Story written by Saji Thaiparambu
==========
“സുഗുവേട്ടാ..ദാ, ആ പോകുന്നവളെ കണ്ടോ? അവളിപ്പോൾ ചപ്പാത്തിക്കമ്പനിയിൽ പണിക്ക് പോകുവാ, മുൻപ്, അവൾക്ക് എന്ത് ഗമയായിരുന്നു ,മുഖം നിറച്ച് പുട്ടിയുമിട്ട് ഐ ബ്രോയുമെഴുതി ലോകസുന്ദരിയെ പോലെയല്ലാരുന്നോ നടപ്പ് “
ബാൽക്കണിയിലിരുന്ന് ഭർത്താവിന് വറുത്ത കശുവണ്ടിയുടെ തൊലി പൊളിച്ച് വായിൽ വച്ച് കൊടുക്കുമ്പോൾ ശ്യാമള സന്തോഷത്തോടെ പറഞ്ഞു.
“ങ്ഹേ, അതാ..ബ്യൂട്ടിപാർലറുകാരന്റെ ഭാര്യയല്ലേ? അവൻ അവളെ അങ്ങനെ കൂലിപ്പണിക്ക് ഒക്കെ വിടുമോ?”
“ഗതികെട്ടാൽ ഏത് പുലിയും പുല്ല് തിന്നില്ലേ ചേട്ടാ, അവൻ ഇപ്പോൾ കിട്ടുന്ന കാശ് മുഴുക്കെയും കുടിച്ചു കൂത്താടി നടക്കുവാണെന്നാ കേൾക്കുന്നത്. അവൾക്ക് രണ്ടു മക്കളെ വളർത്തിയെടുക്കണ്ടേ?”
“അതിന്, ഈ ചപ്പാത്തി കമ്പനിയിൽ പോയാൽ എന്ത് കിട്ടാനാണ് അതുകൊണ്ട് , ഒരു കുടുംബം പുലർത്താൻ കഴിയുമോ?”
സുഗുണൻ ജിജ്ഞാസയോടെ ചോദിച്ചു.
“ആഹ് എനിക്കതാ സംശയം, ഇനി അവൾ വേറെ വല്ല പണിക്കും പോകുമോന്ന് “
ശ്യാമള ഊറിച്ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ, സുഗുണന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, ദൂരേക്ക് നടന്നു പോകുന്ന അവളെ അയാൾ സസൂക്ഷ്മം വീക്ഷിച്ചു.
അവളെയും തന്റെ ഭാര്യയെയും സുഗുണൻ താരതമ്യം ചെയ്ത് നോക്കി.
ശരിയാണ് ശ്യാമള പറഞ്ഞത്, ഏത് പുരുഷനും ഒന്ന് നോക്കി നിന്ന് പോകുന്ന ഉടലഴകാണവൾക്ക്.
തന്റെ ഭാര്യക്ക് അവളോട് അസൂയ തോന്നിയതിൽ തെറ്റ് പറയാൻ കഴിയില്ല.
മനസ്സിൽ എന്തോ ഓർത്ത് കൊണ്ട് തൊലി കളയാത്ത ഒരു പിടി അണ്ടിപ്പരിപ്പെടുത്ത് അയാൾ ആക്രാന്തത്തോടെ വായിലിട്ട് ചവച്ചു.
***********
റോഡരികിലെ ഉറക്കംതൂങ്ങി മരത്തിൽ നിന്നും പൊഴിഞ്ഞു വീണ മഞ്ഞ നിറത്തിലുള്ള പൂക്കളെ ചവിട്ടിമെതിച്ചു കൊണ്ട് നീലിമ , ഇൻറർലോക്കിട്ട നടപ്പാതയിലൂടെ മുന്നോട്ടു നടന്നു.
വളരെ പുരാതനമായ ആ നഗരത്തിലെ ഒരു ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു, അവൾ ജോലി ചെയ്യുന്ന ചപ്പാത്തികമ്പനി.
