ഇനിയൊരിക്കലും ആ കണ്ണുകൾ തന്നിലേയ്ക്ക് എത്തില്ലെന്നതും, ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ തേടിയെത്തില്ലെന്നതും…

പ്രണയിനി…

Story written by Jisha Raheesh

===========

ആൾക്കൂട്ടത്തിനിടയിൽ അരുന്ധതി അയാളെ തന്നെ നോക്കി നിന്നു. ആരും അവളെ ശ്രെദ്ധിച്ചതേയില്ല..

ആരാലും ശ്രെദ്ധിക്കപ്പെടാനുള്ള പ്രത്യേകതയൊന്നും അവൾക്കില്ലായിരുന്നു. എന്നിട്ടും അയാളെന്തിന് തന്നെ പ്രണയിച്ചുവെന്നത് അവൾക്കപ്പോഴുമൊരു കടങ്കഥ തന്നെയായിരുന്നു..

അവളെപ്പോഴും ആ ചോദ്യം ആവർത്തിക്കുമ്പോൾ,അയാൾ മനോഹരമായി പുഞ്ചിരിക്കുന്നതും, ഒരു കൊച്ചുകുട്ടിയെ എന്നപോൽ തന്നെ ചേർത്ത് പിടിക്കുന്നതും അരുന്ധതിയ്ക്ക്‌ ഓർമ്മ വന്നു. അപ്പോഴയാളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്നത് പ്രണയത്തെക്കാളേറെ വാത്സല്യമായിരുന്നുവെന്നും..

ഇനിയൊരിക്കലും ആ കണ്ണുകൾ തന്നിലേയ്ക്ക് എത്തില്ലെന്നതും, ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ തേടിയെത്തില്ലെന്നതും, വീണ്ടും മനസ്സിലേക്ക് എത്തിയതും അവൾക്കൊന്ന് ആർത്തു കരയണമെന്ന് തോന്നി..

പാടില്ല..അവൾ സ്വയം നിയന്ത്രിച്ചു. താനിവിടെ വെറുമൊരു കാഴ്ചക്കാരി മാത്രമാണ്. ഒരു പരിചയക്കാരന്റെ മരണത്തിൽ സംബന്ധിക്കാനെത്തിയവൾ..

തടഞ്ഞു നിർത്തിയ തേങ്ങലുകൾ തൊണ്ടയിൽ അപ്പോഴും കുടുങ്ങിക്കിടന്നു. അരുന്ധതിയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി..

ഉറങ്ങിയെന്നത് പോലെ കിടക്കുന്നയാൾ എഴുന്നേറ്റിരുന്നുവെങ്കിൽ, തന്നെ ചേർത്തു നിർത്തി, ആ ആൾക്കൂട്ടത്തിനോട് ഇവളെന്റെ പ്രണയിനിയാണെന്നും പ്രാണനാണെന്നും പറയുമായിരുന്നു. പക്ഷെ…

ഇവിടെ ഈ ആളുകൾക്കിടയിൽ താൻ ആരുമല്ല.

പുതിയതായി എത്തിയ, സുമുഖനെങ്കിലും കാർക്കശ്യക്കാരനായ മേലുദ്യോഗസ്ഥനോട്‌ ഭയം മാത്രമേ തോന്നിയിരുന്നുള്ളൂ..

അച്ഛന്റെ മരണശേഷം കിട്ടിയ ആശ്രിതനിയമനം പോലും അരുന്ധതിയുടെ യോഗ്യതയ്ക്ക് അപ്പുറമായിരുന്നു. പഠനത്തിൽ മികവ് പുലർത്താനാവാത്തവൾ, തട്ടിയും മുട്ടിയും കഷ്ടിച്ച് പാസായവൾക്ക്, ജോലിയും ഒരു കീറാമുട്ടി തന്നെയായിരുന്നു..

ഇടയ്ക്കിടെ വരുത്തുന്ന പിഴവുകൾ, സഹപ്രവർത്തകർക്ക് എന്നും തലവേദനയായിരുന്നു. അവർക്കെന്നും കളിയാക്കാനുള്ളവൾ..

