പെട്ടന്നത് തുടതുകൊണ്ട്  മുന്നിൽ പുഞ്ചിരിച്ചുനിൽക്കുന്ന ആളെ ഞാനൊന്ന് നോക്കി…

രചന: മഹാ ദേവൻ

=========

ഒന്നുമറിയാത്ത ഒരു നാട്ടിലേക്കുള്ള യാത്ര. കല്ലട ബസ്സിന്റെ റിസർവ് സീറ്റിലേക്ക് ഇരിക്കുമ്പോൾ  മനസ്സിൽ ബാംഗ്ലൂർ എന്ന മഹാനഗരമായിരുന്നു. വീട്ടുകാരും കൂട്ടുകാരും  മോഹിപ്പിച്ചും ഭയപ്പെടുത്തിയും പറഞ്ഞ ഹൈടെക് നഗരം….

ഒറ്റക്കൊരു യാത്ര  ആദ്യമായത് കൊണ്ടാകാം ആകെ ഒരു പരവേശം. കൂടാതെ ഇതുവരെ വീട്ടുകാരെ വിട്ട് നിന്നിട്ടില്ല. എല്ലാം കൂടി കണ്ണുകൾ നിറയ്ക്കുന്നുണ്ടെങ്കിലും മുഖത്തൊരു ചിരി വരുതി  യാത്രയാക്കാൻ വന്നവരെ കൈ വീശി കാണിച്ചു.

ബസ്സ് പതിയെ നീങ്ങിത്തുടങ്ങിയിരുന്നു. മുന്നിൽ പരിചിതമായ സ്ഥലങ്ങളായത്കൊണ്ടാവാം ആകെ ഒരു മടുപ്പ്. ചെർപ്പുളശ്ശേരി മുതൽ പാലക്കാട് വരെ സ്ഥിരം യാത്രയായിരുന്നു. വിക്ടോറിയ കോളേജിന്റെ മുന്നിലൂടെ ബസ്സ് വളവ് തിരിയുമ്പോൾ ആ കോളേജിലെ ഇടനാഴികളും  മരത്തണലും മാമ്പൂമണവുമെല്ലാം വല്ലാതെ മിസ്സ്‌ ചെയ്തു.

ഒരു ലോകമായിരുന്നു അവിടം. ഇനി ഒരിക്കലും തിരിച് കിട്ടാത്ത ഓർമ്മകളുടെ കൂമ്പാരം. ആദ്യപ്രണയവും വിരഹവും മനസ്സിലേക്ക് ഓടിവന്നു. എന്തോ കണ്ണുകൾ നിറയാൻ വീർപ്പുമുട്ടുന്നുണ്ടെന്ന് തോന്നിയപ്പോൾ പതിയെ കണ്ണുകൾ അടച്ചു…

“ഹേയ്…”

ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണുകൾ തുറന്നത്. ഒഴുകാൻ മടിച്ചുനിന്ന രണ്ട് തുള്ളി കണ്ണുനീർ കണ്ണുകൾ തുറന്ന മാത്രയിൽ പുറത്തേക്ക് ഒഴുകി. പെട്ടന്നത് തുടതുകൊണ്ട്  മുന്നിൽ പുഞ്ചിരിച്ചുനിൽക്കുന്ന ആളെ ഞാനൊന്ന് നോക്കി.

“ഇത്‌ എന്റെ റിസർവ്സീറ്റ് ആണ്…വിരോധമില്ലെങ്കിൽ…”

അപ്പോഴാണ് സീറ്റിൽ ബാഗ് ഇരിക്കുന്നത് ഓർത്തതും.  “ഓഹ്.. സോറി…. “

ഞാൻ വേഗം ബാഗെടുത്തു മടിയിൽ വെച്ച് അയാൾക്ക് ഇരിക്കാനുള്ള അവസരമൊരുക്കുമ്പോൾ എന്തോ അടുത്തൊരു പുരുഷനാണ് ഇരിക്കുന്നത് എന്ന ചിന്ത കൊണ്ടാവാം മനസ്സിലൊരു വീർപ്പുമുട്ടൽ.

