ഹോം
Story written by Arun Karthik
==========
ഇരുപത്തിനാലു മണിക്കൂറും ഓൺലൈനിൽ കഴിയുന്ന ഒരാളെ എനിക്ക് ഇനി വേണ്ട..
സ്മൃതി പ്ലീസ്..
കട്ടായ സ്മൃതിയുടെ ഫോണിലേക്ക് ആവർത്തിച്ചാവർത്തിച്ചു വിളിച്ചെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ല..
കുറച്ചു സമയങ്ങൾക്ക് ശേഷം അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയെന്ന് കേട്ടപ്പോൾ ഭ്രാന്ത് പിടിക്കും പോലെ തോന്നിയെനിക്ക്..
പിറ്റേന്ന് കോളേജ് വരാന്തയിൽ അവളെ കാത്തിരിക്കുമ്പോഴും തലേന്നത്തെ ചെറിയൊരു പിണക്കം മാത്രമായാണ് ഞാൻ വിശ്വസിച്ചിരുന്നത്..
അകലെ നിന്നും എന്നെ കണ്ടയുടൻ മുഖം തിരിച്ചു നടന്നു നീങ്ങുന്നവളുടെ മുൻപിൽ ക്ഷമാപണത്തോടെ ഞാൻ ചെന്ന് നിൽക്കുമ്പോൾ ഉള്ളം നീറുന്നുണ്ടായിരുന്നു..
ആ മിഴികളിലേക്ക് നിസ്സഹായതയോടെ നോക്കി ഞാൻ വിളിച്ചു..
സ്മൃതി..നിനക്ക് എന്താ പറ്റിയെ..
കാർത്തി കഴിഞ്ഞതൊക്കെ ഒരു ദിവാസ്വപ്നം പോലെ നമുക്ക് മറക്കാം..എനിക്ക് ഇതിൽ താല്പര്യമില്ല..ശല്യം ചെയ്യരുത് പ്ലീസ്..
മുഖത്തടിയേറ്റവനെ പോലെ അവൾക്കു മുന്നിൽ നിൽക്കുമ്പോൾ ഒരു നിമിഷം ഭൂമി പിളർന്നു ഇല്ലാതായെങ്കിലെന്നു എനിക്ക് തോന്നി..
ആറു മാസം കൊണ്ട് ഹൃദയത്തിൽ കൊരുത്തു വച്ചവൾ ഞാനില്ലാതെ ഒരു നിമിഷം പോലും കഴിയാൻ സാധിക്കില്ലെന്നു പറഞ്ഞവൾ..അവൾക്ക് ഞാൻ ഇപ്പോൾ ശല്യമാണത്രെ..
ഒരായുസ്സ് മുഴുവൻ നമുക്കൊന്നിച്ചു പ്രണയിക്കാം കാർത്തിയെന്നു പറഞ്ഞവൾ ഒരു നിമിഷം കൊണ്ട് പരിചയബന്ധം പോലുമില്ലാതെ നടന്നു നീങ്ങുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു.
നിശയിൽ നിദ്രദേവി എന്നിൽ നിന്നും അകന്ന് നിന്നപ്പോൾ ഒരിക്കൽ കൂടി ഞാനവൾക്ക് മെസ്സേജ് ചെയ്തപ്പോഴാണ് സോഷ്യൽ മീഡിയയും കാളും അടക്കം അവൾ എന്നെ ബ്ലോക്ക് ചെയ്തെന്ന സത്യം എനിക്ക് മനസ്സിലായത്..
