അധികപ്പറ്റ്
Story written by Suja Anup
============
”അമ്മ ഇതുവരെ തയ്യറായില്ലേ…”
എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നൂ. അനിയത്തിയുടെ മകൻ്റെ വിവാഹമാണ്. ഇന്നലെ വരെ ഞാൻ അവിടെ ഉണ്ടായിരുന്നൂ. അവിടെ ഓടി നടന്നു എല്ലാം ചെയ്തു കൊടുത്തൂ. അവൾക്കു ഞാൻ അല്ലെ ഉള്ളൂ എന്നൊരു തോന്നൽ ഉണ്ടായിരുന്നൂ.
ഇന്നിനി കല്യാണം ആണ്. അവളുടെ ഭർത്താവിൻ്റെ ആളുകൾ എല്ലാം ഉണ്ടാകും എല്ലാത്തിനും. പിന്നെ പുതുപെണ്ണിൻ്റെ വീട്ടുകാരും. അവരെല്ലാം പണക്കാരാണ്. അവിടെ ഞാൻ ഒരധികപ്പറ്റാണ് എന്നൊരു ചിന്ത മനസ്സിൽ വന്നൂ. ഇന്നലെ വരെ എല്ലാം വേറെ ആയിരുന്നൂ, ഇന്ന് മുതൽ എല്ലാം മാറും.
സ്റ്റേജിൽ കയറുവാനോ ഫോട്ടോയ്ക്ക് പോസ് ചെയ്യുവാനോ ഞാൻ ഇല്ല അല്ലെങ്കിൽ എനിക്ക് വയ്യ. ഒരു മൂലയിൽ നിന്ന് കല്യാണം കാണണം അത്ര മാത്രേ ഉള്ളൂ മനസ്സിൽ. ഇന്നലെ തിരിച്ചു പൊരുന്നൂ എന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം സമ്മതിച്ചില്ല. വെളുപ്പിനെ തിരിച്ചെത്താം എന്ന് വാക്ക് കൊടുത്തിട്ടാണ് പോന്നത്.
പക്ഷേ മനസ്സ് ഒന്നിനും സമ്മതിക്കുന്നില്ല. നേരത്തെ തന്നെ ചെല്ലണമെന്നുണ്ടായിരുന്നൂ. എന്നിട്ടും പോയില്ല. അവരൊക്കെ വലിയ ആളുകളാണ്. ചെന്നാൽ തന്നെ അവരോടൊന്നും സംസാരിക്കുവാൻ എനിക്ക് അറിയില്ല. എന്തോ ഉള്ളിൽ ഒരു ജാള്യത പോലെ.
ജീവിതത്തിൽ എനിക്ക് ഒന്നും നേടുവാൻ ആയില്ലല്ലോ എന്നൊരു തോന്നൽ. എല്ലാം എൻ്റെ വിധി ആയിരിക്കും. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.
പഴയ കാലം ഓർത്തു പോയി….
അനിയത്തിയെ പ്രസവിച്ചു കൈയ്യിൽ തന്നിട്ട് അമ്മ പോയി. അന്നെനിക്ക് പത്തു വയസ്സ്. എന്ത് ചെയ്യണം എന്നറിയില്ല. അവളെ അച്ഛമ്മയെ ഏല്പിച്ചു പഠിക്കുവാൻ പോകുമ്പോൾ പോലും മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മാഷുമാർ പഠിപ്പിക്കുന്നതൊന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല. അവൾ പാല് കുടിച്ചോ, കരയുന്നുണ്ടോ, ആരെങ്കിലും അവളെ എടുത്തു കൊണ്ട് പോകുമോ, ആകെ പേടി ആയിരുന്നൂ.
അച്ഛൻ മറ്റൊരു സ്ത്രീയെ കെട്ടി കൊണ്ട് വന്നപ്പോൾ സമാധാനമായി. ഇനി അവളെ അവർ നോക്കികൊള്ളുമല്ലോ. പക്ഷെ പുതു മോടി കഴിഞ്ഞതും ചിറ്റയ്ക്കു ഞങ്ങൾ ഭാരമായി. അതോടെ അച്ഛൻ്റെ സ്നേഹവും കൂടെ ഞങ്ങൾക്ക് നഷ്ടമായി.
