പൈങ്കിളി സിനിമ പോലെ തന്നെ കിട്ടാത്തത് കൊണ്ട് ജീവിതം വേണ്ടാന്ന് വെക്കാൻ മാത്രം…

ചിലപ്പോൾ ചില മനുഷ്യർ….

Story written by Aswathy Joy Arakkal

===============

തലവേദന എന്നൊരു കാരണവും പറഞ്ഞു, വിളമ്പിയ ഭക്ഷണം കാൽഭാഗം പോലും കഴിക്കാതെ പ്ലേറ്റിൽ തന്നെ നുള്ളിയിട്ടു തീന്മേശയിൽ നിന്നു എണിക്കുമ്പോൾ മനസ്സു മുഴുവൻ ശ്രീക്കുട്ടി എന്റെ നേരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു.

“നന്ദേച്ചി.. നിങ്ങളൊരാളാ എന്റെ ഏട്ടന്റെ ജീവിതം ഇങ്ങനെയാക്കിയത്… ഏട്ടനൊരു ജീവിതം ആകാത്ത ആന്തലും നെഞ്ചിലേറ്റിയാണ് പാവം ന്റെ അമ്മ പോയത്.. ആ ആത്മാവ് പോലും നിങ്ങൾക്ക് മാപ്പ് തരില്ല. “

ശ്രീക്കുട്ടിയുടെ വാക്കുകൾ നെഞ്ചിലിരുന്നു വെള്ളിടി പോലെ വെട്ടിയപ്പോൾ കയ്യിലിരുന്ന പ്ലേറ്റ് നിലത്തു പതിച്ചു ചിന്നി ചിതറി പല ഭാഗങ്ങളിലേക്കായി തെറിച്ചു..

എന്തു പറ്റി അമ്മു തനിക്കു? മനു കഴിക്കല് നിർത്തി എണിറ്റു വന്നു..

തീരെ വയ്യെങ്കിൽ പോയി കിടന്നോളു അമ്മു. ഞാൻ ക്ലീൻ ചെയ്തോളാം. ഇനി ചില്ലു പെറുക്കി കൈ മുറിക്കാൻ നിൽക്കണ്ട….അമ്മ പറഞ്ഞു.

സത്യത്തിൽ കണ്ണു പോട്ടുന്നൊരു ചീത്തയാണ് പ്രതീക്ഷിച്ചതു. പക്ഷെ എന്റെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു മനുവെന്തോ ഒന്നും പറഞ്ഞില്ല…

മനുവിനെയും, സിദ്ധുട്ടനെയും യാന്ത്രികമായൊന്നു നോക്കി കൈ പോലും കഴുകാതെ ഞാൻ സ്റ്റെയർ കയറാൻ തുടങ്ങി.

എന്താ അമ്മു.താനെന്തൊക്കെയാ കാട്ടി കൂട്ടണെ, വയ്യെങ്കിൽ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം.

വേണ്ട മനു. ഒന്ന് കിടന്നാ മതി എന്നു പറഞ്ഞു,സ്ഥിരമായി വരാറുള്ള മൈഗ്രൈനേയും കൂട്ടു പിടിച്ചു അവിടെ നിന്നു രക്ഷപെട്ടതുപോലെ റൂമിലെത്തി…

അമ്മയെ ഏതെങ്കിലും കഥാപാത്രങ്ങൾ ആവാഹിച്ചു കാണും എന്ന സിദ്ധുവിന്റെ കളിയാക്കൽ കേട്ടിട്ടും ഇല്ലെന്നു നടിച്ചു.. സാധാരണ എന്നെ ശുണ്ഠി പിടിപ്പിക്കാനാണ് അച്ഛനും ,മോനും അങ്ങനെ പറയാറ്.. പക്ഷെ തീച്ചൂളയിൽ ഇട്ടതു പോലെ മനസ്സു വെന്തു പിടയുമ്പോൾ…..ഒരു ദീർഘനിശ്വാസത്തോടെ ഞാൻ കിടക്കയിലേക്ക് വീണു.

