എന്നിട്ടും ബ്രോക്കറുടെ നിർബന്ധ പ്രകാരം രണ്ടാമത്തെ പെണ്ണിനെയും  കൂടി പോയി കണ്ടൂ…

ഏട്ടൻ്റെ ഭാര്യ

Story written by Suja Anup

===========

“എനിക്ക് ഇനി വയ്യ, ഇങ്ങനെ പണി എടുത്ത് ചാകുവാൻ…”

“രാവിലെ തന്നെ നിനക്കെന്താണ് മറിയെ. ഇനി ഞാൻ വേറെ കെട്ടണോ..?”

“ആ പൂതി അങ്ങു മനസ്സിൽ വച്ചാൽ മതി. ഇവിടെ പോത്തു പോലെ രണ്ടെണ്ണം വളർന്നു നില്പില്ലെ. അതുങ്ങളെ അങ്ങു കെട്ടിച്ചാൽ മതി..”

“അതെങ്ങനെ ശരിയാകും. മൂത്തവൻ പെണ്ണ് കെട്ടില്ല എന്ന വാശിയിൽ അല്ലെ. അവൻ നിൽക്കുമ്പോൾ ഇളയവൻ എങ്ങനെ കെട്ടും..?”

“അതൊന്നും ഇനി നോക്കണ്ട. അവനെ പിടിച്ചു കെട്ടിക്കണം..”

*************

“മോനെ ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ.”

“അപ്പൻ എന്ത് പറഞ്ഞാലും ശരി. ചേട്ടൻ കെട്ടിയിട്ടേ ഞാൻ കെട്ടൂ..”

“നീ ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി. ചേട്ടന് എപ്പോൾ കെട്ടണം എന്ന് തോന്നുമോ അപ്പോൾ കെട്ടട്ടെ..”

*************

ഒരു ദിവസ്സം തന്നെ രണ്ടു പെണ്ണുങ്ങളെ കാണണം. ഏതായാലും കൊള്ളാം. നാട്ടുകാർക്ക് പറഞ്ഞു രസിക്കുവാൻ ഒരു വകയായി.

ആദ്യത്തെ പെണ്ണിനെ കണ്ടതും മനസ്സിന് ബോധിച്ചൂ. എപ്പോഴൊക്കെയോ അവളെ ഞാൻ എൻ്റെ സ്വപ്നങ്ങളിൽ കണ്ടിരുന്നുവൊ…?

എന്നിട്ടും ബ്രോക്കറുടെ നിർബന്ധ പ്രകാരം രണ്ടാമത്തെ പെണ്ണിനെയും  കൂടി പോയി കണ്ടൂ..

“വരുമെന്ന് പറഞ്ഞിരുന്നൂ പോലും..” ഈ ബ്രോക്കർക്ക് വേറെ ഒരു പണിയുമില്ല.

അവിടെ ചെന്ന് പെണ്ണിനെ കണ്ടതും പെൺവീട്ടുകാർക്കു ഒരേ നിർബന്ധം..

“പെണ്ണിന്നോട് ഒന്ന് സംസാരിക്കണം പോലും..”

മറുത്തു പറയുവാൻ സാധിക്കാതിരുന്നത് കൊണ്ട് ഞാൻ പെണ്ണിൻ്റെ കൂടെ പുറത്തേക്കിറങ്ങി.

കുറ്റം പറയരുതല്ലോ…

നല്ല സ്ഥലം. പുഴയരികിലാണ് വീട്..

ആദ്യത്തെ വിമ്മിഷ്ടം മാറിയതും പെൺകുട്ടി പറഞ്ഞു തുടങ്ങി.

“നിങ്ങൾ മഹാരാജാസിൽ അല്ലെ ബിരുദത്തിനു പഠിച്ചത്..?”

“അതേ..”

“ഞാനും അവിടെയാണ് പഠിച്ചത്. എനിക്ക് നിങ്ങളെ അറിയാം. എങ്ങനെ എന്നല്ലേ..?

