Story written by Ezra Pound
=========
“നിന്റൊപ്പം അവളിത്രേം കാലം കഴിഞ്ഞല്ലോ എന്നാണത്ഭുതം..” പോലീസുകാരന്റെ മറുപടി കേട്ടപ്പം ചൊറിഞ്ഞു വന്നെങ്കിലും ഒന്നും മിണ്ടീല്ല.
കെട്യോൾടെ അടുത്ത് പെരുമാറുന്ന പോലേ പോലീസിന്റടുത്ത് പറ്റൂല്ലാലൊ..തടി കേടാവും ന്ന് മാത്രല്ല ചിലപ്പം തെളിയാത്ത കേസൊക്കെപ്പാടെ മ്മടെ തലേലോട്ട് വെക്കേം ചെയ്യും.
സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞോണ്ട് വീട് വിട്ടിറങ്ങീതാ പഹയത്തി..വൈന്നേരാവുമ്പോഴേക്ക് മടങ്ങിയേക്കണം എന്ന വ്യവസ്ഥയിലാണ് വിട്ടതന്നെ..ഒന്നു രണ്ടീസൊക്കെ അവിടെ നിന്നാപ്പിന്നെ ഇവിടത്തെ കാര്യൊക്കെ ആരുനോക്കും..അതോണ്ടന്നെ ആണ്ടിലൊരിക്കൽ ഇതുപോലൊക്കെ പൊക്കോട്ടെന്നു കരുതും..ഓൾടെ മ്മാനെം വാപ്പാനേം ചെന്ന് കാണാനുള്ള അവസരം മ്മളായിട്ട് മുടക്കീന്ന് പറയണ്ട.
പക്ഷെ നേരത്തോടു നേരായിട്ടും ഓള് മടങ്ങിവന്നീല..വിളിച്ചിട്ടാണേൽ മൊബൈല് സ്വിച്ചോഫും..അഹങ്കാരി..ഇങ്ങോട്ടേക്ക് വരട്ടെ കാണിച്ചൊടുക്കാ..
രാവിലേ പോവുന്നയിന് മുമ്പന്നെ ഉച്ചക്കെക്കുള്ളത് ഉണ്ടാക്കി വെച്ചതോണ്ട് പട്ടിണിയായില്ല..വൈന്നേരത്തെ ചായ..അതിപ്പം ഒറ്റക്കുണ്ടാക്കേണ്ടി വരും..നാശം പിടിക്കാൻ ഇവളിതെവിടെ പോയി കിടക്കാണാവോ..
ഓളുടെ വീട്ടിലേക്കു വിളിച്ചന്വേഷിച്ചാലോ..ഇനീപ്പം അവരും കൂടി അറിഞ്ഞോണ്ടുള്ള നാടകമാണെന്നറിയില്ലാലോ..
“എന്താ മോനെ വിശേഷിച്ച്..ഫോണെടുത്തത് അവളുടെ വാപ്പയാരുന്നു.
“ഞാൻ ഇങ്ങളെ വിശേഷം തെരക്കാനും മാണ്ടി വിളിച്ചതൊന്നല്ല..ഇങ്ങടെ മോൾക്ക് ഫോൺ കൊടുക്ക്..ഓളെ മൊബൈലില് വിളിച്ചിട്ട് കിട്ടുന്നില്ല..”
“ഇയ്യിതെന്താ പറയുന്നെ..വാപ്പാന്റെ ശബ്ദത്തിനൊരു ഇടർച്ചയുണ്ടെന്ന് തോന്നി..
അവളവിടെ എത്തിയിട്ടില്ല പോലും..പിന്നെവിടേക്ക് പോയി.
ആത്മഹത്യ ചെയ്യാനൊന്നും മുതിരില്ല..ഒരു പേടിത്തൊണ്ടിയാണ്..എന്തിനും ഞാൻ തന്നെ കൂടെ വേണം..അങ്ങനെ ആക്കിയെടുത്തതാണ്..അല്ലെങ്കി പിടിച്ചാ കിട്ടൂല. അല്ലേൽ തന്നെ ആത്മഹത്യ ചെയ്യാനും വീടു വിട്ടിറങ്ങാനും മാത്രം അവൾക്കെന്താ ഇവിടൊരു കുറവ്..സമയാസമയം ഭക്ഷണം..ഇട്ടുമൂടാനുള്ള സ്വർണം..വസ്ത്രം എന്നുവേണ്ട ഒരു കുടുംബത്തിന് ജീവിക്കാൻ ഉള്ളതൊക്കെ ഇവിടില്ലേ..എന്നിട്ടും ഒളിച്ചോടിപ്പോവണേൽ തലക്ക് വല്ല ഓളവും കാണും.
നേരം ഇരുട്ടിത്തുടങ്ങി….
