അന്ന് കിടക്കുമ്പോൾ നീണ്ടു വന്ന അയാളുടെ കൈകളെ അവൾ രണ്ടാമതൊന്നാലോചിക്കാതെ തട്ടി മാറ്റി…

വൈകാതെ…

Story written by Ammu Santhosh

=============

“യൂ ട്രസിൽ ഒരു ഫൈബ്രോയ്ഡ് ഉണ്ട്. കൂടാതെ രണ്ടു ഓ വറിയിലും സിസ്റ്റ് ഉണ്ട്. സൈസ് ചെറുതാണ്. എങ്കിലും ബ്ലീ ഡിങ് ഉള്ളത് കൊണ്ടും വേദന ഉള്ളത് കൊണ്ടും ഇത് സർജറി ചെയ്തു നീക്കുന്നതാണ് നല്ലത് “

ഡോക്ടർ സ്കാൻ റിപ്പോർട്ട്‌ നോക്കി ഹേമയോട് പറഞ്ഞു.

“അതിപ്പോ സർജറി എന്നൊക്കെ പറയുമ്പോൾ…ആശുപത്രിയിൽ എത്ര ദിവസം കിടക്കേണ്ടി വരും?”

“രണ്ടു ദിവസം മതി. കീ ഹോൾ സർജറി അല്ലെ? പിന്നെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ രണ്ടു ദിവസം കൂടി നോക്കും..ഇതിപ്പോ ഹേമയ്ക്ക് വേറെ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നുമില്ലല്ലോ..മുപ്പത് വയസ്സേയുള്ളു..യൂ ട്രസ് റിമൂവ് ചെയ്യണ്ട. ഇത് ചെറിയ സർജറി അല്ലെ?”

ഹേമയുടെ മുഖത്ത് ഒരു നിസഹായത നിറഞ്ഞു

“ഹേമയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?”

“ഭർത്താവ്, മോൾ, ഭർത്താവിന്റെ അമ്മ “

“ഹേമയുടെ വീട്ടിൽ?”

“അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യയും ഉണ്ട് “..

“ഇത്രയും പേര് ഉണ്ടായിട്ടാണോ ഹേമ ഒറ്റയ്ക്ക് വന്നത്..? ഭർത്താവ് കൂടെ വരേണ്ടതല്ലേ? കാര്യങ്ങൾ ഭർത്താവിനോടും കൂടി പറഞ്ഞു മനസിലാക്കാമായിരുന്നല്ലോ “

ഹേമ ശൂന്യമായ കണ്ണുകളോടെ അവരെ ഒന്ന് നോക്കി

കാതിൽ മുഴങ്ങുന്ന ആക്രോശങ്ങൾ

“ഹോ നിനക്ക് മാത്രേ ഈ വേദന ഒക്കെയുള്ളല്ലോ..ഈ ലോകത്തിൽ നീ മാത്രമേയുള്ളോ പെണ്ണ്?”

“എപ്പോഴും വയർ വയ്യ,നടു വയ്യ ഒരു ആരോഗ്യവുമില്ലാത്ത ഒരെണ്ണം.”

“ഞാൻ അമ്മയോട് പറഞ്ഞതാ എനിക്ക് ഇതിനെ വേണ്ടാന്ന് അപ്പൊ അമ്മയ്ക്ക് ഗവണ്മെന്റ് ജോലിക്കാരി മരുമോൾ മതി “

പുച്ഛം, അവഗണന, അപമാനം

“ഹേമേ ” ഡോക്ടർ വിളിച്ചു

ഹേമ ഞെട്ടി ഡോക്ടറെ ഒന്ന് നോക്കി

“അസുഖം വരുന്നത് ആരുടെ കുറ്റമാ ഡോക്ടർ?” അവൾ മെല്ലെ ചോദിച്ചു

ഡോക്ടർ പുഞ്ചിരിച്ചു

“അത് കുറ്റമല്ലല്ലോ..ഇത് വലിയ രോഗവുമല്ല. ഈ സർജറി കഴിയുമ്പോൾ താൻ പെർഫെക്ട് ആകും പിന്നെന്താ?”

“എനിക്കാരുമില്ല ഡോക്ടർ. സത്യം..ഞാൻ ഒറ്റയ്ക്കാ..എല്ലാത്തിനും എല്ലായിടത്തും ഒറ്റയ്ക്ക്..വീട്ടിലെ മുഴുവൻ ജോലിയും ചെയ്തിട്ടാ ഓഫീസിൽ പോകുന്നെ..വൈകുന്നേരം വരുമ്പോൾ ഒരു ചായ പോലും കിട്ടില്ല. സിങ്കിൽ നിറഞ്ഞ പാത്രവും നനയ്ക്കാൻ ഉള്ള തുണികളും..എല്ലാം കഴിയുമ്പോൾ നടു കഴച്ചു പൊട്ടുന്നുണ്ടാവും..പിന്നെയും റസ്റ്റ്‌ ഒന്നുല്ല..ഒരു തരത്തിൽ സർജറി നല്ലതാ. അത്രയും ദിവസം ഒന്ന് കിടക്കാം..കൊതി ആവുക ഡോക്ടറെ എവിടെ എങ്കിലും സ്വസ്ഥമായി ഒന്ന് കിടക്കാൻ..കണ്ണടച്ച് വെറുതെ..” അവളുടെ ശബ്ദം ഒന്നിടറി

ഡോക്ടർ എന്താ പറയുക എന്നറിയാതെ മിണ്ടാതെയിരുന്നു

“ഞാൻ ഇനി എന്ന വരേണ്ടത്.?”

