എനിക്ക് ശേഷം അമ്മയ്ക്ക് രണ്ടു മക്കൾ കൂടിയുണ്ടായി. രണ്ടനിയന്മാർ. അവരെ എനിക്ക് ഇഷ്ടം തന്നെ…

ഒരു ജന്മത്തിന്റ കടം….

Story written by AMMU SANTHOSH

============

അയാളെ എനിക്കിഷ്ടമായിരുന്നില്ല, എന്റെ അമ്മയുടെ ഭർത്താവായിട്ടു അയാൾ വരുമ്പോൾ എനിക്ക് നാലു വയസ്സാണ്. അച്ഛൻ എന്ന് വിളിക്കാൻ അമ്മ ഒരു പാട് പറഞ്ഞു നോക്കി. ഞാൻ വിളിച്ചില്ല. അച്ഛൻ എന്ന് മനസ്സിൽ തട്ടി ഒരാളെയല്ലേ നമുക്ക് ഈ ജന്മം വിളിക്കാൻ കഴിയു? എന്റെ അച്ഛൻ ഒരു അപകടത്തിൽ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. ഞാൻ കണ്ടിട്ടില്ലെങ്കിലും മനസ്സിൽ അതാണ് എന്റെ അച്ഛൻ…

എനിക്ക് ശേഷം അമ്മയ്ക്ക് രണ്ടു മക്കൾ കൂടിയുണ്ടായി. രണ്ടനിയന്മാർ. അവരെ എനിക്ക് ഇഷ്ടം തന്നെ. പക്ഷെ അയാളെ, എന്തൊ ഒട്ടും ഇഷ്ടം അല്ല…

അയാൾക്ക് പക്ഷെ എന്നോട് ഇഷ്ടമായിരുന്നു. പലഹാരം വീതംവെയ്ക്കുമ്പോൾ തൊട്ട് ഒരു ഷർട്ട്‌ വാങ്ങുമ്പോൾ പോലും ആദ്യം ഉണ്ണിക്ക് എന്ന് വെച്ചിട്ടേ ചെയ്യാറുള്ളു. ചിലർ നമ്മെ എത്ര സ്നേഹിച്ചാലും നമുക്ക് തിരിച്ചു ഒരിഷ്ടം തോന്നില്ല. അത് അങ്ങനെയാണ്…

എവിടെ എങ്കിലും പോകുമ്പോൾ

“അച്ഛനോട് പറഞ്ഞിട്ട് പോ ഉണ്ണി..” എന്ന് അമ്മ

“എന്റെ അച്ഛൻ മരിച്ചു പോയി..” എന്ന് ഞാൻ.

അമ്മയുടെ കണ്ണ് നിറയുമ്പോൾ ഒരു വേദന തോന്നും. പക്ഷെ അയാളോട് പറഞ്ഞിട്ട് പോകാനെനിക്ക് തോന്നിട്ടില്ല.

ജോലി കിട്ടിയപ്പോഴും പറഞ്ഞില്ല. സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങിയപ്പോൾ ആദ്യം കയറ്റി ഓടിച്ചു പോയത് അമ്മയെയും കൊണ്ടാണ്. അമ്മയെ അത്ര ഇഷ്ടമാണെനിക്ക്.

“അച്ഛൻ പാവമാ ഉണ്ണി. നിന്നേ എന്തിഷ്ടമാണ്. നോക്കു അനിയൻമാരോട് ഉണ്ണിയെ കണ്ടു പഠിക്കു എന്ന് പറയുന്നത് ഇഷ്ടം ഉണ്ടായിട്ടല്ലേ?”

“വെറുതെ അല്ല അവന്മാർക്ക് എന്നെ ഇപ്പൊ അത്ര ഇഷ്ടം അല്ലാത്തത്…” ഞാൻ ചിരിച്ചു.

“പോ ചെക്കാ…” അമ്മ എന്നെ ഒന്ന് നുള്ളി.

“എന്നെങ്കിലും നീ അച്ഛനെ മനസിലാക്കും ഉണ്ണി..ആ നൻമ, സ്നേഹം ഒക്കെ..അന്ന് ഞാൻ ഉണ്ടാകുമോ ആവോ?”

എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു. അമ്മയോടെന്തോ പറയാൻ ഞാൻ തിരിഞ്ഞത് കൊണ്ടാണ് എതിരെ വന്ന ലോറി ഞാൻ കാണാഞ്ഞത്..

