നെല്ലും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിൽ ആ വിളിയുടെ അർത്ഥം മനസ്സിലാക്കുമ്പോൾ, അച്ഛനെയും ഞങ്ങൾ  രണ്ട് പെൺമക്കളെയും…

മേൽവിലാസം

Story written by Keerthi S Kunjumon

==========

ജനാലയിലൂടെ എന്റെ നോട്ടം പുറത്തെ കയർ വരിഞ്ഞ കട്ടിലിലേക്ക് നീണ്ടു…പക്ഷെ അവിടം ശൂന്യമായിരുന്നു…

“അച്ഛൻ….?”  മനസ്സിൽ സംശയം ഉണർന്നു….

അകത്തെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പതിയെ ജനാലക്ക് അരികിലേക്ക് നടക്കുമ്പോൾ കണ്ടു,  മുറ്റത്ത് എന്തോ ആലോചിച്ചു നിൽക്കുന്ന അച്ഛനെ…

“അച്ഛാ, കിടക്കുന്നില്ലേ..നാളെ കാലത്ത് പോവണ്ടേ!”

“ഹാ….മോള് കിടന്നോ…അച്ഛൻ കുറച്ചു നേരം കഴിഞ്ഞു കിടന്നോളാം…”

“മ്മ്…. “

ചേച്ചിയെ പിരിയുന്നതിൽ അച്ഛന് നല്ല സങ്കടം ഉണ്ട്…ഒറ്റമുറി മാത്രം ഉള്ള, ഓല മേഞ്ഞ ഈ വീട്ടിൽ അച്ഛനും ചേച്ചിയും ഞാനും അല്ലലുകൾക്കിടയിലും പേരറിയാത്തൊരു സന്തോഷം കണ്ടെത്തിയിരുന്നു…

പെട്ടെന്ന് ഒരു ദിവസം അമ്മയെ കാണാതെ ആയപ്പോൾ, ഒരുപാട് കരഞ്ഞ ഒരു അഞ്ചു വയസ്സ് കാരിയോടും, ഏഴ് വയസ്സ്കാരിയോടും അച്ഛൻ പറഞ്ഞു….”ഇനി അമ്മ ഇല്ല…അച്ഛൻ മാത്രേ ന്റെ കുട്ട്യോൾക്ക് ഉള്ളു ” എന്ന്

ആ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു തുടങ്ങുമ്പോൾ പല കോണിൽ നിന്നും ആ വിളി കേട്ടു…

‘പി-ഴച്ചവളുടെ സന്തതികൾ’

നെല്ലും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിൽ ആ വിളിയുടെ അർത്ഥം മനസ്സിലാക്കുമ്പോൾ, അച്ഛനെയും ഞങ്ങൾ  രണ്ട് പെൺമക്കളെയും ഉപേക്ഷിച്ചു സുഖം തേടിപ്പോയ ആ സ്ത്രീയോടുള്ള ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തി…

ഓരോന്ന് ആലോചിച്ചു ഞാൻ പതിയെ തിരികെ നടന്നു…കട്ടിലിന് ഓരം ചേർന്നിരിക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വീർപ്പുമുട്ടൽ…ചേച്ചി സുഖമായി ഉറങ്ങുന്നു…ആ മുഖത്ത് ഒരു സംതൃപ്തിയുണ്ട്…നേരിയ ആശ്വാസവും…

പഠനം പാതി വഴിയിൽ മുടങ്ങുമോ എന്ന പേടിയായിരുന്നു…നല്ല മാർക്കോടെ പാസ്സായി നഴ്സിംങ്ങിനു അഡ്മിഷൻ കിട്ടിയപ്പോഴും ചേച്ചി ആധിയോടെ പറഞ്ഞു….”ഒരുപാട് പണം വേണം മോളെ, പുസ്തകങ്ങൾക്കും അവിടെ നിന്ന് പഠിക്കുന്നതിനുമൊക്കെ…അച്ഛനെകൊണ്ട് അതിനൊക്കെ കഴിയുമോ…”

