ഏകാധിപത്യം
Story written by Saji Thaiparambu
=============
“ഏട്ടാ…ഞാൻ പറഞ്ഞ കാര്യമെന്തായി?
“ദീപേ..നീ ജോലിക്ക് പോകുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല”
“അതെനിക്കറിയാം ഞാൻ ജോലിക്ക് പോയി, എനിക്കൊരു വരുമാനമുണ്ടായി കഴിഞ്ഞാൽ പിന്നെ, നിങ്ങൾക്കെന്നെ ഭരിക്കാൻ കഴിയില്ലല്ലോ അല്ലേ?”
ദീപ, അയാളെ പരിഹസിച്ച് കൊണ്ട് ചോദിച്ചു.
“ദീപേ..നീ എഴുതാപ്പുറം വായിക്കരുത്. ഞാനെപ്പോഴാ നിന്നെ ഭരിക്കാൻ വന്നത്…”
മനുവിന്റെ ശബ്ദമുയർന്നു.
“അല്ലേലും എനിക്കറിയാം, നിങ്ങൾ ആണുങ്ങൾ സ്വാർത്ഥൻന്മാരാ, നിങ്ങളുടെ ആ ട്ടും തു പ്പും കേട്ട്, അടുക്കളയിലെ കരിയും പുകയുമായി ഞാനെന്നും നരകിച്ച് കഴിയണമെന്ന നിങ്ങളുടെ ആഗ്രഹം”
“ദേ, ദീപേ…ഇല്ലാ വചനം പറയരുത്, നമ്മുടെ കല്യാണം കഴിഞ്ഞനാള് മുതൽ ഞാൻ നിന്നോട് പറയുന്നതാ, ജോലിയില്ലാത്ത പെണ്ണിനെ തന്നെ കെട്ടിയത്, എന്റെയും മക്കളുടെയും ക്ഷേമം നോക്കി, വീട്ടിൽ അടങ്ങിയൊതുങ്ങി നില്ക്കുന്ന ഒരുത്തിയെ വേണമെന്ന് എനിക്ക് തോന്നിയത് കൊണ്ടാണെന്ന്”
മനുവിന്റെ ക്ഷമ നശിച്ചിരുന്നു.
“അപ്പോൾ, നിങ്ങൾക്കാവശ്യം ഒരു വേലക്കാരിയെയായിരുന്നു,ഭാര്യയെ അല്ല”
ദീപ വിട്ട് കൊടുത്തില്ല.
“വേലക്കാരിയെ കൊണ്ട് വീട്ട് ജോലിയല്ലേ ചെയ്യിക്കാൻ പറ്റു, ഒരു ഭാര്യയുടെ കടമകൾ നിർവ്വഹിക്കാൻ പറ്റില്ലല്ലോ?
ഒരു വഷളൻ ചിരിയോടെ മനുവത് പറഞ്ഞപ്പോൾ ദീപ രോഷാകുലയായി മുറിക്കുള്ളിലേക്ക് കയറിപ്പോയി.
അന്നത്തെ ദിനപത്രവും സൺഡേ സപ്ളിമെൻറും വായിച്ച് പേപ്പർ മടക്കി വച്ചിട്ട്, മനു ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഡൈനിങ്ങ് റൂമിലേക്ക് ചെന്നു.
“ദീപേ..കഴിക്കാനെടുത്തോ”
കൈ കഴുകി ടേബിളിന് മുന്നിലിരുന്ന് കൊണ്ട്, അയാൾ അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു .
കുറച്ച് കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തത് കൊണ്ട് അയാളെഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
ദീപയെ അവിടെ കാണാനില്ല.
“ദീപേ..” എന്ന് ഉറക്കെ വിളിച്ചപ്പോൾ ബെഡ് റൂമിൽ നിന്ന് വിളി കേട്ടു .
മനു വേഗം, അങ്ങോട്ടേക്ക് ചെന്നു.
“ആങ്ഹാ..നീയിവിടെ വന്ന് കിടക്കുവാണോ? എടീ എനിക്ക് വിശക്കുന്നു, നീയെന്താ ഒന്നുമുണ്ടാക്കുന്നില്ലേ?”
