ഭൂമി എന്നെയും മടിയിലിരുത്തി വട്ടം കറങ്ങുന്ന പോലെ. വ്യക്തതയില്ലാത്ത നൂറു നൂറു കാഴ്ചകൾ കണ്ണിനെ തേടിവന്നു…

വരും ജന്മത്തിലെങ്കിലും…

Story written by Arya Krishnan

=========

നിലവിളക്ക് നിറഞ്ഞെരിയുന്നുണ്ടായിരുന്നു…ആ മുഖത്തേക്കുതന്നെ നോക്കി ഭിത്തിയോട് ചേർന്ന് ഞാനിരുന്നു…ഗൗരവഭാവം മാത്രം കണ്ടു ശീലിച്ചതുകൊണ്ട് ആ മുഖത്തെ പുഞ്ചിരി ഒരത്ഭുതമായി തോന്നി…

കൂടി നിന്നവർ എന്തൊക്കെയോ പറയുന്നു…”ഇപ്പോൾ ഹൃദയസ്തംഭനം ചെറുപ്പക്കാരിലാ കൂടുതൽ..നല്ല പയ്യനായിരുന്നു..”

കാതിൽ ഒരിരമ്പൽ മാത്രം..ഒന്നും വ്യക്തമല്ല..കണ്ണിൽ കണ്ണീരിന്റെ ഒരു കണികപോലുമുതിർന്നില്ല. ഒന്നു നിശ്വസിക്കാൻപോലും കഴിയാത്തവണ്ണം നെഞ്ചിലൊരു ഭാരം….അമ്പലമുറ്റത്തെ  മൺതരികളിൽ  നടന്നു പഴകിയ ആ കാലുകൾ, ആരോ ഒരു കഷ്ണം തുണിയിൽ  കൂട്ടികെട്ടിയിരിക്കുന്നു..ഒരു ചൂരലോ പുസ്തകമോ ഇല്ലാതെ ആ വലംകൈ ശരീരത്തോട് ചേർന്നിരിക്കുന്നു…

ഭൂമി എന്നെയും മടിയിലിരുത്തി വട്ടം കറങ്ങുന്ന പോലെ…വ്യക്തതയില്ലാത്ത നൂറു നൂറു കാഴ്ചകൾ കണ്ണിനെ തേടിവന്നു..

പഴയൊരു വീടും വിശാലമായ മുറ്റവും  മുറ്റത്തൊരുകോണിലെ വേരുപൊന്തിയ  പുളിമരച്ചുവടും…കൂട്ടം കൂടിയിരിക്കുന്ന കുട്ടികളിൽ ഏറ്റവും ചെറുത്..ഒന്നാം ക്ലാസുകാരികുട്ടി..ഗുണനപ്പട്ടികയോട് യുദ്ധം ചെയ്യുകയാണ്..അക്ഷരം പഠിച്ചില്ലെങ്കിലും കണക്ക് പഠിക്കണമെന്ന് പറയുന്നൊരു  ദേഷ്യക്കാരൻമാഷു൦..

” ഹരി മിടുക്കനാ..ഇവളെ അവൻ നന്നായി പഠിപ്പിച്ചോളു൦..” എന്നൊക്കെ പറഞ്ഞു അപ്പൂപ്പൻ കൊണ്ടു വിട്ടതാണ്..അത്ര അടുത്ത ബന്ധം അല്ലെങ്കിലും ഒരു ബന്ധുവാണെന്നൊരു  പരിഗണന ഒരിക്കൽ പോലും തന്നിട്ടില്ല..ചേച്ചിമാരും ചേട്ടന്മാരും പേടിച്ചുവിറച്ച് സമവാക്യങ്ങളൊക്കെ  പറയുന്നതു കാണാം..ഗുണനപ്പട്ടിക പഠിക്കാൻ പറഞ്ഞിട്ട് മൂന്ന് ദിവസമായി..കൊച്ചുകുട്ടിയായതുകൊണ്ട് ചോദ്യമൊന്നും ചോദിക്കാറില്ല..

