എഴുത്ത്: കർണൻ സൂര്യപുത്രൻ
============
ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഉണർന്നത്…..
“എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി…ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ…ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാ…ആഴ്ചയിൽ എന്തേലും നക്കാപിച്ച കൊണ്ട് തന്നു ഉത്തരവാദിത്തം തീർക്കും…ലോൺ അടവ് മുടങ്ങിയിട്ട് മാസം രണ്ടായി. കുടുംബശ്രീയിൽ നിന്നു കടമെടുത്തത് വേറെ…പലചരക്കു കടയിൽ ഇനിയും ബാക്കി ഉണ്ട്…രാവിലെ ജോലിക്കെന്നും പറഞ്ഞു പോയി നട്ട പാതിരക്കു വരുന്നവന് ഇതൊന്നും ചിന്തിക്കണ്ടല്ലോ…ആ നബീസാന്റെ മോനെ കണ്ടു പഠിക്ക്…സ്വന്തം വീടായി, കാറായി…അച്ഛനേം അമ്മയേം അന്തസായി നോക്കുന്നു..ഇവിടൊന്നുണ്ട്…ഒന്നിനും കൊള്ളാത്തവൻ…”
ഈ കഥാപാത്രം വേറാരുമല്ല..എന്റെ സ്വന്തം മാതാവ് ആണ്…
സമയം രാവിലെ ആറുമണി ആവുന്നതേ ഉള്ളൂ..ഈ വീട്ടിൽ ഇത് പതിവാണ്..ഇന്നലെ കൂലി കിട്ടിയതിൽ നിന്നും ഒരാഴ്ചത്തേക്കുള്ള വണ്ടിക്കൂലി മാത്രം എടുത്ത് ബാക്കിയെല്ലാം കൊടുത്തിട്ടും പറയുന്നത് കേട്ടോ?.. മലേഷ്യയിൽ നല്ല ജോലി ചെയ്യുന്ന അടുത്ത വീട്ടിലെ ചെറുക്കനെയും പെയിന്റിംഗ് ജോലിക്കാരനായ സ്വന്തം മോനെയും താരതമ്യപ്പെടുത്തുന്നു.!!കൊള്ളാം…
മോളെ പഠിപ്പിക്കാനല്ലേ ആധാരം പണയം വച്ചു ലോൺ എടുത്തത്?ഉദ്യോഗസ്ഥ ആയ അവളോടും അവളുടെ കെട്യോനോടും കടം വീട്ടാൻ പറ ത ള്ളേ…എന്ന് പറയാനോങ്ങിയതാ, വേണ്ടെന്നു വച്ചു…കാരണം ഇന്ന് എന്റെ ജന്മദിനം ആണ്…ഇന്നാരോടും വഴക്കിടില്ല എന്ന് ഒരാൾക്കു വാക്കു കൊടുത്തിരുന്നു…
കുളി കഴിഞ്ഞു ഒരു നല്ല ഡ്രെസ്സിനു തിരഞ്ഞു…ഒന്നും കിട്ടിയില്ല..ആകെ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ…അതിൽ ചിലതിനു ബട്ടൺസ് ഇല്ല…നിറം മങ്ങിയെങ്കിലും കൊള്ളാമെന്നു തോന്നിയ ഒന്നെടുത്തിട്ടു…ഫോണും പേഴ്സും എടുത്ത് പുറത്തിറങ്ങി….വരാന്തയിൽ അച്ഛൻ ഇരുന്ന് സി ഗരറ്റ് പുകച്ചൂതുന്നു….
“ആഹാ ഇവിടിരിപ്പുണ്ടായിരുന്നോ?”
“നിന്റെ കൈയിൽ കാശ് വല്ലതും ഇരിപ്പുണ്ടോ?”
“ബാങ്കിൽ ഒരു അമ്പതു ലക്ഷം കിടപ്പുണ്ട്…അത് മതിയാകുമോ? അയ്യോ സോറി..ഇന്ന് ഞായറാഴ്ച അല്ലേ?..നാളെ രാവിലെ എടുത്തു തരാം..”
“നീയൊന്നും ഗതി പിടിക്കില്ലെടാ..”
“സന്തോഷം…അല്ലേലും അതെനിക്കറിയാം..”
റോഡിലേക്കിറങ്ങി നടന്നു…പിന്നിൽ കോറസായി മാതാപിതാക്കളുടെ പ്രാക്ക് കേട്ടു…വേലിക്കൽ നിന്നു അയൽക്കാരി നബീസതാത്ത നോക്കുന്നുണ്ട്…നിങ്ങളുടെ ആങ്ങള നിങ്ങള്ടെ മോന് നല്ല ജോലി ശരിയാക്കി കൊടുത്തതിനു ഞാനെന്തു തെറ്റു ചെയ്തു ഇത്താ…
ഫോൺ അടിച്ചു…
“കൊച്ചൂ…ഹാപ്പി ബർത്ത്ഡേ….”
“താങ്ക്സ് “
“വേറാരെലും വിഷ് ചെയ്തോ?”
“ങാ…അച്ഛന്റെയും അമ്മയുടെയും ആശംസകൾ കേട്ട് ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ…”
“ഹഹഹ… നീ ചായ കുടിച്ചോ?”
“വയറു നിറഞ്ഞടീ…”
“നീ വേഗം അമ്പലത്തിലേക്ക് വാ…”
“ആയിക്കോട്ടെ…എന്നാ ശരി..നേരിൽ കാണാം…”
“വെക്കല്ലേ…അമ്മയ്ക്ക് എന്തോ പറയാനുണ്ട്..”
“ഹാപ്പി ബർത്ത് ഡേ കൊച്ചൂസേ….പിറന്നാളായിട്ട് എന്താ പരിപാടി?”
“ഒന്നുമില്ലാമ്മാ..അമ്പലത്തിൽ പോണം..അത്രേ ഉള്ളൂ..”
“അമ്പലത്തിൽ പോയി കഴിഞ്ഞ് മോൻ അവളുടെ കൂടെ ഇങ്ങോട്ട് വാ..എനിക്ക് ഒന്ന് കാണണം…”
“ഓക്കേ അമ്മാ..”
