തുണി മടക്കിക്കൊണ്ടിരിക്കുമ്പോൾ അദ്രിക വാശിയോടെ മൊബൈലിൽ നോക്കി കൊണ്ടിരുന്ന മഹേന്ദ്രനോടും പകുതി തന്നോടുമെന്ന മട്ടിൽ പറഞ്ഞു….

നന്ത്യാർവട്ടം……

Story written by Megha Mayuri

=========

“ഞാനേ…. എൻ്റെ വീട്ടിൽ പോവാ.. രാവിലെ തന്നെ എന്നെ കൊണ്ടാക്കിയേക്ക്… കുറച്ചു ദിവസം നിങ്ങള് തനിയേ നിൽക്ക്… അപ്പോഴേ നിങ്ങളുടെ സൂക്കേട് മാറൂ….. എന്നെ കാണുമ്പോഴല്ലേ നിങ്ങൾക്ക് പ്രശ്നമുള്ളൂ… കുറേ ദിവസം ഞാനും ഇമക്കുട്ടിയും എൻ്റെ വീട്ടിൽ പോയി നിൽക്കട്ടെ…. അപ്പോൾ നിങ്ങൾക്കും സമാധാനമാവും… “

തുണി മടക്കിക്കൊണ്ടിരിക്കുമ്പോൾ അദ്രിക വാശിയോടെ മൊബൈലിൽ നോക്കി കൊണ്ടിരുന്ന മഹേന്ദ്രനോടും പകുതി തന്നോടുമെന്ന മട്ടിൽ പറഞ്ഞു….

” അതേ… ഞാൻ നിങ്ങളോടാ പറഞ്ഞത്.. “

താൻ പറയുന്നതൊന്നും മഹേന്ദ്രൻ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ വീണ്ടും ശബ്ദമുയർത്തിക്കൊണ്ട് മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചു….

“കുറച്ചു ദിവസം ആക്കണ്ട.. സ്ഥിരമായിട്ട് അവിടെ തന്നെ കൂടിക്കോ… ഏതു സമയവും ഉണ്ട് പിറുപിറുത്തോണ്ടിരിക്കുന്നത്.. എത്ര കാലം വേണമെങ്കിലും പോയി നിന്നോ … ഇവിടുന്നൊന്ന് പോയിക്കിട്ടിയാൽ മതി… മനുഷ്യന് അത്രയും സമാധാനം കിട്ടുമല്ലോ… നിൻ്റെ ആഗ്രഹമൊക്കെ കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ മതി…. നാളെ രാവിലെ തന്നെ നിന്നെ കൊണ്ടാക്കാം…..”

അവളുടെ കൈ പിടിച്ചു മാറ്റിക്കൊണ്ട് ചാറ്റിംഗ് മുറിഞ്ഞ ദേഷ്യത്തിൽ അത്രയും പറഞ്ഞു മുരണ്ടു കൊണ്ട് അവൾക്കു നേരെ രണ്ടു ചാട്ടവും ചാടി മഹേന്ദ്രൻ മുറി വിട്ടു പോയി….

വീണ്ടും ദേഷ്യം പുകഞ്ഞുകത്തിക്കൊണ്ടു വന്നെങ്കിലും പറയുന്നത് കേൾക്കാൻ ആളില്ലാത്തതു കൊണ്ട് കയ്യിലുണ്ടായിരുന്ന ബെഡ്‌ ഷീറ്റ് എടുത്ത് ഭിത്തിയിലേക്കെറിഞ്ഞു കൊണ്ടാണ് അവൾ ദേഷ്യം തീർത്തത്….

