ചിരിക്കുന്നവർ…
Story written by Jisha Raheesh
==========
റാക്കിൽ നിരത്തി വെച്ചിരിക്കുന്ന ഹെയർ കളർ പാക്കറ്റുകൾക്കിടയിൽ നിന്നും തിരഞ്ഞു കിട്ടിയ ബർഗണ്ടി ഷെയ്ഡിലുള്ള ഹെയർ കളർ എടുത്തു നോക്കുമ്പോഴാണ് ആ ചിരിയൊച്ച ഞാൻ കേട്ടത്..
സെയിൽസ് ഗേൾസാണ്..ഇടയ്ക്ക് കിട്ടിയൊരു നിമിഷം എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചതാണ് അവർ..
അവൾ അപ്പോഴാണ് എന്നെ കണ്ടത്..
“മാഡം.. “
സുനിത..ധൃതിയിലവൾ എന്റെയടുത്തു എത്തിയിരുന്നു..
“കുറച്ചായല്ലോ കണ്ടിട്ട്…”
“സുഖമില്ലായിരുന്നെടോപനി പിടിച്ചു കിടന്നു പോയി..”
“അയ്യോ..എന്നിട്ടു ഇപ്പോ ഓക്കേയായോ മാഡം..?”
“ഓക്കേയാണ് സുനിതാ, മോൾക്ക് കൊഴപ്പമൊന്നുല്ലാലോ..”
“ഇല്ല മാഡം..മരുന്നൊക്കെ കഴിക്കുന്നുണ്ട്..”
അവളുടെ മുഖത്തെ പ്രസന്നഭാവം ഞൊടിയിടെയൊന്നു മങ്ങിയത് ഞാൻ കണ്ടിരുന്നു..
അപ്പുറത്തെ റാക്കിനടുത്തുണ്ടായിരുന്ന കസ്റ്റമർ വിളിച്ചപ്പോൾ അവൾ എന്നെയൊന്നു നോക്കി തലയാട്ടിയിട്ട് അവരെയും കൊണ്ടു മുകൾ നിലയിലേയ്ക്ക് കയറിപ്പോയി..
“അവൾടെയൊരു നെഗളിപ്പ് കണ്ടോ, കെട്ട്യോൻ ചത്തിട്ടു അതിന് മാത്രമൊന്നുമായിട്ടില്ല , പോരാത്തേന് ഒരു കൊച്ചുള്ളതിന് ദീനവും..ആ വിചാരം വല്ലോമുണ്ടോന്ന് നോക്കിയേ അവൾക്ക്, പൊട്ടും കുത്തി,ചിരിച്ചും കളിച്ചും നടക്കുന്നത് കണ്ടാലറഞ്ഞൂടെ അവൾടെ സ്വഭാവം..?”
സുനിതയോടൊപ്പം തൊട്ട് മുൻപേ ചിരിച്ചു സംസാരിച്ച സെയിൽസ് ഗേൾസാണ്..
“കഴിഞ്ഞയാഴ്ച്ച ബിജിയുടെ കല്യാണത്തിന് പട്ടുസാരിയും ചുറ്റി മുല്ലപ്പൂവും ചൂടി അവൾ വന്നപ്പോഴേ എല്ലാരും പറഞ്ഞതാ അവൾക്കെന്തോ ചുറ്റികളിയുണ്ടെന്ന്..”
ആ പറഞ്ഞവൾ, മുൻപൊരിക്കൽ ഒരു മദ്ധ്യവയസ്ക്കയായ സ്ത്രീ, ജീൻസിന്റെ ടോപ് എടുത്തു ദേഹത്തോട് ചേർത്ത് കണ്ണാടിയിൽ ഭംഗി നോക്കുന്നത് കണ്ടിട്ട്, പരിഹാസത്തോടെ അടക്കിച്ചിരിച്ചത് കണ്ടത് ഞാനോർത്തു..
അറിയാതൊരു ചിരി എന്റെ ചുണ്ടിൽ എത്തിയിരുന്നു..തലയൊന്നിളക്കി, എനിക്ക് കൗതുകം തോന്നിയ ബ്ലാക്ക് മെറ്റലിൽ തീർത്ത വളകളിലൊന്ന് എടുത്തു നോക്കി..ഒരേയൊരു മകൻ മരിച്ചുപോയ, ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷം തികഞ്ഞിട്ടില്ലാത്തവൾ..എന്നെ പറ്റി അറിയുമ്പോൾ ഇവരിനി എന്തു പറയുമോ ആവോ…
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകനെ, ഒരാക്സിഡന്റിൽ ദൈവം തിരിച്ചു വിളിച്ചപ്പോൾ പാടേ തകർന്നു പോയിരുന്നു ഞങ്ങൾ…സമയമെടുത്തു യാഥാർഥ്യം ഉൾക്കൊള്ളാൻ…
അന്ന് എന്തിനും തുണയായി ഇച്ചായൻ ഉണ്ടായിരുന്നു..
“നമ്മുടെ വേദനകൾ നമ്മുടെ മാത്രം സ്വകാര്യതയാണ്..അത് മറ്റുള്ളവരുടെ മുൻപിൽ തുറന്നു വെക്കേണ്ടതില്ല..അവർക്ക് മുന്നിൽ കരഞ്ഞു തീർക്കേണ്ടതില്ല..മറ്റുള്ളവരുടെ സഹതാപം…അതൊരിക്കലും നമ്മളെ സന്തോഷിപ്പിക്കില്ല..മറിച്ച് നമ്മുടെ നഷ്ടങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും..സ്വന്തം ഇഷ്ടങ്ങൾ എന്താണോ അത് ചെയ്യുക..വേദനയെ അടക്കി നിർത്താൻ സഹായിക്കുന്നതെന്തോ അതിൽ മാത്രം ശ്രെദ്ധ കൊടുക്കുക…എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാൾക്കും ജീവിക്കാൻ കഴിയില്ല..പറ്റുന്നതിലൊക്കെ സന്തോഷം കണ്ടെത്തുക..”
