അത് പറഞ്ഞു കുഞ്ഞുവും കളിയാക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് കണ്ട് അച്ഛ ഒന്ന് പുഞ്ചിരിച്ചു…

മകൾ…

Story written by Keerthi S Kunjumon

==========

ധ്രുവിന്റെ കുസൃതി നിറഞ്ഞ സംസാരം കേട്ട് ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോഴാണ് മുന്നിൽ അച്ഛയെ  കണ്ടത്…. 

“കീർത്തി, നിനക്കാ ഫോണിന് ഒരു റെസ്റ്റ് കൊടുത്തൂടെ പെണ്ണെ…? ” അച്ഛെടെ  പിന്നിൽ നിന്ന് അമ്മയായിരുന്നു അത് പറഞ്ഞത്….

“അല്ലേലും,  ഈ ചേച്ചി ധ്രുവേട്ടന് ഒരു സമാധാനവും കൊടുക്കുന്നില്ല, എപ്പോഴും വിളിയാ…ഇനി ഒരാഴ്ച്ച കൂടെ അല്ലെ ഉള്ളു കല്യാണത്തിന്…അതുവരെ ഒന്ന് ക്ഷമിക്ക്….”

അത് പറഞ്ഞു കുഞ്ഞുവും കളിയാക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് കണ്ട് അച്ഛ ഒന്ന് പുഞ്ചിരിച്ചു….

ആ പുഞ്ചിരി എനിക്കുള്ള പോസിറ്റീവ് സിഗ്നൽ ആണെന്ന് അറിയുന്നത്കൊണ്ട് ഞാൻ അമ്മയ്ക്കും, കുഞ്ഞുനും നേരെ കുറച്ചു പുച്ഛം വാരിവിതറിക്കൊണ്ട് വീണ്ടും ഫോൺ എടുത്ത് ധ്രുവിന് മെസ്സേജ് ചെയ്തു…

പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളായിരുന്നു വീട്ടിൽ…

വല്യമ്മയും,  കുഞ്ഞമ്മയും, അമ്മായിമാരും, അമ്മാവന്മാരും, അവരുടെ മക്കളും അങ്ങനെ ഒരുപാട്പേരെ കൊണ്ട് വീട് നിറഞ്ഞു….”കീർത്തി നീ കഴിക്കാൻ നോക്ക്….അച്ഛ ഇപ്പൊ ഒന്നും വരില്ല…ഓഡിറ്റോറിയയത്തിന്റെ ഡെക്കറേഷനും മറ്റുകാര്യങ്ങളുമൊക്കെ ശരിയാക്കാൻ പോയതാ…”

അമ്മ പിന്നെയും വഴിക്കണ്ണുമായി നോക്കിയിരിക്കുന്നുണ്ടായിരുന്നു…രാത്രി സമയം രണ്ടോട് അടുക്കുമ്പോഴേക്കും അച്ഛ വന്നു….

“ഏട്ടാ ഇങ്ങനെ ഒറ്റക്ക് കിടന്ന് എല്ലാത്തിനും ഓടുന്നത് എന്തിനാ….?”

“എന്റെ മോൾടെ കല്യാണത്തിന്  ഞാനല്ലാതെ ആര് ഓടാനാടി..പിന്നെ എല്ലായിടത്തും നമ്മുടെ ഒരു കണ്ണെത്തണം…അല്ലെങ്കിൽ ഒന്നിനും എനിക്കൊരു തൃപ്തി വരില്ല… ” വാതിലിന്റെ ഓരം ചേർന്ന് നിന്ന് ഞാൻ അച്ഛയുടെ   വാക്കുകൾ കേൾക്കുമ്പോൾ, സന്തോഷമോ സങ്കടമോ എന്ന് അറിയില്ല, മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു, കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“ശരിയാ…അല്ലെങ്കിൽ എന്നും  സന്ധ്യയ്ക്ക് വിളക്ക് വെച്ചു കഴിഞ്ഞ്,  ഒരുപാട് വർത്താനം പറയാനും ഒന്നിച്ചിരുന്നു അത്താഴം കഴിക്കാനും കൂടെ ഉണ്ടായിരുന്ന അച്ഛയെ ഒരാഴ്ച്ചയായി ഒന്ന് കാണാൻ കിട്ടുന്നതെ വിരളമാണ്… “