അപ്പോൾ ശരിക്കും താൻ പോയാലും കുഴപ്പമില്ലല്ലേ…. അധിക ദിവസമൊന്നും വീട്ടിൽ പോയി നിൽക്കാൻ സമ്മതിക്കാത്തയാളാണ് ഇപ്പോൾ എങ്ങനെയെങ്കിലും ഇവിടുന്ന് പോയിക്കിട്ടിയാൽ മതിയെന്നു പറയുന്നത്…..ഇഷ്ടമില്ലാത്തതു കൊണ്ടാണല്ലേ മൂക്കത്തു ശുണ്ഠിയുമായി എപ്പോഴും ഇങ്ങനെ ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നത്….. കാണിച്ചു കൊടുക്കാം…

ഉച്ചയ്ക്കുള്ള മീൻ കറിയിലിത്തിരി ഉപ്പു കൂടിപ്പോയതാണ് പുതിയ പ്രശ്നം…. താൻ രുചി നോക്കിയപ്പോൾ കാര്യമായിട്ട് കുഴപ്പമൊന്നും തോന്നിയില്ല… അപ്പോൾ തുടങ്ങിയ വഴക്കാണ്.. നിനക്ക് കറി വയ്ക്കാൻ അറിയില്ല… മീൻ നന്നായി കഴുകിയിട്ടില്ല….. ചെയ്യുന്ന പണികളിലൊന്നും ആത്മാർത്ഥതയില്ല …. അടിച്ചു വാരിയാലും അവിടെയും ഇവിടെയും തലമുടി കിടക്കും… തുണി ഇസ്തിരിയിട്ടാലും വൃത്തിയാകില്ല…എന്തുണ്ടാക്കിയാലും വായിൽ വക്കാൻ കൊള്ളില്ല… എന്നൊക്കെ പറഞ്ഞാൽ ദേഷ്യം വരില്ലേ? അതിപ്പോൾ എപ്പോഴും കറി വയ്ക്കുമ്പോൾ അമ്മ ഉണ്ടാക്കുന്നതു പോലെ കൈപ്പുണ്യം ഉണ്ടാകണമെന്നില്ലല്ലോ… താൻ ഉണ്ടാക്കുന്നതിന് അമ്മയുണ്ടാക്കിയ ഭക്ഷണത്തിൻ്റെ അത്രയും രുചി വന്നില്ലെങ്കിലും അത്ര മോശമാണെന്നൊന്നും ആരും പറയില്ല എന്നുറപ്പാണ്… പക്ഷേ മഹിയേട്ടനെപ്പോഴും തൻ്റെ ഭക്ഷണത്തെ കുറ്റം പറയും… അമ്മയുമായി താരതമ്യം ചെയ്യും….പിന്നെ ഇല്ലാത്ത കുറ്റങ്ങളില്ല… ചെയ്യുന്ന പണികളൊക്കെ വൃത്തിക്ക് തന്നെയാണ് ചെയ്യുന്നത്… എന്നാലും വെറുതേ കുറ്റം പറഞ്ഞു കൊണ്ടിരിക്കും… പറഞ്ഞു പറഞ്ഞ് പണ്ടത്തെ കാര്യങ്ങളൊക്കെ പറഞ്ഞ് കുത്തി നോവിച്ചുകൊണ്ടിരിക്കും…സഹികെടുമ്പോൾ താനും തിരിച്ചു പറഞ്ഞു പോകും.. കേൾക്കുന്നതിനും ഒരു പരിധിയില്ലേ?

അമ്മ മഹിയേട്ടൻ്റെ അനിയത്തി ശാലിനിയുടെ ഡെലിവറിയുമായി ബന്ധപ്പെട്ട് കാനഡയിൽ പോയതിനു ശേഷം ഈ ദേഷ്യം പ്രകടിപ്പിക്കൽ കൂടിയിട്ടുണ്ട്… അമ്മയുണ്ടായിരുന്നെങ്കിൽ ഇത്രയും ദേഷ്യപ്പെടില്ലായിരുന്നു… എപ്പോഴും അമ്മ തന്നെ പിന്തുണക്കുന്നത് കൊണ്ട് സാധാരണ തന്നോട് തുടങ്ങുന്ന വഴക്ക് ഒടുവിൽ തന്നോടു മാത്രമല്ല അമ്മയോടും കൂടിയായി മാറുമ്പോൾ മഹിയേട്ടൻ തന്നെ വഴക്ക് നിർത്തി വീട്ടിൽ നിന്നിറങ്ങിപ്പോവും….

