കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മെല്ലെ ഞാൻ കണ്ണ് തുറന്നത്. പുറത്തു ഇടവപ്പാതി തുള്ളിക്കൊരുകുടം പോലെ…

വയലറ്റ് മഷി

Story written by Keerthi S Kunjumon

=============

കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മെല്ലെ ഞാൻ കണ്ണ് തുറന്നത്…പുറത്തു ഇടവപ്പാതി തുള്ളിക്കൊരുകുടം പോലെ ആർത്തുപെയ്യാൻ തുടങ്ങിയിരുന്നു…യാത്രക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി…

പക്ഷേ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും നേരം ഞാൻ ഉറങ്ങിയോ….!!

മുഖത്തിന്റെ പകുതി ഭാഗം മഴത്തുള്ളികളാൽ നനഞ്ഞപ്പോൾ മെല്ലെ വിൻഡോ ഗ്ലാസ്സ് കയറ്റിയിട്ടു…ബാഗ് തുറന്നു തൂവാലയ്ക്കായി പരതിയപ്പോൾ കയ്യിൽ തടഞ്ഞത് ആ ബുക്കായിരുന്നു….മുന്നിൽ ഇന്നും സംശയങ്ങൾ നിറയ്ക്കുന്ന ചോദ്യചിഹ്നമായി നിൽക്കുന്ന ഒന്ന്…ഈ യാത്രയുടെ ലക്ഷ്യം തന്നെ അതല്ലേ…ഉള്ളിലെ കുറ്റബോധത്തിൽ നിന്നുണ്ടായ പ്രായശ്ചിത്തം..പതിയെ ഞാൻ അതിന്റെ പുറം ചട്ടയിൽ ഒന്ന് തലോടി വീണ്ടും കണ്ണുകളടച്ചു…അപ്പോഴേക്കും നിലകിട്ടാതെ മനസ്സ് ഓർമകളുടെ ചുഴിയിലേക്ക് പതിച്ചു…

***************

“ദേവി….ദേവി..!!! ആ വടി ഇങ്ങ് എടുത്തേ… “

പലിശപ്പിരിവും വാങ്ങി, ഒറ്റക്കര മുണ്ടിന്റെ അറ്റം  ഇടത് കയ്യാൽ ചെറുതായി ഉയർത്തിപിടിച്ചു, വലതു കക്ഷത്തിൽ ഒരു കറുത്ത ബാഗുമായി പഠിപ്പുര കടന്നു വരുന്ന അച്ഛൻ സന്ധ്യ നേരത്തെ പതിവ് കാഴ്ച്ചയാണെങ്കിലും, ഇന്നാ ഉയർന്നുതാഴ്ന്ന ശബ്ദവും, ഇരുണ്ട മുഖവും എന്തോ ദുസ്സൂചന നൽകിയെനിക്ക്….

“ഇന്നലെ നീ എമ്പ്രാന്തിരിടെ പറമ്പീന്ന് കർപ്പൂര മാങ്ങ മോഷ്ടിച്ചോ….? “

ഞാൻ നിശബ്ദം ആ കണ്ണുകളിൽ നോക്കി…അവ ചെറുതായി…പിന്നെയും ചെറുതായി…ആ ഗോളങ്ങൾ അച്ഛന്റെ കണ്ണുകളെ വിഴുങ്ങിയോ എന്ന് ഒരുനിമിഷം  അന്ധാളിച്ചുപോയി…അത്രയും ചെറുത്..!!! പക്ഷേ ആ കൺപീലികൾ വിറകൊള്ളുന്നുണ്ട്….

“ദേഷ്യം അങ്ങ്  ഉച്ചസ്ഥായിയിൽ എത്തുമ്പോ നിന്റെ അച്ഛന്റെ കണ്ണുകൾ ചെറുതാകും… ” പണ്ടെന്നോ മുത്തശ്ശി പറഞ്ഞ വാക്കുകൾ ഉൾവിളി പോലെ മനസ്സിലേക്ക് വന്നപ്പോൾ  കൈകാലുകൾക്ക് തളർച്ച ബാധിക്കുമ്പോലെ തോന്നി…

“ആര്യാ…നിന്നോടാ ചോദിച്ചത്….നീ ചെയ്തോ…? “

“ചെയ്തു…. “

എന്റെ മൗനം, ആ  ശബ്ദസീമകളെ ഭേദിക്കാൻ ഇടയാക്കുമെന്നോർത്ത നിമിഷം നാവ് അനങ്ങി…സത്യം പുറത്ത് വന്നു….എന്റെ തല താണിരുന്നു..അച്ഛന്റെ കണ്ണുകളിൽ നോക്കാൻ ഞാൻ അശക്തനായി…

അനുനിമിഷം ഉള്ളിൽ ഭയം ഇരച്ചുകയറി…മനസ്സ് മടിച്ചാണെങ്കിലും അച്ഛന്റെ ആജ്ഞ കലർന്ന ഒറ്റ വിളിയിൽ അമ്മ വടിയുമായി ഉമ്മറത്തേക്ക് എത്തിയിരുന്നു…ആ കണ്ണുകളിലും ഭയമായിരുന്നു എന്നും…അമ്മയിൽ നിന്ന് വടി പിടിച്ചു വാങ്ങി, എന്നെയും വലിച്ചു മുറ്റത്തെ തുളസിത്തറക്കരികിൽ വന്നു നിന്നു…കടുംനീല നിറമുള്ള ആ കുഞ്ഞു നിക്കറിന്റെ അയഞ്ഞ ഇരുകാലുറകളെയും കൂട്ടിപ്പിടിച്ചു എന്റെ തുടയിൽ പൊതിരെ തല്ലുമ്പോൾ ‘ഇനി ചെയ്യോ,  ഇനി ചെയ്യോ… ‘ എന്ന് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു…

നിലവിളിച്ചു കൊണ്ട് ‘ഇല്ലാ… ഇല്ലാ’ എന്ന് ഞാൻ അലറുമ്പോഴും കണ്ണുകൾ മുറുക്കെ അടച്ചിരുന്നു…. 