അന്ന് കൂലി കിട്ടുന്ന ദിവസമായത് കൊണ്ട് ഒരു പാട് വൈകിയാണ് അവിടുന്നിറങ്ങിയത്.
പൊതുവേ വിജനമായിക്കിടക്കുന്ന ആ നിരത്തിലൂടെ, വല്ലപ്പോഴുമേ ടൂവീലറുകൾ പോലും കടന്ന് പോകാറുള്ളു.
ഇരുള് വീണ് തുടങ്ങിയപ്പോൾ ഉള്ളിൽ നുരഞ്ഞ് പൊന്തിയ ഭീതിയോടെ അവൾ നടത്തത്തിന് വേഗത കൂട്ടി.
തല കുനിച്ച് മുന്നോട്ട് നടന്ന അവളുടെ അരികിലായി, ഒരു കാറ് വന്ന് നിന്നു.
“ഗിരീഷിന്റെ ഭാര്യയല്ലേ ,ഈ വഴിയിലെന്താ?
ഡ്രൈവിങ്ങ് സീറ്റിലിരുന്ന സുഗുണൻ അവളോട് ചോദിച്ചു.
“അതെ, എനിക്കിപ്പോൾ ദാ ആ കാണുന്ന കമ്പനിയിലാ ജോലി “
ദൂരെ, വലിയ പുകക്കുഴലുള്ള ഒരു കെട്ടിടം ചൂണ്ടിക്കാണിച്ച് കൊണ്ട് അവൾ പറഞ്ഞു.
“ങ്ഹേ, ഇത്രയും വിലയും നിലയും സൗന്ദര്യവുമുള്ള താനെന്തിനാ ,ആ ബംഗാളിയുടെ കമ്പനിയിൽ ജോലിക്ക്പോകുന്നത്, തന്റെ ഭർത്താവിനത് കുറച്ചിലുണ്ടാക്കില്ലേ?
അവൾക്ക് ഭർത്താവിനോടുള്ള ആറ്റിറ്റ്യൂഡ് മനസ്സിലാക്കിയിട്ട് ആ ദൗർബല്യത്തെ ചൂഷണം ചെയ്യാനായിരുന്നു അയാളുടെ ശ്രമം.
“വിലയും നിലയുമൊക്കെ നമ്മളുണ്ടാകുന്നതല്ലേ?ഏതൊരു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്, പിന്നെ , സൗന്ദര്യം നോക്കിയിരുന്നാൽ ചിലപ്പോൾ എന്റെ കുടുംബം പട്ടിണിയായി പോകും, അത് കൊണ്ടാണ് ഞാൻ ജോലിക്ക് പോകുന്നത് വേറൊന്നും എന്നോട് ചോദിക്കരുത്, ശരി ഞാൻ പോകട്ടെ “
അത്രയുo പറഞ്ഞ് ധൃതിയിൽ അവൾ മുന്നോട്ട് നടന്നു.
ഇത് ശ്യാമള പറഞ്ഞത് പോലെ, അവൻ കുടുംബം നോക്കാത്തത് കൊണ്ട് തന്നെയാണ്, അവൾ ജോലിക്ക് പോകുന്നത്, ചിലപ്പോൾ നാണക്കേട് കൊണ്ടാവും ഒന്നും തുറന്ന് പറയാൻ അവൾ തയ്യാറാവാത്തത്.
പക്ഷേ, അവളെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? കുടിച്ച് നശിച്ച് പോയ ഒരുവന്റെ ഭാര്യക്ക് സാമ്പത്തികം മാത്രം പോരല്ലോ? ഇത്രയും ചെറുപ്പമായ അവൾ എപ്പോഴെങ്കിലും ഒരു പുരുഷന്റെ സാന്ത്വനം, അല്ലെങ്കിൽ ഒരു തലോടൽ കൊതിച്ചിട്ടുണ്ടാവില്ലേ? അതിനായി താമസിയാതെ അവൾ ഏതെങ്കിലും ഒരു പുരുഷന് വിധേയപ്പെടുമെന്ന് അയാൾ മനസ്സിലോർത്തു.
