അമ്മ ഡാൻസ് ക്ലാസ്സിൽ പോകുമ്പോൾ ഞാൻ തന്നെ ആണ് കൊണ്ട് വിടുക. ഓഫീസിൽ പോകുമ്പോഴും അതേ….

അമ്മ മഴവില്ല്

Story written by Ammu Santhosh

=============

“അമ്മേ ദേ ആ കോഴി കൊത്തുന്നുണ്ട് ട്ട…”

“നീ മിണ്ടാതെ വന്നേ വൈശു…”

ഒരു മകന്റെ ഏറ്റവും വലിയ ദയനീയ അവസ്ഥ എന്തെന്നോ? അമ്മ ചെറുപ്പവും അതിസുന്ദരിയും മിടുക്കിയും ആയിരിക്കുന്നതാ. കാര്യം സംഭവം ഒക്കെ കൊള്ളാം. പക്ഷെ കോഴികളെ കൊണ്ട് തോറ്റു തൊപ്പിയിട്ടു പോകും

ചില അങ്കിൾമാരുടെ ചോദ്യം ഉണ്ട്

“അനിയൻ ആണോ?”

സുഖിപ്പീര്, ആണ്. എനിക്ക് അത് കേൾക്കുമ്പോൾ അയാളെ വെ ടി വെച്ചു കൊ ല്ലാൻ ആണ് തോന്നുക

“അല്ല മകനാണ്” അമ്മ മര്യാദയോടെ പറയും.

അപ്പൊ കോഴികൾ

“Really? കണ്ടാൽ തോന്നില്ല. you look awsom”

ദുഷ്ടൻമാര്

“എന്റെ അമ്മയാടാ മഹാപാപികളെ..എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അമ്മയെ ചേർത്ത് പിടിച്ചു ഞാൻ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കും. ആരു ശ്രദ്ധിക്കുന്നു

അമ്മ ഡാൻസ് ക്ലാസ്സിൽ പോകുമ്പോൾ ഞാൻ തന്നെ ആണ് കൊണ്ട് വിടുക. ഓഫീസിൽ പോകുമ്പോഴും അതേ..ഷോപ്പിങ് നു പോകുമ്പോൾ ഒപ്പം ഞാൻ പോയിരിക്കും.

“വൈശു ഇത് അല്പം ഓവർ ആണ് ട്ടോ..ഞാൻ തനിച്ചു പൊക്കോളാം ന്ന്”

“അങ്ങനെ ഇപ്പൊ വേണ്ട ഞാൻ കൂടി വരാം”

“ഞാൻ ആരെയെങ്കിലും ലൈൻ അടിക്കും ന്നു പേടിച്ചാണോ?” അമ്മ ചിരിക്കും

“ചളി” ഞാൻ പുച്ഛിക്കും

അമ്മയ്ക്ക് അച്ഛനിൽ നിന്നു വലിയ സ്നേഹം ഒന്നും കിട്ടീട്ടുണ്ടാവില്ല. അച്ഛൻ മരിക്കുമ്പോൾ എനിക്ക് രണ്ടു വയസ്സാണ്. അച്ഛൻ ഗൾഫിൽ ആയിരുന്നു. ഞങ്ങൾ നാട്ടിലും. അമ്മ പക്ഷെ കരഞ്ഞൊന്നും കണ്ടിട്ടില്ല. ഹാപ്പി ആയിരുന്നു എന്നും. മിടുക്കി ആയിരുന്നു. അമ്മ നടന്നു പോകുന്നത് കാണണം എന്ത് ആത്മവിശ്വാസം ആണെന്നോ. എനിക്ക് ഓസ്ട്രേലിയ യിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കിട്ടിയപ്പോ എന്നേക്കാൾ സന്തോഷം അമ്മയ്ക്കാരുന്നു. അന്ന് അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

“എന്റെ മോൻ മിടുക്കനായി പഠിച്ചു ഒരു നല്ല ജോലി വാങ്ങണം അതാണ് അമ്മയുടെ സ്വപ്നം” അമ്മ എന്റെ കവിളിൽ ഉമ്മ വെച്ചു.