ദിനങ്ങൾ ഓരോന്ന് കഴിയുന്തോറും അവൾ തിരികെ വരുമെന്ന എന്റെ പ്രതീക്ഷ വെറും മോഹമായി തന്നെ അവസാനിച്ചു കൊണ്ടിരുന്നു…
നിശയിലെപ്പോഴോ നിന്റെ അരികിൽ ഞാനുണ്ടല്ലോ കാർത്തിയെന്നവൾ പറഞ്ഞപ്പോൾ അത് കിനാവാണെന്നറിഞ്ഞ നിമിഷം അവളില്ലാത്ത നിമിഷത്തിലും ഭേദം തന്റെ മരണമാണെന്ന് തോന്നിപോയി എനിക്ക്…
ഒരു ഗ്ലാസിൽ രണ്ടു സ്ട്രോയിട്ട് വാനില ഷേക്ക് കുടിച്ച റെസ്റ്റോറന്റ്, ബൈക്കിൽ ഇഴുകി ചേർന്ന് യാത്ര ചെയ്ത മീനച്ചിലാറിന്റെ തീരം, തീയറ്ററിൽ കൈ കോർത്തു കണ്ട സിനിമ..ഓർമ്മകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് റോസ്മരിയ ബാറിലെ അരണ്ട വെളിച്ചത്തിലെ ചുവന്ന ലി-ക്കറിനെയും പു-കച്ചുരുളുകൾ ഉയർത്തിവിടുന്ന സി-ഗരറ്റിലും ഞാൻ അഭയം പ്രാപിച്ചത്..
സ്മൃതിയുടെ ഓർമ്മകളുടെ പടുകുഴിയിലേക്ക് എന്നെ തള്ളിവിടാനായിരുന്നു ആ ല-ഹരിക്കൾക്കും തിടുക്കം..
അവസാനമായി ഒരുവട്ടം അവളുടെ മുന്നിൽ ചെന്ന് നീയില്ലാതെ എനിക്ക് പറ്റില്ലന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഒന്ന് പോയി തരുമോ എന്നാണവൾ കൈകൂപ്പി പ്രതികരിച്ചത്…ആ നിമിഷം അലഞ്ഞു തിരിയുന്ന തെരുവ്നായയ്ക്കു പോലും എന്നേക്കാൾ അഭിമാനം ഉണ്ടെന്ന് തോന്നിപോയി..
അ-റുത്തു കൊ-ല്ലണം..കഴുത്ത-റുത്തു…നിന്റെ വേദന അറിയാത്തവളെ…നിനക്ക് വേണ്ട..
ദുസ്വപ്നം കണ്ടു ചാടിയെഴുന്നേൽക്കുമ്പോൾ ഫുൾവേഗത്തിൽ കറങ്ങുന്ന ഫാനിന്റെ ചുവട്ടിലായിട്ടും ദേഹമാസകലം വിയർത്തൊഴുകുന്നുണ്ടായിരുന്നു.
കൊല്ലാനോ എന്റെ പ്രാണനായിരുന്നവളെ..എന്റെ ചുണ്ടുകൾ മന്ത്രിച്ചു..അതിൽ എന്താണ് തെറ്റ്..മനസ്സാക്ഷി തിരിച്ചു ചോദിച്ചു..
“പ്രണയിച്ചു ചതിക്കുന്നവർക്ക് മരണമാണ് ശിക്ഷ ” വീണ്ടും മനസ്സാക്ഷി ആവർത്തിച്ചു..
അതേ അതാണ് ശരി കൊല്ലണം..എങ്ങനെ കൊല്ലും..
ഹാക്സോബ്ലൈ-ഡിന് ക-ഴുത്ത-റുത്തു ചോ-ര വാർന്നവൾ നിന്റെ കണ്മുന്നിൽ കിടന്നു പി-ടഞ്ഞു മ-രിക്കണം..അപ്പോൾ നീ അവളോട് ചോദിക്കണം..
എന്റെയല്ലേ..എന്റെയായിരുന്നില്ലേ…ഞാൻ..ഞാൻ നോക്കുമായിരുന്നില്ലേ പൊന്നു പോലെ..ഇല്ലേ..ഇല്ലേന്ന് ഒരായിരം വട്ടം ചോദിക്കണം..