പക്ഷെ കണ്ണടക്കുമ്പോൾ ചെവിയിൽ വന്നു തറക്കുന്നതു ശ്രീക്കുട്ടിയുടെ വാക്കുകൾ ആണ്.. എത്ര ഇറുക്കി അടച്ചിട്ടും സ്‌ക്രീനിൽ തെളിഞ്ഞു നിന്ന അക്ഷരങ്ങൾ എന്റെ സ്വസ്ഥത കെടുത്തി..

രണ്ടും കല്പ്പിച്ചു ഫോണുമായി ടെറസിലേക്ക്‌ ഇറങ്ങി. അവിടെ ചൂരൽ കസേരയിൽ ഇരുന്നു വിറയാർന്ന കൈകളുമായി ആ നമ്പർ ഡയല് ചെയ്തു…. ഫോണിൽ നിന്നു ഡിലീറ്റ് ആയി പോയിട്ടും മനസ്സിൽ മായാതെ കിടന്ന ആ നമ്പർ. ഒരുകാലത്തു തന്റെ ഫോണിൽ നിന്നു ഡയല് ചെയ്തിരുന്നത് ആ നമ്പർ മാത്രമായിരുന്നു… തനിക്കു വന്നിരുന്നതും ആ നമ്പറിൽ നിന്നുള്ള കോളുകൾ മാത്രമാണ്… ആകാശത്തിനു ചുവട്ടിലെന്തും ഞങ്ങൾക്ക് സംസാര വിഷയങ്ങളായിരുന്നു … ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോണിലേക്കു ചെവി കൂർപ്പിച്ചു ..

ഹലോ.. അപ്പുറത്ത് നിന്നു പരുപരുത്ത ആ ശബ്ദം.

ഒന്നും മിണ്ടാനാകാതെ.. വറ്റിവരണ്ട നാവുമായി ഞാൻ വാക്കുകൾക്കായി തേടി.

ഹലോ.. സ്വല്പം കൂടെ ദേഷ്യത്തിലായിരുന്നു ആ ശബ്ദം.

ദാസ്സേട്ടാ ഞാൻ.. ഞാൻ.. നന്ദിതയാണ്.. നന്ദ..

മറുപുറം നിശബ്ദം

മം.. എന്താ നന്ദാ.. ഏറെനേരത്തെ മൗനത്തിനു ശേഷമുള്ള പ്രതികരണം.

ദാസ്സേട്ടനൊരു കല്യാണം കഴിക്കണം. ചെയ്യാത്ത തെറ്റിന്റെ പേരിൽ..ചിലരുടെയെങ്കിലും മുന്നിൽ ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിൽക്കാനെനിക്ക് വയ്യ.. ദാസ്സേട്ടന്റെ ജീവിതം നശിപ്പിച്ചവളെന്ന പഴി കേൾക്കാൻ ഇനിയും… അതുകൊണ്ട് പ്ലീസ്.. ദാസ്സേട്ടൻ സമ്മതിക്കണം…ദാസ്സേട്ടനു ഒരു നല്ല ജീവിതം കിട്ടി കാണാൻ ആഗ്രഹിക്കുന്ന പലരുമുണ്ട്… വേറാരെയും നോക്കണ്ട…ദാസേട്ടന്റെ അമ്മയുടെ ആത്മാവിനു വേണ്ടി.. ശ്രീക്കുട്ടിക്ക് വേണ്ടി…എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ചു.

ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. നോക്ക് നന്ദ… താൻ കാരണമാണ് ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതെന്നു തന്നോടാര് പറഞ്ഞു…എന്റെ ഒരു ഇഷ്ടം തുറന്നു പറഞ്ഞു എന്നല്ലാതെ നമ്മള് പ്രണയിച്ചിരുന്നോ.. പരസ്പരം പിരിയില്ലെന്നുള്ള വാക്ക് തന്നിരുന്നോ.. തനിക്കും, എനിക്കും വ്യക്തമായി അറിയാം നമ്മൾ എങ്ങനെ ആയിരുന്നെന്നു… ഇനി അതിൽ വിശദീകരണങ്ങളുടെ ആവശ്യമില്ല.