മോളേ കാണാനില്ലെന്നറിഞ്ഞപ്പം തൊട്ട് ഓളുടെ വാപ്പയും കുടുംബക്കാരും വിളിയോട് വിളിയാണ്..എടുത്തില്ലേലും കുഴപ്പാവും..ഞാനവളെ എന്തെലും ചെയ്തെന്നൊക്കെ പറഞ്ഞുകളയും..കാലം അങ്ങനല്ലേ..
വഴക്കിടലും അല്പസ്വല്പം ഉപദ്രവുമൊക്കെ ഉണ്ടേലും ഒരാളെ കൊല്ലാനുള്ള മനസ്സുറപ്പോന്നും മ്മാക്കില്ലന്നേ..മാത്രല്ല ഓളില്ലാത്തൊരു വീടിനെക്കുറിച്ചു ആലോചിക്കാൻ പോലും വയ്യ..
ഉണ്ടാക്കാനുള്ള മടികാരണം വൈകീട്ടത്തെ ചായ പുറത്തൂന്നാക്കി..ഇനീപ്പം രാത്രീല്ക്ക് എന്ത് ചെയ്യൂന്നാ..
അവളുള്ളപ്പം സുഖാരുന്നു..സമയാസമയംഭക്ഷണം..അലക്കിയുണക്കി അയേൺ ചെയ്തുവെച്ച വസ്ത്രങ്ങള്..ഒന്നിനെപ്പറ്റിയും ഓർക്കണ്ടാരുന്നു..എന്നാലും ഫുഡ് ഉണ്ടാക്കാൻ അല്പം താമസിച്ചാൽ ഓളെ നിർത്തിപ്പൊറുപ്പിക്കാറില്ല..എല്ലാം കേട്ടവൾ മിണ്ടാതിരിക്കുമ്പോ വിജയഭാവത്തോടെ അവളെയൊന്നു നോക്കും.
എന്താന്നെലും പൊലീസ് സ്റ്റേഷനിൽ കാണാനില്ലെന്നൊരു പരാതി കൊടുത്തേക്കെന്നായിരുന്നു വിവരമറിഞ്ഞെത്തിയ അയല്പക്കത്തുള്ളോരുടെ തീരുമാനം..അതാണ് നല്ലതെന്ന് തോന്നിയെനിക്കും.
അങ്ങനെ സ്റ്റേഷനിലെത്തിയതാരുന്നു.. കാണാതായെന്ന് പറയപ്പെടുന്ന ഭാര്യയുടെ ഫോട്ടോ വല്ലതുമുണ്ടോന്നു ചോദിച്ചപ്പോഴാണ് വിവാഹശേഷമൊരിക്കല്പോലും അവളുടെ ഒരു ഫോട്ടോപോലും എടുത്തില്ലെന്നോർത്തെ..അപ്പോഴാണു മുമ്പെങ്ങോ ഫേസ്ബുക്കിലവള് ടാഗ് ചെയ്‌തിരുന്ന ഫോട്ടോയുടെ കാര്യോർമ്മ വന്നേ..അതുള്ളതോണ്ട് രക്ഷപെട്ടു.
പിന്നെം കൊറേക്കാര്യങ്ങള് ചോദിച്ചറിഞ്ഞു അവസാനമാണ് അവളെ തിരിച്ചറിയാനുള്ള എന്തെലുമൊക്കെ അടയാളങ്ങളുണ്ടോയെന്ന് ചോദിച്ചേ. സത്യത്തില് അങ്ങനൊന്ന് കണ്ടതായി തന്നെ ഓർമ്മയില്ലാരുന്നു.
രാവിലെ ഉണരുമ്പോ അടുക്കളയീന്നു കേക്കുന്ന ശബ്ദങ്ങളാണ് അവളുണർന്നെന്നു അടയാളപ്പെടുത്താറുള്ളത്..ഉണക്കാനിട്ട വസ്ത്രങ്ങൾ തൂത്തു വൃത്തിയാക്കിയിട്ട മുറ്റം..ആവിപറക്കുന്ന ദോശ തുടങി വീട്ടിലെയോരോ കാര്യങ്ങളും അവളുമായി ബന്ധപ്പെട്ടല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല..
പക്ഷെ അവളെ അറിയാനുള്ള അടയാളമെന്തായിരുന്നു. അങ്ങനൊന്നു എനിക്കോർത്തെടുക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോഴാണ് പോലീസുകാരന്റെ ഡയലോഗ്..
“തന്നെ സഹിക്കാൻ വയ്യാഞ്ഞവളാരുടേലും കൂടെ ഇറങ്ങിപ്പോയതാരിക്കും. എന്തായാലും അന്വേഷിക്കാ..അയാൾ കൂട്ടിച്ചേർത്തു.
എന്നാലും അവൾക്കെന്താരുന്നു ഒരു കുറവ്..സ്റ്റേഷനിൽ നിന്നിറങ്ങാൻ നേരം ഞാനാലോചിച്ചത് അതാരുന്നു.