അപ്പോഴാണ് ടേബിളിൽ ഇരുന്ന ഹാക്സോബ്ലൈ-ഡിൽ എന്റെ നോട്ടം ചെന്നെത്തിയത്..ഉടനെ അതെടുത്തു ബാഗിനുള്ളിലാക്കി ഭ്രാന്തനെ പോലെ ഞാൻ ഡോർ വലിച്ചു തുറന്നെങ്കിലും ഡോർ പുറത്തു നിന്നാരോ പൂട്ടിയിരുന്നു..
അമ്മേ വാതിൽ തുറക്ക്..ഞാനലറി..
ആവർത്തിച്ചാവർത്തിച്ചു ഡോറിൽ കൊട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ ഞാൻ വാതിലിൽ വലതു കാലുയർത്തി ആഞ്ഞു ചവിട്ടി..
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം വാതിൽ മെല്ലെ തുറക്കപ്പെട്ടു..
നിനക്ക് പോണോ..പുറത്തേക്ക് പോണോ..പാതികലങ്ങിയ കണ്ണുകളോടെ അമ്മ എന്നെ നോക്കി..
സ്മൃതിയെ കൊല്ലാൻ കച്ച കെട്ടിയിറങ്ങിയ ഞാൻ അമ്മയുടെ കണ്ണുകൾക്ക് മുഖം കൊടുക്കാതെ ബാഗുമായി മുന്നോട്ടാഞ്ഞു..
പൊടുന്നനെ എന്റെ കയ്യിലെ ബാഗു വലിച്ചു താഴെയിട്ടു കൊണ്ട് അതിൽ നിന്നും ഹാക്സോ ബ്ല-യിഡ് എടുത്തു എന്റെ കയ്യിൽ തന്നുകൊണ്ട് അമ്മ പറഞ്ഞു..
ആദ്യം നിന്റെ അമ്മയെ അ-റുക്കു..ന്നിട്ടാവാം സ്മൃതിയെ..
ഒരു നിമിഷം സ്തംബ്ധനായി നിന്നു ഞാൻ..
അമ്മയിതെങ്ങനെ..അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്താണ് നിന്റെ ജീവിതത്തിൽ നടക്കുന്നതെന്നു നീ അറിയുന്നുണ്ടോ..ഇന്നലെ രാത്രിയിൽ സ്മൃതിയെ കൊ-ല്ലണമെന്ന് പറഞ്ഞു ഈ മുറിയിൽ കിടന്നു നിലവിളിച്ചത് എന്റെ മോന് ഓർമ്മയുണ്ടോ…
സ്മൃതിയുമായി പിണങ്ങിയ ദിനം മ-ദ്യപിച്ചു ലക്കുക്കെട്ട് വന്ന ശർദിച്ചു കിടന്ന നിന്നെ കുളിപ്പിച്ച് കട്ടിലിൽ കൊണ്ട് കിടത്തിയതും പിറ്റേന്ന് അതെക്കുറിച്ചു ഒരക്ഷരം മിണ്ടരുതെന്നു എനിക്ക് താക്കീതു ചെയ്ത നിന്റെ അച്ഛനെ നീ അറിഞ്ഞോ…
തുടർച്ചയായി മൂന്നാം ദിനവും നീ മ-ദ്യപിച്ചെത്തിയപ്പോൾ ഇന്ന് വരെ നിന്നെ തല്ലിവേദനിപ്പിക്കാത്ത ആ മനുഷ്യൻ ചൂരലോങ്ങിയപ്പോൾ ആ കൈക്കു കേറി പിടിച്ചു നീ പറഞ്ഞു പ്രണയം തകർന്നാൽ മ-ദ്യപിക്കും..അതറിയണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം എന്താണെന്ന് അനുഭവിക്കണമെന്ന്..
പ്രണയമാണത്രെ പ്രണയം..
