കനവ് പോലെ (ഭാഗം 02)
എഴുത്ത്: കർണൻ സൂര്യപുത്രൻ
==========
കുറച്ചു നാൾ കൊണ്ട് തന്നെ പാർവതി ഹരിതയുമായി അടുത്തു…ജോലി കഴിഞ്ഞ് വന്നതിനു ശേഷം രാത്രി വരെ ഹരിത പാർവതിക്ക് കൂട്ടിരിക്കും..വാസുദേവനും പ്രസാദും കടയിൽ നിന്നു വരാൻ വൈകാറുണ്ട്…പകൽ മുഴുവൻ അവൾ ഓരോ ജോലികൾ ചെയ്തോ , ഹരിതയുടെ വീട്ടിൽ പോയി ശാരദയെ സഹായിച്ചോ നേരം കൂട്ടും…
രണ്ടു പുരുഷൻമാർ മാത്രം താമസിച്ചിരുന്ന ആ വീട്ടിൽ ഒരു വെളിച്ചം വന്നത് പോലെ വാസുദേവന് അനുഭവപ്പെട്ടു…
ഒരുദിവസം….
വാസുദേവൻ കടയുടെ ആവശ്യത്തിനായി കുറച്ചു ദൂരം പോയിരിക്കുകയാണ്..പ്രസാദ് വീട്ടിൽ ഉണ്ട്…റൂമിൽ ഇരുന്ന് കണക്കുകൾ നോക്കുകയാണ്..ഒരു കാൽപെരുമാറ്റം കേട്ട് അവൻ തല ഉയർത്തി നോക്കി..പാർവതി നിന്നു പരുങ്ങുന്നു…
“എന്താ? എന്ത് വേണം?”… പരുഷമായ സ്വരത്തിൽ അവൻ ചോദിച്ചു..
“ഒരു നൂറു രൂപ തരാമോ?”
“എന്തിനാ…?”
“എനിക്ക് ഒന്ന് കടയിൽ പോണം…ഒരു സാധനം വാങ്ങാനാ..”
“എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി..ഞാൻ വരുമ്പോൾ വാങ്ങിച്ചോളാം..നിന്നെ തനിച്ചു വിട്ടിട്ടു വേണം അച്ഛൻ എന്നെ വഴക്ക് പറയാൻ…”
“സാരമില്ല…കട ഇവിടെ അടുത്തല്ലേ..ഞാൻ വേഗം പോയി വരാം…”
“വേണ്ടെന്ന് പറഞ്ഞില്ലേ?? എല്ലാം സ്വന്തം ഇഷ്ടത്തിന് തന്നെ ചെയ്യണോ??പറഞ്ഞിട്ട് കാര്യമില്ല..ആ ത ള്ളയുടെ അല്ലേ മോള്..”
അവൾ തല കുനിച്ച് തിരിച്ചു നടന്നു..കുറച്ചു സമയം ആലോചിച്ച ശേഷം പ്രസാദ് ബൈക്കിന്റെ താക്കോലും പേഴ്സും എടുത്ത് പുറത്തേക്ക് വന്നു..അവൾ വരാന്തയിൽ ഇരിക്കുന്നുണ്ട്…
“വാ, ഇനി ഇതിന്റെ പേരിൽ അച്ഛന്റെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യ…”
രണ്ടു കിലോമീറ്റർ അപ്പുറമാണ് കട…അവൾ ഇറങ്ങി കടയിലേക്ക് നടക്കുന്നതും കടക്കാരനോട് എന്തോ പറയുന്നതും പ്രസാദ് നോക്കി നിന്നു..അയാൾ മുകളിലെ തട്ടിൽ നിന്നും കൈ എത്തിച്ച് സാനിട്ടറി നാ പ്കിൻ എടുക്കുന്നത് കണ്ടതോടെ അവന്റെ മനസ്സിൽ വല്ലാത്തൊരു കുറ്റബോധം നിറഞ്ഞു….അവൻ ബൈക്കിൽ നിന്നിറങ്ങി കടക്കാരന് കാശു കൊടുത്തു…പാർവതി തല കുനിച്ചു തന്നെ നില്കുകയാണ്….
“പോകാം..” പരമാവധി സൗമ്യത വരുത്തി അവൻ പറഞ്ഞു, അവൾ ഒന്നും മിണ്ടാതെ ബൈക്കിൽ കയറി….
*************
“നിങ്ങളൊരു മനുഷ്യനാണോ?” വിവരമറിഞ്ഞ് ഹരിത പൊട്ടിത്തെറിച്ചു..
“എടീ..ഞാനെങ്ങനറിയാനാ… “
“ഓ…പിന്നേ..അറിഞ്ഞിരുന്നേൽ ഇയാളങ്ങ് ഒ ലത്തിയേനെ..ആ പെണ്ണ് ഒരു മലമൂട്ടിൽ അതിന്റെ അമ്മയുടെ കീഴിൽ വളർന്നവളാ..വല്യ പരിഷ്കാരി ഒന്നുമല്ല….ആരോടും അടുത്ത് ഇടപഴകി ശീലവുമില്ല…ഇങ്ങനത്തെ കാര്യം ഒരാണിനോട്…അതും സ്വന്തം ചേട്ടനോട് പറയാനുള്ള മടി അതിനുണ്ടാകും…100രൂപ അല്ലേ ചോദിച്ചുള്ളൂ…നിങ്ങളുടെ സ്വത്ത് എഴുതി തരാൻ പറഞ്ഞോ..ഛേ….”
പ്രസാദ് ഒന്നും മിണ്ടാതെ നില്കുകയാണ്…ദേഷ്യം വന്നാൽ ഹരിതയോട് ജയിക്കാനാവില്ല എന്നവന് അറിയാം..
“നാളെ എന്റെ കഴുത്തിൽ താലി കെട്ടേണ്ടവനായി പോയി..അല്ലേൽ തല്ലി കൊ ന്നേനെ ഞാൻ…”
“നീ ഒന്നടങ്ങ്…അതിനിപ്പോ ഒന്നും സംഭവിച്ചില്ലല്ലോ….ഞാൻ അവളേം കൂട്ടി പോയില്ലേ…?”
