ഇല്ല, എന്തു വന്നാലും ഇനി അയാൾക്കൊപ്പമൊരു ജീവിതം സാധ്യമല്ലെന്നു ഞാൻ ഉറപ്പിച്ചിരുന്നു…

അവൾ…

Story written by Aswathy Joy Arakkal

==========

രേണുകാ കൃഷ്ണൻ…

അടുത്തത് നിങ്ങളുടെ നമ്പർ ആണ്. ഇവിടെ തന്നെ കാണണം.  എവിടേക്കും പോകരുത്. അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി.

തോളിൽ കിടന്നുറങ്ങുന്ന  മൂന്നു വയസ്സുകാരി മീനുട്ടിയെ അമ്മയുടെ കയ്യിലേൽപ്പിച്ചു ഞാൻ എണിറ്റു നിന്നു..

കയ്യിലൊരു വോക്കിങ് സ്റ്റിക്കും പിടിച്ചു പതുക്കെ അയാളും എണിറ്റു വന്നു. നിസ്സഹായത ആ മുഖത്തു നിഴലിച്ചു നിന്നിരുന്നു

(പറഞ്ഞില്ലല്ലോ, ഞാൻ രേണുക, അയാൾ..അജിത്തേട്ടൻ..അല്ല അജിത്..വിവാഹമോചനത്തിന് അപേക്ഷ കൊടുത്തിട്ടു കോടതി നിർദ്ദേശ പ്രകാരമുള്ള കൗൺസിലിങ്ങിന് വന്നതാണ് ഞങ്ങൾ )

രണ്ടുപേർക്കും അകത്തേക്ക് വരാം..അകത്തു നിന്നു അറിയിപ്പ് വന്നു..

അവിടെ ചെന്നു മാഡത്തിന്റെ  മുന്നിൽ ഇരുന്നു..ഇന്നു രണ്ടാമത്തെ കൗൺസിലിംഗ് ആയതുകൊണ്ട് എന്തൊക്കെ അവിടെ നടക്കുമെന്നൊരു ധാരണയുണ്ട്..അയാളുടെ കൂടെ ജീവിക്കാൻ നിർബന്ധിക്കും. ന്യായങ്ങൾ നിരത്തും. അയാളുടെ നിസ്സഹായത വിവരിക്കും. ഉപദേശിക്കും…

ഇല്ല എന്തു വന്നാലും ഇനി അയാൾക്കൊപ്പമൊരു ജീവിതം സാധ്യമല്ലെന്നു ഞാൻ ഉറപ്പിച്ചിരുന്നു..

എന്തായി രണ്ടുപേരുടെയും തീരുമാനം. നന്നായി ആലോചിച്ചൊരു പോസിറ്റീവ് തീരുമാനം എടുത്തിട്ടുണ്ട് എന്നു ഞാൻ വിചാരിച്ചോട്ടെ..മാഡം (കൗൺസിലർ) സംസാരിച്ചു തുടങ്ങി..

രണ്ടുപേരും മിണ്ടാതെ  മുഖം കുനിച്ചിരുന്നു.

രേണുകാ..ഒന്നും പറഞ്ഞില്ല..മാഡം എന്റെ നേർക്കു തിരിഞ്ഞു.

ഇല്ല. സാധിക്കില്ല മാഡം..ഇനി എത്ര ശ്രമിച്ചാലും ഇയാൾക്കൊപ്പമൊരു ജീവിതം..എനിക്ക് ഡിവോഴ്സ് കിട്ടിയേ പറ്റു..ഉറച്ചതായിരുന്നു എന്റെ തീരുമാനം.

അജിത് എന്തു പറയുന്നു?

മാഡം…എനിക്ക്..എനിക്ക് പറയാൻ അർഹതയില്ല..എന്നാലും..

അർഹതയില്ലെന്ന് പൂർണ ബോധ്യമുണ്ടല്ലോ..പിന്നെ പറയാൻ നിൽക്കണ്ട. എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

തെറ്റ് ചെയ്യാത്തവർ ആരാണ് കുട്ടി. അതു തിരുത്തി ഒരവസരത്തിനു വരുമ്പോൾ.

