ഇത്ര നേരം പ്രിയപ്പെട്ടവനൊപ്പം ചിലവഴിച്ച നിമിഷങ്ങളോർത്തു കിടക്കുന്ന പാവം പെണ്ണ്….

എഴുത്ത്: മഹാ ദേവൻ

==========

വിയർപ്പ് തിങ്ങിയ ശ-രീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു….

എത്ര നാൾ കാത്തിരുന്ന നിമിഷങ്ങൾ ആണ് ഇത്ര വേഗം കടന്ന് പോയതെന്ന് ഓർക്കുമ്പോൾ ഒരു കുളിരും.

പുതപ്പെടുത്തു മാറ്റി ഉടുമുണ്ട് തപ്പിയെടുത്തുടുക്കുമ്പോൾ അവൻ അവളെ ഒന്ന് നോക്കി.

ഇത്ര നേരം പ്രിയപ്പെട്ടവനൊപ്പം ചിലവഴിച്ച നിമിഷങ്ങളോർത്തു കിടക്കുന്ന പാവം പെണ്ണ്…

അവൾക്ക് അറിയില്ലല്ലോ നഷ്ട്ടപെട്ടത് എല്ലാം അവൾക്കാണെന്ന്…

കിരൺ എന്ന നല്ല മനുഷ്യന്റെ നാളത്തെ പത്നിയാവാൻ മോഹിച്ചുകൊണ്ട് എല്ലാം സമർപ്പിക്കുമ്പോൾ അവൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല കിരൺ എന്ന അവളുടെ കാമുകന്റെ ഉള്ളിൽ ഒരു മൃ-ഗം ഒളിച്ചിരിപ്പുണ്ടെന്ന്…ആ മൃ-ഗത്തിന്റെ ആക്രമണത്തിലാണ് ഇപ്പോൾ അവൾ സുന്ദരമായ സ്വപ്നങ്ങളിൽ ലയിച്ചു കിടക്കുന്നതെന്ന്…

അവൻ മേശക്ക് മുകളിൽ കിടക്കുന്ന ഷർട്ട് എടുത്തിടുമ്പോൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,

“സൂര്യ…നമുക്ക് പോവണ്ടേ…? ഇവിടെ ഇങ്ങനെ കിടന്നാൽ ശരിയാവില്ല..നിനക്ക് നിന്റെ വീട്ടിൽ എത്തണ്ടേ. ഇനിയും വൈകിയാൽ… “

അവന്റെ വാക്കുകൾ കേട്ട് പുതപ്പിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടുമ്പോൾ അവൾ പ്രണയാതുരമായ മിഴികളാൽ അവനെ നോക്കി ചിരിച്ചു…പിന്നെ ശരീരത്തിൽ ബെഡ്ഷീറ് മാറ്റി പൂർണന-ഗ്ന-യായി നിലത്തേക്കിറങ്ങി അവന്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു..

“കിരൺ…എനിക്ക് നിന്നെ വിട്ട് പോവാൻ തോന്നുന്നില്ല..എല്ലാം നിനക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ എന്റെ മനസ്സിൽ നീ എന്റെ മറുപാതി ആയിരുന്നു. നിന്റെ മോഹങ്ങളെ നീ ചിറക് വിടർത്തി പറക്കാൻ വിടുമ്പോൾ ഞാൻ നിനക്കൊപ്പം എത്താൻ ശ്രമിക്കുന്ന അപ്പൂപ്പൻതാടി ആയിരുന്നു. നിന്റെ  ഭാരത്തെ ഉൾകൊള്ളുമ്പോൾ എന്റെ സ്വപ്നങ്ങൾ ഒരു പനനീർപൂവ്വായി ഇതൾ വിരിച്ചിരുന്നു…ആ പ്രണയത്തിന്റെ ഇതളുകൾ ഒരിക്കലും കൊഴിയരുതെന്ന മോഹത്തോടെ എന്നെ നിനക്ക് സമർപ്പിക്കുമ്പോൾ എന്റെ പ്രണയത്തിന്റ ആഴങ്ങളെ തൊട്ടറിയുന്ന നിമിഷങ്ങളിൽ നീ എനിക്ക് നൽകിയ വാക്കായിരുന്നു  എന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയത്…”

“സൂര്യാ..മരണം വരെ നിന്നോട് ചേർന്ന് പറക്കാൻ കൊതിക്കുന്ന ഒരു ശലഭമാണ് ഞാൻ..ഒരിക്കലും നമ്മുടെ ചിറകുകൾ തളരാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു…നമ്മുടെ പ്രണയത്തിനു മുന്നിൽ ഈ ലോകം സുന്ദരമാകണം…” എന്ന്….

അവളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു നിന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ അവന്റെ മനസ്സിൽ പുഞ്ചിരിയായിരുന്നു..അതിൽ ഒരു ചതിയുടെ ചതുരക്കളം വരച്ചുവെച്ചിരുന്നു കിരൺ..

പതിയെ ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്ത് അവിടെ നിന്നും ഇറങ്ങുമ്പോൾ  അവൻ അവളുടെ പേഴ്സിലേക്ക് കുറച്ച് നോട്ടുകൾ തിരുകിവെച്ചു. അത്  എന്തിനാണെന്ന അർത്ഥത്തിൽ അവൾ അവന്റ മുഖത്തേക്ക് നോക്കുമ്പോൾ കിരൺ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് പുഞ്ചിരിയോടെ യാത്രയാക്കി.

അതേ പുഞ്ചിരിയോടെ അടുത്ത ബസ്സിലേക്ക് സൂര്യ കയറുമ്പോൾ പുറമെ അവളെ നോക്കി പുഞ്ചിരിക്കുന്ന അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു… “ഗുഡ്ബൈ സൂര്യ ” എന്ന്.

വല്ലാത്ത പിരിമുറുക്കത്തോടെ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് മുന്നിൽ കടന്ന് പോയത്.

കിരണിന്റെ ഫോൺ സ്വിച്ച്ഓഫ്‌ ആണെന്ന് പറയുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു ഓഫീസിൽ പോയാൽ നേരിൽ കാണാമെന്ന്..

അവിടെ എത്തുമ്പോൾ തന്നെ മറ്റുള്ളവരിൽ നിന്ന് അറിഞ്ഞ വാക്കുകൾ അവളിൽ വല്ലാത്തൊരു ഞെട്ടലുളവാക്കി.

“സർ ഗൾഫിലേക്ക് പോയല്ലോ മാഡം. അവിടെ വെച്ചു അദ്ദേഹത്തിന്റെ വിവാഹം നിശ്ചയം ആണ്. പിന്നീട് വിവാഹവും കഴിഞ്ഞ് അവിടെ തന്നെ സെറ്റിലാകാൻ ആണ് അദ്ദേഹത്തിന്റെ താല്പര്യം…സർ വിളിക്കുകയാണെങ്കിൽഇങ്ങനെ ഒരാൾ അന്വോഷിച്ചുവന്നതായി പറഞ്ഞേക്കാം..പക്ഷേ..ആര് വന്നെന്ന് പറയണം? “

മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ചോദ്യം അവളുടെ കാതുകളിൽ പതിഞ്ഞില്ല…

അവിടെ നിന്നും ആരോടും ഒന്നും പറയാതെ നിർവികാരമായ മനസ്സുമായി ഇറങ്ങുമ്പോൾ ലോകം ഇരുണ്ടപോലെ..തനിക്ക് ചുറ്റും അന്ധകാരം നിറഞ്ഞപോലെ…പേടിപ്പിക്കുന്ന ഒച്ചപ്പാടുകളിൽ നിന്ന് മനസ്സ് ഓടിയൊളിക്കാൻ വെമ്പുന്നപോലെ….

താൻ ചതിക്കപ്പെടുകയായിരുന്നോ…? തന്റെ ശരീരം മാത്രമായിരുന്നോ അവൻ മോഹിച്ചത്….?

പിന്നീട് അവൾക്ക് മുന്നിൽ ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. ചതിയുടെ തുടിപ്പ് മിടിപ്പ് തുടങ്ങിയെന്നറിഞ്ഞ നാൾ മുതൽ നാട്ടിൽ പരിഹാസകഥാപാത്രമായി മാറുമ്പോൾ വീട്ടുകാരുടെ കുത്തുവാക്കുകൾക്കും സങ്കടങ്ങൾക്കും നടുവിൽ നിന്ന് ഒറ്റമുറിയിലേക്ക് മാത്രമായി ജീവിതം പാകപ്പെടുത്തുമ്പോൾ മനസ്സിൽ അവനോടുള്ള പക മാത്രമായിരുന്നു.

സ്‌നേഹമെന്ന അഭിനയത്തിന് മുന്നിൽ വഴങ്ങിക്കൊടുത്ത തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നുമ്പോൾ നാളേക്കുള്ള പ്രതീക്ഷ ആ. വീർത്തുതുടങ്ങിയ വയർ മാത്രമായിരുന്നു.