പിന്നെ എനിക്ക് വിവാഹപ്രായം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ.. എനിക്ക് മനസ്സുകൊണ്ടു ഒത്ത ഒരാൾ വരട്ടെ അപ്പോൾ നോക്കാം.. പിന്നെ വിവാഹം കഴിച്ചാലേ ജീവിതം പൂർണ്ണമാകു എന്നൊക്കെ ആരാ പറഞ്ഞതു.. വിവാഹം കൊണ്ടുമാത്രം നശിക്കുന്ന എത്ര പേരുണ്ട്..

ഞാൻ നിശബ്ദയായി തുടർന്നു..

നോക്ക് നന്ദാ.. പണ്ട് തൊട്ടു പിന്തുടർന്ന് പോരുന്ന ആചാരങ്ങളുടെ പിന്തുടർച്ച എന്ന പോലെ ഈ പ്രായത്തിൽ കല്യാണം കഴിക്കണം, ഇന്ന പ്രായത്തിൽ മക്കളുണ്ടാകണം എന്നൊന്നും ഒരു നിയമവും ഇല്ല… നമ്മൾ മാനസികമായി തയാറാകുമ്പോൾ, നമുക്ക് പറ്റുന്ന ഒരാളെ കണ്ടെത്തുമ്പോൾ…പക്വത എത്തി എന്ന തിരിച്ചറിവ് സ്വയമായി തോന്നുമ്പോൾ… അതാണ്.. അപ്പോഴാണ് നമ്മുടെ വിവാഹ പ്രായം… അല്ലാതെ മറ്റുള്ളവരുടെ നിർബന്ധത്തിനു ഒരു ചടങ്ങ് പോലെ ആരെയെങ്കിലും ജീവിതത്തിലേക്ക് കൂട്ടുന്നതല്ല..

പൈങ്കിളി സിനിമ പോലെ തന്നെ കിട്ടാത്തത് കൊണ്ട് ജീവിതം വേണ്ടാന്ന് വെക്കാൻ മാത്രം…. അങ്ങനെയാണോടോ താനെന്നെ കരുതിയിരിക്കുന്നത്… എന്റെ കാര്യങ്ങൾ ഒന്നൊഴിയാതെ ഷെയർ ചെയ്തിട്ടുള്ള എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നില്ലെടോ താൻ… എന്നിട്ടിങ്ങനെയാണോ..

ഇപ്പൊ ഈ ലൈഫിൽ ഞാൻ സാറ്റിസ്‌ഫൈഡ് ആണ്… വരട്ടെ… സമയമിനിയും ഒരുപാടുണ്ടല്ലോ…

അതു വിട്ടേക്ക്…….

അല്ല… എന്തായി തന്റെ ഹയർ സ്റ്റഡീസ് പ്ലാനൊക്കെ… അതോ കിട്ടിയ ജോലിയിൽ ഒതുങ്ങി കൂടാനാണോ പ്ലാൻ… ഇപ്പൊ എഴുത്തും, വായനയും ഒന്നും ഇല്ലേ? വിശേഷങ്ങളും, ഉപദേശങ്ങളുമായി ആ സംസാരം അവസാനിപ്പിച്ചപ്പോൾ മനസ്സിന്റെ പിടച്ചിൽ കുറഞ്ഞ പോലെ..

ദാസ്സേട്ടൻ അങ്ങനെയാണ്.. എന്തു ഹിമാലയൻ പ്രശ്നണെങ്കിലും രണ്ടോ മൂന്നോ മിനിറ്റിലെ സംസാരം കൊണ്ട് അതിന്റെ തീവ്രത ഇല്ലാതാക്കും..

അതു പണ്ടും അങ്ങനെ ആയിരുന്നല്ലോ.. അപ്പോഴേക്കും ഓർമകൾക്ക് ചിറകു വെക്കാൻ തുടങ്ങിയിരുന്നു..

വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ m.Phil ചെയ്യുന്ന സമയം. ശ്രീഷ്മയും ഞാനും പിന്നെ ഞങ്ങളുടെ തല്ലുകൊള്ളിത്തരങ്ങളും ചേർന്ന ആഘോഷകാലം …..

കോളേജ് വിട്ടിട്ടും ഹോസ്റ്റലിലേക്ക് പോകാൻ മടിച്ചു ശ്രീഷ്മക്കൊപ്പം ക്യാന്റീനിൽ ഒരു ചായക്കപ്പുമായി ഇരുന്നു വായ്നോക്കുന്ന എന്നെ നോക്കി ഒരു ഘന ഗംഭീര ശബ്ദം വന്നു.