“അതൊന്നും ഓർത്ത്  ന്റെ കുട്ടി വിഷമിക്കണ്ട…അച്ഛൻ എല്ലാറ്റിനും വഴി കണ്ടിട്ടുണ്ട്…കുറച്ചു നേരം കൂടുതൽ പണി എടുത്താൽ എല്ലാം ശരിയാകും…പിന്നെ ചിലർ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്… ” അത് കേട്ട് ചേച്ചി അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…

അന്ന് തൊട്ട് അച്ഛൻ മിക്കവാറും വീട്ടിൽ എത്താൻ വൈകിയിരുന്നു…ഒരിക്കൽ സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ കണ്ടു, ലോറിയിൽ നിന്നും കവലയിലെ പീടികയിൽ അരിച്ചാക്ക് ഇറക്കുന്ന അച്ഛനെ…

രണ്ടീസായി നടു വേദന എന്ന് പറഞ്ഞു, വന്നയുടെ കുറച്ചു നേരം കിടക്കുന്നതിനുള്ള ഉത്തരം കണ്ടെത്താൻ പിന്നെ എനിക്ക് അധികം പ്രയാസപെടേണ്ടി വന്നില്ല…നിറഞ്ഞു വന്ന മിഴികൾ അച്ഛൻ കാണാതിരിക്കാൻ പതിയെ കൂട്ടുകാർക്ക് പിന്നിലേക്ക് ഞാൻ മാറി…ഭാഗ്യം അച്ഛൻ എന്നെ കണ്ടില്ല…

“ഡീ ആക്രി അഞ്ജലി…എന്താ പമ്മി പരുങ്ങി നില്കുന്നെ…വല്ല അക്രിയും തപ്പുകയാണോ…നിന്റെ അച്ഛന് ഇപ്പൊ ആക്രി പറക്കൽ മാത്രം അല്ലല്ലോ…ചുമടെടുപ്പും, ആ പാറമടയിലും ഒക്കെ കാണാല്ലോ…  “

ക്ലാസ്സിലെ കുട്ടികളിൽ ചിലർ ഒത്തുചേർന്ന് അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി..

നിറഞ്ഞു വന്ന മിഴികളെ അടക്കി നിർത്താൻ ഞാൻ പെടാപ്പാട് പെടുകയായിരുന്നു…അച്ഛൻ ആക്രി പെറുക്കി മറിച്ചു വിറ്റ് ഉപജീവനം നടത്തുന്നത്കൊണ്ട്, പലരും  കളിയാക്കി ആക്രി എന്ന് വിളിക്കും…അതൊന്നും തെല്ലും എന്നെ വേദനിപ്പിച്ചില്ല…പക്ഷെ എന്നെ കളിയാക്കാൻ അവർ നിരത്തിയത് എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ ആണ്..ഒരുവാക്ക് പോലും ഞങ്ങളെ അറീക്കാതെ അച്ഛൻ എല്ലുമുറിയെ പണിയെടുക്കുമ്പോൾ ഉള്ളൊന്ന് പിടഞ്ഞു…

“അച്ഛന് അത്താഴത്തിനു അരിയിടണ്ട മക്കളെ…ഞാൻ വരാൻ വൈകും…നിങ്ങൾ കഴിച്ചു കിടന്നോളു… ” എന്ന് പറഞ്ഞു അതിരാവിലെ പോകുമ്പോൾ, നാരായണേട്ടന്റെ കടയിലെ ഒരു കാലിച്ചായയുടെ മാത്രം പിൻബലത്തിലാണ് രാത്രി വൈകിയും അച്ഛൻ പണിയെടുക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…

മുണ്ട്മുറിക്കി ഉടുത്തു അച്ഛൻ സ്വരുക്കൂട്ടിയ കുറച്ചു മുഷിഞ്ഞ നോട്ടുകൾ ചേച്ചിയുടെ കയ്യിൽ വെച്ച് കൊടുത്തു അവളെ യാത്ര അയക്കുമ്പോൾ, അച്ഛന്റെ കൺകോണിലും നനവ് പടർന്നിരുന്നു….

