ഇടയ്ക്ക് ഇടയ്ക്ക് അവളുടെ പ്രണയത്തോടെ ഉള്ള നോട്ടം എന്നിൽ എത്തുമ്പോൾ ഞാൻ മുഖം തിരിക്കും….

ഓർമ്മകൾ…

Story written by Arya Karunan

===========

അഭി കുഞ്ഞ് നാട്ടിലേയ്ക്ക് വരുമെന്ന് ഒരിക്കലും കരുതിയില്ല….അന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ടല്ലേ നാട്ടിൽ നിന്ന് പോയത്…അച്ഛൻ മരിച്ചിട്ടും കുഞ്ഞ് വന്നില്ലല്ലോ…….

എയർപോർട്ടിൽ നിന്ന് തറവാട്ടിലേയ്ക്കുള്ള യാത്രയിൽ ആണ് അഭിരാജ് എന്ന അഭി. അപ്പോഴാണ്  ഡ്രൈവർ ശേഖരേട്ടൻ അവനോട് സംസാരിച്ചു തുടങ്ങിയത്. അത് കേട്ടപ്പോൾ അവന്റെ മുഖത്തു കുറ്റബോധം നിറഞ്ഞു.

അഭിയുടെ ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ അയാൾ ഒന്ന് പിൻ  സീറ്റിലേയ്ക്ക് തിരിഞ്ഞു നോക്കി. അവൻ അയാൾക്ക് ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു.

അന്ന് എന്റെ മനസ്സിൽ വിഷമായിരുന്നു ശേഖരേട്ടാ…അതാ എന്നെ കൊണ്ട് അതൊക്കെ പറയപ്പിച്ചത്….ഇത്ര നാൾ നാട്ടിൽ നിന്ന് മാറ്റി നിർത്തിച്ചത്…ആദ്യമൊക്കെ നമ്മുടെ നാടിനെ ഞാൻ വെറുത്ത് പോയിരുന്നു…പിന്നെ എന്റെ തീരുമാനങ്ങൾ ഒക്കെ തെറ്റാണ് എന്നൊക്കെ അച്ഛൻ പറഞ്ഞപ്പോൾ ആ ദേഷ്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങി. അച്ഛൻ പോയത് ഞാൻ അറിഞ്ഞില്ല ശേഖരേട്ടാ…അറിയാൻ ഒരുപാട് വൈകി പോയി….

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ചിലമ്പിച്ചു….

കുഞ്ഞേ……

അവന്റെ ശബ്ദത്തിലെ ഇടർച്ച കേട്ടപ്പോൾ അയാൾ ഒന്ന് വിളിച്ചു.

ഏയ്യ് ഒന്നുല്ല ചേട്ടാ…പിന്നെ ഒരു കുറ്റബോധമായിരുന്നു…ഇങ്ങോട്ട് വരണം എന്ന് മനസ്സ് എത്ര പറഞ്ഞാലും എല്ലാരുടെയും മുഖത്തു എങ്ങനെ നോക്കും എന്നൊക്കെ ഒരു തരം പേടി. ഇപ്പോ അമ്മ എന്നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ പിന്നെ പിടിച്ചു നിൽക്കാൻ പറ്റിയില്ല…..

അത് എന്തായാലും നന്നായി  കുഞ്ഞേ…അമ്മയ്ക്ക് എന്നും മോന്റെ കാര്യം പറഞ്ഞു കരയാനെ നേരമുള്ളൂ…ഇന്നത്തോടെ അതിന് ഒരു അവസാനം ആകുമല്ലോ….

അല്ല മോനെ എന്തേ സാന്ദ്ര മോളെ കൊണ്ട് വരാഞ്ഞത്??? അന്ന് വീട്ടിൽ ഉത്സവം കൂടാൻ വന്നത് അല്ലേ…പിന്നെയാണല്ലോ ആ പ്രശ്നങ്ങൾ ഉണ്ടായതും മോൻ മോളെയും കൂട്ടി ഇറങ്ങിയത്…കുഞ്ഞിനെ കൂടെ കൂട്ടാമായിരുന്നു…….

അത്….അവൾക്ക് ലീവ് കിട്ടിയില്ല…..

അത് കഷ്ടായി….അല്ല അഭിമോനെ മോന്റെ കുട്ടികളെ കുറിച്ച് ഒന്നും കേട്ടില്ല….

ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല ശേഖരേട്ടാ….

ആണോ….മോൻ ഇവിടുന്ന് പോയിട്ട് 6 കൊല്ലത്തോളം ആയല്ലോ…ഞാൻ കരുതി…

അവൻ അതിന് മറുപടി ഒന്നും കൊടുത്തില്ല.

അല്ല അമ്മയ്ക്ക് കൂട്ടിനു ആരാ????

രാത്രി എന്റെ മോള് വന്നു നിൽക്കും…ഇപ്പോൾ ആമി മോള് ഉണ്ട് ഇവിടെ ഒന്ന് രണ്ട് മാസമായിട്ട്……

ആമി……..

ആ പേര് കേട്ടപ്പോൾ അവന്റെ മനസ്സ് പഴയ കാലങ്ങൾക്ക് പോയി. അവൻ കണ്ണുകൾ അടച്ചു സീറ്റിലേയ്ക്ക് ചാരി ഇരുന്നു.