“കുറെ കുട്ടിക്കുരങ്ങുകളെയും കൂട്ടി ആരാന്റെ പറമ്പിൽ കയറിയിരിക്കുന്നു…ഇവിടുത്തെ പുരയിടത്തിൽ ഇല്ലാഞ്ഞിട്ടാണോ… “

കലി ഒന്നടങ്ങിയപ്പോൾ കയ്യിലെ വടി മുറ്റത്തേക്ക് എറിഞ്ഞിട്ട് അച്ഛൻ ഉമ്മറത്തേക്ക് കയറി…അമ്മ വന്ന് ആ വടിയുമായി അകത്തേക്ക് കയറുമ്പോൾ എന്നെയും അച്ഛനെയും മാറി മാറി നോക്കി…അച്ഛന്റെ ആജ്ഞ ഇല്ലാതെ എനിക്കരികിലേക്ക് വരാൻ അമ്മക്ക് അനുവാദമില്ല…അച്ഛന്റെ  അലർച്ചയും, എന്റെ നിലവിളിയും, അമ്മയുടെ അടക്കിപ്പിടിച്ച വിതുമ്പലും എല്ലാം കേട്ട് പേടിച്ചരണ്ട, രണ്ട് വയസ്സുകാരൻ അനുക്കുട്ടനെയും എടുത്ത് അമ്മ അകത്തേക്ക് പോയി…ഞാൻ തുടയിൽ അമർത്തി പിടിച്ചു മുറ്റത്ത് തന്നെ നിന്നു..നിറകണ്ണുകളുമായി…

എന്റെ തെറ്റുകൾക്ക് ഉള്ള മറുപടി എന്നും തന്നിരുന്നത്, മുറിയിലെ കഴുക്കോലിന് പിന്നിൽ സ്ഥാനം ഉറപ്പിച്ച പഴുക്കാച്ചൂരലായിരുന്നു…വീട്ടിൽ എന്നേക്കാൾ സ്ഥാനമുള്ള ഒന്ന്….ഇപ്പോഴും എനിക്ക് മുന്നേ അതിനെ അച്ഛന്റെ മുറിയിൽ അമ്മ പ്രതിഷ്ഠിച്ചിരിക്കും…

“ആര്യാ, അകത്തു കേറിപ്പോ…. “

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മുറിയിലേക്ക് ഓടിച്ചെന്ന്‌ കട്ടിലിൽ വീണു…തലയിണയിൽ പതിച്ച കണ്ണീരിന്റെ ചൂട് മുഖത്തേക്ക് പടർന്നപ്പോൾ, അടിയേറ്റു തിണിർത്ത പാടുകളും അമ്മയുടെ കണ്ണീർചൂടേറ്റ് പൊള്ളി…ആ കൈകൾ മെല്ലെ പാടുകളിൽ തലോടി….ഞാൻ അനങ്ങിയില്ല….

പലിശക്കാരന്റെ കണ്ണുകളിലെ ക്രൗര്യത്തെ വെറുക്കാൻ പഠിപ്പിച്ചത് തുടയിൽ പതിഞ്ഞ ചൂരൽപാടിന്റെ നീറ്റലായിരുന്നു…പിറ്റേന്ന് രാവിലെ മേശമേൽ പൂളിവെച്ച കർപ്പൂരമാങ്ങയുടെ മധുരത്തേക്കാൾ, ആ ചൂരൽ കഷായത്തിന്റെ കയ്പ്പേറി നിന്നു….

മൂന്നാം തരത്തിലെ കൊല്ലപരീക്ഷയിൽ കണക്കിന് മാർക്ക്‌ കുറഞ്ഞപ്പോൾ വീണ്ടുമാ ചൂരൽ വായുവിൽ ഉയർന്നു താഴ്ന്നു…പിന്നീടുള്ള ഇടദിവസത്തത്തെ സന്ധ്യകളിൽ അച്ഛൻ എന്നെ കണക്ക് പഠിപ്പിക്കാൻ തുടങ്ങി…എത്ര പഠിച്ചിട്ടും ഏഴിന്റെയും എട്ടിന്റെയും ഗുണനപട്ടികകൾ എന്നോട് പിണങ്ങിയിരുന്നു…പലിശക്കാരന്റെ കണ്ണുകൾ വീണ്ടും ചെറുതായി…തുടയിലെ നീറ്റൽ ഏറിവരുമ്പോൾ മനസ്സിലും കയർപ്പുതോന്നി തുടങ്ങി…

കണക്ക് മാഷ് അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിയ പലിശക്കാശിന്റെ അവധി തെറ്റുമ്പോൾ അവർക്കിടയിലുണ്ടായ വാക്കേറ്റങ്ങൾക്ക് ഇര ആകേണ്ടി വന്നതും ഞാനായിരുന്നു…നാലാം തരത്തിലെ ഓണപരീക്ഷയിൽ കണക്കിന് ഞാനൊഴികെ ക്ലാസ്സിലെ എല്ലാവരും ജയിച്ചു…ശരി ഉത്തരത്തിന് പോലും ചുവപ്പ് വരകൾകോറി മാർക്ക് കുറച്ചതിന്റെ കാരണം അധികം ചിന്തിക്കേണ്ടി വന്നില്ലെനിക്ക്…

“ഹാ…കഷ്ടം,  നാട്ടുകാരുടെ ജീവിതത്തിന്റെ കണക്കുകൂട്ടല് തെറ്റിക്കുന്ന പലിശക്കാരന്റെ മോന് കണക്കെല്ലാം പിഴച്ചല്ലോ….കൂട്ടിയിട്ടും കിഴിച്ചിട്ടും ജയിക്കുന്നില്ലല്ലോ കുട്ടിപ്പലിശക്കാരാ…. “

ചുണ്ടിൽ ഊറി വന്ന പരിഹാസച്ചിരിയുമായി മാഷത് പറഞ്ഞപ്പോ കുട്ടികൾ ആർത്തുചിരിച്ചു…

“പലിശക്കാരന്റെ മകൻ” വീണ്ടും വീണ്ടും ഞാനാവിളിയെ വെറുത്തു…

അവരുടെ പരോക്ഷ യുദ്ധത്തിനും പലിശക്കണക്കിലെ പ്രതികാരത്തിനും എന്റെ നാലാം തരത്തിലെ ഉത്തരക്കടലാസുകൾ പിന്നെയും മൂകസാക്ഷിയായി…ചൂരലിന്  കഴുക്കോലിൽ  ഇരിപ്പ് ഉറച്ചതുമില്ല…

വയസ്സ് മൂന്ന് തികയുംമുന്നേ അനുക്കുട്ടനെ എഴുത്തിനിരുത്തി….ആശാൻ പള്ളിക്കൂടത്തിലേക്കുള്ള അവന്റെ പോക്ക് എനിക്കൊപ്പമായി…പിന്നീടവന്റെ കുരുത്തക്കേടുകൾക്ക് പിന്നാലെയായി എന്റെ ഇരു കണ്ണുകളും…