“ആ സമയത്ത് അവളനുഭവിച്ച സങ്കടം എന്താണെന്ന് നിങ്ങൾ ചിന്തിച്ചോ? അതിന്റെ അമ്മ ജീവനോടെ ഉണ്ടായിരിന്നെങ്കിൽ ഇങ്ങനൊരു അവസ്ഥ വരില്ലായിരുന്നു…വേണ്ട…ഇയാളിനി അവളുടെ ഒരു കാര്യത്തിലും ഇടപെടേണ്ട…അവൾക് വേണ്ടതെല്ലാം ഞാൻ കൊടുത്തോളാം….”…
ഹരിത കിതച്ചു…
“നിങ്ങളുടെ അമ്മ ചെയ്ത തെറ്റിന് ആ കുട്ടി എന്ത് പി ഴച്ചു…? നിങ്ങളനുഭവിച്ച അതേ നാണക്കേടും ചുമന്നു തന്നെയാ ഇത്രേം വയസുവരെ അവളും ജീവിച്ചത്…നിങ്ങൾക്ക് ഒന്നുമില്ലേലും അച്ഛൻ ഉണ്ടായിരുന്നു…അവൾക്കോ?? രോഗിയായ അമ്മയെയും കൊണ്ട് അവളനുഭവിച്ച കഷ്ടപ്പാടിന്റെ ഒരു ശതമാനം പോലും നിങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല…അതൊക്കെ മനസിലാക്കിയതോണ്ടാ വാസുവേട്ടൻ ആ കുട്ടിയെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നേ…ഇതൊക്കെ തിരിച്ചറിയണമെങ്കിൽ കുറച്ച് മനുഷ്യത്വം വേണം….”
ഹരിത അകത്തേക്ക് നടന്നു…
“ഇനി മേലാൽ ആ പെണ്ണിനെ ഒരു നോട്ടം കൊണ്ടുപോലും നോവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ അന്ന് നിങ്ങളെന്റെ തനി സ്വഭാവം കാണും…”
പ്രസാദ് അമ്പരന്ന് നില്കുകയാണ്…ഇത്രേം പറയാൻ മാത്രം എന്ത് തെറ്റ് ചെയ്തെന്ന് അവനു മനസിലായില്ല…
രാത്രി 10 മണി…പാർവതി വാസുദേവനെയും നോക്കി നില്കുകയാണ്…പ്രസാദ് അവളുടെ അടുത്തേക്ക് ചെന്നു. അവനെ കണ്ടതും അവൾ ഭയത്തോടെ എണീറ്റു…
“അച്ഛൻ നാളെ ഉച്ചയ്ക്കേ വരൂ…”
അവൾ തലയാട്ടി..
“നീ വല്ലതും കഴിച്ചോ?”
“ഇല്ല..”
“എന്നാൽ പോയി കഴിച്ചിട്ട് കിടന്നോ..”
“ഉം “
“ആ പിന്നേ…ഇനി എന്തേലും ആവശ്യമുണ്ടെങ്കിൽ കാശ് ചോദിക്കാൻ നിൽക്കണ്ട…എന്റെ അലമാരയിൽ ഒരു ബ്ലാക്ക് പേഴ്സ് ഉണ്ട്..അതിൽ നിന്ന് എടുത്തോ..”
അവൻ മുറിയിലേക്ക് കയറി പോകുന്നത് നിറ കണ്ണുകളോടെ അവൾ നോക്കി നിന്നു.
*************
പിറ്റേ ദിവസം സന്ധ്യക്ക് ആണ് വാസുദേവൻ വന്നത്..ഉമ്മറത്ത് പാർവതി മുഖം കനപ്പിച്ചു ഇരിപ്പുണ്ട്…
“എന്താ ഇത്ര ഗൗരവം?”….ചിരിയോടെ വാസുദേവൻ ചോദിച്ചു…
“എന്നോട് മിണ്ടണ്ട…ഇന്നലെ വരില്ലാന്ന് ഒരു വാക്ക് പറയാൻ തോന്നിയില്ലല്ലോ…”
“പെട്ടന്ന് ചില പ്രശ്നങ്ങൾ ഉണ്ടായി…കുറച്ചു പൈസ കിട്ടാനുണ്ടായിരുന്നു..നീ വല്ലതും കഴിച്ചോ മോളേ??”
“ഇല്ല…അച്ഛനേം നോക്കി ഇരിക്കുകയായിരുന്നു…”
“എന്നാ വാ…” വാസുദേവൻ അവളുടെ തോളിൽ കൈ വച്ചു അകത്തേക്ക് നടന്നു..
രാത്രി കൈയിൽ കുറച്ച് കവറുകളുമായി അയാൾ അവളുടെ മുറിയിൽ കയറി ചെന്നു…
“ദാ…ഇതൊക്കെ നിനക്കാ..”
“എന്തായിത്?”.
“തുറന്ന് നോക്കെടീ..” അവൾ ഓരോന്നായി തുറന്നു.. കുറച്ച് ഡ്രസ്സ്, പിന്നെ ഒരു മൊബൈൽ ഫോൺ..
“എന്തിനാ അച്ഛാ വെറുതെ പൈസ കളയുന്നെ?? ഏട്ടൻ തന്ന പൈസക്ക് ഡ്രസ്സ് വാങ്ങിയിരുന്നല്ലോ…പിന്നെ ഫോൺ…എനിക്ക് വിളിക്കാൻ ആരുമില്ല…”
“രണ്ടു ദിവസം കഴിഞ്ഞാൽ വിഷു അല്ലേ…? അതിന്റെ വകയായി കൂട്ടിക്കോ..ഫോൺ അത്യാവശ്യം വേണ്ടത് തന്നെയാ. എനിക്ക് നിന്നോട് സംസാരിക്കണമെന്ന് തോന്നിയാൽ എന്ത് ചെയ്യും?”
അവൾ വാസുദേവന്റെ തോളിലേക്ക് തല ചായ്ച്ചു..
“ഞാൻ അച്ഛനോട് ഒന്ന് ചോദിച്ചോട്ടെ?”
“എന്താ മോളെ?”
