ചെക്കന്റെ കൂടെ വന്ന ചങ്ക് ഒരുത്തന് ചായ പറ്റില്ലത്രേ, പാല് പറ്റുമോ ചോയ്ച്ചപ്പോ അതും പറ്റില്ലാന്ന്….

എഴുത്ത്: രുദ്ര പ്രിയ

===========

ഞാൻ അങ്ങേരെ ആദ്യായിട്ട് അന്നാണ് കണ്ടത്. എന്റെ ചേച്ചിയെ പെണ്ണുകാണാൻ വന്ന കൂട്ടത്തിൽ ചെക്കന്റെ കൂട്ടുകാരൻ ആയിട്ട്. കാഴ്ച്ചയിൽ ചേച്ചിയേക്കാളും അല്പം നിറവും വണ്ണവും നീളവും ഒക്കെ എനിക്ക് ആയിരുന്നു കുറച്ചധികം.

കണ്ടാൽ മൂത്തത് ഞാൻ ആണെന്നെ പറയുള്ളു. അതുകൊണ്ട് എന്റെ മാതാശ്രീ ആദ്യമേ പറഞ്ഞു…ചെക്കനും വീട്ടുകാരും വന്നാൽ  നീ അടങ്ങി ഒതുങ്ങി അടുക്കളയിൽ നിന്നാൽ മതി, അല്ലേൽ വരുന്നവർക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ പണി പാളും ന്ന്.

പെണ്ണുകാണൽ ഇതുവരെ നേരിട്ട് കാണാത്തൊണ്ടു അതൊന്ന് ശെരിക്ക് കാണാൻ ഇരുന്ന ഞാൻ ആരായി…

ഹും…പാവം ഞാൻ…എന്നോട് അങ്ങനെ പറയാൻ എങ്ങനെ തോന്നി അമ്മയ്ക്ക്….

ഒന്നും പറയാതെ ഞാൻ അടുക്കളയിൽ ഇരിപ്പുറപ്പിച്ചു. ചായ ഒക്കെ ഗ്ലാസിൽ ആക്കിയതും പലഹാരം എടുത്തു വച്ചതും ഒക്കെ ഞാൻ ആയിരുന്നു.

കുറച്ചു കഴിഞ്ഞു ചേച്ചി ചായയും കൊണ്ട് കുണുങ്ങി കുണുങ്ങി പോകുന്നത് കണ്ടു. ഞാൻ അടുക്കളപ്പുറത്തേക്ക് ഉള്ള പടിയിൽ ചുമ്മാ ഈച്ചയെ ആട്ടി ഇരുന്നു.

എന്തു ചെയ്യാനാ…തലവിധി…

അപ്പോഴതാ…എന്റെ വല്യച്ഛൻ…അതായത് അച്ഛന്റെ ഏട്ടൻ…അടുക്കളയിലേക്ക് ഒരൊറ്റവരവ്.

ചോദിച്ചപ്പോൾ കാര്യം എന്താ….

ചെക്കന്റെ കൂടെ വന്ന ചങ്ക് ഒരുത്തന് ചായ പറ്റില്ലത്രേ, പാല് പറ്റുമോ ചോയ്ച്ചപ്പോ അതും പറ്റില്ലാന്ന്. അതുകൊണ്ട് പെട്ടന്ന് ഒരു ഫ്രഷ് ലൈം അടിക്കാൻ എനിക്ക് പണി തരാൻ വന്നതായിരുന്നു പുന്നാര വല്യച്ഛൻ.

ചായയും പാലും കുടിക്കാത്ത അസ്കിത നുമ്മക്കും ഉള്ളോണ്ട് വീട്ടിൽ നാരങ്ങയ്ക്കു ക്ഷാമം ഇല്ലായിരുന്നു.

ഞാൻ വേഗം ലൈം അടിച്ചു. പഞ്ചാരയും തട്ടി. അതൊന്ന് ഇളക്കിക്കൊണ്ട് നിക്കുമ്പോഴായിരുന്നു വല്യച്ഛൻ ഇതിതുവരെ ആയില്ലേ ചോദിച്ചു പിന്നയും കയറി വന്നത്.