അത് പാടില്ല…ആ പുരുഷൻ താനായാലെന്താ കുഴപ്പം , ശ്യാമളയ്ക്കാണെങ്കിൽ എപ്പോഴും വലിവിന്റെ അസ്ക്കിതയാ , ചുരുക്കി പറഞ്ഞാൽ ഇവളും താനും ഇപ്പോൾ തുല്യ ദു:ഖിതരാ
“താൻ വേണമെങ്കിൽ, കാറിൽ കയറിക്കൊള്ളു ഞാനും ആ വഴിക്ക് തന്നെയാ “
വർദ്ധിച്ച ആത്മവിശ്വാസത്തോടെ , സൈഡ് ഡോർ തുറന്ന് പിടിച്ച് കൊണ്ട് അയാൾ നീലിമയോട് പറഞ്ഞു .
അമ്പരപ്പോടെ ചുറ്റിനും നോക്കിയിട്ട് , കാറിന്റെ പിൻ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി ഇരുന്നു .
ഉം, താമസിയാതെ ഞാൻ നിന്നെ മുൻസീറ്റിൽ കൊണ്ടുവരുമെടി ,എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അയാൾ ,കാർ മുന്നോട്ടെടുത്തു.
അസ്തമയ സൂര്യന്റെ കിരണങ്ങൾ വീണ് അവളുടെ ആർദ്രമായ മുഖത്തെ വിയർപ്പ് കണങ്ങൾ തിളങ്ങുന്നത് റിയർവ്യൂ മീറ്റിലൂടെ അയാൾ കണ്ടു.
“തനിക്ക് ഞാൻ കുറച്ച് കാശ് തരട്ടെ, എന്നെങ്കിലും തിരിച്ച് തന്നാൽ മതി, അഥവാ തരാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ, ശ്യാമള ഒരിക്കലും ഇത് അറിയാതിരുന്നാൽ മതി”
പുറത്തെ കാഴ്ചകളിലേക്ക് മിഴിനട്ടിരുന്ന അവൾ, തലതിരിച്ച് അയാളെ നോക്കി.
“എനിക്കൊരു മൂന്ന് ലക്ഷം രൂപ തരുമോ? കടമായിട്ട് മതി. കുറച്ച് നാൾ കഴിഞ്ഞ് ഞാനത് തിരിച്ച് തന്നിരിക്കും “
അത് കേട്ട് ,ആദ്യമൊന്ന് ഞെട്ടിയെങ്കിലും, മൂന്നല്ല പത്ത് കൊടുത്താലും ഈ ഡീലിംഗ്സ് നഷ്ടം വരില്ലെന്ന് അയാളുടെ മനസ്സ് പറഞ്ഞു.
“ഓകെ സമ്മതിച്ചു, എപ്പോൾ എവിടെ വച്ച് എന്ന് മാത്രം പറഞ്ഞാൽ മതി”
അത് ചോദിക്കുമ്പോൾ, അയാളുടെ കണ്ണുകളിലെ ദാഹം അവൾ കണ്ടു.
“നാളെ കമ്പനി അവധിയാ, പിന്നെ എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവമായത് കൊണ്ട് അയൽക്കാരൊക്കെ അമ്പലപറമ്പിലുമായിരിക്കും, അത് കൊണ്ട് നാളെ പകല് വന്നോളു, അല്ലെങ്കിൽ നിങ്ങളെ പോലൊരു ബിസിനസ്സ് മാൻ എന്റെവീട്ടിലേക്ക് വന്നതെന്തിനാണെന്ന ചോദ്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കേണ്ടി വരും “
ഓഹ്, ഇവളെ ഇത്ര പെട്ടെന്ന് വളയ്ക്കാൻ പറ്റുമെന്നു കരുതിയില്ല, അല്ലെങ്കിലും കാശ് കൊടുത്താൽ വഴങ്ങാത്ത ഏതെങ്കിലുമൊരുത്തിയുണ്ടോ? ഈ ഭൂലോകത്തിൽ
ചില ബസ്സ്റ്റാന്റ് തൈകളെ ലോഡ്ജിൽ കൊണ്ട് പോയ അനുഭവത്തിൽ നിന്നാണ് അയാൾ അങ്ങനെയൊരു നിഗമനത്തിലെത്തിയത്.