“ഒരിക്കലെങ്കിലും അമ്മയെ കണ്ട് എന്തിനാ അച്ഛനെ ഉപേക്ഷിച്ചു പോയത് എന്ന് ചോദിക്കാൻ തോന്നിയില്ലേ?”
“ഇല്ല…അതാണ് സത്യം…ആദ്യമൊക്കെ ഒരു തരം മരവിപ്പായിരുന്നു…നാല് വർഷത്തെ പ്രണയം, 10 വർഷത്തെ ദാമ്പത്യം..പറക്കമുറ്റാത്ത മോൻ…ഇതൊക്കെ വിട്ട് അവൾ പോയി എന്നത് വിശ്വസിക്കാൻ പോലും പ്രയാസമായിരുന്നു..പിന്നീട് അതൊരു തരം വേദനയായി മാറി…ഒരുപാട് കരഞ്ഞു… മരിച്ചാലോ എന്ന് വരെ ചിന്തിച്ചു…പക്ഷേ മോന്റെ മുഖം കാണുമ്പോൾ അതങ്ങ് പോകും..പിന്നെ ഒരുതരം വാശി ആയിരുന്നു…ഗുജറാത്തിൽ ഒരു ടയർ കമ്പനിയിൽ ആയിരുന്നു ജോലി..ആ പരിചയം വച്ച് ഒരു ചെറിയ കട തുടങ്ങി…പിന്നെ മെല്ലെ മെല്ലെ മുന്നോട്ട് വന്നു..അങ്ങനെയാ ഇന്നത്തെ നിലയിലെത്തിയത്..തളർത്താൻ ഒരുപാട് പേര് ഉണ്ടായിരുന്നു…പക്ഷേ ഞാനന്ന് തളർന്നു പോയിരുന്നെങ്കിൽ എന്റെ മോന്റെ ജീവിതവും മാറി പോയേനെ…നിന്റെ അമ്മയോട് പ്രതികാരം ചെയ്യണം എന്നൊന്നും തോന്നിയില്ല…എന്നെയും മോനെയും വിട്ട് പോയ ആ നിമിഷം എന്നെ സംബന്ധിച്ചിടത്തോളം അവൾ മരിച്ചു….പോയതിന്റെ കാരണം ഞാനെന്തിനാ അന്വേഷിക്കുന്നെ??സ്നേഹിക്കുന്നവരെ വഞ്ചിക്കുന്ന എല്ലാവർക്കും ഒരായിരം കാരണം ഉണ്ടാകും…പിന്നെ പ്രസാദിന്റെ കാര്യം..അവനു മോളോട് ദേഷ്യമൊന്നും ഇല്ല..എല്ലാം നിന്റെ അമ്മയോടുള്ളതാണ്..സ്കൂളിൽ പഠിക്കുമ്പോൾ അവൻ കരഞ്ഞോണ്ട് വന്നിട്ടുണ്ട്…അമ്മയെ കുറിച്ച് സഹപാഠികളും ടീച്ചർമാരും കളിയാക്കി എന്നും പറഞ്ഞ്…ഇന്നും അവനു അധികം കൂട്ടുകാരൊന്നും ഇല്ല..ഉണ്ടായിരുന്നവർ ഇതുപോലെ വേദനിപ്പിച്ചതിനു ശേഷം അവൻ ആരോടും കൂട്ടു കൂടാറില്ല…ആള് പാവമാ…മോൾക്ക് അവനോട് വെറുപ്പൊന്നും തോന്നരുത്…. “
പാർവതി മെല്ലെ വാസുദേവന്റെ മീശ തലോടി…
“എന്നോട് എന്തിനാ ഇങ്ങനെ സ്നേഹം കാട്ടണേ?? ഞാൻ അച്ഛന്റെ സ്വന്തം മോളൊന്നും അല്ലല്ലോ.. “
“ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാവില്ലെടീ പാറൂ…നീ എന്റെ സ്വന്തം മകൾ തന്നാ….”
അയാൾ അവളെ ഇറുക്കി പിടിച്ചു…
*************
രാവിലെ കടയിലേക്ക് പോകാൻ വേഷം മാറുകയാണ് പ്രസാദ്..അലമാരയിൽ എന്തോ തിരയുകയാണ്…
“ഷർട്ട് ആണോ നോക്കുന്നെ….ഇതാ.”… അവൻ തിരിഞ്ഞു നോക്കി…ഇസ്തിരിയിട്ട ഷർട്ടും നീട്ടികൊണ്ട് പാർവതി ..
“നിന്നോട് ഇത് ചെയ്യാൻ ആരെങ്കിലും പറഞ്ഞോ?”
അവൾ കേൾക്കാത്ത പോലെ തിരിഞ്ഞു നടന്നു…
“എടീ..നീ എന്റെ ത ള്ള ആകാൻ വരല്ലേ..ഇത്രേം നാൾ ഇതൊക്കെ ഞാൻ തനിച്ചാ ചെയ്തത്…ഇനിയും അങ്ങനൊക്കെ മതി..”
“അയ്യടാ…തനിച്ചു ചെയ്യുന്ന ആളെ കണ്ടാലും മതി…ഹരിതച്ചേച്ചി അല്ലേ തുണി അലക്കി ഇസ്തിരിയിട്ട് തന്നോണ്ടിരുന്നത്??? ചേച്ചിക്ക് ഇന്ന് സമയമില്ലാന്ന് പറഞ്ഞോണ്ടാ ഞാൻ ചെയ്തേ…ഇനി മുതൽ എന്നും ഞാൻ തന്നെയാ ചെയ്യാൻ പോണേ…”
“എന്നാൽ അതൊന്ന് കാണണമല്ലോ…എന്റെ ഡ്രെസ്സിലെങ്ങാനും കൈ വച്ചാൽ നിന്റെ കൈ ഞാൻ വെ ട്ടും…”
“ആഹാ…എന്നാൽ പിന്നെ അങ്ങനെ തന്നെ…ഞാൻ ഉണ്ടാക്കുന്നത് കഴിക്കാമെങ്കിൽ ഇതിലെന്താ കുഴപ്പമെന്ന് എനിക്കും അറിയണം…”..