ഈ പറഞ്ഞ തെറ്റ് ഞാനാണ് ചെയ്തതെങ്കിൽ…ഇപ്പൊ മാഡം എന്നോട് പറഞ്ഞത് ഇയാളോട് പറയുമായിരുന്നോ..സ്ത്രീ..എല്ലാം മറക്കണം..പൊറുക്കണം..ഇയാളെ പോലുള്ളവർക്ക് എന്തും ആകാം അല്ലേ..എനിക്ക് വയ്യ..എന്റെ ആത്മാഭിമാനം ചവിട്ടി അരച്ചവനൊപ്പം ജീവിതം പങ്കിടാൻ ഇനിയുമെനിക്ക് സാധിക്കില്ല..

എന്നോട് സംസാരിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോൾ അവർ പുറത്തിരുന്ന അമ്മയെ വിളിപ്പിച്ചു..അടുത്ത ഡ്രാമ അമ്മയുടെ വക ആയിരുന്നു..ആദ്യം സ്നേഹം, പിന്നെ കരച്ചിൽ..ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്..പിന്നെ സമൂഹം എന്തു പറയുമെന്ന പേടി..ഒരു പെൺകുഞ്ഞാണ്‌ വളർന്നു വരുന്നതു എന്ന ഭയം..അങ്ങനെ കുറെ എന്തൊക്കെയോ അമ്മ പറഞ്ഞു…

എനിക്കും ഒരുപാടു പറയാനുണ്ടായിരുന്നു…വലതുകാൽ വെച്ചയാളുടെ ജീവിതത്തിലേക്ക് ചെന്നു കയറിയ അന്ന് തൊട്ടു ഏറ്റുവാങ്ങിയ  അവഗണനകളുടെ കഥ…കാണാൻ ഭംഗിയില്ലാത്ത കറുമ്പിയെ കെട്ടിയതു സ്ത്രീധനം മോഹിച്ചു തന്നെ ആണെന്ന് ആദ്യരാത്രി കേൾക്കേണ്ടി വന്നൊരു നിസ്സഹായയുടെ കഥ…വിവാഹത്തിന് മുൻപ് പഠിത്തം തുടരാൻ സമ്മതിക്കാമെന്നൊരു വാക്ക തന്നിട്ട്…മുടക്കാ ചെരക്കിനെ കെട്ടി കൊണ്ടോന്നതും പോരാ ഇനി തുള്ളിക്കാനും വിടണോ എന്നു ചോതിച്ചപ്പോളുണ്ടായ വ്യഥ…ഒരുപാടു സ്വപ്നങ്ങൾ കണ്ടൊരു ജീവിതത്തിലേക്ക് ചെന്നവളെ അന്യരുടെ മുന്നിൽ വെച്ചു പോലും കളിയാക്കി പുച്ഛിച്ചപ്പോൾ അനുഭവിക്കേണ്ടി വന്ന ആത്മ നൊമ്പരങ്ങളുടെ കഥാ…ആരും കാണാതെ കരഞ്ഞു തീർത്ത ഉപ്പു കലർന്ന കണ്ണുനീരിന്റെ കഥാ…