ദേവീ ക്ഷേത്രത്തിൽ ആൾകാർ കുറവാണ്…അമ്പലത്തിന് ഒരു വശത്തെ ആൽത്തറയിൽ ഞാൻ ഇരുന്നു..ഒരു കഷായവസ്ത്രധാരി അവിടിരുന്ന് എന്തോ ജപിക്കുന്നുണ്ട്…കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ സ്കൂട്ടർ വരുന്നത് കണ്ടു…ആൽത്തറയുടെ അടുത്ത് സ്കൂട്ടർ പാർക്ക് ചെയ്ത് അവൾ ഇറങ്ങി..സ്വർണകരയുള്ള സെറ്റ് സാരിയാണ് വേഷം..ചുരുൾമുടിയിൽ നിന്ന് വെള്ളത്തുള്ളികൾ പിന്നിലേക്ക് ഇറ്റ് വീഴുന്നുണ്ട്….
“ഇതെന്താടീ, കുളിച്ചിട്ട് തല തോർത്തിയില്ലേ??”
“മുടി ഉണക്കാൻ സമയം കിട്ടിയില്ല..നിന്നെ അധികം കാത്തു നിർത്തണ്ടല്ലോ എന്ന് കരുതി ഓട്ടമായിരുന്നു..നീ കുറെ നേരമായോ വന്നിട്ട്?”
“കുറച്ച് “
“വാ, തൊഴാം..”
അമ്പലത്തിനു ഇടതു വശത്തുള്ള വഴിപാട് കൗണ്ടറിലേക്ക് അവൾ നടന്നപ്പോൾ ഞാനും പിറകെ പോയി.
“ഒരു പുഷ്പാഞ്ജലി..പേര് സതീഷ്. നക്ഷത്രം വിശാഖം…”
രസീതും വാങ്ങി അകത്തു കയറി..
കൈ കൂപ്പി നടയിൽ നോക്കി ഞാൻ പ്രാർത്ഥിച്ചു..അമ്മേ ദേവീ…ഈ പെൺകുട്ടിക്ക് എന്നും നല്ലത് മാത്രം വരുത്തണേ…ഇവളെയും കുടുംബത്തെയും ഒരാപത്തും വരുത്താതെ കാത്തോളണേ…
അടുത്ത് നിന്ന് കൈ കൂപ്പി അവൾ മെല്ലെ മന്ത്രിക്കുന്നുണ്ടായിരുന്നു “സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ…”
കുറച്ചു നേരം പ്രാർത്ഥിച്ചു പ്രസാദവും വാങ്ങി പുറത്ത് കടന്നു..പരസ്പരം കുറി തൊട്ടു..ഇലച്ചീന്തിലെ പുഷ്പം ഞാൻ അവളുടെ മുടിയിൽ ചൂടി…
സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അവൾ പറഞ്ഞു
“വാടാ കേറ് “
“എവിടേക്ക്?”
“നിന്നോട് അമ്മ പറഞ്ഞതല്ലേ വീട്ടിലേക്ക് വരാൻ “?.
“നീ പോയെ, ഞാൻ വരുന്നില്ല..”
“ചെറുക്കാ..അമ്പലനടയിൽ തെ റി വിളിച്ചെന്ന പാപം എനിക്കുണ്ടാക്കി വെക്കരുത് കേറ്..”
ഞാൻ മിണ്ടാതെ പിന്നിൽ കയറി. വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു…
“നീയെന്താ പ്രാർത്ഥിച്ചത്?”
“പ്രാർത്ഥിച്ചത് വെളിയിൽ പറഞ്ഞാൽ ഫലം കിട്ടൂല..”
“എന്നാലും ഒരു ക്ലൂ..”
“നിന്റെ ആഗ്രഹമെല്ലാം നടക്കണമെന്ന്…”
“ആണോ..”
“ആം..”
“അപ്പൊ നിന്റെ ആഗ്രഹം ഒന്നും നടക്കണ്ടേ? “
“എന്റെ ആഗ്രഹം നടത്തില്ലെന്നു ദേവി പറഞ്ഞു..അത്യാഗ്രഹം ആണ് പോലും…”
“അതെന്താ അങ്ങനൊരു ആഗ്രഹം?”
“നിന്നെ കല്യാണം കഴിച്ചു ദൂരെ ഏതെങ്കിലും ഒരു നാട്ടിൽ പോയി ജീവിക്കണം…”
“ഹഹഹ..അതത്യാഗ്രഹമാണോ??”
“അതേന്നാ പറഞ്ഞത്…മാലാഖമാരെ ഇഷ്ടപ്പെടാം..സ്വന്തമാക്കണമെന്ന് ആഗ്രഹിക്കരുത്…”
“ഡാ…ഇങ്ങനെ പുകഴ്ത്തിയാൽ വണ്ടി നേരെ ആകാശത്തേക്ക് പോകും…”
അവളുടെ വീടെത്തി…മുറ്റത്തിന് രണ്ടു വശവും പൂച്ചെടികളും മരങ്ങളും നിറഞ്ഞ ശാന്തമായ ഒരു വീട്..എന്നെ കണ്ടതും അവളുടെ വളർത്തു നായ റിങ്കു ഓടി വന്നു കാലുകളിൽ ഉരുമ്മി…
“വർഗ്ഗസ്നേഹം കണ്ടോ..”
“അതേ..നിന്റെ അച്ഛനോടും കാണിക്കുന്നില്ലേ?”
“അച്ഛാ..ദേ ഇവൻ അച്ഛനെ…”
പറഞ്ഞു തീർക്കും മുൻപ് അവളുടെ അച്ഛൻ പുറത്തേക്ക് വന്നു…എക്സ് മിലിട്ടറി ആണ്….ഇപ്പൊ ഒരു കട ഉണ്ട്..
“നീ വന്നോ…കുറച്ചു ദിവസമായല്ലോ കണ്ടിട്ട്?..”.
“പണി ദൂരെ ആണ്. വരുമ്പോൾ ലേറ്റ് ആകും..അതാ…ഞായറാഴ്ചയും കട തുറക്കാറുണ്ടോ?”
“ഉച്ചവരെ തുറക്കും “..
“അച്ഛാ..ഇന്നിവന്റെ പിറന്നാളാണ്..”
“ആഹാ..ഹാപ്പി ബർത്ത്ഡേ..”
“താങ്ക്സ്..”