അഭിരാമി എന്നാ ആമി….അച്ഛന്റെ പെങ്ങളുടെ മകൾ…..

പ്രസവത്തോടെ തന്നെ അമ്മായി മരിച്ചു. അതിന് ശേഷം എന്റെ അമ്മയായിരുന്നു അവൾക്കും അമ്മ. ഹോസ്പിറ്റലിൽ നിന്ന് അവളെ കൊണ്ട് വന്നത് പോലും തറവാട്ടിലേയ്ക്ക് ആയിരുന്നു. മാമനും താമസം ഇങ്ങോട്ട് മാറ്റി. ആദ്യമൊന്നും അവളെ എനിക്ക് ഇഷ്ടമല്ലായിരുന്നു…എന്റെ അമ്മയെ എന്നിൽ നിന്ന് തട്ടി പറിക്കാൻ വന്നവൾ എന്ന ചിന്തയായിരുന്നു. പിന്നെപ്പോഴോ അവളുടെ മോണ കാട്ടിയുള്ള കളിചിരിയിൽ എന്റെ മനസ്സിലെ അവളോട് ഉള്ള ദേഷ്യം അലിഞ്ഞു പോയി.

എന്റെ കൂടെ കളിക്കുമ്പോൾ അവളുടെ ചിരിയുടെ തെളിച്ചം ഒന്നും കൂടി കൂടും.

അഭി മോനെ…ഇത് നിന്റെ മുറപെണ്ണാണ്…നിന്റെ പെണ്ണ്…അതുകൊണ്ടാ നിന്നോട് അവൾക്ക് പ്രത്യേക ഇഷ്ടം…….

അന്ന് മാമൻ പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിൽ പോലും അവൾ എന്റെ മാത്രം ആണെന്ന് എനിക്ക് മനസിലായി. എനിക്ക് മാത്രം അവകാശപ്പെട്ടത്…അവളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ എന്റെ ഇഷ്ടത്തോടെ ചെയ്യാൻ ഞാൻ ചെയ്യാൻ തുടങ്ങി. അഭിരാമി എന്നാ അവളുടെ പേര് പോലും എന്റെ വാശിയായിരുന്നു. അഭിരാജ് എന്നാ എന്റെ പേരിന് സാമ്യം വേണം എന്ന് ഓർത്തുകൊണ്ട് ഇട്ട പേര്. അഭിയുടെ ആമി….

അവൾ വളരും തോറും എന്നിലേക്ക് മാത്രം അവൾ ഒതുങ്ങി കൂടി. അഭിയേട്ടൻ എന്നാ പേരിൽ അവളെ കുടുക്കി ഇട്ടു. സ്കൂളിലേയ്ക്ക് പാട വരമ്പിലൂടെ അവളുടെ കൈ പിടിച്ചു പോകുമ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.

മാവിലും കാശുമാവിലും അവൾക്ക് വേണ്ടി വലിഞ്ഞു കേറുവാനും കുളത്തിൽ അവളെ നീന്താൻ പഠിപ്പിക്കാനും  കാവിലെ ഉത്സവങ്ങൾക്ക് കൊണ്ട് പോയി അവൾക്ക് കരിവളകളും ഒക്കെ വാങ്ങി കൊടുക്കാനും വല്ലാത്ത ആവേശം ആയിരുന്നു.

ഡിഗ്രി കഴിഞ്ഞു MBA ചെയ്യാൻ ബാംഗ്ലൂർ പോകുമ്പോൾ ഏറ്റവും വലിയ വിഷമം അവളെ പിരിയുന്നതായിരുന്നു. പക്ഷെ നാട്ടിൽ നിന്ന് ഒരു നഗരത്തിലേയ്ക്ക് പറിച്ചു നട്ടപ്പോൾ നാട്ടിൽ ഞാൻ സന്തോഷം കണ്ടത്തിയിരുന്ന കാര്യങ്ങളോട് എല്ലാം ദേഷ്യം ആകാൻ തുടങ്ങി. ബാംഗ്ലൂർ സിറ്റി പ്രോഡക്റ്റ് ആയി മാറാൻ ഞാൻ തുടങ്ങിയിരുന്നു. നാട്ടിലേയ്ക്ക് വരാൻ തന്നെ താല്പര്യം കുറഞ്ഞിരുന്നു. അവസാനം ആറു മാസമായിട്ടും നാട്ടിലേയ്ക്ക് വരാത്തത് കണ്ടപ്പോൾ അമ്മ വിളിച്ചു വരുത്തി.

എന്റെ അഭി നീ വീടും നാടും ഒക്കെ മറന്നോ???

വന്നതും അമ്മ പരതി കെട്ടുകൾ അഴിച്ചു.

എന്റെ അമ്മേ…ഒരുപാട് പഠിക്കാനുണ്ട്…അതുകൊണ്ടല്ലേ…..