നന്ദിതാ രവീന്ദ്രൻ?

ഞാൻ വേറെയേതോ ഒരു ലോകത്തു നിന്നു എന്ന പോലെ അയാളെ തുറിച്ചു നോക്കി.

നന്ദിതയല്ലേ. കോളേജ് മാഗസിനിൽ “കറുത്ത പ്രണയം ” എന്ന സ്റ്റോറി എഴുതിയിരിക്കുന്ന.. മിഴിച്ചു നിന്ന എന്നെ നോക്കി അയാൾ ചോദിച്ചു.

ശ്രീഷ്മ പിച്ചിയപ്പോഴാണ് സ്വപ്നത്തിൽ നിന്നുണർന്നതു.. അപ്പോഴേക്കും അതെ എന്ന ഉത്തരം അവൾ കൊടുത്തിരുന്നു.

ഞാൻ കൃഷ്ണദാസ്. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ ഗസ്റ്റ് ലെക്ചർ ആണ്. ഇയാളുടെ പ്രണയത്തെ പറ്റിയുള്ള ഒബ്സെർവഷൻസ് നന്നായിരിക്കുന്നു. കുറച്ചു മേച്ചുവേർഡ് ആയ കാഴ്ചപ്പാടുകൾ എന്നു തന്നെ പറയാം… ഒരു കാൻഗ്രറ്സുംപറഞ്ഞു അങ്ങൊരു അങ്ങോരുടെ വഴിക്കു പോയി.

അപ്പോഴേക്കും ഞങ്ങൾ അദ്ദേഹത്തെ പറ്റിയുള്ള ചർച്ചകളിൽ വ്യാപൃതരായിരുന്നു…

സാർ ആണോ, കണ്ടാൽ സ്റ്റുഡന്റ് ആണെന്നെ തോന്നു.. നിറമിത്തിരി കുറവാണെങ്കിലും നല്ല ലൂക്കാ.. ഇംഗ്ലീഷിലെ പിള്ളേരുടെ ഭാഗ്യം. നമുക്കുണ്ട് വയറും ചാടി, മുടിയും നരച്ച കൊറേ ടീംസ് ചർച്ചകൾ അങ്ങനെ നീണ്ടു പോയി..

പക്ഷെ പിന്നീടെന്റെ എഴുത്തുകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ അഭിനന്ദനങ്ങളും, വിമർശനങ്ങളും, തിരുത്തലുകളും ഒക്കെയായി അദ്ദേഹം പലപ്പോഴും മുന്നിലെത്തി. സാർ എന്നുള്ള വിളി.. പിന്നീട് മാഷ് എന്നാക്കി … അതുപിന്നെ മഷേട്ടനായി..അവസാനം ആ വിളി അവസാനിച്ചത് ദാസ്സേട്ടനിലാണ്…

കഥയും, കവിതയും ചർച്ചകളുമായി ഞങ്ങൾ കൂടുതൽ അടുത്തു.. ലൈബ്രറിയും, ക്യാന്റീനുമെല്ലാം ഞങ്ങളുടെ സൗഹ്രദത്തിനു സാക്ഷ്യം വഹിച്ചു… മിക്കപ്പോഴും ദാസ്സേട്ടന്റെ കയ്യിൽ എനിക്ക് വായിക്കാനൊരു ബുക്ക് കാണും….എന്തു പ്രശ്നത്തിനും ഒരു ഉത്തരം ദാസ്സേട്ടന്റെ കൈയിലുണ്ടാകും… ഞങ്ങളുടെ സൗഹൃദം പലരും പ്രണയമാക്കി കഥകൾ മിനഞ്ഞു ..പലരും ചോദ്യങ്ങളുമായെത്തി… പ്രണയത്തിന്റെ നിറം പിടിപ്പിച്ച കഥകൾ പലരും പറഞ്ഞു പരത്തി.. അതൊന്നും ഞങ്ങളെ ബാധിച്ചതേയില്ല കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താനെന്നു വേറെ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല …

മറ്റുള്ളവരുടെ നാവിൻ തുമ്പിലല്ല നമ്മുടെ ജീവിതമെന്ന കാഴ്ചപ്പാടാണ് അന്നും ഇന്നും…

എന്റെ ചിന്തകളെ അത്രത്തോളം ഉൾകൊള്ളുന്ന ഒരു സുഹൃത്ത്‌ അവിടെ നിന്നു ഇവിടേക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല എനിക്കെന്നു തന്നെ പറയേണ്ടി വരും.