അദ്ദേഹം നടന്നു..പിന്നാലെ റിങ്കുവും..ഞങ്ങൾ വീടിനകത്തു കയറി..നേരെ അടുക്കളയിലേക്ക്..അമ്മ ദോശ ചുടുന്നുണ്ട്..എന്നെ കണ്ടതും കൈ തുടച്ചു അടുത്ത് വന്നു. ചേർത്ത് നിർത്തി നെറുകയിൽ ഒരു ചുംബനം നൽകി… “
“പിറന്നാൾ ആശംസകൾ മോനേ..”
എനിക്ക് കരച്ചിൽ വന്നു. മാതാപിതാക്കളിൽ നിന്നോ കൂടപ്പിറപ്പിൽ നിന്നോ കിട്ടിയിട്ടില്ലാത്ത സ്നേഹം ഇതാ ഇവിടുന്ന് എനിക്ക് കിട്ടുന്നു…!! ഈ നിമിഷം മരിച്ചു പോയാൽ സന്തോഷം….
“അവനേം കെട്ടിപിടിച്ചു നിന്നോ…ദേ ദോശ കരിയുന്നു..” അവൾ പറഞ്ഞു…
അമ്മ വേഗം അടുപ്പിനടുത്തേക്ക് പോയി..ഞാൻ അവളുടെ റൂമിലേക്കും…
ചെറുതെങ്കിലും, ഭംഗിയുള്ള മുറിയാണ്..മേശമേൽ കുറച്ചു പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്…ചുമരിൽ നടൻ വിജയ് യുടെ ഫോട്ടോസ്…അലമാരയുടെ കണ്ണാടിയിൽ എന്റെ ഒരു ഫോട്ടോ….
ചായയും കുടിച് കുറച്ചു നേരം ടീവി കണ്ടു. അവൾ അടുക്കളയിൽ അമ്മയെ സഹായിക്കുന്നു…മെല്ലെ പുറത്തിറങ്ങി..പൂന്തോട്ടത്തിലെ മാവിൽ ഒരു ഊഞ്ഞാലിട്ടിട്ടുണ്ട്…മെല്ലെ അതിലിരുന്ന് ആടി…അപ്പോൾ ഫോൺ അടിച്ചു..വീട്ടിൽ നിന്നാണ്…പെറ്റമ്മ..
“നീ ഊണ് കഴിക്കാൻ വരുമോ?”
“ഇല്ല “
“അതേ…കൈയിൽ കാശുള്ളവന് പുറത്ത് നിന്നും കഴിക്കാലോ….വരില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു..അരി റേഷൻകടയിൽ നിന്നും വെറുതെ കിട്ടില്ല..രാത്രി വല്ലതും വിഴുങ്ങാൻ വേണമെങ്കിൽ വാങ്ങിയിട്ട് വരണം…ഇവിടെ കറി വെക്കാൻ ഒന്നും ഇല്ല..”
ഞാൻ ഫോൺ കട്ട് ചെയ്തു..
“ആരാടാ?”
“വീട്ടിൽ നിന്ന്..പിറന്നാൾ സദ്യ റെഡി ആക്കി വച്ചിട്ടുണ്ട്..കഴിക്കാൻ പോകാൻ വിളിച്ചതാ..”
“അവരെന്താടാ ഇങ്ങനെ?”
“ആർക്കറിയാം. ഇത് പണ്ടുതൊട്ടെ ഇങ്ങനെ തന്നെ അല്ലേ?..പിന്നെ ഇപ്പോഴത്തെ ദേഷ്യത്തിന് കാരണം മാമൻ തന്ന ജോലി വേണ്ടെന്നു വച്ചു വന്നത് തന്നെ…”
അമ്മയുടെ മൂത്ത ചേട്ടൻ സൗദിയിൽ ആയിരുന്നു. അങ്ങേര് എന്നെ അവിടേക്ക് കൊണ്ട് പോയി..കൺസ്ട്രക്ഷൻ വർക്ക് ആയിരുന്നു..കഠിനധ്വാനവും ശമ്പളക്കുറവും സഹിച്ച് ഒന്നര വർഷത്തോളം നിന്നു…6മാസത്തെ ശമ്പളം കിട്ടാതായപ്പോൾ മാമനോട് പരാതി പറഞ്ഞു…അങ്ങേര് കേട്ട ഭാവം നടിച്ചില്ല..ഒടുവിൽ വഴക്കായി……പ്രശ്നമായി..നാട്ടിലേക്ക് കേറി വന്നു…ഞാനിവിടെ എത്തും മുൻപ് അയാൾ ഇവിടെ ഫോൺ വിളിച്ചു…എനിക്ക് അവിടുത്തെ സുഖസൗകര്യങ്ങൾ പോരാഞ്ഞിട്ടാണ് തിരിച്ചു വരുന്നതെന്ന് പറഞ്ഞു….ഇത്രയൊക്കെ പോരെ….
“നീ മനസ് വിഷമിപ്പിക്കണ്ട..വിട്ടേക്ക് “
“ഇല്ലെടീ…ഇപ്പൊ ഇതൊക്കെ ശീലമായി..”
“വാ ഊണ് കഴിക്കാം… “
ഒരു സദ്യ തന്നെ തയ്യാറായിരുന്നു…ഉള്ളിൽ കരഞ്ഞു കൊണ്ടു ഞാൻ അവരുടെ കൂടെ ഭക്ഷണം കഴിച്ചു…അതിനു ശേഷം പുറത്ത് ഇരിക്കുമ്പോൾ ഒരു ഗ്ലാസ് പായസവും ഒരു വലിയ പ്ലാസ്റ്റിക് കവറും ആയി അവൾ വന്നു..ഗ്ലാസ് എന്റെ അടുത്ത് വച്ചു..
“നല്ല ചൂടുണ്ട്…നീ ഇതൊന്ന് നോക്കിയേ..എന്റെ പിറന്നാൾ സമ്മാനം ആണ് “
ഞാൻ തുറന്നു നോക്കി..മൂന്നു ജോഡി ഷർട്ടും പാന്റും…പിന്നെ ഒരു വാച്ച്..രണ്ട് പെർഫ്യൂം ബോട്ടിൽ…
“ഇഷ്ടപ്പെട്ടോ..?”
“ഒത്തിരി…ഒത്തിരി ഇഷ്ടമായി…”.. ശബ്ദം ഇടറിപ്പോയി…..
അപ്പോൾ അമ്മ പുറത്തേക്ക് വന്നു….കൈയിൽ ഒരു ചെറിയ പൊതി…
“അമ്മ മോന് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല..ഇത് കുറച്ച് കാശ് ആണ്..നിനക്ക് ആവശ്യവും ഇതാണെന്നറിയാം….”
