വയോജനങ്ങളുടെ അടുത്തെത്തിയതും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ എത്തിച്ചു എന്നു പറയാം…

ഒറ്റപ്പെട്ടവർ അഥവാ സ്വർഗത്തിലെ ചിത്രശലഭങ്ങൾ

എഴുത്ത്: വിജയാ മേനോൻ

==========

ഒരിക്കൽ അവിടെ പോയിരുന്നു. ഞങ്ങളുടെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ഓണ സദ്യ കൊടുക്കുവാൻ പോയതാണ്. അവിടെ പല ബ്ളോക്കുകൾ ഉണ്ട്. കുട്ടികൾ മുതൽ ആരോരും നോക്കുവാനില്ലാത്ത ,സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കിയ സ്വയം ഇറങ്ങിപ്പോന്ന വയോജനങ്ങൾ വരെ ഉണ്ടവിടെ. അല്പം മാനസിക വൈഷമ്യങ്ങൾ ഉള്ള, തെറ്റുകളിൽ പെട്ടു പോയ ചെറുപ്പക്കാരികളെയും അധിവസിപ്പിച്ചിരിക്കുന്ന ഇടം.

ഉച്ചവരെ എല്ലാവരുമായി സംസാരിച്ചിരുന്നു. ചെറുപ്പക്കാരുടെ ദേഷ്യവും അവഗണനയും ഒരു വശത്ത്. അവർ ഇങ്ങനെയാവാൻ കാരണം നമ്മളാണെന്ന (സമൂഹം ) ധ്വനി ഇടയ്ക്കിടെ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.

വയോജനങ്ങളുടെ അടുത്തെത്തിയതും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ എത്തിച്ചു എന്നു പറയാം.

ത്രേസ്യാമ്മച്ചേടത്തിയുടെ വാക്കുകൾ “എന്റെ കുഞ്ഞിനെ വലവീശിപ്പിടിച്ചതാ അവൾ, എന്നിട്ടെന്നെ പുറത്താക്കി. എഴുത്താപ്പീസിൽ കൊണ്ടുപോയി തള്ളവിരൽ പിടിച്ച് എങ്ങാണ്ടൊക്കെ കുത്താൻ പറഞ്ഞു. അവസാനം സ്വത്തെല്ലാം അവരുടേതായി. അവർ മുടിഞ്ഞു പോവത്തേയുള്ളു…” 

“അമ്മച്ചീ എന്തായാലും മക്കളല്ലേ പോട്ടെ അമ്മച്ചിക്കിവിടെ സുഖാല്ലേ?”

“അതേ മക്കളെ സുഖം തന്നെ ദാ ഇവരൊക്കെയില്ലേ “

അടുത്തയാൾ “ഞങ്ങ തനിയെ ഇങ്ങ് പോന്നതാ. വയസ്സായില്ലേ, മക്കൾ നന്നായി ജീവിക്കട്ടെ…” കെയർ ടേക്കർ ഞങ്ങളെ കണ്ണടച്ചു കാണിച്ചു സത്യം അതല്ലെന്ന്…

മറെറാരാളുടെ ഭർത്താവ് അപകടത്തിൽ മരിച്ചപ്പോൾ ആരും നോക്കാനില്ലാതെയായി. ഒരു മകളുണ്ട്. നഴ്സാണ് അങ്ങ് അമേരിക്കയിൽ. നാട്ടിൽ വന്നപ്പോൾ ഇവിടെ കൊണ്ടാക്കി. മാസാമാസം പണം വരും

വല്ലപ്പോഴുമെങ്കിലും അനാഥാലയങ്ങളും പിള്ളേരുടെ കാൻസർ വാർഡുകളും സന്ദർശിക്കണം. അപ്പോഴേ മനസ്സിലാകൂ എന്താണ് ജീവിതമെന്ന് .

സദ്യ ഓർഡർ ചെയ്തിരുന്നത് എത്തി.

ഇനി ഒരു ബ്ളോക്കുകൂടിയുണ്ട്. കുട്ടികളുടെ….