നിറംകെട്ട ജീവിതവുമായി മുന്നോട്ട് കുതിക്കുന്ന ദിവസങ്ങൾ….കണ്ണുനീരിൽ കുതിർന്ന മുറിയിടങ്ങൾ… സ്വയം ഏറ്റുപറയുന്ന ശാപവാക്കുകൾക്ക് സാക്ഷിയായ തലയിണകൾ…എല്ലാത്തിന്റെയും ബാക്കിയായി പിറന്ന ഒരു കുഞ്ഞുമുഖം.. !

പെൺകുട്ടി ആണെന്ന് അറിഞ്ഞത് മുതൽ ഭയമായിരുന്നു അവളുടെ മനസ്സിൽ…ഒന്നും പറയാതെ വളർത്തുമ്പോൾ പ്രതീക്ഷിച്ചിരുന്നു അച്ഛൻ ആരെന്ന ചോദ്യം.. !

അന്ന് അച്ഛൻ ആരെന്ന ചോദിക്കുന്ന പത്തു വയസ്സായ കുട്ടിക്ക് മുന്നിൽ എല്ലാം തുറന്നു പറയുമ്പോൾ മനസ്സിൽ ഒന്ന് മാത്രമായിരുന്നു. അമ്മയുടെ ജീവിതം അറിഞ്ഞെങ്കിലും മകൾ ജീവിതത്തെ മനസ്സിലാക്കട്ടെ എന്ന്….നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്ത ഈ ലോകത്ത് തന്റേടത്തോടെ എന്തിനെയും നേരിടാൻ അവളെ പ്രാപ്ത്തയാക്കുമ്പോൾ മനസ്സിലുണ്ടായിരുന്നു “ആർക്ക് മുന്നിലും തല കുനിയരുത് തന്റെ മകളുടെ ” എന്ന്.

മകളോടൊപ്പം ജീവിതത്തെ മറ്റൊരു ദിശയിലൂടെ കെട്ടിപ്പടുക്കുന്ന ആ നാളുകളിൽ  ഒരു ദിനം വീട് തേടി വന്ന ആളെ കണ്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ അവളുടെ മുഖത്തൊരു പുച്ഛം ഉണ്ടായിരുന്നു.

ആ പുച്ഛത്തോടെ അവനു നേരെ മുഖം തിരിക്കുമ്പോൾ അവൻ  മാനസികമായി തകർന്ന ഒരുവനെ പോലെ അവൻ സംസാരിക്കുന്നുണ്ടായിരുന്നു,

“സൂര്യാ…..എനിക്കറിയാം എന്റെ ഈ വിളി നീ കേൾക്കാൻ ആഗ്രഹിക്കുന്നില്ല ഇപ്പോഴെന്ന്. അതിനുള്ള അർഹതയും എനിക്കില്ലെന്ന് അറിയാം…ക്ഷമിക്കണം എന്നൊരു വാക്ക് കൊണ്ട് ഞാൻ ചെയ്ത ക്രൂരതകൾ മറക്കാൻ കഴിയില്ല നിനക്ക്..പക്ഷേ, ഇപ്പോൾ എനിക്ക് നിന്നോട് യാചിക്കാൻ കഴിയുന്നത് അത് മാത്രമാണ്..എന്നോട് ക്ഷമിക്കണം…എല്ലാം ഉള്ളവനെന്ന അഹങ്കാരത്തിന്റെ മുകളിൽ ചവിട്ട് നിൽക്കുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല..ജീവിതങ്ങൾ അറിഞ്ഞില്ല…പക്ഷേ, ഉള്ളതെല്ലാം നഷ്ട്ടപ്പെട്ട നിമിഷം മുതൽ പലതും ഞാൻ തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന് ജീവിക്കാൻ കൊതിക്കുകയാണ്.. കൂടെ ഉണ്ടായിരുന്ന എല്ലാം നഷ്ട്ടപെട്ടവന്റെ യാചനയാണ്…ആരും ഇല്ലാതെ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന മാനസികമായി തകർന്ന ഒരുവന്റെ അപേക്ഷയാണ്..എന്നോട് ക്ഷമിക്കണം…എനിക്ക് എന്റെ മോളെ ഒന്ന് കാണണം…എനിക്ക് ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാണെങ്കിലും…എന്റെ മോളെ ഒന്ന് കാണിച്ചൂടെ….അവളുടെ…അവളുടെ അച്ഛൻ അല്ലെ ഞാൻ… “

അവന്റെ നിറഞ്ഞ കണ്ണുകളും അപേക്ഷയുടെ സ്വരവും അവളെ തെല്ലും സങ്കടപെടുത്തുകയോ മനസ്സിൽ അലിവ് ഉണ്ടാക്കുകയോ ചെയ്തില്ല..

