ജോലി കഴിഞ്ഞു തളർന്നു വരുന്ന അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ചെറുതിലേ തന്നെ വീട്ടുജോലികളെല്ലാം….

ഇങ്ങനെയും ചിലർ

Story written by Jisha Raheesh

==========

അമ്മ തന്നെയാണ് നീതുവിനെ കൊ-ല്ലാൻ ശ്രമിച്ചത്…

ചന്ദ്രുവിന് തല കറങ്ങുന്നത് പോലെ തോന്നി..ഐസിയുവിന്റെ പുറത്തിട്ട കസേരകളിലൊന്നിൽ തല കയ്യിൽ തങ്ങി അവനിരുന്നു…

കല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം തുടങ്ങിയ വഴക്കാണ് നീതുവും അമ്മയും..മൂന്നാല് വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയവൾ..അവൾക്ക് അമ്മയെ ഉൾക്കൊള്ളാൻ വയ്യാത്തതാവും പ്രശ്നമെന്ന് കരുതി..പക്ഷെ നാൾക്ക് നാൾ പ്രശ്നങ്ങൾ കൂടി വന്നതേയുള്ളൂ..

നീതുവിന്റെ പരാതികൾ പതിയെ ഗൗരവതരമായിക്കൊണ്ടിരുന്നു..അമ്മ പക്ഷെ ഒരിക്കൽ പോലും ഒന്നും വിശദീകരിക്കാനോ, പരാതി പറയാനോ  തന്റെ മുൻപിൽ വന്നിട്ടേയില്ലെന്ന് അവനോർത്തു..

ഗതി കെട്ട് അമ്മയോടൊരിക്കൽ ചോദിക്കേണ്ടി വന്നു..നീതുവിനോട് അമ്മയ്ക്ക് മറ്റെന്തെങ്കിലും വിരോധമുണ്ടോയെന്ന്..അമ്മ നോക്കിയ ആ നോട്ടം..അപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല..നോവ് നിറഞ്ഞ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ…?

അമ്മ…സമ്പന്നമായൊരു തറവാട്ടിൽ മൂന്ന് സഹോദരന്മാർക്കിടയിൽ രാജകുമാരിയെ പോലെ വളർന്നവൾ..വിവാഹവും ആർഭാടമായിരുന്നു..ഉയർന്ന ജോലിയുള്ള, തറവാട്ടിൽ പിറന്നവന്റെ സ്വഭാവത്തെ പറ്റി അവർ അന്വേഷിച്ചിരുന്നില്ലെന്ന് മാത്രം..

മ-ദ്യപാനവും വഴക്കുകളും തുടർകഥയായപ്പോൾ വീട്ടുകാർ ഇടപെട്ടു..പെണ്ണായിപോയില്ലേ, എല്ലാം സഹിച്ചു പിടിച്ചു നിൽക്കാനായിരുന്നു ഉപദേശങ്ങൾ..പക്ഷെ അമ്മയുടെ കണ്ണീരിനാൽ കഴുകിക്കളയാവുന്നതായിരുന്നില്ല അച്ഛന്റെ സ്വഭാവദൂഷ്യങ്ങൾ..എല്ലാം വിറ്റ് തുലച്ചു വാടകവീട്ടിൽ അഭയം പ്രാപിച്ചപ്പോഴേക്കും കടുത്ത മ-ദ്യപാനം കൊണ്ടു അച്ഛന്റെ ജോലി പോലും നഷ്ടമായിരുന്നു..

അമ്മയുടെ അച്ഛൻ മരിച്ചതിൽ പിന്നെ, ഒരിക്കൽ കൊഞ്ചിച്ചു ലാളിച്ച സഹോദരി, ആങ്ങളമാരുടെ സ്വൈര്യജീവിതത്തിനു തടസ്സമാണെന്നവർ തുറന്നു പറഞ്ഞതോടെ, അഭയം തേടി അമ്മ അങ്ങോട്ടും പോവാതായി…

അന്നും കടം വാങ്ങാനായി ചെന്ന തന്നെ, പറ്റുബുക്കിലെ തുക കൂടിയെന്നും, ഇനിയും കടം തരാൻ പറ്റില്ലെന്നും പറഞ്ഞു കടയുടമ പരിഹസിച്ചു പറഞ്ഞയച്ചതിന്റെ പിറ്റേന്നാണ് അമ്മ രമേച്ചിയുടെ അടുത്ത് പോയി തയ്യൽ പഠിക്കാൻ തുടങ്ങിയത്..

കാതിൽ അവശേഷിച്ചിരുന്ന ഇത്തിരിപ്പൊന്നും, നുള്ളിപ്പെറുക്കിയതുമൊക്കെ ചേർത്ത കൂട്ടത്തിൽ, താൻ കുടുക്കയിൽ ഇട്ട് വെച്ചിരുന്ന ചില്ലറകളും കൂട്ടിയാണ് അമ്മ പഴയൊരു തയ്യൽ മെഷീൻ വാങ്ങിയത്..

പിന്നീടുള്ള അമ്മയുടെ ജീവിതം അതിലായിരുന്നു..അമ്മയ്ക്ക് കിട്ടുന്ന തയ്യൽക്കൂലി പിടിച്ചു പറിച്ചെടുത്ത് കൊണ്ടുപോവുന്ന അച്ഛനെ, എതിർക്കാൻ തുടങ്ങിയതിൽ പിന്നെയാണ് പല ദിവസങ്ങളിലും, അമ്മയുടെ ദേഹത്ത് ചോര പൊടിഞ്ഞതും കരിനീലിച്ചപാടുകൾ കണ്ടു തുടങ്ങിയതും…

ഇങ്ങനെ അടിയും ബഹളവുമായി ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് വീട്ടുടമ വന്നു പറഞ്ഞന്ന് സന്ധ്യയ്ക്കാണ്, അമ്മ കാശ് കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അച്ഛൻ, അടുക്കളയിൽ, ആകെയുണ്ടായിരുന്ന അരിയിട്ട് വെച്ച കഞ്ഞി ചെമ്പോടെ എടുത്തെറിഞ്ഞത്…

അന്ന് രാത്രി അമ്മയുടെ, അടി കൊണ്ടു തളർന്ന ദേഹത്തെ ചാരിയിരിക്കുമ്പോഴാണ് താൻ ചോദിച്ചത്…

“അമ്മയ്ക്ക് അയാളെ വേണ്ടെന്നു വെച്ചൂടെ..?”