അടുത്തിരുന്ന ആള് കുറച്ച് നേരം ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കൊന്ന് ഞാൻ ശ്രദ്ധിച്ചു. അയാളിൽ നിന്ന് വിട്ടുമാറാത്ത ആ പുഞ്ചിരിയെ…

ഫോൺ ഓഫ്‌ ചെയ്ത ശേഷം ബാഗിൽ നിന്ന്  രണ്ട് ചോക്ലേറ്റുകൾ എടുത്ത് അയാൾ ഒന്ന് എനിക്ക് നെരെ നീട്ടി.

“അയ്യോ,  വേണ്ട ” എന്നും പറഞ്ഞ് നിരസിക്കുമ്പോൾ ആ ചുണ്ടുകളിൽ വീണ്ടും മന്ദഹാസം വിരിഞ്ഞു.

“പേടിക്കേണ്ടടോ.. ഇതിൽ മയക്കുമരുന്നൊന്നും ഇല്ല. “

“അയ്യോ…അതുകൊണ്ട് അല്ല, ഞാൻ കഴിക്കാറില്ല “

സ്നേഹത്തോടെ ഞാൻ അത് വീണ്ടും നിരസിച്ചു.   

“ഇയാൾ ബാംഗ്ലൂരിലേക്ക് അല്ലേ.?”

അതെ എന്ന് ഞാൻ തലയാട്ടി.

“ജോബ്..?  അതോ പഠിക്കാൻ ആണോ?  “

അയാളിലെ ജിജ്ഞാസ നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ന്തോ ഒരു മടുപ്പ് തോന്നി. ഇതിപ്പോ ബാംഗ്ലൂർ വരെ സഹിക്കേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ  അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ബാഗിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് നിവർത്തി വെറുതെ കണ്ണോടിച്ചു.

” O. V വിജയൻസാറിന്റ ഖസാഖിന്റെ ഇതിഹാസം ആണല്ലോ..OV. സർ ആണോ ഫേവറേറ്റ് റൈറ്റർ?  !! വായിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാ..പക്ഷേ,  വായിച്ച് തുടങ്ങിയാൽ പിന്നെ വല്ലാത്തൊരു ആവേശം ആണ്. ഞാറ്റുപുരയും നെൽപാടവും കരിമ്പനക്കൂട്ടവും… ഒരു നൊസ്റ്റാൾജിക്ക് ഫീൽ.  എന്റെ ഇഷ്ട്ടഎഴുത്തുകാരൻ സർ ആണുട്ടോ..  “

അയാൾ വാ തോരാതെ സംസാരിക്കുകയാണ്. ഞാൻ അതൊന്നും കേട്ട ഭാവം പോലും കാണിക്കാതെ ബുക്കിലേക്ക് വെറുതെ നോക്കിയിരുന്നു. സത്യം പറഞ്ഞാൽ വായനയല്ലായിരുന്നു മനസ്സിൽ. അയാളിൽ നിന്നൊരു ഒളിച്ചോട്ടം..ആ ബുക്കിലേക്കുള്ള നോട്ടത്തിൽ അത്രേ ഉദ്ദേശിച്ചിരുന്നുള്ളൂ.

ഞാൻ ശ്രദ്ധിക്കുന്നുപോലും ഇല്ലെന്ന് അറിഞ്ഞിട്ടും അയാൾ സംസാരിച്ചുകൊണ്ടിരുന്നു. വീടിനെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം.

“വീട്ടിൽ അമ്മ മാത്രേ ഉള്ളൂട്ടോ. പെണ്ണൊന്നു കെട്ടി. നാലാംപക്കം അവൾ ഒരുത്തന്റ കൂടെ ഒളിച്ചോടി. അവർ തമ്മിൽ പ്രണയമായിരുന്നത്രെ. അവൾ പോയി. പിന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും സഹതാപം നിറഞ്ഞ നോട്ടം. കുറ്റപ്പെടുത്തൽ.  അവൾക്കെതിരെ കേസ് കൊടുക്കാൻ ചിലർ.

ആലോചിച്ചപ്പോൾ തോന്നി അതൊക്ക എന്തിനെന്ന്.  വര്ഷങ്ങളായി സ്നേഹിക്കുന്നവരെ അകറ്റി ഇനി എന്ത് നേടാൻ…അവർ ജീവിക്കട്ടെ എന്ന് കരുതി. സ്നേഹിച്ചവന്റെ കൂടെ ജീവിക്കാനും വേണം ഒരു ഭാഗ്യം. ന്റെ തലയിൽ ചവിട്ടിയാണെങ്കിലും അവനിലേക്ക് അവൾ എത്തിയില്ലേ…അവൾ അർഹിച്ചതും ഞാൻ അർഹിക്കാത്തതുമായ ജീവിതമാണ് അത്. അതിന്റ പേരിൽ ഇനി എന്തിന് പ്രതികാരം എന്നോർത്തു. പിന്നെ വീട്ടിൽ സഹതാപക്കാരുടെ എണ്ണം കൂടിയപ്പോൾ ഞാൻ ബാംഗ്ലൂർക്കുള്ള ടിക്കറ്റ് എടുത്തു.