പാർവതി നടുവിന് കൈകൾ ഊന്നി വാശിയോടെ അവനെ നോക്കി…
പ്രസാദ് ദേഷ്യത്തിൽ പുറത്തേക്ക് നടന്നു..വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു വാസുദേവൻ..
“എന്താടാ…എന്താ പ്രശ്നം..”
“ദാണ്ടേ, അകത്തൊരു മ റുതയെ കൊണ്ട് വന്നിരുത്തിയിട്ടില്ലേ…അവള് തന്നെ പ്രശ്നം..”
“ഞാൻ മ റുതയാണേൽ ഇയാള് മാ ടനാ….”
അകത്തു നിന്നും പാർവതിയുടെ ശബ്ദം..
“അച്ഛാ…ഞാനിവളെ വല്ല പൊട്ടകിണറ്റിലും കൊണ്ടിടും പറഞ്ഞേക്കാം….”
ദേഷ്യപ്പെട്ട് അവൻ ബൈക്കും എടുത്ത് പോയി..
കുറച്ചു കഴിഞ്ഞപ്പോൾ ഷർട്ടും മൊബൈലും കണ്ണടയും ബാഗുമെടുത്ത് അവൾ പുറത്തേക്ക് വന്നു…
“അച്ഛാ സമയമായി…കടയിൽ പോണ്ടേ..”?
വാസുദേവൻ ഷർട്ട് ഇട്ട് പോക്കറ്റിൽ തപ്പി നോക്കി…
“മോളേ ഇതിൽ ബീഡി ഇരിപ്പുണ്ടായിരുന്നല്ലോ..”?
“ഞാനെടുത്തു അടുപ്പിലിട്ടു..”
“ങേ.??”.
അവൾ ഒരു കടലാസ് പൊതി നീട്ടി..അതിൽ നാല് ബീഡി ഉണ്ടായിരുന്നു..
“രാവിലെ ഒന്ന്, ഉച്ചക്ക് ഒന്ന്, വൈകിട്ട് ഒന്ന്..പിന്നെ രാത്രി…”
“ഇതെന്താടീ, മരുന്നാണോ?”.
“അതേ, ദിവസോം നാല് പാക്കറ്റ് ബീഡി വലിക്കുന്നില്ലേ…ഇനി വേണ്ട..”
“അങ്ങനെ പറയല്ലെടീ….വർഷങ്ങളായുള്ള ശീലമാ…പെട്ടെന്ന് നിർത്താൻ പറ്റൂല…”
“അതറിയാവുന്നത് കൊണ്ടാ നാലെണ്ണം തന്നത്…അങ്ങനെ എണ്ണം കുറച്ചു കൊണ്ടു വരും…അവസാനം പൂർണമായി നിർത്തും…ഇനി ഞാൻ അറിയാതെങ്ങാനും വലിച്ചാൽ….കൊ ല്ലും ഞാൻ..” അവൾ രണ്ടു കൈ കൊണ്ടും വാസുദേവന്റെ മീശയിൽ പിടിച്ച് വലിച്ചു…
പെട്ടെന്ന് അതുവരെ ചിരിച്ചുകൊണ്ടിരുന്ന അവളുടെ ഭാവം മാറി…മുഖത്തു സങ്കടം നിറഞ്ഞു…
“സ്വന്തം അച്ഛനെ കണ്ട ഓർമ എനിക്കില്ല…അമ്മയും പോയി…ഇനി അച്ഛനെ കൂടി നഷ്ടപ്പെടുത്താൻ വയ്യ..അതോണ്ടാ..പ്ലീസ് അച്ഛാ…ഇനി വലിക്കരുത്…”
വാസുദേവൻ അവളെ കെട്ടിപിടിച്ചു..എന്നിട്ട് അവൾ കൊടുത്ത ബീഡി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു…
“ആദ്യമായി എന്റെ മോൾ ഒരു കാര്യം ആവശ്യപ്പെട്ടതല്ലെ….ഇനി മുതൽ അച്ഛൻ വലിക്കില്ല…സത്യം…പോരെ??”
അവൾ അയാളുടെ കവിളിൽ ഉമ്മ വച്ചു…
ബാഗുമെടുത്ത് കാറിൽ കയറിയപ്പോൾ എന്തിനോ വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു….
************
കണ്ണുകൾക്ക് മീതെ എന്തോ അമരുന്നത് അറിഞ്ഞാണ് പാർവതി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്..ആരോ കൈകളാൽ കണ്ണ് പൊത്തിയതാണ്…
“കണ്ണ് തുറക്കല്ലേ…എഴുന്നേറ്റ് വാ..” വാസുദേവന്റെ ശബ്ദം…അവൾ അങ്ങനെ തന്നെ തപ്പി തടഞ്ഞു എണീറ്റു…അയാൾ അവളെ മുന്നോട്ട് നടത്തിച്ചു…ഇടയ്ക്ക് അവൾ കാലിടറി വീഴാൻ പോയി..
“ശ്രദ്ധിച്ച്…”
സെന്റർ ഹാളിൽ എത്തിയപ്പോൾ അയാൾ കൈകൾ മാറ്റി..അവൾ മെല്ലെ കണ്ണുകൾ തുറന്നു…..
മുന്നിൽ ഉണ്ണിക്കണ്ണന്റെ ഒരു ചെറിയ പ്രതിമ..അതിന് മുന്നിൽ ഓട്ടുരുളിയിൽ..കണിക്കൊന്നയും കണി വെള്ളരിയും മാങ്ങയും ചക്കയുമുൾപ്പെടെ വിഷുക്കണി ഒരുക്കിയിട്ടുണ്ട്…
“നല്ലോണം പ്രാർത്ഥിച്ചോ…”
“ഇതൊക്കെ എപ്പോ ഒരുക്കി…? രാത്രി കിടക്കുന്നത് വരെ കണ്ടില്ലല്ലോ?” അവൾ ആശ്ചര്യത്തോടെ വാസുദേവനെ നോക്കി..
“അതൊക്കെ ഞാൻ തന്നെ റെഡി ആക്കി..”
അയാൾ മടിക്കുത്തിൽ നിന്ന് ഒരു നൂറു രൂപ എടുത്ത് അവൾക്ക് കൊടുത്തു..