മഹിയേട്ടൻ്റെ ചൂടാവലിനെ കുറിച്ച്‌ സൂചിപ്പിച്ചപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത്

“അദ്രീ… നീ കുറച്ച് ദിവസം നിൻ്റെ വീട്ടിൽ പോയി നിൽക്ക്… കുറേ ദിവസം ഹോട്ടൽ ഭക്ഷണമൊക്കെ കഴിച്ചു മടുക്കുമ്പോൾ, ഇമക്കുട്ടിയെ കാണാതെയിരിക്കുമ്പോൾ മഹി ഒരു പാഠം പഠിച്ചോളും ….”എന്ന്….

മഹിയേട്ടൻ തന്നെ വിവാഹം കഴിക്കുന്നതിൽ ആദ്യം അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു…..മഹിയേട്ടൻ്റെ നിർബന്ധം കൊണ്ടാണ് അമ്മ സമ്മതിച്ചതെന്ന് മഹിയേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്…അതു കൊണ്ട് അമ്മായിയമ്മപ്പോരും നാത്തൂൻ പോരും ഭയന്നിട്ടാണ് മഹിയേട്ടൻ്റെ വീട്ടിലേക്ക് വന്നത്… എന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മഹിയേട്ടൻ്റെ അമ്മയുമായും സഹോദരി ശാലിനിയുമായും നല്ല കെട്ടുറപ്പുള്ള ബന്ധം ഉണ്ടാക്കിത്തീർക്കാൻ തനിക്കു സാധിച്ചു….. അവരിൽ നിന്നും ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല ,തൻ്റെ ഏതൊരു അഭിപ്രായത്തിനും അമ്മയുടെയും ശാലിനിയുടെയും പിന്തുണയും ഉണ്ടായിരുന്നു… ശാലിനി കല്യാണം കഴിഞ്ഞു പോയപ്പോൾ ഒരു കൂടപ്പിറപ്പിനെ മിസ് ചെയ്യുന്നതു പോലെയാണ് തോന്നിയത്…പക്ഷേ, സ്നേഹസമ്പന്നരായ ഭർതൃവീട്ടുകാരെ കിട്ടാനുള്ള ഭാഗ്യം ഉണ്ടായപ്പോൾ കൈ പിടിച്ചുകൊണ്ടു വന്ന ഭർത്താവാണ് എപ്പോഴും പോരടിച്ചു കൊണ്ടു നിൽക്കുന്നത്… അതും എത്രയോ കാലം തൻ്റെ പുറകേ നടന്ന് പ്രേമിച്ച്, തൻ്റെ അച്ഛൻ്റെ കാലു പിടിച്ച് വിവാഹം കഴിക്കാൻ അനുമതി വാങ്ങിച്ച വ്യക്തി..

പുതിയ ഓഫീസിൽ വന്നതിനു ശേഷമാണ് ഈയൊരു മനം മാറ്റം…. പുതിയ വല്ല ഇഷ്ടക്കാരെയും കിട്ടിയതുകൊണ്ടാണോ തന്നെ ഇങ്ങനെ ഒഴിവാക്കുന്നത് എന്നറിയാൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും അതിലൊരുറപ്പു വരുത്താൻ കഴിഞ്ഞിട്ടില്ല…. മറ്റുള്ളവരുമായി സംസാരിക്കുന്നതൊക്കെ ചിരിച്ചിട്ടും സൗമ്യമായിട്ടുമാണ്…… പറയാനും പറ്റില്ല… എത്ര പ്രായമായാലും നീലാംബരി പടയപ്പയോടു പറയുമ്പോലെ ” ഉൻ സ്റ്റൈലും അഴകും ഉന്നൈ വിട്ടു പോവലെ….” എന്ന രീതിയിലായതുകൊണ്ട് വല്ല കോന്തികളും ഈ കാട്ടുമാക്കാൻ്റെ മനസിൽ കേറിയിട്ടുണ്ടോ, വല്ല കോന്തികളുടെയും മനസ്സിൽ ഈ കാമദേവൻ കേറിയിട്ടുണ്ടോ എന്നറിയില്ലല്ലോ… ഇപ്പോഴും മഹിയേട്ടൻ്റെ ചിരി കണ്ടാലും നോട്ടം കണ്ടാലും ആരായാലും വീണു പോകുമെന്നുള്ളത് വേറൊരു സത്യം…ഫോൺ ചെയ്യുമ്പോഴൊക്കെ അറിയാത്ത മട്ടിൽ മുഖത്തെ ഭാവം നോക്കിയാലും നല്ല സന്തോഷത്തോടെ ഫോൺ ചെയ്യുന്നത് കാണാം…..

