ആ പൂമുഖത്ത് നിൽക്കുമ്പോൾ തോരാമഴയുള്ള ഒരു സന്ധ്യയിൽ ഉള്ളിലൊരു കടലിരിമ്പവുമായി ഇവിടെ നിന്നത് വിദ്യ ഓർക്കുകയായിരുന്നു…

വസുധ

Story written by Jisha Raheesh

============

“എന്നാലും വിദ്യാ നീയിത് എങ്ങനെ സംഘടിപ്പിച്ചു?ചാനലുകാരെ ആരെയും കാണാൻ കൂട്ടാക്കാതിരുന്ന അവർ നിന്നെ കാണാമെന്നു എങ്ങനെ സമ്മതിച്ചു..?”

ഡ്രൈവ് ചെയ്യുന്നതിനിടെ വിദ്യ തല ചെരിച്ചു കിരണിനെ ഒന്ന് നോക്കി..പിന്നെ ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു…

ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത് അവരുടെ ചിത്രമാണ്..സമൂഹത്തിന് വിപത്തായി മാറിയ മകനെ നിയമത്തിന് ഒറ്റിയ അമ്മ…എന്ത് കൊള്ളരുതായ്മ ചെയ്‍താലും സ്വന്തം മക്കളെ ന്യായീകരിക്കാനും രക്ഷപ്പെടുത്താനും ശ്രമിക്കുന്ന അമ്മമാർക്കിടയിൽ വ്യത്യസ്തയായത് കൊണ്ടാവാം അവരുടെ പ്രവൃത്തി ശ്രെദ്ധിക്കപ്പെടുവാൻ കാരണം…

സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ..തന്നെ തിരഞ്ഞെത്തിയ ആരെയും കാണാൻ കൂട്ടാക്കാതെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോ ചിത്രങ്ങളോ കാണാത്ത ഒരമ്മ..

അവരെ കാണാൻ പോവാമെന്ന് വിദ്യ പറഞ്ഞപ്പോൾ കിരൺ ഒന്നമ്പരന്നു..കാരണം, കിണഞ്ഞു പരിശ്രമിച്ചിട്ടും മീഡിയയിലുള്ള ഒരാളെയും ഒന്ന് കാണാൻ പോലും അവർ കൂട്ടാക്കിയിട്ടില്ല..

നഗരപ്രാന്തങ്ങളിൽ നിന്നും ഗ്രാമത്തിന്റെ ഭംഗിയിലേക്ക് യാത്ര ഗതിമാറിയപ്പോഴാണ് കിരൺ ചുറ്റും നോക്കുന്നത്..വയലേലകൾക്കിടയിലെ ചെമ്മൺ പാതയിലൂടെ കടന്നു ഒരു ഇടവഴിയ്ക്കരികെ വിദ്യ വണ്ടി നിർത്തി…

“നിനക്കീ വഴിയൊക്കെ എങ്ങനെ അറിയാം..?”

പുറത്തിറങ്ങി ഡോറടയ്ക്കുന്നതിനിടെ കിരൺ ചോദിച്ചു..ഇരുമിഴികളും ചിമ്മി ഒരു പുഞ്ചിരിയായിരുന്നു മറുപടി..കിരണിന് തെല്ലീർഷ്യ തോന്നാതിരുന്നില്ല..

ഇടവഴിയിലൂടെ നടക്കുമ്പോഴും വിദ്യ നിശബ്ദയായിരുന്നു…

ഒരു കുഞ്ഞ് വീടിന്റെ മുറ്റത്തേയ്ക്കാണ് അവർ ചെന്നെത്തിയത്..ചുറ്റുമുള്ള സ്ഥലം നിറയെ പച്ചക്കറിത്തോട്ടവും പൂച്ചെടികളും..മുറ്റമാകെ കരിയിലകൾ വീണു കിടന്നിരുന്നു..വീടിന്റെ പൂമുഖവാതിൽ അടഞ്ഞും..ജാലകങ്ങളും..

ചട്ടിയിലെ പൂച്ചെടികൾ വാടിക്കരിഞ്ഞു തുടങ്ങിയിരുന്നു..കിരൺ കോളിങ്ങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല..അവൻ ചോദ്യഭാവത്തിൽ വിദ്യയെ നോക്കി..അവനെയൊന്ന് നോക്കി വിദ്യ മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു..

