ഭർത്താവ് തിരക്കിലാണ്
Story written by Shaan Kabeer
==========
“നീ പറയുന്ന പോലെ ഇരുപത്തിനാല് മണിക്കൂറും നിന്നോട് ഫോണിൽ കൊഞ്ചിയിരിക്കാനൊന്നും എന്നെകൊണ്ട് പറ്റില്ല, ഞാനീ കഷ്ടപ്പെടുന്നത് എനിക്ക് സുഖിക്കാനല്ല, നിന്നേം മക്കളേം നോക്കാനാണ്”
ഷാൻ കബീർ ഫോണിലൂടെ ഷാഹിനയോട് കയർത്തു.
“പക്ഷേ കല്യാണം കഴിഞ്ഞ സമയത്ത് ഇങ്ങൾ ഇങ്ങനെ അല്ലായിരുന്നല്ലോ, ആ സമയത്ത് എന്നെകൊണ്ട് ഫോൺ താഴെ വെക്കാനേ സമ്മതിക്കാറില്ലായിരുന്നല്ലോ. അന്ന് ചെയ്തിരുന്ന അതേ ജോലിതന്നയല്ലേ ഇങ്ങള് ഇപ്പോഴും ചെയ്യുന്നത്, അന്ന് ഇല്ലാത്ത തിരക്ക് എനിക്ക് രണ്ട് മക്കളായപ്പോഴാണോ ഉണ്ടാവുന്നത്”
ഷാഹിനയുടെ സംസാരം ഷാനിനെ കൂടുതൽ ചൊടിപ്പിച്ചു
“നിന്നോട് സംസാരിച്ചാൽ ശരിയാവില്ല, നീ ഇപ്പോഴും വെറും പൈങ്കിളിയാണ്”
ഷാനിന്റെ ആ പറച്ചിൽ ഷാഹിനയെ ശരിക്കും ചൊടിപ്പിച്ചു
“അതെന്താ പ്രസവിച്ച പെണ്ണുങ്ങൾ പൈങ്കിളി ആവാൻ പാടില്ലേ. പ്രസവത്തോട് കൂടി ഞങ്ങളുടെ മനസ്സിലെ പ്രണയവും, വികാരവുമെല്ലാം അവസാനിപ്പിക്കണം എന്നാണോ”
ഷാനിന് കാലിന്റെ പെറുവിരലീന്ന് ദേഷ്യം അരിച്ചുകയറി
“വീട്ടിലെ ചിലവ്, കുട്ടികളുടെ സ്കൂൾ ഫീസ് പിന്നെ ഹോസ്പ്പിറ്റൽ ചിലവ് വേറെ, ഇതൊക്കെ ഞാൻ തന്നെ വേണ്ടേ ഈ കഷ്ടപ്പെട്ട് ഉണ്ടാക്കാൻ. അതിനടിയിൽ ഇരുപത്തിനാല് മണിക്കൂറും ഫോൺ വിളിച്ച് നിന്നോട് കൊഞ്ചാൻ എനിക്ക് സൗകര്യം ഇല്ല”
ഷാഹിന കുറച്ചു സമയം ഒന്നും മിണ്ടിയില്ല, ഒന്ന് നെടുവീർപ്പിട്ട് അവൾ സംസാരിക്കാൻ തുടങ്ങി
“ഇരുപത്തിനാല് മണിക്കൂറും എന്നോട് കൊഞ്ചാൻ ഞാൻ പറഞ്ഞോ…?വല്ലപ്പോഴും വിളിച്ച് സ്നേഹത്തോടെ ഒന്ന് സംസാരിച്ചൂടെ, ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നറിയോ അത്. എന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞൂടെ, എന്റെ ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ അങ്ങനെ പലതും ഇങ്ങളുമായി സംസാരിക്കെങ്കിലും ചെയ്യാലോ”
ഷാൻ കബീർ പഴയ പല്ലവി തന്നെ വീണ്ടും പാടി
“എന്റെ ആഗ്രഹങ്ങൾ പോലും മറന്നിട്ടാ ഞാൻ നിന്നെയും മക്കളെയും നോക്കുന്നത്. എനിക്കുമുണ്ട് കുറേ ആഗ്രഹങ്ങൾ, കല്യാണം കഴിച്ചതോട് കൂടി എല്ലാം പോയി. എത്ര കഷ്ടപ്പെട്ട് നിങ്ങളെ നോക്കിയാലും പരാതിയും പരിഭവവുമേ ബാക്കിയുണ്ടാകൂ. നിന്നെയും മക്കളെയും നോക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ”
അതിനുള്ള ഷാഹിനയുടെ മറുപടി വളരെ പെട്ടന്നായിരുന്നു
