അന്നവിടെ നടന്ന വളരെ ചെറിയൊരു കാര്യത്തെപ്പറ്റി എന്റെ നാത്തൂൻ പറഞ്ഞതിൽ നിന്നാണ് ഈയൊരു…

എന്റെ മകൻ…

Story written by Aswathy Joy Arakkal

=========

ചെറിയൊരു സംഭവമാണ്..എഴുതാൻ മാത്രം ഉണ്ടോ എന്നറിയില്ല..എന്നാലും ഇതൊന്നും മനസ്സിലാക്കാതെ, തിരിച്ചറിയാതെ പോകുന്ന മാതാപിതാക്കളോ അതുകൊണ്ട് ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ അവർക്കൊരു അവെയർനസ്സ് ആയിക്കോട്ടെ എന്നു കരുതി എഴുതണമെന്നു തോന്നി…

രണ്ടാഴ്ച മുന്നെ എന്റെ അമ്മക്കൊരു കാർഡിയാക് ചെക്ക് അപ്പ്‌ ആവശ്യമായ് വന്നത് കൊണ്ട് ഹോസ്പിറ്റലിൽ ഒരു ദിവസത്തേക്കു അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു..ഭർത്താവ് ജോലി സംബന്ധമായി നാട്ടിലില്ല…അതുകൊണ്ട് അഞ്ചു വയസ്സുകാരനായ എന്റെ മോനെ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിൽ നിർത്തേണ്ടി വന്നു..അവിടെ അവന്റെ അതേ പ്രായത്തിലുള്ള ഒരു മോനും, കുറച്ചു മുതിർന്ന മോളും ഉള്ളത് കൊണ്ട് അവിടെ നിൽക്കുന്നത് അവനും സന്തോഷമാണ്..മാത്രമല്ല കാർഡിയാക് വിഭാഗം ആയതു കൊണ്ട് മോനെ റൂമിൽ ഒപ്പം നിർത്താനും അനുവാദം ഇല്ലായിരുന്നു…അല്ലെങ്കിലും ഹോസ്പിറ്റലിൽ ഒരു ആവശ്യവും ഇല്ലാതെ കുഞ്ഞുങ്ങളെ നിർത്തുന്നത് ശെരിയല്ലല്ലോ..അതുകൊണ്ട് അന്നൊരു ദിവസം അവനവിടെ നിന്നു..

അന്നവിടെ നടന്ന വളരെ ചെറിയൊരു കാര്യത്തെപ്പറ്റി എന്റെ നാത്തൂൻ പറഞ്ഞതിൽ നിന്നാണ് ഈയൊരു കുറിപ്പ്..

നാത്തൂനെ ഞാൻ ചേച്ചി എന്നാണ് വിളിക്കുന്നത്‌. അവനെ അവരുടെ വീട്ടിലാക്കി അഞ്ചു മിനിട്ടിനു ശേഷം, ചേച്ചി നോക്കുമ്പോൾ അവൻ ടോയ്ലറ്റ്നു മുന്നിൽ നിന്നു ട്രൗസറിന്റെ സിപ് അഴിക്കാൻ നോക്കുവായിരുന്നു…

എന്തുപറ്റി അലൻ മോനെ (അലൻ എന്നാണ് എന്റെ മോന്റെ പേര് ) എന്നു ചോദിച്ചു ചേച്ചി ചെന്നപ്പോ…സിപ് കേടായി, അവനു മൂത്രം ഒഴിക്കണം എന്നവൻ  പറഞ്ഞു..ചേച്ചി നോക്കുമ്പോൾ എങ്ങനെയോ ആ സിപ്  കേടായിരുന്നു.. 

അവനെ ഹെല്പ് ചെയ്ത ശേഷം, സാധാരണ സിപ് ഉള്ള ഡ്രസ്സ്‌ വീട്ടിൽ ഇടിക്കാറില്ലാത്തതു കൊണ്ട് ആ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ചേച്ചി നോക്കി…അതു ചേഞ്ച്‌ ചെയ്യുന്നതിനിടയിൽ അറിയാതെ കൈയൊന്നു അവന്റെ പ്രൈവറ്റ് ഏരിയയിൽ കൊണ്ടു..അതോടെ അവന്റെ വിധം മാറിയത്രെ..