“ഞാൻ മുറ്റത്തുണ്ട്..”

മറുഭാഗത്ത് നിന്നും പറഞ്ഞതെന്തെന്ന് കിരൺ കേട്ടില്ല..

ആ പൂമുഖത്ത് നിൽക്കുമ്പോൾ തോരാമഴയുള്ള ഒരു സന്ധ്യയിൽ ഉള്ളിലൊരു കടലിരിമ്പവുമായി ഇവിടെ നിന്നത് വിദ്യ ഓർക്കുകയായിരുന്നു..ഇന്നിപ്പോൾ കൊടുങ്കാറ്റിനൊടുവിലെ ശാന്തതയാണ് മനസ്സിലെ കടലിന്…

പൂമുഖവാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് കിരൺ മുഖമുയർത്തിയത്..പാറിപ്പറക്കുന്ന മുടിയിഴകളും അലസമായി ചുറ്റിയ സാരിയും കണ്ണുകളെ വലയം ചെയ്തിരിക്കുന്ന കറുപ്പും അവരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതായിരുന്നു. ഒന്ന് രണ്ടു നിമിഷം അവർ വിദ്യയെ തന്നെ നോക്കി നിൽക്കുന്നത് കിരൺ കണ്ടു…

ഒരക്ഷരം ഉരിയാടിയില്ലെങ്കിലും അവർക്കിടയിൽ മൗനം വാചാലമാവുന്നത് കിരൺ അറിയുന്നുണ്ടായിരുന്നു..തന്നെ അവർ ശ്രെദ്ധിക്കുന്നതേയില്ല..

“അകത്തേക്ക് വരാം..”

ക്ഷീണിച്ചതെങ്കിലും ഉറച്ച ശബ്ദം…

രോഹിണി…തന്റെ മകനും കൂട്ടുകാരും ചേർന്നു ഒരു പെൺകുട്ടിയെ റേ പ്പ് ചെയ്യുന്നുണ്ടെന്ന് പാതിരാത്രി പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്നറിയിച്ചവൾ…

രോഹിണി കാണിച്ച കസേരയിലേക്കിരുന്നിട്ടും അവർക്കിടയിൽ മൗനം കനത്തു നിന്നു…

എസിവി ചാനലിലെ ടോപ്പ്‌ റിപ്പോർട്ടറായ വിദ്യ ചോദ്യങ്ങൾ മറന്നെന്നോണം ഇരിക്കുന്നത് കണ്ടാണ് കിരൺ മടിച്ചു മടിച്ചു ചോദിച്ചത്…

“ഇങ്ങനെ…ഇങ്ങനെ ചെയ്യാൻ അമ്മയെ പ്രേരിപ്പിച്ചതെന്താ..?”

രോഹിണി ഞെട്ടിയെന്നോണം കിരണിനെ നോക്കി..അപ്പോഴാണവർ ശരിക്കും തന്നെ ശ്രെദ്ധിച്ചതെന്ന് കിരണിന് തോന്നി…

“അല്ല…സാധാരണ അമ്മമാരൊന്നും….”

കിരൺ അർദ്ധോക്തിയിൽ നിർത്തി…

“പെണ്ണിന്റെ മാനത്തിന്റെ വിലയറിയാവുന്നത് കൊണ്ട്….പിന്നെ ഞാനായിട്ട് ഈ ഭൂമിയിലെത്തിച്ച ജീവൻ മറ്റുള്ളവർക്ക് നാശം വിതയ്ക്കുന്നത് കണ്ടു നിൽക്കാൻ വയ്യാത്തത് കൊണ്ട്…”

അവരുടെ വാക്കുകളുടെ ദൃഢതയിൽ കിരൺ ഒന്ന് പതറി…അവരുടെ ചുണ്ടിലൊരു വരണ്ട ചിരി തെളിഞ്ഞു..