അമ്മ തന്നെയൊന്ന് നോക്കി..

“ഞങ്ങക്ക് വേണ്ടാ ഇങ്ങനെയൊരച്ഛനെ..”

പന്ത്രണ്ടു വയസ്സുകാരന്റെ ശബ്ദം കടുത്തതായിരുന്നു…

രണ്ടുദിവസം കഴിഞ്ഞാണ് അമ്മ തന്റെ കയ്യും പിടിച്ചു പോലീസ് സ്റ്റേഷനിൽ ചെന്നത്..

“നിങ്ങൾ ഇപ്പോൾ വേണ്ടാന്ന് പറഞ്ഞാൽ അയാൾ എങ്ങോട്ട് പോവും..അയാൾക്ക് പോകാൻ വേറൊരു സ്ഥലമുണ്ടോ..?”

പോലീസുകാരന്റെ ചോദ്യത്തിന് താനാണ് മറുപടി പറഞ്ഞത്..

“എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ സാറേ..”

“നിങ്ങളൊരു പരാതി തന്നാൽ ഞാൻ പിടിച്ചു അകത്തിടാം…കുറച്ചു ദിവസം..അത് കൊണ്ടു നന്നാകുമെന്ന് തോന്നുന്നുണ്ടോ..?”

അമ്മ ഒന്നും പറഞ്ഞില്ല..

“എത്ര ദിവസം ഞങ്ങൾക്ക് നിങ്ങളെ പ്രൊട്ടക്ട് ചെയ്യാൻ പറ്റും..? അയാൾക്ക് മേലും കീഴും നോക്കാനില്ല..പോരാത്തേന് മുഴുക്കുടിയനും..പുറത്തിറങ്ങി വീണ്ടും നിങ്ങളെയും കുഞ്ഞുങ്ങളെയും വല്ലതും ചെയ്താലോ..?”

അതിനൊന്നും അമ്മയ്ക്ക് ഉത്തരമില്ലായിരുന്നു..ആരുമില്ല ഒരു തുണയ്ക്കെന്ന് അമ്മയ്ക്കറിയാമായിരുന്നു.

“ഞങ്ങൾ വിളിച്ചൊന്നു പേടിപ്പിക്കാം..നിങ്ങള് വല്ല ഡി അഡിക്ഷൻ സെന്ററിലും കൊണ്ടുചെന്നാക്കാൻ നോക്ക്..”

അവർ പറഞ്ഞതെല്ലാം കേട്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ അമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു..

പിന്നെയും ദിവസങ്ങൾ കടന്നു പോയി..പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ ഫലമായി അമ്മയുടെ കയ്യൊന്ന് ഒടിഞ്ഞത് മിച്ചം..അയൽവാസികളുടെ കാരുണ്യം അരിയായും ഭക്ഷണമായും പലപ്പോഴും എത്തിയത് കൊണ്ടു ചത്തില്ല..അതിന്റെ പങ്കു പറ്റാനും അയാളുണ്ടായിരുന്നു..

ഒടുവിലൊരു രാത്രിയിൽ മ-ദ്യപിച്ചു റോഡിലെവിടെയോ കിടന്നയാളെ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചെന്ന് കേട്ടപ്പോൾ ആശ്വാസമായിരുന്നു..വെള്ളത്തുണിയിൽ പൊതിഞ്ഞു അയാളെ ഉമ്മറക്കോലായിൽ കിടത്തിയപ്പോൾ അമ്മയുടെ കണ്ണിൽ നിന്നൊരു തുള്ളിയും പൊഴിഞ്ഞിരുന്നില്ല..ആരും കണ്ണീർ പൊഴിക്കാതെ, അലറിക്കരയാതെ, ഒരു ജന്മം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി..

അമ്മ കൂടുതൽ കരുത്താർജ്ജിക്കുകയായിരുന്നു..ആ തയ്യൽ മെഷീനിൽ നിന്നുള്ള വരുമാനം മൂന്ന് മക്കളുടെ പഠിപ്പിനും ജീവിതച്ചിലവുകൾക്കും തികയാതെ വന്നപ്പോൾ അമ്മ അയൽ വീടുകളിൽ വീട്ടുജോലിയ്ക്കും പോയി തുടങ്ങി…ഞങ്ങളെക്കൊണ്ടാവുന്ന പണികൾ ഞങ്ങളും..

അമ്മ ചോര നീരാക്കിയാണ് പഠിപ്പിക്കുന്നതെന്നറിയാവുന്നത് കൊണ്ടു പഠിത്തത്തിൽ ഞങ്ങളെന്നും മുന്നിലായിരുന്നു…

കോളേജിൽ പഠിക്കുന്നതിനിടെയാണ് നീതുവിനെ കാണുന്നത്..ഇഷ്ടം പറഞ്ഞു വന്നവളെ ആദ്യമൊന്നും മൈൻഡ് ചെയ്തില്ലെങ്കിലും ആള് വിടാതെ പിന്നാലെ കൂടി..പക്ഷെ വീട്ടിലെ പ്രാരാബ്ദമൊക്കെ ഓർക്കുമ്പോൾ പ്രണയമെന്നതൊക്കെ ഒരു വിദൂരസ്വപ്നമായിരുന്നു..

ഒഴിഞ്ഞു പോവാൻ തയ്യാറല്ലാതിരുന്നവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിയാണ് അന്ന് സംസാരിക്കാമെന്ന് സമ്മതിച്ചത്..