“വേണ്ടമ്മാ…നിങ്ങളെല്ലാരും കാണിക്കുന്ന സ്നേഹം മതി..” ശരിക്കും കരഞ്ഞു പോയി…ഒരു ലജ്ജയും ഇല്ലാതെ…..
“അയ്യേ…മോനെന്തിനാ കരയുന്നെ??ഞങ്ങളൊക്കെ ഇല്ലേ?എല്ലാം ശരിയാകും..നിനക്ക് നല്ലൊരു ജോലിയൊക്കെ കിട്ടും..ഞങ്ങളെല്ലാരും പ്രാർത്ഥിക്കുന്നുണ്ട്…പിന്നെ ആരുമില്ലെന്ന തോന്നൽ ഉണ്ടാവുമ്പോൾ നേരെ ഇങ്ങോട്ട് വന്നോ…ഇത് നിന്റെയും കൂടി വീടാണ്…..”
ചാർജ് ചെയ്യാൻ വച്ച മൊബൈൽ എടുക്കാൻ അവളുടെ റൂമിൽ കയറിയപ്പോൾ അവളും പിന്നാലെ വന്ന് വാതിൽ പാതി ചാരി…ഞാൻ ആ കണ്ണുകളിലേക്ക് നോക്കി…പുഞ്ചിരിച്ചു കൊണ്ട് അവൾ എന്നെ കെട്ടി പിടിച്ചു..പിന്നെ തലയുയർത്തി എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…ഒരു തരം ഷോക്ക് ആയിരുന്നു എനിക്ക്…മെല്ലെ ചെവിയുടെ അടുത്ത് വന്ന് അവൾ പറഞ്ഞു….
“നീ തെറ്റിദ്ധരിക്കണ്ട…ഇപ്പൊ നീയൊരു കൊച്ചു കുഞ്ഞായിട്ടാ എനിക്ക് തോന്നുന്നേ…ആരോ എന്റെ കൈയിൽ ഏല്പിച്ച ഒരു കുഞ്ഞ് വാവ….നിനക്ക് ഞാനുണ്ട്….. “
കണ്ണ് തുടച്ചു കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി….
യാത്ര പറഞ്ഞു നടന്നകലുമ്പോൾ തിരിഞ്ഞു നോക്കിയില്ല….അതിനുള്ള ശക്തി ഇല്ലായിരുന്നു എന്നതാണ് സത്യം…പടരുന്ന കണ്ണുനീർ കാഴ്ച മറയ്ക്കുമ്പോഴും ഒരു പുഞ്ചിരി മുഖത്തു വിരിയുന്നുണ്ടെന്നത് അവിശ്വസനീയം ആയിരുന്നു…….
*************
രാത്രി ഒരുമണിയോടെയാണ് മുസ്തഫ ഇക്കയുടെ ഫോൺ വന്നത്…
“സതീഷേ, സോറീട്ടാ…ഒരു അർജന്റ് കാര്യം പറയാനുള്ളത് കൊണ്ടാ ഇപ്പൊ വിളിച്ചത്…”
“സാരമില്ല ഇക്കാ, ഞാൻ ഉറങ്ങിയിട്ടൊന്നും ഇല്ല. ചുമ്മാ ഫോണും നോക്കി ഇരിക്കുകയാ. പറഞ്ഞോ..എന്താ കാര്യം..”
“മോനേ…നീ പറക്കാൻ പോകുന്നു…നിന്റെ വിസ റെഡി ആയി….”!!!!
“ഇക്ക എന്താ പറഞ്ഞത്?”
“സത്യം…എന്നെ അവിടുന്ന് ഇപ്പൊ വിളിച്ചതെ ഉള്ളൂ…കൂടി പോയാൽ രണ്ട് ആഴ്ച..അതിനുള്ളിൽ നീ ദുബായിൽ എത്തും…ഇന്ഷാ അല്ലാഹ്….”
എനിക്ക് കുറച്ചു നേരത്തേക്ക് ഒന്നും പറയാൻ പറ്റിയില്ല…സന്തോഷം കൊണ്ട് ശബ്ദം നിലച്ചു പോയി…ഈ നരകത്തിൽ നിന്നും രക്ഷപ്പെടാൻ പോകുന്നു..എത്ര നാളത്തെ കാത്തിരിപ്പാണ് ദൈവമേ…….
“ആ പിന്നെ, ബാക്കി പൈസകൂടി റെഡി ആക്കിക്കോ…ഞാൻ നാളെ വിളിച്ചു ഡീറ്റെയിൽസ് പറയാം…ഉറങ്ങിക്കോ “…
ഇക്ക ഫോൺ വച്ചു…എന്ത് ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ…ആരോടെങ്കിലും ഈ സന്തോഷം പങ്കു വെക്കണം..മനസ്സിൽ ആദ്യമായും അവസാനമായും തെളിഞ്ഞത് ഒരു മുഖം മാത്രം..രണ്ടും കല്പിച്ചു അവളെ വിളിച്ചു..കുറച്ചു നേരം ബെല്ലടിച്ച ശേഷം ഫോൺ എടുത്തു….
“മം…കൊച്ചൂ….എന്താടാ ഈ നേരത്ത്? എന്തേലും പ്രശ്നമുണ്ടോ…?” പാതിയുറക്കത്തിൽ അവളുടെ ശബ്ദം…
“ആ ഒരു ചെറിയ പ്രശ്നം ഉണ്ട് “
“എന്താ “..
“എന്റെ വിസ ശരിയായി…രണ്ടാഴ്ചക്കുള്ളിൽ പോണം…”
“സത്യമാണോ…?”
“അതേ…”
“വെരി ഗുഡ്…രണ്ടാഴ്ച സമയമില്ലേ..നാളെ രാവിലെ ഒന്നുമല്ലല്ലോ…പോയി കിടന്നുറങ് ചെറുക്കാ…”
“ഈ സന്തോഷവാർത്ത ആദ്യം നിന്നെ തന്നെ വിളിച്ചറിയിച്ച എന്നെ ചെരിപ്പ് ഊരി അടിക്കണം…..”
“ആയിക്കോട്ടെ…നാളെ ഇങ്ങോട്ട് വാ..ഞാൻ അടിച്ചോളാം..”