എന്റെ കണ്മുന്നിൽ അമ്മയുടെ ഉടലിനെ തെറിപ്പിച്ചു കൊണ്ട് ലോറി നിർത്താതെ ഓടിച്ചു പോയി. എനിക്ക് നിസാരപരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു…

അലറിക്കരഞ്ഞു കൊണ്ട് ഞാൻ വഴിയേ പോയ എല്ലാവരോടും കെഞ്ചി. ആരും നിർത്തിയില്ല.

ഞാൻ ഫോൺ എടുത്തു. ആരെ വിളിക്കണം എന്നോർത്തപ്പോൾ അയാളുടെ നമ്പർ എന്റെ ഫോണിൽ തെളിഞ്ഞു. “ഉണ്ണി എന്താ മോനെ വൈകുന്നത്?”

“അമ്മ…അമ്മ…” ഞാൻ പൊട്ടിക്കരഞ്ഞു.

അയാൾ വന്നു. ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും അമ്മയിൽ നേർത്ത ചലനം മാത്രമേ ശേഷിച്ചിരുന്നുള്ളു.

“അമ്മയെ കൊണ്ട് പോയി കൊന്നോടാ നീ?” അനിയൻ എന്റെ നെഞ്ചിൽ ശക്തിയായി പിടിച്ചു കുലുക്കി ചോദിച്ചപ്പോൾ അയാളുടെ കണ്ണിൽ നിന്നു തീ പാറുന്നത് ഞാൻ കണ്ടു.

“മിണ്ടരുത് മാറി നിൽക്കെടാ…”

അനിയനെ മാറ്റി നിർത്തി തകർന്നു പോയ എന്നെ ആ നെഞ്ചിൽ ചേർത്ത് പിടിച്ചു

“അമ്മക്കൊന്നൂല്ല ട്ടോ എന്റെ മോൻ കരയാതെ…”

എന്റെ ഉടൽ വിറച്ചു കൊണ്ടിരുന്നു. പോലീസ് വന്നപ്പോഴും പറഞ്ഞു

“എന്റെ മോൻ സ്പീഡ് കുറച്ചേ ഓടിക്കുവുള്ളു സാറെ. അവന് ഒരു അബദ്ധം പറ്റിയതാവും. അല്ലെങ്കിൽ ആ ലോറിക്കാരുടെ തെറ്റാവും. അവനെ സങ്കടപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ഇപ്പൊ ചോദിക്കരുത്. അവനൊന്നു നോർമൽ ആയിക്കോട്ടെ…”

എനിക്കാ നെഞ്ചിന്റെ ചൂടിൽ നിന്നു മാറാൻ ഒരു പേടി തോന്നി. എല്ലാവരുടെയും കുറ്റപ്പെടുത്തിയുള്ള മൂർച്ചയുള്ള നോട്ടങ്ങൾ…

“അച്ഛനെങ്ങും പോകില്ല ട്ടോ മോൻ പേടിക്കണ്ട…”

ചൂട് കാപ്പി ചുണ്ടോട് ചേർത്ത് തരുമ്പോളും പിന്നെ ഒരു കഷ്ണം റൊട്ടി നിർബന്ധിച്ചു കഴിപ്പിക്കുമ്പോഴും ഞാൻ ആ മുഖത്തേക്ക് നോക്കി..

“കഴിക്ക്…അമ്മക്ക് ഒരു സർജറി ഉണ്ട്. അത് കഴിഞ്ഞു വരുമ്പോൾ എന്നോട് ചോദിക്കും. എന്റെ ഉണ്ണി വല്ലോം കഴിച്ചൊന്നു, അച്ഛനെ വഴക്ക് പറയും…” ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

“അമ്മ വരും..അവൾക്ക് അങ്ങനെ എന്നെ വിട്ട് പോകാനൊന്നും പറ്റില്ല. വരും…മോൻ കഴിക്ക്…”

എന്നെ ഒറ്റയ്ക്കാക്കാതെ..ചേർത്ത് പിടിച്ചു ആശുപത്രിയിൽ..ചോറ് വാരി തന്ന്, കണ്ണീര് തുടച്ച് അങ്ങനെ..ഞാൻ ഉറങ്ങുമ്പോൾ പോലും ഉണർന്ന് കാവലിരുന്ന ആ മനുഷ്യനെ എന്താ വിളിക്കേണ്ടത്? അച്ഛൻ എന്നോ? അതോ ദൈവം എന്നോ?