ശനിയാഴ്ചയുടെ സന്തോഷത്തിൽ കടലയൊക്കെ കൊറിച്ച്, വഴിയിൽ കണ്ട മുന്നണിക്കാടുകളുടെ (കമ്മ്യൂണിസ്റ്റ് പച്ച)തല കൊയ്ത്, ചെന്നപ്പോൾതന്നെ വൈകിയിരുന്നു..മാഷിൻറെ മുഖം കണ്ടാൽ ഇപ്പൊ പിടിച്ചു തിന്നും എന്നപോലെയിരുന്നു..പുളിമരച്ചുവട്ടിൽ ഒരു ചേച്ചിയുടെ അടുത്തിരുന്നു.ചേച്ചി ധൃതിയിൽ കണക്കു ചെയ്യുകയാണ്..

“പട്ടിക പഠിച്ചോ?? വേഗം പഠിക്കൂ..സാർ വല്യ ദേഷ്യത്തിലാ അടികിട്ടും” എന്നൊക്കെ ചേച്ചി പറഞ്ഞു..

ഞാൻ ബുക്ക് എടുത്തു മടിയിൽ വച്ചു. പുളിമരത്തിൻറെ ചാഞ്ഞകൊമ്പിൽ നിറയെ പുളിയുണ്ട്..നല്ല വാളൻപുളി…അറിയാതെ വായിൽ വെള്ളമൂറി…കുഞ്ഞുകുഞ്ഞിലകളെ നോക്കിനോക്കി അവസാനം തീക്കനൽപോലെയുള്ള   രണ്ടുകണ്ണുകളിൽ നോട്ടം വന്നു സ്തംഭിച്ചുനിന്നു..ഉടനെതന്നെ ഗുണനപ്പട്ടിക പറയാൻ എഴുന്നേൽക്കേണ്ടിവന്നു…കുഞ്ഞു കൈത്തലം ചുവന്നുവീങ്ങി..കണ്ണീരും ഏങ്ങലടിയുമായി നിന്നു പഠിക്കേണ്ടിവന്നു…

പിന്നീടിങ്ങോട്ട് കണക്കു പഠിക്കാനായി വാങ്ങിക്കൂട്ടിയ അടികൾക്കും ശകാരങ്ങൾക്കു൦  കണക്കില്ല…

കർക്കശക്കാരനായ അദ്ധ്യാപകൻ്റെ ചിരിച്ചമുഖം അമ്പലത്തിലോ വഴിയരികിലോമാത്രം കണ്ടുള്ളൂ..രാവിലെയും വൈകിട്ടുമൊക്കെ ഓരോ ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കാൻ, ഒരു സൈക്കിളിലോടുന്ന മാഷിനെകാണാറുണ്ട്.. “പോയിരുന്നു പഠിക്ക്” എന്നും പറഞ്ഞ് റോഡിലൂടെ പറന്നൊരു പോക്കാണ്…

“പാവം കൊച്ചൻ..എങ്ങനെ കഴിയേണ്ടവനാ..” എന്ന് അമ്മൂമ്മ അപ്പൂപ്പനോട് പറയുന്നത്കേട്ടു..

ഒരിക്കൽ പനിപിടിച്ച് ആകെ അവശനായി ഇരുന്നപ്പോൾ, അമ്മൂമ്മ കുറച്ച് കഞ്ഞിയും ചുക്ക് കാപ്പിയും തന്നിട്ട് മാഷിന് കൊണ്ടുക്കൊടുക്കാൻ പറഞ്ഞു..അവിടെ അടുക്കളയിൽ വച്ചിട്ട് തിരികെപോരുമ്പോൾ വെറുതെ ചോദിച്ചു,

“മാഷിന് അമ്മയും അച്ഛനും ഇല്ലാല്ലേ??” മറുപടിക്ക് പകരം ഒരു നോട്ടമായിരുന്നു..ദേഷ്യമാണോ സങ്കടമാണോ എന്നു മനസ്സിലായില്ല..