നിന്റെ വരവും കാത്ത് ഒരു പെണ്ണ് ഇവിടെ ഉണ്ട്…നീ വരുന്നത് കാരണം  കോളേജിൽ പോകുന്നില്ല എന്ന് പറഞ്ഞതാ…ഞാൻ നിർബന്ധിച്ചു വിട്ടതാ…നീ ഭക്ഷണം കഴിച്ചു ഒന്ന് കിടക്ക്..അപ്പോഴേക്കും അവൾ എത്തും.

ഒന്ന് ഉറങ്ങി എഴുന്നേറ്റ് ഫ്രഷ് ആയി ഇറങ്ങിയപ്പോളാണ് ആമി കാറ്റു പോലെ വന്നു എന്നെ കെട്ടിപിടിച്ചത്. എന്റെ കൈകളും അവളെ വട്ടം ചുറ്റി. അവളുടെ കഴുത്തിലേയ്ക്ക് മുഖം പുഴ്ത്തിയതും ഒരു അസ്വസ്ഥതയോടെ ഞാൻ തലയുയർത്തി.

നീ എന്തിനാ ഈ തല മുഴുവൻ എണ്ണ കൊട്ടിയിരിക്കുന്നത്. നിനക്ക് ഒന്ന് ഷാംപൂ ചെയ്ത ഇട്ടോടെ????

മുഖം ചുളിച്ചു കൊണ്ട് അവളിൽ നിന്ന് വേർപ്പിട്ട് കൊണ്ട് ചോദിച്ചു.

ആഹാ ബെസ്റ്റ്….എന്റെ തലയിലെ കാച്ചെണ്ണയുടെ മണം ഇഷ്ടം ആണെന്ന് പറഞ്ഞു ഏത് നേരം എന്റെ മുടിയിൽ നിന്ന് മണം പിടിച്ചു എടുക്കുന്ന ആള് ആണോ ഇപ്പോ ഇത് പറയുന്നത്???

അന്ന് എനിക്ക് ഇഷ്ടം അതായിരുന്നു…ഇപ്പോ ഇതും….ഇനി എന്റെ അടുത്തേയ്ക്ക് വരുമ്പോൾ ഷാംപൂ ചെയ്തോണം…..

ഒരു താക്കീത് പോലെ ഞാൻ പറഞ്ഞതും അവൾ സമ്മതിച്ചു കൊണ്ട് മൂളി…….

അതെ വാ…ഞാൻ കുളിച്ചു റെഡിയായി…നമ്മുക്ക് അമ്പലത്തിൽ പോകാം……

അതും പറഞ്ഞു കൊണ്ട് അവൾ എനിക്ക് മാറി എടുക്കാനുള്ള ഡ്രസ്സും എടുത്ത് എന്നെയും വിളിച്ചു കുളപുരയിലേയ്ക്ക് ഓടി.

ഞാൻ കുളത്തിൽ മുങ്ങി നിവരുന്നതും നോക്കി അവൾ പടവിൽ തന്നെ ഇരുന്നു.

ഇതൊക്കെ ഒരുപാട് മിസ്സ്‌ ചെയ്തു കാണുമല്ലേ???? അഭിയേട്ടൻ ഇല്ലാത്തത് കാരണം എനിക്കും ഒരു സുഖമായിലായിരുന്നു..ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും……

ഞാൻ കുളിച്ചു കയറി വരുന്നത് വരെ അവൾ ഓരോന്ന് പറഞ്ഞു കൊണ്ടെയിരുന്നു.

കുന്നും പുറത്തേയ്ക്കുള്ള വഴിയിൽ പലരും അന്വേഷണങ്ങളായി അടുത്തേയ്ക്ക് വന്നു…എന്തോ വല്ലാത്ത വീർപ്മുട്ട്….ആമി എന്റെ കൈയിൽ തുങ്ങി എന്തൊക്കയോ പറയുന്നുണ്ട്…..

അഭിയേട്ടൻ എന്റെ കൂടെ ഇല്ലെങ്കിൽ നമ്മുടെ നാട് ഒരു രസവുമില്ല….ഈ പാടം, കുന്ന്, അമ്പലം, കാവ് അങ്ങനെ എല്ലാം ഭംഗി ഉള്ളത് ആകണമെങ്കിൽ അഭിയേട്ടൻ വേണം എന്റെ കൂടെ….അഭിയേട്ടാ…ഏട്ടന്റെ പഠിപ്പ് കഴിഞ്ഞാൽ എങ്ങോട്ടും പോകണ്ട…ഇവിടെ തന്നെ മതി നമ്മുക്ക്….

അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞതും ഞാൻ ഒന്ന് നിന്നു.

അത് ശരി ആവില്ല ആമി…ജോലി കിട്ടിയാൽ നമ്മൾ ഇവിടുന്ന് മാറും…ഇവിടെ ഇതിന് മാത്രം എന്താ ഉള്ളത്???? കുറെ പാടവും കുന്നും അല്ലാതെ??? ഇതിനേക്കാൾ എത്ര രസമാണെന്നോ സിറ്റി…അവിടത്തെ ലൈഫ് സൂപ്പർ ആണ്…കല്യാണം കഴിഞ്ഞാൽ നിന്നെയും ഞാൻ കൂട്ടും….

അത് പറഞ്ഞതും അവളുടെ മുഖം ദേഷ്യം കൊണ്ട് വീർത്തു.