“ആനുകുട്ടാ….മോനെ… “

അമ്മ ഏറെ നേരമായി വിളിച്ചിട്ടും അവന്റെ അനക്കം ഒന്നും കേട്ടില്ല…ഒരു കുരുത്തക്കേടിന്റെ മണവും പിടിച്ചു ഞാൻ നേരെ പോയത് അച്ഛന്റെ മുറിയിലേക്കാണ്…മുന്നിൽ കണ്ട കാഴ്ച്ചയിൽ ഒന്ന് പകച്ചുനിന്നു…

അച്ഛന്റെ മഷിപ്പേനയുമായി അവൻ നിലത്തിരിക്കുന്നു…അതെ ആ വയലറ്റ് മഷി പേന തന്നെ…ആശാൻ പള്ളിക്കൂടത്തിലെ മണലിൽ എഴുതുമ്പോഴും,  കല്ല് പെൻസിൽ കൊണ്ട് മുറി സ്റ്റേറ്റിൽ എഴുതി മഷിത്തണ്ട് വെച്ച് മായ്ക്കുമ്പോഴും, പിന്നെ മുന മാറ്റുന്ന മിനുക്കമുള്ള പെന്സില് കയ്യിൽ വന്നപ്പോഴുമെല്ലാം എന്നെ മോഹിപ്പിച്ച ഒന്ന്, അച്ഛന്റെ മഷിപ്പേന, അത് വെച്ച് എഴുതുന്ന വയലറ്റ് അക്ഷരരങ്ങൾ…വയലറ്റ് മഷി നിറച്ചുവെച്ച ആ ചില്ല്കുപ്പി….

ആദ്യമായി ക്ലാസ്സിൽ പേന കൊണ്ട് വന്ന അക്ഷയ്യെ എല്ലാരും ആരാധനയോടെ നോക്കിയപ്പോൾ ഞാനും വിട്ട് കൊടുത്തില്ല…

“ഇത് സാധാ പേനയല്ലേ, എന്റെ അച്ഛന്റെ കയ്യിൽ മഷിപ്പേനയുണ്ടല്ലോ…വയലറ്റ് മഷി നിറക്കുന്നത്… “

“പോടാ…വയലറ്റ് മഷി ഒന്നുമില്ല…”

“ആര് പറഞ്ഞു…അച്ഛന്റെ ഡയറിക്കുള്ളിൽ ഞാൻ കണ്ടിട്ടുണ്ടല്ലോ…വയലറ്റ് മഷി വരും..ഞാൻ കൊണ്ട് വരാം…. “

വെറും വീമ്പു പറഞ്ഞതല്ല എന്ന് തെളീക്കാനുള്ള എന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലമായി…മുറിയിലെ കഴുക്കോലിന് പിന്നിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന ചൂരൽ കാണുമ്പോ പേന എടുക്കാനായി നീണ്ട കൈകൾ മെല്ലെ എന്റെ തുടയിയിൽ എത്തും…പിന്നെ അവിടെ നിൽക്കാൻ ധൈര്യം ഉണ്ടാകില്ല…അങ്ങനെ വയലറ്റ് മഷിപ്പേന എന്ന മോഹം മനസ്സിൽ ചാരം മൂടി കിടന്നു…

എന്നാൽ ഇന്ന് എനിക്ക് മുന്നേ ഇവൻ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു…

“വിപ്ലവമാണ്, പലിശക്കാരന്റെ ഗർവ്വിനെതിരെയുള്ള വിപ്ലവം…. “

ആ നാല് വയസ്സുകാരൻ വിപ്ലവകാരിയെ ഞാൻ അസൂയയോടും ആരാധനയോടും കൂടി  നോക്കി നിന്നു…

“അനുകുട്ടാ…  “

ആകുലത നിറഞ്ഞ ആ വിളികേട്ട്  ഉണർന്നപ്പോൾ ഞാൻ കണ്ടു, അമ്മക്ക് നേരെ എന്റെ സ്വപ്ന മഷിപ്പേനയും നീട്ടി നിൽക്കുന്ന കുഞ്ഞനിയനെ…പരിഭ്രമത്തോടെ അമ്മ താഴേക്ക് നോക്കിയപ്പോ അച്ഛന്റെ ഡയറിയും അതിനുള്ളിൽ മറ്റൊരു ബുക്കും…ആ ബുക്കിന്മേൽ വയലറ്റ് മഷി നിറച്ച ചില്ല്കുപ്പി വീണ് കിടപ്പുണ്ട്…..അതിന്റെ ഒരു താളിൽ നിറയെ മഷിപടർന്നു… 

അമ്മ ആ ബുക്ക് നിവർത്തി നോക്കി കണ്ണീർ വാർത്തു, പിന്നെ അനുക്കുട്ടനെ ശാസിക്കേം  അടിക്കേം ചെയ്യുന്നുണ്ട്…ആദ്യമായാണ് അമ്മയിൽ ഇങ്ങനെ ഒരു ഭാവം…അമ്മ വേഗം മഷി പുരണ്ട ആ ബുക്ക് ഡയറിക്കുള്ളിലാക്കി മേശമേൽ വെച്ചു…തൊട്ടരികിൽ വയലറ്റ് മഷി നിറച്ച ചില്ല് കുപ്പിയും വെച്ച്, അനുകുട്ടന്റെ കയ്യിൽ നിന്ന് പേന വാങ്ങി ഡയറിക്കുള്ളിൽ തിരുകി…

അവന്റെ വെള്ളക്കുപ്പായത്തിന്റെ ഒരു വശം മുഴുവൻ വയലറ്റ് നിറമായി…നിലത്തും കുറേശ്ശേ പടർന്നിട്ടുണ്ട്…ചില്ല് കുപ്പിയിലെ പകുതി ഭാഗം കാലിയായിട്ടുണ്ടാകും…എന്റെ കണ്ണുകൾക്ക് മാത്രം വെള്ള കുപ്പായത്തിലെ വയലറ്റ് മഷിക്കറ ഒരു മനോഹര ചിത്രമായി തോന്നി….പക്ഷേ അമ്മ വേഗം അവന്റെ കുപ്പായം വലിച്ചൂരി, അത് വെച്ച് തന്നെ നിലത്തെ മഷിക്കറ തുടച്ചു…അപ്പോഴെല്ലാം അമ്മയുടെ  കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു, കൈകൾ വിറകൊണ്ടു….അനുട്ടനെയും എടുത്ത് എന്റെ കയ്യിൽ പിടിച്ചു അമ്മ മുറിക്കു പുറത്തേക്ക് ഇറങ്ങി…

അച്ഛന്റെ പേന എടുത്തതിനു അനുക്കുട്ടനും ചൂരൽ കഷായം കിട്ടുമോ എന്ന ഭയമാണ് അമ്മയുടെ കരച്ചിലിന് കാരണമെന്ന നിഗമനത്തിൽ ഞാൻ എത്തി….

