എഴുത്ത്: മഹാ ദേവൻ
==========
ഭാര്യയുടെ നൈറ്റിയും അ-ടിവസ്ത്രങ്ങളും കഴുകി ഉണക്കാനായി അയയിൽ വിരിച്ചിടുമ്പോൾ അപ്പുറത്തെ വീട്ടിൽ നിന്ന് ചിരിയും അടക്കംപറച്ചിലുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു അവൻ….
ഈ പണി തുടങ്ങിയത് മുതൽ കേൾക്കുന്നതും കാണുന്നതും ആണ് അതെല്ലാം. പലപ്പോഴും രണ്ട് വാക്ക് പറയാൻ നാവ് തരിക്കാറുമുണ്ട്. പക്ഷേ ക്ഷമിക്കുന്നത് അടുത്ത വീട്ടിൽ സ്വന്തം അമ്മയും പെങ്ങളും ആണല്ലോ എന്ന് കരുതി മാത്രമായിരുന്നു.
അടുത്തുള്ള പെങ്ങൾ ഓതിക്കൊടുക്കുന്നത് കേട്ട് ഗർഭിണിയായ മായയോട് വഴക്കിട്ട് അമ്മ മകളുടെ അടുത്തേക്ക് പോയപ്പോൾ അത് വലിയ ഒരു അടിയായത് ഹരിക്കായിരുന്നു.
കൂലിപ്പണിക്കാരനായ ഹരിക്ക് ഉളള വരുമാനവും നഷ്ടമാക്കുന്നതായിരുന്നു അമ്മയുടെ ആ തീരുമാനം.
എട്ടാംമാസമായ ഭാര്യക്ക് ഇല്ലാതെ വയ്യായ്കൾ ഇല്ല എന്നത് കൊണ്ട് തന്നെ ഒറ്റയ്ക്ക് വീട്ടിൽ ആക്കി പോവാൻ പറ്റാത്ത അവസ്ഥ. ഒന്ന് സഹായിക്കാനുള്ള അമ്മയും പെങ്ങളും സമരം പ്രഖ്യാപിച്ചു മാറിനിൽക്കുമ്പോൾ പിന്നെ വരുന്നിടത്തു വെച്ച് കാണാം എന്ന തീരുമാനത്തിൽ ജോലിക്ക് പോവാതെ ഭാര്യക്ക് കൂട്ടിരിക്കുമ്പോൾ തന്നെ എങ്ങനെ ഒക്കെ തളർത്താൻ കഴിയുമോ എന്ന് നോക്കുന്ന അമ്മയ്ക്കും പെങ്ങൾക്കും മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു അവൻ.
അന്ന് മുതൽ വീട്ടിലെ ഓരോ പണിയും ചെയ്ത് തീർത്തും അവളുടെയും അവന്റെയും തുണികൾ അലക്കിയും അവളുടെ ശിശ്രൂഷ സ്വയം ഏറ്റെടുക്കുമ്പോൾ പുറത്ത് നിന്ന് അത് കണ്ട് ചിരിക്കാൻ സ്വന്തം ആളുകൾ തന്നെ ആണല്ലോ എന്നത് മാത്രമായിരുന്നു അവന്റെ സങ്കടം…
“കണ്ടില്ലേ ഒരുത്തൻ ഭാര്യയുടെ അ-ടിവസ്ത്രം വരെ അലക്കുന്നത്. നിന്നെ പോലെ ഉളള കോന്തൻമാർക്ക് ഇങ്ങനെ തന്നെ വേണം. അവൾ വന്ന് കേറിയതിൽ പിന്നെ നിനക്ക് ആരെയും വേണ്ടല്ലോ..ആ രംഭ കാലെടുത്തു വെച്ചത് മുതൽ എന്റെ അമ്മ അവിടെ ഒറ്റപെട്ട പോലെ ആയിരുന്നു. ഞാൻ അടുത്തുള്ളത് കൊണ്ട് ഇങ്ങോട്ട് ഓടിവരാം. അല്ലെങ്കിലോ..അവൾ വരച്ച വരയിൽ നിൽക്കേണ്ടി വരില്ലേ എന്റെ അമ്മ. അതിന് സപ്പോർട്ട് ആയി നീയും….ഇപ്പോൾ നീ ചെയ്യുന്നതൊക്കെ ഈ അമ്മ ചെയ്യേണ്ടിവരും. അവളുടെ ജെ-ട്ടി വരെ കഴുകിക്കൊടുക്കേണ്ട അവസ്ഥ വരുന്നതിനു മുന്നേ അമ്മ ഇങ്ങോട്ട് പോന്നത് നന്നായി….” എന്ന് അപ്പുറത്ത് നിന്ന് പുച്ഛത്തോടെ പറയുന്ന പെങ്ങളെ ഒന്ന് നോക്കുമ്പോൾ അവന്റെ മുഖത്തൊരു വിഷാദമായ പുഞ്ചിരി ഉണ്ടായിരുന്നു.