“എനിക്ക് മനസ്സിലായില്ല..”

“കോളേജ് യൂണിയനിലെല്ലാം നന്നായി പ്രവർത്തിച്ചിരുന്ന സാജുവിൻ്റെ അനിയൻ. അങ്ങനെ എനിക്ക് നിങ്ങളെ അറിയാം..”

അതങ്ങനെയാണ്. ഞാൻ ബിരുദത്തിനു ചേരുമ്പോൾ ചേട്ടൻ ബിരുദാനന്തബിരുദം അവസാന വർഷം പഠിക്കുന്നു. ചേട്ടന് ഒത്തിരി ആരാധികമാരും ഉണ്ടായിരുന്നൂ. നമ്മളെ നോക്കുവാൻ ആരുമില്ല….

ഹും………..

“നിങ്ങൾ എന്താണ് ആലോചിക്കുന്നത് എന്നെനിക്കു മനസ്സിലായി. ഞാൻ പുള്ളിയുടെ ആരാധിക ഒന്നും അല്ല കേട്ടോ. പക്ഷേ പുള്ളിക്കാരൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയുടെ അനിയത്തിയാണ്. ചേച്ചി സാജു ചേട്ടൻ്റെ ജൂനിയർ ആയിരുന്നൂ…

അധികമാരും അറിയാത്ത ഒരു പ്രണയ കഥ.”

അതെനിക്ക് പുതിയ അറിവായിരുന്നൂ. ചേട്ടനെ ഇഷ്ടപെട്ട് ഒരുപാടു പെൺകുട്ടികൾ ഉണ്ടായിരുന്നൂ. പക്ഷേ ചേട്ടൻ ഇഷ്ടപെട്ട ഒരു പെൺകുട്ടി.

അവൾ തുടർന്നുകൊണ്ടേയിരുന്നു..

“അവർ തമ്മിൽ ഒരുപാടു ഇഷ്ടം ആയിരുന്നു. ഏട്ടനെ ഒരിക്കലും ചതിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നില്ല. ആ സമയത്താണ് അപ്പൻ്റെ വ്യാപാരം നഷ്ടത്തിൽ ആകുന്നത്. ആ കടം നികത്തുവാൻ അപ്പനെ സഹായിച്ചത് കൂട്ടുകാരൻ ആയിരുന്നൂ. ഭാര്യ മരിച്ച അയാൾ ആവശ്യപ്പെട്ടത് പകരം ചേച്ചിയെ ആയിരുന്നൂ. അങ്ങനെ ആ വിവാഹം നടന്നൂ.

അവളുടെ വിവാഹത്തിൻ്റെ അന്ന് അവളുടെ കഴുത്തിൽ താലി വീഴുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങി പോയ സാജു ചേട്ടൻ എൻ്റെ മനസ്സിലുണ്ട്….

എനിക്ക് ഒരാഗ്രഹം ഉണ്ട്. നിങ്ങളുടെ ചേട്ടൻ ഇതുവരെ

വിവാഹം കഴിച്ചിട്ടില്ല എന്ന് എനിക്ക് ബ്രോക്കർ പറഞ്ഞു അറിയാം. എനിക്ക് നിങ്ങളുടെ ചേട്ടനെ വിവാഹം കഴിക്കണം.”

എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി……..

************

വീട്ടിൽ എത്തിയ ഉടനെ ഞാൻ രണ്ടാമത്തെ കുട്ടിയെ വിവാഹം കഴിക്കാം എന്ന് സമ്മതിച്ചൂ. പിറ്റേ ഞായറാഴ്ച അവളുടെ ബന്ധുക്കൾ വീട്ടിൽ വന്നു അത് ഉറപ്പിച്ചൂ.

മനസമ്മതത്തിനു രണ്ടാഴ്ച ഉള്ളപ്പോൾ ഞാൻ കാലുമാറി.