ദാസ്സേട്ടന്റെ അനിയത്തി ശ്രീലക്ഷ്മി എന്ന ശ്രീകുട്ടിയും ചെന്നൈയിൽ തന്നെ എഞ്ചിനീയറിംഗ് ചെയ്യുന്നുണ്ടായിരുന്നു… ഞങ്ങളുടെ സൗഹ്രദം ഫോൺ വിളികളിലൂടെ അവളിലേക്കും എത്തി…

അവധി ദിനങ്ങളിൽ രണ്ടുപേരും കെട്ടും കെട്ടി നാട്ടിലേക്കു പോകും.. നാടെന്നു പറയുമ്പോൾ തമിഴ്നാട് സേലം സ്വദേശികളാണ് അവർ..

അതായതു പാലക്കാട്‌ അഗ്രഹാരത്തിലെ കാർത്തിക ലക്ഷ്മി തമിഴ്നാട് സേലം സ്വദേശിയും ക്രിസ്ത്യാനിയുമായ ഡേവിഡിനെ പ്രണയിച്ചപ്പോൾ നാടും, വീടും എതിർത്തു… തന്റെ പ്രിയപ്പെട്ടവൾക്കായി മതം മാറാൻ വരെ ഡേവിഡ് തയ്യാറായിട്ടും ആരും സമ്മതിച്ചില്ല.

പ്രണയം തലക്കു പിടിച്ചപ്പോൾ രണ്ടാളും ഒളിച്ചോടി… കാർത്തികക്കായി അയാളൊരു സ്വപ്നജീവിതം ഒരുക്കി… മക്കൾ പിറന്നപ്പോൾ കൃഷ്ണദാസ് എന്നും, ശ്രീലക്ഷ്മി എന്നും പേരിട്ടു കാർത്തികയുടെ വിശ്വാസത്തിൽ വളർത്താൻ അയാൾ തയ്യാറായി.. പക്ഷെ പതുക്കെ പ്രണയച്ചൂട് അവസാനിച്ചപ്പോൾ ഡേവിഡിന്റ സ്വഭാവവും മാറി.. മദ്യപാനവും, ലഹരിയും അയാളെ കീഴ്പെടുത്തി..

പിന്നെ ജാതിയും, മതവും, ബന്ധങ്ങളും എല്ലാം പ്രശ്നങ്ങൾ ആയി വന്നു..സ്നേഹമൊക്കെ പ്രളയത്തിലെന്ന പോലെ ഒലിച്ചു എവിടേക്കോ പോയി.. പരസ്പരം വിട്ടു കൊടുക്കാൻ രണ്ടാളും തയ്യാറായിരുന്നില്ല… തമ്മിലുള്ള വാശിയും, ദേഷ്യവും തീർക്കാനുള്ള ഉപകരണങ്ങളായി മക്കളെ മാറ്റി..

ഭാര്യയോടുള്ള വാശി തീർക്കാൻ മദ്യലഹരിയിൽ പ്ലസ് ടു സ്റ്റഡിലീവിന്റെ സമയത്തു തന്റെ പുസ്തകങ്ങൾ വാരിക്കൂട്ടി തീയിട്ട അച്ഛനെക്കുറിച്ചു പറയുമ്പോൾ ആ മുഖത്ത് നിർവികാരത ആയിരുന്നു ..വാശിക്ക് സാരിയെടുത്തു ഫാനിൽ തൂങ്ങാൻ നോക്കിയ അമ്മയെയും, അതുകണ്ടു പേടിച്ചു ഫിറ്റ്സ് വന്ന അനിയത്തിയെയും പറ്റിയുമൊക്കെ അതേ നിർവികാരതയിൽ അദ്ദേഹം പറഞ്ഞു തീർത്തു…

അച്ഛന്റെയും, അമ്മയുടെയും ജീവിതം കണ്ടറിഞ്ഞ ദാസ്സേട്ടന് വിവാഹത്തോട് തന്നെ വിരക്തി ആയിരുന്നു .നല്ലൊരു ജോലി.. പെങ്ങളെ നന്നായി പഠിപ്പിക്കണം.. കുറെയേറെ യാത്രകൾ അതൊക്കെ ആയിരുന്നു അദേഹത്തിന്റെ ആഗ്രഹങ്ങൾ.