അവൻ പറഞ്ഞ വാക്കുകൾ എല്ലാം പുച്ഛത്തോടെ  മാത്രം കേൾക്കുമ്പോൾ അവളുടെ വാക്കുകളിലും ഉണ്ടായിരുന്നു ആ പുച്ഛം.

“അച്ഛൻ…അതിന്റ അർത്ഥം നിങ്ങൾക്ക് അറിയോ…? പണത്തിന്റെയും പളുപളുത്ത കുപ്പായത്തിന്റെയും അഹങ്കാരത്തിൽ നിങ്ങളെ വിശ്വസിച്ച ഒരു പെണ്ണിന്റ ജീവിതം നിങ്ങളുടെ മേനിക്കൊഴുപ്പിൽ തകർന്നു പോയപ്പോൾ എവിടെ ആയിരുന്നു ഈ അച്ഛൻ..നിങ്ങളുടെ കുഞ്ഞിനേയും ചുമന്ന് പി-ഴച്ചവൾ ആയി ഇക്കാലം വരെ ജീവിക്കുമ്പോൾ എവിടെ ആയിരുന്നു നിങ്ങൾ..ഓരോ രാത്രി കരയുമ്പോഴും കൊതിച്ചിട്ടുണ്ട് ഞാൻ നിങ്ങൾ ഒന്ന് വന്നിരുന്നെങ്കിൽ എന്ന്..എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങൾ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്…

പക്ഷേ, ഇപ്പോൾ എന്റെ മോൾക്ക് അച്ഛൻ ഇല്ല…അയാൾ എന്നേ മരിച്ചു…മരിച്ചവർ ഒരിക്കലും തിരികെ വരില്ല. പ്രത്യേകിച്ച് എന്റെ മനസ്സിൽ..അതുകൊണ്ട് നിങ്ങള്ക്ക് പോകാം.. ” എന്ന് പറഞ്ഞുകൊണ്ട് അയാളെ അവഗണിച്ച് അകത്തേക്ക് പോകാൻ തിരിയുമ്പോൾ എല്ലാം കേട്ട് കൊണ്ട് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു മകൾ..

അത് കണ്ട സൂര്യയുടെ മുഖത്തൊരു ഞെട്ടലുണ്ടായപ്പോൾ കിരണിന്റെ മുഖത്തു വല്ലാത്തൊരു ആശ്ചര്യമായിരുന്നു.

മുന്നിൽ നിൽക്കുന്നത് തന്റെ മോളാണ് എന്ന ചിന്ത അവനെ വല്ലാതെ സന്തോഷിപ്പിക്കുമ്പോൾ മുന്നിൽ തന്റെ അച്ഛനാണെന്ന അറിവ് ആ കുട്ടിയേയും അത്ഭുതപ്പെടുത്തി.

അതൊന്നും വകവെക്കാതെ മോളെ പിടിച്ചുവലിച്ചുകൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആ കുഞ്ഞിന്റെ കണ്ണുകൾ കിരണിന്റെ മുഖത്തായിരുന്നു.

ഉള്ളിലേക്ക് വലിക്കുന്ന അമ്മയുടെ കൈ പതിയെ വിടുവിക്കുമ്പോൾ അവൾ അമ്മയിൽ നിന്ന് കിരണിനടുത്തേക്ക് നടന്നു.

തന്റെ മകൾ തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ആ നിമിഷം അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറയുന്നുണ്ടായിരുന്നു.