ഒരിക്കൽ മഹിയേട്ടൻ കുളിക്കാൻ കയറിയ തക്കത്തിന് ഫോൺ എടുത്ത് വാട്സാപ്പ് ചാറ്റിംഗ് നോക്കിയതാണ്…. ഫോണിൻ്റെ ലോക്കു തുറക്കുന്നതൊക്കെ ഇപ്പോഴും തൻ്റെ പേരായ അദ്രികയുടെ ആദ്യത്തെ അക്ഷരമായ എ എന്നു വച്ചിട്ടു തന്നെയാണ്.. അതൊന്നും മാറ്റിയിട്ടില്ല.. വാട്സാപ്പ് ചാറ്റിംഗിൽ പെൺകുട്ടികളുടെ പേരുകളൊക്കെ കുറേ ഉണ്ടെങ്കിലും സംശയിക്കത്തക്കതായിട്ടൊന്നും തന്നെ കണ്ടില്ല… ചെറിയ ഒരു സംശയം തോന്നിയത് ഓമന എന്ന പേരിലുള്ള ഒരു ചാറ്റ് ഹിസ്റ്ററി കണ്ടപ്പോഴാണ്….. അതിൽ കുറേ തേനൊലിപ്പിച്ച വാക്കുകളൊക്കെ കണ്ടു…… പ്രൊഫൈൽ ഫോട്ടോ നോക്കിയപ്പോൾ മനസ്സിലായി സഹപ്രവർത്തകനായ ഓമനക്കുട്ടനാണെന്ന്……താഴോട്ടു നോക്കിയപ്പോൾ ഒഫീഷ്യൽ വിഷയങ്ങളാണ് കൂടുതലും സംസാരിച്ചിരിക്കുന്നത്…. അവരു തമ്മിൽ അടയും ചക്കരയുമാണല്ലോ… എന്നാലും കൂട്ടുകാരനോടു ഭയങ്കര സ്നേഹത്തിൽ സംസാരിക്കാം.. ഭാര്യയോടു പറ്റില്ല… മെസഞ്ചറിലും തപ്പിയെങ്കിലും കാര്യമായിട്ടൊന്നും കണ്ടില്ല.. കൂടുതൽ കൂലങ്കഷമായി നോക്കുന്നതിന് മുമ്പ് ബാത്റൂം തുറക്കുന്ന ഒച്ച കേട്ടപ്പോൾ ഫോൺ പെട്ടെന്ന് അവിടെ തന്നെ വച്ചു…. പിന്നെ ഫോൺ ചെക്ക് ചെയ്യാൻ സാഹചര്യം ഒത്തു വന്നിട്ടില്ല…

