അമ്മയ്ക്ക് ആകെ അറിയേണ്ട രണ്ടു കാര്യങ്ങൾ. അതിനപ്പുറം അമ്മ ഒന്നും ചോദിക്കാറില്ല…

ഒരു സ്റ്റെതസ്കോപ്പ്…

Story written by Suja Anup

============

“മോളെ നീ നന്നായി പഠിക്കുന്നുണ്ടോ..?”

ഈ അമ്മയ്ക്ക് വേറെ പണിയൊന്നും ഇല്ല.

ആഴ്ചയിൽ ഒരിക്കലാണ് കോൺവെന്റിലേക്കു ഫോൺ വിളിക്കുന്നത്. അപ്പോഴും ചോദിക്കുവാൻ ഇതേ ഉള്ളോ, ആവോ..

“നീ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ..?”

ബെസ്ററ്, അടുത്ത ചോദ്യം…

അമ്മയ്ക്ക് ആകെ അറിയേണ്ട രണ്ടു കാര്യങ്ങൾ. അതിനപ്പുറം അമ്മ ഒന്നും ചോദിക്കാറില്ല.

ഇവിടെ ആണെങ്കിൽ എൻ്റെ അവസ്ഥ തീരെ മോശം ആണ്.

ചക്കയുടെ കാലമായതു കൊണ്ട്, ഉച്ചയ്ക്ക് ചക്ക കറി, വൈകീട്ട് ചക്ക പൊരിച്ചത്. അങ്ങനെ ഭക്ഷണം കിട്ടുന്നുണ്ട്.

ആകെയുള്ള അഞ്ചു മിനിറ്റിൽ അമ്മ എന്തൊക്കെയോ ചോദിച്ചു.

അമ്മ എന്നും അങ്ങനെ ആണ്. വെള്ളിയാഴ്ച വൈകീട്ടു വിളിക്കും, കുറച്ചു വിശേഷം ചോദിക്കും. ഫോൺ വിളിക്കുന്നതിൽ കൂടെ പിശുക്കി ആണ്. വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ ഹോസ്റ്റലിൽ നിന്നും കൂടെ കൊണ്ട് പോയി നിറുത്തും.

കൂടെ ഉള്ള കൂട്ടുകാരികൾ ഒക്കെ വലിയ വീട്ടിലെ ആണ്. ആഴ്ചയിൽ ഒരിക്കൽ അവരുടെ വീടുകളിൽ നിന്നൊക്കെ ആളുകൾ വരും. എന്ത് മാത്രം സാധനങ്ങൾ ആണ് അവർ കൊണ്ട് വരുന്നത്. വസ്ത്രങ്ങൾ എന്ന് പറഞ്ഞാൽ അവർക്കില്ലാത്ത ഒന്നും ഇല്ല. എല്ലാം മുന്തിയ തരം. ഞാൻ മാത്രം ഇങ്ങനെ.

അമ്മ ഗൾഫിൽ ആണെന്ന് എല്ലാവർക്കും അറിയാം, എന്നിട്ടും എൻ്റെ വസ്ത്രങ്ങൾ കണ്ടാൽ മതി.

അമ്മയെ പോലെ ഒരു പിശുക്കി ഈ ലോകത്തിൽ വേറെ ഇല്ല.

കലികാലം….

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അപ്പൻ പെട്ടെന്ന് പോയത്. ആ വർഷം തന്നെ എന്നെ ഹോസ്റ്റലിൽ ആക്കി അമ്മ ഗൾഫിൽ പോയി. അമ്മ അടുത്തില്ല എന്നതുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നൂ. ലീവിൽ വരുമ്പോഴൊക്കെ അമ്മ വസ്ത്രങ്ങൾ വാങ്ങി തരും. അധികം ആർഭാടം ഒന്നിലും വരുന്നത് അമ്മയ്ക്ക് എന്തോ ഇഷ്ടമല്ല.