ഫോൺ കട്ട് ആയി…നേരം പുലരും വരെ ഉറങ്ങാൻ കഴിഞ്ഞില്ല…പെട്ടെന്ന് കുളിച്ചു റെഡി ആയി…ആദ്യത്തെ ബസിനു കേറി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു…ഒരു വഴി കാണിച്ചു തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു…
അവളും അവളുടെ അമ്മയും തന്ന കാശ് മുസ്തഫ ഇക്കക്ക് കൊണ്ട് കൊടുത്തു..യാത്രക്ക് മാനസികമായി തയ്യാറെടുത്തു തുടങ്ങി…അവളെ പിരിഞ്ഞു എങ്ങനെ ജീവിക്കും എന്നറിയില്ല. പോകാതിരിക്കാനും കഴിയില്ല..വരുന്നത് വരട്ടെ….
എല്ലാം റെഡി ആയി..പോകാൻ ഇനി 4 ദിവസം മാത്രം…വീട്ടിൽ കാര്യം പറഞ്ഞു..ഒരു ദിവസം വീട്ടിലെത്തിയപ്പോൾ പെങ്ങളും അളിയനും വന്നിട്ടുണ്ട്..മാതാവ് ഇൻഫർമേഷൻ കൊടുത്തിട്ടുണ്ടാകണം…എന്നെ കണ്ടയുടൻ ഓവർ ആക്റ്റിംഗ് തുടങ്ങി…
“എന്നാലും നീ നമ്മളെയൊക്കെ മറന്നല്ലോ..എത്ര നാളായി ആ വഴിക്ക് വന്നിട്ട്???ഒരു ഫോൺ കാൾ?? അല്ലേൽ ഒരു മെസ്സേജ്??? ഞാൻ നിന്റെ കൂടപ്പിറപ്പ് അല്ലേ????
ഞാൻ പുച്ഛിച്ചു ചിരിച്ചു…
“മതിയെടീ…ഈ പറഞ്ഞതൊക്കെ നിനക്കും ചെയ്യാമല്ലോ…നിന്റെ ഈ ഇരിക്കുന്ന കെട്ടിയോന്റെ പെങ്ങളുടെ മകളുടെ കല്യാണത്തിന് നാടെങ്ങും വിളിച്ചിട്ട് എന്നോട് ഒരു വാക്കു പറഞ്ഞോ?..അപ്പൊ നിനക്ക് കുറച്ചിൽ…വലിയ ആൾകാർ വരുന്ന സ്ഥലത്ത് കൂലിപ്പണിക്കാരനായ എന്നെ ക്ഷണിക്കാൻ അന്തസ്സ് അനുവദിച്ചില്ല അല്ലേ?. അത് പോട്ടെ, ഞാൻ കാലൊടിഞ്ഞു കിടന്നപ്പോൾ ഒന്നു വന്ന് നോക്കിയോ…അപ്പൊ നിനക്ക് കൂടപ്പിറപ്പിനെ ഓർമ ഇല്ല അല്ലേ..ഇത്രയും നാൾ ഞാനിവിടെ കഷ്ടപ്പെടുമ്പോൾ ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ??? ഒന്നും ഇല്ല..കൂടപ്പിറപ്പാണ് പോലും….”
അവൾ മൂക്ക് പിഴിഞ്ഞോണ്ട് അകത്തേക്ക് പോയി…
“അളിയാ..അത്….” ബാങ്ക് ഉദ്യോഗസ്ഥനായ അവളുടെ ഭർത്താവ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ ഇടപെട്ടു…
“അളിയൻ ഉപദേശിക്കാനാണ് പരിപാടിയെങ്കിൽ വേണ്ട…ഏതു പ ട്ടിക്കും ഫ്രീയായി തരാൻ പറ്റുന്ന ഒന്നേ ഉള്ളൂ..ഉപദേശം..അതിനു അഞ്ചു കാശ് ചിലവില്ല..”
മുഖത്തടിയേറ്റ പോലെ അളിയൻ അവിടിരുന്നു…അമ്മ എവിടുന്നോ ചാടി വന്നു…
“നീയെന്താ ഈ പറയുന്നേ?ഒരു ബഹുമാനം വേണ്ടേ??”
“നിങ്ങള് മിണ്ടരുത്…എന്റെ ജീവിതം തകർത്തത് നിങ്ങൾ ഒറ്റ ഒരുത്തിയാണ്..”
ഞാൻ വിരൽ ചൂണ്ടി അലറി.
“അവനെ കണ്ടു പഠിക്ക്, ഇവനെ കണ്ട് പഠിക്ക് എന്ന് പറയുന്നതല്ലാതെ അവന്റെയൊക്കെ മാതാപിതാക്കളെ കണ്ട് നിങ്ങൾ പഠിച്ചിട്ടുണ്ടോ…?ഒരു ദിവസമെങ്കിലും എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ?…എന്റെ ഏതെങ്കിലും ഒരു ആഗ്രഹം സാധിച്ചു തന്നിട്ടുണ്ടോ..? പ്ലസ്ടു സയൻസ് ഗ്രൂപ്പ് ഫസ്റ്റ് ക്ലാസ്സോടെ പാസായ എന്നെ തുടർന്ന് പഠിക്കാൻ വിട്ടോ?? അപ്പൊ നിങ്ങൾക്ക് സാമ്പത്തികം ഇല്ല..മോളേ പഠിപ്പിക്കാൻ ആധാരം പണയം വച്ചു…അതിന്റെ കടം..ദേ ഇരിക്കുന്നു മാന്യനായ അച്ഛൻ…ക ള്ളുകുടിച്ചും ചീ ട്ട് കളിച്ചും നാട് നീളെ കടം വാങ്ങി..ഒടുവിൽ ഇതെല്ലാം തീർക്കാൻ ഞാൻ എന്റെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ചു കൂലിപ്പണിക്ക് ഇറങ്ങി..നിങ്ങളുടെ പുന്നാര ചേട്ടൻ സൗദി അറേബ്യയിൽ കൊണ്ടു പോയി അടിമപ്പണി ചെയ്യിച്ചു..എന്റെ ആറു മാസത്തെ ശമ്പളമാണ് കിട്ടാനുള്ളത്….നിങ്ങൾക്കറിയോ…കൂടെ പഠിച്ചവരൊക്കെ ഇന്ന് നല്ല നിലയിലാ..നിങ്ങളൊക്കെ കാരണം ഞാനിന്നു നരകിക്കുന്നു..ഒരാഴ്ച്ച പെയിന്റിംഗ് ജോലിക്ക് പോയി കിട്ടുന്നതെല്ലാം നിങ്ങൾക്ക് കൊണ്ടു തരുന്നുണ്ട്..ഞാൻ ഒരു നല്ല ഡ്രസ്സ് വാങ്ങാറില്ല,..പുറത്ത് നിന്നു ഒരു ചായ പോലും കുടിക്കാറില്ല..എല്ലാം നിങ്ങൾക്ക് തരുന്നു..അതിന്റെ നന്ദി കാണിക്കുന്നില്ല, പോട്ടെ, ഒരു ദിവസമെങ്കിലും മനസമാധാനം തന്നിട്ടുണ്ടോ?