പിറ്റേ ദിവസം രാവിലെ തന്നെ വീട്ടിൽ പോകാമെന്നുറപ്പിച്ച്‌ ബാഗ് പാക്ക് ചെയ്തു… കഴുകിയുണക്കിയ വസ്ത്രങ്ങളിൽ തനിക്കിഷ്ടപ്പെട്ട മഹിയേട്ടൻ്റെ സാൻ്റൽ കളർ, ഒലീവ് ഗ്രീൻ , ഷാംപെയ്ൻ പീച്ച്, അക്വാ ബ്ലൂ, ബേബി പിങ്ക് കളർ ഷർട്ടുകൾ…എത്രയൊക്കെ വേണ്ട എന്ന് വച്ചെങ്കിലും മനസ് കേൾക്കുന്നില്ല……മഹിയേട്ടൻ്റെ ഡ്രസുകളൊക്കെ ഇസ്തിരിയിട്ടു വച്ചു…… ഗ്രൈൻററിൽ അരച്ചു വച്ച മാവ് പല പാത്രങ്ങളിലായി മാറ്റി വച്ചു…. അത്ര പെട്ടെന്ന് ചീത്തയാവാത്ത രീതിയിലുള്ള മോരുകറി പോലെയുള്ള കറികളുണ്ടാക്കി…. വൈകിട്ടു തന്നെ മാർക്കറ്റിലേക്കിറങ്ങി ചിക്കനും മീനും മുട്ടയുമൊക്കെ വാങ്ങിക്കൊണ്ടു വന്നു… ചിക്കനും മീനും മുറിച്ച് മസാല പുരട്ടി വച്ചു.. ചപ്പാത്തിക്കുള്ള മാവ് കുഴച്ചു പാത്രത്തിലാക്കി വച്ചു… ഹോട്ടൽ ഭക്ഷണം കഴിച്ചോട്ടെ എന്ന് അമ്മ പറഞ്ഞെങ്കിലും മഹിയേട്ടന് ഹോട്ടൽ ഭക്ഷണം തീരെ ഇഷ്ടമില്ല ,ചിലപ്പോൾ കഴിക്കുക തന്നെ ഇല്ല എന്ന് തനിക്കറിയാം.. പാവമല്ലേ… ഫ്രിഡ്ജ് തുറക്കുമ്പോൾ ഇതൊക്കെ കാണുമ്പോൾ എടുത്ത് പൊരിച്ചെങ്കിലും കഴിച്ചോളും… കുറച്ചു മീനും ചിക്കനുമൊക്കെ പൊരിച്ചു വച്ചു… ഒരു കുന്തവും വക്കാനറിയില്ല… കൊട്ടക്കണക്കിന് അഹങ്കാരവും ദേഷ്യം വന്നാൽ വായിൽ വന്നത് പറയലും മാത്രമേ അറിയുകയുള്ളൂ…. ചായയെങ്കിലും തനിയേ വച്ച് കുടിക്കുമോ എന്ന് കണ്ടറിയണം… മീൻ മുളകിട്ടതും മോരുകറിയും ഒക്കെ കൂട്ടി രണ്ടു ദിവസമൊക്കെ കഴിച്ചോളും…. അച്ചാറും ഇഞ്ചിക്കറിയും ഉണ്ടാക്കി വച്ചു….

അടുത്ത ദിവസം രാവിലെ അദ്രികയെയും ഇമക്കുട്ടിയെയും മഹേന്ദ്രൻ അദ്രികയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി…. കുറച്ചു സമയം അദ്രികയുടെ അച്ഛനും അമ്മയുമായും വിശേഷം പറഞ്ഞിരുന്നതിനു ശേഷം മഹേന്ദ്രൻ അതുവഴിയേ ഓഫീസിലേക്കു പോയി… അച്ഛനും അമ്മയ്ക്കും മകളെയും പേരക്കുട്ടിയെയും കുറേ കാലങ്ങൾക്കു ശേഷം കണ്ട സന്തോഷം….. മഹേന്ദ്രൻ ഒറ്റയ്ക്കാവും എന്നറിഞ്ഞപ്പോൾ ഓഫീസ് സമയം കഴിഞ്ഞ് അദ്രികയുടെ വീട്ടിലേക്കു വരാൻ ക്ഷണിച്ചെങ്കിലും മഹേന്ദ്രൻ അതു സ്നേഹപൂർവം നിരസിച്ചിരുന്നു…..