മധുരം നോക്കിട്ട് എടുക്ക് എന്ന് പറഞ്ഞപ്പോൾ…വല്യച്ഛൻ വേഗം സ്പൂൺ വച്ച് ടേസ്റ്റ് നോക്കി അതൊക്കെ ഉണ്ടെന്നു പറഞ്ഞു എടുതോണ്ടും പോയി.

പക്ഷെ മധുരത്തിന്റെ കാര്യത്തിൽ എനിക്ക് ചെറിയ സംശയം ഇല്ലാതെയില്ലായിരുന്നു.

ഞാൻ മെല്ലെ ഹാളിന്റെ സൈഡിൽ കൂടെ ഒളിഞ്ഞു നോക്കി. എന്ത് ചെയ്യാനാ…ഇരിപ്പുരക്കണ്ടേ…

അപ്പോഴായിരുന്നു ഞാൻ ആ കാഴ്ച കണ്ടത്. ചെക്കന്റെ കൂടെ വന്ന ഒരു അമൂൽ ബേബിയുടെ മുഖത്തു നവരസങ്ങൾ വിരിയുന്നു.

എനിക്ക് അപ്പൊ തന്നെ അപകടം മണത്തു.  ഞാൻ നേരെ അടുക്കളയിലേക്കു മുങ്ങി.

ചായ കുടിക്കാറില്ല പറഞ്ഞപ്പോൾ പെണ്ണിന്റെ വല്യച്ഛൻ ഇങ്ങോട്ട് പറഞ്ഞു ഫ്രഷ് ലൈം കൊണ്ട് വരാം എന്ന്.  കുറച്ചു കഴിഞ്ഞു തിരക്കിട്ട് അയാളെനിക്ക് ലൈമും കൊണ്ട് തന്നു. കുടിക്കാൻ വായിൽ വച്ചപ്പോഴാണ്..ശെരിക്കും ഉളള പണി കിട്ടിയത്. അതില് മധുരം ഒട്ടുമില്ല, ഫ്രഷ് ലൈം ആയത് കാരണം ഒടുക്കത്തെ കയ്പ്പും.

ഇതിപ്പോൾ ഇവരുടെ മുന്നിൽ വച്ച് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ…ബ്‌വേ…

ഒരുകവിൾ കുടിച്ചു എക്സ്പ്രെഷൻ ഒക്കെ ശെരിയാക്കുന്ന ഇടയ്ക്കാണ് ഡൈനിങ്ങ് ഹാളിന്റെ സൈഡിലൂടെ ഒരു തല കണ്ടത്. പക്ഷെ വായിനോക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

എന്റെ ഇരിപ്പും മുഖത്തെ ഭാവവും ഒക്കെ കണ്ടു ചങ്ക് ജിതി കാര്യം ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. അവന്റെ പെണ്ണുകാണൽ കുളമാക്കണ്ട കരുതി.

എല്ലാവരും ചായയൊക്കെ കുടിച്ചു എണീക്കാറായിട്ടും ഞാൻ അനങ്ങാത്തത് കണ്ടിട്ടാണെന്നു തോന്നുന്നു എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാണ്.

കർത്താവേ കാത്തോളണേ…എന്നും മനസ്സിൽ വിചാരിച്ചു ഞാൻ അത് ഒറ്റവലിക്ക് കുടിച്ചു തീർത്തു. ഇതിനി തലയ്ക്കു എങ്ങാനും പിടിക്കുവോ…കിക്ക് എങ്ങാനും വരുന്നോ…

അകത്തുള്ള പരിപാടി കഴിഞ്ഞു ചുറ്റുവട്ടം ഒക്കെ കാണാൻ പുറത്ത് ഇറങ്ങിയ സമയത്തു ചങ്കിന്റെ പെണ്ണിനെ വിളിച്ചു ഞാൻ ചോദിച്ചു….ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്ക്

പെങ്ങളെ…പെങ്ങളാണോആ ലൈം ഉണ്ടാക്കി കൊടുത്തു വിട്ടത്?