“അമ്മയോട് ആരും പറഞ്ഞിട്ടില്ല ഇതൊന്നും ചെയ്യാൻ. ചേച്ചി വെറുതെ എന്തിനാണ് ഗ്രഹിച്ചുണ്ടാക്കുന്നത്. അവളെ കെട്ടിയത് ഞാൻ ആണെങ്കിൽ കെട്ടിയ പെണ്ണിനെ നോക്കാനുള്ള ചങ്കൂറ്റവും എനിക്കുണ്ട്. ഇപ്പോൾ ആവശ്യം അവൾക്ക് കൂടെ ഒരാൾ ആണ്..അല്ലാതെ അവളുടെ വസ്ത്രം കഴുകാൻ അല്ല ആള് വേണ്ടത്. അതൊക്ക ചെയ്യാൻ എനിക്കറിയാം, അതിലെനിക്ക് ഒരു നാണക്കേടും ഇല്ല. പക്ഷെ ഇപ്പോൾ കൂടെ ഒന്ന് താങ്ങായി നിൽക്കാൻ ഒരാൾ വേണമായിരുന്നു. എനിക്ക് ജോലിക്ക് പോണമെങ്കിൽ കൂടി. വേണ്ട സമയത്ത് തന്നെ അമ്മ അങ്ങോട്ട് വന്നത് കൊണ്ട് എന്റെ ഉളള വരുമാനം കൂടി ഇല്ലാതാകാൻ അമ്മക്കും മോൾക്കും കഴിഞ്ഞു. അത് നിങ്ങളുടെ വിജയം ആണ്. പെറ്റമ്മ തന്നെ തോൽപ്പിക്കാൻ ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യാൻ…? നിങ്ങൾ ചിരിക്ക്…ചിരിച്ചു പരിഹസിക്ക്. പക്ഷേ, നിങ്ങലെത്ര പരിഹസിച്ചാലും എനിക്ക് വഴിയിലിട്ട് പോകാൻ കഴിയില്ലല്ലോ അവളെ…”
അതും പറഞ്ഞവൻ തുണികൾ എല്ലാം വിരിച്ചിട്ട് കളിയായ ബക്കറ്റുമായി അകത്തേക്ക് പോകുമ്പോൾ അമ്മയുടെ മനസ്സിൽ എന്തോ ഒരു സങ്കടം ഉണ്ടായിരുന്നു.
“അമ്മ ഇങ്ങു വന്നേ…ഇപ്പോൾ മനസ്സിലായില്ലേ അവന്റ സ്വഭാവം..അമ്മ പോന്നത് കൊണ്ട് അവന്റെ ജോലി മുടങ്ങിയത്രേ. ഹോ…അമ്മ അവിടെ ഉണ്ടെങ്കിൽ അവളുടെ വിഴുപ്പും കഴുകി അവളേം നോക്കി ഇരിക്കാൻ ഒരാൾ ആയല്ലോ. ഇനി അങ്ങനെ എന്റെ അമ്മ അവൾക്ക് വേണ്ടി കഷ്ട്ടപ്പെടേണ്ട. അമ്മയുടെ മോന് കൂറിപ്പോൾ ഭാര്യയോടാ..അപ്പൊ അമ്മ അവിടെ വെറും വേലക്കാരി ആകും…”
അവൾ ഒന്നുകൂടി പിരി മുറുകുമ്പോൾ തെറ്റേത് ശരിയേത് എന്ന് അറിയാതെ അവസ്ഥയിൽ ആയിരുന്നു ആ അമ്മ.
ജോലി എറണാംകുളത്തു ആയത് കൊണ്ട് ആഴ്ചയിൽ മാത്രം വീട്ടിൽ വരാറുള്ള വിവേക് ശനിയാഴ്ച രാത്രി വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അമ്മയും മോളും.
