സുഭദ്രയുടെ നോവുകൾ…
Story written by Saji Thaiparambu
===========
മരുമോൾക്ക് വിശേഷം വല്ലതുമായോ സുഭദ്രേ?
ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ സുഭദ്രയുടെ മനസ്സ് ഷാരത്തെ ടീച്ചറമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു.
ഇല്ല്യ, ആയിട്ടില്യാ…
ഒറ്റവാക്കിൽ മറുപടി കൊടുത്ത്, നടയുടെ പടിക്കെട്ടുകളിറങ്ങുമ്പോൾ ടീച്ചറമ്മയുടെ ചോദ്യം, സുഭദ്രയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
വയൽ വരമ്പിലൂടെ നടന്ന് പൊന്നേഴത്ത് തറവാടിൻ്റെ പടിപ്പുര വാതിൽ കടക്കുമ്പോഴേക്കും സുഭദ്രയുടെ വീതിയേറിയ നെറ്റിത്തടത്തിലും, ഉയർന്ന നാസികത്തുമ്പിലും വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു.
നീളൻ വരാന്തയിലേക്ക് കടന്നപ്പോഴാണ് അരമതിലിൻ്റെ തൂണിൽ ചാരിയിരുന്നു വാരികയികയിൽ കണ്ണ് നട്ടിരിക്കുന്ന മരുമകളെ സുഭദ്ര ശ്രദ്ധിച്ചത്.
അമ്മയിതെവിടേക്കാ പോയേ?
സുഭദ്രയുടെ കാൽ പെരുമാറ്റം കേട്ട നന്ദന വാരികയിൽ നിന്ന് മുഖം വെട്ടിച്ച് അവരോട് ചോദിച്ചു
അമ്പലത്തിലേക്കൊന്ന് പോയീ…ചിലേ വഴിപാടുകളുണ്ടായിരുന്നേ…
ഒഹ്, മരിക്കുന്നതിന് മുമ്പ് മകനൊരു കുഞ്ഞിനെ കൊടുക്കണേയെന്ന് പ്രാർത്ഥിക്കാൻ പോയതായിരിക്കും അല്ലേ? എൻ്റെയമ്മേ…അതിന് ഈശ്വരന്മാരെ വിളിച്ചിട്ട് യാതൊരു കാര്യവുമില്ല, കുട്ടികള് വേണമെന്ന് അമ്മയുടെ മകന് കൂടി തോന്നണ്ടേ?
നന്ദന പുശ്ചത്തോടെയാണത് പറഞ്ഞതെന്ന് സുഭദ്രയ്ക്ക് മനസ്സിലായി.
അവരുടെ ഒരേ ഒരു മകനാണ് വിഷ്ണുവർദ്ധൻ, ഭർത്താവ് ചെറുപ്പത്തിലേ മരിച്ച സുഭദ്ര മകന് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കുകയായിരുന്നു,
ചെറുപ്പത്തിൽ തന്നെ പഠനവിഷയങ്ങളിലും സ്പോർട്സിലുമൊക്കെ അഗ്രഗണ്യനായിരുന്ന വിഷ്ണുവിനെ, സുഭദ്ര വാവേന്ന് ചെല്ലപ്പേരിലാണ് വിളിച്ചിരുന്നത്…
ഡിഗ്രി ഫൈനലിയർ കഴിഞ്ഞ് പെട്ടെന്നൊരു ദിവസം, കൂടെ പഠിച്ച പെൺകുട്ടിയുമായി പൊന്നേഴത്ത് തറവാട്ടിലേക്ക് മകൻ കയറി വരുമ്പോൾ അത് അവൻ്റെ കാമുകിയായിരുന്നെന്ന് സുഭദ്ര സ്വപ്നേവി നിരീച്ചില്ല
മകൻ്റെ കൂട്ടുകാരിയോട് കുശലം പറഞ്ഞിരിക്കുമ്പോഴും അവൾക്ക് ഉഴുന്ന് വടയും ചായയും കഴിക്കാൻ കൊടുക്കുമ്പോഴും ആ പെൺകുട്ടി വലത് കാല് വച്ചാണ് കയറി വന്നതെന്ന് സുഭദ്രയ്ക്ക് മനസ്സിലായത്, അവളിനി തിരിച്ച് പോകുന്നില്ലെന്ന് മകൻ അസന്നിഗ്ദമായി പ്രഖ്യാപിച്ചപ്പോഴായിരുന്നു.