അച്ഛന്റെ ജോലിയെന്ന അവകാശവാദം ഉന്നയിച്ചാണ് കൂടപ്പിറപ്പുകൾ അവളിലൂടെ മുന്നേറിയത്. അല്ലെങ്കിലും സ്വന്തമായൊരു തീരുമാനം അവൾക്കുണ്ടായിരുന്നില്ലല്ലോ..

ആരും പ്രണയം പറഞ്ഞിട്ടില്ല. പിറകെ നടന്നിട്ടില്ല. അതിനുള്ള രൂപസൗകുമാര്യവും ഉണ്ടായിരുന്നില്ല…

വിളറിയ നിറത്തിലുള്ള, മെലിഞ്ഞൊട്ടിയ മുഖത്ത്, പൊങ്ങി വന്നിരുന്ന മുഖക്കുരുക്കളെ കടലാസ്സിലെ വരകളെ മായ്ക്കുന്നത് പോലെ മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് തോന്നിയ ഒരു കാലം അവൾക്കും ഉണ്ടായിരുന്നു. തെല്ലു പൊങ്ങിയ പല്ലുകൾ എല്ലാ ദിവസവും അമർത്തി തന്നെ തേച്ചെങ്കിലും അത് കൂടുതൽ പൊങ്ങി വരുന്നത് പോലെ അവൾക്ക് തോന്നാറുണ്ടായിരുന്നു..

കൗമാരത്തിലെപ്പോഴൊക്കെയോ, കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തന്റെ മുഖത്തിന്‌ പകരം അവളൊരു സുന്ദരിയുടെ മുഖം സങ്കൽപ്പിച്ചു. ക്ലാസ്സിലെ മറ്റു പെൺകുട്ടികൾക്ക് പ്രണയം ഉണ്ടാവുന്നതും, അതവരിൽ മാറ്റങ്ങളുണ്ടാക്കുന്നതും അവൾ അസൂയയോടെ കണ്ടു നിന്നു..

അവൾക്കറിയാമായിരുന്നു..ആരും തന്നെ തേടി വരില്ലെന്ന്..എന്നിട്ടും അവളെപ്പോഴൊക്കെയോ അങ്ങനെയൊരാളെ ആഗ്രഹിച്ചിരുന്നു..

കൂടപ്പിറപ്പുകൾ ഓരോന്നായി കൂടുണ്ടാക്കി പോയെങ്കിലും അച്ഛന്റെ ജോലിയെന്ന അവകാശവാദം അപ്പോഴും നിലനിന്നു. അമ്മ മാത്രം വല്ലപ്പോഴും, ഞാൻ കൂടെ പോയാൽ നീയൊറ്റയ്ക്കാവുമെന്ന് പുലമ്പിയിരുന്നു..ഒടുവിൽ മരണത്തിലേക്ക് പോവുന്ന ദിവസവും…

പ്രസവിച്ചു കിടക്കുന്ന അനിയത്തിയുടെ തൊട്ടപ്പുറത്തുള്ള മുറിയിൽ വെച്ച്, അവളുടെ ഭർത്താവ് കടന്നുപിടിച്ചപ്പോഴാണ് ആദ്യമായി മറ്റൊന്നുമാലോചിക്കാതെ അരുന്ധതി പ്രതികരിച്ചത്..

