ഉറച്ച കാൽവയ്പ്പുകളോടെ ഇറങ്ങി പോകുന്ന അവളെ അവൻ പുശ്ചത്തോടെ നോക്കി…

Story written by Nithya Prasanth

==========

തെറ്റ് എന്റേതാണ്….സമ്മതിച്ചു…ഇനിയിപ്പോ ഞാൻ എന്ത് ചെയ്യണം??? അവൻ പരിഹാസം നിറഞ്ഞ ചിരിയോടെ ചോദിച്ചു….

“താൻ പറഞ്ഞതൊക്കെ തിരിച്ചെടുക്കണം…പറ്റുവോ ???” യാതൊരു കൂസലും ഇല്ലാത്ത അവളുടെ മറുചോദ്യം

അവൻ ഒരുനിമിഷം നിശബ്ദൻ ആയി നിന്നു..

“അതിനി നടപ്പില്ലല്ലോ….”

“എന്നാൽ ഞാൻ പോകുന്നു…വേറൊന്നും എനിക്ക് വേണ്ട…”

ഉറച്ച കാൽവയ്പ്പുകളോടെ ഇറങ്ങി പോകുന്ന അവളെ അവൻ പുശ്ചത്തോടെ നോക്കി….

സിറ്റിയിലെ അത്യാവശ്യം തിരക്കുള്ള ടെക്സ്റ്റയിൽ ഷോപ്പ്…തിരക്കുള്ള സമയം…കാഴ്ചയിലും വസ്ത്രധാരണത്തിലും ആഡ്യത്വം വിളിച്ചോതുന്ന കസ്റ്റമേഴ്സ്…..

ഡ്രസുകൾ സെലക്ട്‌ ചെയ്യുന്നതിനിടയിൽ സെയിൽസ്മാനോട് തർക്കിക്കുന്നത് കണ്ടാണ്  ഷോപ്പിന്റെ ഓണർ ആയ അവൻ ആ പെൺകുട്ടിയോട് ദേഷ്യപ്പെട്ടു സംസാരിച്ചത്….

നിറം മങ്ങിയ ഒരു കോട്ടൺ ചുരിദാർ ആണ് വേഷം…അവൾ തിരിച്ചു പറഞ്ഞപ്പോൾ ഇഷ്ടമായില്ല…പുശ്ചിച്ചു സംസാരിച്ചു…അങ്ങനെ എങ്കിലും ഒന്ന് മിണ്ടാതിരിക്കട്ടെ എന്ന് കരുതി…പിന്നീട് ആണ് മനസിലായത് സെയിൽസ്മാൻന്റെ ഭാഗത്തു ആയിരുന്നു മിസ്റ്റേക്ക് എന്ന്….

ആരുടെയും മുന്നിൽ താൻ അത്ര താഴ്ന്ന് കൊടുക്കാറില്ല…അതിപ്പോ സ്വന്തം തെറ്റാണെങ്കിൽ പോലും…തെറ്റ് സമ്മതിച്ചു എന്ന് പറഞ്ഞത് തന്നെ പരിഹാസച്ചുവയോടെ ആയിരുന്നു…അതിനു അവൾ തന്നെ തിരിച്ചു പരിഹസിച്ചു ഇറങ്ങി പോയി…

ഒരാഴ്ച കഴിഞ്ഞു കാർ ചെറിയൊരു ആക്‌സിഡന്റിൽ ഇൻഷുറൻസ് ക്ലെമിനായി വർക്ക്‌ ഷോപ്പിൽ കയറ്റിയത് കൊണ്ട് യാത്ര ട്രെയിനിൽ ആക്കേണ്ടി വന്നു…അങ്ങിനെ ആണ് വീണ്ടും അവളെ കാണുന്നത്….

മുഖത്തേക്ക് നോക്കാൻ ഒരു ജാള്യത തോന്നി…..

പെട്ടന്ന് എന്നെ കണ്ടു…ചെറിയൊരു പുഞ്ചിരി നൽകി…ഞാനും ഒരു ചമ്മലോടെ ചിരിച്ചു…അധികം മോടിയൊന്നുമില്ലാത്ത വേഷവിധാനം…മിതമായ മെയ്ക്കപ്പ്…എന്നിട്ടും വളരെ സുന്ദരി….

സാദാ പ്രസ്സന്നമായ മുഖഭാവം…ചുണ്ടിലെപ്പോഴും മായാതെ ഒരു ചെറു പുഞ്ചിരി….കാണുമ്പോൾ തന്നെ എന്തോ ഒരു പോസിറ്റീവ് എനർജി സ്പ്രെഡ് ചെയ്യുന്ന ഫീലിംഗ്…..

തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവണം ഇങ്ങോട്ട് വന്നു സംസാരിച്ചു തുടങ്ങിയത്…..

“ഹായ്…എന്തൊക്കെയുണ്ട്……”

“മമ്….അങ്ങനെ പോകുന്നു “

ചെറിയ വിശേഷങ്ങൾ ചോദിച്ചു കൂട്ടത്തിൽ പറഞ്ഞു….

“വില കൂടി ഡ്രസ്സ്‌ ഉപയോഗിച്ചാൽ മാത്രമേ നമ്മെ ബഹുമാനിക്കു എന്നുണ്ടോ…എന്റെ ഡ്രസ്സ്‌ ന്റെ വില നോക്കി എന്നെ ബഹുമാനിക്കുന്നവരുടെ ബഹുമാനം എനിക്ക് വേണ്ട….”

“നിങ്ങളെ പോലുള്ളവരാണ് സാധരണക്കാർക്ക് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത്…നമുക്ക് ഇഷ്ടം ഉണ്ടെങ്കിൽ…ആവശ്യം ആണെങ്കിൽ വാങ്ങാം….അല്ലാതെ സ്റ്റാറ്റസ് കൂട്ടാൻ വേണ്ടി ഓരോന്ന് വാങ്ങി കൂട്ടുന്നത് എന്തിനാണ്…?.”

മറുപടി ഒന്നും പറയാനില്ലായിരുന്നു…

“ഞങ്ങൾക്കും ജീവിക്കേണ്ടേ???” അങ്ങിനെ പറഞ്ഞു ഒഴിഞ്ഞു….

പിന്നെ ദിവസവും അവളെ കാണാറുണ്ട്…അതേ ട്രെയിനിൽ…ഒന്ന് ചിരിക്കും…എന്തോ ഒരു ബഹുമാനം ഒക്കെ തോന്നി പിന്നീട് അവളോട്…പിന്നെ പരിചയപെട്ടു…….

“ഐ സ്പെഷ്യലിസ്റ്റ് ആണ്…..മെഡിക്കൽ കോളേജിൽ വർക്ക്‌ ചെയ്യുന്നു…”

പിന്നീട് ഏകദേശം ഒരു മണിക്കൂറോളം നീളുന്ന യാത്രകളിൽ വിരസത ഒഴിവായത് അവളുടെ യാത്രാവിവരണങ്ങളിലൂടെയാണ്…ഒരു കേൾവിക്കാരൻ മാത്രമാണ് ഞാൻ….

കാടും മലയും പുഴയും താണ്ടി ഇന്ത്യയിലെ വിവിധ ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രകളുടെ വിശേഷങ്ങൾ….കൂടുതലും സാധാരണക്കാരായ ആളുകളുടെ ജീവിതം തൊട്ടറിഞ്ഞുള്ള യാത്രകൾ…

ഒരു ചാരിറ്റിറ്റബിൾ ട്രസ്റ്റ്‌നു വേണ്ടി വർക്ക്‌ ചെയ്യുന്നത് കൊണ്ട് അതിന്റെ ഭാഗമായുള്ള ഫ്രീ ഐ ചെക്ക്അപ്പ്‌ ക്യാമ്പിന് വേണ്ടിയുള്ള യാത്രകൾ…ശമ്പളം ഇല്ലാതെയുള്ള ജോലികൾ….ഓർഫനെജിലെ താമസം…

രാജ്യത്തിലെ വിവിധ ഗ്രാമങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ ഇതൊക്ക അടുത്തറിയാനുള്ള യാത്രകൾ ആണ് അധികവും നടത്തിയിട്ടുള്ളത്……

അവൻ അത്ഭുതത്തോടെ എല്ലാം കേട്ടിരിക്കും…ഒരു പെൺകുട്ടി തനിച്ചും അല്ലാതെയും ഇത്രയും ദൂരയാത്രകൾ….

അവളുടെ സംസാരത്തിൽ ഞാൻ പലതും ഓർത്തു…ഞാൻ എന്നിലേക്ക് തന്നെ ഒരു ഓട്ടപ്രദിക്ഷണം നടത്തി…

ലാഭത്തിന്റെയും നഷ്ടത്തിന്റെയും അവസാനിക്കാത്ത കണക്കെടുപ്പുകൾക്കിടയിൽ പണത്തിനു പിന്നാലെ ഉള്ള എന്റെ പാച്ചിലുകൾക്കിടയിൽ  എനിക്കു നഷ്മായ സന്തോഷവും സമാധാനവും….എന്നോ മറന്നു പോയ ആ പഴയ ഞാൻ….ബാല്യത്തിലെവിടെയോ മറന്നു വച്ച പുഞ്ചിരി….ഇതെല്ലാം അവളിൽ കണ്ടു…..