മകളെത്തിയ സന്തോഷത്തിൽ അമ്മ അദ്രികയ്ക്ക് താൽപര്യമുള്ള അട പ്രഥമൻ, കൊഞ്ച് റോസ്റ്റ്‌, വാഴപ്പിണ്ടി തോരൻ, നെയ്മീൻ പൊരിച്ചത്, ചില്ലി ചിക്കൻ ഇവയൊക്കെ തയ്യാറാക്കിയിരുന്നു…… അമ്മയുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നെങ്കിലും അവൾക്കുറക്കം വന്നില്ല…. ഇവിടുന്ന് പോയതിനു ശേഷം മഹിയേട്ടനിൽ നിന്നും ഒരു ഫോൺ കോളോ മെസേജോ ഒന്നും വന്നിട്ടില്ല….. വഴക്കുണ്ടാക്കി പോന്നതുകൊണ്ട് അങ്ങോട്ടേക്കു വിളിക്കാൻ ഒരു മടി… വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും മഹേന്ദ്രൻ്റെ ഒരു ഫോൺ കോളോ മെസേജോ അവളെ തേടി വന്നില്ല… വൈകുന്നേരവും അമ്മ അവൾക്കിഷ്ടപ്പെട്ട വിഭവങ്ങളൊക്കെ ഒരുക്കി വച്ചെങ്കിലും അവൾക്ക് അതാസ്വദിച്ചു കഴിക്കാനായില്ല…. വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ടതു പോലെ….. ഇത്രയും സമയമൊന്നും മിണ്ടാതെ ഇരുന്നിട്ടില്ല…. പത്തു മണി കഴിഞ്ഞും ഫോണിൽ നോക്കിയപ്പോൾ മഹിയേട്ടൻ ഓൺലൈനിലുണ്ട്…ക്ഷമ തെറ്റിയപ്പോൾ അവൾ വാട്സാപ്പിലൊരു ഹായ് അയച്ചു.. അതു കണ്ടു എന്ന് മനസിലായി… കുറച്ചു കഴിഞ്ഞതും ഓഫ് ലൈനായി….. തൻ്റെ മെസേജ് കണ്ടതേ വാട്ട്സാപ്പ് ഓഫാക്കി വച്ചിട്ടുണ്ട്… ഫോണിൽ രണ്ടു മൂന്നു തവണ വിളിച്ചെങ്കിലും നമ്പർ ബിസി… പിന്നെയും വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ്…. ഇത്രയും ദേഷ്യമോ? ആ രാത്രി അദ്രികക്ക് ശരിക്ക് ഉറങ്ങാനേ ആയില്ല… എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് കിടന്നു..

ഇപ്പോൾ തന്നോടു സംസാരിക്കാൻ പോലും മഹിയേട്ടനു താൽപര്യമില്ലാതായല്ലോ…കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ കാണാൻ വേണ്ടി മാത്രം എത്ര ക്ഷമയോടെ കോളേജിനു മുന്നിലും വീടിനടുത്ത ബസ്സ്റ്റോപ്പിലും കാത്തിരുന്നിരിക്കുന്നു? എത്രയെത്ര അധിക്ഷേപിച്ചാലും വീണ്ടും പല്ലു മുപ്പത്തിരണ്ടും കാണിച്ച് പോസ്റ്റായി വന്നു ഇളിച്ചോണ്ടു നിൽക്കുമായിരുന്നു…… എത്ര ആട്ടിയകറ്റിയാലും പിന്നെയും വഴിയിലൂടെ നടക്കുമ്പോൾ പുറകേ നടന്നു വന്ന് അതുമിതും പറഞ്ഞ് ദേഷ്യം പിടിപ്പിക്കുമായിരുന്നു… ഒരിക്കൽ പനി പിടിച്ചു കിടന്നപ്പോൾ എത്ര തവണ വീടിൻ്റെ മുമ്പിലൂടെ ബൈക്കിൽ ഹോണടിച്ചു കൊണ്ട് പോകുന്നത് ജനാലയിലൂടെ കണ്ടിരിക്കുന്നു… അതൊക്കെ കഴിഞ്ഞ ജന്മത്തിലെപ്പോഴോ നടന്ന സംഭവങ്ങൾ പോലെ……ആ വ്യക്തിയാണോ ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം പ്രകടിപ്പിക്കുന്നത്… പണ്ട് താൻ ദേഷ്യപ്പെട്ടു പറഞ്ഞതിനുള്ള പ്രതികാരമാണോ ഇപ്പോൾ കാണിക്കുന്നത്….ആഗ്രഹിക്കുന്ന കളിപ്പാട്ടം കയ്യിൽ കിട്ടിയാൽ, അതു സ്വന്തമാക്കി കഴിഞ്ഞാൽ, പിന്നീടതു നഷ്ടപ്പെടില്ല എന്നുറപ്പു നേടിക്കഴിഞ്ഞാൽ അതിനോടുള്ള താൽപര്യം നശിക്കുന്ന കുട്ടികളുടെ മനോഗതിയാണോ ഈ പുരുഷന്മാർക്കുള്ളത്? ചെറുതായി ഒരു വണ്ണം വച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ തൻ്റെ സൗന്ദര്യത്തിനോ ശരീരഭംഗിക്കോ ഒരു കുറവും സംഭവിച്ചിട്ടില്ല… കൂടെ പഠിച്ചവരൊക്കെ അസൂയയോടെയാണ് തന്നെ നോക്കുന്നത്.. അവരൊക്കെ ഡെലിവറി കഴിഞ്ഞതോടു കൂടി വീപ്പക്കുറ്റി പോലെ ആയിട്ടുണ്ട്…. തനിക്ക് വലിയ വ്യത്യാസമൊന്നുമില്ല…. എന്നിട്ടും തന്നോട് താൽപര്യക്കുറവ്…