പക്ഷെ എനിക്ക് പോകാൻ ഒട്ടും ഇഷ്ടം അല്ല. ഇവിടെ അമ്മ തനിച്ചാണ്.

നമുക്ക് അമ്മയെ കല്യാണം കഴിപ്പിക്കാം എന്ന് ആദ്യം പറഞ്ഞത് ശിഖ ആണ് എന്റെ ഗേൾ ഫ്രണ്ട്. അതേ കുറിച്ച് ഞാൻ ഇത് വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

“അമ്മക്കൊരു കൂട്ട് വേണ്ടേ വൈശു? എന്റെ റിലേറ്റീവ് ഒരു മഹേഷ്‌ അങ്കിൾ ഉണ്ട്. ആൾ ചെറുപ്പമാണ്. വൈഫ് മരിച്ചു പോയി. ഒരു മകളുള്ളത് കല്യാണം കഴിഞ്ഞു അമേരിക്കയിൽ..ആന്റിക്ക് നല്ല ചേർച്ച ആയിരിക്കും” അവൾ വീണ്ടും പറഞ്ഞു .

എന്റെ അമ്മക്ക് ഒരു കൂട്ട്. ഉള്ളിൽ ഒരു അസ്വസ്ഥത ഉണ്ടാകുന്നുണ്ട്. എന്റെ അമ്മയെ മറ്റൊരാൾ സ്നേഹിക്കും. അമ്മ അയാൾക്കൊപ്പം സമയം ചിലവഴിക്കും. സ്നേഹം പകുത്തു പോകും. എന്റെ അമ്മ എന്റെ മാത്രം ല്ലേ? എനിക്ക് സങ്കടം വന്നു. പക്ഷെ അമ്മ ഒറ്റയ്ക്ക് ആകുന്നത് എനിക്ക് പേടിയാണ്.

“ഞാൻ ആന്റിയോട് പറഞ്ഞു സമ്മതിപ്പിക്കാം ok?” ഞാൻ തലയാട്ടി.

അമ്മയോട് അവൾ സംസാരിച്ചെങ്കിലും അമ്മ മറുപടി അവളോട്‌ ഒന്നും പറഞ്ഞില്ല..

“വൈശു ഒരു റൈഡിനു പോകാം”

രാത്രി ആയിരുന്നു..അമ്മയ്ക്ക് ബുള്ളറ്റ് ഓടിക്കാൻ ഭയങ്കര ഇഷ്ടം ആണ്. ഞാനും അമ്മയും ഇടക്ക് ഇങ്ങനെ പോകാറുണ്ട്

ജീൻസിലും കുർത്തയിലും അമ്മ കുറച്ചു കൂടി കുട്ടിയായി.

“ഡാ വൈശു…”

“എന്താ അമ്മേ?”

“നീ എന്നാ പോകുക?”

“രണ്ടു മാസം ഉണ്ട് അമ്മേ?”

“നീ പോയിക്കഴിഞ്ഞു ഞാൻ ഹോസ്റ്റലിലേക്ക് മാറും കേട്ടോ..എന്റെ ഫ്രണ്ട് ഇവിടെ ഹോസ്റ്റൽ നടത്തുന്നുണ്ട്..”

“അമ്മേ ശിഖ..പറഞ്ഞില്ലേ ഒരു കാര്യം?”

“കല്യാണം അല്ലെ?”

“ഉം ശിഖയുടെ ഒരു കസിൻ ഉണ്ട്..വൈഫ് മരിച്ചു പോയതാ നല്ല ആളാണ് എന്ന്.” അമ്മ കൈ ഉയർത്തി വിലക്കി