എനിക്ക് നമ്മടെ തറവാടും നാടും വിട്ടു എങ്ങും പോകണ്ട..അഭിയേട്ടനും…..

അത് പറഞ്ഞു കൊണ്ട് അവൾ കെറുവിച്ചു കൊണ്ട് എന്റെ കൈയും വിട്ടു മുൻപേ നടന്നു.

ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ല എന്ന് കണ്ടപ്പോൾ ഒന്നും പറയാതെ പിന്നാലെ ചെന്നു.

പിറ്റേന്ന് പുറത്ത് പോകാൻ റെഡി ആകാൻ പറഞ്ഞിട്ട് ഞാൻ അവിടെന്ന് അവൾക്ക് ഇടനായി വാങ്ങിയ ഡ്രസ്സ്‌ കൊടുത്തു. കവറിലെ ജീൻസും ഒരു ബന്യൻ ടോപ് കണ്ടതും അവൾ മുഖം ചുളിച്ചു.

ഇത് ഞാൻ ഇടില്ല….ഞാൻ വല്ല ചുരിദാറും ഇട്ടോളാം…..

എന്റെ കൂടെ വരണമെങ്കിൽ ഇത് ഇട്ടേ തീരു…അവളുടെ കോ-പ്പിലെ ചുരിദാറും ദാവണിയും…

അഭിയേട്ടൻ തന്നെ അല്ലേ അതൊക്കെ എനിക്ക് വാങ്ങിച്ചു തന്നത്……

അതെ….ഇപ്പോ ഇതും വാങ്ങിച്ചു തരുന്നതും ഞാനാ….ഇത് ഇട്ട് വാ…..

ഇത് ഇട്ടിട്ട് ഞാൻ വരില്ല….

അവൾ വാശിയോടെ പറഞ്ഞതും മേശയിൽ ഇരുന്ന ഫ്ലവർ വെസ് എറിഞ്ഞു ഉടച്ചു ഞാൻ റൂമിൽ നിന്ന് ഇറങ്ങി പോയി.

ആ ദേഷ്യത്തിലാണ് തിരിച്ചു ബാംഗ്ലൂർ പോയത്. ഫോൺ വിളിച്ചു അവൾ കുറെ സോറി പറഞ്ഞു. അതുകൊണ്ട് എന്റെ ദേഷ്യവും അയഞ്ഞു. പക്ഷേ എന്തോ ഒരു കാരണം കൊണ്ട് അവളിൽ നിന്ന് ഞാൻ അകന്ന് കൊണ്ടേ ഇരുന്നു. ആ ഇടയ്ക്ക് ആണ് സാന്ദ്രയ്ക്ക് മനസ്സിൽ സ്ഥാനം വന്നു തുടങ്ങിയത്. ഫസ്റ്റ് ഇയർ ടൈമിൽ അവൾ എന്നെ പ്രൊപ്പോസ് ചെയ്തതാണ്. പക്ഷെ ആമി ഉള്ളത് കൊണ്ട് ഞാൻ നോ പറഞ്ഞു. പക്ഷെ എന്നിലെ മാറ്റങ്ങളിൽ എനിക്ക് യോജിച്ച പെണ്ണ് സാന്ദ്ര ആണെന്ന ചിന്ത എന്നിലേക്ക് അവളെ അടുപ്പിച്ചു. ആമിയെ അവളുമായി സ്വയം താരതമ്യം ചെയ്യും…അപ്പോഴെല്ലാം സാന്ദ്രയുടെ ത്രാസ്സിന് കനം കൂടി….ആമിയെ പാടെ അവഗണിച്ചു.

2 വർഷം ഓടി പോയി…

പഠിപ്പ് കഴിഞ്ഞു. നാട്ടിലേയ്ക്ക് പോകുമ്പോൾ ഫ്രണ്ട്സിനെയും കൂട്ടി….കൂടെ സാന്ദ്രയും ഉണ്ടായിരുന്നു. നാട്ടിൽ ഉത്സവം ആണ്….അതിന് അവരെ കൂടി പങ്കടിപ്പിക്കണം. അങ്ങനെ ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.

നാട്ടിൽ എത്തി വീട്ടിൽ കയറിയതും ആമി ഓടി വന്നു കെട്ടിപിടിച്ചു. സാന്ദ്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഞാൻ അവളെ തള്ളി മാറ്റിയതും അവൾ ഒരു ഞെട്ടലോട് എന്നെ നോക്കി. അപ്പോഴാണ് അവൾ ഫ്രണ്ട്സിനെ കണ്ടത്.

സോറി….ഫ്രണ്ട്സിന്റെ കാര്യം മറന്നു…പെട്ടെന്ന് കണ്ട സന്തോഷത്തിൽ…

അവൾ ഒരു ജാള്യതോടെ പറഞ്ഞു ഉള്ളിലേയ്ക്ക് കയറി. അവൾ തന്നെ ആയിരുന്നു എല്ലാരേയും സൽക്കരിക്കുന്നതിൽ മുൻപിൽ. ഇടയ്ക്ക് ഇടയ്ക്ക് അവളുടെ പ്രണയത്തോടെ ഉള്ള നോട്ടം എന്നിൽ എത്തുമ്പോൾ ഞാൻ മുഖം തിരിക്കും.