ജീവിതമൊന്നാകെ അവൾക്ക് മുൻപിൽ തുറന്നു വെച്ചപ്പോൾ പിന്മാറുമെന്ന് കരുതിയെങ്കിലും തന്നെ ഞെട്ടിച്ചു കൊണ്ടാണവൾ ഇറുകെ കെട്ടിപിടിച്ചു, എനിക്കീ ചെക്കനെ തന്നെ മതിയെന്ന് മന്ത്രിച്ചു കൊണ്ടു തിരിഞ്ഞോടിയത്…

അവൾ ആഗ്രഹിക്കുന്നത് പോലെ പ്രണയിച്ചു നടക്കാനൊന്നും പറ്റില്ലെന്ന് ആദ്യമേ പറഞ്ഞതാണ്..എന്നിട്ടും ഇടക്കിടെ വഴക്കുകളുണ്ടായിരുന്നു. എന്നാലും മനസ്സിൽ നിന്നും ഇറക്കിവിടാനാവാത്ത വിധത്തിൽ പതിഞ്ഞു പോയിരുന്നു ആ മുഖം..

ജോലി കിട്ടിയ അന്ന് മുതൽ നീതു വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ശരണ്യയുടെ വിവാഹം കഴിയാതെ പറ്റില്ലെന്ന് താൻ ഉറപ്പിച്ചു പറഞ്ഞു..അനിയത്തിയെ അവൾക്ക് ചേർന്നൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷമാണ് അമ്മയോട് നീതുവിന്റെ കാര്യം പറഞ്ഞത്..

“അതിനെന്താടാ..നെന്റെ ഇഷ്ടമല്ലേ എനിക്ക് വലുത്..പിന്നെ കൂടെ ജീവിക്കേണ്ടത് നീയാ..അതോർമ്മ വേണം..ജീവിതാവസാനം വരെ കൂടെ വേണ്ടവളാണ്..”

അമ്മ ചിരിയോടെയാണ് പറഞ്ഞത്..നീതുവിന്റേത് ഒരിടത്തരം കുടുംബമാണ്..ഒരനിയത്തി കൂടെയുണ്ട്..ദിവ്യ..

പ്രണയം തുടങ്ങിയ കാലം മുതലേ നീതുവിനോട് ഏറ്റവും കൂടുതൽ സംസാരിച്ചത് അമ്മയെ പറ്റിയാണ്..അമ്മയെ അവളും മനസ്സിലാക്കട്ടെ, സ്നേഹിക്കട്ടെ എന്നൊരു ആഗ്രഹം കൂടെ അതിന്റെ പിന്നിലുണ്ടായിരുന്നു..

പെണ്ണ് ചോദിക്കാൻ ചെന്ന അമ്മ, യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയോട് ചേർന്നു നിന്നവൾ, ആ കവിളത്തൊരു ഉമ്മ നൽകിയപ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു..തന്റെയും…

പക്ഷെ…

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം, വൈകുന്നേരം പുറത്തുപോയി വന്ന തനിക്ക് ചായയുമായി എത്തിയ അമ്മയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ തട്ടിപ്പറിച്ചെന്ന പോലെയാണ് അവൾ പറഞ്ഞത്..

“ചന്ദ്രുവേട്ടന്റെ കാര്യങ്ങളൊക്കെ നോക്കാനിപ്പോ ഞാനുണ്ടല്ലോ..അമ്മ വെറുതെ ബുദ്ധിമുട്ടണ്ട..”

അവളുടെ എടുത്തടിച്ചപോലെയുള്ള വാക്കുകൾ കേട്ടതും, അമ്മയുടെ മുഖമൊന്നു വിളറിയെങ്കിലും, അമ്മ ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നിരുന്നു…

പിന്നെപ്പിന്നെ അമ്മ എന്റെ കാര്യങ്ങളിലൊന്നും ഇടപെടാതായി..ഒരിക്കൽ നീതുവിന് വയ്യെന്ന് പറഞ്ഞു നേരത്തേ കിടന്ന രാത്രിയിൽ അടുക്കളയിൽ പോയി പ്ലേറ്റിൽ ചോറും കറികളും വിളമ്പി തനിയെ കഴിക്കുമ്പോൾ മനസ്സൊന്നു വിങ്ങി..

ജോലി കഴിഞ്ഞു തളർന്നു വരുന്ന അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ചെറുതിലേ തന്നെ വീട്ടുജോലികളെല്ലാം ഏറ്റെടുത്തവരായിരുന്നു ഞങ്ങൾ മൂന്നു പേരും..എന്നാലും അമ്മ വിളമ്പിത്തരണമെന്നൊരു കുഞ്ഞു നിർബന്ധം ചിലപ്പോഴൊക്കെ താൻ കാണിക്കാറുണ്ടായിരുന്നു..അമ്മയ്ക്കും അതറിയാം..എന്നിട്ടിപ്പോൾ…വല്ലാതെ സങ്കടം വന്നു..ഒരിക്കൽ ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ഓർമ്മ വന്നു..

“നീതൂന് മോനോടുള്ള സ്നേഹം കൊണ്ടാണ് അവളിങ്ങനെ വാശി കാണിക്കണത്..അല്ലേലും കല്യാണം കഴിഞ്ഞാ അമ്മമാരിത്തിരി അകലം പാലിച്ചേ പറ്റൂ..നീ വിഷമിക്കൊന്നും വേണ്ടാടാ..അമ്മയ്ക്ക് മനസ്സിലാകും…”

ഒരിക്കൽ അമ്മയോട് അകൽച്ച കാണിക്കരുതെന്ന് നീതുവിനോട് പറഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറഞ്ഞത്..

“ചന്ദ്രുവേട്ടന് അല്ലേലും എന്നേക്കാൾ വിശ്വാസം അമ്മയെയാണല്ലോ..ഞാൻ പറയണതൊന്നും കാര്യമാക്കില്ല..”

“അങ്ങനെയല്ല നീതു..ഞാൻ..”

