടി കൂടി ജനിച്ച സന്തോഷമുണ്ടെന്നു ഇന്നലെ അച്ഛനോടു പറയുന്നതു കേട്ടു..”

ഞാൻ അഭിയെ നോക്കി പുഞ്ചിരിച്ചു എങ്കിലും അമ്മയുടെ സ്നേഹം വെറും പ്രകടനങ്ങൾ മാത്രമാകരുത് എന്ന പ്രാർത്ഥന എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

************

വിവാഹം കഴിഞ്ഞുള്ള മൂന്നു മാസങ്ങൾ വലിയ സന്തോഷത്തോടെ കടന്നു പോയി. ചിലപ്പോഴോക്കെ അമ്മയുടെ ചില പ്രവൃത്തികളിൽ എനിക്ക് അനിഷ്ടങ്ങൾ തോന്നാറുണ്ടെങ്കിലും ഞാനതു പ്രകടമാക്കിയില്ല.

അമ്മയുടെ കുടുംബസ്വത്തിൽ നിന്നു കിട്ടിയ പറമ്പിൽ നിന്നു തെങ്ങുകയറിക്കാനും തേങ്ങ പെറുക്കിക്കൂട്ടി കൊണ്ടുവരാനും അഭിയെ ഒഴിവു ദിവസങ്ങളിൽ പറഞ്ഞുവിടും. ഇവിടെ പാടത്തു പണിക്കാരുണ്ടെങ്കിലും അഭി വീട്ടിലുള്ളപ്പോൾ അഭിയോടും പണിക്കിറങ്ങാൻ അമ്മ ആവശ്യപ്പെടുന്നതു കാണാം. എന്നാൽ പാടത്തേക്കും വെയിലത്തേക്കും സ്വന്തം മകനെ ഒരിക്കൽ പോലും അമ്മ പണിക്കു വിടുന്നത് കാണാനായീല്ല. അമ്മയ്ക്ക് സ്വന്തം മകന്റെ കാര്യത്തിൽ വേർത്തിരിവുണ്ടെന്നു ഇത്തരം ചില സന്ദർഭങ്ങളിൽ എനിക്കു ശക്തമായി തോന്നിതുടങ്ങി.

അഭിയ്ക്കു സ്വന്തം അമ്മയില്ലാത്തതിനാൽ ആ സ്നേഹം രണ്ടാനമ്മയ്ക്കു പങ്കുവെച്ചു പോകില്ലെന്നും അദ്ദേഹം എന്റേതു മാത്രമാകുമെന്നുമുള്ള സ്വാർത്ഥചിന്ത ഞങ്ങളുടെ വിവാഹത്തിനു മുൻപേതന്നെ എന്റെയുള്ളിൽ പതിഞ്ഞു പോയതിനാലാവാം എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി രണ്ടാനമ്മയോട് അഭിയ്ക്കുള്ള അമിതമായസ്നേഹം ഒരുപക്ഷേ പൂർണ്ണമായും എനിക്ക് ഉൾക്കൊള്ളാനാവാതിരുന്നത്.

***************

എല്ലാം എന്റെ മനസ്സിലെ സ്വാർത്ഥതകളും തെറ്റിധാരണകളും മാത്രമായിരുന്നെന്നു ബോധ്യപ്പെടാനാകാം ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു അപകടം നടന്നു. എന്റെ കുടുംബക്ഷേത്രത്തിൽ നടത്തുന്ന പൂജയിൽ പങ്കെടുക്കാൻ ഞാനും അഭിയും ബൈക്കിൽ പോകാനിറങ്ങിയതാണ്.

“കാറിൽ പോയിക്കൂടെ അഭി നല്ല മഴക്കാറുണ്ടല്ലോ..”

“ഞങ്ങൾ പോയീട്ട് പെട്ടന്ന് മടങ്ങി വരില്ലേ അമ്മേ. ബൈക്ക് തന്നെ ധാരാളം..”

“ശരി മോനെ. പോയീട്ട് വായോ. മോളുടെ അച്ഛനെയും അമ്മയെയും ഞാൻ അന്വേക്ഷിച്ചതായി പറയണം..”

“ശരി അമ്മേ ബൈ..”