“ഇല്ല ഞാനിന്ന് ലീവാ”
അതും പറഞ്ഞ് ദീപ കട്ടിലിൽ തിരിഞ്ഞ് കിടന്നു.
“എന്ത്! ലീവോ ?അതിന് ഇത് സർക്കാരോഫീസൊന്നുമല്ല , നിനക്ക് തോന്നുമ്പോൾ ലീവെടുക്കാൻ”
അയാൾ പരിഹാസത്തോടെ പറഞ്ഞു.
“അതെവിടുത്തെ ന്യായമാ, ഓഫീസിൽ പോയി വെറുതെ ഫാനിന്റെ അടിയിലിരുന്ന് ഉറങ്ങുന്ന നിങ്ങൾ, ആഴ്ചയിൽ മൂന്ന് ലീവെടുക്കുന്നുണ്ടല്ലോ? അപ്പോൾ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഈ വീട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന എനിക്കെന്താ ലീവെടുത്താൽ”
മനുവിന് നേരെ ദീപ ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ തൊടുത്തു.
“ഓഹോ, അപ്പോൾ നീ കരുതി കൂട്ടിയാണല്ലേ ,നീ ഒരു ദിവസം അടുക്കളയിൽ കയറിയില്ലെന്ന് കരുതി ഇവിടെയാരും പട്ടിണിയിരിക്കാൻ പോകുന്നില്ല, നീ നോക്കിക്കോ, ഒറ്റ ക്ളിക്കിൽ ഈ വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ഞൊടിയിടയിലെത്തും എന്നോടാ കളി”
ദീപയെ വെല്ല് വിളിച്ച് കൊണ്ട് മനു മൊബൈലെടുത്ത് ഓൺലൈനിൽ ആ വീട്ടിലുള്ള അച്ഛനും അമ്മയും മക്കളും ഉൾപ്പെടെ എല്ലാവർക്കുമായി ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്തു.
അരമണിക്കൂർ കഴിഞ്ഞ് ഡെലിവറി ബോയി ഭക്ഷണ പൊതികളുമായി വന്ന് ഡോർ ബെല്ലടിച്ചു.
മനു ചെന്ന് പൊതികളും വാങ്ങി, അല്പം വിഷമത്തോടെ പേഴ്സിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടും എടുത്ത് കൊടുത്തു.
“ബാക്കി മുപ്പത് രൂപ ചെയ്ഞ്ചില്ല സാർ”
പാൻറ്സിന്റെ പോക്കറ്റിൽ കൈയ്യിട്ട് നോക്കി ഡെലിവറി ബോയി പറഞ്ഞു .
“അത് സാരമില്ല മോനെടുത്തോ, ടിപ്പായിട്ട് കൂട്ടിയാൽ മതി”
പുറകിൽ നിന്ന ദീപയുടെ അച്ഛൻ സഹതാപത്തോടെ അവനോട് പറഞ്ഞപ്പോൾ, മനുവിന് തന്റെ അമ്മായിഅപ്പനോട് ഈർഷ്യ തോന്നി.
ഡൈനിങ്ങ് ടേബിളിൽ വിഭവസമൃദ്ധമായ പ്രാതലും കഴിച്ച്, ഏമ്പക്കവും വിട്ട്കൊണ്ട് എല്ലാവരും അവരവരുടെ പാട് നോക്കി പോയി.
മനുവിനെന്തോ, കഴിച്ച ഭക്ഷണത്തിന് വലിയ രുചിയൊന്നും തോന്നിയില്ല, വെറുതെ പേഴ്സിൽ നിന്ന് ആയിരം രൂപാ പോയത് മിച്ചം.
അയാൾ നിരാശയോടെ ഓർത്തു.
ഞായറാഴ്ചയായത് കൊണ്ട് വൈകുന്നേരം ഒരു ഔട്ടിങ്ങിന് പോകാമെന്ന് കരുതി, പോർച്ചിൽ പൊടിപിടിച്ച് കിടന്ന പഴയ അംബാസ്സഡർ, ഗാർഡൻ ഹോസ്പിടിച്ച് മനു, കഴുകിക്കൊണ്ടിരിക്കുമ്പോഴാണ്, മീൻകാരൻ വാതിൽക്കൽ വന്ന് കൂവിയത് .