കാലങ്ങൾ കടന്നു പോയി . കോളേജ് ലൈഫ് കഴിഞ്ഞു ഞാൻ നാട്ടിൽ എത്തി..അദ്ദേഹവും ടെസ്റ്റുകൾ പലതുമെഴുതി ആഗ്രഹിച്ച ഉയരങ്ങൾ കീഴടക്കി കൊണ്ടിരുന്നു …തിരക്കുകൾക്കിടയിലും ഞങ്ങളുടെ സൗഹ്രദം ഫോണിലൂടെ തുടർന്നു..

ഒട്ടും പ്രതീക്ഷിക്കാതൊരുനാൾ തന്റെ ഉള്ളിൽ തോന്നി തുടങ്ങിയ എന്നോടുള്ള ഒരു ഇഷ്ടത്തെ പറ്റി അദ്ദേഹം തുറന്നു പറഞ്ഞു … ഒരു തുറന്നു പറച്ചിലനപ്പുറം ആ ബന്ധം എവിടേക്കും പോയില്ല…

വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല എന്നുറപ്പു ഉണ്ടായിരുന്നെങ്കിലും എല്ലാം തുറന്നു പറയാറുള്ള അമ്മയോട് ഈ കാര്യം ഞാൻ സൂചിപ്പിച്ചു… അമ്മയ്ക്കും ദാസ്സേട്ടനെ ഇഷ്ട്ടമായിരുന്നു പക്ഷെ വേറാർക്കും ഉൾക്കൊള്ളാനാകില്ല എന്ന തിരിച്ചറിവിൽ അമ്മ എന്നെ പിന്തിരിപ്പിച്ചു…

പിന്നെ ഞങ്ങൾ തമ്മിലതേ പറ്റിയൊരു സംസാരം ഉണ്ടായിട്ടില്ല എന്നുവേണം പറയാൻ..

പിന്നെയും നാളുകൾ മുന്നോട്ടു പോയി… ഷാർജയിൽ എഞ്ചിനീയർ ആയ മനോജ്‌ നമ്പ്യാരുമായുള്ള വിവാഹം കഴിഞ്ഞതോടെ ജീവിതം ഇങ്ങോട്ട് പറിച്ചു നട്ടു.. സിദ്ധു ഞങ്ങൾക്കിടയിലേക്കു വന്നു.. പിന്നെ ബന്ധങ്ങളൊക്കെ ഓർമകളായി.. എന്തോ ദാസ്സേട്ടനും ഒഴിഞ്ഞു മാറുന്നത് പോലെ എനിക്കും തോന്നി തുടങ്ങിയിരുന്നു….

ശ്രീക്കുട്ടിയുടെ വിവാഹത്തിന് ദാസ്സേട്ടൻ ക്ഷണിച്ചിരുന്നെങ്കിലും ഈ മരുഭൂമിയിൽ നിന്നു കൈക്കുഞ്ഞായിരുന്ന സിദ്ധുവുമായി പോവുക എളുപ്പമായിരുന്നില്ല…

പിന്നീട് അവനവന്റെ ജീവിതങ്ങളിൽ രണ്ടു പേരും മുഴുകി.. എങ്കിലും ദാസ്സേട്ടന്റെ വളർച്ച ഞാൻ അറിയുന്നുണ്ടായിരുന്നു .. നാടു ചുറ്റലുകളും,യാത്രകളുമെല്ലാം സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ പങ്ക് വെച്ചു അദ്ദേഹം ജീവിതം ആഘോഷമാക്കുകയായിരുന്നു…