“ഈ ലോകത്തിൽ ആകെ തുണയുണ്ടായിരുന്ന അമ്മ മരിച്ചന്ന്, കണ്ണീർ തോരാതെ എന്റെ കൊച്ചുകൂരയിലെ പായയിൽ ചുരുണ്ടു കൂടിയ ആ രാത്രിയിലാണ് പലർക്കും പെണ്ണെന്നാൽ വെറും ശരീരം മാത്രമാണെന്ന് തിരിച്ചറിയുന്നത്..ഒരാളായിരുന്നില്ല..ഏട്ടനെന്ന് വിളിച്ചവനും അച്ഛന്റെ സ്ഥാനത്തു കണ്ടവനുമൊക്കെ…”

ഏതോ ഓർമ്മയിൽ എന്നോണം അവരുടെ മുഖമൊന്നു ചുളിഞ്ഞു..അടുത്ത നിമിഷം ആ മുഖത്ത് കാഠിന്യം നിറഞ്ഞു…

“ബ ലാത്സം ഗത്തിനു ഇരയാവുന്നവൾ..അതൊരു മരണമാണ്..പിന്നെ അവൾ മറ്റൊരാളാണ്..അത് വരെ കണ്ടിരുന്ന നിറങ്ങൾ അവൾക്കന്യമാണ്..ഏത് പുരുഷനെയും അവളുടെ കണ്ണുകൾ സംശയത്തോടെ മാത്രം കാണും..ഉയിർത്തെഴുന്നേൽക്കുന്നവരുണ്ട്..ജീവിതത്തിൽ പുതുനിറങ്ങൾ ചേർക്കുന്നവർ..ആ ശപിക്കപ്പെട്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തെ ചേർത്ത് പിടിക്കുന്നവർ..എന്നാലും ദേഹത്തെ പാടുകൾ മാഞ്ഞാലും മനസ്സിനുള്ളിലെവിടെയോ ആ വടുക്കൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും..മരണം വരെ..ഇപ്പോഴും ആ ഓർമ്മകളിൽ ദേഹത്ത് പുഴുവരിക്കുന്നത് പോലെ ഞാൻ ഞെട്ടാറുണ്ട്..”

അവർ തുടർന്നു…

“ആരും തുണയില്ലാത്തൊരു പെണ്ണ്..പിടിച്ചു നിൽക്കാൻ ഒരുപാട് പണിപ്പെട്ടു..ഒരുപാട് അനുഭവിച്ചു കഴിയുമ്പോൾ നിസ്സഹായതയിൽ നിന്നും ഉടലെടുക്കുന്ന ഒരു ധൈര്യമുണ്ട്…ഒരു രാത്രി വാതിൽ ചവിട്ടി പൊളിക്കാൻ ശ്രെമിച്ചവന്റെ കൈ എന്റെ ഉമ്മറക്കോലായിൽ വീണുരുണ്ടതിൽ പിന്നെ രാത്രികളിൽ എനിക്ക് പേടിച്ചു വിറച്ചു ഉറങ്ങാതെ ദേഹത്തിന് കാവലിരിക്കേണ്ടി വന്നില്ല..പക്ഷെ അപ്പോഴേക്കും വയറ്റിലൊരു ജീവൻ ഉടലെടുത്തിരുന്നു..”

അപ്പോൾ അവരുടെ മിഴികൾ ശൂന്യമായിരുന്നു..പക്ഷെ യാന്ത്രികമെന്നോണം വാക്കുകൾ പുറത്തു വന്നു..

“വിവാഹം കഴിക്കാതെ അമ്മയാകുന്നവളുടെ ജീവിതം..അത് ഊഹിക്കാവുന്നതിലും അപ്പുറമാണ്..ദൈവത്തിന്റെ തീരുമാനത്തിനപ്പുറം മരണം മനുഷ്യന് നിശ്ചയിക്കാനാവില്ലെന്ന തിരിച്ചറിവിൽ ജീവിതം തന്നെ തിരഞ്ഞെടുത്തു…”

വിദ്യ അവരെ തന്നെ നോക്കിയിരിക്കുകയായിരുന്നു…അവരുടെ കണ്ണുകൾ ആരെയും കാണുന്നില്ലായിരുന്നു..

