കഴിഞ്ഞ ഇരുപത്തിരണ്ടിന് ആകേണ്ടതാ, ഇന്ന് മുപ്പതായില്ലേ, ഇത്രയും ലേറ്റാകുന്നത് ഇതാദ്യമാ…

Story written by Saji Thaiparambu

=========

“ഏട്ടാ…ഞാനിത് വരെ മെ-ൻസസ് ആയിട്ടില്ല”

ഉണ്ണിമോളെ ,താരാട്ട് പാടിഉറക്കിയിട്ട്, അടുത്ത് കിടന്ന ഭർത്താവിനോട് ഷൈലജ പറഞ്ഞു.

“ങ്ഹേ, എപ്പോഴായിരുന്നു ഡേറ്റ്?

“കഴിഞ്ഞ ഇരുപത്തിരണ്ടിന് ആകേണ്ടതാ, ഇന്ന് മുപ്പതായില്ലേ? ഇത്രയും ലേറ്റാകുന്നത് ഇതാദ്യമാ”

അത് പറയുമ്പോൾ ഷൈലജയുടെ മുഖത്ത് തിരിച്ചറിയാനാവാത്ത പലതരം വികാരങ്ങൾ അലയടിക്കുന്നത് വേണു കണ്ടു.

“നിനക്കെന്തെങ്കിലും പ്രതീക്ഷ തോന്നുന്നുണ്ടോ?

“ഓഹ് എനിക്ക് വയ്യ പ്രതീക്ഷിക്കാൻ, ഇത് പോലെ എത്ര തവണ നമ്മൾ പ്രതീക്ഷിച്ചതാ, എന്നിട്ടോ ? അവസാന നിമിഷം ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവായിരിക്കും, ഇതും, അത് പോലെ രക്തക്കുറവിന്റെ വല്ലതുമായിരിക്കും”

അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.

“സാരമില്ലെടീ നമുക്ക് ദൈവം ഉണ്ണിമോളെ തന്നില്ലേ? നീ നൊന്തു പെറ്റില്ലെങ്കിലെന്താ അവള് നമ്മുടെ പൊന്നുമോളല്ലേ?

ഉണ്ണിമോളുടെ നിഷ്കളങ്കമുഖത്തേക്ക് നോക്കിയിട്ട് , വേണു അവളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന കോലൻ മുടിയിഴകൾ മുകളിലേക്ക് മാടിയൊതുക്കി വച്ചു.

“ഉം ശരിയാണേട്ടാ..അത് കൊണ്ട് തന്നെ, എനിക്കിപ്പോൾ പണ്ടത്തെപ്പോലെ വലിയ നിരാശയൊന്നുമില്ല”

“അല്ല പിന്നെ, നീയാ ലൈറ്റ് ഓഫാക്ക്, നമുക്ക് കിടക്കാം, ബാക്കിയൊക്കെ വരുംപോലെ വരട്ടെ”

ഉത്ക്കണ്ഠകൾക്ക് വിരാമമിട്ട് ,അവർ ഉറക്കത്തിലേക്കാണ്ടു.

രാവിലെ ഉണ്ണിമോൾക്ക് ദോശ പിച്ചികൊടുക്കുമ്പോൾ , ഷൈലജയ്ക്ക് മനം പിരട്ടാൻ തുടങ്ങി.

“വേണുവേട്ടാ …”

“ദാ വരുന്നെടോ, എന്താ ഷൈലേ …”

അത് ചോദിച്ച് തീരും മുൻപ് ഷൈലജ വാഷ്ബേയ്സനിലേക്ക് ഓടിച്ചെന്ന് ഓക്കാനിക്കാൻ തുടങ്ങി.

രാവിലെ ഒന്നും കഴിക്കാതിരുന്നത് കൊണ്ട്, വെറും മഞ്ഞ വെള്ളം മാത്രമേ വരുന്നുള്ളു.

“ഡോ…താൻ പറഞ്ഞത് പോലെ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാ എനിക്ക് തോന്നുന്നത് , താനെന്തായാലും ഒന്ന് ഫ്രഷാക്, ഹോസ്പിറ്റൽ വരെയൊന്ന് പോയി നോക്കാം, മോളെ ഞാനൊരുക്കി കൊള്ളാം”

ഡ്രസ്സ് മാറാൻ നിലക്കണ്ണാടിക്ക് മുമ്പിൽ നില്ക്കുമ്പോൾ, അവളുടെ വാടിയ മുഖത്ത് ഒരു ഗൂഡ സ്മിതം വിരിഞ്ഞു .