വരുമാനം കൂടുന്നതിനനുസരിച്ചു ജീവിത നിലവാരം കൂട്ടാൻ വെമ്പൽ കൊള്ളുമ്പോൾ പിന്നെയും സമ്പാദ്യത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ഞാൻ മറക്കുന്നത് ജീവിക്കാൻ തന്നെയാണ്..നഷ്ടപെടുന്നത് എന്റെ നല്ല നിമിഷങ്ങൾ ആണ്…സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾ ആണ്…ചുറ്റുമുള്ളവരെ ഒന്ന് ചേർത്തു പിടിക്കാനാണ്….

സാധാരണക്കാരുടെ ജീവിതം ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ല….അവരോടൊത്തു സമയം ചിലവഴിക്കാൻ താല്പര്യപ്പെട്ടിട്ടില്ല…

കുട്ടിക്കാലത്തെ സമ്പത്തിന്റ ഏതാണ്ട് ഇരട്ടി ഇന്നുണ്ട്…എന്നാൽ അന്ന് അനുഭവിച്ചിരുന്ന സന്തോഷമോ സമാധാനമോ ഇന്നില്ല….

പണത്തിനു പിറകെയുള്ള പാച്ചിലിനിടയിൽ വീണുകിടക്കുന്നവരെ ഒന്ന് തിരിഞ്ഞു നോക്കാനോ അവരുടെ വിഷമങ്ങൾ അറിയാനോ ഒരു കൈത്താങ്ങാവാനോ ശ്രമിച്ചിട്ടില്ല…ചുറ്റുമുള്ളവരിലും വേണ്ടപ്പെട്ടവരിലുമൊക്കെ നിസ്സഹായതയും സഹായഭ്യർഥനയും നിറഞ്ഞ കണ്ണുകൾ കണ്ടിട്ടുണ്ട്…പക്ഷെ കണ്ടില്ലെന്നു നടിച്ചതാണ്…

കാറു പണികഴിഞ്ഞു കിട്ടിയിട്ടും യാത്ര ട്രെയിനിൽ തന്നെയാക്കി..

കുറച്ചു ദിവസങ്ങളിൽ അവൾ ഇല്ലായിരുന്നു….ആകെ ഒരു ഏകാന്തത…അവളുമായി ചിലവിടുന്ന കുറച്ചു സമയങ്ങൾ ആയിരുന്നോ എന്റെ ഒരു ദിവസം മുഴുവൻ ഹാപ്പിനെസ്സ് നിറച്ചിരുന്നത്??….

പിന്നെ വന്നത് ബോധിഗയയിൽ പോയ വിശേഷങ്ങൾ പങ്കു വച്ചായിരുന്നു..മിണ്ടാതെ പോയതിന്റെ പരിഭവം ഉണ്ടായിരുന്നു എനിക്ക്..

“ഫോൺ നമ്പർ തരാമോ??” ഒരുദിവസം ചോദിച്ചു

“എന്തിനാ???”

“വെറുതെ…”

എനിക്ക് അവളോടുള്ള ക്രഷ് മനസിലാക്കിയിട്ടാവണം ഇങ്ങനെ പറഞ്ഞത്..

“സാമ്പത്തികം കുറഞ്ഞ വീട്ടിലെ സുന്ദരികളായ പെൺകുട്ടികളെ സ്നേഹിക്കുന്നത് കഥയിലും സിനിമയിലും സീരിയലിലും ഒക്കെയേ കാണൂ…ചുറ്റുപാടും കേൾക്കുന്നതോ കുറെ സ്വർണവും പണവും വാങ്ങി ഭർത്തുവീട്ടിലെ പീ ഡനവും……”

“സാമ്പത്തികം…എനിക്ക് അറിയില്ല…ഈ സുന്ദരി ആയ പെൺകുട്ടി ഏതാ??”

കളിയായുള്ള അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചുകൊണ്ട് നോക്കി…

“തമാശ ആണല്ലേ??…”

“അല്ല..സീരിയസായിട്ടാണ്….” ഞാൻ പറഞ്ഞു

“ഞാൻ എന്നെത്തന്നെ  ഒന്ന് പൊക്കിപറഞ്ഞു…പ്രോബ്ലം ഇല്ലല്ലോ…” അവൾ പുരികകൊടികൾ ഉയർത്തി ചോദിച്ചു…

“ഇല്ല…എന്നാലും തള്ളുമ്പോൾ ഒന്ന് മയത്തിൽ അയാൽ കൊള്ളാം…”

“ഉത്തരവ്……” പൊട്ടിച്ചിരിച്ചുകൊണ്ട്  അവൾ പറഞ്ഞു…

“ഞാൻ ഫോൺ അധികം യൂസ് ചെയ്യാറില്ല….വാട്സ്ആപ്പ് ഇടയ്ക്കെ നോക്കു…ഏതെങ്കിലും മൂലയിൽ ആണ് എന്റെ ഫോണിന്റെ സ്ഥാനം…അതിനൊന്നും സമയമില്ല..” അവൾ കൂട്ടിച്ചേർത്തു…

“താനൊരു പ്രസ്ഥാനം ആണ്…..”