ചാരുകസേരയിൽ മൗനമായിരിക്കുന്ന അച്ഛന് നേരെ വിരൽ ചൂണ്ടി, നിന്റെ ചെയ്തികളെ കണ്ണടച്ചു വിങ്ങുന്ന മനസ്സുമായിരിക്കുന്ന ആ മനുഷ്യനോട് ചോദിച്ചു പഠിക്കണം പ്രണയമെന്താണെന്നു നീയാദ്യം..
കണ്ണൂരുള്ള എന്നെ കോട്ടയത്തേക്ക് അങ്ങേര് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് ക-ത്തിയും വാ-ളും കയ്യിലെന്തിയോ മ-ദ്യവും മ-യക്കുമരുന്നും കുത്തികേറ്റിട്ടോ അല്ല.
മൂന്നാങ്ങളമാരുടെയും അച്ഛന്റെയും മുന്നിൽ വന്നു നിന്ന് “വയറും മനസ്സും പട്ടിണിക്കിടില്ല നിങ്ങളുടെ കൊച്ചിനെ ഒരു കാലത്തും” എന്ന് പറഞ്ഞിട്ടു തന്നെയാ വിളിച്ചോണ്ട് പോന്നത്..
നിന്റെ അച്ഛമ്മയെയും എന്നെയും ഒറ്റമുറി വീട്ടിൽ നിർത്തി അങ്ങേര് വിദേശത്തു പോയി പച്ചവെള്ളത്തിൽ കുബ്ബൂസ് മുക്കി വിശപ്പടക്കുമ്പോഴും നിറവയറുള്ള എന്റെ കാതിൽ പറയുമായിരുന്നു..
നമ്മുടെ ഉണ്ണി ജനിച്ചു വീഴുമ്പോൾ തൊട്ട് അവനെ ഒരല്ലലും അറിയിക്കാതെ വളർത്തണമെന്ന്..
കൊളുത്ത് പൊട്ടിപ്പോയ യൂണിഫോം പാന്റ്സും തെരുത്തു വച്ചും ചാക്കു നൂല് കെട്ടിയിട്ടുമുള്ള ഒരു ബാല്യം അവനുണ്ടാവരുതെന്നു…
കുട വാങ്ങാൻ കാശില്ലാതെ വാഴയില വെട്ടി സ്കൂളിൽ ചെല്ലേണ്ട ഗതികേട് അവനു വരരുതെന്നു..
അമ്പലപ്പറമ്പിൽ രണ്ടു രൂപ കൊടുത്താൽ കിട്ടുന്ന ബലൂൺ മറ്റു കുട്ടികൾ തട്ടികളിക്കുന്നത് കണ്ടു നിന്ന് മാറിനിന്നു കൊതിവിടരുതെന്നു..
കൊട്ടകയിലെ സിനിമ കാണാൻ കാശില്ലാതെ വഴിയോരത്തെ പോസ്റ്ററുകൾ കണ്ട് സങ്കടം വരരുതെന്നു..
നിനക്ക് വിളമ്പി വച്ച ഭക്ഷണമെടുത്തു നീ വലിച്ചെറിഞ്ഞപ്പോൾ അതിൽ നിന്ന് തെറിച്ച കുപ്പിപ്ലേറ്റിന്റെ കഷ്ണം കൊണ്ട് നിന്റെ പെങ്ങളുടെ നെറ്റി മുറിഞ്ഞപ്പോഴും അവൾ പറഞ്ഞു..സാരല്ലമേ എന്റെ ഏട്ടന് അവൾ പോയതിൽ നെഞ്ചു കലങ്ങുന്ന വിഷമമുണ്ട്..ല്ലേൽ..ഈ അമ്മൂട്ടിയുടെ കവിളിൽ ഒരു പൊന്നുമ്മ തരാതെ ഉറങ്ങാൻ പോവാറില്ല എന്റെ ഏട്ടനെന്നു..