“എത്രയും വേഗം..” ഡോക്ടർ പറഞ്ഞു

കഠിനമായ വേദന അടി വയറ്റിൽ കൊളുത്തിപ്പിടിച്ചപ്പോൾ അവളുടെ മുഖം ചുളുങ്ങി

“തല്ക്കാലം ഞാൻ എഴുതിയ മരുന്ന് കഴിക്ക് വേദന മാറട്ടെ “

അവൾ തലയാട്ടി

വീട്ടിൽ ചെന്നപ്പോൾ തന്നെ ഭൂകമ്പം

താമസിച്ചതിന്, ഡോക്ടറെ പോയി കണ്ടതിന്

“സർജറി പോലും…അവർക്ക് പൈസ ഉണ്ടാക്കാൻ ഉള്ള അടവാ..അല്ലാതെന്താ..”

“എനിക്ക് നല്ല വേദന ഉണ്ട് “

“നി മാത്രേ കാണു ഇങ്ങനെ വേദന സഹിക്കാത്ത ഒരെണ്ണം..സർജറി ഒന്നും വേണ്ട. ഇവിടുത്തെ കാര്യങ്ങൾ ആര് നോക്കും? അമ്മയ്ക്ക് വയ്യാതിരിക്കുവാ ” അവൾ ഒന്നും പറയാതെ ഒരു ചായ ഉണ്ടാക്കാൻ തുടങ്ങി

“അമ്മേ വേദന കുറവുണ്ടോ?” മകൾ വന്നു ചുറ്റിപ്പിടിച്ചപ്പോൾ നിറകണ്ണുകളോടെ അവൾ തലയാട്ടി.

“ഞാൻ കുറച്ചു കൂടി വലുതായിരുന്നെങ്കി അമ്മ വരുമ്പോഴേക്കും ജോലി ഒക്കെ തീർത്തു വെച്ചേനെ..”

അവൾ കെട്ടിപ്പിടിച്ചു മകൾക്ക് ഒരു ഉമ്മ കൊടുത്തു

“ഇവരൊക്കെ എന്താ അമ്മേ ഒന്നും ചെയ്യാത്തെ? എന്റെ ഫ്രണ്ട് മാളുവിന്റെ അച്ഛൻ ആണ് കുക്ക് ചെയ്യുക. അമ്മ ക്ലീനിങ്..ചിലപ്പോൾ അച്ഛൻ ക്ലീനിങ് അമ്മ കുക്കിംഗ്‌…ഇവിടെ എല്ലാം അമ്മ തന്നെ…അമ്മക്ക് പറഞ്ഞൂടെ വയ്യെന്ന്…ഞാൻ വല്ലോം ആയിരിക്കണം..ഹും..”

ആറു വയസ്സുള്ള മകൾ പറയുന്നത് കേട്ട് അവൾ സ്തബ്ദ്ധതയോടെ നിന്ന് പോയി.

അന്ന് കിടക്കുമ്പോൾ നീണ്ടു വന്ന അയാളുടെ കൈകളെ അവൾ രണ്ടാമതൊന്നാലോചിക്കാതെ തട്ടി മാറ്റി.

“നിന്നേ കൊണ്ടെന്തിന് കൊള്ളാം?” എന്ന പിറുപിറുക്കലിന് മറുപടി കൊടുക്കാതെ മോളെ കെട്ടിപിടിച്ചു കിടന്നു

എനിക്ക് എന്തിനാണ് ഇയാൾ?

ആദ്യമായി അവൾ ചിന്തിച്ചു തുടങ്ങി

എനിക്ക് എന്തിനാ ഈ കുടുംബം?

എനിക്കിതു വരെ എന്താണ് കിട്ടിക്കൊണ്ടിരുന്നത്

രണ്ടു ദിവസം കഴിഞ്ഞു അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി

വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ അമ്മ ചേട്ടന്റെ ഭാര്യയുടെ ഡേറ്റ് അടുത്തിരിക്കുന്നത് കൊണ്ട് വരാനാവില്ല എന്ന് ഒഴിഞ്ഞു..ഭർത്താവിന്റെ അമ്മ വരില്ല എന്ന് അവൾക്ക് അറിയാമായിരുന്നു..ഭർത്താവ് വന്നേയ്ക്കും എന്ന് അവൾ പ്രതീക്ഷിച്ചു. അയാൾ വന്നില്ല.