“ഇതെന്താ….ഉമ്മറത്തു തന്നെ ഉണ്ടല്ലോ അമ്മയും മോളും. ന്താ ഹരിതേ..രണ്ടു പേരും ഒരു ഗൂഡാലോചന..മായയും ഹരിയും എവിടെ “
അവൻ ഒറ്റ ശ്വാസത്തിൽ അത്രയും ചോദിച്ചുകൊണ്ട് അകത്തേക്ക് കയറുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ പരസ്പരം നോക്കുകയായിരുന്നു ഹരിതയും അമ്മയും..
പിന്നെ അമ്മയെ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് വിവേകിന്റെ പിന്നാലെ റൂമിലേക്ക് പോകുമ്പോൾ അവൻ ഡ്രസ്സ് മാറുന്ന തിരക്കിൽ ആയിരുന്നു.
അതേ സമയം അകത്തേക്ക് വരുന്ന ഹരിതയെ കണ്ടപ്പോൾ തന്നെ അവൻ ചോദിച്ചു, “ഇതെന്താടി ഈ സമയത്ത് അമ്മ ഇവിടെ..അവിടെ മായ ഒറ്റക്കല്ലേ…ഹരി വരേണ്ട സമയം ആയിട്ടില്ലല്ലോ..എന്നിട്ട് ആ ഗർഭിണി ആയ പെണ്ണിനെ അവിടെ ഒറ്റയ്ക്ക് ഇട്ടിട്ട് നിങ്ങൾ ഇവിടെ വന്നിരുന്ന് കൊച്ചുവർത്തനം പറയുവാണോ…” എന്ന്.
അത് കേട്ടപ്പോൾ ചെറിയ പരുങ്ങലോടെ അവൾ അവന്റെ ഷർട്ട് അഴിക്കാൻ സഹായിച്ചുകൊണ്ട് അവന് മുന്നിൽ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് കാര്യം അവതരിപ്പിച്ചു.
“എന്റെ വിവേകേട്ടാ..അമ്മയെ അവിടെ കാളയെ പോലാ ആ പെണ്ണ് പണിയെടുപ്പിക്കുന്നത്. വന്ന് കേറിയ മുതൽക്കേ അവൾ ഭരണം തുടങ്ങിയതാ..അമ്മ അതൊന്നും ആരോടും പറഞ്ഞില്ലെന്നു മാത്രം..ഇതിപ്പോ ഗർഭിണി ആയത് മുതൽ വയ്യെന്നും പറഞ്ഞ് കിടപ്പാ എപ്പോഴും. ഒരു കാര്യം അറിയോ….അവളുടെ ജെ-ട്ടി വരെ അമ്മ അലക്കി കൊടുക്കണം. അവനാണേൽ അവളുടെ ഭാഗത്തും. നിവർത്തിയില്ലാതെ അമ്മ അവിടെ കിടന്ന് നരകിക്കുന്ന സങ്കടങ്ങൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ അമ്മയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നു. അവളും അവനും മനസ്സിലാക്കണമല്ലോ അമ്മ അവരുടെ വേലക്കാരി അല്ലെന്ന്. ഇപ്പോൾ പണിക്ക് പോവാതെ എല്ലാം ചെയ്യുന്നത് അവനാ..അവളുടെ അ-ടിപ്പാവാട കഴുകുന്നത് വരെ. കുറച്ചു ദിവസം അങ്ങനെ അങ്ങ് പോട്ടെ, അപ്പഴേ അവനും അവളും പഠിക്കൂ..അമ്മയുടെ വില എന്താണെന്ന് അറിയൂ…” എന്നും പറഞ്ഞ് അവൾ അവനെ നോക്കി പുഞ്ചിരിക്കുമ്പോൾ അവന്റെ മുഖത്തു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലായിരുന്നു.
അവൾ പറഞ്ഞതിനോടെല്ലാം ഒന്ന് മൂളുക മാത്രം ചെയ്ത് കുളിക്കാൻ ബാത്റൂമിലേക്ക് കയറി വിവേക്.
കുളി കഴിഞ്ഞു ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മയും അവളും കുട്ടിയും ഉണ്ടായിരുന്നു അവനോടൊപ്പം ഭക്ഷണം കഴിക്കാൻ…
ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖവുരയൊന്നുമില്ലാതെ ആയിരുന്നു അവൻ അമ്മയോടായി അത് ചോദിച്ചതും.