സ്കൂൾ വിട്ടു വരുമ്പോൾ എന്നും കാണുന്നത് ചിറ്റയുടെ കൈയ്യിൽ നിന്ന് അടികൊണ്ടു കരയുന്ന കുഞ്ഞിനെയാണ്. പലപ്പോഴും അവൾ അടികൊള്ളുന്നത് നോക്കി നിൽക്കേണ്ടി വന്നൂ. എന്നാലും അച്ഛമ്മ കൂട്ടിനു ഉണ്ടായിരുന്നതു കൊണ്ട് പഠനം തുടരുവാൻ സാധിച്ചൂ.
അതും അധികകാലം നീണ്ടു നിന്നില്ല. അവൾക്കു വയസ്സ് മൂന്നായപ്പോൾ അച്ഛമ്മ പോയി. അന്നാദ്യമായി ദൈവത്തോട് വെറുപ്പ് തോന്നി.
പിന്നീട് പഠിക്കുവാൻ പോകുമ്പോൾ അവളെ മുറിയിൽ പൂട്ടിയിടേണ്ടി വന്നൂ, ഒരു കുപ്പിയിൽ അവൾക്കുള്ള പാൽ വയ്ക്കും, മറ്റൊരു പാത്രത്തിൽ ഭക്ഷണവും. ചെറിയമ്മ അവളെ നോക്കിയില്ല. അവർക്കു കുട്ടികൾ ഇല്ലാതിരുന്നിട്ടു കൂടി അവളെ സ്നേഹിക്കുവാൻ എന്തോ അവർക്കായില്ല.
വൈകീട്ട് തിരിച്ചെത്തുമ്പോൾ അവൾ ഇട്ടിരുന്ന വസ്ത്രത്തിലും അവളെ കിടത്തിയിരുന്ന മുറിയിലും മൂ ത്രവും മ-ലവും ആയിരിക്കും. അതെല്ലാം കഴുകി വൃത്തിയാക്കുമ്പോൾ കണ്ണിൽ നിന്നും പൊടിഞ്ഞത് രക്തത്തുള്ളികൾ ആയിരുന്നോ. അന്ന് ഞാൻ എട്ടിൽ പഠിക്കുന്നു. എനിക്ക് എന്തറിയാം ജീവിതത്തെ പറ്റി.
അവളുടെ ആ കിടപ്പു കണ്ടപ്പോൾ സഹിക്കുവാൻ വയ്യാതെ പഠനം നിറുത്തി. രണ്ടു വർഷം അവളെ നോക്കി വീട്ടിൽ നിന്നൂ.
പിന്നീട് എൻ്റെ സുഖങ്ങൾ എല്ലാം അവൾക്കായി മാറ്റി വച്ചൂ. ആ സമയത്തു അച്ഛൻ പോയി. പിന്നെ കൂലി പണി എടുത്തു അവളെ പഠിപ്പിച്ചു, കുടുംബം നോക്കി. വന്ന കല്യാണ ആലോചനകൾ എല്ലാം വേണ്ടെന്നു വച്ചൂ.
അങ്ങനെ ഒരു കണക്കിന് അവൾ ബിരുദം പൂർത്തിയാക്കി.
ആ സമയത്താണ് ഒരു രണ്ടാം കെട്ടുകാരൻ്റെ ആലോചന വരുന്നത്. അയാളെ കെട്ടി അവിടെ നിന്നിറങ്ങുമ്പോൾ ഒട്ടും പേടി ഇല്ലായിരുന്നൂ, കാരണം അനിയത്തിക്ക് ഇപ്പോൾ ഒരു ചെറിയ ജോലി ഉണ്ട്. അവളെ നോക്കുവാൻ അവൾക്കാവും. ചെറിയമ്മയ്ക്കും അവളെ വേണം, ഇപ്പോൾ അവൾ ഒരു ജോലിക്കാരി അല്ലെ.
അദ്ദേഹത്തിൻ്റെ കൈ പിടിച്ചു ആ തറവാട്ടിലേയ്ക്ക് കയറി ചെന്നൂ. അവിടെ എന്നെയും കാത്തു മറ്റൊരു മൂന്ന് വയസ്സുകാരി ഉണ്ടായിരുന്നൂ. ചെറിയമ്മ എന്നോട് പെരുമാറിയത് പോലെ അവളോട് ഞാൻ പെരുമാറിയില്ല. പിന്നെ അവളായി എൻ്റെ ലോകം. അതിനിടയിൽ അനിയത്തിയെ അവളുടെ മാനേജർ വിവാഹം കഴിച്ചൂ. അവർക്കൊരു മോനുണ്ടായി. ഇടയ്ക്കൊക്കെ അവളെ കാണുവാൻ പോകും.