അവിടേക്ക് ചെന്നു അവരെ സദ്യയുണ്ണാൻ വിളിക്കുവാനായി. ഒരു വയസ്സോളം പ്രായമുള്ള ഒരു മാലാഖയെ ഒരു സ്ത്രീ എടുത്തിട്ടുണ്ട്. കുറേ മാലാഖക്കുട്ടികൾ ഉണ്ടവിടെ. സ്വർഗത്തിലെ ചിത്ര ശലഭങ്ങളേ പോലെ. ഒന്നുമറിയാതെ ആ പാവങ്ങൾ ഓടിക്കളിക്കുന്നു , പാട്ടുപാടുന്നു, സൈക്കിൾ ചവിട്ടുന്നു. ഒന്നുരണ്ടു പേർ ഓരം ചേർന്ന് മിണ്ടാതിരിക്കുന്നു. അവർ എന്തോ ആലോചനയിൽ ആണെന്നു തോന്നും. അല്പം മുതിർന്ന കുട്ടികളാണവർ.

ഞങ്ങളെ കണ്ടതും ചിലർ അപരിചിതരെ കണ്ടിട്ടെന്നവണ്ണം ഒരു ജാള്യത മുഖത്ത്, ചിലർ ഓടി വന്നു ഞങ്ങളോടൊട്ടി നിന്നു.

അന്തേവാസികളിൽ മുതിർന്ന ഒരാൾ വന്ന് കുട്ടികളോട് പറഞ്ഞു, “നിങ്ങളോടൊപ്പം ഓണ സദ്യ ഉണ്ണാൻ വന്നവരാ ഇവർ. എല്ലാവരും കയ്യും കാലും മുഖവുമൊക്കെ കഴുകി വരൂ. “

അവർ അകത്തേയ്ക്കോടി, ഞാൻ ചോദിച്ചു “ഈ കുഞ്ഞുങ്ങൾ എല്ലാവരും അനാഥരാ…”

അല്ല, ചിലർ ജീവിക്കാൻ മാർഗമില്ലാതെ തെരുവിൽ അലഞ്ഞവർ. നാലഞ്ചു പേർ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ടവർ. സ്കൂളിൽ അയയ്ക്കുവാൻ നിവൃത്തിയില്ലാതെ ഇവിടേക്ക് എത്തപ്പെട്ടവർ. ദേ കണ്ടില്ലേ ഇവളെയും ഞങ്ങൾക്ക് അമ്മത്തൊട്ടിലിൽ നിന്നു കിട്ടിയതാണ്.

വല്ലാതെ വിഷമം തോന്നി. ഈ കുഞ്ഞുങ്ങൾ എന്തു തെറ്റു ചെയ്തു. മാതാപിതാക്കളുടെ സ്നേഹം നിഷേധിക്കപ്പെട്ടവർ. ലാളന അനുഭവിക്കാത്തവർ.

അപ്പോഴേയ്ക്കും ഹാളിൽ ഇലയിട്ടു എന്ന് ഒരാൾ അറിയിച്ചു. ഞങ്ങൾ അവിടേക്ക് നീങ്ങി. നല്ല അച്ചടക്കത്തോടെ കുട്ടികൾ ഇലയ്ക്കുമുൻപിൽ ഇരുന്നു. ഞങ്ങൾ അവർക്ക് വിളമ്പുവാൻ തുടങ്ങി.

ഏകദേശം 15 വയസ്സുള്ളൊരു പെൺകുട്ടി ഓടി വന്ന് ഒരു വയസ്സുകാരിയെ വാങ്ങി. ഞങ്ങൾ അവളെ ശ്രദ്ധിച്ചു, സുന്ദരിയായൊരു പെൺകുട്ടി .

കെയർ ടേക്കർ പറഞ്ഞു പത്താക്ളാസിലാ അവൾ , പഠിക്കുവാനേറെയുണ്ട്. എന്നാലും ഇവളാണെന്നും ചിത്രയ്ക്ക് ഭക്ഷണം കൊടുക്കുന്നത്. കുഞ്ഞിന് ചിത്രയെന്നു പേരിട്ടതും ഇവൾ തന്നെ. ഇവൾ എല്ലാവർക്കും ഒരു ചിത്രശലഭം തന്നെ.

എന്റെ കണ്ണു നിറഞ്ഞു , ആ സ്നേഹം കണ്ടിട്ട്. ശരിയാണ്, അവിടെ ഒട്ടേറെ ചിത്രശലഭങ്ങൾ ഉണ്ട് സ്വർഗ്ഗത്തിലെ ചിത്രശലഭങ്ങൾ.

~വിജയാ മേനോൻ (വിജി പാഴൂർ )