ദാ ഇരിക്കുന്നു അളിയൻ..ഇയാളുടെ ഭാര്യക്ക് വേണ്ടിയാണ് ലോൺ എടുത്തത്..ഇന്ന് അവൾക്കു നല്ല ജോലിയും ശമ്പളവും ഉണ്ട്..ഇവര് ഇനി ലോൺ അടക്കും..അഞ്ചു പൈസ ഞാൻ അതിനു വേണ്ടി തരില്ല…. “
ഒന്ന് നിർത്തി ഞാൻ ശ്വാസം ആഞ്ഞു വലിച്ചു……
“എന്നെ സ്നേഹിക്കുന്ന ചുരുക്കം ചിലരുടെ പ്രാർത്ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഒരു ജോലി ഇപ്പൊ ശരിയായിട്ടുണ്ട്…നിങ്ങളെ മരണം വരെ ഞാൻ നോക്കും..അത് ഉറപ്പ്..പക്ഷേ കഴുത ഭാരം ചുമക്കും പോലെയുള്ള ഈ വിഡ്ഢി വേഷം ഞാൻ ഇവിടെ നിർത്തി..മാസമാസം ചിലവിനുള്ളത് ഇവിടെ എത്തും..അത്രേ ഉള്ളൂ….എനിക്ക് വേണ്ടി ഇനിയെങ്കിലും ഞാൻ ജീവിക്കട്ടെ…”
റൂമിനകത്തു കയറി കതകടച്ചപ്പോൾ വലിയ ആശ്വാസം തോന്നി….എന്തൊക്കെയോ ഭാരം ഒഴിഞ്ഞ പോലെയുള്ള ഫീൽ…കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു..അളിയനും പെങ്ങളും പോകുകയാണ്…പോട്ടെ…നല്ലത്…അവളെ ഫോൺ വിളിച്ചു…
“പൊന്നൂ..ഉറങ്ങിയോ?”
“ഇല്ലെടാ പറഞ്ഞോ….”
സംഭവിച്ചതെല്ലാം അവളെ അറിയിച്ചു..
“സൂപ്പർ ഡാ…കലക്കി…എനിക്ക് സമാധാനം ആയി…”
“എടീ…മറ്റന്നാൾ ഞാൻ പോകും…”
“ഉം..അറിയാം…”
“നിനക്ക് ഒന്നും പറയാനില്ലേ?”
“ഞാനെന്തു പറയാനാ?”
“പോയാൽ രണ്ടു വർഷം കഴിഞ്ഞേ കാണൂ…”
“രണ്ടു വർഷം കഴിഞ്ഞ് കാണുമെന്നു എന്താ ഇത്ര ഉറപ്പ്? ചിലപ്പോ ഞാൻ കല്യാണവും കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാകും..അപ്പൊ നിന്നെ കാണാൻ പറ്റുമോ എന്നറിയില്ല…..”
“എന്നെ കാണാതിരിക്കാൻ നിനക്ക് പറ്റുമോ?”
“പറ്റുമായിരിക്കും “
“എന്നാ ശരി ഉറങ്ങിക്കോ….”
“ഓക്കേ…ആ പിന്നെ, മറ്റന്നാൾ എത്ര മണിക്കാ പോകുന്നെ,?”
“രാത്രി എട്ടിനാണ് ഫ്ലൈറ്റ്. അപ്പൊ ഇവിടുന്ന് ഉച്ചക്ക് ഇറങ്ങും..”
“എങ്ങനാ എയർപോട്ടിലേക്ക് പോകുന്നെ?”
“ട്രെയിൻ..അവിടെത്തി ഓട്ടോ പിടിച്ചു എയർപോർട്ടിൽ…”
“എന്നാൽ ഒരു കാര്യം ചെയ്യ്…മറ്റന്നാൾ രാവിലെ ഇവിടേക്ക് വാ..ഇവിടുന്ന് ഭക്ഷണവും കഴിച്ചു പോയാൽ മതി..”
“നോക്കട്ടെ..”
ഫോൺ വച്ചു..മനസ്സിൽ എന്തോ ഒരു വേദന…പ്രിയപ്പെട്ടത് നഷ്ടമാവാൻ പോകുന്നു…അല്ലെങ്കിലും എനിക്ക് അത് പതിവാണല്ലോ…സാരമില്ല…
പോകേണ്ട ദിവസം രാവിലെ തന്നെ അവൾ വിളിച്ചു…
“ഡാ..ലഗേജ് ഒക്കെ റെഡി ആയോ..”
“ഇന്നലെ തന്നെ ആയി “
“എന്നാൽ എടുത്ത് ഇറങ്ങിക്കോ..നേരെ അമ്പലത്തിലേക്ക് വാ…”
ബാഗും എടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി…..അമ്പലത്തിന്റെ മുൻപിൽ അവൾ നില്കുന്നുണ്ടായിരുന്നു….മുൻപൊക്കെ അവളെ കാണുമ്പോൾ മനസ്സിന് കുളിർമ ആണ്..പക്ഷേ ഇന്ന് വല്ലാത്തൊരു വേദന…ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ഞങ്ങൾ പിരിയാൻ പോകുന്നു…
എന്നത്തേയും പോലെ അവൾക്കു വേണ്ടി പ്രാർത്ഥിച്ചു..അവളുടെ ആഗ്രഹങ്ങൾ നടത്തണേ എന്ന് അപേക്ഷിച്ചു….അതിനു ശേഷം അവളുടെ വീട്ടിലേക്ക്..വീടെത്തും വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല….