ആന്റി..എന്താ കാണിക്കണേ…എന്തിനാ അവിടെ തൊട്ടതെന്നു കൊറച്ചു ദേഷ്യത്തിൽ അവൻ ചോദിച്ചു…

ഇതെന്താ ഇവൻ പറയുന്നെ എന്നു വിചാരിച്ചു ആദ്യമൊന്നു അന്തം വിട്ടു എങ്കിലും അവന്റെ മനസ്സറിയാൻ അതെന്താ അവിടെ തൊട്ടാൽ എന്നു ചേച്ചി തിരിച്ചവനോട് ചോദിച്ചു…

അതു ബാഡ് ടച്ച്‌ ആണ്. അവിടെ ആരെ കൊണ്ടും തോടിക്കരുതെന്നു എന്റെ അമ്മ പറഞ്ഞിട്ടുണ്ട്‌ എന്നവൻ പറഞ്ഞപ്പോൾ, ആദ്യത്തെ അമ്പരപ്പ് മാറി ചേച്ചിക്കു സന്തോഷമായിന്നു..ഇത്ര ചെറിയ കുഞ്ഞിതു പറഞ്ഞല്ലോ എന്നോർത്തപ്പോൾ..

സത്യത്തിൽ ചേച്ചി എന്നോടിത് പറഞ്ഞപ്പോൾ സന്തോഷത്തേക്കാൾ അഭിമാനമാണ് എനിക്ക് തോന്നിയത് ബാഡ് ടച്ച്‌ ആയിരുന്നില്ലേങ്കിലും, അവന്റെ പ്രൈവറ്റ് ഏരിയയിൽ ഒരാൾ അബദ്ധത്തിൽ ആണെങ്കിലും ടച്ച്‌ ചെയ്തപ്പോൾ എന്റെ മോൻ പ്രതികരിക്കാൻ കാണിച്ച പക്വതയോർത്തു എനിക്ക് സന്തോഷവും, അഭിമാനവും തോന്നി…

ഇതു അവനെ പുകഴ്‌ത്താൻ എഴുതിയ പോസ്റ്റ്‌ അല്ല കേട്ടോ..ഞാൻ പറഞ്ഞു വരുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ ചർച്ചാ വിഷയമാക്കുന്ന, അതിനെതിരെ പോരാടുന്ന, പ്രതികരിക്കുന്ന നമ്മൾ അറിഞ്ഞോ, അറിയാതെയോ വിട്ടുപോകുന്നൊരു കാര്യമാണ് ആൺകുട്ടികൾക്ക് നേരെയുള്ള ലൈം-ഗിക ചൂഷണം…നമ്മുടെ രാജ്യത്തു 5 മുതൽ 25 ശതമാനമാണ് പെൺകുട്ടികൾ പീ-ഡിപ്പിക്കപ്പെടുന്നതെങ്കിൽ..ഒപ്പം അഞ്ചു മുതൽ പതിഞ്ചു ശതമാനം ആൺകുട്ടികളും ലൈം-ഗിക ചൂഷണത്തിന് ഇരകൾ ആകുന്നുണ്ട്…

ആൺകുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറാണ് പതിവ്…അടുത്ത ബന്ധുക്കൾ, അയൽക്കാർ, ആയമാർ തുടങ്ങി പലരും കുഞ്ഞുങ്ങളെ അവരവരുടെ ലൈം-ഗിക വൈകൃതങ്ങൾക്കു ഉപയോഗിക്കുകയും, പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്…

ഈ അവസരത്തിൽ ഒരു സുഹൃത്ത്‌ പങ്ക് വെച്ച അനുഭവം ഓർമ വരുന്നു…ചെറുപ്പത്തിൽ അച്ഛൻ ഗൾഫിലായിരുന്നത്  കൊണ്ട് അവനും, നേഴ്സ് ആയ അമ്മയും തറവാട്ടിൽ അച്ഛന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. അവിടെ അവന്റെ ഗ്രാന്റ് പേരെന്റ്സും, അച്ഛന്റെ മൂത്ത ജേഷ്ട്ടനും കുടുംബവും ഉണ്ടായിരുന്നു…നഴ്സിങ്ങിനു പഠിച്ചിരുന്ന വല്യച്ഛന്റെ മകൻ വല്ലപ്പോഴുമേ വീട്ടിൽ വന്നിരുന്നുള്ളൂ..