അയ്യോ അല്ല…അതെന്റെ അനിയത്തി ഉണ്ടാക്കിയതാ. എന്താ വല്ല പ്രശ്നവും ഉണ്ടോ…

അങ്ങനെ ഒരവതാരം ഇവിടെ ഉണ്ടയിരുന്നോ…എന്നിട്ട് ഇതുവരെ പുറത്തേക്കു കണ്ടില്ലല്ലോ

അവൾ അടുക്കളയിൽ കാണും.

അവളുടെ പേരെന്താ…

നയന…

ഹ്മ്മ്…എന്നാലേ ആ കൊച്ചിനോട് പറഞ്ഞേക്ക് അവൾക്കുള്ള പണി ഞാൻ പാലും വെള്ളത്തിൽ കൊടുത്തോളം എന്ന്.

എന്താടാ കാർത്തി കാര്യം…ജിതി

എടാ ആ കുരിപ്പ് എനിക്ക് ആ ഫ്രഷ് ലൈം ഷുഗർ ഇടാതെ തന്നു. അകത്തു വച്ച് പറയണ്ടാ വച്ചിട്ടാ…അത് ഞാൻ എങ്ങനെയാ കുടിച്ചത് എന്ന് ദൈവത്തിനറിയാം…

ഞാൻ പറയുന്നത് കേട്ട് ചങ്കും അവന്റെ പെണ്ണും ഒരേ ചിരി.

കലാപരിപാടി കഴിഞ്ഞു അവരൊക്കെ പുറത്ത് ഇറങ്ങിയപ്പോൾ എനിക്ക് ആശ്വാസം ആയി. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നിട്ട് പറഞ്ഞു നീ മധുരം ഇടാതെ അയാൾക്ക്‌ പണി കൊടുത്തത് കൊണ്ട് തിരിച്ചുള്ള പണി പാലും വെള്ളത്തിൽ തരും എന്ന്

ഈശ്വരാ….ഒരോലക്കീറും വെള്ളത്തുണിയും എടുത്തോളൂ…എന്നായിരുന്നു എന്റെ മനസ്സിൽ വന്ന ഡയലോഗ്.

ഞാൻ അറിഞ്ഞോണ്ട് അല്ല…വല്യച്ഛൻ ഒപ്പിച്ച പണിയാ എന്ന് പലവട്ടം പറഞ്ഞിട്ടും ആരും കേട്ടില്ല…

അനുഭവിച്ചോ…എന്ന് ചേച്ചി മരപ്പട്ടിയും…ഹും…

എന്റെ ഭാഗ്യം കൊണ്ടോ അങ്ങേരുടെ നിർഭാഗ്യം കൊണ്ടോ…നിശ്ചയത്തിനോ കല്യാണത്തിനോ..ഒന്നും അങ്ങേർക്കു ലീവ് കിട്ടിയില്ല എന്ന സന്തോഷവാർത്ത  എനിക്ക് സമാധാനം തന്നിരുന്നു.

പക്ഷെ ആ അമൂൽ ബേബി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. സ്പർശനെ പാപം ദർശനെ പുണ്യം…അതായത് ഉത്തമാ…വായ്നോട്ടം..

അങ്ങേരെ വായിനോക്കി നിന്നതാണേലും ചെറിയ ഒരിഷ്ടം എനിക്ക് ഉണ്ടായിരുന്നു.

ചേച്ചി ഇടക്ക് പറയും…പണി തരുന്ന കാര്യം അവൻ ഓർമിപ്പിച്ചു എന്ന്.  ഏട്ടനും പറയും.

അങ്ങനെ ഒരു നാലഞ്ചു വർഷങ്ങൾ കഴിഞ്ഞു  അതിനിടയിൽ ഇടക്ക് അമൂൽ ബേബി ടെ fb rqst വന്ന് ഞാൻ അക്‌സെപ്റ് ചെയ്തു. ചെറിയ രീതിയിൽ സംസാരിക്കുമായിരുന്നു. അതും പലപ്പോഴും പണി തരുന്നതിനെ പറ്റി ഓർമിപ്പിക്കാൻ ആവും.