“പാചകകാർക്ക് അഡ്വാൻസ് കൊടുക്കാൻ പോയി, ഓഡിറ്റോറിയത്തിന്റെ കാര്യം നോക്കാൻ പോയി, തിരുമേനിയെ കാണാൻ പോയി അങ്ങനെ അച്ഛ എവിടെ എന്ന ചോദ്യങ്ങളൊക്കെ ഈ ദിവസങ്ങളിൽ അവസാനിച്ചത് എനിക്ക് വേണ്ടി , എന്റെ വിവാഹത്തിന് വേണ്ടി എന്ന ഉത്തരത്തിലായിരുന്നു…. “

അങ്ങനെ ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറങ്ങി…

ഇനി നാളെ ഒരീസം കൂടിയേ ഉള്ളു കല്യാണത്തിന്…ധ്രുവിനെ എനിക്ക് വേണ്ടി കണ്ടെത്തിയതും അച്ഛ തന്നെ ആയിരുന്നു…പക്ഷെ അപ്പോഴും അച്ഛ ഒന്നേ പറഞ്ഞുള്ളു…..

“ധ്രുവ് നല്ല പയ്യനാണ്….എനിക്ക് ഇഷ്ടപ്പെട്ടു..പക്ഷെ മോൾക്ക്‌ ഇഷ്ടമാണെങ്കിൽ മാത്രം മതി…. “

അച്ഛ എനിക്കായ് തന്നതെല്ലാം എന്നും ഏറ്റവും മികച്ചതായിരുന്നു…ധ്രുവിന്റെ കാര്യത്തിലും അത് ശരിയാണെന്ന് പിന്നീടുള്ള നാളുകളിൽ ഞാൻ അറിയുകയായിരുന്നു …

ഞാൻ സ്വപ്നം കണ്ടപോലെ ഒരു ജീവിതം ലഭിക്കുന്നതിന്റെ എല്ലാ സന്തോഷവും ഉണ്ടെങ്കിലും, മനസ്സിൽ എന്തോ ഒരു ഭാരം…അച്ഛയെ,  അമ്മയെ, കുഞ്ഞുനെ ഒക്കെ വിട്ട് പിരിയുന്നതിന്റെ വിഷമം ആകും…പോരാത്തതിന് അച്ഛയോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാൻ പോലും പറ്റുന്നില്ല….

ആ കയ്യിൽ പിടിച്ച്, തോളിൽ തല ചായ്ച്ചു ഒത്തിരി വർത്താനം പറയണം….ഞാൻ പോകുവല്ലേ…ഇനി എന്നാ അങ്ങനെയൊക്കെ ഒന്ന് പറ്റുക എന്നോർത്തപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു….

കണ്ണാടിക്ക് അഭിമുഖമായി ഇരിക്കുമ്പോഴും, അച്ഛയെ ഒരു നോക്ക് പോലും കണ്ടില്ലല്ലോ എന്ന് ഓർത്ത് പോയി… 

“ലതെ…കൃത്യം നാല് മണിക്ക് ഓഡിറ്റോറിയത്തിൽ എത്തണം…അഞ്ചിനാ  റിസപ്ഷൻ…മോളെ ഒരുക്കിക്കൊ…വൈകിക്കരുത്… ” അമ്മയെ ശട്ടം കെട്ടി അച്ഛ വീണ്ടും തിരക്കുകളിലേക്ക് പാഞ്ഞു…

ധ്രുവിന്റെ ചേച്ചി എനിക്ക് കല്യാണപ്പുടവ നൽകി…ചടങ്ങുകളിൽ ഉടനീളം അമ്മ കൂടെ ഉണ്ടായിരുന്നപ്പോഴും അച്ഛയെ ഇടക്കൊക്കെ കണ്ടുള്ളു….

പിറ്റേന്ന്, പുലർച്ചെ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങുമ്പോൾ,  അച്ഛ ആരോടൊക്കെയോ ദേഷ്യപെടുന്നുണ്ട്…പതിയെ ഞാൻ ആ കൈകളിൽ ചെന്ന് മുറുക്കെ പിടിച്ചു…..

“എന്തിനാ അച്ഛേ ഇങ്ങനെ ബിപി കൂട്ടുന്നെ…? “

“ഒന്നുല്ലടാ…ഒന്നും നേരാംവണ്ണം ചെയ്യില്ലന്നെ…”

“അച്ഛേ…വല്ലതും കഴിച്ചോ…?? “

“അച്ഛ കഴിച്ചോളാം…ന്റെ മോള് വേഗം അമ്പലത്തിൽ പോയി വാ…”

എന്റെ നെറുകിൽ തലോടിക്കൊണ്ട് അത് പറയുമ്പോൾ ആ കണ്ണിലെ വാത്സല്യക്കടലിൽ ഒളിപ്പിച്ച നോവിന്റെ ചൂടിൽ ഞാനൊന്ന് ഉരുകി…

ക്ഷേത്രത്തിൽ നിന്ന് മടങ്ങി എത്തി കഴിക്കാൻ ഇരുന്നിട്ടും, ഒന്നിനും രുചി തോന്നിയില്ല…എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എണീക്കുമ്പോ അമ്മയുടെ ശകാരം തുടങ്ങി….