രണ്ട് ദിവസത്തെ ഉത്സവം നന്നായി തന്നെ ആഘോഷിച്ചു. ഫ്രണ്ട്സിന്റെ കൂടെ തന്നെ ആയിരുന്നു മുഴുവൻ സമയവും. അപ്പോഴെല്ലാം ആമി നിറ കണ്ണുകളോടെ എന്നെ നോക്കാം…ആ നോട്ടത്തിന്റെ അർത്ഥം മനസിലായെങ്കിലും അറിയാത്ത പോലെ ഭാവിച്ചു.

രണ്ടാം ദിവസം ഉത്സവം കഴിഞ്ഞു അന്നത്തെ രാത്രി കുളപടവിൽ സാന്ദ്ര ഒഴികെ ഞങ്ങൾ എല്ലാം കൂടി…. മ-ദ്യ സേവ കഴിഞ്ഞു റൂമിൽ ചെല്ലുമ്പോൾ റൂമിൽ സാന്ദ്ര ഉണ്ടായിരുന്നു. നാട്ടിൽ വന്നതിന് ശേഷം അവളെ ഒന്ന് മര്യാദക്ക് അടുത്ത് കിട്ടിയിട്ടില്ല. ആ പരിഭവം തീർക്കാൻ അവളെ ചേർത്ത് നിർത്തി കൊണ്ട് ചുംബിച്ചു. മ-ദ്യത്തിന്റെ ല-ഹരിയിൽ ആ ചുംബനം എല്ലാം അതിർവരമ്പുകൾ ഭേധിച്ചു കൊണ്ട് മറ്റു പലതിലേയ്ക്കും വഴി മാറി അവളിലേയ്ക്ക് ഒഴുകി.

പിറ്റേന്ന് ആരുടെയൊക്കെ ശബ്ദം കേട്ടാണ് ഉണർന്നത്. വാതിലേക്കൽ മുഖം പൊത്തി കരഞ്ഞു കൊണ്ട് ആമിയുണ്ട്. പിന്നെ അച്ഛനും അമ്മയും അവന്മാരും.  എന്റെ ന-ഗ്നമായ നെഞ്ചിൽ കിടക്കുന്ന സാന്ദ്രയെ കണ്ടതും ഒരു ഞെട്ടൽ ഉണ്ടായി. തലേന്നത്തെ രാത്രി ഓർമ്മയിലേയ്ക്ക് വന്നതും ഞാൻ തലയുയർത്തി ചുറ്റും ഉള്ളവരെ നോക്കി. അച്ഛൻ ദേഷ്യത്തിൽ നോക്കി കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോയി. അമ്മയും വിതുമ്പി കൊണ്ട് കരഞ്ഞു തളർന്നു നിൽക്കുന്ന ആമിയെയും കൂട്ടി റൂമിൽ നിന്ന് ഇറങ്ങി. പിറകെ അവന്മാരും…

പെട്ടെന്ന് തന്നെ സാന്ദ്രയെ വിളിച്ചുണർത്തി റെഡിയായി ഹാളിലേയ്ക്ക് പോയി. എല്ലാവരും ഹാളിൽ ഞങ്ങളുടെ വരവും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

പിന്നെ ഒരു വാദ പ്രതിവാദം തന്നെ ആയിരുന്നു.

ഒടുവിൽ അച്ഛൻ ആമിയെ എന്റെ മുൻപിൽ വലിച്ചു നിർത്തി ഇവളെ എന്ത് ചെയ്യണം എന്ന് ചോദിച്ചപ്പോൾ അവളുടെ മുഖത്തു നോക്കി. ഒരു നിസ്സംഘഭാവം ആയിരുന്നു അവൾക്ക്. പക്ഷേ ആ നിമിഷം വരെ ചെയ്തത് തെറ്റല്ല എന്ന തോന്നൽ ഉണ്ടായിരുന്നത് കാരണം അവളുടെ മുഖത്തു നോക്കി പറഞ്ഞു

ഇതുപോലെ ഒരു പരിഷ്കാരം ഇല്ലാത്ത ഇവളെ എനിക്ക് വേണ്ട എന്ന്.

അത് കേട്ടതും അച്ഛന്റെ കൈ എന്റെ കവിളിൽ പതിഞ്ഞു. മാമൻ കരഞ്ഞു കൊണ്ട് എന്റെ മോളെ കൈ വിടല്ലേ എന്ന് പറഞ്ഞു കൈകൾ കൂട്ടി പിടിച്ചു. ഞാൻ ഒന്നും പറയാതെ ആ കൈകളിൽ നിന്ന് കൈ വലിച്ചെടുത്തു.

അമ്മ കരഞ്ഞു കൊണ്ട് എന്തൊക്കയോ പതം പറയുന്നുണ്ട്…ഒന്ന് ചെവി കൊണ്ടില്ല. വേണ്ടതല്ലാം എടുത്ത് സാന്ദ്രയുടെ കൈയും പിടിച്ചു അന്ന് ഇറങ്ങിയതാണ് വീടിന്റെ പടി.