അതുവരെ മുഖത്ത് പോലും നോക്കാതെ സംസാരിച്ചിരുന്ന ചേച്ചിയുടെ ഭാവപ്പകർച്ചയിൽ, അനിയത്തിയുടെ ഭർത്താവ്, കവിളിൽ കൈ വെച്ചു നിൽക്കുമ്പോൾ, അരുന്ധതി ബാഗിൽ തന്റെതായതെല്ലാം ഒതുക്കി വെയ്ക്കുകയായിരുന്നു. പടിയിറങ്ങുമ്പോഴും അവളൊന്ന് തിരിഞ്ഞു നോക്കിയില്ല…

ഹോസ്റ്റലിലെ താമസം അവളിൽ മാറ്റങ്ങളൊന്നും വരുത്തിയതുമില്ല.. സ്ഥലം മാറി എത്തിയ പുതിയ മേലുദ്യോഗസ്ഥനെ മാത്രം അവൾ വല്ലാതെ ഭയപ്പെട്ടു. വഴക്ക് പറയുമെങ്കിലും ഇത്തിരി മനുഷ്യപറ്റുണ്ടായിരുന്നു പഴയ സാറിന്…

നന്ദഗോപൻ സാർ ആരോടും ആവശ്യത്തിലധികം അടുപ്പം കാണിക്കുകയോ ചിരിക്കുകയോ ചെയ്തിരുന്നില്ല. പലപ്പോഴും അവളുടെ പിഴവുകളിൽ, ഫയലുകൾ വലിച്ചെറിഞ്ഞു ഉറക്കെ വഴക്കു പറഞ്ഞിരുന്ന, അയാളെ അവൾ വെറുത്തു തുടങ്ങിയിരുന്നു…

രാവിലെ അനിയത്തി വിളിച്ചു, സ്വത്ത് ഭാഗിക്കുന്ന കാര്യത്തിനു വഴക്ക് കൂടിയ അന്നുച്ചയ്ക്കാണ്, അവൾ നന്ദഗോപന് കൈമാറിയ ഫയലിൽ വീണ്ടും അക്കങ്ങൾ പിഴച്ചത്. അയാൾ എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും അരുന്ധതിയുടെ മനസ്സിൽ കയറിയിരുന്നില്ല.

മാറ്റിയെഴുതേണ്ടത് വിശദീകരിച്ചു കൊടുക്കുന്നതിനിടയിൽ, ദയനീയതയോടെ തന്നെ നോക്കിയ കണ്ണുകളിലേക്ക് നന്ദഗോപന്റെ നോട്ടമെത്തിയ നിമിഷം, അവളുടെ കൺകോണിൽ, അവൾ പോലുമറിയാതെ ഉരുണ്ടുകൂടിയ നീർത്തുള്ളിതിളക്കം അയാൾ കണ്ടിരുന്നു..

അതിൽ പിന്നെ അയാൾ അവൾക്ക് നേരെ അലറി വിളിച്ചിരുന്നില്ല..ഫയലുകൾ വലിച്ചെറിഞ്ഞില്ല..ആദ്യമായി മനുഷ്യജീവിയായി പരിഗണിക്കപ്പെടുന്നത് അവളറിഞ്ഞത് അയാളിലൂടെയായിരുന്നിരിക്കണം..

ആരും ശ്രെദ്ധിക്കാതെ, ഓഫീസ് ഉപകരണങ്ങളുടെ ഒരു ഭാഗം മാത്രമായി മാറിയ അരുന്ധതിയെ തേടി അയാളുടെ കണ്ണുകൾ ഇടക്കിടെ എത്തിയതും അവളറിഞ്ഞിരുന്നില്ല..

അന്ന് ലഞ്ച് ബ്രേക്കിനിടെ, വാഷ് റൂമിൽ നിന്നും മടങ്ങുന്നതിനിടെയാണ്, ഓഫീസ് വരാന്തയിലെ ജാലകത്തിനിടയിലൂടെ അവൾ ആ കാഴ്ച്ച കണ്ടത്..

നേർത്ത ചാറ്റൽ മഴയ്ക്കിടയിൽ, റോഡ് മുറിച്ചു കടക്കുന്ന ഒരച്ഛനും അമ്മയും കുഞ്ഞും..ഒരു കയ്യിൽ കുഞ്ഞിനെ എടുത്ത അയാളുടെ മറുകൈ ഭാര്യയുടെ ചുമലിലൂടെ ചേർത്ത് പിടിച്ചിരുന്നു…

എന്തോ അവൾക്കപ്പോൾ കണ്ണുകൾ പുകഞ്ഞു..തനിക്കൊരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള ജീവിതം…അതാവും കണ്ണുകൾ നിറയാൻ തുടങ്ങിയത്..