“ഇത് വിഷുക്കൈനീട്ടം…പണ്ടൊക്കെ നാണയം ആണ് കൊടുക്കാറ്..”
അവൾ അത് വാങ്ങി എന്നിട്ട് വാസുദേവന്റെ കവിളിൽ ഒരുമ്മ കൊടുത്തു..
“ഇത് എന്റെ വക….”
അടുത്തുള്ള വീടുകളിൽ നിന്ന് പടക്കം പൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്…
“നീ പുറത്തേക്ക് പോയി നോക്കിക്കേ…പ്രസാദ് അവിടുണ്ട്…”
അവൾ വേഗം പുറത്ത് വരാന്തയിലേക്ക് ഇറങ്ങി…പ്രസാദ് ഒരു പൂക്കുറ്റി കത്തിക്കുകയായിരുന്നു..അവളെ കണ്ടതും ഒരു പാക്കറ്റ് പൂത്തിരി അവൻ നീട്ടി..
“ന്നാ…കത്തിക്ക്..”
“യ്യോ…എനിക്ക് പേടിയാ..”
“ആർക്ക്? നിനക്കോ….ഒന്നര കിലോമീറ്റർ നീളമുള്ള നാവ് ഉണ്ടല്ലോ…ഒരു പൂത്തിരി കത്തിക്കാൻ പേടിയോ?”
“നീ കളിയാക്കണ്ടടാ….” വാസുദേവൻ പറഞ്ഞു.. അയാൾ തന്നെ ഒന്ന് കത്തിച്ച് അവളുടെ കൈയിൽ കൊടുത്തു…അല്പം ഭയത്തോടെ അവൾ അത് വാങ്ങി വട്ടം ചുഴറ്റി…
“ആഹാ അച്ഛനും മക്കളും തകർക്കുകയാണല്ലോ….” ഹരിത മുറ്റത്തേക്ക് കടന്നു വന്നു..അവളുടെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു…
“ഇത് ചേച്ചീടെ സുന്ദരിക്കുട്ടിക്ക് “…. അവൾ അത് പാർവതിക്ക് കൊടുത്തു…
“എന്താ ചേച്ചീ ഇത്?”
“ഒരു സെറ്റ് സാരി ആണ്…ഉച്ചക്ക് ശേഷം നമുക്ക് ഒന്ന് പുറത്ത് പോകാം..”
“അയ്യോ…എനിക്ക് സാരി ഉടുക്കാൻ അറിയില്ല.. “
“അതൊക്കെ ശരിയാക്കാമെടീ…” ഹരിത അവളുടെ മൂക്ക് പിടിച്ചു വലിച്ചു…ഫോൺ ബെൽ കേട്ടപ്പോൾ വാസുദേവൻ അകത്തേക്ക് പോയി….അച്ഛന് ചായ കൊടുക്കട്ടെ എന്നും പറഞ്ഞു പാർവതിയും പിറകെ പോയി.
“എനിക്ക് ഒന്നുമില്ലേ?” പ്രസാദ് ഹരിതയോട് ചോദിച്ചു..
“ഇപ്പോ തന്നെ വേണോ?.. “
“പല്ല് തേച്ചിട്ട് മതി….”
“എന്താണ് മോൻ ഉദ്ദേശിച്ചത്??”
“ഒന്നുമറിയാത്ത കുഞ്ഞല്ലേ നീ ” പ്രസാദ് ഹരിതയെ വലിച്ചടുപ്പിച്ചു…..
“ഈയിടെയായി നിനക്ക് എന്റെ കാര്യത്തിൽ ശ്രദ്ധ തീരെ ഇല്ല…എന്നേക്കാൾ ഇഷ്ടം ഇപ്പൊ അവളെയാ….” അവൻ പരിഭവിച്ചു..
“അച്ചോടാ…അങ്ങനെ പറയല്ലേ…എനിക്ക് ഇയാള് കഴിഞ്ഞിട്ടേ വേറാരും ഉള്ളൂ…അവൾ നമ്മുടെ സ്വന്തം അല്ലേ…?”
“നിനക്കെങ്ങനെ ഇത് സാധിക്കുന്നു? എന്നെ ഉപേക്ഷിച്ചു പോയ അമ്മയ്ക്ക് വേറൊരു ആളിൽ ജനിച്ച കുട്ടിയെ സ്വന്തം അനിയത്തിയെ, അല്ലെങ്കിൽ മകളെ പോലെ സ്നേഹിക്കാൻ?? “
“ഒരാളെ സ്നേഹിക്കാൻ അങ്ങനെ കാരണമൊന്നും വേണ്ട മാഷേ…പിന്നെ അവളുടെ കാര്യം…ഈ വീട് ഇപ്പൊ നോക്കിക്കേ..എന്തൊരു മാറ്റമാണ്..എന്റെ ഓർമയിൽ ഇത് ആദ്യത്തെ വിഷു ആണ് നിങ്ങൾ ആഘോഷിക്കുന്നേ…വീടിന്റെ ഓരോ മുക്കിലും മൂലയിലും ഐശ്വര്യം കാണാനുണ്ട്..അവൾ വന്നത് കുറച്ച് വൈകിപ്പോയി എന്ന സങ്കടമേ എനിക്കുള്ളൂ….”
“എന്നാലും അവൾക്ക് വേണ്ടി നീ എന്നെ എന്തൊക്കെ ചീത്തപറഞ്ഞു…ഒന്നുമില്ലേലും നിന്നെ കെട്ടാൻ പോകുന്നവനല്ലെടീ ഞാൻ…”
ഹരിത അവന്റെ കൈയിൽ ചുംബിച്ചു..”സോറിട്ടോ….എനിക്ക് അത്രക്ക് ദേഷ്യം വന്നിട്ടാ…ആ കുട്ടിയോട് താൻ കാണിക്കുന്ന അവഗണന സഹിക്കാൻ പറ്റിയില്ല…”
“എനിക്ക് അവളെ കാണുമ്പോൾ എന്നെ ഇട്ടെറിഞ്ഞു പോയ ആ സ്ത്രീയെ ഓർമ വരും അതാ…അല്ലാതെ അവളോട് എനിക്ക് വെറുപ്പൊന്നും ഇല്ല..”