അതിനിടയിൽ അദ്ദേഹത്തിന്റെ അമ്മ മരിച്ചു എന്നറിയിച്ചപ്പോഴാണ് ലാസ്റ്റ് ഫോണിൽ സംസാരിച്ചത്…

പിന്നീട് ഒരു ദിവസം fb യിൽ D.ശ്രീലക്ഷ്മി എന്നൊരു പ്രൊഫൈൽ.. നോക്കുമ്പോൾ ശ്രീകുട്ടിയും, ഭർത്താവും…ഫ്രണ്ട് റെക്വസ്റ്റിനൊപ്പം ഒരു സൗഹ്രദ സന്ദേശം കൂടെ അയച്ചെങ്കിലും റെസ്പോൺസ് ഒന്നും ഉണ്ടായില്ല.. തിരക്കിനിടയിൽ ഞാനും അതു മറന്നിരുന്നു…

ഇന്നിപ്പോ ഒട്ടും പ്രതിക്ഷക്കാതെ… ഏട്ടന്റെ ജീവിതം നന്ദേച്ചി ഇല്ലാണ്ടാക്കി എന്ന അവളുടെ മെസ്സേജ് ആണ് എന്നെ ഇത്രയേറെ പിടിച്ചുലച്ചതു.

എന്തുകൊണ്ട് ആ കുട്ടി അങ്ങനെ പറഞ്ഞു എന്ന ചിന്ത മനസ്സിലേക്ക് വന്നപ്പോഴേക്കും മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം കേട്ടു തുടങ്ങിയിരുന്നു…

നന്ദേച്ചി ശ്രീക്കുട്ടിയാണ്‌..

ഞാൻ ഒന്നും മിണ്ടാതെ നിന്നു..

സോറി ചേച്ചി… ഇന്നും ഒരു പ്രെപ്പോസലിന്റെ കാര്യം പറഞ്ഞു ഏട്ടനുമായി തെറ്റി..

എനിക്കറിയാം… അവന്റെ ഈ തീരുമാനത്തിന്റെ പ്രധാന കാരണം അപ്പയുടെയും, അമ്മയുടെയും ജീവിതത്തിലെ തകർച്ചയാണെന്നു….പക്ഷെ ഒന്നുകൂടെ അവൻ പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു അവനു ജീവിതത്തിലാദ്യമായി ഒരു ലൈഫ് പാറ്റ്ണർ എന്ന ചിന്ത വന്നിട്ടുണ്ടെങ്കിൽ അതു നന്ദേച്ചയിൽ ആണെന്ന്.. നന്ദേച്ചി തെറ്റുകാരി അല്ലെന്നും എനിക്കറിയാം..

പക്ഷെ ഇനി നന്ദേച്ചിയെ പോലെ അവനെ സ്വാധീനിക്കാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ..

എന്റെ വിഷമം കൊണ്ട് പറഞ്ഞതാ… ക്ഷേമിച്ചേക്കണേ എന്നു പറഞ്ഞപ്പോൾ എന്തോ എന്റെ കണ്ണുകളും നിറഞ്ഞു…

ഏട്ടനോടുള്ള അനിയത്തിയുടെ സ്നേഹം മനസ്സിനാക്കാനുള്ള പക്വത അപ്പോഴേക്കും എന്റെ മനസ്സും കാണിച്ചു തുടങ്ങിയിരുന്നു..

പലതും പങ്ക് വെച്ചു സംസാരം അവസാനിക്കുമ്പോഴേക്കും മനസ്സിലൊരു അത്ഭുതമായി തെളിഞ്ഞു നിന്നത് ദാസ്സേട്ടന്റെ മുഖമാണ്…

അല്ലെങ്കിലും ചിലർ അങ്ങനെയാണ്… വ്യക്തിത്വം കൊണ്ട് നമ്മളെ വല്ലാതങ്ങു സ്വാധീനിച്ചു കളയും..

വെറുമൊരു പരിചയക്കാരനായി വരുന്നവർ പോലും ദുരുദ്ദേശത്തോടെ പെരുമാറുന്ന കാലത്ത്… ഇത്രയേറെ അടുപ്പമുണ്ടായിട്ടും തെറ്റായൊരു വാചകം കൊണ്ട് പോലും വേദനിപ്പിക്കാത്ത ദാസ്സേട്ടനെ പോലൊരാൾ സുഹൃത്താണെന്ന് പറയുന്നത് തന്നെ അഭിമാനം ആയി തോന്നിയെനിക്ക്.