“നന്നായി പഠിച്ചു വല്യ ആളാകണം ന്റെ കുട്ടി…എന്നിട്ട് ഈ ആക്രിക്കാരന് ഒരു മേൽവിലാസം ഇണ്ടാക്കി തരണം…ന്റെ മോൾടെ പേരിലൊരു മേൽവിലാസം… “

ചേച്ചി നിറ കണ്ണുകളോടെ അച്ഛന്റെ കൈകളിൽ മുറുക്കെപിടിച്ചു ആ നെഞ്ചിൽ ചേർന്ന് നിന്നു…അച്ഛൻ  മെല്ലെ നെറുകിൽ കൈ വെച്ച് അനുഗ്രഹിച്ചു…

എന്നെ ചേർത്ത് പിടിച്ചു ഇരു കവിളിലും ഉമ്മ നൽകികൊണ്ട് ചേച്ചി യാത്ര പറഞ്ഞു…

തിരികെ വീട്ടിൽ എത്തിയപ്പോൾ ഒരു ശൂന്യത ആയിരുന്നു…പതിയെ പതിയെ ചേച്ചിയുടെ വേർപാടിന്റെ സങ്കടങ്ങൾ അലിഞ്ഞു ഇല്ലാതെ ആയി…തൊട്ടടുത്ത രമചേച്ചിയുടെ വീട്ടിലെ ഫോണിലേക്ക് ചേച്ചി  ഇടക്ക് വിളിച്ചു കുറച്ചു നേരം വിശേഷങ്ങൾ പറയും…പൈസയുടെ ആവശ്യങ്ങൾ കൂടി കൂടി  വന്നുകൊണ്ടിരിന്നു…അച്ഛന്റെ കഷ്ടപ്പാടുകളും…

പ്ലസ് ടു സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്കോടെ ഞാൻ പാസ്സ് ആയപ്പോൾ അച്ഛന്റെ കണ്ണുകളിൽ കണ്ട തിളക്കത്തിന് അതിരുകൾ ഇല്ലായിരുന്നു…മറ്റേത് അനുമോദനങ്ങൾക്കും നൽകാൻ കഴിയാത്ത ആനന്ദം, എന്നെ ഓർത്ത്  അഭിമാനം നിറയുന്ന അച്ഛന്റെ കണ്ണുകൾ എനിക്ക് നൽകി…

ചേച്ചിയുടെ പാതയിൽ നഴ്സ് ആയി തന്നെ തുടരുന്നു പഠിക്കണം എന്ന എന്റെ മോഹങ്ങളെ ഉള്ളിൽ കുഴിച്ചുമൂടാൻ അച്ഛന്റെ കുഴിഞ്ഞ കണ്ണുകൾക്കും, എല്ലൂന്നിയ നെഞ്ചിനും അപ്പുറം മറ്റൊന്നും ചിന്തിക്കേണ്ടതായി വന്നില്ലെനിക്ക്…

ഡിഗ്രിക്ക് പോയാൽ മതി അച്ഛാ എന്ന് പറഞ്ഞു, ഏറ്റവും അടുത്ത ഗവണ്മെന്റ് കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു….ബി എ  ഇംഗിഷിന്…ഒപ്പം വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കാനും തുടങ്ങി…

ഇടക്ക് വീട്ടിലേക്ക് അവധിക്ക് വന്ന ചേച്ചിയുടെ സ്വഭാത്തിലും, വേഷത്തിലും ചില മാറ്റങ്ങൾ തോന്നി, പക്ഷെ ആ സംശയം അച്ഛനോട് പറയുമ്പോഴും,  അച്ഛന് അഭിമാനം ആയിരുന്നു…

“നമ്മളെ പോലല്ലോ മോളെ…ആരതി മോള് പട്ടണത്തിലെ കോളജിലൊക്കെ അല്ലെ പഠിക്കുന്നെ…അതിന്റെ മാറ്റം പിന്നെ ഇണ്ടാവാതിരിക്ക്യോ..ഇപ്പൊ നല്ല ചന്തം ഒക്കെ വെച്ചിട്ടുണ്ട്…പഠിപ്പും നന്നായി പോണുണ്ട് ന്നാ പറഞ്ഞെ…നന്നായി വരും ന്റെ കുട്ടി…നിക്ക് ഉറപ്പാ…  “