“അമ്മയെ എനിക്കെത്ര ഇഷ്ടമാണ് ന്ന് ചന്ദ്രുവേട്ടന് അറിയോ..ഏട്ടൻ പറഞ്ഞു അമ്മയുടെ ഓരോകാര്യങ്ങളും അറിയുമ്പോ
ഇഷ്ടം കൂടിയിട്ടേയുള്ളൂ..പക്ഷെ അമ്മ…”

നിറഞ്ഞ കണ്ണുകളുയർത്തി അവളൊന്ന് നോക്കിയതും എന്റെ ഉള്ള് പിടച്ചു…

“അമ്മയ്ക്കെന്നെ ഒട്ടും ഇഷ്ടല്ല ഏട്ടാ..ഞാനെന്ത് ചെയ്താലും കുറ്റം..ഏട്ടനെ ഞാൻ അമ്മയിൽ നിന്നും അകറ്റോന്നുള്ള പേടിയാ അമ്മയ്ക്ക്…”

അവൾ തേങ്ങിക്കൊണ്ട് പറഞ്ഞതും ഞാനവളെ ചേർത്തു പിടിച്ചു..ഒന്നും പറയാനായില്ലെനിക്ക്…

കുറച്ചു വാശിയും എന്റെ കാര്യത്തിൽ കുറച്ചേറെ പോസ്സസ്സീവ്നെസ്സും ഉണ്ടെന്നേയുള്ളൂ..ആള് പാവമാണ്..പതിയെ അവളുടെ മുടിയിൽ തഴുകുമ്പോൾ ഞാനോർത്തു..

പക്ഷെ അമ്മ…ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച, ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ച എന്റെയമ്മ..

അമ്മ ഇങ്ങനെയൊക്കെ ചെയ്യുമോ…? പക്ഷെ എന്റെ ധാരണകളെല്ലാം തെറ്റിച്ചു കൊണ്ടു നീതുവിന്റെ കവിളിലും കയ്യിലുമൊക്കെ നീലിച്ച പാടുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു..വഴക്കുകൾ കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു..

അമ്മയെ പോലെ തന്നെ ബിജുവും എന്നോട് അധികം സംസാരിക്കാനോ എന്റെ കാര്യങ്ങളിൽ ഇടപെടാനോ വരാതെയായി..

ഒരു വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോൾ അമ്മയുടെ പുരികത്തിന് മുകളിലായി ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചിരുന്നു..ചോദിച്ചിട്ട് അമ്മയൊന്നും പറഞ്ഞില്ല..

ഭാര്യയെക്കൊണ്ട് എന്റെ അമ്മയെ കൊല്ലിക്കരുതെന്ന് പറഞ്ഞ്, എന്റെ അനിയൻ ആദ്യമായി എനിക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു..

അന്നാദ്യമായി നീതുവിനെ ഞാൻ ഒരുപാട് ശകാരിച്ചു..പക്ഷെ അവളൊന്നും സമ്മതിച്ചില്ല..തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു എന്റെ കാൽക്കൽ വീണു കരഞ്ഞവളെ കണ്ടില്ലെന്ന് നടിക്കാനാവില്ലായിരുന്നു. അത്രമേൽ ഞാൻ അവളെയും സ്നേഹിച്ചിരുന്നു…

മനസമാധാനം നഷ്ടപ്പെട്ട് ജീവിതം നരകമായി തീർന്നിരുന്നു…അമ്മയ്ക്കും ഭാര്യയ്ക്കുമിടയിൽ..ആരെ തള്ളണം, ആരെ കൊള്ളണം എന്നറിയാതെ..

രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് നീതുവിന്റെ നെറ്റിയിൽ മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്ന മുറിവുണ്ടായത്..അമ്മ തള്ളിയിട്ടതാണെന്ന് തേങ്ങലിനിടയിൽ അവൾ പറഞ്ഞിരുന്നു..

അന്ന് രാത്രി ആദ്യമായി ഞാൻ അമ്മയോട് വഴക്കുണ്ടാക്കി..

“നീയ്യ് അവളെയും കൂട്ടി ഇവടന്ന് മാറിത്താമസിക്കണം..”

“ഞാൻ എങ്ങോട്ടും പോണില്ല, ഇവിടെ തന്നെ താമസിക്കും..”

എവിടുന്നെന്നറിയാതെ വന്ന ദേഷ്യത്താൽ അമ്മയെ വെല്ലുവിളിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ നീതു കരയുകയായിരുന്നു.. ഒന്നും പറയാതെ, അവളെയും ചേർത്ത് പിടിച്ചു ഉറങ്ങാനാവാതെ, കിടക്കുമ്പോൾ മാറിത്താമസിക്കാമെന്ന് മുൻപ് നീതുവും ഇപ്പോൾ അമ്മയും പറഞ്ഞ വാക്കുകളിൽ മനസ്സുടക്കി കിടന്നു..

ബിജു എന്നോട് സംസാരിക്കുകയോ, മുഖത്ത് നോക്കുകയോ ചെയ്യാതായി..അമ്മയോട് ഒന്നും സംസാരിക്കാൻ ഞാനും ശ്രമിക്കാതായി..എന്നാലും നീതുവിനോടൊപ്പം ചേർന്നു, അമ്മയുടെ കുറ്റങ്ങളിൽ പങ്കു ചേരാൻ മനസ്സ് അപ്പോഴും അനുവദിച്ചിരുന്നില്ല..

അന്ന് നീതുവിനെ കൂട്ടി പുറത്തു പോകാമെന്നു പറഞ്ഞത് കൊണ്ടാണ് കുറച്ചു നേരത്തേ ഓഫീസിൽ നിന്നും ഇറങ്ങിയത്..

മുറ്റത്തു കാർ നിർത്തി ഇറങ്ങുമ്പോഴാണ് അകത്തു നിന്നും നീതുവിന്റെ അലർച്ച കേട്ടത്…ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച..

കഴുത്തിലെ മുറിവിൽ നിന്നും ചോരയൊഴുകി നിലത്ത് കിടന്നു പിടയുന്ന നീതു…പരിഭ്രമത്തോടെ നിൽക്കുന്ന അമ്മയുടെ കയ്യിൽ…കത്തി…

നീതുവിനെ കോരിയെടുത്തു പുറത്തേയ്ക്കൊടുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും കത്തി താഴെ വീണ ശബ്ദം കേട്ടിരുന്നു…

എന്നാലും അമ്മ…ഐസിയു വിന്റെ പുറത്തിരിക്കുന്ന നീതുവിന്റെ അമ്മ നുള്ളിപ്പെറുക്കി കൊണ്ടുകരഞ്ഞിരുന്നു..അവരിൽ നിന്നും ഇടയ്ക്കിടെ തന്റെ അമ്മയ്ക്കായി ഉതിർന്നു കൊണ്ടിരിക്കുന്ന ശാപവാക്കുകൾ മനസ്സിനെ കീറിമുറിച്ചു കൊണ്ടിരുന്നു..