“കോളടിച്ചല്ലോ വേണു, ഞാൻ പറഞ്ഞില്ലേ? കാത്തിരുപ്പിന് ഫലമുണ്ടാകുമെന്ന് , ഇപ്പോൾ സന്തോഷമായില്ലേ?

ഷൈലജയെ പരിശോധിച്ചതിന് ശേഷം, കർട്ടന്റെ മറവിൽ നിന്ന് ഡോക്ടർ പുറത്തേക്കിറങ്ങി  വേണുവിനോട് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“സത്യമാണോ ഡോക്ടർ, എനിക്ക് വിശ്വസിക്കാനാകുന്നില്ല”

“അതേഡോ ,സത്യം തന്നെ , താനൊരു അച്ഛനാകാൻ പോകുന്നു , പിന്നെ ഷൈലജയുടെ ബോഡി കുറച്ച് വീക്കാണ്, ഇനിമുതൽ നല്ല ശ്രദ്ധ വേണം , താൻ കഴിവതും അയാൾടെ കൂടെ തന്നെ യുണ്ടാവണം, അയാളെ കൊണ്ട് തല്കാലം ജോലിയൊന്നും ചെയ്യിക്കേണ്ട, ഞാൻ കുറച്ച് അയൺ ഗുളികകൾ എഴുതിട്ടുണ്ട്, ബാക്കി നമുക്ക് അടുത്ത ചെക്കപ്പിന് വരുമ്പോൾ നോക്കാം”

“ശരി ഡോക്ടർ വളരെ നന്ദി , ഞങ്ങളിറങ്ങട്ടെ”

“ഓകെ സന്തോഷമായിട്ട് പോയി വരു”

ഹോസ്പിറ്റലിൽ നിന്നിറങ്ങി ,കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ, വേണു ആഹ്ളാദചിത്തനായിരുന്നു.

അയാൾ ഇടത് വശത്തേക്ക് തിരിഞ്ഞ് ഷൈലജയുടെ മുഖത്തേക്ക് നോക്കി .

“എന്താടോ ഒരാലോചന”

നിശബ്ദയായിരിക്കുന്ന ഭാര്യയോട് അയാൾ ചോദിച്ചു.

“വേണുവേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ”

“ഉം എന്താഡോ, താൻ ധൈര്യമായിട്ട് ചോദിക്കു് , മസാല ദോശ വേണോ? ബിരിയാണി വേണോ?

“ഹേയ് അതൊന്നുമല്ലേട്ടാ..”

“പിന്നെ?

“നമുക്കൊരു കുഞ്ഞ് പിറക്കുമ്പോൾ , ഉണ്ണി മോളോട് വേണുവേട്ടന് അനിഷ്ടമുണ്ടാവുമോ ?

പെട്ടെന്ന് വേണു കാറ് ബ്രേക്ക് ചെയ്ത് , റോഡിന്റെ ഇടത് വശത്തേക്ക് ഒതുക്കി നിർത്തി.

“ഷൈലേ…നിങ്ങളൊരച്ഛനാകാൻ പോകുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ , എന്റെ മനസ്സ് പറഞ്ഞത്, ഞാൻ വീണ്ടുമൊരച്ഛനാകുന്നു എന്നാണ്, എന്ന് വച്ചാൽ എനിക്ക് രണ്ടാമതൊരു കുട്ടി കൂടി പിറക്കാൻ പോകുന്നു എന്നേ എനിക്ക് തോന്നിയുള്ളു , ഇനി എത്ര മക്കൾ നമുക്ക് പിറന്നാലും, നമ്മളെ ആദ്യമായി അച്ഛാ..അമ്മേ…എന്ന് വിളിച്ച ഉണ്ണിമോള് തന്നെയായിരിക്കും നമ്മുടെ ആദ്യത്തെ കുഞ്ഞ്”

അതും പറഞ്ഞ് അയാൾ ഷൈലജയുടെ തോളിൽ കിടന്നുറങ്ങുന്ന ഉണ്ണിമോളെ അരുമയോടെ തഴുകി.

“മതി വേണുവേട്ടാ…ഇപ്പോഴാ എനിക്ക് സമാധാനമായത്, ഇനി നമുക്ക് മസാല ദോശ കഴിച്ചിട്ട് പോകാം, മോൾക്കും അത് ഭയങ്കര ഇഷ്ടമാണ്”

അത് കേട്ട് വേണുവും, കൂടെ ഷൈലജയും മനസ്സ് തുറന്ന് ചിരിച്ചു.

~സജി തൈപറമ്പ്.