പുണ്യം…
Story written by Jisha Raheesh
=========
ആ കിടപ്പിൽ അവരുടെ കണ്ണുകൾ ദൈന്യതയോടെ ചുറ്റും പരതുണ്ടായിരുന്നു..മുറിയിലെ കസേരയിലിരുന്ന് അക്ഷമയോടെ ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന മകന്റെ ഫോൺ ശബ്ദിച്ചതും അവൻ ഫോണെടുത്ത് ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോവുന്നതവർ കണ്ടു..
മോനെയെന്നുള്ള തേങ്ങലിനൊപ്പം ശ്വാസവും തൊണ്ടയിൽ വിലങ്ങി..ഞരക്കം പോലും പുറത്തേക്ക് വരുന്നില്ല…
തലയൊന്ന് ചെരിച്ചപ്പോൾ,കൊച്ചുമക്കൾ ഹാളിലെ സോഫയിൽ ഇരുന്നു ഫോണിലും ടാബിലുമൊക്കെ കളിക്കുന്നത് അവർക്ക് കാണാമായിരുന്നു..
അവരുടെ കാൽക്കലായി കട്ടിലിനോരത്ത് ഇരുന്നിരുന്ന മകൾ ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തിയിട്ട് നേരമേറെയായി..
പതിവില്ലാതെ ഇന്നവൾ അരികിലിരുന്നപ്പോഴും പുതിയ കസവു നേര്യത് പുതപ്പിച്ചപ്പോഴും ചേർത്ത് പിടിച്ചപ്പോഴും അവരുടെ ഉള്ളൊന്ന് തുടിച്ചിരുന്നു….
പക്ഷെ അടുത്തനിമിഷം അവരെ ചേർത്ത് പിടിച്ചു തന്നെ ഇരുന്നഇരിപ്പിലവൾ മൊബൈൽ ഉയർത്തിപ്പിടിച്ചു ഫോട്ടോ എടുത്തപ്പോൾ അവരുടെ ദേഹത്തിനൊപ്പം മനസ്സും വിറങ്ങലിച്ചിരുന്നു..ഫോട്ടോയെടുപ്പ് കഴിഞ്ഞയുടനെ മകൾ മൊബൈലുമായി മാറിയിരുന്നപ്പോൾ പുതച്ചിരുന്ന കസവു നേര്യത് ദേഹത്തെയാകെ വരിഞ്ഞു മുറുക്കു ന്നത് പോലെ അവർക്ക് തോന്നി..
“ഇത്തി..ഇത്തിരി വെള്ളം.. “
പക്ഷെ ആ ശബ്ദം തൊണ്ടക്കുഴിയിൽ തങ്ങിനിന്നതേയുള്ളൂ..തൊണ്ട പൊട്ടുന്നത് പോലെ..ശ്വാസം കിട്ടുന്നില്ല..
“ഇത്തിരി വെള്ളം..”
ഒരു ചെറു ഞരക്കം മാത്രമേ പുറത്തു വന്നുള്ളൂ..ആരുമത് ശ്രെദ്ധിച്ചിരുന്നില്ലല്ലോ..
മകൻ ഫോണിൽ ആരോടോ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു..കണ്ണുകൾ പതിയെ അടയാൻ തുടങ്ങിയിരുന്നു…
പണ്ട്, മക്കൾ ചെറുതായിരുന്നപ്പോൾ അയല്പക്കത്തൊരു വിരുന്നിനു തനിയെ പോവേണ്ടി വന്നപ്പോൾ, സദ്യ കഴിക്കുന്നതിനിടെ വറുത്തുപ്പേരിയും ശർക്കരവരട്ടിയും ആരും കാണാതെ സാരിത്തുമ്പിൽ പൊതിഞ്ഞെടുത്തത് അവര് ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു.മോൾക്കത് വല്യ ഇഷ്ടായിരുന്നല്ലോ…
അച്ഛൻ കിടപ്പിലായിട്ട് വന്നു കാണാൻ കഴിയാതിരുന്ന മകൻ എത്തിയത് അദ്ദേഹത്തിന്റെ അടക്കിന്റെ തൊട്ടു മുൻപായിരുന്നു..
“സാരല്ല്യെടോ, ഓല്ക്കൊക്കെ തെരക്കല്ലേ, ഇനിക്കിപ്പോ നീയ്യ്ണ്ടല്ലോ..അത് മതി..പക്ഷെ..”
മക്കൾക്ക് വേണ്ടി രാപ്പകൽ അദ്ധ്വാനിച്ച അച്ഛൻ വീണു പോയപ്പോൾ, ഒന്ന് വന്നു കാണാൻ പോലും സമയം കിട്ടാതിരുന്ന മക്കളെ പറ്റി പറഞ്ഞപ്പോൾ അവരുടെ അച്ഛൻ പറഞ്ഞതങ്ങനെയായിരുന്നു..
പിന്നൊന്നും പറഞ്ഞില്ലെങ്കിലും, മൗനത്തിനിടെ, ആ കണ്ണുകളിലെ നനവ് അവർ കണ്ടിരുന്നു..
ഈ നിമിഷങ്ങളും അദ്ദേഹം മുൻകൂട്ടി കണ്ടിരിക്കണം..
അവരുടെ ദേഹമാകെയൊന്ന് വിറച്ചുകണ്ണുകൾ നിറഞ്ഞു..അപ്പോഴും ഒരു തുള്ളി വെള്ളത്തിനായി ആ മനസ്സ് കേണു..
മൊബൈലിൽ നിന്നും മുഖമുയർത്താതെ മകൾ അമ്മയോടൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയായിരുന്നു…
“അമ്മയെന്ന പുണ്യം..അമ്മയ്ക്ക് പകരം മറ്റൊരാളില്ല..തിരിച്ചു നൽകാൻ സ്നേഹം മാത്രം….എന്റെ അമ്മ.,.”
മകൻ ഫോണിൽ പറയുന്നുണ്ടായിരുന്നു.
“അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നേ..വെറുതെ ഒരു ട്രിപ്പ് വേസ്റ്റായി..നൂറു കൂട്ടം തിരക്കിൽ നിന്നോടി വന്നതാ..”
അവരുടെ ശരീരം നിശ്ചലമായിരുന്നു..കണ്ണുകൾ നിന്നൊഴുകിയ കണ്ണുനീർ ചാലിട്ട് കവിളിലൂടെ ഒഴുകി ഇറങ്ങിയിരുന്നു..
~സൂര്യകാന്തി (ജിഷ രഹീഷ് )?