അച്ഛൻ അങ്ങനെ ആശ്വസിക്കുമ്പോഴും പഴയ ചേച്ചിയെ എവിടെയോ നഷ്ടമായി എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു…

“മോളെ രാവിലെ അച്ഛനും  വരാട്ടോ സ്റ്റേഷനിൽ കൊണ്ട് വിടാൻ… “

ചേച്ചിയെ യാത്ര അയക്കാൻ സ്റ്റേഷനിലേക്ക് ഞാനും അച്ഛനും കൂടെ പോയി. എന്തോ ചേച്ചി ദേഷ്യത്തിൽ ആയിരുന്നു…അച്ഛൻ എന്തൊക്കെയോ ഇടക്ക് ചോദിച്ചുകൊണ്ടിരുന്നു..ഒന്ന് രണ്ടു വാക്കുകളിൽ, ഉത്തരങ്ങൾ അവസാനിപ്പിക്കുമ്പോൾ,  എന്തോ ഇഷ്ടക്കേടുകൾ ചേച്ചിയുടെ പെരുമാറ്റത്തിൽ നിഴലിച്ചു…

“ഇനി നിങ്ങൾ പൊയ്ക്കോളൂ, കൂട്ടുകാർ വരും…” ചേച്ചി പറഞ്ഞു…

” ഉവ്വോ…എന്നാ അവരെ കൂടി കണ്ടിട്ട് അച്ഛൻ പോകാം മോളെ “

“അയ്യോ…വേണ്ടച്ഛാ, അവരൊക്കെ വല്യ വീട്ടിലെ കുട്ട്യോളാ…അച്ഛനെ ഇങ്ങനെ കണ്ടാൽ… ” ചേച്ചി പറഞ്ഞു പൂർണമാക്കാൻ കഴിയാതെ നിന്നു…

“ശരിയാ…ഞാനൊരു മണ്ടൻ ഈ നാറിയ തോർത്തും, മുഷിഞ്ഞ ലുങ്കിയും, പിഞ്ഞി പഴകിയ ഷർട്ടും…അച്ഛൻ ഓർത്തില്ല മോളെ…” നിറഞ്ഞു വന്ന കണ്ണുകളെ മറച്ചുകൊണ്ട് പതിയെ അച്ഛൻ തിരികെ നടന്നു..

“അച്ഛാ…”

എന്റെ പിൻവിളികൾക്ക് കാതോർക്കാതെ ആ കാലടികൾക്ക് വേഗം ഏറുമ്പോൾ ചേച്ചിയെ  ആദ്യമായി ഈർഷ്യയോടെ നോക്കി ഞാനും അച്ഛന് പിന്നിലായി നടന്നു…മടക്ക യാത്രയിൽ അച്ഛൻ ഒന്നും മിണ്ടിയില്ല…തിരിച്ചു ഞാനും…

പിറ്റേന്ന് അലമാരയുടെ കോണിൽ ഒരു ചെറിയ പെട്ടിയിൽ ഞാൻ കരുതി വെച്ച എന്റെ സമ്പാദ്യവുമായി നേരെ തുണിക്കടയിലേക്ക് ഓടുമ്പോൾ, ചേച്ചി പറഞ്ഞ വാക്കുകളും, അച്ഛന്റെ മറുപടിയും  കാതിൽ അലയടിച്ചു…അധികം വില കൂടിയത് അല്ലെങ്കിലും ഒരു വെള്ള ഷർട്ടും മുണ്ടും വാങ്ങി അച്ഛന് അരികിലേക്ക് പായുമ്പോൾ, ഒന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…ആരുടെ മുന്നിലും ന്റെ അച്ഛന്റെ തല കുനിയാൻ പാടില്ല…

“അച്ഛാ..നിക്ക് ട്യൂഷൻ എടുത്ത് കിട്ടിയ പൈസക്ക് വാങ്ങിയതാ… ” പതിയെ കവർ തുറന്ന് നോക്കുമ്പോൾ ആ കണ്ണുകൾ  നിറഞ്ഞിരുന്നു…

“നിക്ക് എന്തിനാ മോളെ ഇതൊക്കെ, ഉടുത്തൊരുങ്ങി നടക്കാൻ മോഹോന്നൂല്ല്യ…ആരെ കാണിക്കാനാ ഇതൊക്കെ..”

