ഞാനദ്ദേഹത്തിൻ്റെ നമ്പരിലേക്ക് ഡയൽ ചെയ്തിട്ട് മൊബൈൽ ചെവിയോട് ചേർത്ത് പിടിച്ചു…

Story written by Saji Thaiparambu

============

രാവിലെ എന്നോട് വഴക്കിട്ടാണ് ഇന്ന് പുള്ളിക്കാരൻ ഓഫീസിൽ പോയത്.

എത്ര പിണങ്ങി പോയാലും , സാധാരണ ഒരു പതിനൊന്ന് മണിയാകുമ്പോൾ വാട്സപ്പിൽ വന്ന് , എന്നോട് ചാറ്റ് ചെയ്യാറുള്ളതാണ്, അത് കൊണ്ട് നെറ്റ് ഓൺ ചെയ്ത് ഞാൻ രാവിലെ മുതൽ കാത്തിരിപ്പാണ്. ഇപ്പോൾ പക്ഷേ മണി പതിനൊന്നരയായി , എന്തായിരിക്കും ഓൺലൈനിൽ വരാതിരിക്കുന്നത് ?നേരം വൈകുന്തോറും എനിക്ക് ആധി കൂടി വന്നു

എന്നോടുള്ള ദേഷ്യം ഇത് വരെ മാറിക്കാണില്ലേ? ഒരു മിസ്ഡ് കോൾ ചെയ്ത് നോക്കിയാലോ ? പോക്കറ്റിൽ കിടന്ന് വൈബ്റേറ്റ് ചെയ്യുമ്പോൾ എടുത്ത് നോക്കുമല്ലോ ? അപ്പോൾ പിണക്കമില്ലെങ്കിൽ വാട്സപ്പിൽ വരും ഉറപ്പാണ്

ഞാനദ്ദേഹത്തിൻ്റെ നമ്പരിലേക്ക് ഡയൽ ചെയ്തിട്ട് മൊബൈൽ ചെവിയോട് ചേർത്ത് പിടിച്ചു

പെട്ടെന്ന് ആ ഫോൺ ഏതോ ഒരു സ്ത്രീ അറ്റൻ്റ് ചെയ്തിട്ട് ഹലോ പറഞ്ഞു

എനിക്കാകെ വെപ്രാളമായി അവരവിടെ ഹലോ, ഹലോന്ന് പറഞ്ഞോണ്ടിരിക്കുന്നു. എനിക്ക് തിരിച്ച് മറുപടി പറയാൻ കഴിയില്ലെന്ന് അവർക്കറിയില്ലല്ലോ , ഫോൺ കട്ട് ചെയ്യാനും കഴിയില്ല , എപ്പോഴും അദ്ദേഹം പോക്കറ്റിൽ കൊണ്ട് നടക്കുന്ന ഫോൺ മറ്റൊരു സ്ത്രീയുടെ കൈവശമെങ്ങനെ വന്നു എന്ന ജിജ്ഞാസ എന്നെ ആശങ്കപ്പെടുത്തി എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വെട്ടി വിയർത്തു.

ഹലോ ഞാൻ പറയുന്നത് നിങ്ങൾക്ക് കേൾക്കാമോ ?

അങ്ങേ തലയ്ക്കലെ സ്ത്രീയുടെ ശബ്ദം കുറച്ച് കൂടെ ഉച്ചത്തിലായി

നിങ്ങൾ എന്നോട് പറയുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നില്ല. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടെന്നാണ് എൻ്റെ വിശ്വാസം , അത് കൊണ്ട് പറയുവാ , ഞാനീ സംസാരിക്കുന്ന മൊബൈൽ ഫോൺ എനിക്ക് ബസ്സിൽ നിന്ന് കിട്ടിയതാണ്, ഞാനിപ്പോൾ റിസീവ് ചെയ്തിരിക്കുന്ന കോള് മൈ സ്വീറ്റി എന്നെഴുതിയിരിക്കുന്നത് കൊണ്ട് ഇതിൻ്റെ ഉടമ നിങ്ങളുടെ ഭർത്താവാണെന്ന് മനസ്സിലായി. എന്തായാലും ഇന്ന് അഞ്ച് മണി വരെ ഞാൻ കടവന്ത്രയിലെ ബ്ളാക്ക് ക്വീൻ ബ്യൂട്ടി പാർലറിലുണ്ടാവും. ഭർത്താവിനോട് അവിടെ വന്ന് ഫോൺ വാങ്ങാൻ പറയണം

അത്രയും പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു, അവരുടെ വിചാരം നെറ്റ് വർക്ക് പ്രോബ്ളമായത് കൊണ്ട് എൻ്റെ സംസാരം അവർക്ക് കേൾക്കാൻ കഴിയുന്നില്ലെന്നാണ്, ശരിക്കും ഞാനൊരു ഊമയാണെന്ന് പാവം അവരറിയുന്നില്ല

ഈശ്വരാ…ഇനി ഞാനെന്ത് ചെയ്യും,?എനിക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിനത് കഴിയും പക്ഷേ ചെവി കേൾക്കില്ല.