“ചെയ്യാത്ത ജോലികളില്ല..കല്ലും മണ്ണും ചുമന്നും കരിങ്കൽ ക്വാറിയിൽ പണിയ്ക്ക് പോയും ഉള്ളിൽ കുരുത്ത ജീവനെ ഞാൻ വളർത്തിയെടുത്തു..ഉള്ള ആഹാരം അവന് കൊടുത്തു പച്ചവെള്ളം കുടിച്ചു പശിയടക്കിയ രാവുകൾ..നാളെ എങ്ങനെ അവനെയൂട്ടും എന്നോർത്തു ഉറക്കം വരാതെ കിടന്നിട്ടുണ്ട്…നല്ലോണം പഠിക്കുമായിരുന്നു..അതാണ് നിവൃത്തികേടുണ്ടായിട്ടും അവന്റെ ആഗ്രഹം പോലെ എഞ്ചിനീയറിങ്ങിനു ചേർത്തത്..

അന്നൊക്കെ പാവമായിരുന്നു എന്റെ മോൻ..എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞു ചേർന്നു നിൽക്കുന്നവൻ..അവന്റെ ആവശ്യങ്ങൾ മറച്ചു വെക്കുന്നവൻ..എല്ലാരും പറഞ്ഞു അവനെനിക്ക് തുണയാവുമെന്ന്..എന്റെ കഷ്ടപ്പാടുകൾക്ക് അറുതിയുണ്ടാവുമെന്ന്..പക്ഷെ…”

അവരുടെ മിഴികൾ പിടഞ്ഞു..

“പക്ഷെ..രണ്ടാം വർഷമായപ്പോഴാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്…ഞാനറിഞ്ഞില്ല..അവന്റെ ആഹാരത്തിനും പഠിത്തത്തിനും വേണ്ടിയുള്ള കാശിനായി നെട്ടോട്ടത്തിലായിരുന്നല്ലോ ഞാൻ..ദിവസങ്ങൾ കഴിയവേ അവന്റെ കൈയിൽ പുതിയ ഫോണും വില കൂടിയ ഷൂവും വസ്ത്രങ്ങളുമൊക്കെ കണ്ടു തുടങ്ങി..ചോദിക്കുമ്പോൾ അവൻ ഓരോന്ന് പറഞ്ഞെന്നെ വിശ്വസിപ്പിക്കും..അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു വളരുന്നവനല്ലേ..വഴി തെറ്റുമെന്ന് വിശ്വസിക്കാൻ തോന്നിയില്ല..പുതിയ കൂട്ടുകെട്ടുകൾ..പണം..ഒരു നാൾ മ ദ്യപിച്ചെത്തിയ അവനെ ഞാൻ ചോദ്യം ചെയ്തു..ഹൃദയം പൊട്ടി കരഞ്ഞ എന്നോടവൻ സത്യം ചെയ്തു. ഇനി ആവർത്തിക്കില്ലെന്ന്..പക്ഷെ വാക്ക് പാലിക്കാൻ കഴിയാത്ത വണ്ണം ആഴത്തിലേക്ക് അവൻ വീണുപോയിരുന്നു..എന്റെ കണ്ണീർ മനസ്സിനെ സ്പർശിക്കാത്ത വിധം അവന്റെ സ്വഭാവം മാറിപ്പോയി..പക്ഷെ..”

അവർ കിതയ്ക്കുന്നുണ്ടായിരുന്നു…

“അമ്മയുടെ ജീവിതത്തെ പറ്റി അറിയാമായിരുന്ന അവൻ പെണ്ണിന്റെ മാനത്തെ പി ച്ചിചീ ന്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..എന്തൊക്കെ ദുസ്വഭാവങ്ങൾ ഉണ്ടായാലും ഇത്‌ മാത്രം ഞാൻ പ്രതീക്ഷിച്ചില്ല..അന്ന് ആ സന്ധ്യയിൽ മോള് എന്റെ മുന്നിൽ വരുന്നത് വരെ…”

അവർ വിദ്യയെ നോക്കി..കിരൺ ഒന്നും മനസ്സിലാവാതെ രണ്ടുപേരെയും മാറി മാറി നോക്കി..

വിദ്യയും ആ ഓർമ്മകളിലായിരുന്നു..ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിനങ്ങൾ…അവൾ..

വിദ്യയുടെ മിഴികൾ നിറഞ്ഞു..