“സാരല്ല്യ…ആകെയുള്ള രണ്ട് ഷർട്ട്‌ കുറെ കാലായി ഇടുന്നില്ലേ…ഇനി ഇത് ഇട്ടോളൂ…” അത് പറഞ്ഞു ഞാൻ തിരകെ നടന്നു..

പിന്നെ കതകിൻ മറവിൽ നിന്ന് നോക്കുമ്പോൾ…ആ വസ്ത്രത്തിലേക്ക് നിറകണ്ണുകളോടെ നോക്കി നിന്നിട്ട്, അവ നെഞ്ചോടു ചേർത്ത് വിങ്ങുന്ന അച്ഛനെകണ്ടപ്പോൾ എന്റെ മനസ്സും കണ്ണുകളും ഒരുപോലെ നിറഞ്ഞു…

ഒരിക്കൽ രമചേച്ചിയുടെ വീട്ടിലേക്ക് വന്ന ഫോണിൽ, മറുതലക്കൽ നിന്നറിഞ്ഞ വിവരം കേട്ട് തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു…

ഹോസ്റ്റലിൽ ഒരു കത്തും എഴുതി വെച്ച് ചേച്ചി തനിക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങി പോയി…

അന്നാദ്യമായി അച്ഛൻ വാവിട്ട് നിലവിളിച്ചു. ഒരിക്കൽ അമ്മ പോയപ്പോൾ, ഭ്രാ-ന്തമായി പെരുമാറിയ  അച്ഛന്റെ മങ്ങിയ ഓർമ്മകൾ എന്നിലെ  അഞ്ചുവയസ്സുകാരിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു….വീണ്ടും തനിയാവർത്തനം പോലെ…എന്താ വല്ലാത്തൊരു ഭയം തോന്നി…

അച്ഛന്റെ മൗനം ആഴ്ചകളോളം തുടർന്നു…അപ്പോഴും അച്ഛൻ അധ്വാനിച്ചു…എന്റെ തുടർച്ചയായ നിർബന്ധത്തിന് ഒടുവിൽ അച്ഛൻ ചുമടെടുപ്പും, പാറമടയിലേക്കുള്ള പോക്കും അവസാനിപ്പിച്ചു…

“അച്ഛാ…ചേച്ചിയെ കുറിച്ചൊന്നു അന്വേഷിച്ചാലോ…? “

“നീ നിന്റെ കാര്യം നോക്ക് അഞ്ചു…നിനക്ക് ഇനി അങ്ങനൊരു ചേച്ചി ഇല്ലെന്ന് തന്നെ കരുതിക്കോ…എനിക്ക് അങ്ങനെ ഒരു മകളും… ” അച്ഛൻ ഉറച്ച ശബ്ദത്തോടെ അത് പറയുമ്പോൾ ആ കണ്ണുകളിലെ വേദനയുടെ ആഴം ഞാൻ അറിഞ്ഞു…

പിന്നീട് ചേച്ചിയും ജീവിതത്തിൽ അമ്മയെപ്പോലെ ഒരു അടഞ്ഞ അധ്യായം ആയി മാറുന്നത് എനിക്ക് ഒരു വേദനയായിരുന്നു

**സിവിൽ സർവിസിൽ ആദ്യ 3 റാങ്കുകളും പെൺകുട്ടികൾക്ക്… !!**

**എട്ടാം റാങ്കിന്റെ തിളക്കത്തിൽ മലയാളിയായ അഞ്ജലി  കൃഷ്ണൻ…!!**

അഞ്ജലി ചിന്തകളിൽ നിന്നുണരുമ്പോൾ, പത്രത്താളിലെ ആദ്യ പേജിലെ വാർത്തയിലൂടെ കണ്ണുകൾ ഓടിച്ചിട്ടുകൊണ്ട് വിതുമ്പുന്ന തന്റെ അച്ഛനെയാണ് കണ്ടത്…അയാളുടെ ചുണ്ടുകളും കൈകളും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…പുറത്തെ കട്ടിലിലേക്ക് അമർന്ന് ഇരുന്നുകൊണ്ട് അയാൾ ആ പത്രത്താളുകൾ നെഞ്ചോടു ചേർത്ത് പൊട്ടി കരഞ്ഞു…അഞ്ജലി ഓടിചെന്ന് അയാളുടെ തോളിൽ ചായുമ്പോൾ,  അയാളുടെ കൈകൾ അഭിമാനത്തോടെ അവളെ ചേർത്ത് പിടിച്ചു…