ഇച്ചായന്റെ വാക്കുകൾ..
മോൻ മരിച്ചതിന് ശേഷം വീടിനു പുറത്തിറങ്ങാൻ മടിച്ചിരുന്ന എന്നെ വളരെ നിർബന്ധിച്ചായിരുന്നു ഇച്ചായൻ അന്നാ പാർട്ടിയ്ക്ക് കൊണ്ടുപോയത്…അവിടെ കേട്ട വാക്കുകൾ…
“കൊച്ചു മരിച്ചു പോയേലെന്നാ, അവൾക്ക് വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ..ഒരുങ്ങിക്കെട്ടി വിലസുവല്ലേ കെട്ട്യോനും കെട്ട്യോളും…”
മനസ്സ് നുറുങ്ങി ചോരയൊലിച്ചിരുന്നു അവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ..എന്റെ കുഞ്ഞിനെ ഓർത്തു സമനില കൈവിട്ടു പോയ മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രെമിച്ച നിമിഷങ്ങളെല്ലാം കണ്മുന്നിൽ തെളിഞ്ഞു വന്നു..
ഒടുവിലൊരു ദിവസം ഒന്നും പറയാതെ ഇച്ചായനും പോയപ്പോൾ..ഒറ്റപ്പെടലിന്റെ എത്രയോ രാത്രികളിൽ ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ട്..എനിക്കറിയാം ഇച്ചായൻ ഒരിക്കലും അത് ഇഷ്ടപ്പെടില്ല..എന്നിട്ടും..
അന്നൊരിക്കൽ, ഹോസ്പിറ്റലിൽ വരാന്തയിലൂടെ ഡ്യൂട്ടി റൂമിലേയ്ക്ക് ധൃതിയിൽ നടക്കുന്നതിനിടെയാണ്, മുൻപിൽ വന്നു പെട്ട സുനിത വെപ്രാളത്തോടെ ഓടി അരികിലെത്തിയത് ..
“മാഡം…എനിക്കൊരു ആയിരം രൂപ തരുമോ..?”
ഞാൻ തെല്ലൊന്നു അമ്പരക്കാതിരുന്നില്ല..സൂപ്പർ മാർക്കറ്റിൽ വെച്ച് കാണുന്ന പരിചയമേയുള്ളൂ..പേര് പോലും ശരിക്കറിയത്തില്ല..
“ന്റെ..ന്റെ മോളിവിടെ അഡ്മിറ്റാണ് മാഡം..സഹായത്തിനു എനിക്കാരൂല്ല..കയ്യിലെ പൈസ തെകയൂല..”
അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും കൂടുതലൊന്നും ചോദിക്കാതെ ഞാൻ ബാഗിൽ നിന്നും കാശെടുത്തു കൊടുത്തു..
അവളൊരു അനാഥയായിരുന്നു..കൂടെ കൂട്ടിയവൻ നല്ലവനായിരുന്നു..വില്ലനായത് വിധിയായിരുന്നു..പണിസ്ഥലത്തുണ്ടായ അപകടത്തിൽ അവനങ്ങ് പോയപ്പോൾ കൊച്ചു കുഞ്ഞിനോടൊപ്പം അവൾ തനിച്ചായി..
വയ്യാത്ത കുഞ്ഞിന്റെ മുന്നിൽ ചിരിച്ചു കളിച്ചു നിൽക്കുന്നതിടെ പതിഞ്ഞ സ്വരത്തിലവൾ പറഞ്ഞത് ഞാനോർക്കുന്നു..
“ഞാൻ..ഞാനിങ്ങനെ ചിരിക്കുന്നതാ മോൾക്കിഷ്ടം മാഡം..അതാ ഞാൻ..”
പറയുമ്പോൾ അവളുടെ കണ്ണീർ കവിളിൽ എത്തിയിരുന്നത് ഞാൻ കണ്ടിരുന്നു..
പിന്നെയും പലവട്ടം സൂപ്പർമാർക്കറ്റിൽ വെച്ചു ഞാനവളെ കണ്ടു..അവളുടെ മുഖത്തെപ്പോഴും ആ ചിരിയുണ്ടായിരുന്നു..വൃത്തിയായി വസ്ത്രം ധരിച്ചു എപ്പോഴും പ്രസന്നഭാവം മുഖത്തണിഞ്ഞു നടക്കുന്നവൾ..ഓരോ നിമിഷവും അവളുടെ നെഞ്ച് നീറുന്നുണ്ടാവാം..പക്ഷെ ആ നീറ്റൽ കാണണമെന്നാഗ്രഹിക്കുന്നവർക്ക് മുന്നിൽ അവളത് കാണിക്കില്ലെന്ന് വാശി പിടിക്കുമ്പോഴാണ് ഞാനവളെ വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നത്..എന്നോളം തന്നെ..
കാരണം നമ്മൾ വേദനിച്ചു തളർന്നു പോയാൽ അത് കണ്ടു ചുറ്റുമുള്ളവർ കാഴ്ചക്കാരായി നിൽക്കുകയേയുള്ളൂ എന്ന് ഞാനും പഠിച്ചു കഴിഞ്ഞിരുന്നു….
~ സൂര്യകാന്തി (ജിഷ രഹീഷ് )?