പച്ചക്കറികൾ മാത്രം വേവിച്ചിരുന്ന, പുകയാറയും എച്ചൻവലയും സ്ഥിരതാമസമാക്കിയ ഓട് മേഞ്ഞ പഴയ അടുക്കളയിൽ, ഇനി മുതൽ മൃ ഗ മാം സത്തിൻ്റെ ദുർഗന്ധമുയരുമെന്ന ആശങ്കയെ സുഭദ്ര, മറികടന്നത്, മകനോടുള്ള അമിതവാത്സല്യം കൊണ്ടായിരുന്നു.
കുടുംബക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ അനുവദിക്കാതിരുന്ന കുടുംബത്തിലെ കാർന്നോന്മാരുടെയും ബന്ധുമിത്രാദികളുടെയും അസാന്നിദ്ധ്യം, ഏകമകൻ്റെ താലി കെട്ടിൻ്റെ ശോഭ കെടുത്തിയത് സുഭദ്രയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
എങ്കിലും മകന് വേണ്ടി, അവർ എല്ലാം സഹിച്ചു
കല്യാണ പിറ്റേന്ന്, സർട്ടിഫിക്കറ്റ് വാങ്ങാനായി യൂണിവേഴ്സിറ്റിയിൽ പോയതായിരുന്നു ,മകനും ഭാര്യ മെറിനും…
പക്ഷേ തിരിച്ച് വരേണ്ട നേരം കഴിഞ്ഞിട്ടും അവരെ കാണാതെ അന്വേഷിച്ച് നടന്ന സുഭദ്രയുടെ ചെവിയിൽ മകനും മരുമകളും ആക്സിഡൻറിൽ പെട്ടു എന്ന വാർത്ത ഒരിടിത്തീ പോലെയാണ് വന്ന് വീണത്…
ആ ഒരാക്സിഡൻ്റിൽ വിഷ്ണു നിസ്സാര പരിക്കുകളുമായി രക്ഷപെട്ടെങ്കിലും, മെറിൻ മരണത്തിന് കീഴടങ്ങിയിരുന്നു. ജീവിതാരംഭത്തിൽ തന്നെ ഇണയെ നഷ്ടപ്പെട്ട വിഷ്ണു, മാനസികമായി തകർന്ന് പോയി.
കാലം മായ്ക്കാത്ത മുറിവുകളില്ലെന്നും നീയിങ്ങനെ തകർന്നിരുന്നാൽ അമ്മ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നുമുള്ള സുഭദ്രയുടെ ആവർത്തിച്ചുള്ള ജല്പനങ്ങൾക്കൊടുവിലാണ് അമ്മ ചൂണ്ടിക്കാണിച്ച നന്ദനയെ വിഷ്ണു രണ്ടാമത് വിവാഹം കഴിക്കുന്നത്
പിന്നീട് സുഭദ്രയുടെ പ്രാർത്ഥന മുഴുവൻ തൻ്റെ മകൻ്റെ കുഞ്ഞിനെയൊന്ന് കണ്ടിട്ട് കണ്ണടച്ചാൽ മതിയെന്നായിരുന്നു
പക്ഷേ കല്യാണം കഴിഞ്ഞ നാള് മുതലുള്ള സുഭദ്രയുടെ ജിജ്ഞാസ മുറ്റിയ ചോദ്യത്തിനോടുള്ള ക്ളീഷേ ഉത്തരങ്ങൾക്ക് ഒരു അറുതി വരുത്താൻ കൂടിയായിരുന്നു നന്ദന ആദ്യമായി അന്ന്, അമ്മായി അമ്മയോട് പൊട്ടിത്തെറിച്ചത്.