രണ്ടാം വർഷം കോളേജിൽ, ഒരിക്കൽ ഫ്രീ സിവിൽ സർവീസ് കോച്ചിംഗിനായ് നടത്തിയ എൻട്രൻസിൽ ആദ്യ അഞ്ചു റാങ്കുകാരിൽ ഒരാൾ അഞ്ജലി ആയിരുന്നു…പതിയെ വീണ്ടും നഷ്ടപ്പെട്ട സ്വപ്‌നങ്ങൾക്ക് ചിറക് മുളക്കാൻ തുടങ്ങി…അച്ഛന്റെ ആഗ്രഹങ്ങൾ തന്നിലൂടെ നിറവേറ്റാൻ…അവൾ പരിശ്രമം തുടർന്നു…ഡിഗ്രി പഠനത്തിന് ശേഷവും, കൂടെ നിന്ന സുഹൃത്തുക്കൾ, പുസ്തകങ്ങൾ തന്നു സഹായിച്ചവർ, പ്രചോദനം നൽകിയവർ…ഇന്റർവ്യൂവിന് ഉള്ള ലെറ്റർ കിട്ടിയപ്പോഴും, ഒരു ജോലിയുടെ ഇന്റർവ്യൂനായി ഡൽഹിയിൽ പോകുന്നു എന്ന് മാത്രം ആണ് അച്ഛനോട് പറഞ്ഞത്…

എല്ലാ കാര്യങ്ങളും ഒന്നിനു പിറകെ ഒന്നായ് മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു….

“അച്ഛാ…എന്നോട് ക്ഷമിക്കണം…ഒന്നും നേരുത്തേ പറയാതിരുന്നത്…കിട്ടുമോ എന്ന പേടി കൊണ്ടായിരുന്നു….ഒരുപാട്പ്രതീക്ഷകൾ നൽകി, ഒരൊറ്റ ദിവസം കൊണ്ട് അതെല്ലാം കാറ്റിൽ പറത്തി ചേച്ചി ഇറങ്ങി പോയപ്പോൾ അച്ഛൻ തകർന്ന് പോയത് ഞാൻ കണ്ടതാ…ഞാനായി ഇനി വീണ്ടും പ്രതീക്ഷകൾ നൽകി അച്ഛനെ വേദനിപ്പിച്ചാൽ…എന്റെ മനസ്സ് അതിന് അനുവദിച്ചില്ല… “

അഞ്ജലി കരഞ്ഞുകൊണ്ട് അച്ഛനെ പുണർന്നു….അയാൾ അവളുടെ നെറുകയിൽ മെല്ലെ തലോടി…

അവൾ പഠിച്ച കോളേജിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ അവളിലും ഏറെ ആവേശം അയാൾക്ക് ആയിരുന്നു….അലമാരയുടെ ഒരു കോണിൽ ഭദ്രമായി സൂക്ഷിച്ച ആ കവറിലേക്ക് അയാളുടെ കൈകൾ നീണ്ടു…

ചടങ്ങിന് പോകാൻ പുതിയ മുണ്ടും ഷർട്ടുമായി അച്ഛന് മുന്നിലേക്ക് ചെല്ലുമ്പോൾ അഞ്ജലി കണ്ടത്, താൻ ആദ്യമായി വാങ്ങി നൽകിയ ആ മുണ്ടും ഷർട്ടും ധരിച്ചു നിൽക്കുന്ന അച്ഛനെയാണ്…ആ കാഴ്ച അവളുടെ കണ്ണുകളെ ഈറൻ അണിയിച്ചു…

“രണ്ട് വാക്ക് സംസാരിക്കുന്നതിനായി,  മലയാളികളുടെ അഭിമാനമായി മാറിയ നമ്മുടെ എല്ലാം പ്രിയങ്കരി ആയ അഞ്ജലിയെ വേദിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു….. “

അവളെ തന്നെ ഉറ്റുനോക്കുന്ന ആയിരം കണ്ണുകൾക്കിടയിലും,  മുൻനിരയിൽ ഇരിക്കുന്ന ആ രണ്ട് കണ്ണുകളിൽ അഭിമാനത്തിന്റെ തിരയിളക്കം അവൾ അറിയുന്നുണ്ടായിരുന്നു..