“ഞാൻ പ്രസ്ഥാനവും യൂണിവേഴ്സിറ്റിയും ഒന്നും അല്ല…തള്ളുമ്പോൾ ഒന്ന് മയത്തിൽ വേണമെന്ന് എന്ന് കുറച്ചു മുൻപ് ആരോ പറയുന്നകേട്ടു ….”

“ഞാനൊന്നും പറയുന്നില്ലേ….” കൈകൂപ്പി കൊണ്ട് പറഞ്ഞു…

“ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??”

“ഉണ്ടോന്നോ….ഒരുപാട്……” അവന്റ മുഖം മങ്ങിയോ???ബാക്കി കേട്ടപ്പോഴാണ് ആശ്വാസം ആയത്…

“കാറ്റിനോട് കടലിനോട്….യാത്രകളോട് ഒക്കെ അടങ്ങാത്ത പ്രണയം ആണ്”

ഒരു ചെറു ചിരിയോടെ കേട്ടിരുന്നു….

“അതല്ല….വേറെ….ആളുകളോട് പ്രണയം ഉണ്ടായിട്ടുണ്ടോ????”

“ആ പ്രണയം താല്പര്യം ഇല്ല…അത് ബന്ധനം അല്ലെ…എനിക്കിങ്ങനെ ഒരു ബട്ടർഫ്‌ളൈയെ പോലെ പാറി പറന്നു നടക്കണം…കെട്ടുപാടുകൾ ഒന്നും വേണ്ട….. “

“മഹാരാഷ്ടയിൽ ഒരു ക്യാമ്പ് ഉണ്ട്…വേൾഡ്സ് ലാർജ്സ്റ്റ് ഐ ചെക്ക്അപ്പ്‌ ക്യാമ്പ്…രണ്ടു മാസം ഉണ്ടാവും…പിന്നെ ഓപ്പറേഷൻ ഉള്ളവർക്ക് അതും…ഞാൻ സെലക്റ്റഡ് ആയിട്ടുണ്ട്…ഉടനെ പോകണം “

“ഇനിയെന്നാ തിരിച്ചു വരവ്….??”

“ആറു മാസം കഴിയും “

“അപ്പോൾ വീണ്ടും കാണാം അല്ലെ….?”

“തീർച്ചയായും…നമുക്കിനിയും കാണാം…ഭൂമി ഉരുണ്ടതല്ലേ…ഇവിടെ അല്ലെങ്കിൽ വേറെ എവിടേലും വച്ചു കാണാം…”

ആ തമാശ എനിക്ക് ആസ്വദിക്കാനായില്ല…വീണ്ടും കണ്ടുമുട്ടിയില്ലെങ്കിലോ എന്ന ഭയം

“വന്നിട്ട് വേണം കശ്മീർ തഴ്വാരങ്ങളിലൂടെ ഒരു യാത്ര പോകാൻ ….” അവൾ പറഞ്ഞു..

“ഞാനും വരാം….”

“എന്താ ഉദ്ദേശം…ചിറകൊടിച്ചു കൂട്ടിലിടാനാണോ??” ആ ചോദ്യം എന്റെ നെഞ്ചിലാണ് കൊണ്ടത്

“അല്ല…ഒരുമിച്ചു പറന്നുയരാൻ…ഒരുമിച്ചു ലോകം ചുറ്റാൻ….ഇനിയുള്ള കാഴ്ചകൾ നമുക്ക് ഒരുമിച്ചു കാണാം….”

അതിനു മറുപടി പറഞ്ഞില്ലെങ്കിലും ആ കണ്ണുകളിലെ സ്നേഹവും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും പറയുന്നുണ്ടായിരുന്നു…സമ്മതം…നൂറുവട്ടം സമ്മതം…..

ഇനി ആറുമാസം…ഞാൻ കാത്തിരിക്കുകയാണ്. പുതിയവിശേഷങ്ങൾക്കു കാതോർക്കാൻ…..ഇനിയുമൊരു വസന്തത്തെ വരവേൽക്കാൻ….ഒരുമിച്ചുള്ള പുതിയ തുടക്കങ്ങൾക്കായി…ഭംഗി ചോർന്നുപോകാതിരിക്കാനായി ഞാനിതാരോടും പറയുന്നില്ല….

സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്.