“ദീപേ…ദേ മീൻകാരൻ വന്നു”
മനു അകത്തേക്ക് നോക്കി വിളിച്ചു.
“ഇന്ന് മീനൊന്നും വേണ്ട ചേട്ടാ, ഞങ്ങൾ പുറത്ത് പോകുവാ”
ദീപ മീൻകാരനെ പറഞ്ഞ് വിട്ടു.
“എടീ..അതിന് നമ്മൾ വൈകുന്നേരമല്ലേ പുറത്ത് പോകുന്നത്, ഉച്ചയ്ക്ക് ചോറും കറിയുമൊന്നും വെയ്ക്കണ്ടേ”
മനു, ആകാംക്ഷയോടെ ചോദിച്ചു.
“ഓഹ്, ഒരു ദിവസം ഞാൻ അടുക്കളയിൽ കയറിയില്ലെന്ന് പറഞ്ഞ്, ആരും പട്ടിണി കിടക്കില്ലെന്നല്ലേ രാവിലെ പറഞ്ഞത്, പിന്നിപ്പോഴെന്ത് പറ്റി, ബ്രേക്ക് ഫാസ്റ്റ് വാങ്ങിയപ്പോഴെക്കും ശബ്ബളമൊക്കെ തീർന്നോ?
അവൾ പരിഹാസത്തോടെ ചോദിച്ചു.
“പിന്നേ…അങ്ങനെ തീരാൻ ഞാൻ നക്കാപ്പിച്ച ശബ്ബളക്കാരനൊന്നുമല്ല, നീ പോയി എല്ലാവരോടും റെഡിയാകാൻ പറ. ഇന്ന് നമ്മൾ പുറത്ത് നിന്നാണ് ലഞ്ച് കഴിക്കുന്നത്”
തന്റെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാനായി മനു, അവളോട് പറഞ്ഞു.
“അച്ഛാ..നമുക്ക് ലാലേട്ടന്റെ പുതിയപടം കണ്ടിട്ട് പോകാമച്ഛാ, എല്ലാരും നല്ല അഭിപ്രായമാണ് പറയുന്നത് “
ഉച്ചഭക്ഷണം കഴിഞ്ഞ് മനു, ഭീമമായ ബില്ല് വേദനയോടെ കൗണ്ടറിൽ വന്ന് പേയ് ചെയ്യുമ്പോൾ രണ്ട് പെൺമക്കളിൽ ഇളയവളായ സരിഗയാണത് പറഞ്ഞത് .
“ശരിയാ മോനേ, ഞാനും തീയറ്ററിൽ പോയി സിൽമ കണ്ട കാലം മറന്നു”
ചെറുമകൾക്ക് സപ്പോർട്ടുമായി ദീപയുടെ അമ്മയും കൂടി വന്നപ്പോൾ , മനസ്സില്ലാ മനസ്സോടെ മനു, തന്റെ അംബാസ്സഡർ റെയ്സ് ചെയ്ത് തീയറ്ററിലേക്ക് പോയി .
സിനിമ കണ്ടിറങ്ങിയപ്പോൾ, എല്ലാവർക്കും ഉച്ചയ്ക്ക് മൂക്ക്മുട്ടെ കഴിച്ച ചിക്കൻ ബിരിയാണി ദഹിച്ച് പോയിരുന്നു.
“ഇനിയെന്തായാലും വെജിറ്റേറിയൻ ഹോട്ടലിൽ കയറി വല്ല മസാല ദോശയും തിന്നിട്ട് പോകാം മനുവേട്ടാ, എനിക്കിനി വീട്ടിൽ ചെന്ന് അത്താഴമുണ്ടാക്കാനൊന്നും വയ്യാ”
ദീപ കോട്ടുവായിട്ട് കൊണ്ട് ക്ഷീണിതയായി ഡാഷ് ബോർഡിലേക്ക് കമിഴ്ന്ന് കിടന്നു.