അങ്ങനെ ഇരിക്കെ ഒരു ദിവസം എട്ട് മണിക്കും സുഗമായി കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന എന്നെ അമ്മ പതിവില്ലാതെ രാവിലെ  കുത്തിപ്പൊക്കി എണീപ്പിച്ചു.

കാര്യം ചോയ്ച്ചപ്പോ പറയുവാ…ഒരു ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് 24 വർഷം ആയി എന്ന്. അങ്ങനെ അമ്മവരെ ട്രോളി തുടങ്ങി.

ചേച്ചി എനിക്ക് വേണ്ടി ഒരു ദാവണി ഇന്നലെ തന്നെ അമ്മയെ ഏല്പിച്ചുവത്രെ…ഞാൻ വേഗം കുളിച്ചു ദാവണി ഒക്കെ ഉടുത്തു അമ്പലത്തിൽ പോയി. നുമ്മക്ക് പിന്നെ നാട്ടാരോട് മൊത്തം വിശേഷം പറയാതെ നടക്കാൻ അറിഞ്ഞൂടാ…അങ്ങനെ ആടി പാടി വീട്ടിൽ എത്തിയപ്പോൾ മുറ്റത്തൊരു വണ്ടി എക്സ്ട്രാ…

ഇതിപ്പോൾ ആരാ എന്നും കരുതി അകത്തേക്ക് വച്ചു പിടിച്ചപ്പോൾ

ദേ മുറ്റത്തൊരു മൈന

അതായത് ഉത്തമാ..ഹാളിൽ ഇരിക്കുന്നു എന്റെ അമൂൽ ബേബി വിത്ത് അച്ഛൻ അമ്മ

അടിപൊളി…ഇത് പെണ്ണുകാണാൻ തന്നെ

ദുഷ്ട ചേച്ചി തെണ്ടി….പതിവില്ലാതെ ദാവണി ഒക്കെ തന്ന് ഓവർ സ്നേഹം കാണിച്ചപ്പോഴേ ഞാൻ സംശയിക്കേണ്ടതായിരുന്നു. പെട്ടല്ലോ ഭഗവാനെ…

അവർക്കൊക്കെ നേരെ ഒരു വളിച്ച ചിരി പാസാക്കി ഞാൻ നേരെ അടുക്കളയിലോട്ട് വച്ച് പിടിച്ചു.

വീട്ടിൽ എത്തിയപ്പോൾ തന്നെ അങ്കിൾ പറഞ്ഞു ചട്ടമ്പി അമ്പലത്തിൽ പോയേക്കുവാ എന്ന്. അകത്തു കയറി കുറച്ചു കഴിഞ്ഞപ്പോൾ പുറകിൽ ചട്ടമ്പിയുടെ പദസരത്തിന്റെ കിലുക്കം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു…ധാവണിയൊക്കെ ഉടുത്തു എന്റെ ചട്ടമ്പി…ഉഫ് യാ മോനെ…അവളെ അങ്ങനെ കണ്ടപ്പോൾ അപ്പൊ തന്നെ കെട്ടിക്കൊണ്ട് പോവാൻ തോന്നി.

അന്ന് അവളെനിക്ക് പണി തന്ന സമയത്തു ഒരു നോക്കെ കണ്ടുള്ളു എങ്കിലും അപ്പൊ തന്നെ ചട്ടമ്പിയെ എനിക്ക് ഇഷ്ടായിരുന്നു. പോവാൻ നേരം കുറെ നോക്കിയെങ്കിലും അവളെ പുറത്ത് കണ്ടില്ല. റോഡിൽ ഇറങ്ങിയപ്പോൾ കണ്ടു മേലെ ബാൽക്കണിയിൽ നിന്ന് നോക്കുന്ന ചട്ടമ്പിയെ. അന്നേ ഉറപ്പിച്ചതാ…അവളെ കൂടെ കൂട്ടണം എന്ന്.