പിന്നെല്ലാം പെട്ടെന്ന് ആയിരുന്നു. ബാംഗ്ലൂർ ഒരു ജോലി നേടിയെടുത്തു. സാന്ദ്രയുടെ വീട്ടുക്കാരുടെ സമ്മതത്തോടെ അവളെ വിവാഹം കഴിച്ചു.

പുതുമുടി അവസാനിച്ചതും ജീവിതം മാറാൻ തുടങ്ങി. സാന്ദ്ര എന്ന ഭാര്യയെ അംഗീകരിക്കാൻ പറ്റാത്ത അവസ്ഥ….എപ്പോഴും വഴക്കും തല്ലും മാത്രമായി ഞങ്ങളുടെ ഇടയിൽ…

ഒരു കുഞ്ഞ് എന്നാ എന്റെ ആഗ്രഹം പോലും അവൾ സാധിച്ചു തന്നില്ല. ആ ഇടയ്ക്ക് ആണ് അച്ഛൻ മരിച്ചത്. ഞാൻ ഓഫീസിൽ ആയിരുന്നത് കൊണ്ട് അവൾ ആണ് അറിഞ്ഞത്. എന്നിട്ടും അവൾ പറഞ്ഞില്ല. അവിടെന്ന് ഒരു മാസത്തിനു ശേഷമാണ് അച്ഛന്റെ മരണം ഞാൻ അറിഞ്ഞത്. എന്നെ വിളിച്ചു കിട്ടാതായപ്പോൾ സാന്ദ്രയെ അറിയിച്ചിരുന്നു എന്ന് കൂടി അറിഞ്ഞപ്പോൾ തളർന്നു പോയി.

അത് ചോദ്യം ചെയ്തതും അവൾ പറഞ്ഞത് അങ്ങനെ ഇപ്പോൾ നാട്ടിൽ പോയി പഴയ കാമുകിയുമായി ബന്ധം കൂടണ്ട എന്നാ. അത് കേട്ടതും നിയന്ത്രണം തെറ്റി അവളെ കവിളിൽ മാറി മാറി അടിച്ചു. അന്ന് തന്നെ അവൾ വീട്ടിൽ നിന്ന് ഇറങ്ങി. പിറ്റേ ആഴ്ച തന്നെ ഡിവോഴ്സ് നോട്ടീസും വന്നു.

എല്ലാം കൊണ്ട് ഞാനും മടുത്തിരുന്നു. അതുകൊണ്ട് mutual ഡിവോഴ്സ്  അഗ്രിമെന്റിൽ ഞാനും ഒപ്പിട്ടു. ഒപ്പിടുമ്പോൾ മനസ്സിലേയ്ക്ക് ഓടി വന്നത് ഞാൻ സാന്ദ്രയുടെ കൈയും പിടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ണുകൾ നിറച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിന്നിരുന്ന ആമിയുടെ മുഖമാണ്……

ചെയ്ത തെറ്റുകൾ തിരിച്ചറിയുകയായിരുന്നു ഞാൻ പിന്നെ. പലപ്പോഴും നാട്ടിൽ പോകണം ആമിയോട് മാപ്പ് പറയണം എന്ന് തോന്നിയെങ്കിലും എന്തോ മനസ്സ് അനുവദിച്ചില്ല. അപ്പോഴാണ് അമ്മയുടെ ഫോൺ കാൾ വന്നത് എന്നെ കാണണം എന്ന് പറഞ്ഞു കൊണ്ട്. പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് യാത്ര തിരിച്ചു.

കുഞ്ഞേ….എത്തി…….

ശേഖരേട്ടന്റ ശബ്ദം കേട്ടപ്പോൾ കണ്ണുകൾ തുറന്നു. ഒരു മാറ്റവും ഇല്ല…എല്ലാം പഴയ പോലെ…കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.

ഉമ്മറത്ത് തന്നെ അമ്മ ഉണ്ടായിരുന്നു. എന്നെ കണ്ടതും എന്നെ കെട്ടിപിടിച്ചു കൊണ്ട് കുറെ കരഞ്ഞു. ഞാനും ചെയ്തു പോയ തെറ്റുകൾ ഏറ്റു പറഞ്ഞു.

ഹാളിൽ സോഫയിൽ ഇരുന്നതും അമ്മ എനിക്ക് കുടിക്കാൻ വെള്ളം തന്നു. എന്റെ കണ്ണുകൾ റൂം മുഴുവൻ ഓടി കളിച്ചു.

നീ എന്താ നോക്കുന്നത് അഭി???

ആമി…….

വളരെ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചതും അമ്മ ഒന്ന് പുഞ്ചിരിച്ചു.

അവൾ ഒന്ന് നടക്കാൻ പോയതാ….ഇപ്പോ വരും. അവൾ ഇവിടെ ഉള്ളത് എനിക്ക് ഒരു ആശ്വാസം ആയിരുന്നു.

അമ്മ അത് പറഞ്ഞു നിർത്തിയതും അടുക്കള വശത്തു നിന്ന് ആമിയുടെ ശബ്ദം ഉയർന്നു.

അതെ നിങ്ങൾക്ക് നടക്കാൻ ഇഷ്ടം ആണെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് പോയ്ക്കോ..എന്നെ കൂട്ടണ്ട…

അവൾ ആരോടാണ് സംസാരിക്കുന്നത് എന്ന സംശയത്തിൽ എന്റെ നെറ്റി ചുളിഞ്ഞു.