“അതൊക്കെ മാറും…അവള് തന്നെ മാറ്റിക്കോളും…”
പാർവതി പുറത്തേക്ക് വന്നു
“പ്രേമിച്ചു കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് വാ ചേച്ചീ..ഞാൻ ചായ എടുക്കാം…”
“ഇപ്പൊ വേണ്ടെടീ..നേരം ഒന്ന് വെളുക്കട്ടെ…” ഹരിത അവളുടെ വീട്ടിലേക്ക് പോയി….
ഉച്ചക്ക് ശേഷം ഹരിതയും പ്രസാദും പാർവതിയും ബീച്ച്ലേക്ക് പോയി…നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു..തിരക്കൊഴിഞ്ഞ ഒരിടത്തു ഹരിതയോട് ചേർന്ന് പാർവതി ഇരുന്നു…പ്രസാദ് ഐസ്ക്രീം കാരനെ തേടി നടക്കുകയാണ്….
“പത്താം ക്ളാസിൽ പഠിക്കുമ്പോഴാ ഞാൻ ആദ്യമായും അവസാനമായും കടൽ കണ്ടത് ചേച്ചീ….”.
തിരമാലകളിലേക്ക് കണ്ണും നട്ട് അവൾ ഹരിതയോട് പറഞ്ഞു.
“അമ്മയുടെ റിസൾട്ട് കിട്ടിയ ദിവസമായിരുന്നു അന്ന്..ടൗണിലെ ഹോസ്പിറ്റലിൽ നിന്ന് അമ്മ എന്നെയും കൂട്ടി കടൽക്കരയിലേക്ക് പോയി. കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു…അതിന് ശേഷം എന്റെ കൈപിടിച്ച് അമർത്തി..അതിന് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നിരിക്കണം….അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പൈസക്ക് മുഴുവൻ എനിക്ക് ഭക്ഷണവും കുപ്പായവും വാങ്ങി തന്നു…ഞാൻ വേണ്ടെന്ന് പറഞ്ഞതാ…ഇനി ചിലപ്പോ പറ്റിയില്ലെങ്കിലോ എന്നായിരുന്നു മറുപടി….അന്നെനിക്ക് അതിന്റെ അർത്ഥം മനസിലായില്ല…മരുന്നിനും ഒരു നേരത്തേയെങ്കിലും ഇച്ചിരി ഭക്ഷണത്തിനും വേണ്ടി നെട്ടോട്ടം ഓടുമ്പോഴാ അമ്മ അന്നെന്തിനാ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായെ…ഒരുപാട് പേര് സഹായ വാഗ്ദാനങ്ങളുമായി വന്നു…അമ്മയ്ക്ക് വയ്യെങ്കിൽ വേണ്ട, മകളെ കൂടെ അയച്ചാൽ മതി, കൈ നിറയെ കാശ് തരാം……”
അവളുടെ വാക്കുകൾ മുറിഞ്ഞു…ഹരിത അവളെ ചേർത്തു പിടിച്ചു…..
“അന്ന് വന്നവർക്ക് ഒക്കെ ഒരേ മുഖം ആയിരുന്നു…പക്ഷേ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവർ ഉണ്ടെന്ന് എനിക്ക് മനസിലായത് ഇവിടെ നിങ്ങളുടെ ഒക്കെ കൂടെ ജീവിക്കാൻ തുടങ്ങിയപ്പോഴാ….ഇപ്പൊ എനിക്ക് അമ്മയോട് ദേഷ്യം തോന്നുന്നു ചേച്ചീ…ഇത്രയും സ്നേഹമുള്ള അച്ഛനെ എങ്ങനെ വഞ്ചിക്കാൻ തോന്നി….?”
ഹരിത അവളുടെ കൈയിൽ നോവിക്കാതെ അടിച്ചു…
“ചെറിയ വായിൽ വലിയ വർത്തമാനം പറയാതെ കൊച്ചേ…അതൊക്കെ കഴിഞ്ഞു…ഇനി നിനക്ക് ഞങ്ങളൊക്കെ ഉണ്ട്….”
ഐസ്ക്രീം വാങ്ങി പ്രസാദ് വന്നു…
“ഇവൾ എന്തിനാ കരയുന്നെ?”
“അതെന്താ എനിക്ക് കരഞ്ഞൂടെ?”
“ആ കരഞ്ഞോ…അലറിക്കരഞ്ഞോ…ആദ്യം ഈ ഐസ്ക്രീം മുണുങ്ങ്…എന്നിട്ട് കരഞ്ഞോ…” അവൻ ഐസ്ക്രീം അവളുടെ നേരെ നീട്ടി..
“എനിക്ക് രണ്ടെണ്ണം വേണം..”
“വേണ്ട…ഒന്ന് കഴിച്ചാൽ മതി…തണുത്തത് അധികം കഴിക്കുന്നത് നന്നല്ല..”.. പ്രസാദ് പറഞ്ഞു… അവൾ ദേഷ്യത്തോടെ അവനെ നോക്കി..
“നോക്കി പേടിപ്പിക്കല്ലേ.ഉണ്ടക്കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…”
“തുടങ്ങിയോ രണ്ടു പേരും…ദേ വേഗം വാ…നേരം ഇരുട്ടി തുടങ്ങി…” ഹരിത ഇടപെട്ടു…കടലിലേക്ക് താഴ്ന്നിറങ്ങുന്ന അസ്തമയ സൂര്യനെ നോക്കി നെടുവീർപ്പിട്ട് പാർവതി ഹരിതയുടെ കൈയും പിടിച്ചു നടന്നു….
മാസങ്ങൾ കടന്നു പോയി…നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്…പ്രസാദിന് ചെറിയ പനിക്കോള് ഉള്ളത് കൊണ്ട് കടയിൽ പോയില്ല…ഉച്ചയോടെ കുറച്ച് മെച്ചപ്പെട്ടു എന്ന് തോന്നിയപ്പോൾ അവൻ പോകാനിറങ്ങി..പാർവതി മുൻപിൽ പ്രത്യക്ഷപ്പെട്ടു…
“അതേയ്…ഞാനും വരുന്നു “
“ഞാൻ കടയിലേക്കാ…”
“ഞാനും..”