“കല്യാണം കഴിക്കുന്നതിന് മുന്നേ അറിയായിരുന്നല്ലോ ഭാര്യ എന്നെമാത്രം വിശ്വസിച്ചിട്ടാണ് കൂടെ വരുന്നത് എന്നും അവളുടെ ലോകം പിന്നെ അവൻ മാത്രമായിരിക്കും എന്നൊക്ക. സ്നേഹവും പ്രണയവും കരുതലും പിന്നെ ഇങ്ങൾ കൂടെ കൂടെ പറയുന്ന ചിലവിന് തരുന്ന കാര്യവും ഒക്കെ തരേണ്ടി വരും. അതിനൊന്നും പറ്റാത്തവർ ഒരിക്കലും കല്യാണം കഴിക്കാൻ നിക്കരുത്. പിന്നെ മക്കളെ നോക്കുന്ന കണക്ക് ഇങ്ങനെ പറയേണ്ട, അവരെ നോക്കാൻ പറ്റിയില്ലെങ്കിൽ ഉണ്ടാകാനും നിക്കരുത്”
ഷാഹിനയുടെ സംസാരം കേട്ട് അന്താളിച്ചുനിന്ന ഷാൻ ഒന്നും മിണ്ടിയില്ല, അവൾ തുടർന്നു
“എന്റെയും മക്കളുടേയും ചിലവിന് പൈസയും ഞങ്ങൾക്ക് ഡ്രെസ്സും എടുത്ത് തന്നാൽ താൻ നല്ലൊരു ഭർത്താവും അച്ഛനുമായി എന്ന തോന്നലാണ് ഇങ്ങളെപ്പോലുള്ള ഭർത്താക്കന്മാർക്ക്. ഇങ്ങക്ക് ആവശ്യമുള്ളപ്പോൾ നന്നായി കൊഞ്ചാറുണ്ടല്ലോ ഇങ്ങള്, ന്നിട്ട് കാര്യം കഴിഞ്ഞാൽ തിരിഞ്ഞ് ഒറ്റ കിടപ്പാണ്. ന്റെ ഷാനിക്കാ ഇങ്ങള് ഓരോ വാർത്തകൾ കാണാറില്ലേ, വിവാഹിതയും രണ്ട് കുട്ടികളുടെ അല്ലങ്കിൽ മൂന്ന് കുട്ടികളുടെ മാതാവ് കാമുകനോടൊപ്പം ഒളിച്ചോടിപ്പോയി എന്നൊക്കെ. സ്വന്തം ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് ഒന്നും കിട്ടാതാവുമ്പോൾ അക്കരെ പച്ചപ്പ് കാണുമ്പോൾ സ്വാഭാവികമായും ഏതൊരു പെണ്ണിന്റെ മനസ്സും ആ പച്ചപ്പിലേക്കൊന്ന് നോക്കും”
ഒന്ന് നിറുത്തിയിട്ട് കള്ളച്ചിരിയുമായി അവൾ തുടർന്നു
“ഈ കാലത്താണോ പച്ചപ്പ് കിട്ടാൻ വല്യ പണി. ഫേസ്ബുക്ക് അങ്ങട് തുറന്നാൽ തന്നെ നന്മമരങ്ങളായ ആങ്ങളമാരുടെയും തന്നെ മനസ്സിലാക്കാത്ത ഭാര്യയുടെ കൂടെ വിങ്ങുന്ന ഹൃദയവുമായി നീറി നീറി ജീവിക്കുന്ന എല്ലാം തുറന്ന് പറയാൻ ഒരു സ്ത്രീയുടെ കൂട്ട് തേടി അലയുന്ന എത്രയെത്ര ജന്മങ്ങൾ ഉണ്ടെന്നറിയോ. വെറൈറ്റി വീഡിയോസും ശരീര അവയവങ്ങളുടെ ഫോട്ടോസും അയച്ചു തരുന്ന അങ്കിൾമാരുണ്ട്, ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്ത ഉടൻ തന്നെ നിറുത്താതെ വീഡിയോ ചെയ്യാൻ ചേട്ടന്മാരുണ്ട്. ഇതൊക്കെ വിട്ടിട്ടാണ് ഞങ്ങളൊക്കെ ഭർത്താവേ ഒന്ന് സ്നേഹിക്ക് സ്നേഹിക്ക് എന്ന് പറഞ്ഞ് ഇങ്ങളെ പിന്നാലെ ഇങ്ങനെ വരുന്നത്”
ഫോൺ കട്ട് ചെയ്യുന്നതിന് മുന്നേ ഷാഹിന ഷാനിന് ഒരു താകീത് കൂടെ കൊടുത്തു
“കുറച്ചുകാലം കൂടി ഞാൻ വൈറ്റും, എന്നോട് സംസാരിക്കാൻ കുറച്ച് സമയം ഇങ്ങക്ക് മാറ്റിവെക്കാൻ പറ്റുന്നില്ല എങ്കിൽ. ഏതെങ്കിലും പച്ചപ്പിന്റെ കൂടെ ഞാനങ്ങട് പോവും. പിന്നെ ഫേസ്ബുക്ക് ലൈവിൽ വന്നിട്ട് ഞാൻ കാ മപിശാചാണ്, മനസാക്ഷി ഇല്ലാത്തവളാണ്, സമൂഹമേ ഇത് കാണുന്നില്ലേ എന്നൊക്കെ കരഞ്ഞിട്ട് ഒരുകാര്യോം ഉണ്ടാവില്ല. ന്നാ ശരി ന്റെ പൊന്നിക്ക ഫുഡിയിട്ട് ഉറങ്ങിക്കോ ട്ടോ”
പിന്നീട് എല്ലാ ദിവസങ്ങളിലും ഷാൻ കബീർ സ്ഥിരം കൊഞ്ചുന്ന കിളികളെ വിട്ട് ഭാര്യയോട് വിളിച്ച് സംസാരിക്കാറുണ്ട് എന്നാണ് അറിയാൻ സാധിച്ചത്…
~ഷാൻ കബീർ