അമ്മായി….എന്നെ കൊണ്ട് വയ്യാട്ടോ ഈ നടത്തം….ഇത്തിരി ആണെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം…ആ പാടം മുഴുവൻ നടപ്പിച്ചു എന്നെ കൊണ്ട്…..

ഹാളിലേയ്ക്ക് കടന്നു കൊണ്ട് അവൾ അമ്മയോട് പരാതി പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ അമ്മയുടെ മറവിൽ ആയിരുന്നത് കൊണ്ട് അവൾ എന്നെ കണ്ടിട്ടില്ല.

ഓഹ് പിന്നെ….ഏത് നേരവും പാടവും കാവും കുന്നും എന്ന് പറഞ്ഞു ഓടി നടന്നവൾ ആണ് ഇത് പറയുന്നത്.

മറ്റൊരു പുരുഷന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ അമ്മയുടെ മറവിൽ നിന്ന് തല ചെരിച്ചു കൊണ്ട് നോക്കി. ഒരു ചെറുപ്പക്കാരൻ അവളുടെ തലയിൽ കൊട്ടി കൊണ്ടാണ് സംസാരിക്കുന്നത്.

ഒരു നേര്യത് ആണ് ആമിയുടെ വേഷം. അപ്പോഴാണ് അവളുടെ നിറ വയർ എന്റെ കണ്ണിൽ ഉടക്കിയത്. ഞാൻ പെട്ടെന്ന് എഴുന്നേറ്റു. അപ്പോഴാണ് അവൾ എന്നെ കണ്ടത്.

അഭിയേട്ടൻ എപ്പോൾ എത്തി???

അതും ചോദിച്ചു കൊണ്ട് അവൾ എന്റെ അടുത്തേയ്ക്ക് നടന്നു. ഒപ്പം തന്നെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആ ചെറുപ്പക്കാരനും.

ഞാൻ ഇത്തിരി നേരായി…..

ഞാൻ അജു ഏട്ടനോട് പറഞ്ഞത് ഇന്ന് നടക്കാൻ പോകണ്ട എന്ന്….ഏട്ടൻ കേൾക്കണ്ടേ….

അയോ പരിചയപെടുത്താൻ മറന്നു. ഇതെന്റെ ഹസ്ബൻഡ് അർജുൻ.

അർജുൻ എന്റെ നേരെ കൈ നീട്ടി. ഞാനും ആ കൈകളിൽ കോർത്തു ഷേക്ക്‌ ഹാൻഡ് കൊടുത്തു.

അജു എന്ത് ചെയുന്നു??

ബിസിനസ്‌ ആണ്……..

സാന്ദ്ര ചേച്ചിയെ കൂട്ടിയില്ലേ ഏട്ടാ????

അവൾ അത് ചോദിച്ചതും എന്ത് മറുപടി നൽകണം എന്ന് അറിയാതെ ഞാൻ നിന്നു. പെട്ടെന്ന് വിഷയം മാറ്റാൻ എന്ന വണ്ണം ഞാൻ ചോദിച്ചു,

മാമൻ എവിടെ???

അച്ഛാ ഇപ്പോ ദേശാടന കിളിയാ…അമ്പലം ഭജന അങ്ങനെ ഒക്കെയായി….മാസത്തിൽ ഒരിക്കൽ വരും.

ആമി നീ വാ…ഒന്ന് കിടക്ക്…കുറെ നടന്നത് അല്ലേ……

അതും പറഞ്ഞു കൊണ്ട് അജു അവളെ കൂട്ടി റൂമിലേയ്ക്ക് നടന്നു. എന്തോ ആ കാഴ്ച്ച കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. അത് അമ്മ കാണാതിരിക്കാൻ ഫ്രഷ് ആവട്ടെ എന്ന് റൂമിലേക്ക് വലിഞ്ഞു.

രാത്രി ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടന്നു ഇവിടെ നിന്ന് ഇറങ്ങിയാ മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു കരഞ്ഞു. അമ്മ ഒന്നും പറയാതെ എന്റെ തലയിൽ തലോടി കൊണ്ട് ഇരുന്നു.

എന്റെ കരച്ചിൽ ഒന്ന് അടങ്ങിയതും അമ്മ സംസാരിച്ചു തുടങ്ങി.