അമ്മ കണ്ണ് തുറന്നപ്പോൾ അച്ഛൻ എന്നെ കൂട്ടിക്കൊണ്ട് പോയി. അമ്മ നേർത്ത പുഞ്ചിരിയോടെ എന്നെ നോക്കി പിന്നെ അച്ഛനെയും…

അമ്മയെ വീട്ടിൽ കൊണ്ട് വന്നു കഴിഞ്ഞു അടുക്കളയിൽ അച്ഛനായി. എനിക്കിഷ്ടമുള്ളതെല്ലാം അച്ഛന് മനഃപാഠമാണെന്ന് അതിശയത്തോടെ ഞാൻ അറിഞ്ഞു. അപ്പോഴും അച്ഛാ എന്ന് ഒരായിരം തവണ ഉള്ളിൽ വിളിച്ചെങ്കിലും നേരിട്ട് വിളിച്ചില്ല. മൂന്ന് മാസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. ബുള്ളറ്റ് ശരിയായി കിട്ടിയെങ്കിലും തൊടാൻ ഒരു പേടി.

“ആ ബുള്ളറ്റ് എനിക്കിനി വേണ്ട അത് കൊടുത്തേക്ക്….” ഞാൻ അച്ഛനോട് പറഞ്ഞു

“എന്തിന്?” അച്ഛൻ ചിരിച്ചു

“എനിക്ക് ധൈര്യം ഇല്ല. അത് വേണ്ട…” ഞാൻ മെല്ലെ പറഞ്ഞു

“നീ വന്നേ….”

അച്ഛൻ ബുള്ളറ്റിന്റ കീ എടുത്തു എന്റെ കയ്യിൽ തന്നു.

“എന്നെ വെച്ചോണ്ട് ഒരു റൗണ്ട് ഓടിക്കാമോ നിനക്ക്…?”

എന്റെ കണ്ണ് നിറഞ്ഞു

“എനിക്ക് പേടിയാ അച്ഛാ…”

ജീവിതത്തിൽ ആദ്യമായി അച്ഛാ എന്ന് വിളിക്കുകയാണ്. ഇക്കുറി നിറഞ്ഞത് അച്ഛന്റെ കണ്ണുകളാണ്. അച്ഛൻ അമ്മയെ നോക്കുന്നത് കണ്ടു. അമ്മ മെല്ലെ ഒന്ന് ചിരിച്ചു.

“ഞാൻ ഓടിക്കാം എന്റെ പുറകിൽ ഇരിക്കാൻ പേടിയുണ്ടോ?…” അച്ഛൻ ചിരിച്ചു പിന്നെ അമ്മയെ വീണ്ടും നോക്കി. അമ്മയുടെ മുഖത്ത് നിലാവുദിച്ചത് പോലെ.

ഞാൻ അച്ഛന്റെ പിന്നിൽ ഇരുന്നു. അച്ഛന് നല്ല വേഗതയാണ്. ഞാൻ അച്ഛനെ വട്ടം പിടിച്ചു മുഖം ചുമലിൽ ചേർത്ത് വെച്ചു. അച്ഛന് നല്ല മണം. ഞാൻ ആ മണം ഉള്ളിലേക്ക് എടുത്തു കണ്ണടച്ച് ഒന്നുടെ ചേർത്ത് പിടിച്ചു..

“ലവ് യൂ അച്ഛാ….” അറിയാതെ പറഞ്ഞു പോയി.

“മോനെന്തെങ്കിലും പറഞ്ഞോ?”

എനിക്ക് ഒരു ചമ്മൽ തോന്നി.

“അത്.. പിന്നെ ഒരു മസാലദോശ കഴിക്കണം ന്ന് തോന്നുന്നു അത് പറഞ്ഞതാ…”

അച്ഛൻ മിററിലൂടെ എന്നെ നോക്കി ചിരിച്ചു

“ലവ് യൂ ടൂ…” അച്ഛൻ ഉറക്കെ പറഞ്ഞു..

ഞാൻ അച്ഛനെ വീണ്ടും ചേർത്ത് പിടിച്ചു. എന്റെ അച്ഛനാണിത്. എന്റെ സ്വന്തം അച്ഛൻ…ഈ സ്നേഹത്തിന്റെ കടം എനിക്ക് എന്റെ ഈ ജന്മം കൊണ്ട് തീർക്കാൻ പറ്റുമോ? അറിഞ്ഞൂടാ. ഒന്നറിയാം.

അച്ഛനെന്നത് ഒരു വികാരമാണ്…അച്ഛനെന്നത് ഭൂമിയിൽ ആർക്കും തരാൻ കഴിയാത്ത ധൈര്യവുമാണ്…

അങ്ങനെയൊരു അച്ഛനാകാൻ ജന്മം തരണ്ടന്നെ…