എതിരെ വന്ന നന്ദഗോപൻ മുന്നിലെത്തിയതും അതേ നിമിഷമായിരുന്നു..ചോദ്യഭാവത്തിൽ അവളെ നോക്കിയ അയാൾക്ക് മുന്നിൽ തല കുനിച്ചു, ധൃതിയിൽ നടന്നകലുമ്പോൾ അയാൾ ആ ജാലകത്തിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു..അവൾ കണ്ട കാഴ്ചയെയും, പിന്നെ അവളെയും അയാളുടെ കണ്ണുകൾ പിന്തുടർന്നു…

ജോലി ഉണ്ടെന്ന പേരിൽ മറ്റെല്ലാ അവകാശങ്ങളും കൂടപ്പിറപ്പുകൾക്ക് കൈമാറ്റം ചെയ്തന്ന് വൈകുന്നേരമാണ്, റോഡിലൂടെ അശ്രദ്ധയോടെയുള്ള നടത്തം, അവളെ ആ ആശുപത്രിയിൽ എത്തിച്ചത്..

ഏറെ നേരത്തിനൊടുവിൽ, ആശുപത്രിയിൽ, അവൾ മിഴികൾ തുറക്കുമ്പോൾ അരികിൽ നന്ദഗോപൻ ഉണ്ടായിരുന്നു..റോഡിലൂടെ അപകടത്തെ തേടിപ്പോയതിനു, അയാൾ വഴക്ക് പറയുമ്പോൾ, സാർ എന്തിനാണ് ഇവിടെയിരിക്കുന്നത് എന്നാലോചിക്കുകയായിരുന്നു അരുന്ധതി…

ലോകത്തിൽ ആരുമില്ലാതെ, തികച്ചും തനിച്ചായിപ്പോയ അവസ്ഥയിൽ, അവളുടെ ജീവിതത്തിലേക്ക് ഇത്തിരി ബലമായി തന്നെ അയാൾ കയറി വന്നു..

എന്തിന് തന്നെപ്പോലൊരുവളെന്ന് അവളെല്ലായിപ്പോഴും അതിശയിച്ചു..ഉൾക്കൊള്ളാൻ മടിച്ചു..പലപ്പോഴും അവഗണിക്കാൻ ശ്രെമിച്ചെങ്കിലും ആരിലെങ്കിലും അഭയം തേടാൻ കൊതിച്ചിരുന്ന മനസ്സ് പലപ്പോഴും അവളെ ചതിച്ചു..

അവൾ അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു..ആഗ്രഹിക്കാതിരുന്നിട്ടും..അയാൾ അരുന്ധതിയ്ക്ക് വെറും കാമുകനായിരുന്നില്ല..പ്രണയത്തിനൊപ്പം അത് വരെ കിട്ടാത്ത സൗഹൃദവും, അച്ഛൻ മരിച്ചതിൽ പിന്നെയറിഞ്ഞിട്ടില്ലാത്ത സുരക്ഷിതത്വവും നന്ദഗോപനവൾക്ക് പകർന്നു നൽകി…

കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ചിലപ്പോഴൊക്കെയൊരു നറുപുഞ്ചിരി  അവളുടെ ചുണ്ടുകളെ തേടിയെത്തിയിരുന്നു..പ്രണയം തന്റെ മുഖത്തിന്‌ അത് വരെ തോന്നാതിരുന്ന സൗന്ദര്യം നൽകിയത് പോലെയവൾക്ക് തോന്നി തുടങ്ങിയിരുന്നു..

അരുന്ധതിയെ ചിരിക്കാൻ പഠിപ്പിച്ചതും, അവൾക്ക് ചേർന്ന നിറമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തും, ആത്മവിശ്വാസത്തോടെ നടക്കാൻ പഠിപ്പിച്ചതും നന്ദഗോപനായിരുന്നു..