അതുവരെ അയാളുടെ വാക്കുകളെ ശ്രദ്ധിക്കാതിരുന്ന ഞാൻ മെല്ലെ മുഖമുയർത്തി അയാളെ നോക്കി. ഇപ്പഴും മുഖത്താ പുഞ്ചിരിയുണ്ട്.  എത്ര ലാഘവത്തോടെ ആണ് ആള് സങ്കടങ്ങളെ സന്തോഷത്തോടെ പറയുന്നത്. ഉള്ളിൽ സങ്കടമുണ്ടെന്ന് കണ്ടാൽ അറിയാം. പക്ഷേ…ഇങ്ങനേം മനുഷ്യരോ എന്ന് ചിന്തിച്ചു ഞാൻ.

ഒരു പരിചയവുമില്ലാത്ത തന്നോട് എന്തൊക്കെയോ പറഞ്ഞ് ഞാൻ ബോറടിപ്പിച്ചല്ലേ.? 

ഇല്ലെന്ന് ഞാൻ ചുമലിളക്കി. പിന്നെ അതുവരെ തോന്നാത്ത ഒരു പുഞ്ചിരി അയാൾക്ക് ഞാൻ സമ്മാനിച്ചു.

“താൻ ബാംഗ്ലൂരിൽ ആദ്യമാണല്ലേ. ജീവിതം രക്ഷപ്പെടാനും നഷ്ടപ്പെടാനും നിമിഷങ്ങൾകൊണ്ട് കഴിയുന്ന നഗരമാണ് ബാംഗ്ലൂർ…ശ്രദ്ധിക്കണം. ലഹരിയുടെ ലോകമുണ്ട് അവിടെ.  ചുവട് പിഴച്ചാൽ… “

അയാളുടെ വാക്കുകളിൽ ഒരു കരുതൽ ഉള്ള പോലെ….”ഇനി ക്ളീഷേ കാമുകൻമാരെപോലെ വളയ്ക്കാൻ നോക്കുവാണോ”

മനസ്സിൽ അങ്ങനെ ഒരു സംശയം ഇല്ലാതില്ല. 

“ഇയാൾക്ക് പോകേണ്ട സ്ഥലം എവിടെ ആണ്?”

“മജെസ്റ്റിക് വരെ എത്തിയാൽ മതി. അവിടെ ആള് വെയിറ്റ് ചെയ്യുന്നുണ്ടാകും “

ഞാൻ അവർ പറഞ്ഞ സ്ഥലം ഓർത്തെടുത്തുകൊണ്ട് പറയുമ്പോൾ അയാൾ ഒന്ന് ദീർഘനിശ്വസിച്ചു.

“ബാംഗ്ലൂർ എന്ന നഗരത്തെ കുറിച്ച് ഒന്നുമറിയാത്ത തന്നോട് മജെസ്റ്റിക് വരെ വരാൻ പറഞ്ഞ കൂട്ടുകാർ കൊള്ളാം. “

അത് പറയുമ്പോൾ അയാളിൽ ഒരു പുച്ഛം കണ്ടു. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ എനിക്കെന്തോ ഉറക്കം വന്നില്ല. അടുത്തൊരു പുരുഷൻ ആണ്. ഇതുപോലെ ഉള്ള യാത്രകളിൽ സംഭവിച്ച ഒരുപാട് വാർത്തകൾ കേട്ടതാണ്. അതുകൊണ്ട് ഉറങ്ങാതെ ഇരുന്നു. ഇടയ്ക്കിടെ മയക്കത്തിലുള്ള അയാളെ ഒളികണ്ണിട്ട് നോക്കി. അയാളുടെ കൈകൾ തനിക് നെരെ പതിയെ വരുന്നുണ്ടോ  എന്ന് സംശയത്തോടെ നോക്കിയിരുന്നു. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലത്ത് ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ…   ബസ്സ് ബാംഗ്ലൂരിൽ എത്തുമ്പോൾ നേരം പുലർന്നിരുന്നു. ഇനി മജെസ്റ്റിക്കിൽ എത്തണം. മനസ്സിനെ ഒരു ഭയം പിടിമുറുക്കിയപോലെ.