“കൂട്ടുകാർക്ക് കാണിച്ചു കൊടുത്ത് ഗമകാട്ടാനോ കഴിഞ്ഞില്ല….ഒന്ന് അത് വെച്ചു എഴുതിയെങ്കിലും നോക്കാം…” വയലറ്റ് അക്ഷരങ്ങൾ എന്നെ വീണ്ടും മോഹിപ്പിച്ചു…

അമ്മ കാണാത്ത തക്കം നോക്കി ഞാൻ അച്ഛന്റെ മുറിയിൽ കയറി….മെല്ലെ ഡയറി തുറന്നപ്പോൾ ആദ്യം കണ്ടത് അതിനുള്ളിലെ ബുക്ക്‌ ആയിരുന്നു…നീലയും കറുപ്പും ചുവപ്പും കലർന്ന  പുറംചട്ടയിൽ നീളൻ മൂക്കുള്ളൊരു തൊപ്പിക്കാരന്റെ ചിത്രം…..

തപ്പിപെറുക്കി ഞാനാ പേര് വായിച്ചു….

“നെ…രൂ…ദ…യു…ടെ  ക…വി…ത…ക…ൾ !!!! “

ഞാൻ അതിലെ താളുകൾ മറിച്ചു…മഷി പടർന്ന താള് തൊട്ടടുത്തതിൽ പറ്റിച്ചേർന്നിരുന്നു…മെല്ലെ ഞാനത് വേർപ്പെടുത്തി, എങ്കിലും കുറച്ചു ചീന്തിപ്പോയി…അതിലെ അക്ഷരങ്ങൾ ആ വയലറ്റ് മഷിക്ക് പിന്നിൽ ഒളിച്ചു…എന്റെ കണ്ണുകൾ പേനയിൽ പതിഞ്ഞപ്പോൾ ബുക്ക്‌ തുറന്ന ഡയറിക്കുള്ളിൽ വെച്ചു…

ആവേശത്തോടെ പേന കയ്യിലെടുത്തു…അപ്പോൾ എന്തെഴുതുമെന്നായി സംശയം..കാലങ്ങളായുള്ള മോഹമാണ് പൂവണിയാൻ പോകുന്നത്…ഉത്കണ്ഠ നിറഞ്ഞ ആനന്ദം എന്റെ മനസ്സിലെ അക്ഷരങ്ങളെ മറച്ചു…ഒടുക്കം ഗഹനമായ ചിന്തകൾക്കൊടുവിൽ ഞാനാ തീരുമാനത്തിൽ എത്തി…സ്വന്തം പേര് തന്നെ എഴുതാം…ഡയറിയിൽ നിന്ന് ചീന്തിയെടുത്ത പേപ്പറിൽ ഞാൻ എഴുതി…

“ആര്യൻ !!!!”

“ആര്യാ….. ” പിന്നിൽ നിന്നാ അലർച്ചകേട്ട് കയ്യിലെ മഷിപ്പേന നിലത്തേക്ക് ചാടി…കൈതട്ടി മഷിക്കുപ്പി ചിന്നി ചിതറി…

എന്നിലേക്കും മേശമേൽ ഇരുന്ന ഡയറിയിലേക്കും അച്ഛന്റെ നോട്ടം പാഞ്ഞെത്തി…പെട്ടന്ന് ആ ബുക്ക്‌ കയ്യിലേക്ക് എടുത്ത് താളുകൾ മറിച്ചു…മഷിപുരണ്ട താളുകളിലേക്ക് നോക്കിയതും, ആ കണ്ണുകൾ നിറഞ്ഞു വന്നു…ധാരയായി വീണ കണ്ണുനീരിൽ വയലറ്റ് മഷി വീണ്ടും പടർന്നു ആ അക്ഷരങ്ങളെ നനച്ചു…

വല്ലാതെ ഭയം തോന്നി…അച്ഛൻ…അച്ഛൻ കരയുന്നു !!!

പൊടുന്നനെ ആ കണ്ണുകൾ ചെറുതായി…മേശമേൽ  ബുക്ക്‌ ശക്തിയോടെ ഇട്ട്കൊണ്ട്, കഴുക്കോലിന് പിന്നിൽ നിന്ന് ചൂരൽ വലിച്ചെടുത്ത് എന്റെ തുടയിൽ അറഞ്ഞു…ശിക്ഷയോടൊപ്പമുള്ള പതിവ് ശാസനകളൊന്നും ആ നാവിൽ നിന്ന് വീണില്ല..പകരം ആ  കുറുകിയ കണ്ണുകളിൽനിന്നും നീർതുള്ളികൾ ഇടതടവില്ലാതെ പ്രവാഹം തുടർന്നു…

ഞാൻ അലറിക്കരഞ്ഞുകൊണ്ട് ഓരോ പ്രഹരവും ഏറ്റുവാങ്ങുമ്പോൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു…

ഞാൻ ഈ ശിക്ഷക്ക് അർഹനാണ്…

അനുവാദമില്ലാതെ മഷിപ്പേന എടുത്തതിന് !!! അത് വെച്ച് എഴുതിയതിന് !!! പേന നിലത്തിട്ടതിന് !!!ഡയറിയുടെ താള് ചീന്തി എടുത്തതിന് !!! മഷിക്കുപ്പി പൊട്ടിച്ചതിന് !!!

ഒടുവിൽ ആ കൈകൾ തളർന്നപ്പോൾ ചൂരൽ നിലത്തേക്ക് വലിച്ചെറിഞ്ഞു…

“നീ മഷി കമഴ്ത്തി നശിപ്പിച്ചത് വെറും ബുക്കിലെ അക്ഷരങ്ങളല്ല….നാശം പിടിക്കാൻ ഉണ്ടായ സന്തതി, പൊക്കോ എന്റെ കണ്മുന്നിൽ നിന്ന്….” കലങ്ങി മറിഞ്ഞിരുന്നു ആ കണ്ണുകൾ…

ഒരു നിമിഷം ഞാൻ  സ്തബ്ധനായി പോയി…ആ വാക്കുകൾ….