നിന്നെക്കാൾ സൗന്ദര്യമുള്ളൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ലെന്ന അയാളുടെ വാക്കുകളിൽ അവൾ തിരഞ്ഞത് പരിഹാസമായിരുന്നുവെങ്കിലും, അയാളുടെ കണ്ണുകളിൽ കണ്ടത് അടക്കാനാവാത്ത പ്രണയം മാത്രമായിരുന്നു..

പക്ഷെ…

എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്നും, അത് കഴിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും മാറി നിൽക്കാതെ കൂടെയുണ്ടാവുമെന്നും, വാക്ക് കൊടുത്തു, നാട്ടിലേയ്ക്ക് അവധിയ്ക്ക് പോയയാളുടെ, അപകടമരണം അറിഞ്ഞ നിമിഷം അവൾ സ്വയം മറന്നെന്നോണം ഓഫീസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു…

അയാളുടെ വാക്കുകളിൽ നിന്നും അറിഞ്ഞ നാട്, വീട് എല്ലാം കണ്ടെങ്കിലും അതൊന്നും അവളുടെ മനസ്സിൽ പതിഞ്ഞില്ല..

ഓടിട്ട തറവാട് വീടിന്റെ ഉമ്മറക്കോലായിൽ വെള്ളം പുതച്ച് കിടന്നയാളിന്റെ മുഖം കണ്ട നിമിഷം, ഉള്ളിൽ നിന്നുയർന്ന ആർത്തനാദം തടയാനെന്നോണം അവൾ സാരിത്തലപ്പ് വായിലേക്ക് തിരുകി ആ അപരിചിതർക്കിടയിൽ നിന്നു…

ആരൊക്കെയോ അവളെ നോക്കിയെങ്കിലും, കാഴ്ചക്കാരിൽ കൗതുകം ഉണ്ടാക്കാനുള്ളതൊന്നും അവളിൽ ഇല്ലാത്തത് കൊണ്ടാവും നോട്ടങ്ങൾ പതിയെ അവളെ വിട്ടൊഴിഞ്ഞത്…

ആ ആൾക്കൂട്ടത്തിൽ ഒരാളായി അരുന്ധതി നന്ദഗോപന്റെ മൃതശരീരം നോക്കികണ്ടു..അയാൾ പറഞ്ഞറിഞ്ഞതും അറിയാത്തതുമായ ഏതൊക്കെയോ ബന്ധുക്കൾക്കിടയിൽ തികച്ചും ഒരന്യയെപോലെ…

തനിക്ക് മാത്രം അറിയാവുന്ന അയാളുടെ ഭാവമാറ്റങ്ങൾ, താൻ മാത്രം അറിഞ്ഞ പ്രണയം..ചിരിക്കുമ്പോൾ ചെറുതാവുന്ന കുസൃതി നിറയുന്ന കണ്ണുകൾ, ആ പൊട്ടിച്ചിരി, ചിലപ്പോഴെങ്കിലും നിമിഷാർദ്ധങ്ങളുടെ  ഭാവപ്പകർച്ചയായി എത്തുന്ന ദേഷ്യം..അലിവോടെ, വാത്സല്യത്തോടെ ചിലപ്പോഴൊക്കെ തന്നെ ശാസിക്കുന്ന ആ മുഖം…

അവളറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..ആരുടേയും മുന്നിൽ കരയാനിഷ്ടമല്ലാത്ത, അവളെന്നും കരഞ്ഞിട്ടുള്ളത് അയാളുടെ കരവലയത്തിൽ കിടക്കുമ്പോൾ മാത്രമായിരുന്നു..കാലങ്ങളായി കൂട്ടിവെച്ച സങ്കടങ്ങളും അവഗണനകളും  പരാതികളുമെല്ലാം പെയ്തൊഴിഞ്ഞതും അയാളുടെ നെഞ്ചിലായിരുന്നു…

“ഹാ അതാണ്‌ നന്ദന്റെ ഭാര്യ, ഹേമ..”