“എന്തിനു??”
“അച്ഛൻ വിളിച്ചിരുന്നു…അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…”
“എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…”
“സംശയം ഉണ്ടെങ്കിൽ വിളിച്ചു ചോദിക്ക്..”
“ഈ മഴയത്തു നീ എങ്ങനെ എന്റെ കൂടെ വരാനാ?”
“ഇപ്പൊ മഴ പെയ്യുന്നില്ലല്ലോ..മഴ വരും മുൻപ് അവിടെത്താം…”
“നീ ഒന്ന് പോയെ…എന്നെ കൊണ്ട് പറ്റില്ല..”
“ഞാൻ കൂടെ വരുന്നത് നാണക്കേടാണെങ്കിൽ വേണ്ട..”
അവൾ മുഖം വീർപ്പിച്ചു നിന്നു..
“നാശം…വാ …”
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവളെ നോക്കി..അവൾ സന്തോഷത്തോടെ പിന്നിൽ കയറി…പൊയ്ക്കൊണ്ടിരിക്കവേ അവൾ പറഞ്ഞു..
“അച്ഛൻ വിളിച്ചിട്ടൊന്നുമില്ല…ഞാൻ ചുമ്മാ പറഞ്ഞതാ…”
“എനിക്കറിയാം..ഈ മഴയത്തു അവിടേക്ക് വരാൻ പറയാൻ നിന്നെ പോലെ അച്ഛന് പിരി ഇളകിയിട്ടൊന്നും ഇല്ല…” അവൾ എന്തോ പറയാൻ തുടസങ്ങിയതായിരുന്നു…പെട്ടെന്ന് ഒരു പ്രായമായ സ്ത്രീ റോഡിന് കുറുകെ ഓടി..പ്രസാദ് ബ്രെക്ക് ചെയ്യാൻ നോക്കി…മഴ പെയ്തു നനഞ്ഞിരിക്കുന്ന റോഡിലൂടെ ബൈക്ക് ചരിഞ്ഞു വീണു, രണ്ടു മീറ്ററോളം നിരങ്ങി പോയി സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു നിന്നു…പിന്നാലെ വന്ന ജീപ്പ് സഡൻ ബ്രെക്ക് ഇട്ടു… ആൾക്കാർ ഓടിക്കൂടി…പ്രസാദ് ശ്രമപ്പെട്ട് എണീറ്റു…ശരീരം നുറുങ്ങുന്ന വേദന അവൻ കാര്യമാക്കിയില്ല…അവൻ അവളെ നോക്കി…നടുറോട്ടിൽ ചവിട്ടി നിർത്തിയ ജീപ്പിന്റെ മുന്നിൽ കിടക്കുകയാണ് പാർവതി…രക്തവും മഴവെള്ളവും ചുറ്റും തളം കെട്ടുന്നു….
പ്രസാദ് അവളുടെ അരികിൽ ഓടിയെത്തി…അവളെ തട്ടി വിളിച്ചു…
“മോളേ, പാറൂ…എണീക്ക്…”
അനക്കമില്ല…അവൻ അവളെ കോരിയെടുത്തു…
“ആരെങ്കിലും ഒരു വണ്ടി വിളിക്കണേ…എന്റനിയത്തി……” അവൻ നിലവിളിച്ചു..
ഓട്ടോസ്റ്റാന്റിലെ ഡ്രൈവർമാരും നാട്ടുകാരും അത് വഴി വന്ന ഒരു കാർ നിർത്തിച്ച് അവരെ അതിൽ കയറ്റി…ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആ കാർ പാഞ്ഞു…യാത്രയിലുടനീളം അവൻ അവളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു…അവൾ ഒരു നിമിഷം മിഴികൾ പാതി തുറന്ന് അവനെ നോക്കി…
“ഒന്നുല്ലെടാ…മോള് പേടിക്കണ്ട..ഏട്ടൻ കൂടെ ഉണ്ട്..” അവൻ കരഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു…ഹോസ്പിറ്റലിൽ എത്തി സ്ട്രെചറിൽ അവളെ കിടത്തി കൊണ്ടുപോകുമ്പോൾ നേഴ്സ് അവനെ നോക്കി..
“നിങ്ങൾക്കും ബ്ലീഡിങ് ഉണ്ടല്ലോ…ആ വീൽ ചെയറിൽ ഇരിക്ക്…”
അപ്പോഴാണ് പ്രസാദ് സ്വന്തം ശരീരം ശ്രദ്ധിച്ചത്…ഇടതുകൈ ഷോൾഡർ മുതൽ താഴേക്ക് തൊലി ഇളകി പോയിട്ടുണ്ട്..കാലിൽ നിന്നും രക്തം ഇറ്റ് വീഴുന്നു…
“സാരമില്ല സിസ്റ്റർ…നിങ്ങൾ അവളെ നോക്ക് പ്ലീസ്…” അവൻ കെഞ്ചി..
“അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ചേട്ടൻ ഇവിടിരിക്ക്…” നഴ്സ് അവനെ വീൽ ചെയറിൽ പിടിച്ചിരുത്തി അകത്തേക്ക് കൊണ്ടുപോയി…
**********
കഠിനമായ വേദന അനുഭവപ്പെട്ടപ്പോൾ ആണ് പ്രസാദ് കണ്ണ് തുറന്നത്…തീ കൊണ്ട് പൊള്ളിയത് പോലെ തോന്നുന്നു…എന്തോ മരുന്ന് മുറിവുകളിൽ പുരട്ടിയിട്ടുണ്ട്..ഇടത്തെ കാലിൽ ബാൻഡേജ്….പാർവതി എവിടെ?? അവൻ പരിഭ്രമത്തോടെ ചുറ്റും നോക്കി…നാല് വശവും പച്ച കർട്ടൻ കൊണ്ട് മറച്ചിട്ടുണ്ട്…
“പാറൂ..മോളേ…” അവൻ ഉറക്കെ വിളിച്ചു…ഒരു വശത്തെ കർട്ടൻ നീക്കി ഹരിത അകത്തേക്ക് വന്നു….
“എടീ പാറു എവിടെ??”