“അച്ഛയും, മോളും കണക്കാ…കല്യാണം ആയതോടെ ഊണും ഇല്ല, ഉറക്കോം ഇല്ല… “

ചുവന്ന പട്ടുപുടവ ചുറ്റി,  സ്വർണാഭരണങ്ങൾ അണിഞ്ഞു, മുല്ലപൂ ചൂടി അണിഞ്ഞൊരുങ്ങിയപ്പോൾ, ചുറ്റും കൂടി നിന്നവർ സുന്ദരിയായിട്ടുണ്ടെന്ന് പറയുമ്പോഴും, മനസ്സ് പറയുന്നുണ്ടായിരുന്നു…

“ഈ സൗന്ദര്യത്തിന്റെ തിളക്കത്തിന്, പുറത്ത് നിൽക്കുന്ന മനുഷ്യന്റെ വിയർപ്പിന്റെ വിലയാണെന്ന് “

പെട്ടന്ന് അച്ഛ മുറിയിലേക്ക് കടന്ന് വന്നു….വെള്ള ഷർട്ടിലും, കസവ് മുണ്ടിലും അച്ഛയെ കാണാൻ എന്ത് ഐശ്വര്യം ആണെന്നോ…??

“മോളെന്താ, രാവിലെ ഒന്നും കഴിക്കാഞ്ഞേ…അമ്മ പരാതി പറയുന്നുണ്ടാർണല്ലോ…  “

“ഒന്നും കഴിക്കാൻ തോന്നിയില്ല അച്ഛേ…അച്ഛ കഴിച്ചാര്ന്നോ  “

“അച്ഛ കഴിച്ചു മോളെ…ഇന്ന് ഇനി ഒരുപാട് നേരം നിൽക്കാൻ ഉള്ളതാ…ക്ഷീണം ആകും ന്റെ കുട്ടിക്ക്…ഇത് കഴിക്ക്… “

ഞാൻ എന്തെങ്കിലും പറയും മുന്നേ ദോശയുടെ ഒരു കഷ്ണം പിച്ചി അച്ഛ എന്റെ വായിൽ വെച്ചു തന്നു….ആ ഒരു നിമിഷം, അച്ഛെടെ കൂടെ എന്നും ഇങ്ങനെ കഴിഞ്ഞാമതി എന്ന് തോന്നിപോയി…..

കതിർമണ്ഡപത്തിലേക്ക് അച്ഛയുടെ കയ്യ് പിടിച്ചു ഞാൻ കയറി…നാദസ്വര മേളത്തിന്റെയും,  പ്രാർത്ഥനയുടെയും നടുവിൽ ദ്രുവ് എന്റെ കഴുത്തിൽ താലി ചാർത്തി, നെറുകിൽ സിന്തൂരം തൊടുവിച്ചു…എന്റെ കൈകൾ, ദ്രുവിന്റെ കൈകളോട് ചേർത്ത് വെച്ച്, കന്യാദാനം ചെയ്യുമ്പോൾ അച്ഛയുടെ കണ്ണുകളിൽ ആനന്ദത്തേക്കാളേറെ,  സമാധാനം ഞാൻ കണ്ടു…..

പിന്നെയും കലവറയിലും,  സദ്യവിളമ്പുമ്പോഴും, അക്ഷമനായി അച്ഛ ഓടിക്കൊണ്ടിരുന്നു….

ഒടുവിൽ യാത്ര പറഞ്ഞു പോകുമ്പോൾ, അച്ഛയെവിടെ എന്ന ചോദ്യത്തിന് അമ്മ കണ്ണീരോടെ കലവറയിലേക്ക് വിരൽചൂണ്ടുമ്പോൾ,  ഞാൻ കണ്ടു ആരോടൊക്കെയോ ദേഷ്യപെട്ടുകൊണ്ട് ,  അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന അച്ഛയെ…അരികിൽ ചെന്ന് ആ കൈകളിൽ പിടിച്ച് ഞാൻ പറഞ്ഞു….