ഇത്രയും നാളും എനിക്ക് വേണ്ടി അദ്ദേഹം സംസാരിക്കുമായിരുന്നു. പകരം അദ്ദേഹത്തിനായി ഞാൻ കേൾക്കുകയും ചെയ്യും

പക്ഷേ ഇങ്ങനൊരു പ്രതിസന്ധി ഒരിക്കലുമുണ്ടായിട്ടില്ല

ഇനി ആലോചിച്ചിരുന്നിട്ട് കാര്യമില്ല , ഞാൻ വേഗം ഡ്രസ്സ് മാറി ആ സ്ത്രീ പറഞ്ഞ ബ്യൂട്ടി പാർലറിലേക്ക് പോകാനായി റോഡിലേക്കിറങ്ങി

ദൂരെ നിന്നൊരു ഓട്ടോറിക്ഷ വരുന്നത് കണ്ട് ഞാൻ കൈ കാണിച്ചു ,അതെൻ്റെ അരികിൽ വന്ന് നിന്നു ,ഞാനതിലേക്ക് കയറാനൊരുങ്ങുമ്പോൾ അതിൽ നിന്നും പുള്ളിക്കാരൻ ഇറങ്ങുന്നത് കണ്ട് എനിക്ക് ആശ്വാസമായി

ഞാനദ്ദേഹത്തോട് നടന്ന സംഭവങ്ങൾ ആംഗ്യ ഭാഷയിൽ പറഞ്ഞുകൊടുത്തു.

അത് കേട്ട് ചിരിച്ച് കൊണ്ട് എന്നെ ചേർത്ത് പിടിച്ച് അദ്ദേഹം വീട്ടിലേക്ക് നടന്നു , ഒന്നും മനസ്സിലാകാതെ അമ്പരപ്പോടെ ഞാനാ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എന്നോട് പറയുവാ

എടോ ഭാര്യേ .. ആ ഫോണിനി നമുക്ക് വേണ്ട , അത് കാണാതായപ്പോഴല്ലേ?നിൻ്റെ വിവരമറിയാൻ മറ്റ് മാർഗ്ഗമില്ലാതെ ഞാൻ നിൻ്റെയരികിലേക്ക് വന്നത്. അത് മാത്രമല്ല നമ്മുടെയിടയിൽ എന്നുമൊരു മദ്ധ്യസ്ഥൻ്റെ റോളിൽ  മൊബൈൽ ഫോണുണ്ടായിരുന്നത് കൊണ്ടല്ലേ വീണ്ടും വീണ്ടും നമ്മൾ പിണങ്ങി കൊണ്ടിരുന്നത്. ഇനിയിപ്പോൾ അതില്ലാതായാൽ നമ്മുടെ ഇടയിലെ കലഹങ്ങൾ പാടെ ഇല്ലാതാകും.

കാരണം ഞാൻ പിണങ്ങിപ്പോയാൽ ഓഫീസിൽ നിന്ന് തിരിച്ച് വരുന്നത് വരെ ഞാനുമായി ബന്ധപ്പെടാൻ മറ്റ് മാർഗ്ഗമില്ലാത്തത് കൊണ്ട്  വഴക്കിടാനും പിണങ്ങാനും നമ്മൾ രണ്ട് പേരും മടിക്കും. അത് കൊണ്ട് നമ്മുടെ ജീവിതത്തിലിനി മൊബൈൽ ഫോൺ വേണ്ടെന്ന് വച്ചിട്ടാണ് ഞാനാ ഫോൺ വഴിയിലുപേക്ഷിച്ചത്…

അത് ശരിയാണെന്ന് എനിക്കും തോന്നി , ഞങ്ങൾ മുഖത്തോട് മുഖം നോക്കിയിരുന്ന് കണ്ണുകളാൽ കഥ പറഞ്ഞിട്ട് എത്ര നാളായി. ഇനി കുറച്ച് നാളത്തേക്കെങ്കിലും മൊബൈലില്ലാതെയൊന്ന് ജീവിച്ച് നോക്കാമെന്ന് ഞാനും തീരുമാനിച്ചത് കൊണ്ട് എൻ്റെ ഫോൺ ഞാനും സ്വിച്ച് ഓഫ് ചെയ്ത് അലമാരയിൽ വച്ച് പൂട്ടി .

ശുഭം

~സജി തൈപറമ്പ്