അത്ര തകർന്ന ചുറ്റുപാടിൽ നിന്നു പോലും ആരോടും പരിഭവവും, പരാതിയും പറയാതെ, ആരെയും കുറ്റപ്പെടുത്താതെ സ്വന്തം ആഗ്രഹങ്ങൾക്ക് പുറകെ നടന്നു ഉയരങ്ങൾ കീഴടക്കുന്ന മനുഷ്യൻ… ശെരിക്കും അഭിമാനം തന്നെയാണ്…

ശെരിയാണ് 25 വയസ്സിൽ കല്യാണം കഴിക്കുന്നതും, ഒരു വർഷത്തിനുള്ളിൽ മക്കൾക്ക്‌ ജന്മം നൽകുന്നതിലും അല്ല കാര്യം.. നമ്മളു മാനസികമായി തയ്യാറെടുത്ത ശേഷമായിരിക്കണം ഇതിനെല്ലാം ഇറങ്ങി പുറപ്പെടേണ്ടത് . അപക്വമായ പ്രണയമാണ് അച്ഛന്റെയും അമ്മയുടെയും ജീവിതം നശിപ്പിച്ചതെന്ന തിരിച്ചറിവാണ് ദാസ്സേട്ടനെ അങ്ങനൊരു തീരുമാനത്തിലെത്തിച്ചത്…

മാതാപിതാക്കളുടെ തെറ്റുകൾ ഉൾക്കൊണ്ട്‌ അതിൽ നിന്നു പുറത്തു വരാൻ ആണ് അദ്ദേഹം ശ്രമിച്ചത്… അല്ലാതെ അതിൽ വീണു സ്വയം നശിക്കാനല്ല…

ഒപ്പം നമ്മള് മാതാപിതാക്കള് ചെയ്യുന്ന വലിയൊരു തെറ്റുണ്ട്.. പരസ്പരമുള്ള വാശി തീർക്കാനുള്ള ഉപകരണങ്ങളായി മക്കളെ മാറ്റുമ്പോൾ അതു അവരുടെ ജീവിതത്തെ എങ്ങനെയൊക്കെ നശിപ്പിച്ചു കളയുമെന്ന് നമ്മൾ ചിന്തിക്കാതെ പോകുന്നു.. ഇവിടെ അതിങ്ങനെ അവസാനിച്ചപ്പോൾ വീട്ടിലെ പ്രശ്നങ്ങൾ മൂലം ല-ഹരിക്ക് അടിമപ്പെട്ടു പോകുന്നവരെയും, പ്രേമ ചതികുഴികളിൽ വീണു പോകുന്ന മക്കളെയുമൊന്നും നമ്മൾ വിസ്മരിച്ചു കൂടാ..

നമ്മുടെ ഉത്തരവാദിത്തം ആണ് മക്കൾ..നമ്മളാണ് അവരെ ഈ ലോകത്തേക്ക് കൊണ്ട് വന്നത്…നമ്മുടെ ഫ്രസ്ട്രഷനും, വാശിയും, വൈരാഗ്യവും തീർക്കാനുള്ള ഉപകരണങ്ങൾ അല്ല കുഞ്ഞുങ്ങൾ….

ചിന്തകളിങ്ങനെ കാടുകേറാൻ തുടങ്ങിയപ്പോഴേക്കും സിദ്ധു വന്നെന്റെ മടിയിൽ കയറിയിരുന്നു…

അല്ല.. ഇന്നിവിടെ എഴുത്തും കുത്തുമായി കൂടുന്നോ… അതോ… എന്നു കള്ളചിരിയോടെ മനു ചോദിച്ചപ്പോഴേക്കും ഞാനെന്റെ കൂട്ടിലേക്ക്‌…അച്ഛൻ കിളിയും, കുഞ്ഞിക്കിളിയും ചേർന്ന സ്വർഗ്ഗത്തിലേക്കു ചേക്കേറിയിരുന്നു…