“ഞാൻ മഷി കമഴ്ത്തിയെന്നോ….? എന്നെ തല്ലിയത് അതിനായിരുന്നോ…” ഞാൻ തറഞ്ഞു നിന്നുപോയി…

“അല്ല…ഞാനല്ല…ഞാനല്ല….” ഉറക്കെ വിളിച്ചു പറയണമെന്ന് ഉണ്ടായിരുന്നു….പക്ഷേ നാവുയർന്നില്ല…അച്ഛൻ ആ ബൂക്കിൽ വിരൽ ചേർത്ത് മേശമേൽ തലവെച്ച് കിടന്നു…വാതിൽ പടിയിൽ നിന്ന അമ്മയുടെ മൗനം എന്നെ കുത്തിനോവിച്ചപ്പോഴും, അച്ഛന്റെ നിറഞ്ഞ കണ്ണുകൾ ആദ്യമായി കാണുന്ന പകപ്പോടെ ഞാൻ തിരിഞ്ഞു നടന്നു…

പിന്നാമ്പുറത്തെ ചവറുകൂനക്കിടയിൽ ഞാൻ കണ്ടു വയലറ്റ് മഷി പുരണ്ട ആ വെള്ളക്കുപ്പായം…എന്റെ നിരപരാധിത്വം പറയുന്ന ഏക തെളിവ്…അതിനെയും അഗ്നി വിഴുങ്ങുന്നത് ഞാൻ നിർവികാരതയോടെ നോക്കി നിന്നു…..

എന്റെ ഏറ്റവും വലിയ മോഹസാക്ഷാത്കാരത്തിന്റെ ദാരുണാന്ത്യം….

മനസ്സിൽ നിന്ന് പതിയെ അച്ഛന്റെ ശാസനകളെ പടിയിറക്കിവിട്ട് , പലിശക്കാരന്റെ ക്രൂരതയെ കുടിയിരുത്തുമ്പോൾ വെറുപ്പ് മറ്റുവികാരങ്ങളെ വിഴുങ്ങി…പക്ഷേ വയലറ്റ് മഷി പുരണ്ട അക്ഷരങ്ങൾ നോക്കി വിതുമ്പുന്ന ആ മുഖം മാത്രം ഒരു കല്ലുകടിയായി ഉള്ളിൽ ഇടയ്ക്കിടെ തികട്ടിവന്നു….

പിന്നീട് വാങ്ങിക്കൂട്ടിയ ചൂരൽ പ്രയോഗങ്ങൾ പങ്കിട്ടെടുക്കാൻ അനുക്കുട്ടനുമുണ്ടായിരുന്നു…അതുകൊണ്ടൊന്നും അവനിലെ പഴയ വിപ്ലവകാരിയുടെ ചോരയെ തണുപ്പിക്കാനായില്ല…എന്നിലുമേറെ നീലിച്ച പാടുകൾ അവന്റെ തുടയിൽ രൂപപ്പെട്ടു…

പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്ന ദിവസം…എല്ലാ വിഷയത്തിനും നല്ല മാർക്കുണ്ട്, കണക്കിനൊഴികെ….എനിക്ക് നേരെ ചൂരലുമായി ഉയർന്നകൈകളെ അന്നാദ്യമായി ഞാൻ തടുത്തു….

“പലിശക്കാരന്റെ മുഷ്ക്ക് ഇനിയെന്നോടുവേണ്ട…ക്ഷമിക്കുന്നതിന്  ഒരു പരിധിയുണ്ട്….നിങ്ങൾക്ക് ആരോടും സ്നേഹവും ദയയും ഇല്ല…ആകെ നിങ്ങൾ സ്നേഹിച്ചത്, കുറെ പലിശക്കണക്കുകളെ മാത്രാ….”

എന്റെ പാന്റ്സിൽ മുറുക്കെ പിടിച്ച ആ കൈകൾ അയഞ്ഞു….

“ആര്യാ….” അമ്മയായിരുന്നു….

ആദ്യമായി അച്ഛന് മുന്നിൽ അമ്മയുടെ ശബ്ദം ഉയർന്നുകേട്ടു…ആ കണ്ണുകളിൽ എന്നോടുള്ള ദേഷ്യത്തിന്റെ അഗ്നിയായിരുന്നു…

“മടുത്തു എനിക്ക്, ചെയ്യാത്ത തെറ്റിന് വരെ ശിക്ഷ വാങ്ങിക്കൂട്ടി….ഇനി വയ്യ….എന്റെ കണക്ക്കൂട്ടലുകൾ എല്ലാം തെറ്റിച്ചത് നിങ്ങൾ ഒറ്റ ഒരാളാ…ഒരിക്കൽ ശരി ഉത്തരത്തിന് പോലും മാർക്ക്‌ കിട്ടിയിട്ടില്ല, പലിശക്കാരന്റെ മോനായോണ്ട്…അന്ന് വെറുത്തതാ, ഈ കണക്കിനേയും, പിന്നെ നിങ്ങളെയും….”

പലിശക്കാരന്റെ കൈകളിൽ നിന്ന് ചൂരൽ നിലത്തേക്ക് ഊർന്നു വീണു…വിജയ്ഭാവത്തിൽ ഞാനതിലേക്ക് നോക്കി…അപ്പോൾ പരിഹാസച്ചിരി എന്റെ മുഖത്തായിരുന്നു….അന്നായിരുന്നു അവസാനമായി ആ വടി ഞാനാ കയ്യിൽ കണ്ടത്…തുടയിലെ നീലിച്ച പാടുകൾ പിന്നീടൊരോർമ്മയായി…

എനിക്ക് ഇനി ചരിത്രം പഠിച്ചാമതി എന്ന് അമ്മയോട് പറയുമ്പോൾ ഒരു നോട്ടംകൊണ്ട് പോലും എതിർക്കാതിരുന്ന പലിശക്കാരന്റെ നിസ്സംഗത എന്നെ വീണ്ടും അതിശയിപ്പിച്ചു…