ശരീരം  വളരുന്നതനുസരിച്ച് തിരിച്ചറിവും വളർന്നു. പലരുടെയും സംഭാഷണങ്ങളിൽ നിന്ന് ഹരി മാഷിൻ്റെ കഥ ഞാനറിഞ്ഞു..ഒരപകടത്തിൽ നഷ്ടപ്പെട്ടതാണ് അച്ഛനുമമ്മയും…ഒന്നര വയസ്സുകാരനെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ അച്ഛമ്മയാണ്..ഇടയ്ക്ക് അവർ ഗുരുവായൂർ പോകും..മകളുടെ വീട്ടിൽ..പാചകവും വീട്ടുജോലിയുമെല്ലാം മാഷ് തന്നെയാണ് ചെയ്യുന്നത്..അച്ഛമ്മ ഇല്ലാത്തപ്പോൾ ഒറ്റയ്ക്കാണ്…

ഇപ്പോ ആരെയും ഒറ്റപ്പെടുത്തിപോയെന്ന് പ ഴി കേൾക്കേണ്ടല്ലോ..ചിരിച്ചമുഖത്തോടെ, തലയ്ക്കൽ നിലവിളക്കുംവച്ച് വാഴയിലയിൽ കിടത്തിയിരിക്കുന്ന രൂപം…അതെൻ്റെ കണക്കുമാഷാണോ..?ഹരിയേട്ടനാണോ..??

‘ഹരിയേട്ടൻ’ …അങ്ങനെ വിളിക്കാനാണ് അമ്മൂമ്മ പറഞ്ഞത്..പക്ഷേ ഒരിക്കൽപോലും അങ്ങനെ വിളിക്കാൻ തോന്നിയില്ല…നിശബ്ദമായ ഈ ഹൃദയത്തിൽ എനിക്കായുള്ള പ്രണയം തുടിച്ചിരുന്നെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി…മുറിയിൽ നിന്നുകിട്ടിയ ഡയറിക്കുറിപ്പുകൾ, ഹിമചേച്ചിയുടെ സംസാരം..എല്ലാം എന്നെ തളർത്തി…ഭിത്തിയിലേക്ക് മുഖംചാരിയിരുന്നു..തൂവെള്ള പുതപ്പിച്ച ആ ശരീരം കണ്ണിമയ്ക്കാതെ നോക്കിയിരുന്നു…ഭൂമി എന്നെയും തോളിലിട്ട് വീണ്ടും കറങ്ങി…

നല്ല മഴയുള്ളൊരു ഞായറാഴ്ച,ഏഴാം ക്ലാസ്സിലെ കണക്കുമായി ഗുസ്തിപിടിച്ചിരിക്കുമ്പോൾ,വയറിലാരോ അള്ളിപ്പിടിക്കുന്ന പോലെ…ചുവന്ന കസവുള്ള വെള്ളപ്പാവാടയിൽ നനവുപോലെ…

പേടിച്ചുകരയാൻ തുടങ്ങിയപ്പോൾ, മാഷ് വന്നു കൈയിൽ പിടിച്ചു “കരയേണ്ടടോ..വീട്ടിൽ പൊയ്ക്കോ..”

ഒരു ചേച്ചിയേയും കൂട്ടിനു വിട്ടു…തുലാവർഷം തകർത്തു പെയ്യുമ്പോൾ, കുറേ ചോദ്യങ്ങളുമായി പരിഭ്രമത്തോടെ ഞാൻ ചെളിവെള്ളത്തിലൂടെ നടന്നു…

പിന്നെ കുറേനാൾ ട്യൂഷൻ ക്ലാസ്സിൽ പോയില്ല…ചന്ദനനിറമുള്ളൊരു ഉടുപ്പും പാവാടയും ഹരിമാഷ് വാങ്ങിതന്നു..