രാത്രിയിൽ, ഉറക്കം വരാതെ ഇന്നത്തെ വരവ് ചിലവ് കണക്കുകൾ ഡയറിയിൽ കുറിച്ചിട്ട്, കാലിയായ പേഴ്സ് തുറന്ന് വച്ച് മനു തലയ്ക്ക് കൈ കൊടുത്തിരുന്നു.
“മനുവേട്ടാ..നാളെയാണ് എന്റെ സ്കൂട്ടറിന്റെ ഇൻഷുറൻസ് അടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ്, രാവിലെ രണ്ടായിരം രൂപ തന്നിട്ടേ ഓഫീസിലേക്ക് പോകാവു”
“എന്റെ ദീപേ, എനിക്കിവിടെ നോട്ടടിക്കുന്ന മെഷീനൊന്നുമില്ല, നീ ചോദിക്കുമ്പോൾ രണ്ടായിരവും മൂവായിരവുമൊക്കെ എടുത്ത് തരാന്നായിട്ട്, ഇന്നലെ തന്നെ രൂപാ അയ്യായിരമാ, എല്ലാവരും കൂടി തിന്ന് കുടിച്ച്, സിനിമയും കണ്ട് തീർത്തത്, നീയിതെന്ത് കണ്ടിട്ടാ, ആകെ എന്റെ ഒരാളുടെ വരുമാനം കൊണ്ട് വേണം ഈ കുടുംബത്തിന് കഴിയാൻ”
മനു ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി.
“അപ്പോൾ ഞാനൊരു ദിവസം ലീവെടുത്തപ്പോഴേക്കും ഏട്ടന്റെ സാമ്പത്തിക നില പരുങ്ങലിലായല്ലേ? അത് കൊണ്ടാ പറഞ്ഞത് ഇക്കാലത്ത് ഭാര്യക്കും ഭർത്താവിനും വരുമാനമുണ്ടെങ്കിലേ ഒരു കുടുംബത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാൻ കഴിയു എന്ന്, ഞാൻ കൂടി ജോലിക്ക് പോയെന്ന് കരുതി നിങ്ങളുടെ കാര്യങ്ങൾക്കൊന്നും ഒരു മുടക്കവും വരാൻ പോകുന്നില്ല, ഞാൻ കുറച്ച് കൂടി നേരത്തെ എഴുന്നേറ്റാൽ, വീട്ട് ജോലികളൊക്കെ തീർത്ത് വച്ചിട്ട് നമുക്കൊരുമിച്ച് ഇവിടുന്നിറങ്ങാൻ പറ്റും, പിന്നെ വൈകിട്ട് ഏട്ടൻ ഓഫീസിൽ നിന്ന് വരുമ്പോൾ വാതിൽക്കൽ പുഞ്ചിരി തൂകി നില്ക്കാനും, കടുപ്പത്തിൽ ചൂടോടെ കാപ്പിയിട്ടോണ്ട് തരാനും ഞാൻ ചിലപ്പോൾ ഉണ്ടായെന്ന് വരില്ല, അത് പോലുള്ള ചെറിയ കാര്യങ്ങളിൽ ഏട്ടൻ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായാൽ, നമുക്കൊരുമിച്ച് തുഴഞ്ഞ് കുടുംബമാകുന്ന ഈ തോണിയെ, ഇടയ്ക്ക് വച്ച് മുങ്ങിപ്പോകാതെ അക്കരയെത്തിക്കാം, എന്ത് പറയുന്നു”
ദീപ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഇനിയും താൻ ദുർവാശിയുമായി ഇരുന്നിട്ട് കാര്യമില്ലെന്ന് മനുവിന് തോന്നി.
പിറ്റേന്ന് മനുവിന്റെ ബജാജ് സ്കൂട്ടറിന്റെ പുറകിൽ ഇടത് തോളിൽ പുതിയ ബാഗും തൂക്കി ദീപ ഇരുന്നു.
എന്നും പത്ത് പതിനഞ്ച് പ്രാവശ്യം കിക്ക് ചെയ്യുമ്പോൾ മാത്രം സ്റ്റാർട്ടാകുന്ന ആ എൺപത് മോഡൽ ബജാജ് സ്കൂട്ടർ, അന്ന് ഒറ്റ കിക്കിന് സ്റ്റാർട്ടായി.
~സജി തൈപറമ്പ്.