അവൾക്ക് പ്രായം ആവട്ടെ കരുതിയ കാത്തിരുന്നേ. അവളുടെ പിറന്നാൾ ദിവസം തന്നെ പണിയുടെ ഫസ്റ്റ് സ്റ്റെപ് തുടങ്ങാം എന്ന് കരുതിയ ഇന്ന് തന്നെ പെണ്ണ് കാണാൻ വന്നത്. അവളൊരു ചിരിയും പാസാക്കി അടുക്കളയിലോട്ട് ഓടി

പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവളെനിക്ക് പിന്നെയും പണി തന്നു. എനിക്ക് തന്ന ഓറഞ്ച് ജ്യൂസിൽ അഞ്ചാറു ഗ്ലാസ്സിൽ ഇടേണ്ട  പഞ്ചാര ഉണ്ടായിരുന്നു. എഗൈൻ ദാറ്റ് അവസ്ഥ..   ഉഫ്..ഡാർക്ക്‌…

ഇതവളെനിക്ക് അറിഞ്ഞോണ്ട് തന്ന പണിയാ..ഇന്നും എന്റെ മുഖഭാവം കണ്ടു ജിതി ചോദിച്ചു, ഇന്നെന്താ പ്രശ്നം എന്ന്. ഞാൻ മിണ്ടാതെ ഇരുന്നു കൊടുത്തു.

ബുഹഹഹ… എനിക്ക് പണി പാലും വെള്ളത്തിൽ തരാൻ ഇരുന്ന മുതലാണ്…ഞാൻ പിന്നെയും പണി കൊടുത്തു. എന്തൊരു സന്തോഷം….

പിന്നെ എല്ലാം പെട്ടന്നായിരുന്നു. മോതിരം മാറ്റവും ഡ്രസ്സ്‌ എടുപ്പും എല്ലാം.

ഇന്നാണാ കല്യാണം….Nayana Weds Karthik

ചില്ലി റെഡ് കാഞ്ചിപുരം സാരിയിൽ സ്വർണം ഒക്കെ അണിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ സ്വയം വണ്ടർ അടിച്ചു പോയി. എനിക്ക് ഇത്രയും ഭംഗിയൊക്കെ ഉണ്ടായിരുന്നോ ശ്ശോ…എനിക്ക് വയ്യാ…

അങ്ങനെ നയന രാജീവൻ നയന കാർത്തിക് ആയി മാറി. അച്ഛൻ എന്നെ എന്റെ അമൂൽ ബേബിക്ക് കൈപിടിച്ചു കൊടുത്തു. ഫോട്ടോ പിടുത്തവും കെട്ടിപ്പിടിച്ചു കരച്ചിലും ഒക്കെ കഴിഞ്ഞു ഞാൻ കാർത്തി ഏട്ടന്റെ കാർത്തിക എന്ന വീട്ടിൽ ഏട്ടന്റെ അമ്മ തന്ന നിലവിളക്കും വാങ്ങി വലതുകാൽ വച്ചു കയറി.

അവിടെ വന്നവരോടും ഉള്ളവരോടും ഒക്കെ കത്തിയടിച്ചു ഞാൻ നടന്നു. എല്ലാവർക്കും എന്നെ ഇഷ്ടായി എന്ന് തോന്നുന്നു.

പെണ്ണിനെ കല്യാണ വേഷത്തിൽ കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. ഇവൾക്ക് ഇത്രയും ഭംഗി ഒക്കെ ഉണ്ടായിരുന്നോ…ഇത്രയും ഭംഗി ഞാൻ അവൾ അന്ന് ദാവണി ഉടുത്തപ്പോ മാത്രമാണ് കണ്ടത്.

എന്റെ പേര് കൊത്തിയ ആലില താലി അവളുടെ കഴുത്തിൽ വീണപ്പോൾ പെണ്ണ് കണ്ണടച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അവളുടെ സിന്ദൂരരേഖ ചുവപ്പിക്കുമ്പോഴും പെണ്ണ് അങ്ങനെ നിൽക്കുവായിരുന്നു.