അവൾ ഒന്നും മറന്നില്ല. അവൾക്കു വേണ്ടി അമ്മയുടെ സ്ഥാനത്തു നിന്ന് പിന്നീടും എല്ലാം ഞാൻ ചെയ്തു.
=========
“അമ്മ എന്താ ആലോചിക്കുന്നത്. അച്ഛൻ വിളിക്കുന്നൂ. വാ പോകാം..”
മകളാണ്, വിവാഹം കഴിഞ്ഞിട്ട് അവളും മരുമകനും എൻ്റെ കൊച്ചുമകളും ഞങ്ങളുടെ കൂടെ തന്നെയുണ്ട്.
വേഗം ഒരുങ്ങി ഇറങ്ങി. വിലപിടിപ്പുള്ള സാരി അനിയത്തി വാങ്ങി തന്നിരുന്നൂ. അവരുടെ വീട്ടിൽ ചെന്നൂ. എല്ലാവരും കൂടെ ഹാളിലേയ്ക്ക് പോയി. മുന്നിലൊന്നും ഞാൻ പോയിരുന്നില്ല. ഒരു കോണിൽ മാറി നിന്നൂ. അവൾ മാത്രമേ കണ്ണിൽ ഉണ്ടായിരുന്നുള്ളൂ, എൻ്റെ കുട്ടി ഒരമ്മായിയമ്മ ആകുന്നൂ.
പക്ഷേ അനിയത്തി വന്നു കൂടെ കൊണ്ട് പോയി നിറുത്തി.
മംഗളമായി കല്യാണം നടന്നൂ. കല്യാണം കഴിഞ്ഞതും വേദിയിൽ നിന്നിറങ്ങിയ മോനോടും പുതുപെണ്ണിനോടും എല്ലാവരും കേൾക്കെ തന്നെ അനിയത്തി പറഞ്ഞു
“ചേച്ചിയമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങൂ. എൻ്റെ അനുഗ്രഹം ഇല്ലെങ്കിലും കുഴപ്പമില്ല, ചേച്ചിയമ്മ മനസ്സു തുറന്നു അനുഗ്രഹിച്ചാൽ നിങ്ങൾക്ക് എന്നും നന്മ മാത്രമേ വരൂ.”
മരുമകളോട് അനിയത്തി പ്രത്യേകം പറഞ്ഞു
“എന്നും അമ്മയുടെ സ്ഥാനത്തു ചേച്ചിയമ്മ ഉണ്ടാകും. അങ്ങനെ മാത്രമേ കാണാവൂ. ആ കണ്ണുകൾ ഒരിക്കലും നിറയരുത്. ഞാൻ ഇല്ലെങ്കിലും അവർക്കൊപ്പം നീ ഉണ്ടാകണം.”
അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. പിന്നെ അവരോടൊപ്പം പോയി ഭക്ഷണം കഴിച്ചൂ. ഭക്ഷണം കഴിഞ്ഞതും നേരെ മകളോടൊപ്പം അനിയത്തിയുടെ വീട്ടിലേയ്ക്കു ചെന്നൂ.
അവിടെ എല്ലാവരും പുതിയ മരുമകളെ സ്വീകരിക്കുന്ന തിരക്കിൽ ആയിരുന്നൂ. ഞാൻ നേരെ അടുക്കളയിലേക്കു ചെന്നൂ. എന്തെങ്കിലും പണി ചെയ്യുവാൻ ബാക്കി കിടപ്പുണ്ടാകും.
തിരക്കിട്ടു അവിടെ കിടന്ന പാത്രങ്ങൾ ഒതുക്കുന്നതിനിടയിൽ അനിയത്തി വന്നൂ, കൂടെ മരുമകളും.
“ചേച്ചിയമ്മ നല്ല ആളാണ്, ഇവിടെ വന്നു നിൽക്കുവാണോ. ഞാൻ ഹാളിൽ എത്ര നോക്കി ചേച്ചിയമ്മയെ..”
അവളെ നോക്കി ഞാൻ ചിരിച്ചൂ. അപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. എൻ്റെ ദുഃഖങ്ങൾ എല്ലാം ആ കണ്ണീരിൽ ഒഴുകി പോയിരുന്നൂ.
എനിക്ക് ദൈവം നല്ലൊരു അനിയത്തിയെ തന്നൂ, ഭർത്താവിനെ തന്നൂ, പിന്നെ നല്ലൊരു മകളെയും, മകനെയും. അല്ലെങ്കിലും എത്ര എണ്ണി നോക്കിയാലും കിട്ടിയ അനുഗ്രഹങ്ങൾ തീരില്ല.
…………….സുജ അനൂപ്