“അവൾക്ക് കുഴപ്പമൊന്നും ഇല്ല…കിടന്നോ “
“വേണ്ട…എനിക്ക് അവളെ കാണണം..” അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു..
“അവൾ അപ്പുറത്തു ബെഡിൽ ഉണ്ട്…നിങ്ങൾ റസ്റ്റ് എടുക്ക്….”
“നിന്നോടല്ലേ പറഞ്ഞത് എനിക്ക് അവളെ കാണണം എന്ന്..” അവൻ ദേഷ്യപ്പെട്ടു…
ഗത്യന്തരം ഇല്ലാതെ ഹരിത അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…മെല്ലെ നടത്തിച്ചു…
“നീ എങ്ങനാ അറിഞ്ഞേ?”.
“ഇവിടുന്ന് വിളിച്ചതാ… “
“അച്ഛനോ?? “
“പാറുവിന്റെ അടുത്ത് ഉണ്ട്..”
അങ്ങേ മൂലയിൽ കർട്ടൻ കൊണ്ട് മറച്ച ബെഡിൽ കിടക്കുകയായിരുന്നു പാർവതി. അടുത്ത് തന്നെ വാസുദേവനും ഉണ്ട്..
“നീയെന്തിനാ മോനേ എഴുന്നേറ്റത്?? ഇവൾക്ക് പ്രശ്നം ഒന്നും ഇല്ല…” പ്രസാദ് അവളെ നോക്കി..മൂക്കിന്റെ പാലത്തിനു ബാന്റെജ് കെട്ടിയിട്ടുണ്ട്…നെറ്റിയിലും…വലത് കയ്യിലും കെട്ടുണ്ട്…
അവൻ വേദനയിലും ഒന്ന് ചിരിച്ചു..
“അച്ഛാ ദേ കളിയാക്കി ചിരിക്കുന്നു…” അവൾ പരിഭവിച്ചു..
“കളിയാക്കിയതല്ല…ചൈനക്കാരിയുടെ പോലുള്ള മൂക്ക് ഇനി ഏതു കോലത്തിലാവും എന്നോർത്ത് ചിരിച്ചതാ..”
“ഞാനിവിടുന്നു ഒന്നെണീറ്റോട്ടെ…എന്നിട്ട് കാണിച്ചു തരാം..”
അവൾ വെല്ലുവിളിച്ചു..
“ആ മതി..മോനേ നീ പോയി കിടക്ക്..” വാസുദേവൻ ഇടയിൽ കയറി…അവൻ അത് ശ്രദ്ധിക്കാതെ മെല്ലെ അവളുടെ അടുത്തെത്തി..വലതു കയ്യാൽ അവളുടെ കവിളിൽ തലോടി..ഹരിത വാസുദേവനോട് പോകാമെന്നു കണ്ണ് കാണിച്ചു.. രണ്ടു പേരും മെല്ലെ ഇറങ്ങി..
“എന്നെ മനഃപൂർവം വീഴിച്ചതല്ലേ?”
“അതേടീ രാ ക്ഷസീ..നിനക്ക് ഒരു എല്ല് കൂടുതലാ…അത് ഒടിക്കാനാ ….”
അവൾ അവന്റെ വിരൽ പിടിച്ചു കടിച്ചു..
“ഇനിയിപ്പോ ഈ കോലത്തിൽ നീയെങ്ങനെ കോളേജിൽ പോകും?”
“കോളേജിലോ??”
“അഡ്മിഷൻ ഞാൻ ശരിയാക്കിയിട്ടുണ്ട്…സർപ്രൈസ് ആയി പറയാമെന്നു വച്ചതാ..അതിങ്ങനെ ആയി..”
“എന്തിനാ ഏട്ടാ…അതൊന്നും വേണ്ട..”
“വേണം..നീ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലിൽ നിൽക്കണം…നമ്മുടെ അമ്മ ഉണ്ടാക്കിയ നാണക്കേട് കാരണം ഞാൻ പാതി വഴിയിൽ നിർത്തിയതാ…എനിക്ക് സാധിക്കാത്തതെല്ലാം മോള് നേടിയെടുക്കണം…നിന്നെ വീടിന്റെ അടുക്കളയിൽ തളച്ചിടാൻ എനിക്ക് താല്പര്യം ഇല്ല..പറക്കണം…ഒരുപാട് ഉയരങ്ങളിൽ..അന്ന് ഞാൻ തല ഉയർത്തി നടക്കും… ” അവന്റെ കണ്ണുനീർ അവളുടെ മുഖത്ത് വീണു…അവൾ ഇടത് കൈ ഉയർത്തി അവന്റെ തല പിടിച്ച് അടുപ്പിച്ചു..ആ മുടിയിലൂടെ കൈയോടിച്ചു…..
കർട്ടന് വെളിയിൽ നിന്നിരുന്ന ഹരിത കണ്ണുകൾ തുടച്ചു..വാസുദേവനാകട്ടെ കണ്ണുനീർ ആരും കാണാതിരിക്കാൻ പുറത്തേക്ക് നടന്നു…
ആശുപത്രിക്ക് പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ട്…കാർമേഘം നിറഞ്ഞ ആകാശത്തിലേക്ക് അയാൾ നോക്കി. അവിടെ നിറകണ്ണുകളും കൂപ്പിയകൈയുമായി സൗദാമിനി നില്കും പോലെ വാസുദേവന് തോന്നി…
നീ മണ്ണടിഞ്ഞിട്ടും ക്ഷമിക്കാനോ മറക്കാനോ എന്നെക്കൊണ്ട് പറ്റിയിട്ടില്ല…പക്ഷെ ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ വെറുക്കാനും പറ്റുന്നില്ല…അത്രയ്ക്ക് ഇഷ്ടമായിരുന്നു….ജീവിതത്തിൽ ആദ്യമായി ഇപ്പോൾ നിന്നോട് ചോദിക്കാൻ തോന്നുന്നു..എന്തിനായിരുന്നു എന്നെ വിട്ട് പോയത്???? ഞാൻ എന്ത് തെറ്റ് ചെയ്തു…?
ഒരു ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ മഴ ആർത്തലച്ചു പെയ്തു തുടങ്ങി….
ശുഭം