കാലം കടന്നു പോകുന്തോറും ഞാനും പലിശക്കാരനും ഇരു ദ്രുവാങ്ങളിലായി, അമ്മ മാത്രമായി ഞങ്ങൾക്കിടയിലെ സംവേദനോപാധി….ഡിഗ്രിക്കും ചരിത്രം തന്നെ തിരഞ്ഞെടുത്തു. ജോലിനേടി പട്ടണത്തിലേക്ക് ചേക്കേറി…പല നിറത്തിലുള്ള മഷിപ്പേനകൾ സ്വന്തമായി, പക്ഷേ ആ വയലറ്റ് മഷി എപ്പോഴും ഉള്ളിൽ വേദനയായി…ചെയ്യാത്ത തെറ്റിന് ഏറ്റുവാങ്ങിയ ശിക്ഷ ഓർക്കുമ്പോൾ അന്നത്തെ തുടയിലെ നീറ്റൽ ഇന്നും  മനസ്സിൽ അനുഭവപ്പെടും…

വയലറ്റ് മഷിയിൽ ആത്മാഹൂതി ചെയ്ത അക്ഷരങ്ങളെ നോക്കി കണ്ണീർ പൊഴിക്കുന്ന അച്ഛനെ, ഞാനൊരിക്കൽ വാതിൽ വിടവിലൂടെ  അവിചാരിതമായി കണ്ടു….ഹൃദയഭാരമേറുന്നതായ് തോന്നി…

“ആ അക്ഷരങ്ങൾ ആത്മാഹൂതി ചെയ്തതല്ലല്ലോ, അവർ കൊ ലചെയ്യപ്പെട്ടതല്ലേ….പക്ഷേ ഞാൻ, ഞാനല്ല ആ കൊ ലപാതകി…എന്റെ കയ്യിൽ ആ മഷിക്കറ പുരണ്ടിട്ടില്ല….” എന്റെ വ്യർത്ഥ ജല്പനങ്ങൾ മനസ്സിൽ തന്നെ പ്രതിധ്വനിച്ചു…

******************

ഞെട്ടി ഉണർന്നു നോക്കുമ്പോൾ പഠിപ്പുരവാതിലിൽ വണ്ടി നിന്നു…

“ഇല്ലിക്കൽ”

തടിഫലകത്തിലെ ആ പേരിന് കാലക്രമേണെ മങ്ങൽ ഏറ്റിരുന്നു…

“ഇതും മായും, ഒരു പേരല്ലേ….. ‘പലിശക്കാരന്റെ മകൻ’ എന്ന വിളി വിസ്മൃതിൽ ആണ്ടു പോയപോലെ….”

രണ്ട് മാസമായി….പക്ഷാഘാതമായിരുന്നു…ഇടത് വശം മുഴുവൻ തളർന്നുപോയി…അതിന് ശേഷം പലിശക്കാരനോടുള്ള വെറുപ്പ് ഒരുതരം സഹതാപം നിറഞ്ഞ വികാരമായി…പക്ഷേ അച്ഛനോടുള്ള സ്നേഹം ഇപ്പോഴും എനിക്കന്യമായിരുന്നു…

“ഇത്രേം വൈകിയപ്പോ ഞാൻ കരുതി ഇനി ഇന്ന് വരവ് ഉണ്ടാകില്ലെന്ന്…. ” അമ്മ മെല്ലെ എന്റെ മുടിയിലും കവിളിലും തലോടി…

“ഇന്നലെ നീ വിളിച്ചപ്പോഴേ അച്ഛനോട് പറഞ്ഞിരുന്നു…അതാവും ഇന്ന് ജനാലക്കൽ നിന്ന് നോട്ടം മാറ്റിയിട്ടെ ഇല്ല…. “

ഞാൻ മൂകം കേട്ട് നിന്നു…ബാഗ് എടുത്തു എന്റെ മുറിയിൽ വെച്ച് അച്ഛനരികിൽ എത്തി…പഴയ മുറിയിൽ അല്ല, താഴെയുള്ള മറ്റൊന്നിലേക്ക് കിടപ്പ് മാറ്റിയിരുന്നു…മുറിയിലാകെ ധന്വന്തരം കുഴമ്പിന്റെയും,  തൈലത്തിന്റെയും വാസന….കുറച്ചു കാലമായി ആ മുഖത്ത് പഴയ പലിശക്കാരന്റെ ഗർവ്വ് ഇല്ല , പകരം ഒരു സാത്വിക ഭാവം മാത്രം…

വലതു കൈ നീട്ടി അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചു…ഞാൻ അരികിൽ ചെന്നിരുന്നപ്പോൾ എന്റെ കയ്യിൽ പിടിമുറുക്കി…

ഒരിക്കൽ ബലിഷ്ഠമായിരുന്ന ആ കരങ്ങളൾ, ജരാനരകൾ ബാധിച്ചു വല്ലാതെ മെല്ലിച്ചുപോയിരുന്നു…ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്ത് നീല ഞരമ്പുകൾ എഴുന്നുനിന്നു…..ഇടത്തേക്ക് കൊടിയ ചുണ്ടിൽ നിന്ന് എന്തൊക്കെയോ വാക്കുകൾ വീഴുന്നുണ്ട്….അതും പതിഞ്ഞ ശബ്ദത്തിൽ…

എന്റെ ബാല്യത്തിന്റെ പകുതിയും ഇതേ നാവിൽ നിന്ന് പതിച്ച അലർച്ചയിൽ മുകരിതമായിരുന്നു എന്ന് ഓർത്തപ്പോൾ  വേദന തോന്നി…

കുറച്ചു നേരം അച്ഛനൊപ്പം ഇരുന്ന് ഞാൻ മുറിയിലേക്ക് തിരികെപോയി…

മനസ്സിൽ തീരുമാനിച്ചുറപ്പിച്ച പ്രായശ്ചിത്തം നിറവേറ്റാൻ തന്നെ തീരുമാനിച്ചു…ബാഗ് തുറന്ന് ഞാനാ ബുക്ക്‌ പുറത്തേക്കെടുത്തു…

“നെരൂദയുടെ കവിതകൾ….”

നീലയും കറുപ്പും ചുവപ്പും നിറങ്ങൾക്കിടയിൽ, നീളൻ മൂക്കൻ തൊപ്പിക്കാരന്റെ മുഖമുള്ള അതേ പുറംചട്ട…

“ആര്യാ….”