വീട്ടിൽ അച്ഛനും അമ്മയും കാത്തു നില്കുന്നുണ്ടായിരുന്നു..എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു…അവൾ എന്റെ നേരെ നോക്കിയത് പോലുമില്ല…കളിചിരികൾ നിറഞ്ഞു നിന്നിരുന്ന ആ വീട്ടിൽ പതിവില്ലാത്ത മൂകത ആയിരുന്നു..
ഭക്ഷണം കഴിച്ചു ഇറങ്ങാൻ തുടങ്ങുമ്പോൾ അവളുടെ അമ്മ നിലവിളക്ക് കത്തിച്ചു വച്ചു…ഞാൻ അവര് രണ്ടു പേരുടെയും കാൽ തൊട്ടു വന്ദിച്ചു…അവളാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നില്കുന്നു…വീടിനു പുറത്തിറങ്ങി റിങ്കുവിനെ തലോടി…അവൻ നന്ദിയോടെ വാലാട്ടി….പെട്ടന്ന് ഗേറ്റിന് പുറത്ത് ഒരു ടാക്സി വന്നു നിന്നു…
“പോകാം ” പിന്നിൽ അവളുടെ അച്ഛന്റെ ശബ്ദം…
ഞാൻ മനസിലാകാതെ അദ്ദേഹത്തെ നോക്കി..
“എയർപോർട്ടിലേക്ക് ഞങ്ങളും വരുന്നു..ആരുമില്ലാത്ത പോലെ നീ അങ്ങനെ പോകണ്ട…”
എനിക്ക് കരച്ചിൽ വന്നു….ഒന്നും മിണ്ടാതെ ഞാൻ കാറിൽ കയറി. മുൻസീറ്റിൽ അച്ഛൻ..പിന്നിൽ ഞാനും അവളും അമ്മയും…അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്…ഒന്നും മിണ്ടുന്നില്ല..ഞാൻ മെല്ലെ അവളുടെ കൈയിൽ പിടിച്ചു..ഒരു പ്രതികരണവും ഇല്ല…
എയർപോർട്ട് 2km എന്ന ബോർഡ് കണ്ടപ്പോൾ അച്ഛൻ ഡ്രൈവറോട് നിർത്താൻ പറഞ്ഞു…സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിനു മുൻപിൽ കാർ നിന്നു….
“വാ..ഓരോ ചായ കുടിച്ചിട്ട് പോകാം…സമയം ഒരുപാട് ഉണ്ടല്ലോ..”.അച്ഛൻ പറഞ്ഞു..
ഹോട്ടലിലെ ഫാമിലി റൂമിലേക്ക് ഞങ്ങൾ കയറി…അവളും അച്ഛനും ഒരു വശത്തു ഇരുന്നു..ഞാനും അമ്മയും എതിരെയും…ചായ എത്തി…കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ ഒന്ന് മുരടനക്കി….
“സതീഷേ ഞങ്ങള്ക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്?”
ഞാൻ ചോദ്യഭാവത്തിൽ നോക്കി.
“ഞാൻ ഒരു പഴയ പട്ടാളക്കാരൻ ആണ്..അത് കൊണ്ടു തന്നെ വളച്ചു കെട്ടില്ലാതെ കാര്യം പറയാം..എനിക്ക് രണ്ട് പെണ്മക്കൾ ആണെന്നറിയാല്ലോ..ഇന്നേ വരെ അവരെ ഒരു കാര്യത്തിനും ഞാൻ നിർബന്ധിച്ചിട്ടില്ല..മൂത്തവൾ CA പഠിക്കണം എന്ന് പറഞ്ഞു, പഠിപ്പിച്ചു..അവൾ ഇന്ന് വിദേശത്തു ഭർത്താവിന്റെ കൂടെ നല്ല ജോലി ചെയ്യുന്നു..ലൈഫ് സെറ്റിൽഡ്…ഇവൾ നഴ്സിംഗ് വേണമെന്ന് പറഞ്ഞു…അതിനും എതിരു നിന്നില്ല…ഇന്ന് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു..പറഞ്ഞത് എന്റെ മക്കളുടെ തീരുമാനം തെറ്റല്ല എന്ന് അവര് തെളിയിച്ചു എന്നാണ്…അത് പോലെ തന്നെ എന്റെ ഈ മകൾ…ഞങ്ങൾ പൊന്നു എന്ന് വിളിക്കുന്ന ആർദ്ര ശിവകുമാർ, ഒരു കാര്യം പറഞ്ഞു..അവൾക്കു നിന്റെ കൂടെ ജീവിക്കണം എന്ന്..ഇപ്പോഴല്ല…നീ ഒന്ന് സെറ്റിൽ ആയ ശേഷം….”
ഞാൻ ഞെട്ടി…അവളെ നോക്കി..അവൾ ചായഗ്ലാസ് മെല്ലെ വട്ടം തിരിക്കുന്നു…മുഖത്തു നോക്കുന്നില്ല…സ്വപ്നം കാണുകയാണോ ഞാൻ????!!!!
അച്ഛൻ തുടർന്നു…
“ഞങ്ങൾ കുറെ ആലോചിച്ചു…കുടുംബക്കാരിൽ നിന്നും ഒരുപാട് എതിർപ്പ് നേരിടേണ്ടി വരും…അത് പോട്ടെന്നു വെക്കാം. പക്ഷേ നിന്റെ വീട്ടുകാരുടെ സ്വഭാവം…അതുപോലൊരു ഇടത്തേക്ക് എന്റെ മോളു വന്നിട്ട് കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ…അത് കൊണ്ട് ആദ്യം നീ പോയി അത്യാവശ്യം കാശ് സമ്പാദിച്ചു ബാധ്യതകൾ തീർക്കാൻ നോക്ക്..പിന്നെ സ്വന്തമായി വീട്..മറ്റുള്ളതെല്ലാം…ഞങ്ങളെ കൊണ്ട് കഴിയും പോലെ ഞങ്ങളും സഹായിക്കും…ഇതൊന്നും നിന്നോടുള്ള സഹതാപം കൊണ്ടെടുത്ത തീരുമാനം അല്ല..ഞങ്ങൾക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ്…ഇനി നീ പറ നിനക്ക് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ???”
ഞാൻ അടുത്തിരുന്ന അമ്മയുടെ തോളിൽ മുഖം ചേർത്ത് വച്ചു കരഞ്ഞു….അമ്മ എന്നെ ചേർത്ത് പിടിച്ചു..