അന്നത്തെ യാത്രയോടെ ഞങ്ങളുടെ കുടുംബത്തിലെ സകല സന്തോഷങ്ങളും അവസാനിക്കുകയായിരുന്നൂ. എതിരെ വന്നൊരു ലോറി നിയന്ത്രണം വിട്ട് ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഒരുമാസത്തോളം ആശുപത്രിയിലും പിന്നീട് നീണ്ട രണ്ടു മാസക്കാലം വീട്ടിലും ഞാനും അഭിയും കിടപ്പിലായി.

എന്റെ രണ്ടു കാലുകളും കൈയും ഒടിഞ്ഞിരുന്നെങ്കിലും കാര്യമായ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ അഭിയുടെ കാര്യം അങ്ങനെയായിരുന്നില്ല. പരസഹായമില്ലാതെ പ്രാഥമികകാര്യങ്ങൾ ചെയ്യാൻ പോലും ആകാത്ത വിധം ഒടിവുകളും മുറിവുകളും അഭിയുടെ ദേഹത്തുണ്ടായിരുന്നു. ഒരു മുറിയിൽ രണ്ടു കട്ടിലുകളിലായിട്ടാണ് ഞങ്ങളെ കിടത്തിയിരുന്നത്. എന്റെ ഈ അവസ്ഥയിൽ അഭിയുടെ കാര്യങ്ങളൊന്നും ചെയ്യ്തു കൊടുക്കാനാവാതെ ഞാനൊരുപാടു വിഷമിച്ച ദിവസങ്ങളായിരുന്നു അത്.

പക്ഷേ എന്നെ ഞെട്ടിച്ചത് അമ്മ ഞങ്ങളോടു കാണിച്ച സ്നേഹവും പരിചരണവുമായിരുന്നൂ. ഞങ്ങളുടെ അപകടത്തോടെ എന്നെ വീട്ടിലേക്കു കൊണ്ടു പോയി നോക്കാമെന്നു പറഞ്ഞ എന്റെ മാതാപിതാക്കളെ അമ്മ വിലക്കി. എന്നെ അമ്മ നോക്കികൊള്ളാമെന്നു നിർബന്ധമായും പറഞ്ഞു..”

അമ്മയുടെ സ്നേഹത്തിൽ അൽപമെങ്കിലും അവിശ്വസിച്ചിരുന്ന എന്റെ മനസ്സ് കുറ്റബോധം കൊണ്ട് വിഷമിച്ചു തുടങ്ങിയ നാളുകളായിരുന്നു പിന്നീട്. അമ്മ ഓടിനടന്നു വീട്ടിലേ കാര്യങ്ങളും ഞങ്ങളുടെ കാര്യങ്ങളും ചെയ്തു. എന്റെ അടിവസ്ത്രങ്ങൾ വരെ ഒരുമടിയും കാണിക്കാതെ കഴുകി തന്നു. പണികളെല്ലാം തീർന്നാൽ അമ്മ ഞങ്ങൾക്കൊപ്പം വന്നിരുന്നു സംസാരിക്കും. ഇഷ്ടപ്പെട്ട പലഹാരങ്ങൾ ചോദിച്ചറിഞ്ഞ് ഞങ്ങൾക്കുണ്ടാക്കി തരും. അടുത്തറിയും തോറും അമ്മ എനിക്കൊരു അതിശയമായിരുന്നൂ.

*************

“ഇതു കൂടി കഴിക്കൂ..മോൾക്ക് മീൻക്കറി ഇഷ്ടമാണെന്നു പറഞ്ഞിട്ട് കുറച്ചല്ലേ കഴിച്ചുള്ളൂ..”

“വെറുതെ കിടക്കുകയല്ലേ അതുകൊണ്ടാകും വിശപ്പില്ല ഇപ്പോൾ. എനിക്ക് മതി അമ്മേ..”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇതു കൂടി കഴിക്കണം..”

അമ്മ അടുത്ത ചോറുരുള കൂടി ഉരുട്ടി വായിലേക്കു അടുപ്പിച്ചൂ. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഞാനൊന്നും മിണ്ടാതെ ഉരുള വാങ്ങി കഴിച്ചു. അഭിയ്ക്കും അമ്മ ചോറ് വാരി കൊടുക്കുന്നുണ്ട്. ഞങ്ങൾക്ക് ഭക്ഷണം തന്ന് അമ്മ എണീറ്റു പോയി.