നീതുവിനെ റൂമിലേക്ക് മാറ്റി രണ്ടാമത്തെ ദിവസവും ജീവേട്ടൻ വന്നിരുന്നു..അനിയത്തിയുടെ ഭർത്താവെന്നതിനേക്കാൾ സ്വന്തം ഏട്ടന്റെ സ്ഥാനം കൊടുത്തിരുന്നു ജീവേട്ടന്…

“എടാ..അമ്മയുമായി ഞാൻ സംസാരിച്ചു..”

ഒന്നും മിണ്ടാൻ തോന്നിയില്ല..ജീവേട്ടൻ തന്നെ നോക്കി..

“അമ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ..?”

“പിന്നെ..ഇതൊക്കെ എങ്ങനെ സംഭവിച്ചെന്നാ..?ഇത്രയും നാൾ ഞാൻ എല്ലാം സഹിച്ചു..പക്ഷെ ഇപ്പോ…അവൾ എന്റെ ഭാര്യയാ ജീവേട്ടാ..എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് വന്ന പെണ്ണ്..”

“ശരി..ഞാൻ എതിർക്കുന്നില്ല..പക്ഷെ ഒരു സജെഷൻ പറയാം..എന്റെ ഒരു ഫ്രണ്ടുണ്ട്. സന്ദീപ്..സൈക്യാർട്ടിസ്റ്റ് ആണ്..ഇതെല്ലാമൊന്ന് ശാന്തമായിട്ട് നമുക്ക് അവിടെ വരെയൊന്ന് പോയാലോ..?”

“വാട്ട്‌…?”

ഞാൻ വിശ്വസിക്കാനാവാത്തത് പോലെ ജീവേട്ടനെ നോക്കി..

“നീതുവിന് പ്രാന്താണെന്നാണോ അവർ പറഞ്ഞത്..സ്വന്തം തെറ്റുകൾ മറച്ചു വെക്കാൻ ശ്രമിക്കുകയാണവർ..”

പറയുന്നത് അമ്മയെ പറ്റിയാണെന്ന് ഞാൻ മറന്നു പോയിരുന്നു..ജീവേട്ടൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉള്ളം പുകയുകയായിരുന്നു..ക്ഷീണിച്ച് അവശയായി കിടന്നിരുന്ന നീതുവിനെ കണ്ടപ്പോൾ സങ്കടവും..

“ഞാൻ പറയാനുള്ളത് പറഞ്ഞു..നീയൊന്ന് ആലോചിക്ക്..”

ജീവേട്ടൻ യാത്ര പറഞ്ഞു നീങ്ങി..മുറിയിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ ദിവ്യ പുറകിൽ എല്ലാം കേട്ട് നിന്നിരുന്നു..

വീട്ടിലേക്ക് പോയില്ല. ബിജുവിനെ പോലും വിളിക്കാൻ തോന്നിയില്ല..നീതുവിന്റെ വീട്ടിലായിരുന്നു..രാത്രി മുറ്റത്തു നിന്ന് ഫോണിൽ സംസാരിച്ചു കഴിഞ്ഞു കോലായിലേക്ക് കയറുമ്പോഴാണ് ദിവ്യ മുൻപിലെത്തിയത്…

“ചന്ദ്രുവേട്ടാ..എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്..”

“എന്താ മോളെ…?”

“ചന്ദ്രുവേട്ടൻ ജീവേട്ടൻ പറഞ്ഞ സൈക്യാട്രിസ്റ്റിനെ പോയി കാണണം..”

ഞെട്ടലോടെയാണ്  അവളുടെ വാക്കുകൾ കേട്ട് നിന്നത്..

“ചേച്ചിയ്ക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്..ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നതാണ് ചേച്ചിയുടെ വാശി..എനിക്ക് വേണ്ടി ഒന്നും വാങ്ങാനോ,.ചെയ്യാനോ, അച്ഛനെയോ അമ്മയെയോ ചേച്ചി സമ്മതിക്കില്ലായിരുന്നു..ചേച്ചിയ്ക്ക് ഇല്ലാതെ, എനിക്ക് പുതിയൊരു ഉടുപ്പ് വാങ്ങിയാൽ, അല്ലെങ്കിൽ എന്നോട് അച്ഛനോ അമ്മയോ കുറച്ചു കൂടുതൽ സ്നേഹം കാണിച്ചാൽ ചേച്ചി വല്ലാതെ വയലന്റ് ആവുമായിരുന്നു..അന്ന് ചേച്ചിയ്ക്ക് എന്തെങ്കിലും അസുഖവും വരും…”

ഞാൻ അവൾ പറയുന്നതൊന്നും വിശ്വസിക്കാനാവാതെ നിന്നു..

“എനിക്ക് കൂടുതൽ അറ്റെൻഷൻ കിട്ടുന്നതൊ, കെയർ കിട്ടുന്നതൊ ഒന്നും ചേച്ചിയ്ക്ക് സഹിക്കില്ലായിരുന്നു..അച്ഛൻ കൊണ്ടു വരുന്ന പലഹാരങ്ങൾ പോലും ചേച്ചി കഴിച്ചിട്ട് ബാക്കിയായിരുന്നു തരിക..വല്ലാത്ത വാശിയാണെന്ന് പറഞ്ഞു അച്ഛനും അമ്മയും അവൾ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കും..”

എന്നെയൊന്നു നോക്കി അവൾ തുടർന്നു .