അമ്മയായിരുന്നു…എന്റെ കയ്യിലെ പുസ്തകം കണ്ട് ഒരു നിമിഷം അമ്മയുടെ കണ്ണുകളിൽ വേദന നിറഞ്ഞു…അന്ന് ഞാൻ കണ്ട അതെ വേദന…

“അച്ഛന് കൊടുക്കാനാണോ…?”

“അതെ അമ്മേ….” ഞാൻ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു….

“നീ ചെയ്യാത്ത തെറ്റിന്റെ പ്രായശ്ചിത്തമാണോ…”

അല്ലെങ്കിലും അമ്മക്ക് എന്നെ മനസ്സിലാക്കാൻ ഒരിക്കലും വാക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല…

“എന്റെ നിരപരാധിത്വം തെളിയിക്കാനല്ലമ്മേ…അനുക്കുട്ടൻ ചെയ്തതാണെങ്കിലും ആ തെറ്റ് അച്ഛനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്….ആ മനസ്സിൽ അതിന് കാരണക്കാരൻ ഞാനല്ലേ,  അപ്പൊ ഞാൻ തന്നെ ഈ പ്രായശ്ചിത്തം ചെയ്യണം…”

“ശരി,  എനിക്ക് പറയാനുള്ളതുകൂടി കേൾക്കു… “

ഞാൻ ആ മുഖത്തേക്ക് സാകൂതം നോക്കി,  കണ്ണുകളിൽ ഓർമ്മയുടെ തിരയിളക്കം…

“ഒരു മയിൽപ്പീലി തുണ്ട്പോലെ അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തിന്റെ ബാക്കിപത്രമാണാപുസ്തകം…

ദേവൂട്ടി…അതായിരുന്നു പേര്…വായനശാലയിലെ പുസ്തകങ്ങളും അക്ഷരങ്ങളും അവർക്ക് ദൂതരായി…പക്ഷേ കുലം, കുടുംബമഹിമ എന്നൊക്കെ പറഞ്ഞു നിങ്ങടെ മുത്തശ്ശൻ ആ ബന്ധം എതിർത്തപ്പോൾ,  പരസ്പരം മറക്കേണ്ടി വന്നു…അവർ അവസാനമായി തമ്മിൽ കണ്ടപ്പോൾ അവൾ സമ്മാനിച്ചതാണ് ആ ബുക്കും, വയലറ്റ് മഷിപ്പേനയും…അത് നൽകി അവൾ പോയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് മാത്രമല്ല, ഈ ലോകത്ത് നിന്ന് തന്നെയാണ്….ഇരുവർക്കും പ്രിയപ്പെട്ട അതിലെ വരികൾ ആ പേനയാൽ അടയാളപ്പെടുത്തി അവൾ അദ്ദേഹത്തിന് നൽകിയിരുന്നു…ആ താളിലാണന്ന് മഷി വീണത്..അതുകൊണ്ടാ അദ്ദേഹം ഒത്തിരി വേദനിച്ചതും…ഒരിക്കൽ എന്നോടുള്ള അകൽച്ചയുടെ കാരണം തിരക്കിയപ്പോൾ മറുപടിയായി ആ ബുക്കും അതിലെ വരികളും നീട്ടി, പിന്നെ ദേവൂട്ടിയുടെ കഥ പറഞ്ഞു…സ്നേഹിച്ചിട്ടേ ഉള്ളു പിന്നീട്…”

“പലിശക്കാരനും പ്രണയമോ….? ” വാതിൽപ്പടിയിൽ എല്ലാം കേട്ട് നിന്ന അനുക്കുട്ടനിൽ നിന്നും ചോദ്യം ഉയർന്നു…

അവനെ തെറ്റ് പറയാൻ കഴിയില്ല, എനിക്കും തോന്നിയ സംശയമാണ്…

അമ്മ ദേഷ്യപ്പെടുമെന്നാണ് കരുതിയത്, പക്ഷേ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

“പലിശക്കാരൻ….അച്ഛനെ എതിർക്കാൻ കഴിവില്ലാത്തൊരു മകൻ ഇഷ്ടമല്ലാതെ അണിഞ്ഞൊരു വേഷം…താല്പര്യമില്ലാത്തൊരു ജീവിതം ആ മനസ്സിനെ കല്ലാക്കി…കാഠിന്യമുള്ള പാറക്കടിയിലെ തെളിനീരിന്റെ രുചി ആരും അറിഞ്ഞെന്ന് വരില്ല…പക്ഷേ എനിക്കറിയാം…എനിക്കെ അറിയൂ….തെറ്റുകൾക്ക് മാത്രമല്ലെ അദ്ദേഹം നിങ്ങളെ ശിക്ഷിച്ചിട്ടുള്ളൂ….നിന്റെ കാര്യത്തിൽ മാത്രം അദ്ദേഹത്തിന് ഒരു പിഴവ് പറ്റി…ആ സത്യം അറിഞ്ഞതിൽ പിന്നെയാണ്, ആ ചൂരൽ അദ്ദേഹം ഓടിച്ചു കളഞ്ഞത്…”

“അപ്പോ അച്ഛന് അറിയോ…?” മനസ്സിൽ വേർതിരിച്ച് അറിയാൻ കഴിയാത്ത വികാരത്തോടെ ഞാൻ ചോദിച്ചു…

“മ്മ്, നീ അച്ഛന്റെ കൈകളെ തടുത്ത ദിവസം പറഞ്ഞില്ലേ, ചെയ്യാത്ത തെറ്റിന് വരെ ശിക്ഷ ഏറ്റുവാങ്ങിയെന്ന്…എനിക്ക് എല്ലാ സത്യവും പറയേണ്ടി വന്നു… “

അമ്മയോട് മറ്റെന്തെങ്കിലും ചോദിക്കാൻ ഞങ്ങൾ ഇരുവരെയും വാക്കുകൾ കടാക്ഷിച്ചില്ല..

