ഒരു കുടുംബം ഇങ്ങനെ ആകുമ്പോൾ പെണുങ്ങൾക്കിടയിൽ പെടുന്ന ആണുങ്ങളുടെ അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…

എഴുത്ത്: മഹാ ദേവൻ

============

നീ വന്നതിൽ പിന്നെ ആണടി ഈ വീടിന്റ സമാധാനം പോയതെന്ന് പറഞ്ഞ് പ്രാകുന്ന അമ്മ. ആരുടെ ഭാഗത്തു നിൽക്കുമെന്ന് അറിയാതെ വീടിന്റ സമാധാനത്തിനു വേണ്ടി ഒന്നും മിണ്ടാതെ ഇരിക്കേണ്ടി വന്ന അച്ഛൻ….

രണ്ട് പേരെയും തളിക്കളയാൻ പറ്റാതെ നടുക്ക് പെട്ടുപോകുന്ന മകൻ.

ഒരു കുടുംബം ഇങ്ങനെ ആകുമ്പോൾ പെണുങ്ങൾക്കിടയിൽ പെടുന്ന ആണുങ്ങളുടെ അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മിണ്ടുന്ന സമയങ്ങളിൽ അമ്മക്ക് എന്നും നല്ലവളായ മരുമോൾ ആയിരുന്നവൾ ഒന്ന് തെറ്റിയാൽ വീടിന്റെ സമാധാനം കളയാൻ വന്ന ഒരുമ്പെട്ടോള് ആകുന്നത് എത്ര പെട്ടന്നാണെന്ന് അറിയോ…

ആ വഴക്ക് തീർക്കാൻ  ഇടയിൽ കയറുമ്പോൾ പെറ്റ കണക്കിൽ തുടങ്ങി നോക്കിയതിന്റെയും വളർത്തിയതിന്റെയും കണക്കുകളുടെ തഴമ്പിച്ച വാക്കുകൾ ഓരോന്നായി പുറത്തേക്ക് തള്ളും.

ആ സമയങ്ങളിൽ പത്തു കൊല്ലം മുന്നേ തന്ന പത്തു രൂപക്ക് പോലും കണക്ക് പറയുന്ന അമ്മ.

“ഇത്രയൊക്കെ വളർത്തിവലുതാക്കി തന്നോളമാക്കിയതിന്റ കൂലി ആണ് ഇപ്പോൾ കിട്ടുന്നതെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് മുന്നിൽ പാവമായി മാറുന്ന അമ്മയുടെ മറ്റൊരു മുഖം കാണണമെങ്കിൽ വീടിന്റ ഉള്ളിലേക്ക് എത്തിനോക്കണം.

“ഓഹ്. മറ്റുള്ളവർക്ക് മുന്നിൽ എന്താ അവളുടെ മാന്യത. ഉള്ളിൽ മുഴുവൻ കുനുട്ടും കുന്നായ്മയും കുത്തിനിറച്ചാണ് ഇങ്ങോട്ട് കെട്ടിയെടുത്തതെന്ന് അറിയില്ലായിരുന്നു. എന്നിട്ടിപ്പോൾ അവനെയും പറഞ്ഞ് മയക്കി ഒക്കത്തും വെച്ചു നടക്കുവാ..അങ്ങനെ നീയും നിന്റെ കെട്ടിയൊനനും കൂടി എന്നെ ഈ വീട്ടിൽ നിന്ന് ചവിട്ടിപുറത്താക്കാമെന്ന് കരുതണ്ട, ഇതേ…എന്റെ വീടാണ്. അങ്ങനെ ആരും ഇവിടെ കിടന്ന് ഞെളിയണ്ട”

അമ്മ എന്റെ വീടെന്ന് പിന്നെയും പിന്നെയും ആണയിട്ടു പറയുമ്പോൾ ഒരു ദിവസം അരുൺ ദേഷ്യത്തോടെ പറഞ്ഞു….

“അതിന് ഞങ്ങളാരും പറഞ്ഞില്ലല്ലോ ഇത് ഞങ്ങടെ വീടാണെന്ന്. ഇത് ഇടക്കിടെ പറഞ്ഞ് സ്വയം ചെറുതാകുന്നത് എന്തിനാണ്. ഒരു കാര്യം ചെയ്യാം. നിങ്ങൾക്ക് ഞങൾ അത്രക്ക് ശല്യം ആയെങ്കിൽ ഞാൻ അങ്ങ് മാറിത്തന്നേക്കാം. വാടകക്ക് പോയാലും നിങ്ങൾക്ക് സമാധാനം ആകുമല്ലോ. അത് മതി. വെറുതെ തൊട്ടതിനും പിടിച്ചതിനും വഴക്കിടുന്നതിനേക്കാൾ നല്ലത് അതാണ് “

അരുൺ ദേഷ്യത്തോടെ ആണ് പറഞ്ഞതെങ്കിലും മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു.