ഈ പത്താം ക്ലാസ്സൊന്നു വേഗം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നൂ…എനിക്കാണെങ്കിൽ എല്ലാറ്റിനോടും ഒരുതരം അവഗണന ആയിരുന്നൂ. പഠിക്കുവാനും താല്പര്യം കുറഞ്ഞുവരികയായിരുന്നൂ…

അപ്പൻ ഉണ്ടായിരുന്നെങ്കിൽ…

പത്താം ക്ലാസ്സു കഴിഞ്ഞതും, വെക്കേഷന് അമ്മ നാട്ടിൽ വന്നില്ല. പകരം എന്നെ അങ്ങോട്ടേക്ക് വിസിറ്റിംഗ് വിസയിൽ കൊണ്ട് പോയി. ആദ്യമായിട്ടായിരുന്നൂ അങ്ങനെ അമ്മ ചെയ്തതത്.

ആദ്യമായി പിശുക്കിയല്ല എന്ന് തെളിയിച്ചു…

കൂട്ടുകാരോടൊക്കെ ഇനി ഗൾഫിലെ വിശേഷം പറയാം..

ഒരാഴ്ച എന്നെ കൊണ്ട് നടന്നു അമ്മ എല്ലാം കാണിച്ചു.

പിന്നെ അമ്മ എന്നെ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ട് പോയി. ആദ്യമായാണ് അമ്മയെ ഞാൻ ആ യൂണിഫോമിൽ കണ്ടത്.

അന്ന് മാത്രമാണ് അമ്മ ആ ആശുപത്രിയിൽ house keeping സെഷനിൽ ആണെന്ന് ഞാൻ അറിഞ്ഞത്.

അപ്പോൾ ഒരു പ്രസവം കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. പുള്ളിക്കാരി അവിടം വൃത്തിയാക്കുവാൻ പോയി.

സത്യത്തിൽ മ ലവും മൂ ത്രവും ര ക്തവും എല്ലാം കൂടെ ഉള്ള ഒരവസ്ഥ. അവിടത്തെ മണം, അതെല്ലാം കണ്ടിട്ട് എനിക്ക് ച ർദ്ദിക്കുവാൻ വന്നു. ഞാൻ നേരെ റസ്റ്റ് റൂമിലേക്ക് ഓടി. അമ്മ ഒരു ഭാവഭേദവും കൂടാതെ അതെല്ലാം വൃത്തിയാക്കി. അവിടെ നിന്ന് എന്നെ അമ്മയുടെ ആശുപത്രിയിലുള്ള ഒരു ലേഡി കൂട്ടി കൊണ്ട് പോയി. അവർ അവിടത്തെ ഒരു  ഡോക്ടർ ആണ് എന്ന് എനിക്ക് മനസ്സിലായി. അമ്മയെ ഒത്തിരി കാര്യം ആണ് അവർക്കു എന്ന് തോന്നി.

“മോളെന്താ ആലോചിക്കുന്നത്.”

“ഒന്നുമില്ല.”

“നീ നാട്ടിൽ കാണുന്ന, അത്തറിൻ്റെ മണമുള്ള അമ്മയെ ഓർത്തുപോയോ. നിന്നെ ഇത്രയും നാൾ ഒന്നും അറിയിക്കാതെ അവർ വളർത്തിയത്, ഈ പണി ചെയ്തിട്ടാണ്, എന്തെ അഭിമാനക്കുറവ് തോന്നുന്നുണ്ടോ.”

“നന്നായി പഠിച്ചിരുന്ന നീ പഠനത്തിൽ ഉഴപ്പുന്നുണ്ട് എന്നൊരു തോന്നൽ അമ്മയെ തളർത്തിയിരുന്നൂ. നീ ഇനി എങ്കിലും അമ്മയെ മനസ്സിലാക്കണം, അതിനു വേണ്ടി ഞാനാണ് നിന്നെ കൂട്ടികൊണ്ടു വരുവാൻ പറഞ്ഞത്. നിനക്ക് വേണ്ടിയാണ് അവർ ഈ കഷ്ടപ്പെടുന്നത്, അത് നീ അറിഞ്ഞിരിക്കണം എന്നെനിക്കു തോന്നി, അതിനുള്ള പ്രായവും പക്വതയും നിനക്കിപ്പോൾ ആയി.”

ഞാൻ ഒന്നും മിണ്ടിയില്ല. കണ്ണുകൾ നിറഞ്ഞിരുന്നൂ.

“ദാ, ആപ്പിൾ, മോൾ കഴിക്കൂ..”