കാവിൽ ആയില്യം പൂജയ്ക്ക് ശിങ്കിടിപ്പണിക്ക് ഞാനും പോകാറുണ്ട്…..അമ്മ നായരായതുകൊണ്ട് പൂജയ്ക്ക്  മാഷ് വേണ്ടെന്ന് ചിലരൊക്കെ വാശിപിടിച്ചു..പക്ഷേ അതൊന്നും വിലപ്പോയില്ല…

പൂവിറുത്തുകൊണ്ടിരുന്നപ്പോൾ മാഷ് പറഞ്ഞു, “നിങ്ങൾ കുട്ടിക്കുറുമ്പുകൾ കളിക്കാനിറങ്ങുമ്പോൾ വീട്ടിലേക്കും വരണം..ഞാൻ അവിടെ ഒറ്റയ്ക്കല്ലേ..”

“ഉം വരാം..”

“വരുമ്പോൾ ആ ചന്ദനക്കളർ ഉടുപ്പിടണേ…അത് നല്ല ഭംഗിയാ…ഉടുപ്പിനുമാത്രേ ഭംഗിയുള്ളുട്ടോ…ഇടുന്നയാൾ പാടത്തെ കോലം പോലെയാ…” ഞാൻ മുഖം വീർപ്പിച്ചിരുന്നു..

ഒരാൾ ആദ്യമായിട്ട് പൊക്കിപറഞ്ഞതുകൊണ്ടാകണം, ആ ഉടുപ്പ് പിഞ്ചിത്തുടങ്ങിയിട്ടും കളയാൻ തോന്നിയില്ല…ഒരു ദിവസം അതുമിട്ട് കണ്ണാടിയിൽ നോക്കി നിന്നു സമയം പോയതറിഞ്ഞില്ല..ട്യൂഷൻ ക്ലാസ്സിൽ വൈകി..ചെയ്ത കണക്കും തെറ്റി..സമവാക്യം ചോദിച്ചു എഴുന്നേൽപ്പിച്ചപ്പോൾ കൈയും കാലും ഈയൽപോലെ വിറച്ചു…പഠിക്കുന്ന കാര്യം വരുമ്പോൾ മാഷ്ടെ കണ്ണിൽ സ്നേഹവും സൗഹൃദവും ഒന്നുമില്ല..തീയാണ്…ചുരുട്ടിവച്ച കൈത്തലം ആ ഇടതുകൈയിലെടുത്ത് നിവർത്തി, ആദ്യത്തെ അടിയിൽ തന്നെ കൈ ഒടിഞ്ഞപോലെയായി..പിന്നെയും രണ്ടടി..കുപ്പിവള ഒരെണ്ണം ഉടഞ്ഞ് കൈയിൽ കോറി മുറിഞ്ഞു..മുട്ടിനു താഴെ കൈയില്ലാത്തപോലെ..കണ്ണീരു കാട്ടരുവിപോലെ ഏങ്ങലടിച്ചൊഴുകി…സമവാക്യങ്ങൾ അന്നും നിന്നു പഠിച്ചു…

കൈയിലെ തൊലി നീലിച്ചുപൊങ്ങിനിന്നു.. “പഠിക്കാത്തോണ്ടല്ലേ ഇതുതന്നെ കിട്ടണം..” അമ്മ പറഞ്ഞു..

പിറ്റേന്ന് ക്ലാസ് കഴിഞ്ഞിട്ടും അവിടെ നിൽക്കാൻ മാഷ് പറഞ്ഞു..വാളൻപുളിയുടെ തോടുംനക്കി നിൽക്കുമ്പോൾ മാഷ് അടുത്തു വന്നു, കൈയിൽ കുറച്ചു കുപ്പിവളകൾ..കണ്ണിലേക്ക് നോക്കി മാത്രം സംസാരിക്കുന്ന മാഷിന്റെ കണ്ണിലേക്ക് ഞാൻ കൗതുകത്തോടെ നോക്കി..