ദാമ്പത്യ ജീവിതത്തോട് ഒട്ടും താല്പര്യമില്ലാത്ത മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചാൽ, മരുമകൾ ഗർഭിണിയാകുമെന്ന് അമ്മയോടാരാ പറഞ്ഞത് ?
നന്ദനയുടെ ചോദ്യം നിരവധി കൂരമ്പുകളായി തൻ്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴുണ്ടായ, വേദനയെക്കാൾ പതിന്മടങ്ങായിരുന്നു, ഭാര്യയുടെ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള മകൻ്റെ അർത്ഥവത്തായ മൗനത്തിലൂടെ സുഭദ്രയ്ക്കുണ്ടായത്.
മെറിനെ ഇത് വരെ മറക്കാൻ മകന് കഴിഞ്ഞിട്ടില്ലെന്നും, അത് കൊണ്ട് തന്നെ നന്ദനയെ, മനസ്സ് കൊണ്ട് അംഗീകരിക്കാൻ, വിഷ്ണുവിന്പ്രയാസമാണെന്നും സുഭദ്രയ്ക്ക് മനസ്സിലായിരുന്നു.
മോനേ…അമ്മയുടെ കാലശേഷം നീ തനിച്ചാവരുതെന്ന് കരുതിയാണ് മെറിൻ്റെ അകാലമരണം തന്ന ഷോക്കിൽ നിന്നും നിന്നെ മോചിപ്പിക്കാനായി ഞാൻ നിർബന്ധിച്ച്, നിന്നെക്കൊണ്ട് നന്ദനയെ വിവാഹം കഴിപ്പിച്ചത്, പക്ഷേ ഈ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ, അധികം താമസിയാതെ, അവള് നിന്നെ ഉപേക്ഷിച്ച് പോകുമെന്ന് അമ്മയ്ക്ക് ഉറപ്പാണ്. അത് കൊണ്ട് ഞാൻ മരിച്ചു പോയാലും നീ തനിച്ചാകാതിരിക്കാനും ഈ പൊന്നേഴത്ത് തറവാടിന് ഒരു അനന്തരാവകാശിയുണ്ടാകാനുംവേണ്ടിയാണ് ഒരുപാട് ആലോചനകൾക്ക് ശേഷം ഞാൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്,
ഒരു ദിവസം നന്ദന കുളിക്കാനായി പോയ സമയത്താണ്, ദിവസങ്ങൾക്ക് ശേഷം സുഭദ്ര മകനോട് തുറന്ന് സംസാരിച്ചത്.
അമ്മയെന്താ പറഞ്ഞ് വരുന്നത് ?
സുഭദ്രയുടെ ഭാവമാറ്റം കണ്ട് വിഷ്ണു ആകാംക്ഷയോടെ ചോദിച്ചു .
എൻ്റെ നല്ല പ്രായത്തിൽ നിൻ്റെ അച്ഛൻ മരിച്ചപ്പോൾ മറ്റൊരു കല്യാണം കഴിക്കാനായി ബന്ധുക്കൾ അമ്മയെ ഒരു പാട് നിർബന്ധിച്ചെങ്കിലും അന്ന് ഞാനതിന് വഴങ്ങാതിരുന്നത് പുതിയൊരാൾ എൻ്റെ ജീവിതത്തിലെക്ക് കടന്ന് വന്നാൽ ബാല്യം പിന്നിടാത്ത എൻ്റെ മകൻ, പടിക്ക് പുറത്താകുമോ? എന്ന ആശങ്ക അന്നെനിക്കുണ്ടായിരുന്നത് കൊണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ എൻ്റെ ആശങ്ക, എൻ്റെ കാലശേഷം നീ തനിച്ചായി പോകുമെന്നതാണ്, അത് കൊണ്ട്, നിനക്കൊരു കൂടെപിറപ്പ് വേണമെന്ന് അമ്മയ്ക്ക് തോന്നി. അതിന് വേണ്ടി, അമ്മ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്…
അമ്മേ…
വിഷ്ണുവിൻ്റെ അലർച്ച, പുറത്തെ കുളിപ്പുരയിൽ ഈറൻ മാറി കൊണ്ടിരുന്ന നന്ദനയെ പോലും ഞെട്ടിച്ചു
അമ്മയെന്ത് ഭ്രാന്താണീ പറയുന്നത് ? മകന് കുട്ടികളുണ്ടാവില്ലെന്ന കാരണത്താൽ നാൽപത് കഴിഞ്ഞ അമ്മ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന് നാട്ടുകാരെങ്ങാനുമറിഞ്ഞാൽ പിന്നെ എനിക്ക് മനുഷ്യരുടെ മുഖത്ത് നോക്കാൻ കഴിയുമോ ?