“എനിക്ക് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നൊരു ജോലിയുടെ ഇന്റർവ്യൂവിന്, പോവേണ്ട ദിവസ്സം എന്റെ സർട്ടിഫിക്കറ്റ് വെച്ചിരുന്ന ഫയൽ കാണാതായി..പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതേ ഫയൽ എനിക്ക് എന്റെ ഷെൽഫിൽ ഞാൻ വെച്ചയിടത്തു നിന്നും തന്നെ കിട്ടി…മറ്റൊരിക്കൽ, കുറച്ചു ദൂരെ കിട്ടിയ ജോലിയ്ക്ക് പോയി വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് എനിക്ക് അച്ഛൻ ഒരു ആക്ടിവാ വാങ്ങിത്തന്നത്..പക്ഷെ അന്ന് രാത്രി ഞാൻ ബാത്‌റൂമിൽ തെന്നി വീണു…ചേച്ചിയായിരുന്നു പിന്നെയാ വണ്ടി ഉപയോഗിച്ചിരുന്നത്..”

“അതും നീതു ചെയ്തതെന്നാണോ ദിവ്യ പറയുന്നത്..?”

“ബാത്‌റൂമിൽ നിലത്താകെ എണ്ണയായിരുന്നു ചന്ദ്രുവേട്ടാ…പക്ഷെ ഞാൻ അന്ന് എണ്ണ ഉപയോഗിച്ചിരുന്നില്ല..”

അവൾ കൂടുതലൊന്നും പറഞ്ഞില്ല..തിരിഞ്ഞു നടക്കുന്നതിനു മുൻപേ ഒന്നും കൂടി പറഞ്ഞു..

“ചന്ദ്രുവേട്ടന് ചേച്ചിയെ ഒരുപാട് ഇഷ്ടമാണെന്ന് അറിയാം..പക്ഷെ അമ്മയേക്കാൾ ചേച്ചിയെ വിശ്വാസമാണെങ്കിൽ എനിക്കൊന്നും പറയാനില്ല..”

ആ വാക്കുകൾ ഉള്ളിൽ തറച്ചു..പൂർണ്ണമായും അമ്മയെ അവിശ്വസിക്കാൻ അപ്പോഴും എനിക്കായിട്ടില്ലായിരുന്നു ..

അമ്മയെ സൈക്യാട്രിസ്റ്റിനെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ നീതു ആദ്യം ഒന്നും മിണ്ടിയില്ല..അതിനായി ആദ്യം നമുക്കൊന്നു അയാളെ പോയി കാണണമെന്ന് പറഞ്ഞപ്പോൾ അവൾ എതിർത്തു..

നീതുവിനെയാണ് കൺസൽട്ടിംഗിന് കൊണ്ടുപോവുന്നതെന്ന് അവൾ അറിയാൻ പാടില്ലെന്ന് ജീവേട്ടൻ വിലക്കിയത് കൊണ്ടു അമ്മയുടെ പേര് പറഞ്ഞു തന്നെ ഞാനവളെ അവിടെ എത്തിച്ചു..

ഡോക്ടർ സന്ദീപ്, ആദ്യം ഞങ്ങൾ രണ്ടുപേരെയും ഇരുത്തി സംസാരിച്ചു..അമ്മയുടെ കുറ്റങ്ങൾ ആവേശത്തോടെ എടുത്തെടുത്തു പറയുന്ന നീതുവിനെ ഞാൻ തെല്ലത്ഭുതത്തോടെ നോക്കി..നീതുവിനോടും എന്നോടും തനിച്ചു സംസാരിച്ച ഡോക്ടർ അവസാനമാണ് എന്നോട് പറഞ്ഞത്, അമ്മയെയും കൂട്ടി ജീവേട്ടൻ ഡോക്ടറെ കാണാൻ വന്നതും അമ്മ ഡോക്ടറുമായി സംസാരിച്ചതുമെല്ലാം..

“സീ മിസ്റ്റർ ചന്ദ്രകിരൺ..നീതുവിനൊരു പ്രശ്നമുണ്ട്..തുറന്നു തന്നെ പറയാലോ..ഇട്സ് കോംപ്ലിക്കേറ്റഡ്..സാധാരണ മനുഷ്യന്മാർക്കെല്ലാമുണ്ടാവുന്ന വികാരങ്ങളിൽ ഒന്നാണ് സ്വാർത്ഥത..അത് അധികമായി പോയാലുള്ള അവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാവുമല്ലോ..അതെല്ലാ പരിധിയും വിട്ട് ഒരു രോഗാവസ്ഥയിൽ എത്തുമ്പോൾ ഇട്സ് ഡയിഞ്ചറസ്സ്…അതിനൊരു പേരുണ്ട്..നാർസി സ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ..എൻ പി ഡി..അത്തരമൊരു അവസ്ഥയിലാണ് നീതുവിപ്പോൾ..”

“ഡോക്ടർ…?”

എന്റെ ശബ്ദം ഇടറിയിരുന്നു..

“നിങ്ങളെ വെറുതെ എന്തെങ്കിലും പറഞ്ഞൂ സമാധാനിപ്പിച്ചിട്ട് കാര്യമില്ലല്ലോ..പറയുന്നത് സംയമനത്തോടെ കേൾക്കണം…ഈ അവസ്ഥയിൽ ഉള്ളവർക്ക് തന്റെ കാര്യങ്ങൾക്കപ്പുറം മറ്റുള്ളവരെ പറ്റി ചിന്തിക്കാനോ, അവരുടെ ഫീലിങ്‌സിനെ പറ്റി മനസ്സിലാക്കാനോ, അതിനനുസരിച്ചു പ്രവൃത്തിക്കാനോ കഴിയില്ല..സാധാരണ മനുഷ്യന്മാരിൽ  ഉണ്ടാവുന്ന സഹജീവികളോടുള്ള സ്നേഹം, ദയ എന്നൊക്കെയുള്ള വികാരങ്ങളെക്കാൾ ഇവരിൽ മുന്നിട്ട് നിൽക്കുന്നത് സ്വാർത്ഥതയാണ്..സ്വന്തം കാര്യം സാധിക്കാനായി ഏതറ്റം വരെയും ഇവർ പോവും..എന്തും ചെയ്യും..ആരെയും വേദനിപ്പിക്കും..അതിന് വേണ്ടി ഒരു പരിധി വരെ സ്വയം വേദനിപ്പിക്കാനും അവർ തയ്യാറാവും…”

“ഇത്‌..ഇതിന്..ട്രീറ്റ്മെന്റ്..?”