തൊലിപൊട്ടിയ ഭാഗത്തൊന്നും തൊടാതെ ഓരോന്നായി കൈയിലിട്ടുതന്നു..കൈ നേരെയിട്ടാൽ എല്ലാം ഊർന്നുപോകും..ഒട്ടും പാകമല്ല…സന്തോഷത്തിന്റെ കിലുക്കമുള്ള ആ വളകൾക്ക് പ്രണയത്തിന്റെ  മൗനമുണ്ടായിരുന്നെന്ന് ഇപ്പോഴാണറിഞ്ഞത്…വാങ്ങിക്കൂട്ടിയ തല്ലും ശകാരവും ഉപദേശവുമെല്ലാം പ്രണയമായിരുന്നോ??
അറിയില്ല..

ഭൂഗോളത്തിന്റെ മാത്രമല്ല, ജീവിതത്തിൻ്റയും സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ച, ഒരു ഹയർസെക്കൻഡറി അധ്യാപകനാണ് അകാലത്തിൽ പൊലിഞ്ഞുപോയത്…

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കാണാനെത്തി..ക്ലാസ്സിൽ കുഴഞ്ഞു വീണതാണ്..പുഞ്ചിരിക്കുന്ന ആ മുഖം നോക്കി കുട്ടികൾ വിങ്ങിക്കരഞ്ഞു…ഞാൻ മാത്രം കരഞ്ഞില്ല.. ഇനി ആ പുഞ്ചിരി എനിക്കു മാത്രം തോന്നുന്നതാണോ??അറിയില്ല..

സ്കൂളുമാറിപ്പോയപ്പോഴും ഒന്നും പറഞ്ഞില്ല..ജോലി കിട്ടിയപ്പോൾ, നിറയെ പലഹാരങ്ങളുമായി കാണാൻ വന്നിരുന്നു.. “നന്നായി പഠിക്കണം, വല്യ ആളാകണം ” എന്നൊക്കെയുള്ള പതിവ് പല്ലവികൾ ആവർത്തിച്ചു തിരികെ പോയി…

ഫോൺ വിളിച്ചാലും മെസ്സേജ് അയച്ചാലും നേരിൽകണ്ടാലും എപ്പോഴും ഉപദേശം…

“മാമ്പില്ലത്തെ കുട്ടിയുടെ ആലോചന വേണ്ടെന്നുവച്ചോ??”

“ഉം”

“എന്തേ??…ആ ചേച്ചിയെ കണ്ടിട്ടുണ്ടോ?മുഖത്തുനോക്കിയാൽ നിലത്തുനോക്കില്ല…അത്ര ഭംഗിയാ…”

“ഭംഗിയുണ്ടായാൽ എല്ലാം ആയോ..” ചാടിക്കടിക്കുന്നപോലെ ചോദ്യം വന്നു..ഞാൻ മൗനംപാലിച്ചു..

എന്തൊരു മനുഷ്യനാണോ ഭഗവാനെ…ഒന്നും പറയാൻ പാടില്ല…ക്ഷിപ്രകോപി..ഞാൻ പിറുപിറുത്തുകൊണ്ട് തിരികെ നടന്നു…

ഒരിക്കൽ കാവിലൊന്നു തൊഴാൻ പോയപ്പോൾ, വെറുതെ മാഷിനെ കാണാൻ കയറി..ആറുമാസത്തോളമായി കണ്ടിട്ട്..എനിക്കുള്ള കഥാപുസ്തകങ്ങളും മിഠായിയുമൊക്കെ അപ്പൂപ്പനെ ഏൽപ്പിക്കാറുണ്ട്…

അന്നു ഞാൻ ചെല്ലുമ്പോൾ കണ്ണുകളൊക്കെ ചുവന്ന്, ക്ഷീണിച്ച മുഖമായിരുന്നു…

“ബിരുദപഠനം എങ്ങനെ പോകുന്നു??”

“ഓ…അതൊക്കെ കണക്കാ….ആരാ കണക്ക് പഠിപ്പിച്ചതെന്ന് മിസ്സ് എപ്പഴും ചോദിക്കാറുണ്ട്….”

ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.. സാധാരണ ഒരു ചെവിക്കുനുള്ള് കിട്ടേണ്ടതാണ്….പക്ഷേ കുനിഞ്ഞിരുന്നു വിങ്ങുന്ന മാഷിനെയാണ് കണ്ടത്..അടുത്ത് ചെന്ന് കാര്യം തിരക്കി…

അച്ഛന്റെയും അമ്മയുടെയും ഓർമ്മദിവസമാണ്…ഞാൻ ആ മുഖം കൈകളിലെടുത്ത് കണ്ണീരു തുടച്ചു…

“എനിക്കാരുമില്ല മാളൂ…” ഇടറുന്ന ആ സ്വരമെൻ്റെ മിഴികളിൽ ഈറനണിയിച്ചു…

“അയ്യേ…ആണുങ്ങൾ ഇങ്ങനെ കരയുന്നത് മോശമാണ്…ഞങ്ങളെല്ലാരുമില്ലേ മാഷേ… കരയല്ലേ…”

മുഖം എൻ്റെ നെഞ്ചോട് ചേർത്ത് മുടിയിൽ തഴുകി…കണ്ണീരിന്റെ ചൂടും തേങ്ങലും എൻ്റെ ഹൃദയത്തിലേറവേ, ഒരു ഒന്നരവയസ്സുകാരനോടുള്ള വാത്സല്യവും സ്നേഹവും മനസ്സിൽ നിറഞ്ഞുവന്നു…

സ്കൂളിലെ ചില പെൺകുട്ടികൾക്ക് മാഷോട് വല്യ ആരാധനയാണെന്ന് ഹിമചേച്ചി പറഞ്ഞിരുന്നു..

“ഒരു പെൺകുട്ടി ഈ വീട്ടിൽ വന്നാൽ നീയിങ്ങനെ കഷ്ടപ്പെടണ്ടല്ലോ ഹരിയെ”..

“ഓ വേണ്ട ഞാൻ ചെയ്തോളാം”

“ഇനി നിനക്കാരോടേലും പ്രേമം വല്ലതും ഉണ്ടോടാ??”

ഒരുപാട് നിർബന്ധിച്ചപ്പോൾ, മനസ്സിലൊരാളുണ്ടെന്ന് സമ്മതിച്ചത്രേ…

“അവൾ ജനിച്ചുവീണപ്പോൾ ഞാൻ പത്താംതരം പരീക്ഷയെഴുതുകയായിരുന്നു…എൻ്റെ കൺമുന്നിൽ വളർന്നവൾ…എന്നെ മറ്റാരെക്കാളും നന്നായി അറിയുന്നവൾ…എൻ്റെ ദേഷ്യത്തെ മൗനമായി സഹിക്കാൻ കഴിവുള്ളവൾ…എൻ്റെ സങ്കടങ്ങളെ നെഞ്ചോട് ചേർത്തണയ്ക്കുന്നവൾ…അവളരികിലുള്ളപ്പോൾ എനിക്കെല്ലാരുമുള്ളതുപോലെയാണ്..ചിലപ്പോൾ അമ്മയെപ്പോലെ, അനുജത്തിയെപ്പോലെ..ഉള്ളിൻ്റെയുള്ളിൽ അവളെനിക്ക് പ്രാണനാണ്…പക്ഷേ തുറന്നു പറയാൻ ഭയമാണ് ഹിമേ…ഈ ശാപം കിട്ടിയ ജന്മത്തിൻ്റെ പാപഭാരം അവളിലും ഉണ്ടായാലെന്തു ചെയ്യും…അമ്മയും അച്ഛനും നേരത്തെ പോയി..ഇപ്പോൾ അച്ഛമ്മയും…സ്നേഹിക്കപ്പെടുക എന്നത് എനിക്കന്യമാണെടോ…ഉള്ളിലെ സ്നേഹം തുറന്നു പറയാത്തത് പേടിച്ചിട്ടാണ്..അവൾ ചെറിയ കുട്ടിയല്ലേ…”

ഹിമചേച്ചി പറഞ്ഞതൊക്കെ സ്തബ്ധയായി കേട്ടിരുന്നു….