എല്ലാം അയാൾ അപഹരിച്ചു…എന്നിലെ പാട്ടും…കവിതയും..ചിന്തകളും…എല്ലാം തല്ലിക്കൊഴിച്ചൊരു അടുക്കളക്കാരിയായി മാറ്റിയെന്നെ..മ-ദ്യപിച്ചാൽ മാത്രം, അയാൾക്ക്‌ ഉപയോഗിക്കാനൊരു ശരീരം മാത്രമായിരുന്നു ഞാൻ. എനിക്ക് തന്ന ശരീര സുഖത്തിനുപോലും കണക്കു പറഞ്ഞിട്ടുള്ള ചെ-കുത്താനാണ് ഇയാൾ..എല്ലാത്തിനും കൂട്ട് അയാൾക്ക്‌ അമ്മയും..മരുമകൾ എന്നാൽ വേലക്കാരിക്ക് പകരം കൊണ്ടു വന്നൊരു യന്ത്രം ആണെന്നായിരുന്നു അവരുടെ ചിന്ത…സ്വന്തം മാതാ പിതാക്കളെ കാണാൻ പോകാൻ പോലും അനുവാദത്തിനു കാത്തു കിടക്കണം..എന്നാൽ മറ്റുള്ളവരുടെ മുന്നിൽ സ്നേഹ നിധിയായ അമ്മായിഅമ്മ അല്ല അമ്മയായിരുന്നു അവർ..അത്രയ്ക്ക് നന്നായി അഭിനയിക്കുമായിരുന്നു അവർ..

ഒടുവിൽ പരസ്ത്രീകളുമായുള്ള ബന്ധം വളരെ വൈകിയാണ് ഞാൻ അറിയുന്നത്. ചോദ്യം ചെയ്ത എന്നോട്..പിന്നെ അരിച്ചാക്കുപോലെ ഉള്ള നിന്നെ എന്തിനു കൊള്ളാടി..പറ്റില്ലെങ്കിൽ ഇട്ടിട്ടു പോ എന്നു പറഞ്ഞ അന്ന് ഇറങ്ങിയതാണ് അവിടെ നിന്നു…വിവാഹമോചനത്തിനും അയാൾക്ക്‌ സന്തോഷമായിരുന്നു..

അവസാനം കാമുകിയെ സു-ഖിപ്പിക്കാൻ കൂടുതൽ പണത്തിനു വേണ്ടി ഓഫീസിൽ വെട്ടിപ്പ് നടത്തി..പിടിക്കപ്പെട്ടപ്പോൾ ജോലി പോയി..ജോലിയും, പൈസയും ഇല്ലാതായപ്പോൾ കാമുകി ഇയാളെ ഉപേക്ഷിച്ചു വേറെ ഒരുത്തന്റെ ഒപ്പം പോയി.ചോദിക്കാൻ ചെന്നപ്പോൾ കണക്കിന് കിട്ടി…ഇപ്പൊ എല്ലാവർക്കും മുന്നിൽ നല്ല പിള്ള ചമയയാൻ ഭാര്യയും, കുഞ്ഞും വേണം..ഇപ്പോഴാണ് ഞങ്ങളെ ഓർത്തത്‌..ആവശ്യം വന്നപ്പോൾ..

നാളെ ഇയാള് സ്വന്തംകാലിൽ നിൽക്കാറാകുമ്പോൾ പഴയതു പോലെ ആകില്ലെന്ന് മാഡത്തിനു  ഉറപ്പു തരാൻ പറ്റോ…ഇപ്പൊ ചെറുതാണെങ്കിലും എനിക്കൊരു ജോലി ഉണ്ട്..അതുവേച്ചു എന്റെമോളെ ഞാൻ എങ്ങനെ എങ്കിലും വളർത്തിക്കൊള്ളാം…ഇങ്ങനത്തെ ഒരു അച്ഛൻ ഉണ്ടെന്നു പറയുന്നതിലും നല്ലത്…

ബാക്കി ഞാൻ  പറഞ്ഞില്ല…പിന്നെ സമൂഹം ഞാൻ അനുഭവിച്ച നരകയാതനകളിൽ എന്റെയൊപ്പം നിൽകാത്ത സമൂഹം ഇനി എന്നെ വിധിക്കണ്ട..ആരെന്തു പറഞ്ഞാലും ഞാൻ കഷ്ടപ്പെട്ടാണ് എന്റെമോളെ നോക്കുന്നത്…എന്റെ ദുരിതത്തിൽ ഒരു കൈത്താങ്ങു ആകാത്ത ആരുടേയും സർട്ടിഫിക്കറ്റിന്റെ പിന്തുണ വേണ്ട ഇനിയുള്ള കാലം എന്റെ മോളെയും നോക്കി മനസമാധാനത്തോടെ അന്തസ്സായി ജീവിക്കാൻ എന്നു പറഞ്ഞു കുഞ്ഞുമായി ഞാൻ  പുറത്തേക്കിറങ്ങി..ചില ഉറച്ച ലക്ഷ്യങ്ങളോടെ…