“അമ്മക്ക് ഇപ്പോൾ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?” എന്ന്.
ആ ചോദ്യം കേട്ട് ഞെട്ടലോടെ ആയിരുന്നു ഹരിതയും അമ്മയും മുഖം ഉയർത്തിയത്.
അവന്റെ ചോദ്യം കേൾക്കാത്ത പോലെ അവർ പരസ്പരം മുഖത്തോടു മുഖം നോക്കുമ്പോൾ വിവേക് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.
“അമ്മക്ക് തോന്നുന്നുണ്ടോ ഇപ്പോൾ ചെയ്യുന്നത് ശരിയാണെന്ന്?”
അത് കേട്ട് എന്ത് പറയണമെന്ന് അരിയാതെ ഇരിക്കുന്ന അമ്മയെ ഒന്ന് നോക്കി അമ്മയെ ആ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഹരിത സംസാരിക്കാൻ ഇടയിൽ കയറിയപ്പോൾ വിവേക് അവളെ കൈ ഉയർത്തി തടഞ്ഞു,
“നിന്നോടല്ല ഞാൻ ചോദിച്ചത്. എന്റെ അമ്മയോടാണ്.”
അത് കേട്ട പാടെ പേടിയോടെ ഹരിത ചോദിക്കാൻ വന്നത് അപ്പാടെ വിഴുങ്ങുമ്പോൾ അമ്മ എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു.
അത് മനസ്സിലാക്കിയപ്പോലെ തന്നെ ആയിരുന്നു അവൻ പറഞ്ഞ് തുടങ്ങിയത്.
“അമ്മേ..ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു അമ്മയാകുക എന്നത്. അത് അമ്മക്ക് ഞാൻ പറഞ്ഞ് തരേണ്ട കാര്യം ഇല്ലെന്ന് അറിയാം..അങ്ങനെ ഒരു അവസ്ഥയിൽ ഇരിക്കുന്ന ഒരു പെണ്ണിന് ഇപ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് അമ്മയുടെ സഹായം ആണ്. ഒരു ആണിന് ചെയ്യാൻ കഴിയുന്നതിന് ഒരു പരിധി ഉണ്ട്..അറിവില്ലായ്മ്മയുടെ പ്രശ്നം ഉണ്ടാകും. പക്ഷേ, ഈ ഒരു അവസ്ഥയിൽ അമ്മയെ പോലെ ഉളള ഒരാൾക്ക് അവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും ഈ അവസരത്തിൽ അമ്മ ഇങ്ങനെ ഇവിടെ വന്ന് നില്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ…?
അമ്മയുടെ മകൾ ഗർഭിണി ആയിരുന്നപ്പോൾ ഈ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയത് അമ്മയല്ലേ. ഇവളുടെ അ-ടിവസ്ത്രം വരെ അലക്കികൊടുത്തിട്ടില്ലേ? അന്നൊന്നും ഇല്ലാത്ത അഭിമാനപ്രശ്നം ഇപ്പോൾ എങ്ങിനെ വന്നു..? മരുമകളും മകളും രണ്ട് തട്ടിലാണോ അമ്മ കാണുന്നത്..? അതോ മായ വന്ന് കയറിയവൾ ആയത് കൊണ്ടോ..? എങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ. ഈ ഹരിത വയ്യാതെ കിടന്ന കാലത്ത് എന്റെ വസ്ത്രങ്ങൾ എല്ലാം അലക്കിയത് അമ്മയല്ലേ…ഞാനും വന്ന് കയറിയവൻ അല്ലെ..എന്നിട്ടെന്താ അന്ന് അങ്ങനെ ഒന്നും തോന്നാതിരുന്നത്..? അപ്പൊ ഒരു പന്തിയിൽ തന്നെ രണ്ട് സദ്യ വിളമ്പുന്ന ഏർപ്പാട്..അല്ലെ….
നമ്മുടെ കാഴ്ചപ്പാടുകൾ ആണ് പ്രശ്നം. വേർതിരിവ് കൊണ്ട് ജീവിതത്തെ കാണരുത്. അവളും ഒരു പെണ്ണാണ്..അമ്മയെയും ഇവളെയും പോലെ ഒരു സാധാ പെണ്ണ്.