“ഏകാന്തമായെൻ്റെ സ്വപ്നങ്ങളിൽ അവളുടെ വെള്ളിക്കൊലുസ്സുകൾ ചിരിയുണർത്തി…ധനുമാസക്കുളിരിൽ ഞാനാച്ചുരുളൻമുടിച്ചൂടിൽ ചേർന്നുറങ്ങി…അവളുടെ ഹൃദയതാളമെനിക്ക് താരാട്ടാണ്…പാതിമയക്കത്തിലവളുടെ കുപ്പിവളകളൂർന്നുവീണുടഞ്ഞിരുന്നു…..” ഈ ഡയറിക്കുറിപ്പുകൾ എന്നെക്കുറിച്ചാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല…

ഗൃഹപ്രവേശചടങ്ങിനു ചെന്നപ്പോഴുണ്ടായൊരനുഭവം ഓർത്തെടുത്തപ്പോൾ, ഈ വരികളൊക്കയും സത്യമാണെന്ന് തോന്നിപ്പോയി…

രണ്ടാം നിലയിലെ മുറിയൊക്കെ കണ്ടിട്ട് പടികളോടിയിറങ്ങുമ്പോൾ, പെട്ടെന്ന് മാഷ് മുന്നിൽ..കാലിടറിയോ എന്നോർമ്മയില്ല…ബലമായി നെഞ്ചോടു ചേർത്ത് പിടിച്ചപോലെ..കണ്ണുകളിറുക്കിയടച്ചുപോയി…കവിളത്തൊരു നിശ്വാസത്തിൻ്റെ ചൂടറിഞ്ഞു…മുഖം ആ നെഞ്ചിൽ പൂണൂലിനോട് ചേർന്നമർന്നു…കൈകൾ മുടിയിലൂടെ ചുറ്റി,മുറുകെ ചേർത്ത് പിടിയ്ക്കുന്നപോലെ…

വിറയ്ക്കുന്ന കൈകളോടെ തള്ളിമാറ്റി ഓടുമ്പോൾ, മേൽമുണ്ടിൻ്റെയറ്റം കാതിൽകുരുങ്ങി..കുരുക്കഴിക്കുമ്പോൾ,വെറുതെ കണ്ണുകളിലേക്ക് നോക്കി…ഒരു പ്രത്യേക ഭാവം…പടികളോടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും ശബ്ദം കേട്ടു..

“പതിയെ പോകൂ…വീഴും”

തിരിഞ്ഞു നോക്കാതെ ഓടിപ്പോയി…പിന്നീട് അതിനെപ്പറ്റി ചിന്തിച്ചില്ല… പതിനാല് വയസ്സിനു മുതിർന്നയാൾക്ക് തന്നോട് പ്രണയമാണെന്ന് ചിന്തിക്കാൻ കഴിഞ്ഞില്ല….

ശരീരം ചിതയിലേക്കടുക്കാൻ ആളുകൾ വന്നപ്പോൾ, ഞാൻ തറയിലൂടെ ഇഴഞ്ഞിഴഞ്ഞ് അടുത്തുചെന്നു…ഒരുപാട് ചൂരൽപ്രഹരമേറ്റ് വേദനിച്ച കൈകൾ ആ കവിളത്തു തഴുകി..നെറുകയിൽ അമർത്തി ചുംബിച്ചു…ആരൊക്കെയോ പിടിച്ച് മാറ്റാൻ ശ്രമിച്ചു…ആ നെഞ്ചിലൊന്ന് മുഖംചേർത്ത് ഞാൻ കാതോർത്തു…അനാഥത്വത്തിന്റെ ശൂന്യതയിൽ നിലച്ച ഹൃദയമാണ്…സ്നേഹത്തിന്റെ ഭാരംകൊണ്ടോ, കണ്ണീരിന്റെ നനവുകൊണ്ടോ ആ ഹൃദയമൊന്നുണർന്നെങ്കിലെന്ന് കൊതിച്ചുപോയി….