“എനിക്ക് വിവാഹം വേണ്ട. ഞാൻ മനസമ്മതത്തിനു പോകില്ല..”

വീട്ടിൽ ആകെ പ്രശ്‌നം ആയി.

“മാനഭയം ഭയന്ന് ആ പെണ്ണ് വല്ല കടുംകൈയും ചെയ്യും….”

പിന്നെ അപ്പൻ ഉള്ളത് പറഞ്ഞു

“പറഞ്ഞ വാക്ക് പാലിക്കുവാൻ സാധിക്കില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല..”

അപ്പൻ പറഞ്ഞാൽ പറഞ്ഞതാണ്. വേറൊരു ഗതിയും ഇല്ലാതെ വന്നപ്പോൾ അവസാനം ചേട്ടൻ ആ പെണ്ണിനെ വിവാഹം കഴിക്കാം എന്ന് സമ്മതിച്ചൂ..

അങ്ങനെ യാതൊരു പ്രശ്നങ്ങളും കൂടാതെ  മനസമ്മതവും വിവാഹവും നടന്നൂ..

വിവാഹം കഴിഞ്ഞ രാത്രിയിൽ…

ചേട്ടൻ്റെ  കൈ പിടിച്ചു ഞാൻ മാപ്പു ചോദിച്ചൂ. ഒപ്പം മറ്റൊരു മാപ്പു സാക്ഷിയും ഉണ്ടായിരുന്നൂ.

“ഏട്ടൻ്റെ ഭാര്യ…..അല്ല ഏടത്തി…..”

*************

ഞാൻ വിവാഹത്തിൽ നിന്നും പിന്മാറി എന്ന കാര്യം ആ പെൺകുട്ടിയെ  വിളിച്ചറിയിക്കുവാൻ ചേട്ടനാണ് പോയത്.

ചേട്ടൻ വളരെ വ്യസനത്തോടെ അവളെ അത് അറിയിച്ചത്രെ.

അപ്പോൾ അവൾ ഏട്ടനോട് ചോദിച്ചത്രേ..

“എൻ്റെ ചേച്ചി ചെയ്ത തെറ്റിന് അനിയൻ പകരം വീട്ടിയല്ലോ. ഇപ്പോൾ സമാധാനമായില്ലേ. ഇനി ഒരിക്കലും ഞാൻ വേറൊരു വിവാഹത്തിന് തയ്യാറാകില്ല. ഞാൻ ഇങ്ങനെ തന്നെ നിൽക്കും..”

അത് കേട്ടതും ഏട്ടന് വിഷമം ആയി പോലും.

“അവിടെ വച്ച് തന്നെ അവളെ വിവാഹം കഴിക്കണമെന്നു ഏട്ടൻ തീരുമാനിച്ചു പോലും..”

ഏതായാലും ഞാനും അവളും വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നൂ.

ഏട്ടൻ എന്തായാലും ഏട്ടത്തിയോട് വഴക്കിട്ടില്ല.

*************

അധികം കഴിയാതെ എൻ്റെ മനസ്സിന് ഇഷ്ടപെട്ട ആദ്യത്തെ പെൺകുട്ടിയെ ഞാനും വിവാഹം കഴിച്ചൂ..

പെൺകുട്ടികൾ എല്ലാവരും തേപ്പുകാരല്ലെന്നും സാഹചര്യങ്ങൾ നിമിത്തം പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ മനസ്സിൻ്റെ ഒരു കോണിൽ അടച്ചു വയ്‌ക്കേണ്ടി വരുന്നതാണെന്നും എനിക്ക് മനസ്സിലാക്കി തന്നത് ഏട്ടത്തി ആയിരുന്നൂ..

അവരുടെ സന്തോഷം കണ്ടപ്പോൾ ഞാൻ ചെയ്ത തെറ്റ് തെറ്റല്ല എന്നെനിക്കു മനസ്സിലായി.

…………..സുജ അനൂപ്