****************

ഇരുപത്തിമൂന്നു വർഷങ്ങൾക്കിപ്പുറം രേണുക ഇന്നു U.K യിലെത്തി ഇരിക്കുകയാണ്. കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നു ഉയർന്ന മാർക്കോടെ ഡോക്ടറേറ്റ് നേടിയ..ഡോക്ടർ മീനാക്ഷി രേണുക യുടെ അവാർഡ് ധാന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യ അതിഥിയായി..നിറഞ്ഞ മനസ്സോടെ ഒപ്പം സന്തോഷം കൊണ്ടു ഈറനനിഞ കണ്ണുകളുമായി…

മീനാക്ഷി വേദിയിൽ വന്നു പുരസ്‌കാരം സ്വീകരിച്ചു..തന്നോടു ഒപ്പം തന്നെ അമ്മയും വേണമെന്ന് അവൾക്കു നിർബന്ധം ആയിരുന്നു..ശേഷം അവൾ സംസാരിച്ചു തുടങ്ങി…

My mother, Renuka Krishnan, is my role model. She inspires and motivates me to grow without any barrier. She looked after me and supported me in every part of my life. Right from childhood she has been with me like my shadow. It had been riddled with hurdles and difficulties, but she has managed to cross them all to because of the amazing and independent person she is…….

മീനാക്ഷിയുടെ പ്രസംഗം തുടർന്നു കൊണ്ടിരുന്നു. അവളുടെ ഓരോ വാക്കിലും അമ്മ പ്രതിഫലിച്ചു നിന്നു…അളവിൽ കവിഞ്ഞ സന്തോഷവും കണ്ണു നിറയ്ക്കും..അല്ലേ??…അങ്ങനെ നിറഞ്ഞ കണ്ണുകളുമായി ഞാൻ വേദിയിൽ നിന്നിറങ്ങി…അപ്പോൾ എന്നിൽ  നിന്നു അടർന്ന കണ്ണു നീരിൽ പലതും കലർന്നിരുന്നു…ഇരുപത്തിമൂന്നു വർഷം പിന്നിലോട്ടു നോക്കുമ്പോൾ…ഭർത്താവിനെ ഉപേക്ഷിച്ചവളെന്നും, തന്റേടി എന്നും, തോന്നിവാസിയെന്നും നാടും, വീടും കുറ്റപ്പെടുത്തിയിട്ടും പതറാതെ പിടിച്ചു നിന്നു പൊരുതി ജീവിത വിജയം നേടിയ നല്ല തന്റേടിയായ, ആത്മാഭിമാനമുള്ള പെണ്ണിന്റെ വിജയത്തിന്റെ കൂടെ കണ്ണു നീരായിരുന്നു അതു…

ഒറ്റപെടുത്തിയവനോട്, മോളെയും, തന്നെയും ഉപേക്ഷിച്ചു സ്വന്തം സുഖം തേടി പോയവനോട്  മധുരപ്രതികാരം ചെയ്‌തവളുടെ വിജയ ചിരിയോടെ രേണുക നടന്നു നീങ്ങി പുതിയ ജീവിത വഴികളിലേക്ക്…

ചെയ്തു തീർക്കാൻ ഇനിയും ഏറെ എന്തൊക്കെയോ ഉള്ളവളുടെ ത്വരയോടെ..

പരാജയത്തിന്റെ മുൾകിരീടത്തിൽ പതറാതെ ജീവിത വിജയം നേടിയ തന്റേടികൾക്കായി സമർപ്പണം….

~Aswathy Joy Arakkal