സാരില്ല മോനെ…..ഓരോ  അവിവേകങ്ങൾ….ഒന്നും ഇനി തിരുത്താൻ പറ്റില്ല….കഴിഞ്ഞത് കഴിഞ്ഞു. ഒന്നില്ലെങ്കിൽ ആ കുട്ടിയുടെ കണ്ണീരിന്റെ ശാപം ഉണ്ടാകുമെല്ലോ എന്റെ മോന്റെ തലയിൽ. നീ അത്രയും വലിയ തെറ്റല്ലേ ആമിയോട് ചെയ്തത്….നീ അവളെ വേണ്ട എന്ന് പറഞ്ഞു പോയപ്പോൾ അവളെ കുറിച്ച് ആയിരുന്നു എന്റെ പേടി. പക്ഷെ അവൾ ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് പെട്ടെന്ന് എല്ലാം ഉൾക്കൊണ്ടു. പക്ഷെ ഇനി ഒരു കല്യാണത്തിന് നിർബന്ധിക്കരുത് എന്ന് പറഞ്ഞു. പക്ഷെ അജു മോൻ വന്നതും അതും മാറി. നല്ല മോനാ അജു. അജുന്റെ കമ്പനിയിൽ ആണ് മോള് വർക്ക്‌ ചെയ്തിരുന്നത്. അവളെ മാറ്റിയെടുത്തത് അജുവാ…ഇപ്പോ അവൾ ഒരുപാട് സന്തോഷത്തിലാ….

അമ്മ പറയുന്നത് എല്ലാം മൂളി കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ  അമ്മയെ ഉറങ്ങാൻ പറഞ്ഞു വിട്ടു കുളപുരയിലേയ്ക്ക് നടന്നു.

നിനക്ക് വിഷ്മമുണ്ടോ ആമി???

ഉള്ളിൽ നിന്ന് അജുവിന്റെ ശബ്ദം കേട്ടതും ഞാൻ ഒന്ന് നോക്കി.  ആമി അവന്റെ തോളിൽ ചാരി ഇരിക്കുന്നു. ഞാൻ അങ്ങോട്ട് കയറാതെ നിന്നു.

എന്തിന്???

അഭി…എന്തൊക്കെ പറഞ്ഞാലും അവൻ നിന്റെ ആദ്യപ്രണയം ആയിരുന്നില്ലേ????

ആയിരുന്നു…അത് കരുതി എന്തിന് ദുഖിക്കണം??? അഭിയേട്ടൻ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ ചത്താൽ മതി എന്ന് തോന്നിയിരുന്നു. അഭിയേട്ടന്റെ നെഞ്ചിൽ മറ്റൊരു പെണ്ണിനെ കണ്ടപ്പോൾ നെഞ്ച് നീറുന്നത് പോലെയാ തോന്നിയത്….പക്ഷേ എല്ലാം ഞാൻ മറന്നു….എന്റെ അച്ചയ്ക്കും അമ്മായിക്കും മാമനും വേണ്ടി…ഞാൻ വിഷമിക്കുന്നത് കണ്ടാൽ അവരുടെ വേദന കൂടുകയെ ഉള്ളു എന്ന് മനസിലാക്കിയപ്പോൾ…പിന്നെ കല്യാണം വേണ്ട എന്നൊക്കെ ആയിരുന്നു എന്റെ തീരുമാനം…പക്ഷെ അതെല്ലാം ഈ കള്ള തെമ്മാടി മാറ്റിയില്ലേ…..

അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

അജുവേട്ടന് ഒരു കാര്യം അറിയുമോ??? ഒരുപക്ഷെ അഭിയേട്ടൻ ആഗ്രഹിച്ച പോലെ ഞാൻ മാറി ചിന്തിച്ചിരുന്നേൽ ഈ നാട് ഉപേക്ഷിച്ചു ജീവിക്കാൻ സമ്മതിച്ചിരുന്നേൽ അഭിയേട്ടൻ എന്റെ ഭർത്താവായി ഇന്ന് കാണുമായിരുന്നു. പക്ഷെ ഞാൻ ഞാനയത് ഈ നാട്ടിൽ വളർന്നത് കൊണ്ടാണ്….ആമി പൂർണയാക്കുന്നത് ഇവിടിത്തെ ഓരോന്നും എന്റെ ചുറ്റും ഉള്ളത് കൊണ്ടാണ്…അതൊക്കെ ഉപേക്ഷിച്ചു മറ്റൊരു ആമിയായി എനിക്ക് ജീവിക്കണ്ട….എനിക്ക് തറവാടും കാവും കുളവും കുന്നുംപുറത്തെ ക്ഷേത്രവും പിന്നെ….

അവൾ ബാക്കി പറയാതെ നിർത്തി.

പിന്നെ????

അജു ഒരു ചോദ്യഭാവത്തിൽ ചോദിച്ചു.

എന്റെ അജുവേട്ടനും നമ്മുടെ കുഞ്ഞും മതി…അതാണ് ആമി….ഇതെല്ലാം വിട്ടു എനിക്കൊന്നും വേണ്ട……..

അവളുടെ മറുപടി എന്റെ കണ്ണുകൾ നിറച്ചു. ഞാൻ റൂമിലേയ്ക്ക് നടന്നു.

ആമി പറഞ്ഞത് ശരിയാണ് ഈ വീടും നാടും ആണ് എന്റെ അസ്തിത്വം…അത് മറന്ന് പുതിയ മേച്ചിൽ പുറങ്ങൾ നേടിപോയ ഞാൻ ഒരു വിഢിയാണ്.

പുതിയ തിരിച്ചറിവുകൾ പുതിയ ജീവിതത്തിലേയ്ക്ക് തുടക്കം കുറിക്കും എന്ന പ്രതീക്ഷയിൽ അവൻ ഉറങ്ങാൻ കണ്ണുകൾ അടച്ചു….

~ആര്യ കരുണാകരൻ