എന്റെ സബ്ദം ഇടറിയിരുന്നു..

“ഇട്സ് നോട്ട് ഈസി ചന്ദ്രകിരൺ…നിങ്ങളെ ഭയപ്പെടുത്തുകയല്ല…പക്ഷെ യാഥാർഥ്യം നിങ്ങൾ അറിഞ്ഞേ പറ്റൂ..പെട്ടെന്നുള്ള ട്രീറ്റ്മെന്റിൽ മാറാവുന്ന ഒരവസ്ഥയല്ല ഇത്..നിരന്തരമായ കൗൺസിലിംഗ്.. അതിന് ക്ഷമയും സഹനവും അത്യാവശ്യമാണ്..ഈ പ്രശ്നം ഉള്ളവരുടെ പാർട്ണേർസ് ആണ് ഈ സ്വഭാവവൈകല്യം കൊണ്ടു ഏറെ ബുദ്ധിമുട്ടുന്നവർ..അതിലുപരി…”

ഡോക്ടർ വീണ്ടും എന്നെ നോക്കി..

“ഈ ഒരു അവസ്ഥ തനിക്കുണ്ടെന്നു  പേഷ്യന്റിന് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് ഏറെ പ്രശ്നം…ട്രീറ്റ്മെന്റിന് അവർ തയ്യാറാവുകയുമില്ല…താൻ എല്ലാവരേക്കാളും ഇത്തിരി സുപ്പീരിയർ ആണെന്നുള്ള മനോഭാവം, തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് മറ്റൊരാൾ പറയുന്നത്, അവരുടെ മാനസികനിലയെ തന്നെ ബാധിക്കും..ഓവർ കോൺഫിഡൻസും, എല്ലാവരോടും പ്ലസന്റ് ആയി പെരുമാറാനും, സ്വന്തം കാര്യം കാണാൻ ആരെയും പാട്ടിലാക്കാനുള്ള വാക്ചാതുര്യവുമൊക്കെ ഉണ്ടാവാമെങ്കിലും യഥാർത്ഥത്തിൽ ഇവർ ഉള്ളിൽ വളരെ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണ്..ഈ ഇൻഫീറിയോറിട്ടി കോംപ്ലക്സ് കവർ ചെയ്യാനുള്ള ഒരു മറയാണ് പുറമെ കാണിക്കുന്ന ഈ ആത്മവിശ്വാസം…”

“നീതു..നീതു എന്നെ സ്നേഹിച്ചിട്ടേയില്ലെന്നാണോ ഡോക്ടർ പറയുന്നത്…”

ഞാൻ ആകെ തകർന്നിരുന്നു..ഡോക്ടറുടെ ചുണ്ടിൽ തെളിഞ്ഞ നേരിയ പുഞ്ചിരിയിൽ സഹതാപവുമുണ്ടായിരുന്നു..

“അങ്ങനെ ഞാൻ പറയില്ല..നീതു നിങ്ങൾ സ്നേഹിക്കുന്നുണ്ട്..അവളുടെ ബേസിക് നാച്ചുറായ സെൽഫിഷ്നെസ്സിന്റെ കൂടെ പൊസ്സസ്സീവ്നെസ്സ് കൂടെ ചേർന്നപ്പോഴാണ് പ്രശ്നം വഷളായത്..നിങ്ങളെ മറ്റെല്ലാരിൽ നിന്നും, എസ്സ്‌പെഷ്യലി നിങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന നിങ്ങളുടെ അമ്മയിൽ നിന്നും അടർത്തിമാറ്റുകയെന്നതായിരുന്നു ഇതെല്ലാം ചെയ്തതിലൂടെ നീതു ലക്ഷ്യം വെച്ചിരുന്നത്. നിങ്ങൾക്ക് ഫാമിലിയോടുള്ള വൈകാരികമായ അടുപ്പം അറിഞ്ഞിട്ടും നിങ്ങളുടെയോ, മറ്റുള്ളവരുടെയോ ഫീലിങ്‌സിനു നീതു യാതൊരു ഇമ്പോർട്ടൻസും  തന്നില്ലെന്നുള്ളതാണ് അവളുടെ രോഗാവസ്ഥ..ഇങ്ങനെയുള്ളവർക്ക് ഈ ചെയ്തു പോയതിലൊന്നും യാതൊരു വിധത്തിലുള്ള കുറ്റബോധമോ പശ്ചാത്തപമോ തോന്നില്ലെന്നതും സത്യം..”

കൈ കൊണ്ടു നെറ്റിയുഴിഞ്ഞു ഞാനിരുന്നു…

“അമ്മ..അമ്മ എന്നോടൊന്നും പറഞ്ഞില്ലല്ലോ…”

സ്വയമെന്നപോലെ ഞാൻ മന്ത്രിച്ചു…

“ഞാനും ചോദിച്ചിരുന്നു.. “

ഡോക്ടർ ചന്ദ്രുവിനെ നോക്കി

“പലവട്ടം പറയാൻ തുടങ്ങിയതാണ് ഡോക്ടർ..പക്ഷെ ഞാനത് അവനോട് പറയുമ്പോൾ, അവന്റെ കണ്ണിൽ എന്റെ നേർക്കൊരു സംശയം തെളിഞ്ഞാൽ, അതെനിക്ക് സഹിക്കാനാവില്ലായിരുന്നു സാറേ..”

ഞാൻ മുഖമുയർത്തി അയാളെ നോക്കി…

“അതായിരുന്നു ഇയാളുടെ അമ്മ പറഞ്ഞത്..”

എന്റെ ഹൃദയം മുറിഞ്ഞു ചോ-രയൊ-ഴുകി തുടങ്ങിയിരുന്നു…എന്റെ അമ്മ..എത്ര വേദനിച്ചിട്ടുണ്ടാവും..