പിറ്റേന്ന് ബാങ്കിൽ നിന്നെടുത്ത മൂന്ന് ലക്ഷം രൂപയുമായി, അയാൾ അവളുടെ വീടിന് കുറച്ചകലെയായി കാറ് പാർക്ക് ചെയ്തിട്ട് അവൾ പറഞ്ഞ സ്ട്രീറ്റിലെ ഇരുപതാം നമ്പർ വീടിന്റെ കോളിംങ്ങ് ബെല്ലമർത്തി.
“കയറി വരൂ “
മുൻവാതിൽ തുറന്ന് കൊടുത്തിട്ട് വശ്യമായിപുഞ്ചിരിച്ച് കൊണ്ട് അയാളെ അവൾ അകത്തേക്ക് ക്ഷണിച്ചു.
“വരു ,നമുക്ക് ബെഡ് റൂമിലേക്ക് പോകാം “
അയാൾ കയറിയ ഉടനെ മുൻവാതിൽ കുറ്റിയിട്ട് കൊണ്ട് അവൾ പറഞ്ഞു .
ടിവി പരസ്യത്തിൽ കാണുന്ന നൈറ്റി ധരിച്ച് മുൻപേ നടന്ന അവളുടെ ബാഹ്യ സൗന്ദര്യം, തന്റെകണ്ണുകളാൽ ആവോളമാസ്വദിച്ച് കൊണ്ടയാൾ അവളെ അനുഗമിച്ചു.
ഉന്മാദം അയാളുടെ സിരകളെ ചൂട് പിടിപ്പിച്ചിരുന്നു.
ബെഡ് റൂമിലെ വാതിൽ വിരി വകഞ്ഞ് മാറ്റി അവളോടൊപ്പം അകത്തു കയറിയ സുഗുണൻ അവിടെ കട്ടിലിൽ കിടക്കുന്ന ക്ഷീണിതനായ ആളെ കണ്ട് അമ്പരന്നു .
താടിയും മുടിയും വളർത്തിയ അയാൾ പുതച്ചുമൂടി കിടക്കുകയായിരുന്നു, അരക്കെട്ടിന്റെ ഭാഗത്തുനിന്നും പുതപ്പിനിടയിലൂടെ പുറത്തേക്ക് തൂങ്ങിയാടുന്ന പ്ലാസ്റ്റിക് ബാഗ് കണ്ട സുഗുണൻ, വല്ലാതെയായി.
“ഗിരീഷിന് ഇദ്ദേഹത്തെ മനസ്സിലായോ?ഇദ്ദേഹമാണ് ഇപ്പോൾ നമ്മുടെ കാണപ്പെട്ട ദൈവം, ഞാൻ ഇന്നലെ പറഞ്ഞില്ലേ? കമ്പനിയിൽ നിന്നും എന്നെ പിക് ചെയ്ത് കൊണ്ടു വന്ന ഒരു സാറിനെ പറ്റി, അദ്ദേഹമാണിത്”
അവൾ പറഞ്ഞ വാചകങ്ങൾ കേട്ട് സുഗുണൻ തരിച്ചുനിന്നു.