“ഉത്തരവാദിത്തപ്പെട്ട ആരും ഇല്ലാതെ..സർജറി പറ്റില്ല ഹേമ..അറിയാല്ലോ നിയമം..ഭർത്താവിന്റെ സൈൻ വേണം..”

“ഞാൻ എഴുതി ഒപ്പിട്ട് തരാം ഡോക്ടർ..എന്ത് സംഭവിച്ചാലും ഞാൻ മാത്രം ആയിരിക്കും ഉത്തരവാദി എന്ന്…പോരെ?”

ഡോക്ടർ ആശയക്കുഴപ്പത്തിലായി..

“എനിക്ക് ഇത് കഴിഞ്ഞു വേണം ഡോക്ടർ ഒന്ന് ജീവിക്കാൻ..എനിക്കി വേദന സഹിക്കാൻ വയ്യ…അത് കൊണ്ടാണ്..എന്റെ മോളെ വളർത്തണം. എനിക്കും സന്തോഷം ആയിട്ട് ജീവിക്കണം “

ഒടുവിൽ ഡോക്ടർ അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ സർജറി ചെയ്തു
അവർ തന്നെ സഹായത്തിനു ഒരു സ്ത്രീയെ ഏർപ്പാട് ആക്കി കൊടുത്തു

രണ്ടു ദിവസത്തിന് ശേഷം ഹേമ ആശുപത്രി വിട്ടു

ഓഫീസിൽ ഉള്ള നൗഷാദ് അവൾക്ക് ഒരു വാടക വീട് ഏർപ്പാടാക്കി കൊടുത്തു

ഏറെ നാളുകൾക്ക്‌ ശേഷം വേദന ഇല്ലാത്ത ഉറക്കം..

പിരിമുറുക്കങ്ങൾ ഇല്ലാത്ത പകലുകൾ

അലസമായ നിമിഷങ്ങൾ

ഇടക്ക് ഭർത്താവ് വിളിച്ചു. ഇനി അങ്ങോട്ടില്ല എന്ന് തീർത്തു പറയുമ്പോൾ ഉള്ളിൽ വാശിയൊന്നും തോന്നിയില്ല

അമ്മയും അച്ഛനും മധ്യസ്ഥതക്ക്  വന്നു. കുടുംബത്തിന് ചീത്തപ്പേർ കേൾപ്പിക്കരുത് എന്ന് ശാസിച്ചു.

പല തവണ അനുഭവിച്ചത് പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്തവർ…സ്വന്തം മകൾ അനുഭവിക്കുന്ന പീഡനങ്ങൾ പറയുമ്പോൾ നി അഡ്ജസ്റ്റ് ചെയ്യ് എന്ന് ഉപദേശിച്ചവർ. അച്ഛനും അമ്മയുമാണത്രെ.

ഒരു ചായ കൊടുത്തു പറഞ്ഞു വിട്ടു

സ്കൂളിൽ ചെന്നു മോളെ കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോന്നു

മോളെ കൊണ്ട് പോകാൻ അയാൾ വന്നു..

“കൊണ്ട് പൊക്കോളു…എല്ലാ ചിലവും കൂടി താങ്ങുമോ? കല്യാണം വരെയുള്ള ചിലവ് ഓർക്കുക “

എന്ന് പറഞ്ഞു കൊണ്ടവൾ ചിരിച്ചു

അയാൾ പതർച്ചയോടെ തിരിച്ചു പോയി

മോൾ അമ്മയെ ചേർത്ത് പിടിച്ചു

“ഇനി നമ്മൾ ഇവിടെ തന്നെ..മോൾക്ക് അച്ഛന്റെ ഒപ്പം പോകണമായിരുന്നോ? “

“വേണ്ട..ഞാൻ വലുതാകുമ്പോൾ എന്നെയും ഇങ്ങനെ ജോലി ചെയ്യിപ്പിക്കില്ലേ? എനിക്ക് ഉവ്വാവ് വരുമ്പോൾ കളിയാക്കില്ലേ? ആശുപത്രിയിൽ കൊണ്ട് പോകാതെ കൊ ന്നാലോ?”

അവൾ ആ വാ പൊത്തി

പിന്നെ നെഞ്ചിടിപ്പോടെ അനങ്ങാതെ നിന്നു

എന്റെ മോൾ എന്നെ പോലെയാവണ്ട.

അവൾ കരുത്തുള്ളവളാവട്ടെ

അങ്ങനെ ആവണം എങ്കിൽ ഞാൻ ഇങ്ങനെ തന്നെ ആവണം…

നിലത്ത് വീണവരെ ചവിട്ടി മെതിക്കുന്നവർക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് ഉള്ള ജീവിതം തന്നെ..

അന്തസ്സുള്ള ജീവിതം

ആത്മാഭിമാനം നഷ്ടം ആകാതെ..അന്തസ്സുള്ള ജീവിതം