ദിവ്യ..തന്റെ ഇരട്ട സഹോദരി..ഒരു മനസ്സായി നടന്നവൾ..പെട്ടെന്നൊരു നാളിൽ ഒന്നും പറയാതെ മരണത്തിലേക്ക് നടന്നകന്നപ്പോൾ പകച്ചു നിന്നു പോയി..പിന്നീടാണ് ഇന്റർനെറ്റിൽ വൈറലായ വീഡിയോ ക്ലിപ്പ്സുകളെപ്പറ്റി അറിഞ്ഞത്…അച്ഛനും അമ്മയും..തകർന്നടിഞ്ഞ തന്റെ കുടുംബം…ഹോസ്റ്റലിലെ ബാത്‌റൂമിൽ ഒളിക്യാമറ വെച്ചെടുത്ത വിഡിയോ കാണിച്ചായിരുന്നു അവനവളെ ഭീഷണിപ്പെടുത്തിയത്…അവന് വഴങ്ങിയതിനു ശേഷമായിരുന്നു അവൾ താൻ അകപ്പെട്ട കുരുക്കിനെ പറ്റി പൂർണ്ണമായും മനസ്സിലാക്കിയത്..അതൊരു സംഘമായിരുന്നു..ബുദ്ധിപൂർവം കരുക്കൾ നീക്കുന്ന പെൺവാ ണി ഭ സംഘം…ആരോടും ഒന്നും പറയാതെ ദിവ്യ യാത്രയായി..പകയുടെ കത്തുന്ന കനലുകൾ തന്റെ മനസ്സിൽ ഒളിപ്പിച്ചു കൊണ്ടു…

അവന്റെ അമ്മയെ കാണണമെന്ന് തോന്നി..അവനെപ്പോലൊരു നീചജന്മത്തിനെ ഈ ഭൂമിയിലെത്തിച്ച അവരോടും പകയായിരുന്നു..അന്ന് ആ സന്ധ്യയിൽ അവരെ തേടിയെത്തിയതും അത് മനസ്സിൽ വെച്ചാണ്..മകനെ പറ്റി വിളിച്ചു പറഞ്ഞപ്പോൾ അവരുടെ മുഖത്തുണ്ടായ ഭാവം ഇന്നും ഓർമ്മയുണ്ട്..കേട്ടതൊന്നും വിശ്വസിക്കാനാവാതെ ആ മഴയിൽ മുറ്റത്തേക്ക് തളർന്നിരുന്നു പോയ അവരോട് തെല്ലും സഹതാപം തോന്നിയില്ല..വിതച്ചത് വിഷവിത്താണെന്ന് തിരിച്ചറിഞ്ഞാൽ പറിച്ചു മാറ്റണമെന്ന് ഒട്ടും ദയയില്ലാതെ വിളിച്ചു പറഞ്ഞാണ് അന്ന് തിരിച്ചു പോയത്…

അവർക്കിടയിൽ വീണ്ടും മൗനം കനത്തു..ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നെങ്കിലും കിരൺ ചോദിച്ചില്ല..

രോഹിണിയുടെ മനസ്സിൽ ആ രാത്രിയായിരുന്നു..

വിദ്യ വന്നുപോയതിൽ പിന്നെ ആകെ തകർന്നു പോയിരുന്നു…ചുട്ട് നീറുകയായിരുന്നു ഉള്ളം..

പെണ്ണിന്റെ മാനം ജീവന് തുല്യമാണ്..അത് നശിപ്പിച്ചവന്റെ ജീവൻ തന്നെയാണ് എടുക്കേണ്ടത്..തെല്ലും സംശയമില്ലായിരുന്നു..പറിച്ചു മാറ്റാൻ തന്നെയായിരുന്നു തീരുമാനം..അവന് വേണ്ടി ആ വിഷം കരുതി വെയ്ക്കുമ്പോൾ ഒട്ടും ചാഞ്ചല്യമില്ലായിരുന്നു മനസ്സിന്..പക്ഷെ തന്റെ പദ്ധതികൾ തകർത്തു കൊണ്ടു അന്നവൻ വീട്ടിൽ വന്നില്ല…പിന്നെയും രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ക്ഷമ കെട്ടിരുന്നു..അതുകൊണ്ടാണ് ആ രാത്രിയിൽ അവൻ ഫോൺ എടുക്കാതിരുന്നിട്ടും തുടരെ തുടരെ പിന്നെയും വിളിച്ചത്..എന്നിട്ടും കോൾ അറ്റൻഡ് ചെയ്യപ്പെടാതിരുന്നപ്പോൾ ദേഷ്യമായിരുന്നു മനസ്സിൽ നിറഞ്ഞതും..ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞാണ് മൊബൈൽ ശബ്ദിച്ചത്..അവൻ തിരിച്ചു വിളിക്കുന്നു..