അമ്മക്കു നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ കുഞ്ഞായിരുന്ന അവൻ മുത്തശ്ശിക്കൊപ്പം കിടക്കും..എന്നാൽ വല്യച്ഛന്റെ മകൻ വരുന്ന ദിവസങ്ങളിൽ ചേട്ടനൊപ്പമായിരിക്കും കിടക്കുക..അയാൾ ഇവനെ എന്തൊക്കെയോ ചെയ്യുമായിരുന്നു..പലപ്പോഴായപ്പോൾ അസ്വസ്ഥത തോന്നി മാറി നടന്ന കുഞ്ഞിനെ  സംഭവം പുറത്തു പറയാതിരിക്കാൻ ഓരോന്ന് പറഞ്ഞു അയാൾ ഭീഷണിപ്പെടുത്തി..പിന്നീട് വലുതാകും തോറുമാണ് അയാൾ തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു, ലൈം-ഗിക ചൂഷണത്തിന് ഇരയാക്കുക ആയിരുന്നു എന്നു ഇവന് മനസ്സിലായത് പോലും…ഇപ്പോൾ അയാളെ കാണുമ്പോൾ പോലും അറപ്പു തോന്നും എന്നവൻ പറയാറുണ്ട്…

അതുപോലെ എത്രയെത്ര സംഭവങ്ങൾ….

അതുകൊണ്ട് ആൺകുട്ടിയാണ്, ഒന്നും പേടിക്കാനില്ല എന്നു പറഞ്ഞു ബന്ധു വീട്ടിലും, സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെ വിടുന്നതിനു മുൻപ് ഒന്നാലോചിക്കുന്നത് നന്ന്…ആവശ്യമില്ലാതെ കുഞ്ഞുങ്ങളെ മറ്റു വീടുകളിൽ പാർപ്പിക്കുന്നതു അവോയ്ഡ് ചെയ്യുക…മാത്രമല്ല തീരെ കുഞ്ഞിലേ തൊട്ടേ കുഞ്ഞിന് അവരുടെ ശരീരത്തെപ്പറ്റി പറഞ്ഞു കൊടുക്കുക…എല്ലാം വിശദമായി പറയണം എന്നല്ല…അവരുടെ പ്രായത്തിനും, പക്വതക്കും അനുസരിച്ചു വേണം പറയാൻ..

ഞാൻ എന്റെ മോനോട് പറഞ്ഞു കൊടുത്തിരിക്കുന്നത്..മോനെ ഇതു നിന്റെ പ്രൈവറ്റ് ഏരിയ ആണ്..അവിടെ ആരെങ്കിലും തൊടാൻ വന്നാലോ, ഡ്രസ്സ്‌ അഴിപ്പിക്കാൻ നോക്കിയാലോ സമ്മതിക്കരുത്. അതു അപ്പയോടൊ, അമ്മയോടോ പറയണം..മോനെ എന്തെങ്കിലും പറഞ്ഞു പേടിപ്പിച്ചാലും പേടിക്കരുത്..അമ്മയും, അപ്പയും ഇല്ലേ…അങ്ങനെ പ്രായത്തിനൊത്തു സിമ്പിൾ ആയി അവതരിപ്പിക്കാം..