“ഒരു തീരുമാനം എടുക്കേണ്ടത് ചന്ദ്രകിരണാണ്..കാരണം ഈ രോഗാവസ്ഥയുടെ എല്ലാ ദൂഷ്യങ്ങളും സഹിക്കേണ്ടി വരുന്നത് പാർട്ണേർസാണ്….നിങ്ങൾ പിരിഞ്ഞാലും നീതുവിന്റെ ജീവിതം ഒരു ദുരന്തത്തിൽ കലാശിക്കാൻ സാധ്യത കൂടുതലാണ്..നിങ്ങളെ തോൽപ്പിക്കാനും വേദനിപ്പിക്കാനും എന്തിനും അവൾ തയ്യാറാവും, അപവാദപ്രചരണമോ, ശാരീരികോ-പദ്രവമോ അങ്ങനെ എന്തും..പിന്നെ രോഗത്തേക്കാൾ ശക്തി സ്നേഹത്തിനുണ്ടല്ലോ അല്ലേ..ചേർത്തു പിടിക്കാൻ കഴിഞ്ഞാൽ ഇട്സ് ഗ്രേറ്റ്‌”

കൺസൽട്ടിംഗ് റൂമിന് പുറത്തു,എന്നെ കാത്തിരുന്ന നീതു, പുറത്തേക്ക് വന്ന എന്നെ കണ്ടതും എഴുന്നേറ്റു..ആ നിഷ്കളങ്ക ഭാവം..എന്തോ ദേഷ്യമാണ് തോന്നിയത്..

“ഡോക്ടർ എന്ത് പറഞ്ഞു..അമ്മയുടെ ട്രീറ്റ്മെന്റ് നെ പറ്റി ..?”

അവളുടെ ചോദ്യത്തിന് മറുപടി പറയാൻ തോന്നിയില്ല…

രാത്രി ആ മുറ്റത്തെത്തുമ്പോൾ അമ്മ കോലായിൽ ഇരിപ്പുണ്ടായിരുന്നു..കണ്ണുകളടച്ചു, കസേരയിൽ ചാരിയിരുന്ന, അമ്മയുടെ കാൽക്കീഴിയിൽ ഇരുന്നപ്പോഴാണ് അമ്മ ഞെട്ടി കണ്ണുകൾ തുറന്നത് .

വെപ്രാളത്തോടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചത്…

“എന്താ ചന്ദ്രൂ..എന്ത് പറ്റി..നീതു..?”

അമ്മയെ എഴുന്നേൽക്കാൻ സമ്മതിക്കാതെ ആ മടിയിൽ മുഖം ചേർത്ത് കിടന്നു..കണ്ണുകൾ നിറയുമ്പോൽ അമ്മയുടെ വിരലുകൾ മുടിയിഴകളിലൂടെ പരതുന്നുണ്ടായിരുന്നു…

“ഞാൻ..ഞാനെന്താ ചെയ്യണ്ടേ അമ്മെ..?”

കുറച്ചു സമയം കഴിഞ്ഞാണ് അമ്മ പറഞ്ഞത്….

“തീരുമാനം എടുക്കേണ്ടത് നീയാണ് ചന്ദ്രൂ..ജീവിതം നിന്റെയാണ്…ഞാൻ..ഞാനൊരമ്മയാണ്..ശരണ്യയുടെ സ്ഥാനത്താണ് ഞാൻ നീതുവിനെയും കണ്ടിട്ടുള്ളത്…ശരണ്യയ്ക്കായിരുന്നു ഇങ്ങനെയൊരു അവസ്ഥ വന്നതെങ്കിൽ…”

അമ്മ പൂർത്തിയാക്കിയില്ല..അമ്മ എന്നും ഇങ്ങനെയായിരുന്നു…ഒന്നിലും ഞങ്ങളെ നിർബന്ധിച്ചിട്ടില്ല..പഠിത്തം, ജോലി..എല്ലാം ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടു തന്നു..ജീവിതം നിങ്ങളുടെയാണ്..അങ്ങനെയാണ് എപ്പോഴും പറയാറ്…

ഇന്ന് എന്റെ കുഞ്ഞിമോളുടെ രണ്ടാം പിറന്നാളായിരുന്നു..പൂമുഖത്തെ സ്റ്റെപ്പുകളിലിരുന്നു, മോളെ കളിപ്പിക്കുന്ന അമ്മയെയും, നീതുവിനെയും, ബിജുവിനെയും നോക്കി ഞാൻ കസേരയിലേക്കിരുന്നു കണ്ണുകൾ അടച്ചു…

വർഷങ്ങൾ കണ്മുന്നിലൂടെ കടന്നു പോയി..ഒരിക്കൽ കൂടെ ഓർക്കാൻ പേടിയാവുന്ന ദുരിതകാലം..സമനില തെറ്റിപ്പോവുമെന്ന് കരുതിയ ദിവസങ്ങൾ..കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിച്ചത്…നീതുവിനെ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു അവളുടെ അച്ഛന്മമാരോട് അവളുടെ അവസ്ഥയെ പറ്റി പറയുന്നത്..പക്ഷെ ദിവ്യയും ഒപ്പം നിന്നു..നീതു എന്നെ സ്നേഹിച്ചിരുന്നു..അതായിരുന്നു എന്റെ ബലം..എന്റെ പ്രതീക്ഷയും…അത്രമേൽ ഞാനും അവളെ ഇഷ്ടപ്പെട്ടു പോയിരുന്നല്ലോ..

ഞാൻ പതിയെ കണ്ണുകൾ തുറന്നപ്പോൾ അവളെന്നെ നോക്കുന്നുണ്ടായിരുന്നു..പതിയെ കണ്ണുകൾ ചിമ്മിക്കാണിച്ചപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു…

അവളപ്പോൾ നല്ലൊരു മകളായിരുന്നു, ഭാര്യയായിരുന്നു, മരുമകളായിരുന്നു, ഏടത്തിയമ്മയായിരുന്നു, അമ്മയായിരുന്നു….എന്റെ പ്രാണന്റെ പാതിയായിരുന്നു…

~സൂര്യകാന്തി (ജിഷ രഹീഷ്)?

NPD വിവരങ്ങൾക്ക് കടപ്പാട്..