പിറകിൽ നിന്നും ആരോ പറഞ്ഞത് കേട്ടാണ് അവൾ തൂണിന് പിറകിൽ പാതി മറഞ്ഞു നിന്നിരുന്ന ആ പെണ്ണിനെ നോക്കിയത്..

“കല്യാണം കഴിഞ്ഞു ആഴ്ചയൊന്ന് തികയുന്നതിനു മുൻപേ പോയതാണ്..”

പിറകിൽ നിന്ന സ്ത്രീ ശബ്ദം താഴ്ത്തി പറയുന്നത് അരുന്ധതിയുടെ ചെവിയിലെത്തി..

“ഓൾക്ക് ആരെയോ ഇഷ്ടണ്ടായിരുന്നത്രെ..നന്ദനെ വേണ്ടാന്ന് പറഞ്ഞു പോയെങ്കിലും മറ്റവനും സ്വീകരിച്ചില്ലെന്നാ കേട്ടത്..അന്നേ നന്ദനോട് എല്ലാരും വേറൊരു കല്യാണം കഴിക്കാൻ പറഞ്ഞെങ്കിലും ഓനത് കേട്ടില്ല..ആരെയും വേണ്ടെന്നും പറഞ്ഞു നിന്നു..ഓള് പിന്നേം നന്നാകാൻ വന്നെങ്കിലും നന്ദൻ സമ്മതിച്ചില്ല..ബന്ധമൊന്നും ഉണ്ടായിരുന്നില്ല, പക്ഷേങ്കി നിയമപ്രകാരം നന്ദന്റെ ഭാര്യയാണല്ലോ ഓള്..”

ഈയം ഉരുക്കി ഒഴിച്ചത് പോലെ കാതുകൾ അടഞ്ഞു പോവുന്നത് അരുന്ധതി അറിഞ്ഞു..അവളുടെ കണ്ണുകൾ ഹേമയിലെത്തി..നിർവികാരമായ മുഖത്തോടെ വെറുതെ ഇരിക്കുന്നൊരു സുന്ദരിയായ പെണ്ണ്..

നന്ദഗോപന്റെ ഭാര്യ…

താൻ അറിയാതിരുന്ന, തന്നോട് പറയാതിരുന്ന കാര്യം..തിരിച്ചു വന്നാൽ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ…?

അരുന്ധതിയ്ക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി..

“ഞാനാരെയും ഇത്‌ വരെ പ്രണയിച്ചിട്ടില്ല, എന്നെയും ആരും ഇതുവരെ പ്രണയിച്ചിട്ടില്ല..”

ആ വാക്കുകൾ…

സത്യമായിരുന്നുവെന്ന് ഒരു മാത്ര പോലും സംശയിക്കുന്നില്ല…

പക്ഷെ എന്തേ പറഞ്ഞില്ല…?

അയാളുടെ അവകാശികൾക്കിടയിൽ നിൽക്കുമ്പോഴും ആ ചോദ്യം അവളുടെ ഉള്ളിൽ കനത്തു തന്നെ നിന്നു…

ആ ദേഹം തെക്കേതൊടിയിലെ ചിതയിലമർന്ന നിമിഷം, അവൾ സാരിത്തലപ്പ് കൊണ്ടു മുഖം അമർത്തി തുടച്ചു, ആരെയും ശ്രെദ്ധിക്കാതെ പടികളിറങ്ങി…

ഒരിക്കലെങ്കിലും പ്രണയിക്കുമെന്നും , പ്രണയിക്കപ്പെടുമെന്നും പ്രതീക്ഷിക്കാത്തവളുടെ മനസ്സിൽ അപ്പോഴും അയാളുടെ വാക്കുകളായിരുന്നു…

“നിന്നോളം ആരെയും ഞാൻ പ്രണയിച്ചിട്ടില്ലിത് വരെ..”

സൂര്യകാന്തി  (ജിഷ രഹീഷ് )?