“അയ്യേ…കൊച്ചൂസ് എന്തിനാ കരയുന്നെ??? ദേ അവളെ നോക്കിക്കേ..എന്തെങ്കിലും കൂസലുണ്ടോ…മരിക്കും വരെ നിന്നെ ഒറ്റക്ക് ആക്കില്ലെന്നു ഞങ്ങളുടെ മുൻപിൽ നെഞ്ചും വിരിച്ചു ഡയലോഗ് അടിച്ചവളാ ഈ ഇരിക്കുന്നെ… “
അവൾ എന്നെ നോക്കിയതേ ഇല്ല…
ഞാൻ കണ്ണു തുടച്ചു എഴുന്നേറ്റു പുറത്തേക്ക് നടന്നു…ഹോട്ടലിന്റെ പുറത്ത് മുള കൊണ്ട് ഉണ്ടാക്കിയ ബഞ്ചിൽ ഇരുന്നു…അവളും അടുത്തു വന്നിരുന്നു…
“എല്ലാരും കൂടി പ്ലാൻ ചെയ്തതാ അല്ലേ?” ഞാൻ ചോദിച്ചു.
“കൊച്ചൂ, ഞാനില്ലാതെ നിനക്ക് ജീവിക്കാൻ പറ്റുമോ?”
“ഇല്ല “
“ഡാ…ഈ നിമിഷം വരെ നിന്നെ ഒരു കാമുകനായോ ഭർത്താവായോ എനിക്ക് കാണാൻ പറ്റിയിട്ടില്ല…ചിലപ്പോൾ ഭാവിയിൽ സാധിച്ചേക്കാം…അതിന് സമയം വേണം…”
“അതെല്ലാം ഓക്കേ, ഈ പ്ലാനിംഗ് ഇന്നലെ എന്നോട് പറയാമായിരുന്നില്ലേ?”
“എന്നിട്ട് വേണം നീ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ…”
“ആര് ഞാനോ?എങ്ങനേലും നിന്റടുത്തു നിന്നു രക്ഷപെടാൻ നോക്കുവാ…ഇനി ജീവിതകാലം മുഴുവൻ സഹിക്കണമല്ലോ ദൈവമേ”…
“പോ ടാ മ രപ്പ ട്ടി…” അവൾ എന്റെ കൈയിൽ നുള്ളി…
അത് കണ്ടു കൊണ്ടാണ് അച്ഛനും അമ്മയും വന്നത്….
“ആഹാ…രണ്ടും ഇപ്പോഴേ അടി തുടങ്ങിയോ…വാ…പോകാം “
എയർപോർട്ടിൽ എത്തി..അച്ഛൻ പോക്കറ്റിൽ കുറച്ചു കാശ് വച്ചു തന്നു.. “ഇരിക്കട്ടെ, അവിടെ പോയി ആവശ്യം വരും.”
ഞാൻ തലയാട്ടി..
അമ്മ കെട്ടിപിടിച്ചു… “എന്റെ മോന് നല്ലതേ വരൂ…ആരോഗ്യം ശ്രദ്ധിക്കണം…ആരോടും വഴക്കിനൊന്നും പോകരുത്..എത്തിയ ഉടനെ വിളിക്കണം…”
ഞാൻ മെല്ലെ അവളുടെ അടുത്തെത്തി
“നിനക്കൊന്നും പറയാനില്ലേ?”
ഒരു ഏങ്ങികരച്ചിലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു…ഷർട്ടിൽ കണ്ണുനീര് പടരുന്നത് ഞാൻ അറിഞ്ഞു….മെല്ലെ അവളെ അടർത്തി ആ കവിളിൽ ഒരു ഉമ്മ കൊടുത്തു…..എല്ലാരുടെയും മുഖത്തു ഒന്ന് കൂടി നോക്കി അകത്തേക്ക് നടന്നു…
ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞ് ഫ്ലൈറ്റിൽ ഇരുന്നപ്പോൾ അവളുടെ വിളി വന്നു..
“എന്തായി?”
“കയറി “..
“ഉം “
“പോയി വരാം “..
“ആയിക്കോട്ടെ…”
“താങ്ക്സ്..”
“എന്തിനു?”
“ഇത്രയും കാലം കൂടെ നിന്നതിന്…ഇനി അങ്ങോട്ടും കൂടെ ഉണ്ടാകും എന്ന വാക്കിന്…സ്നേഹനിധിയായ അച്ഛനെയും അമ്മയെയും എനിക്ക് തന്നതിന്…..”
“നന്ദി വരവ് വച്ചിരിക്കുന്നു…”
“ഒരു ഉമ്മ തരുമോ?”
“പോടാ പ ട്ടീ..നിന്റെ കെട്യോളോട് ചോദിക്ക് “
“കെട്യോളോട് തന്നാ ചോദിച്ചത്…”
“സർ പ്ലീസ് സ്വിച്ച് ഓഫ് യുവർ ഫോൺ “.. എയർ ഹോസ്റ്റസ് അടുത്തു വന്നു പറഞ്ഞു…
“പൊന്നൂ…ഓക്കേ എന്നാൽ..എത്തിയിട്ട് വിളിക്കാം…”
“ശ്രദ്ധിച്ചു പോയിട്ട് വാ…..വാട്സാപ്പ് ഒന്ന് നോക്ക്…”
ഫോൺ കട്ടായി…രണ്ടു മിനിറ്റിനുള്ളിൽ വാട്സാപ്പിൽ മെസ്സേജ് വന്നു….
ചുണ്ടുകൾ കൂർപിച്ച് ഉമ്മ വെക്കുന്ന അവളുടെ സെൽഫി…കീഴെ ഒരു വരിയും…
“എന്റെ ആഗ്രഹം സാധിച്ചു തരണമെന്നല്ലേ നീ ദേവിയോട് എപ്പോഴും പ്രാർത്ഥിക്കാറ്? ഇത് തന്നെയായിരുന്നു എന്റെ ആഗ്രഹം..നീ എന്നും എന്റേത് മാത്രമായിരിക്കണമെന്ന്…”Take care… Happy journey…
ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോൺ പോക്കറ്റിലിട്ടു….ഫ്ലൈറ്റ് റൺവേയിൽ നിന്നു കുതിച്ചു പൊങ്ങി….ഒരു പാട് സ്വപ്നങ്ങളുമായി കടൽ കടക്കുന്ന പ്രവാസികളിൽ ഒരാളായി ഞാനും…..