“സാർ എന്നോട് ഇന്നലെ ചോദിച്ചില്ലേ? നിലയും വിലയും ഒക്കെ ഉള്ള ഞാൻ എന്തിനാണ് ആ കമ്പനിയിൽ ജോലിക്ക് പോകുന്നത് എന്ന് ,അത് ഞങ്ങൾ നാലു പേരുടെ വയറു നിറയ്ക്കാൻ വേണ്ടി മാത്രമായിരുന്നില്ല, അദ്ദേഹത്തിൻറെ ആഴ്ചയിൽ മൂന്നു പ്രാവശ്യം ഉള്ള ഡയാലിസിസ് മുടങ്ങാതിരിക്കാൻ കൂടിവേണ്ടിയായിരുന്നു ഞാൻ ജോലിക്ക് പോയിരുന്നത്. താനൊരു രോഗിയാണെന്ന് മറ്റുള്ളവർ അറിയുന്നത് ഗിരീഷേട്ടന് ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് തന്നെ, അധികമാർക്കും ഇതിനെകുറിച്ച് അറിയില്ല “
അവൾ അതും പറഞ്ഞ് ഗിരീഷിനെ നോക്കി.
“സാർ ഇങ്ങോട്ട് ഇരിക്കു”
അടുത്ത് കിടന്ന സ്റ്റൂൾ നീക്കിയിട്ട് കൊണ്ട് ഗിരീഷ് അയാളോട് ഭവ്യതയോടെ പറഞ്ഞു.
“എൻറെ രണ്ടു കിഡ്നിയും ഫെയിലിയർ ആണെന്നും ,ട്രാൻസ്പ്ലാന്റേഷൻ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്നും ഡോക്ടർ പറഞ്ഞപ്പോൾ, ഇവളുടെ കിഡ്നി എനിക്ക് തരാമെന്ന് പറഞ്ഞു. പക്ഷേ അതിന് ചിലവ് വരുന്ന മൂന്ന് ലക്ഷം രൂപയ്ക്ക് ഒരു വഴിയും ഇല്ലാതെ നിൽക്കുമ്പോഴാണ്, താങ്കൾ ഒരു ദൈവദൂതനെപ്പോലെ വന്ന് സഹായിക്കാം എന്ന് ഇവളോട്പറഞ്ഞത്, ഇപ്പോൾ ഞാൻ കുറച്ച് പരുങ്ങലിലാണ്, എല്ലാം എന്റെ അമിത മ ദ്യപാനത്തിലൂടെ സംഭവിച്ചതാണ്, പക്ഷേ ഒരു കാര്യം, ഓപ്പറേഷൻ കഴിഞ്ഞാൽ ഉടനെ ബ്യൂട്ടി പാർലർ കച്ചവടം ആക്കിയിട്ട് ആണെങ്കിലും സാറിൻറെ കടം ഞങ്ങൾ വീട്ടിയിരിക്കും…ഉറപ്പ് “
അത് കേട്ട്, കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത നിലയിൽ സുഗുണനിരുന്നു.
എടീ ശ്യാമളേ കാര്യമറിയാതെ മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയുന്നത് ഇന്നത്തെ കൊണ്ട് ഞാൻ നിർത്തുമെടീ.
അയാൾ മനസ്സിൽ പറഞ്ഞു.
അണപല്ല് ഞെരിയുന്നത് പുറത്തറിയാതെ പുഞ്ചിരിച്ചുകൊണ്ട്, സുഗുണനെഴുന്നേറ്റ് , തന്റെ കയ്യിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ ഗിരീഷിന്റെ കൈകളിൽ വച്ച് കൊടുത്തു.
ഈ സമയം, ഒരു ഗൂഡ സ്മിതത്തോടെ നീലിമ ആ ധന്യ മുഹൂർത്തം അടുത്ത്നിന്നു കൊണ്ട് മൊബൈലിൽ പകർത്തി.
തന്റെ എഫ് ബിയിൽ അത് പോസ്റ്റ് ചെയ്യുമ്പോൾ, എഴുതാനുള്ള അടിക്കുറിപ്പ് അവൾ നേരത്തെ തന്നെ ഓർത്ത് വച്ചിരുന്നു.
“അബലകൾക്ക് താങ്ങായി നില്ക്കുന്ന പണക്കാരൻ”
~സജി തൈപ്പറമ്പ്