പക്ഷേ, എനിക്ക് ചുറ്റും അപ്പോഴും ആ വൃത്തികെട്ട മണം ആയിരുന്നൂ.

“ഓ, കഴിക്കുവാൻ സാധിക്കുന്നില്ല അല്ലേ, ആ മണം ഇപ്പോഴും ചുറ്റിലും ഉണ്ടോ..”

എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ.

“ആ പണി അവർ ചെയ്യുമ്പോൾ പ്രസവത്തിനു വരുന്ന അറബി പെണ്ണുങ്ങളും അവരുടെ ആളുകളും കൊടുക്കുന്ന കൈമണി പോലും അമ്മ നിനക്കായി മാറ്റി വെക്കാറുണ്ട്. നിനക്കറിയാമല്ലോ നിൻ്റെ അച്ഛൻ ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല. ഗൾഫിൽ കിടന്നു കഷ്ടപെടുമ്പോഴും അമ്മ നാട്ടിൽ കേൾക്കുന്ന ചീത്തപ്പേരിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആണുങ്ങളെ വളക്കുന്നതാണല്ലോ അവരുടെ ഇവിടത്തെ പണി, നീ അതിപ്പോൾ നേരിട്ട് കണ്ടല്ലോ.”

“ഇനി നിനക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാം. നീ പഠിച്ചു ഒരു ഡോക്ടർ ആയി ഇവിടെ ജോലിക്കു വരണം, അതെൻ്റെ ആഗ്രഹമാണ്. നിനക്ക് അതിനു കഴിയും. നാളെ ഒരിക്കൽ അമ്മയുടെ കൈയ്യും പിടിച്ചു നീ നിൻ്റെ അപ്പൻ്റെ തറവാട്ടു വീട്ടിൽ ഡോക്ടറായി കയറി ചെല്ലണം. നിൻ്റെ അമ്മയെ കുറ്റം പറഞ്ഞവരുടെ മുന്നിലേക്ക്.. “

ഞാൻ തലയാട്ടി…അന്ന് അമ്മയോട് ഒന്നും ഞാൻ ചോദിച്ചില്ല.

പിന്നീടൊരിക്കലും വില കൂടിയ വസ്ത്രങ്ങൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. ഓരോ രൂപയും ഉണ്ടാക്കുവാൻ അമ്മ പെടുന്ന പാട് എനിക്കിപ്പോൾ അറിയാം.

തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഞാൻ ഒത്തിരി മാറിയിരുന്നൂ. പ്ലസ് ടുവിനു സയൻസ് ഗ്രൂപ്പ് എടുത്തു പഠിക്കണം എന്നത് എൻ്റെ നിർബന്ധം ആയിരുന്നൂ.

എൻട്രൻസ് എഴുതി പാസ്സായപ്പോൾ എന്നെ തേടി അമ്മയുടെ ആ കൂട്ടുകാരി ഡോക്ടറുടെ വക ഒരു സമ്മാനം എത്തി, “ഒരു സ്റ്റെതസ്കോപ്പ്”

മെഡിക്കൽ കോളേജിൽ ഞാൻ ചേരുമ്പോൾ അമ്മയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞിരുന്നൂ.

പഠനം കഴിഞ്ഞതും അമ്മയ്‌ക്കൊപ്പം ഞാൻ പറന്നൂ. അവിടെ അമ്മയ്‌ക്കൊപ്പം നിന്ന് ടെസ്റ്റുകൾ എഴുതി. അവസാനം അമ്മയുടെ ആഗ്രഹം പോലെ ആ ഹോസ്പിറ്റലിൽ തന്നെ ജോലി കിട്ടി.

ആദ്യത്തെ ശമ്പളത്തിൽ ആ ഡോക്ടർ ആന്റിക്ക് ചെറിയ ഒരു സ്വർണ്ണ ലോക്കറ്റ്, അതും “ഒരു സ്റ്റെതസ്കോപ്പ്” മാലയിൽ ഇടുവാൻ വേണ്ടി ഞാൻ സമ്മാനിച്ചു.

മനസ്സിൽ ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുണ്ട്. ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ. നേടുവാൻ ഒത്തിരി ഉണ്ട്. പരാജയം സമ്മതിക്കുവാൻ ഞാൻ തയ്യാറല്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.

…………….സുജ അനൂപ്