എന്തെങ്കിലും കുഞ്ഞു ചോദിച്ചാൽ ദേഷ്യപ്പെട്ടു അവരെ ഓടിച്ചാൽ അവരൊന്നും നമ്മളോട് തുറന്നു പറയില്ല…ഒപ്പം സംശയത്തിന് മറുപടി കൊടുക്കാതിരിക്കുന്നതിനേക്കാൾ വലിയ തെറ്റാണു അവരോടു നുണ പറഞ്ഞു ഒഴിവാക്കുന്നതു. കാരണം പിന്നീട്  സത്യമറിയുമ്പോൾ കുഞ്ഞിന് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടും.

കുറച്ചുനാൾ മുന്നേ ഷെൽഫിലിരുന്ന പാഡിന്റെ പാക്കറ്റ് അവൻ (എന്റെ മോൻ ) കയ്യിലെടുത്തു..അതുകണ്ട എന്റെ അമ്മ കുഞ്ഞിന് പിടിക്കാൻ പറ്റിയ സാധനം ആണോ ഇതു…നീ ശ്രദ്ധിക്കണം എന്നു പറഞ്ഞു എന്നെ കുറെ ചീത്ത പറഞ്ഞു…അതു അവന്റെ മനസ്സിൽ അങ്ങനെ കിടന്നു..

ഒരിക്കൽ പരസ്യം കണ്ടപ്പോൾ അവൻ എന്നോട് മടിച്ചു മടിച്ചു  ചോദിച്ചു…ഇതു ഞാനെടുത്തപ്പോൾ എന്തിനാ അമ്മാമ്മ ചീത്ത പറഞ്ഞെന്നു..

അവനെ സമാധാനിപ്പിച്ചു, അവനു പറ്റുന്ന തരത്തിൽ പാഡ് എന്താണെന്നു പറഞ്ഞു കൊടുത്തപ്പോഴും ഇതിൽ വഴക്ക് പറയാൻ മാത്രം എന്താണെന്നായിരുന്നു അവന്റെ സംശയം…അതാണ് പറയുന്നത് നിഷ്കളങ്ക മനസ്സിനെ ഇതുപോലെ കള്ളത്തരം കാണിച്ചും, ദേഷ്യപ്പെട്ടും നമ്മൾ കളങ്കപ്പെടുത്തരുത്..

ഇപ്പൊ ഷോപ്പിംഗിനു പോകുമ്പോൾ ആ സെക്ഷനിൽ എത്തുമ്പോൾ, അവൻ വിസ്പർ എടുത്തു ബാസ്കെറ്റിലിടും…വല്യ അറിവുണ്ടായിട്ടൊന്നും അല്ല..അതു ആവശ്യമുള്ള സാധനം ആണെന്ന് അവനറിയാം..അത്രേയുള്ളൂ…സിമ്പിൾ ആണ് കാര്യങ്ങൾ പലതും..നമ്മളാണ് കോംപ്ലിക്കേറ്റഡ് ആകുന്നതു…

ഇതുപോലെ ആണ് എല്ലാം…നമ്മൾ നമ്മുടെ മക്കളെ അറിയണം, അവരോടു മറച്ചു വെക്കാതെ അവർക്കു, അവരുടെ പ്രായത്തിനു ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ എല്ലാം പറയണം..ഇതൊക്കെ മോശമാണ്, ഒളിക്കേണ്ടതാണെന്നു പറഞ്ഞു കൊടുത്തു നമ്മൾ  തന്നെ അവരെ അബദ്ധധാരണകളിലേക്കു തള്ളി ഇടരുത്

കുഞ്ഞിന്റെ മനസ്സൊരു വെള്ള കടലാസാണ്..നമ്മൾ നല്ലതെഴുതിയാൽ അവരിൽ നല്ലത് തെളിയും…മറിച്ചാണെങ്കിലോ….

നന്നാക്കാനും, നശിപ്പിക്കാനും നമുക്ക്, നമ്മുടെ പ്രവർത്തികൾക്ക്, വാക്കുകൾക്ക് സാധിക്കും

എന്റെ എളിയ അറിവിൽ നിന്നും, ജീവിതാനുഭവങ്ങയിൽ നിന്നുമുള്ള പങ്ക് വെക്കലാണ്..ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ സന്തോഷം….

~Aswathy Joy Arakkal