കണ്ണുതുറക്കുമ്പോൾ അമ്മായിയും അമ്മൂമ്മയും ചുറ്റുമിരിക്കുന്നു…എങ്ങനെയാണ്, എപ്പോഴാണ് വീട്ടിലെത്തിയതെന്നോർമ്മയില്ല…

“എഴുന്നേൽക്ക് മാളൂ…എന്താ നിനക്കു പറ്റിയത്??” അമ്മൂമ്മ കരയാൻ തുടങ്ങി…

“അവനത്രേ ആയുസ്സുള്ളൂ..മരണത്തെ നമുക്ക് തടയാൻ പറ്റുമോ…” അമ്മായി ആരോടെന്നില്ലാതെ പറഞ്ഞു…

“മാളൂനെ വല്യ കാര്യാരുന്നു…എപ്പോ വന്നാലും തിരക്കും…” കണ്ണിൽ പിന്നെയും ഇരുട്ട് കയറിയപോലെ…

വൈകുന്നേരം വെറുതെ ഇറങ്ങി നടന്നു…മാഷിന്റെ വീട്ടിലേക്കുള്ള ദൂരം കൂടിയപോലെ തോന്നി…തെക്കേ പറമ്പിലെ തീക്കനലുകളാറിയിട്ടില്ല..ആരും അവിടെ കണ്ണീർതൂകി കാത്തിരിപ്പില്ല…ചുവന്ന കനലുകൾ കണ്ടപ്പോൾ, ദേഷ്യം വരുമ്പോൾ ചുവക്കുന്ന നീണ്ട മൂക്കും കണ്ണുകളും മനസ്സിൽ തെളിഞ്ഞു…ചിതയ്ക്കരികിൽ നിൽക്കുമ്പോൾ ഹിമചേച്ചി പറഞ്ഞതും ഡയറിക്കുറിപ്പുകളും ഓർത്തുപോയി…

“ഒരിക്കലെങ്കിലും പറഞ്ഞില്ലല്ലോ മാഷേ….മാഷെക്കാളും നല്ലൊരാളെ എനിക്ക് കിട്ടുവോ…?പുനർജന്മമുണ്ടെങ്കിൽ,വരുംജന്മത്തിലെങ്കിലും എനിക്കീ ദേഷ്യക്കാരൻ മാഷ്ടെ പ്രണയമാകണം…പ്രാണനാകണം…

ഒരു കടുകുമണിയോളം സ്ഥാനം എനിക്കീ ഹൃദയത്തിലുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ, ഒരു വേലക്കാരിയായിട്ടെങ്കിലും ഞാൻ കൂടെ വന്നേനെ….

കണ്ണീർത്തുള്ളികൾ കനലിൽ വീണുടഞ്ഞു….കണ്ണീരാൽ കെടുത്താൻ കഴിയാത്ത കനലുകളും കോരിയെടുത്ത് തിരികെ നടന്നു…മനസ്സിലൊരു കുറ്റബോധത്തിന്റെ ചിതയൊരുങ്ങി…വെള്ളിക്കൊലുസ്സുകളും, പാകമല്ലാത്ത കുപ്പിവളകളും ചാർത്തി, ചന്ദനനിറമുള്ള കുപ്പായവും ധരിച്ചൊരു പെൺകുട്ടി അഗ്നിയെ കാത്ത് കിടന്നു….

തിരികെ നടക്കുമ്പോൾ കാലുകൾക്ക് ഭാരം കൂടിയപോലെ…വേരുകൾ പൊന്തിയ ആ പുളിമരച്ചോട്ടിൽ തളർന്നിരുന്നു….ഗുണനപ്പട്ടിക പഠിക്കാത്തതിന് അടികൊണ്ട് ഏങ്ങലടിച്ചു കരഞ്ഞ ഒന്നാം ക്ലാസ്സുകാരിക്ക്  ഒന്നലമുറയിട്ടു കരയാൻ തോന്നി….

~ആര്യ എസ്സ് കൃഷ്ണൻ