“നീ എന്നെകുറിച്ച് എന്താ വിചാരിച്ചേക്കുന്നേ? അല്ല നിന്റെ കുഴപ്പം അല്ല, ഈ സമൂഹം മുഴുവൻ അങ്ങനെ ആണ് ചിന്തിച്ചേക്കുന്നത്. സ്ത്രീക്ക് ഒരു കൂട്ട് വേണം. അവൾ ഒറ്റയ്ക്ക് ജീവിച്ചാൽ ആകാശം അങ്ങ് ഇടിഞ്ഞു വീഴും പോലും..എനിക്കിപ്പോ നാല്പത്തി അഞ്ചു വയസ്സായി. ഇത്രയും നാൾ സത്യം പറയട്ടെ ഞാൻ ഹാപ്പി ആണ്. അല്ലെങ്കിൽ ഞാൻ എനിക്ക് ഇഷ്ടം ഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിട്ടുണ്ട്..ഡാൻസ്, വായന, എഴുത്ത്, ജോലി ഞാൻ ഹാപ്പി ആണ് വൈശു..”

അമ്മ ചിരിച്ചു

“പക്ഷെ അമ്മേ…അമ്മ ഒറ്റയ്ക്ക്..”

“ഒറ്റയ്ക്ക് ആയാൽ എന്താ..? നീ എപ്പോഴും ഒപ്പം ഉണ്ടാകുമോ..ഓസ്ട്രേലിയയിൽ നല്ല ജോലി കിട്ടിയാൽ നീ ശിഖയെയും കല്യാണം കഴിച്ച് പൊക്കോണം..അമ്മ അമ്മ എന്ന് പറഞ്ഞു ഇവിടെ നിന്നെക്കരുത്”

“അത് ആലോചിക്കാം ഇത് പറ…”

“എനിക്ക് ഒരാണിന്റ സ്നേഹം വേണം എന്ന് ഇപ്പൊ തോന്നുന്നില്ല..അല്ല ഞാൻ സമാധാനം ആയി ജീവിക്കുന്നത് നിനക്ക് സഹിക്കുന്നില്ല അല്ലെ?” അമ്മ എന്റെ ചെവിയിൽ പിടിച്ചു..

“എനിക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ പറഞ്ഞില്ലേ ഫ്രണ്ടിൻറെ ഹോസ്റ്റൽ. അവിടെ അനാഥരായ കുട്ടികൾ ആണ് മുഴുവൻ. ഓരോരുത്തർ സ്പോൺസർ ചെയ്യുന്ന കുട്ടികൾ. എനിക്കും ഒരു കുട്ടിയെ സ്പോൺസർ ചെയ്യണം.അവർക്കൊപ്പം ചേരണം..ഒരു ആണിന്റെ തണൽ മാത്രം അല്ലല്ലോ ഒരു പെണ്ണിന് ഈ ലോകത്തിലെ ഏറ്റവും വലിയ കാര്യം..”

ഞങ്ങൾ തിരിച്ചു പോരുമ്പോൾ എന്റെ ഉള്ളിലുള്ള അമ്മയുടെ ചിത്രത്തിന് നിറം കൂടിയിരുന്നു. ഞാൻ കണ്ട ഏറ്റവും വ്യക്തിത്വം ഉള്ള സ്ത്രീ ആയി മാറി അമ്മ.

എനിക്ക് അഭിമാനം തോന്നി ആ അമ്മയുടെ മകൻ ആണല്ലോ ഞാൻ. എന്റെ അമ്മ സുന്ദരി മാത്രം അല്ല. ധൈര്യവതി ആണ്. മിടുക്കി ആണ്. എന്നും അങ്ങനെ ആയിരിക്കട്ടെ.

“ഡാ സ്പീഡ് കൂടുതൽ ആണെങ്കിൽ, പേടി തോന്നുന്നു എങ്കിൽ എന്നെ മുറുക്കി പിടിച്ചോ..”

ശരിയായിരുന്നു നല്ല വേഗം ഉണ്ടായിരുന്നു ബുള്ളറ്റിനു. എനിക്ക് പക്ഷെ പേടി ഒന്നും തോന്നിയില്ല. അമ്മ സൂക്ഷിക്കും. എന്നാലും ഞാൻ അമ്മയെ മുറുക്കി പിടിച്ചു. ആ തോളിൽ തല ചേർത്ത് വെച്ചു കണ്ണടച്ച് കാറ്റിനെ ഉള്ളിലേക്ക് എടുത്തു…

~ അമ്മു സന്തോഷ്