മോനേ…നിനക്കുണ്ടായേക്കാവുന്ന അഭിമാനക്ഷതത്തെക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത്, നിൻ്റെ സുസ്ഥിര ഭാവിയ്ക്കാണ്, അത് കൊണ്ട് എൻ്റെ തീരുമാനത്തിൽ നിന്ന് ഞാൻ ഒരടി പോലും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല
അതിന് മറുപടി പറയാൻ വിഷ്ണു, തയ്യാറെടുക്കുമ്പോഴേക്കും, നന്ദന കുളി കഴിഞ്ഞെത്തിയിരുന്നു
പിറ്റേന്ന്, പതിവിലും താമസിച്ചാണ് സുഭദ്ര, ഉറക്കമുണർന്നത്
ഈശ്വരാ…നേരം ഒരു പാട് പുലർന്നല്ലോ ? വാവയ്ക്ക് ഓഫീസിൽ പോകാനുള്ളതല്ലേ? സാധാരണ നന്ദന എഴുന്നേറ്റ് അടുക്കളയിൽ വരുമ്പോഴേക്കും, താൻ പ്രാതലും വാവയ്ക്ക് ഓഫീസിൽ കൊണ്ട് പോകാനുള്ള ചോറും കറികളുമൊക്കെ തയ്യാറാക്കി വച്ചിട്ടുണ്ടാവും, ഇന്നിനി അവൻ ഉച്ചഭക്ഷണം ഹോട്ടലിൽ നിന്ന് കഴിക്കേണ്ടി വരുമല്ലോ ഈശ്വരാ…
കുറ്റബോധത്തോടെ അടുക്കളയിലേക്ക് ധൃതിയിൽ നടന്ന് വന്ന സുഭദ്ര ,ആ കാഴ്ച കണ്ട് സ്തബ്ധയായി നിന്നു പോയി
വിറകടുപ്പിന് മുകളിലിരിക്കുന്ന പുട്ട് കുറ്റിയിൽ നിന്നും, ആവി പറക്കുന്നു ,തൊട്ടപ്പുറത്ത് കുളി കഴിഞ്ഞ് നനഞ്ഞ തലമുടി തുവർത്ത് കൊണ്ട് ചുറ്റിക്കെട്ടിവച്ചിട്ട്, വാട്ടിയ വാഴയിലയിലേക്ക്, നന്ദന കലത്തിലെ ചോറ്, തവി കൊണ്ട് കോരിയിടുന്നു
സുഭദ്രയ്ക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല
മോളേ…നന്ദനേ എന്തായിത്?
ങ്ഹാ അമ്മ ഉണർന്നോ? ഞാൻ അമ്മയ്ക്ക് കാപ്പിയെടുത്ത് തരാം
കാപ്പിയൊന്നും ഇപ്പോൾ വേണ്ട മോളേ ?എന്താ നിനക്കൊരു മാറ്റം ?
മാറ്റം എനിക്കല്ലമ്മേ…അമ്മയുടെ മകനാണ്. കല്യാണം കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം, ഇന്നലെയായിരുന്നു ഞങ്ങളുടെ ആദ്യരാത്രി…
അത് പറഞ്ഞ് തീരുന്നതിന് മുമ്പ്, നാണം കൊണ്ട് നന്ദനയുടെ കപോലങ്ങൾ ചുവന്ന് തുടുത്തു.
അത് കേട്ട്, സുഭദ്ര നെഞ്ചിൽ കൈവച്ച്, കണ്ണടച്ച് ദൈവത്തിന് നന്ദി പറഞ്ഞു.
~സജി തൈപ്പറമ്പ്