രാവിലെ വീണ്ടും വിളിച്ചു നോക്കിയെങ്കിലും ഫോണെടുക്കുന്ന ലക്ഷണമില്ല… ഇങ്ങോട്ടു വിളിക്കാൻ പറഞ്ഞു നാണം കെട്ടു മെസ്സേജയച്ചിട്ടും അതു കണ്ടിട്ടും തിരിച്ചു പ്രതികരണമില്ല… ഒരു കാര്യം ചെയ്തിട്ടുണ്ട്.. മഹിയേട്ടൻ്റെയും തൻ്റെയും ഇമക്കുട്ടിയുടെയും കൂടെയുള്ള മഹിയേട്ടൻ്റെ വാട്ട് സാപ്പ് പ്രൊഫൈൽ ഫോട്ടോ മാറ്റി മഹിയേട്ടൻ്റെതും ഇമക്കുട്ടിയുടേതും മാത്രമാക്കിയിട്ടുണ്ട്….ഇതിപ്പോൾ അങ്ങോട്ടു പണി കൊടുക്കാൻ പോയിട്ട് പണി കിട്ടിയിരിക്കുന്നത് മുഴുവൻ തനിക്കാണല്ലോ…. മഹിയേട്ടനു യാതൊരു കൂസലുമില്ല… മാനസിക ബുദ്ധിമുട്ടു മുഴുവൻ തനിക്ക്… വൈകുന്നേരം ആയപ്പോൾ അമ്മയുടെ ഫോണിൽ വിളിച്ച് മഹിയേട്ടൻ ഇമക്കുട്ടിയോടു സംസാരിക്കുന്നു… താൻ ഫോൺ വാങ്ങിയപ്പോഴേക്കും അപ്പുറത്ത് കട്ടു ചെയ്തു കഴിഞ്ഞിരിക്കുന്നു… ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി…. അങ്ങനെ ചെയ്താൽ അമ്മയ്ക്കെന്തു തോന്നും… തങ്ങൾ തമ്മിൽ പിണങ്ങിയിരിക്കുകയാണെന്ന് അച്ഛനോ അമ്മക്കോ അറിയില്ലല്ലോ…

പിറ്റേ ദിവസവും ഉച്ചഭക്ഷണം കഴിഞ്ഞ് ഫോൺ നോക്കി നോക്കി ഉറങ്ങിപ്പോയി……നെറ്റിയിലൊരു തണുത്ത തൂവൽ സ്പർശം… തലമുടിയിലൂടെ തലോടുന്ന കൈകളുടെ തണുപ്പ്.. ഈ മുറിയിൽ ,കിടക്കയിൽ തന്നെ കൂടാതെ ആരോ ഉണ്ട് എന്ന് തോന്നി നിലവിളിക്കാനാഞ്ഞതും ആരുടെയോ വലം കൈ വന്ന് അവളുടെ ചുണ്ടുകളെ മൂടി… ഇടം കൈയാൽ അവളുടെ ശരീരത്തേ പുണർന്നു…

” അദ്രീ… ഇത് ഞാനാ…” കാതോരം ഒരു സ്നേഹ മന്ത്രണം… ഏത് ഉറക്കത്തിലാണെങ്കിലും മറക്കാത്ത ശബ്ദം, മറക്കാത്ത ഗന്ധം… തൊട്ടരികിൽ മഹേന്ദ്രൻ്റെ കുസൃതി നിറഞ്ഞ കണ്ണുകൾ… അദ്രികയുടെ കണ്ണുകളിലും മുഖത്തും സന്തോഷം കുതിച്ചെത്തിയെങ്കിലും കപട ഗൗരവത്തോടെ അവൾ മഹേന്ദ്രൻ്റെ കൈ തട്ടിമാറ്റി..