അരികിലേക്ക് വരുന്ന അവളെ തന്നെ നോക്കി നിൽകുമ്പോൾ  അവൾ അയാൾക്ക് മുന്നിൽ എത്തി മടക്കിപിടിച്ച കൈകൾ നിവർത്തി അവന് മുന്നിൽ പുഞ്ചിരിയോടെ പറഞ്ഞു,

“മുത്തശ്ശി പറയാറുണ്ട് വേണ്ട മരിക്കുമ്പോൾ അവരുടെ ഓർമ്മദിവസം ആർക്കെങ്കിലും ധാനം ചെയ്യുന്നത് ആ ആത്മാവിനു നല്ലതാണെന്ന്..എന്നോ എന്റെ അമ്മ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ മരിച്ച ആ ദിവസത്തെ പറ്റി..അത് ഇന്നാണ്..ഓർമ്മവെച്ച കാലം മുതൽ ഇങ്ങനെ ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കാറുണ്ട് എന്റെ അച്ഛന്റെ ആത്മാവിനു വേണ്ടി..ആ ദിവസം ആണിന്ന്..അതുകൊണ്ട് തന്നെ ഇത് സ്വീകരിക്കണം…എന്റെ അച്ഛന്റെ ആത്മാവിനു വേണ്ടി…”

അവളുടെ ആ വാക്കുകൾ അവന്റ മനസ്സിൽ ഒരു കൊള്ളിയാൻ പോലെ ആണ് പാഞ്ഞുകയറിയത്.

സ്വന്തം മകളുടെ കയ്യിൽ നിന്ന് സ്വന്തം ആത്മാവിന്റെ ആത്മശാന്തിക്ക് വേണ്ടി സ്വയം ധാനം സ്വീകരിക്കേണ്ടി വന്ന ഒരച്ഛൻ..മരണത്തേക്കാൾ വലിയ ശിക്ഷ…

അവൻ ആ ഞെട്ടലിൽ നിന്നും മോചിതനായി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി.

“മോളെ…ഞാൻ ആണ് മോളുടെ അച്ഛൻ….ജീവനോടെ ഇരിക്കുന്ന ഈ അച്ഛന് വേണ്ടിയാണ് മോള്…. “

അത് കേട്ട് കൊണ്ട് അവൾ പുഞ്ചിരിയോടെ തന്നെ പറയുന്നുണ്ടായിരുന്നു,

“ഞാൻ  ഇതുവരെ കണ്ടിട്ടുള്ളത് എന്റെ അമ്മയെ മാത്രമാണ്..കേട്ടിട്ടുള്ളത് തന്ത ഇല്ലാത്തവൾ എന്നാണ്..ബന്ധുക്കൾ പറഞ്ഞത് പി-ഴച്ചുപെറ്റവൾ എന്നാണ്…അന്നൊക്കെ കരയുമ്പോൾ എന്റെ അമ്മ പറഞ്ഞിട്ടുള്ളത് മരിച്ചുപോയ അച്ഛനെ കുറിച്ചാണ്…ഇനി ആ സ്ഥാനത്തേക്ക് ഒരാൾ കേറി വന്നാൽ ഞാൻ കേട്ട  ത-ന്ത ഇ-ല്ലാത്തവൾ എന്ന പേര് മാറില്ല..പിന്നെ കേട്ട് തഴമ്പിച്ച ആ പേരിനോടാണ് എനിക്കിപ്പോ പ്രിയം..ത-ന്ത ഇല്ലാത്തവൾക്കും ജീവിക്കണമെന്ന് തെളിയിക്കാൻ…വാശിയാണിപ്പോൾ…ആ വാശി  കെടാതിരിക്കാൻ  അച്ഛൻ മരിച്ചെന്ന് വിശ്വസിക്കാൻ ആണ് താല്പര്യം.”

എന്നും പറഞ്ഞ് അകത്തേക്ക് പോകുന്ന മകളെ നോക്കി നിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു..

ജീവിതത്തിൽ തോറ്റതിനെക്കാൾ വലുതാണ് ഇപ്പോൾ മകൾക്ക് മുന്നിൽ….

ഇനി ഒരു മരണത്തെ കുറിച്ച് ചിന്തിക്കാൻ പോലും താൻ അർഹനല്ല…ചെയ്ത തെറ്റുകൾക്ക് മുന്നിൽ നീറിനീറി ജീവിക്കാൻ ഈ മകളുടെ വാക്കുകൾ മതി…അതാണ്‌ ഈ ജന്മത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ…അത് അനുഭവിച്ചു തന്നെ തീരണം…

പക്ഷേ, എന്നെങ്കിലും ഇവർ വരും…അങ്ങനെ ഒരു പ്രതീക്ഷയോടെ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അകത്ത്‌ ഒരു പെരുമഴ തന്നെ പെയ്യുന്നുണ്ടായിരുന്നു, കെട്ടിപ്പുണർന്നു നിൽക്കുന്ന നാല് കണ്ണുകളിൽ നിന്ന്….

✍️ദേവൻ