അമ്മയുടെ വാക്കുകൾ കേട്ട് എന്റെ നെഞ്ച് പൊള്ളിയടരുമ്പോൾ കയ്യിലെ ഹാക്സോ ബ്ലൈഡ് ഊർന്നു താഴേക്കു വീണത് കണ്ട് അരികിൽ മാറി നിന്ന അമ്മൂട്ടി ഓടിവന്നെന്റെ നെഞ്ചിൽ ചേർന്ന് നിന്നു..ഏട്ടനെന്തിനാ ന്നോട് പിണങ്ങിയെ നിക്ക് ദേഷ്യൊന്നുല്ല ട്ടോ..
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നിറഞ്ഞു തൂകിയ മിഴികൾ തുടച്ച് കൊണ്ട് അമ്മ തുടർന്നു..
പാതിരായ്ക്ക് പ്രസവവേദന വന്ന എന്നെ ഈ അച്ഛമ്മയുടെ ഒറ്റധൈര്യത്തിൽ മാസം തികയും മുൻപ് നീ പെറ്റു വീഴുമ്പോൾ കുറെ സമയത്തേക്ക് നിനക്ക് ഒരു അനക്കവും ഉണ്ടായിരുന്നില്ല..വിദേശത്തു നിന്ന് നിന്റെ അച്ഛന്റെയും എന്റെയും ഉള്ളുരുകിയുള്ള പ്രാർത്ഥനയ്ക്കു ശേഷമാ നീ കരഞ്ഞു തുടങ്ങിയത്..ഇരുപതു വർഷം നിന്നെ പൊന്നു പോലെ നോക്കിയ ഞങ്ങളെക്കാൾ വലുത് ആറു മാസം സ്നേഹിച്ച പെണ്ണിന്റെ കൊ-ല്ലും കൊ-ലയുമാണോ ഉണ്ണി..
വാക്കുകൾ മുഴുപ്പിക്കാൻ നിൽക്കാതെ ഓടിചെന്ന് അമ്മയെ കെട്ടിപിടിച്ചു ഒരായിരം വട്ടം മാപ്പ് പറഞ്ഞു കൊണ്ട് ഞാൻ ആ തോളിൽ തല ചായ്ക്കുമ്പോൾ മാപ്പ് എന്ന രണ്ടക്ഷരം പിന്നെയും പിന്നെയും എന്റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു..
മാപ്പ് പറയേണ്ടത് എന്നോടല്ല ആ മനുഷ്യനോടാണെന്നു അമ്മ പറഞ്ഞു തീരും മുൻപ് അച്ഛന്റെ അരികിലേക്ക് ഞാനോടി ചെന്നു..
ഒരു കാറ്റിലും കുലുങ്ങാത്ത ആ മനുഷ്യൻ കസേരയിൽ നിന്നെഴുന്നേറ്റ് എന്നെ ചേർത്ത് പിടിച്ചു..
അഴക്കുടത് നമ്മ പുള്ള താനേ..എന്ന പതിവ് വാക്യം എന്റെ കാതിൽ ആ സമയം മുഴങ്ങികേട്ടു
കുടുംബമാണ്..അത് എത്ര പൊട്ടിയാലും പറിഞ്ഞാലും ചേർന്ന് നിൽക്കണം. ഇത് പോലെ..ഉമ്മറവരാന്തയിലിരുന്ന് അച്ഛമ്മ എന്നെ നോക്കി പുഞ്ചിരിച്ചു..
അന്ന് തൃസന്ധ്യയിൽ കത്തിച്ചു വച്ച നിലവിളക്കിന് മുൻപിൽ അച്ഛമ്മയുടെ അരികിലിരുന്നു രാമായണം ചൊല്ലുമ്പോൾ എന്റെ തോളോടുരുമ്മിയിരിക്കുന്ന അമ്മുട്ടിയ്ക്കൊപ്പം ഞാൻ യഥാർത്ഥ പ്രണയം തിരിച്ചറിയുന്നുണ്ടായിരുന്നു
കുടുംബം എന്ന അനന്തമായ പ്രണയത്തിലും വലുതല്ല മറ്റൊരു പ്രണയവുമെന്ന്..
(കാർത്തിക് )