വീട്ടിൽ എത്തിയ ശേഷം ആയിരുന്നു രസം. ചട്ടമ്പി വീട്ടിൽ ഉള്ള ഒരാളെയും വെറുതെ വിട്ടിട്ടില്ല എന്ന് തോന്നുന്നു എനിക്ക്.  ഇന്ന് കയറി വന്ന പുതുപ്പെന്നാണ് എന്ന ഒരിതും അവൾക്കില്ലായിരുന്നു. കത്തിയടിച്ചു തേരാപാരാ നടക്കുന്ന കണ്ടു. അമ്മയ്ക്കും അച്ഛനും അവളെ വല്ലാതെ അങ്ങ് ബോധിച്ചു. ഒരു പെങ്കൊച്ചില്ലാത്ത വിഷമം ഇതോടെ തീർന്നു. ഇനി എന്നെ പരിഗണിച്ചാൽ ഭാഗ്യം. കാരണം അവളിപ്പോ ഒറ്റദിവസം കൊണ്ട് ഓൾ ഇൻ ഓൾ ആയി മാറിയിക്കുവാ.

അമൂൽ ബേബിയെ അധികം കണ്ടില്ല ഞാൻ. ഫ്രണ്ട്സ് ന് ചിലവ് കൊടുക്കണം എന്ന് പറഞ്ഞു വൈകിട്ട് ഇറങ്ങിയതാ. സന്ധ്യ കഴിഞ്ഞു വരുകയും ചെയ്തു. ഞാൻ അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മ വന്ന് വിളിച്ചോണ്ട് പോയത്. എന്നെ ഒരു സെറ്റുസാരിയൊക്കെ ഉടുപ്പിച്ചു പൂവും വച്ച് കയ്യിൽ ഒരു പാൽ ഗ്ലാസും തന്നു അമ്മ.

അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്. ഇന്നെന്റെ ആദ്യരാത്രിയാണെന്നു.
പടച്ചോനേ…അറിഞ്ഞില്ല, ആരും പറഞ്ഞില്ല.

അപ്പൊ ഇതാണല്ലേ അങ്ങേരെ അന്നേ പറഞ്ഞോണ്ട് ഇരുന്നേ….പണി പാലും വെള്ളത്തിൽ തരും എന്ന്. ആ പാലാണല്ലേ ഈ പാല്.

എനിക്ക് ഇതെന്താ തുള്ളൽ പനിയോ…കയ്യും കാലും വിറച്ചിട്ടു വയ്യാ…ഒരു നടയ്ക്കാ മേലെ റൂമിനു മുന്നിൽ എത്തിയത്. തുറന്നു അകത്തു കയറിയപ്പോൾ അവിടാരും ഇല്ല. ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടു. അകത്തു കയറി വാതിൽ അടച്ചു തിരിഞ്ഞപ്പോ ദാ നിൽക്കുന്നു നമ്മുടെ കണവൻ തൊട്ട് മുന്നിൽ.

അപ്പോ എങ്ങനാ ചട്ടമ്പി…എന്റെ പാലും വെള്ളത്തിൽ ഉള്ള പണി തരട്ടെ ഞാൻ…

ആ നോട്ടത്തിനു വല്ലാത്തൊരു വശപ്പിശക് ഉണ്ടല്ലോ…ഈശ്വരാ…അയ്യോ ദേ ഇങ്ങേരു മീശയൊക്കെ പിരിക്കുന്നു….

ഇങ്ങേരു ബാലൻ കെ നായരാവാൻ ഉള്ള തയ്യാറെടുപ്പാണല്ലോ…..

എനിക്ക് ഇല്ല എന്ന് ഞാൻ തീർത്തു വിശ്വസിച്ച നാണം എന്ന വികാരം എനിക്കും വരുന്നത് ഞാൻ അറിഞ്ഞു.

അവസാനിച്ചു