“അച്ഛേ…വാ, ഞാൻ പോകുവാ…. “

പതിയെ ആ കൈകളാൽ നെറുകിൽ തലോടികൊണ്ട്,

“ഇനി വൈകിക്കേണ്ട, മോള് ഇറങ്ങിക്കോളു ” എന്ന് മുഖത്ത് പോലും നോക്കാതെ പറഞ്ഞിട്ട്,  തിരിഞ്ഞു നടന്ന് ആരെയൊക്കെയോ വീണ്ടും ചീത്ത പറയുന്നത് കേട്ടപ്പോൾ,  ഓടിച്ചെന്ന് ആ നെഞ്ചിൽ വീണ് പൊട്ടക്കരയണം എന്ന് തോന്നിപ്പോയി…

“കീർത്തി…അച്ഛനെ ഇനിയും സങ്കടപ്പെടുത്തേണ്ടടോ…? “, എന്ന ദ്രുവിന്റെ വാക്കുകൾ ഓർത്ത് ഞാൻ കണ്ണീരോടെ യാത്രപറഞ്ഞിറങ്ങി…..

**********

“കീർത്തി….കഴിഞ്ഞില്ലേ പെണ്ണെ നിന്റെ കഥ എഴുത്ത്…എത്ര നേരായി….നാളെ നിന്റെ കല്യാണം ആണെന്ന വല്ല ബോധവും ഉണ്ടോ നിനക്ക്…കിടന്ന് ഉറങ്ങാൻ നോക്ക്  “

“എന്റമ്മേ…പതിനൊന്ന് മണിയല്ലേ ആയുള്ളൂ…ദാ കിടക്കാൻ പോകുവാ… “

“ഡി ചേച്ചി, ധ്രുവേട്ടൻ  നിന്നെ കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു…നീ  ഒന്ന് വിളിചേക്ക് “

“ആ ഞാൻ വിളിച്ചിരുന്നു… “

രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു…കഥയിൽ എഴുതിയ പോലെ പട്ടു പുടവയും, സ്വർണാഭരണങ്ങളും, മുല്ലപ്പൂവും ഒക്കെ അണിഞ്ഞു നവവധുവായി അമ്മക്കൊപ്പം, അച്ഛന്റെ ഫോട്ടോക്ക് അരികിൽ നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു എല്ലാം എന്റെ വെറും സ്വപ്‌നങ്ങൾ ആണെന്ന്…

എനിക്ക് വേണ്ടി ഊണും ഉറക്കവും ഒഴിഞ്ഞു ഓടിനടന്ന് എല്ലാം നോക്കി നടത്താനും,  ഞാൻ കഴിക്കാതെ ഇരിക്കുമ്പോൾ അരികിൽ വന്നിരുന്ന് സ്നേഹത്തോടെ ഭക്ഷണം വാരിത്തരാനും, കതിർമണ്ഡപത്തിലേക്ക്  എന്നെ കൈപിടിച്ചു കയറ്റാനും, എന്നെ  ധ്രുവിന്റെ കൈകളിൽ ഏൽപ്പിക്കാനും, ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗൗരവം നടിച്ചു നിന്ന്, ആരും കാണാതെ ഉള്ളിലെ സങ്കടക്കടലിനെ മറച്ചുവെക്കാനും ഇന്നെന്റെ അച്ഛ ഈ  ഭൂമിയിൽ ഇല്ലെന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു…

ആ തിരിച്ചറിവ് കരണമാകണം അമ്മ എന്നെ ചേർത്ത് നിർത്തി ഒരുപാട് കരഞ്ഞു…പിന്നെ കതിർമണ്ഡപത്തിൽ അച്ഛയുടെ  സ്ഥാനത്ത് വല്യമ്മാവൻ നിൽക്കുമ്പോഴും അറിയാതെ മനസ്സ് ആഗ്രഹിക്കുനുണ്ടായിരുന്നു, 

“ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ അച്ഛയുടെ മോളായി തന്നെ ജനിക്കണം…അച്ഛയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി, ആ കൈകളിൽ പിടിച്ചു കതിർമണ്ഡപത്തിൽ കയറണം, അച്ഛ തന്നെ എന്നെ കന്യാദാനം ചെയ്തു ദ്രുവിനെ ഏൽപ്പിക്കണം , പിന്നെ  യാത്ര പറഞ്ഞിറങ്ങുമ്പോൾ, ആ നെഞ്ചിൽ വീണ് കെട്ടിപിടച്ചൊന്ന് കരയണം….. “

~ keerthi S Kunjumon