“ഞാൻ പോട്ടെ.. “

അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ബാഗുമെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ആകെ ഒറ്റപ്പെട്ട അവസ്ഥ.  അയാളെ പരിചയം ഇല്ലെങ്കിലും പോയപ്പോൾ ന്തോ ഒരു…..

ഞാൻ പതിയെ പുറത്തേക്കിറങ്ങി ചുറ്റിനും ഒന്ന് കണ്ണോടിച്ചു. എങ്ങോട്ട് പോണം.  ഒരു ഓട്ടോ പിടിക്കാമെന്ന് കരുതി റോഡിലേക്ക് ഇറങ്ങുമ്പോൾ എനിക്ക് മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു.  അതിന്റെ പിറകിലെ സീറ്റിൽ അയാളെ കണ്ടപ്പോൾ ന്തോ വല്ലാത്തൊരു സന്തോഷം. വേണ്ടപ്പെട്ട ഒരാൾ മുന്നിൽ നിൽക്കുന്നപ്പോലെ.  

” ടോ, ഇവിടെ ഇങ്ങനെ നിന്നാൽ മജെസ്റ്റിക്കിൽ എത്തില്ല. പേടി ഇല്ലെങ്കിൽ കേറാം.  ഞാൻ ആ വഴി ആണ് പോകുന്നത്. “

കേൾക്കേണ്ട താമസം മറ്റൊന്നും ചിന്തിക്കാതെ ഞാൻ ഓട്ടോയിൽ കയറി. മുന്നോട്ടുള്ള യാത്രയിൽ കുറെ നേരം മൗനം ആയിരുന്നു.

“അല്ല,  മാഷിന്റെ പേര് പറഞ്ഞില്ല ! “

ഞാൻ ആകാംഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി. 

“ഒരു പേരിലൊക്കെ എന്തിരിക്കുന്നെടോ ” എന്നും ചോദിച്ചയാൾ പുഞ്ചിരിച്ചു. അതും ശരിയാണെന്ന് തോന്നി. പേരിലല്ലല്ലോ, പ്രവർത്തിയില്ലല്ലേ കാര്യം. മജെസ്റ്റിക്കിൽ എന്നെ കാത്തു കൂട്ടുകാർ നിൽപ്പുണ്ടായിരുന്നു.

ഞാൻ ഓട്ടോയിൽ നിന്നിറങ്ങി അയാൾക്ക് താങ്ക്സ് പറഞ്ഞ് പുഞ്ചിരി സമ്മാനിക്കുമ്പോൾ അയാൾ വെറുതെ തലയാട്ടി.

“വിരോധമില്ലെങ്കിൽ മാഷ്‌ ഫോൺനമ്പർ തരാമോ?  പിന്നെ ഈ യാത്രയുടെ ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാൻ മാഷിന്റെ കൈപ്പടയിൽ ന്തേലും… “

എന്റെ പ്രതീക്ഷ നിറഞ്ഞ ചോദ്യം കേട്ടാവാം അയാൾ ഡയറിയിൽ നിന്ന് ഒരു പേജ് പറിച്ചെടുത്തു.  പിന്നെ അതിൽ നിറഞ്ഞ ചിരിയോടെ എഴുതി മടക്കി എനിക്ക് നെരെ നീട്ടി. വീണ്ടും കാണാം എന്നും പറഞ്ഞ് ആ പുഞ്ചിരി കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു ഞാൻ.

അയാളും ആ ഓട്ടോയും കണ്ണിൽ നിന്നും മറഞ്ഞ ശേഷം ആകാംഷയോടെ ഞാൻ ആ പേപ്പർ തുറന്നു.

അതിൽ ആ യാത്രകളുടെ ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാൻ അയാൾ  എനിക്കായി എഴുതിയ വാക്കിലേക്ക് ഞാൻ നോക്കി ..

എന്നും ഓർക്കാൻ അയാൾ എനിക്കായി സമ്മാനിച്ച വാക്ക്  !!

“അപരിചിതൻ !!!”

✍️ദേവൻ