പക്ഷേ അമ്മ ആ പറഞ്ഞതിനെയും മറ്റൊരു അർത്ഥത്തിൽ ആയിരുന്നു കണ്ടതും സംസാരിച്ചതും,

“ഓഹ്.. അല്ലെങ്കിലും എനിക്കറിയാം ഇവിടെ നിന്ന് മാറി ഒറ്റയ്ക്ക് താമസിക്കാൻ ആണ് അവൾ ഈ അടവ് എല്ലാം എടുക്കുന്നത് എന്ന്. കാഞ്ഞ വിത്തല്ലേ. രാത്രി ചെവിയിൽ ഓതിതരുന്നത് കേട്ട് തുള്ളാൻ നിന്നെ പോലെ ഒരു കോന്തനും. ടാ, പെണ്ണിന്റ താളത്തിനു തുള്ളാൻ നിൽക്കരുത്. അവർ പറയുന്നതും കേട്ട് മിണ്ടാതിരിക്കാനും മറ്റുള്ളവരുടെ മെക്കട്ട് കേറാനും അല്ല ഭർത്താവ്. പെണ്ണിനെ നിലക്ക് നിർത്ത്‌ ആദ്യം….”

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ അരുൺ ആദ്യം നോക്കിയത് അച്ഛനെ ആയിരുന്നു.

അങ്ങനെ മറുത്തൊരു വാക്ക് പറയാത്ത പെണ്ണ് ആയിരുന്നു അമ്മയുടെ വലിയ ശത്രു.

രാത്രി അവനോട് ചേർന്നിരിക്കുമ്പോൾ സങ്കടങ്ങളുടെ ഒരു പെരുമഴക്കാലം തന്നെ മുറിയിൽ തിമർത്തു പെയ്യുമ്പോൾ ചേർത്തുപിടിച്ചവൻ പറയാറുണ്ട്,

“അവർ എന്തോ പറഞ്ഞോട്ടെ..അതിനെന്തിനാണ് നീ ഇങ്ങനെ കരയുന്നത്? പെണ്ണ് കരയാൻ നിന്നാൽ പിന്നെ ജീവിതകാലം മുഴുവൻ കരയാനേ സമയം കാണൂ. കുറച്ചൊക്കെ ബോൾഡ് ആകണ്ടേ ഇന്നത്തെ പെണ്ണുങ്ങൾ. ഒന്ന് പറഞ്ഞാൽ തിരിച്ചു രണ്ട് പറയണം എന്നല്ല..മറുത്തു പറയാൻ നിന്നാൽ പിന്നെ നിന്നിൽ കണ്ടെത്തുന്ന കുറ്റം അതായിരിക്കും. അത് അറിയാതെ നാട്ടുകാരിൽ ഒരാൾ കേട്ടാൽ മതി അവരിലൂടെ അത് നിന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും. എന്തിനാണ് വെറുതെ ഒന്നും ഇല്ലാഞ്ഞിട്ടും ഒരുമ്പെട്ടോള് ആകുന്നത്. അതിലും നല്ലത് ആവർ എന്തോ പറഞ്ഞോട്ടെ എന്ന് വെച്ചാൽ മതി. അവർ പറയുന്നത് ഒരു ചെവിയിൽ കേൾക്കുക, മറുചെവിയിലൂടെ കളയുക. അത്രതന്നെ. പ്രതികരിക്കാനും കയർക്കാനും നിന്നാൽ പിന്നെ അതിനെ സമയം ഉണ്ടാകൂ. അല്ലാതെ നീ ഇങ്ങനെ കരഞ്ഞു നിന്നാൽ അത് മതി അവർക്ക് നിന്റെ മേലുള്ള സംസാരത്തിന്റ ആക്കം കൂട്ടാൻ….”

അവൻ പറയുന്നതിനെല്ലാം തലയാട്ടിസമ്മതിക്കുമ്പോൾ അവൾക്ക് ആകെ ഒരു ആശ്വാസം ഭർത്താവ് കൂടെ കട്ടക്ക് നിൽക്കുന്നുണ്ടല്ലോ എന്ന് മാത്രമായിരുന്നു.

ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു അമ്മയുടെ അലർച്ച.

നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾക്ക് നേരെ തല്ലാൻ കൈ ഓങ്ങുമ്പോൾ ആയിരുന്നു അരുൺ ഉള്ളിലേക്ക് കയറിയത്.

മുന്നിൽ ഭാര്യയെ തല്ലാൻ കൈ ഓങ്ങുന്ന അമ്മ. വീട്ടിൽ അച്ഛൻ കൂടി ഇല്ലെന്ന് മനസ്സിലായപ്പോൾ അതിന്റ ആണ് അമ്മക്ക് ഇത്രക്ക് ഊറ്റം എന്ന് മനസ്സിലായി.

“നിങ്ങള് എന്താണ് കാണിക്കുന്നത്….” എന്ന് ചോദിച്ച് കൊണ്ട് അകത്തേക്ക് കയറിയ അവനോട് കയർത്തുകൊണ്ടായിരുന്നു അമ്മ സംസാരിച്ചതും,

“ഈ ഒരുമ്പെട്ടോള് കാരണമാണ് ഈ കുടുംബം നശിച്ചത്. എന്നിട്ട് ഇപ്പോൾ അവൾ എന്നെ പഠിപ്പിക്കാൻ വരുവാ..ഞാനേ  ഈ ലോകം കുറെ കണ്ടതാ..ആ എന്നോടാ ഇവൾ..അടിച്ചു കരണം പുകക്കും ഞാൻ ഇവളുടെ…”

അത് കേട്ട പാടെ അരുണിനും വല്ലാത്ത ദേഷ്യം വന്നിരുന്നു, “ന്നാൽ പിന്നെ എന്റെ മുന്നിൽ വെച്ച് നിങ്ങൾ അവളെ ഒന്ന് തല്ലിക്കെ, ഞാൻ ഒന്ന് കാണട്ടെ.”

അവനതും പറഞ്ഞ് അവൾക്ക് ഭാര്യയുടെ മുന്നിൽ കയറി നിലക്കുബോൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കുകയായിരുന്നു അമ്മ…

“നിങ്ങൾ ഇങ്ങനെ നോക്കി പേടിപ്പിച്ചിട്ടൊന്നും കാര്യമില്ല. അങ്ങനെ ഒന്ന് നോക്കിയാൽ പേടിക്കാൻ കൊച്ചുകുട്ടി ഒന്നുമല്ല ഞാൻ. അല്ല, ഞാൻ ഒന്ന് ചോദിച്ചോട്ടെ. ഇവളെ തല്ലാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. ശിക്ഷിക്കാൻ മാത്രം എന്നെങ്കിലും ഒരു മകളായി നിങ്ങൾ അവളെ കണ്ടിട്ടുണ്ടോ.? ഒന്ന് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ? അവളെ ഒരു മകളായി കാണാൻ കഴിയാത്ത നിങ്ങളാണോ അമ്മ. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ തല്ലാം. ഞാൻ കൊണ്ടെന്നിരിക്കും. പക്ഷേ, അവളെ നിങ്ങൾ അങ്ങനെ വല്ലതും ചെയ്താൽ….അവളെ ശിക്ഷിക്കാൻ അവളുടെ മാതാപിതാക്കൾ ഉണ്ട്. അല്ലെങ്കിൽ അവളുടെ കഴുത്തിൽ താലി കെട്ടിയ ഞാൻ ഉണ്ട്. അതുകൊണ്ട് വായ കൊണ്ടുള്ള കളി മതി. കയ്യാംകളി വേണ്ട. കേട്ടല്ലോ…”

എന്നും പറഞ്ഞ് അവളെയും കൂട്ടി അകത്തേക്ക് പോകുന്ന അവനെ  കോപത്തോടെ നോക്കികൊണ്ട് അമ്മ പിന്നിൽ നിന്ന് പ്രാകുന്നുണ്ടായിരുന്നു.

“നീ ഒന്നും ഒരിക്കലും ഗുണം പിടിക്കില്ലെടാ” എന്ന്.

അന്നായിരുന്നു അവൻ എടുത്ത ലോട്ടറിക്ക് ഒരു ലക്ഷം അടിച്ചതും.

പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ സ്വയം കുറ്റം ചെയ്ത് മറ്റുള്ളവരെ പ്രാകുന്ന അമ്മമാരുടെ പ്രാക്കൊന്നും ഇപ്പോൾ അങ്ങനെ ഏൽക്കുന്നില്ല എന്നത് തന്നെ.. !

പ്രാക്കൊക്കെ ഇപ്പോൾ വെറും പ്രഹസനമല്ലേ…. !!

✍️ദേവൻ