എഴുത്ത്: സൽമാൻ സാലി
===========
ഇന്ന് ഉപ്പ തിരിച്ചുപോകുകയാണ്. കഴിഞ്ഞ അഞ്ചു മാസമായി കൊതിക്കുന്നു ആ മനുഷ്യനെ ഒന്ന് കെട്ടിപിടിച്ചു കവിളിലൊരുമ്മ കൊടുക്കാൻ…
പലപ്പോഴും പെങ്ങൾ സോഫയിൽ ഇരുന്നു ഉപ്പയുടെ മടിയിൽ തലവെച്ചു കിടന്നപ്പോൾ ആലോചിച്ചതാണ് അവളെ വലിച്ചിട്ടു ആ മടിയിൽ ഒന്ന് തലവെച്ചു കിടക്കാൻ..എന്തോ എന്റെ മനസ്സ് അനുവദിചില്ല. പെങ്ങളുടെ മുടിയിൽ തലോടിക്കൊണ്ട് സോഫയിൽ ഇരിക്കുന്ന ആ മനുഷ്യനെ നോക്കി മനസ്സ് മന്ത്രിച്ചിരുന്നു എന്നെയും ആ മടിയിലിരുത്തി കൂടെ എന്ന്..
“നീ വലുതായില്ലെടാ എന്ന മനസിന്റെ മന്ത്രം എന്നെ തടഞ്ഞു നിർത്തി… “
പെങ്ങൾ വരുന്നത് വരെ എനിക്കായിരുന്നു ഉപ്പാന്റെ ബൈക്കിലെ മുന്നിൽ സ്ഥാനം…എവിടെ പോകുമ്പോളും ബൈക്കിന്റെ മുന്നിലിരുത്തിക്കൊണ്ടുപോയിരുന്ന എന്നെ അവൾ വന്നപ്പോൾ ബൈക്കിന്റെ പിന്നിലാക്കി…പിന്നെ പിന്നെ എല്ലാത്തിലും അവൾ മുന്നിലും ഞാൻ പിന്നിലുമാവാൻ തുടങ്ങി….
ഇന്ന് അത് ചെയ്തില്ലെങ്കിൽ അടുത്ത രണ്ടു വർഷത്തേക്ക് കാണാൻ പോലും കഴിയില്ല. ഫോണിലൂടെ ഉള്ള സംസാരം മാത്രം..ഏതായാലും ഇറങ്ങാൻ നേരം യാത്ര ചോദിക്കുമ്പോൾ ഒന്ന് കെട്ടിപിടിക്കണം ആ കവിളിൽ ഒരുമ്മ കൊടുക്കണം…
കോഴിവടയും..ഇറച്ചി വരട്ടിയതും ഉണ്ണിയപ്പവും എല്ലാം പെട്ടിയിൽ എടുത്തു വെക്കുമ്പോഴും മനസ്സിൽ ഒരു ചിന്ത മാത്രം ഉപ്പയെ ഒന്ന് കെട്ടിപിടിക്കണം. അതോർക്കുമ്പോൾ ഹൃദയമിടിപ്പ് കൂടി കൂടി വന്നു..
അസർ നിസ്ക്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും ഉസ്താദ് വന്നു.എല്ലാവരും കട്ടൻ കുടിച്ചു ഉസ്താതിന്റെ ദുആ കഴിഞ്ഞു ഉപ്പ എല്ലാവരോടും യാത്ര പറഞ്ഞു കണ്ണ് കലങ്ങിയിട്ടുണ്ട്..പെങ്ങളെ പൊക്കി എടുത്തു കവിളിൽ കുറെ ഉമ്മകൾ കൊടുത്തു. ഉസ്താതിനു കൈ കൊടുത്തു അടുത്ത എന്റെ ഊഴം കാത്തു നിന്ന എന്നോട്.. “ആ പെട്ടിഎടുത്തു വണ്ടിയിൽ വെക്കൂ” എന്ന് പറഞ്ഞപ്പോൾ ഒറ്റ നമ്പറിനു ബംമ്പർ ലോട്ടറി നഷ്ടമായത് പോലെയായി എന്റെ അവസ്ഥ…
എയർപോർട്ടിൽ എത്താൻ ഇനി കുറച്ചു ദൂരം മാത്രം ബാക്കി..മനസ്സ് വല്ലാതെ പിടക്കുന്നു..വല്ലാത്ത ഒരു സങ്കടം. ബാത്‌റൂമിൽ പോകാൻ വരെ മുട്ടുന്നു….
എയർപോർട്ടിൽ ഇറങ്ങി ട്രോളി എടുത്തു പെട്ടികൾ അതിൽ വെച്ച് ഉപ്പ വണ്ടിയിൽ നിന്നും ഇറങ്ങി പാസ്പോർട്ട് എടുത്തു പോക്കറ്റിൽ ഇട്ടു..
പോകുമ്പോൾ സൂക്ഷിച്ചു പോകണം സ്പീഡിൽ പോകരുത് എന്നോകെ ഉപദേശിച്ചു കൈ തന്നു ട്രോളി ഉന്തി അകത്തേക്ക് നടക്കുമ്പോൾ ഞാൻ ചുറ്റുമൊന്ന് നോക്കി. നിറയെ ആളുകൾ ഉണ്ട് ആളുകൾക്കിടയിൽ വെച് ഉപ്പയെ ഒന്ന് കെട്ടിപ്പിടിക്കാൻ മനസ്സ് അനുവദിക്കുന്നില്ല…
ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു..ഒരുപാട് ആളുകൾക്കിടയിൽ പുറം തിരിഞ്ഞു എയർപോർട്ടിനുള്ളിലേക്ക് നടക്കുന്ന ഉപ്പയെ മാത്രം എന്റെ കണ്ണിൽ തെളിഞ്ഞു നിന്നു…ഉപ്പാ…എന്നും വിളിച്ചു ഓടിചെന്ന് കെട്ടിപിടിച്ചുകൊണ്ട് ആ തോളിൽ മുഖമമർത്തി നിന്നു…കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… !!
തോളിൽ നിന്നും മുഖമുയർതി കവിളിൽ ഒരുമ്മ കൊടുത്തു. ഇടറിയ ശബ്ദത്തിൽ സലാം പറഞ്ഞു ഞാൻ വണ്ടിയിലേക്ക് നടന്നു..
കാറിന്റെ ഡോർ തുറന്നു കയറാൻ നോക്കുമ്പോൾ നിറഞ്ഞ കണ്ണുമായി എന്നെ തന്നെ നോക്കി ഉപ്പ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു..
കൈ പൊക്കി സലാം പറഞ്ഞപ്പോൾ ഉപ്പ ഉള്ളിലേക്ക് കയറി..ആഗ്രഹം സഫലമായ ഞാൻ വണ്ടിയുമായി വീട്ടിലേക്……… !
==========
നമ്മുടെ കൈ കാലുകൾ വളരും..മുഖത്ത് മീശയും താടിയും വരും.. പക്ഷെ മാതാപിതാക്കൾക്ക് നമ്മളെന്നും കുഞ്ഞുങ്ങൾ തന്നെ..ഇടക്ക് ഒന്ന് കെട്ടിപ്പിടിക്കാനും..കവിളിൽഒരുമ്മ കൊടുക്കാനും ആ മടിയിൽ തലവെച്ചു കിടക്കാനും സമയം കണ്ടെത്തുക….
~സൽമാൻ