”നമസ്കാരം…

ഇന്ന് ഞാൻ ഈ വേദിയിൽ നിൽക്കാൻ കാരണക്കാരായ ഒരുപാട്പേരുണ്ട്…പക്ഷെ എന്റെ ഈ വിജയത്തിന് ഒരു അവകാശിയെ ഉള്ളു…എന്റെ അച്ഛൻ… “

അഞ്ജലി തന്നെ അച്ഛനെ സ്റ്റേജിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നപ്പോൾ അവർക്ക് ചുറ്റും കയ്യടികൾ ഉയർന്നു…

ആരോ അയാൾക്ക് നേരെ മൈക്ക് നീട്ടിയപ്പോൾ തെല്ലൊരു സങ്കോചത്തോടെ അയാൾ പറയാൻ ആരംഭിച്ചു…

“ഞാൻ കൃഷ്ണൻ….ആക്രി പെറുക്കി വിറ്റാ ഞങ്ങൾ ജീവിച്ചേ…അതിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും ന്റെ കുഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട് ആ വിളിയും, കളിയാക്കലും ഒക്കെ..അന്നൊക്കെ ഒന്നേ പ്രാർത്ഥിച്ചിട്ടുള്ളു…ഈ ആക്രിപെറുക്കി ജീവിക്കുന്നവന്റെ  മേൽവിലാസം എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കല്ലേ എന്ന്…ഇനി എനിക്ക് സമാധാനത്തോടെ മരിക്കാം….നന്നായി പഠിച്ചു വല്യ ആളായി ന്റെ കുട്ടി…ഈ ആക്രിക്കാരന് ഒരു മേൽവിലാസം ഇണ്ടാക്കി തന്നു അവൾ…ന്റെ മോൾടെ പേരിലൊരു മേൽവിലാസം… “

അഞ്ജലി മൈക്ക് വാങ്ങി വീണ്ടും തുടർന്നു….

“ഇതാണ് ന്റെ അച്ഛൻ….മക്കൾക്ക് വേണ്ടി, വെറും ഒരു കാലിച്ചായ കുടിച്ച് വിശപ്പ് അകറ്റി, ഒറ്റമുറി വീടിന് പുറത്തെ ചെറിയൊരു കയറു കട്ടിലിൽ മഞ്ഞും മഴയും തണുപ്പും  സഹിച്ചു ഉറക്കം ഒഴിഞ്ഞു കിടന്നും,   മാറി ഉടുക്കാൻ പോലും പുതിയൊരു വസ്ത്രം വാങ്ങാതെ കീറിയതും പഴയതും മാത്രം ഉടുത്ത് രാവും പകലും എന്നില്ലാതെ പണിയെടുത്തും,   ഒരായുസ്സ് മുഴുവൻ ഞങ്ങൾക്ക് വേണ്ടി ജീവിച്ച എന്റെ അച്ഛന്റെ വിജയമാണിത്….അതുകൊണ്ട് അഭിമാനത്തോടെ തന്നെ ഒരായിരം വട്ടം പറയാനും മടിയില്ല, ഞാനൊരു ആക്രിക്കാരന്റെ മകളാണ്…എന്റെ വിജയത്തിന്റെ ഒരോ അണുവിലും, എന്റെ അച്ഛന്റെ വിയർപ്പിന്റെ ഫലം ആണുള്ളതെന്ന്… “

അഞ്ജലിയുടെ വാക്കുകൾ അവസാനിക്കുമ്പോൾ,  ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ്കൊണ്ട് ഏവരും ആ അച്ഛനും മകൾക്കുമായി നിറ കണ്ണുകളോടെ കരഘോഷം മുഴക്കി…

~ കീർത്തി എസ് കുഞ്ഞുമോൻ