“എന്താ …ഫോണെടുക്കാതിരുന്നത്? ഞാനെത്ര തവണ വിളിച്ചു? എത്ര മെസേജയച്ചു?….” കിടക്കയിൽ എഴുന്നേറ്റിരുന്നു കൊണ്ട് അവൾ ചുണ്ടു കൂർപ്പിച്ചു..

“അത്… ഞാൻ നിന്നെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയല്ലേ….. നീ വന്നേ.. നമുക്ക് വീട്ടിൽ പോവാം… നീയും മോളുമില്ലാതെ എനിക്ക് പറ്റില്ല… നീ ഇല്ലാതെ ഇരുന്നപ്പോഴാണ് എനിക്കത് മനസിലായത്…”

” വരുന്നതൊക്കെ കൊള്ളാം….. എന്നെ വെറുതേ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കരുത്.. വെറുതേ കുറ്റവും പറയരുത്.. സമ്മതിച്ചോ…” അവൾ മുഖം വെട്ടിച്ചു മഹേന്ദ്രനെ നോക്കി..

“സമ്മതിച്ചു… എനിക്ക് ദേഷ്യം വന്ന് ഞാൻ വല്ലതും പറഞ്ഞു പോയാലും നീ ഒന്ന് മിണ്ടാതിരുന്നാൽ മതി… തറുതല പറയാതെ… അപ്പോഴാ എനിക്ക് ഒന്നു കൂടെ ദേഷ്യം വരുന്നത്.. വേഗം എഴുന്നേൽക്ക്… നമ്മുടെ വീട്ടിൽ പോവാം…” പതിഞ്ഞ ചിരിയോടെ മഹേന്ദ്രൻ കട്ടിലിൽ നിന്നെഴുന്നേറ്റു..

” പോവാം….” മഹേന്ദ്രൻ്റെ കയ്യിൽ പിടിച്ച് അവൾ റൂമിൽ നിന്നിറങ്ങി..

ഒരാഴ്ച കഴിഞ്ഞേ പോവൂ എന്നു പറഞ്ഞ മകൾ മൂന്നാമത്തെ ദിവസം പോവാൻ തയ്യാറാവുന്നതു കണ്ടപ്പോൾ അമ്മ ചോദിച്ചു…

“നീ അവനുമായി പിണങ്ങി വന്നതാണല്ലേ.. “

“അമ്മയ്ക്കെങ്ങനെ മനസിലായി.. “

” അമ്മയ്ക്കതൊക്കെ ആദ്യത്തെ ദിവസം തന്നെ മനസ്സിലായി… ഏതു വരെ പോവുമെന്നു നോക്കി നിന്നതാ ഞാനും.. ഇപ്പോൾ രണ്ടിൻ്റെയും പിണക്കമൊക്കെ കഴിഞ്ഞു… നീ ഇവിടെ നിന്നില്ല എന്നു വച്ച് ഞങ്ങൾക്ക് വിഷമമൊന്നുമില്ല… നിങ്ങൾ തമ്മിൽ വഴക്കില്ലാതെ കഴിഞ്ഞാൽ മതി… ” അമ്മ ചിരിയോടെ പറഞ്ഞു..

അദ്രിക ഒരു കള്ളച്ചിരിയോടെ അച്ഛനെ അന്വേഷിച്ചിറങ്ങി…… അപ്പോൾ അടുത്ത വഴക്കിന് വിഷയമന്വേഷിച്ചിറങ്ങുകയായിരുന്നു മഹേന്ദ്രൻ്റെ മനസ്സ്…..

~മേഘ മയൂരി