കുറച്ചു കഴിഞ്ഞു അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ടു, വാതിൽ പടിയിൽ അച്ഛനെത്തന്നെ നോക്കി നിൽക്കുന്ന അനുക്കുട്ടനെ…അവന്റെ കണ്ണുകളിൽ കുറ്റബോധം നിഴലിച്ചു…പതിയെ കണ്ണ് തുടച്ചു, അവൻ മുറിവിട്ട് പോയി…ഞാൻ ചെല്ലുമ്പോഴും അച്ഛൻ ഉറങ്ങുകയായിരുന്നു…ആ മുഖത്തേക്ക് തന്നെ നോക്കി കുറച്ചു നേരം ഞാനിരുന്നു…

മാങ്ങ മോഷ്ടിച്ചതിന് തല്ലിയ ഈ കൈകൾ  തന്നെയല്ലേ പിറ്റേന്ന് അതിലും മധുരമുള്ള കർപ്പൂരമാങ്ങ കൊണ്ട് വന്ന്  തന്നത്…അച്ഛനോടുള്ള ദേഷ്യത്തിൽ ആ മാമ്പഴമധുരം ഞാൻ ആസ്വദിച്ചില്ല…പലിശക്കാരനോടുള്ള പ്രതികാരം, കണക്ക് മാഷ് എന്റെ ഉത്തരക്കടലാസിൽ തുടർന്നപ്പോൾ, അച്ഛൻ  വാശി ഉപേക്ഷിച്ചു,  മാഷ് തരാനുള്ള പലിശ ഒഴുവാക്കി, എല്ലാം എനിക്ക് വേണ്ടി…പിന്നീടല്ലെ മാഷിന്റെ പരിഹാസങ്ങൾ കുറഞ്ഞത്…എന്നിട്ടും അച്ഛനോടുള്ള വാശിക്ക് മനഃപൂർവം കണക്ക് മാത്രം ഞാൻ പഠിച്ചില്ല…ആ ബുക്കിൽ മഷിപടർന്ന ദിവസവും ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തില്ലേ….

“അതെ അച്ഛൻ എന്നും ശരിയായിരുന്നു…ഈ മകനായിരുന്നു തെറ്റ്, വലിയൊരു തെറ്റ്…”

രണ്ട് തുള്ളി കണ്ണീർ ആ ക്ഷീണിച്ച കൈകളിൽ പതിച്ചപ്പോൾ, അച്ഛൻ കണ്ണുകൾ മെല്ലെ തുറന്നു…അൽപ്പനേരം എന്നെ നോക്കിയിരുന്നു…തളർച്ചബാധിക്കാത്ത വലതുകൈ എന്റെ തുടയിൽ പതിയെ തലോടി…ആ നിമിഷം ഞാനറിഞ്ഞു, ഒരായുസ്സുമുഴുവൻ മനസ്സിൽ ഒളിപ്പിച്ച വാത്സല്യമായിരുന്നു ആ തലോടലിൽ എന്ന്…എന്റെ കണ്ണീർ കൊണ്ട് ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് മനസ്സാൽ മാപ്പ് ചോദിക്കുമ്പോൾ ആ സ്നേഹസ്പർശം എന്നോടുള്ള പ്രായശ്ചിത്തമായിരുന്നു…

കൈയിരുന്ന ബുക്കുമെടുത്ത് അച്ഛന്റെ പഴയ മുറിയിലേക്ക് കയറി…വയലറ്റ് മഷിയുടെ  ഗന്ധമായിരുന്നു ആ മുറിക്ക്…തല ഉയർത്തി കഴുക്കോലിലേക്കൊന്നു നോക്കി…ഒരു കാലത്തെ വീട്ടിലെ പ്രമാണി നടുവൊടിഞ്ഞു മാറാല പിടിച്ചു, പകുതി ദ്രവിച്ച്, നിറം മങ്ങി അവിടെ ഇരുപ്പുണ്ട്….

“നിന്നോട് എനിക്ക് ദേഷ്യമില്ല കേട്ടോ , കാരണം ഇന്നെനിക്കും മനസ്സിലാകുന്നുണ്ട് എന്റെ പലിശക്കാരൻ അച്ഛനെ…വളരെ വൈകിയ തിരിച്ചറിവ്….”

മേശമേൽ ഇപ്പോഴും ആ ഡയറിയുണ്ട്…ഞാനത് തുറന്നു…ഉള്ളിൽ പഴയത്പോലെ, ‘നെരൂദയുടെ കവിതകൾ’….ഒപ്പം ആ വയലറ്റ് മഷിപ്പേനയും താളുകൾ മറിച്ചു…മഷി പടർന്ന അക്ഷരങ്ങളിൽ കണ്ണുടക്കി ഞാൻ കുറച്ചു നേരം നിന്നു…പിന്നെ എന്റെ കയ്യിലുള്ള , ‘നെരൂദയുടെ കവിതകൾ ‘ൽ ഞാനതേ അക്ഷരങ്ങൾക്കായ് പരതി….

എന്നെ ഒറ്റയ്ക്ക് വിടൂ…ഞാനില്ലാതെ കഴിയാൻ പഠിക്കൂ…ഞാൻ കണ്ണടയ്ക്കാൻപോവുകയാണ്….നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്ക് അഞ്ച് കാര്യങ്ങൾ മതി…അഞ്ച് പ്രിയപ്പെട്ട വേരുകൾ…അവസാനമില്ലാത്തത് സ്നേഹം….കാണാനൊരു  ശരത്കാലം….പിന്നെയൊരുഹേമന്തം…എനിക്ക് പ്രിയപ്പെട്ട മഴ….വന്യമായ തണുപ്പിൽ അഗ്നിയുടെ- മൃദുസ്പർശം…മറ്റൊന്ന് സുന്ദരമായ ഗ്രീഷ്മം….അവസാനത്തേത് നിന്റെ കണ്ണുകൾ

ആ വരികൾ എന്റെ ചിന്തകളെ ഭക്ഷിച്ച്  മനസ്സിനെ ശൂന്യമാക്കി…

വയലറ്റ് മഷിപ്പേന കയ്യിലെടുത്തു ഞാൻ എന്റെ ബുക്കിലെ വരികളും അടയാളപ്പെടുത്തി…പക്ഷേ ഇന്നാ വയലറ്റ് മഷിക്ക് അത്ര തെളിച്ചം പോര….എന്തോ ഒരു കുറവ് !!!!

ഏറെ നേരത്തിന് ശേഷം ഞാൻ തിരിച്ചറിഞ്ഞു, രണ്ട് ബുക്കുകൾ തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളൂ, ഒന്നിൽ ഒരു മഷിക്കും മറയ്ക്കാൻ കഴിയാത്ത ജീവനുള്ള സ്നേഹാക്ഷരങ്ങളാണ്, മറ്റൊന്നിനും പകരം വെക്കാൻ കഴിയാത്ത ഒന്ന് !!!

~കീർത്തി എസ് കുഞ്ഞുമോൻ

(ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം എഴുതിയതാണ്…അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….)