പല്ലിറുമ്മിക്കൊണ്ടാണ് കോൾ എടുത്തത്..ഹലോ പറഞ്ഞിട്ടും മറുപടിയൊന്നും ഉണ്ടായില്ല..അറിയാതെ മൊബൈൽ പ്രെസ്സ് ആയി കോൾ ആയിപ്പോയതാണെന്ന് മനസ്സിലാവുമ്പോഴേക്കും ആ ദയനീയമായ കരച്ചിൽ കാതിലെത്തിയിരുന്നു..ഒരു പെണ്ണിന്റെ കരച്ചിൽ..

അങ്ങോട്ട്‌ കിടത്തെടായെന്ന് ആക്രോശിച്ച ശബ്ദം തന്റെ മകന്റെതായിരുന്നു..ചോര നീരാക്കി ഞാൻ വളർത്തിയെടുത്ത എന്റെ മകൻ..നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞു പോയി..

ആ രാത്രി മൊബൈലും പിടിച്ചു നടന്നും ഓടിയും തളർന്നും പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും കുഴഞ്ഞു വീഴാറായിരുന്നു..കിതപ്പടങ്ങാത്ത ശബ്ദത്തിൽ അവരോട് കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു..

പോലീസിന് സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടിക്കാനായെങ്കിലും മരണത്തോട് മല്ലിട്ട ആ പെൺകുട്ടി രണ്ടാം നാൾ ഹോസ്പിറ്റലിൽ വെച്ച് മരിച്ചു…

“ഞാനൊരു പരാജയപ്പെട്ട അമ്മയായി പോയി..എന്റെ മകനെ വളർത്തിയതിൽ മാത്രമല്ല..ഞാൻ അവന് ജന്മം നൽകിയത് കൊണ്ടല്ലെ ആ പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായത്…”

അവരുടെ മുഖത്ത് ആത്മനിന്ദയോടെയുള്ളൊരു ചിരി തെളിഞ്ഞു..

തിരികെ പുറത്തേക്ക് നടക്കുമ്പോൾ കിരണൊന്ന് തിരിഞ്ഞു..അവരെ ചേർത്ത് പിടിച്ചു..

“അമ്മയോളം നല്ലൊരു അമ്മയെ ഞാൻ വേറെ കണ്ടിട്ടില്ല..മക്കൾ എന്ത് തെറ്റ്‌ ചെയ്താലും അതിനെ ന്യായീകരിക്കുകയും ആ തെറ്റ്‌ മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കുകയുമാണ് മിക്കവരും ചെയ്യാറുള്ളത്…പക്ഷെ അമ്മ…അമ്മ ഒരിക്കലും തോൽക്കില്ല..”

ഇടവഴിയിലേക്കിറങ്ങുമ്പോൾ അവരൊന്നു തിരിഞ്ഞു നോക്കി..രോഹിണിയുടെ കണ്ണുകളിൽ നീർത്തുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു..വഴിപി ഴച്ചു പോയവനെങ്കിലും തന്റെ മകനെയോർത്താവാം…

വർഷങ്ങൾക്കിപ്പുറം വിദ്യ ആ മുറ്റത്തേയ്ക്ക് കയറിച്ചെല്ലുമ്പോൾ പല പ്രായത്തിലുള്ള കുരുന്നുകൾ അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ അവരുടെ അമ്മയുടെ മുഖത്ത് ഒരു നനുത്ത പുഞ്ചിരി തെളിഞ്ഞിരുന്നു..

വർഷങ്ങൾക്ക് മുൻപേ ജയിലിൽ വെച്ച് ആ ത്മഹത്യ ചെയ്ത മകനെ അവർ ഓർക്കുന്നുണ്ടാവുമോ..? ഉണ്ടായിരിക്കും..അവർ അമ്മയാണല്ലോ…

~സൂര്യകാന്തി ?(ജിഷ രഹീഷ് )