വലിയ പ്രകടനങ്ങളൊന്നും അമ്മയ്ക്കില്ല. മക്കൾക്കു വയ്യാതായാൽ അമ്മമ്മാർ സാധാരണ നോക്കുന്നതു പോലെ അമ്മയും ഞങ്ങളെ പരിചരിക്കുന്നു. രണ്ടാനമ്മ എന്ന വേർത്തിരിവ് മറ്റുള്ളവർക്കേ ഉള്ളൂ. അമ്മയുടെ മനസ്സിൽ അഭി സ്വന്തം മോൻ തന്നെയാണ്. രണ്ടാനമ്മയെന്നാൽ ചില കഥകളിലേ പോലെ അടുപ്പിക്കാൻ പറ്റാത്ത ഒരാളല്ലെന്ന് എനിക്ക് ബോധ്യമായി. അതും അമ്മയാണ്. മാറ്റി നിർത്തപ്പെടേണ്ടവർ അല്ല..

ഒരു ദിവസം രാത്രി ഞാനെണീറ്റു നോക്കുമ്പോൾ ഉറങ്ങുന്ന അഭിയുടെ നെറുകയിൽ തലോടികൊണ്ട് അമ്മ അടുത്തിരിക്കുന്നത് കണ്ടു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. എത്രനേരം അമ്മയവിടെയിരുന്നെന്നു അറിയില്ല. പിന്നീട് പല രാത്രികളിലും ആ കാഴ്ച എനിക്ക് പതിവായി. ആരു പറഞ്ഞു അമ്മയ്ക്ക് അഭിയോട് വാത്സല്യമില്ലെന്ന്. ഇതു തന്നെയല്ലേ ഒരമ്മയുടെ വാത്സല്യം..

പതിയെ പതിയെ പരിക്കുകൾ ഭേദമായി ഞാനും അഭിയും സാധാരണ ജീവിതത്തിലേക്കു വന്നു. അമ്മയോടു സംസാരിച്ചിരിക്കുന്നതു എനിക്ക് പതിവായി. അമ്മയുടെ കുടുംബസ്വത്തിൽ നിന്നു കിട്ടിയ ഭാഗം തുല്യമായി വീതിച്ചാണ് അഭിക്കും സ്വന്തം മകനും ആ അമ്മ കൊടുത്തതെന്നു അറിഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. അഭി തനിക്ക് കിട്ടിയ ഭാഗത്തിൽ കൃഷി ചെയ്യുന്നുണ്ട്. അതു നോക്കി നടത്താനാണ് അമ്മ നിർബന്ധിച്ചു അങ്ങോട്ട് വിടുന്നത്. അമ്മയ്ക്ക് സ്വന്തം മകന്റെ കാര്യത്തിലോ അഭിയുടെ കാര്യത്തിലോ യാതൊരു വേർത്തിരിവുകളും ഇല്ല. പലതും എന്റെ തെറ്റിധാരണകളാണെന്നു കാലം എനിക്ക് തെളിയിച്ചു തന്നു.

നമ്മുടെ ഹൃദയത്തോടു ചേർത്തു നിർത്തി സ്നേഹിക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ മാത്രമേ ചിലരെ മനസിലാക്കാൻ സാധിക്കൂ എന്ന് എനിക്ക് ബോധ്യമായത് അഭിയുടെ അമ്മയുടെ കാര്യത്തിലാണ്.

അമ്മ ഇപ്പോഴും അഭിയോട് ചെറിയ രീതിയിൽ കർക്കശക്കാരിയാണ്. പക്ഷേ ആ മനസ്സിലെ സ്നേഹം അഭിയെ പോലെ എനിക്കും ഇപ്പോഴറിയാം..

ഇങ്ങനെയൊരു രണ്ടാനമ്മ അപൂർവ്വമായേ ഉണ്ടാകൂ. പ്രസവിച്ചില്ലെങ്കിലും മുലയൂട്ടിയില്ലെങ്കിലും അമ്മയാകാമെന്നു തെളിയിച്ച ഒരമ്മ..!! 

Aparna Nandhini Ashokan ❤