എന്തായാലും മോശമായിപ്പോയി അമ്മ..
എന്റെ ഭാര്യ ആയത് കൊണ്ട് പറയുകയല്ല. ഇത്രേം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ഇവളെ പോലെ ഒരുവളെ ഞാൻ കണ്ടിട്ടില്ല. അത് അറിയുന്ന അമ്മ ഇവളുടെ വാക്കും കേട്ട് ഇങ്ങനെ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് അറിയോ. അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവനുണ്ട്. അത് നിങ്ങളുടെ മകന്റെ ആണ്..അത് മറക്കരുത്…
ഈ അവസ്ഥയിൽ ഒരു പെണ്ണിന് പെണ്ണിനോളം കെയർ ചെയ്യാൻ വേറെ ആരെകൊണ്ടും കഴിയില്ല..
പിന്നെ ഒരു കാര്യം..നിങ്ങളുടെ മകൻ തന്നെ ആണ് ഹരി..അതിന്റ വാശി അവനും കാണും..അവന്റെ പെണ്ണിനെ നോക്കാൻ അവന് കഴിയും എന്നത് കൊണ്ട് തന്നെ ആണ് അവൻ നിങ്ങൾക്ക് മുന്നിൽ തോല്കാത്തത്. പക്ഷേ, ഇപ്പോഴും നിങ്ങള് ചെയ്യുന്നത് സ്വന്തം മകനെ തോൽപ്പിക്കാൻ ആണ്..അതിന് വേണ്ടി സമരം ചെയ്യുമ്പോൾ ഒന്നോർക്കുക..നിങ്ങളുടെ വാശിക്കും സമരത്തിനുമിടയിൽ ഒരു കുഞ്ഞുണ്ട് എന്ന്…”
വിവേകിന്റ് വാക്കുകൾ കേൾക്കുമ്പോൾ അമ്മക്ക് കുറ്റബോധം ഉണ്ടായിരുന്നു. ചെയ്യാൻ പാടില്ലായിരുന്നു എന്നൊരു തോന്നൽ..കണ്ണുകൾ നിറഞ്ഞിരുന്നു.
പതിയെ സെറ്റുമുണ്ടിന്റെ മുന്താണികൊണ്ട് കണ്ണുകൾ തുടക്കുമ്പോൾ വിവേക് അത് കണ്ട് കൊണ്ട് തന്നെ പറയുന്നുണ്ടായിരുന്നു,
“അമ്മയുടെ കണ്ണുകൾ നിറഞ്ഞെങ്കിൽ ഞാൻ പറഞ്ഞതിൽ ശരിയുണ്ടെന്ന് അമ്മക്ക് തോന്നിയിട്ടുണ്ടാകും എന്ന് കരുതുന്നു. അതുകൊണ്ട് കഴിക്കൽ കഴിഞ്ഞാൽ ഞാൻ അമ്മയെ അങ്ങോട്ട് ആക്കാം. ഞാനും വരാം അത് വരെ. എനിക്കും അവരെ ഒന്ന് കാണാലോ..അമ്മ സ്വയം തിരിച്ചറിയണം അമ്മ ആരാണെന്ന്..
ഇനി ഞാൻ കൊണ്ടാകാം എന്ന് പറഞ്ഞത് കൊണ്ട് അത് വേറെ അർത്ഥത്തിൽ എടുക്കരുത്. അമ്മക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാലോ..പക്ഷേ, ഈ അവസരത്തിൽ കൂടുതൽ സമയം അവിടെ ആണ് വേണ്ടത്. “
അതും പറഞ്ഞവൻ എഴുനേറ്റ് കൈ കഴുകുമ്പോൾ അവനോടൊപ്പം എഴുനേറ്റ് കൈ കഴുകി പോകാൻ തയാറായിരുന്നു അമ്മ.
അകത്തേക്ക് പോയി ടോർച്ചുമെടുത്തു പുറത്തേക്ക് ഇറങ്ങിയ അവന് പിന്നാലെ അമ്മയും പുറത്തേക്ക് ഇറങ്ങുമ്പോൾ ആ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നു….
മരുമകന്റെ വാക്കിന് മുന്നിൽ ചെറുതായിപ്പോയതിന്റെ ചെറിയ ഒരു വിഷമവും…
✍️ദേവൻ