കല്യാണം ആലോചിച്ചു വന്നപ്പോൾ എന്തായിരുന്നു ഇയാൾ പറഞ്ഞത് എന്ന് ചോദിക്ക് നന്ദേട്ട ചോദിക്ക്…

മനസ്സോടെ…

Story written by Ammu Santhosh

===========

“കല്യാണം ആലോചിച്ചു വന്നപ്പോൾ എന്തായിരുന്നു ഇയാൾ പറഞ്ഞത് എന്ന് ചോദിക്ക് നന്ദേട്ട ചോദിക്ക് ” സുനി കത്തിക്കയറി

നന്ദൻ അരവിന്ദിനെ നോക്കി

“എന്താടാ പറഞ്ഞത്?”

“ആ എന്തെല്ലാം പറഞ്ഞു കാണും. എനിക്കൊർമയില്ല “

അവൻ അലസമായി പറഞ്ഞു

“അവന് ഓർമയില്ലന്ന്..” നന്ദൻ തിരിഞ്ഞു

“പക്ഷെ എനിക്കൊർമ്മയുണ്ട്. ഇത് വരെ നടന്ന പോലല്ല കൃത്യമായി ജോലിക്ക് പൊയ്ക്കോളാമെന്ന്. ഇതിപ്പോ ജോലിക്ക് പോകത്തില്ല. എന്റെ കാശ് മേടിച്ചു സുഖം പിടിച്ചു ഇരിക്കുവാ “

“എന്തൊരു തോൽവി ആണെടാ നീ? ആണുങ്ങൾ ആരെങ്കിലും ഭാര്യയുടെ കാശ് കൊണ്ട് ജീവിച്ചേക്കാം എന്ന് കരുതുമോ?”

“അപ്പൊ പെണ്ണുങ്ങൾക്ക്‌ അങ്ങനെ ചിന്തിക്കാമോ?എത്ര പെണ്ണുങ്ങൾ ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നു.?”

അവൻ ചോദിച്ചു

“നിങ്ങളുടെ ഭാര്യയായ ഞാൻ അങ്ങനെ ആണോ? അല്ലല്ലോ..കണ്ട പെണ്ണുങ്ങളുടെ കാര്യം ഇവിടെ പറയണ്ട ” അവൾ ചീറി

“എടാ ജോലിക്ക് പോകണ്ടേ?”

“അതിന് മാന്യമായ ഒരു ജോലി വേണ്ടേ?”

അവൻ തല ചൊറിഞ്ഞു

“മാന്യമായ ജോലി എന്ന് വെച്ചാ എന്താണാവോ ഭവാൻ ഉദേശിച്ചത്‌?”

അവൾ പരിഹാസത്തിൽ ചോദിച്ചു

“പുച്ഛം..കണ്ടോ പുച്ഛം..” അവൻ കൈ ചൂണ്ടി

“അല്ല പ്ലസ് ടു മാത്രം ഉള്ള ഒരുത്തനു ഇതിലും മാന്യമായ എന്ത് ജോലിയാ കിട്ടുക? നന്ദേട്ടൻ പറ..അച്ഛൻ അച്ഛന്റെ പച്ചക്കറിക്കട കൊടുക്കാൻ തയ്യാറാണ്. നോക്കി നടത്തിയ മതി. അച്ഛന് ഹാർട്ടിനു അസുഖം ഉള്ളതല്ലേ.? ഇനി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ.” അവൾ പറഞ്ഞു

“പച്ചക്കറിക്കട നടത്താൻ എനിക്ക് വയ്യ..വേറെ വല്ലോം കിട്ടുമോ എന്ന് നോക്കട്ടെ “

“ദേ നന്ദേട്ടാ ഇതാണ് ലൈൻ..ഒരു ജോലിക്ക് പോവില്ല. ശമ്പളം കിട്ടുന്ന ദിവസം ഓഫീസിന്റെ മുന്നിൽ കാണും..ചിരിച്ചു ചിരിച്ചു അതും വാങ്ങി പോകും..പിന്നെ കുറച്ചു കിട്ടിയാലായി ഇല്ലെങ്കിലായി..എനിക്ക് മടുത്തു. അപ്പൊ ശരി. ഞാൻ പോവാ..കോടതിയിൽ കാണാം…എന്റെ ശമ്പളം കൊണ്ട് ജീവിക്കാം എന്ന് കരുതി വെറുതെ ഉണ്ടും ഉറങ്ങിയും ജീവിതം കളയുന്ന ഒരുത്തനെ എനിക്ക് വേണ്ട…പിന്നെ പറഞ്ഞില്ലാന്നു വേണ്ട..രണ്ടു മാസം പ്രായം ആയ കൊച്ചൊന്നു വയറ്റിൽ ഉണ്ട്. വീട്ടിലോട്ട് പോകുന്ന വഴി ആശുപത്രിയിൽ കേറി അത് കൂടെ കളഞ്ഞിട്ടേ ഞാൻ പോകു “

അവൻ ഞെട്ടി

“ങേ..പ്രെഗ്നന്റ് ആണോ.?”

“പ്രെഗ്നന്റ് ആണോ?” അത് നന്ദന്റെ വക

“അതെ.ഇന്നും കൂടി ഞാൻ പ്രെഗ്നന്റാ. നാളെ ഫ്രീ ആകും. ഞാൻ ഡോക്ടർ രേഖയോട് എല്ലാം പറഞ്ഞിട്ടുണ്ട്. അപ്പൊ ശരി”

അവൾ എഴുന്നേറ്റു

ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറുകയാണ്

എന്റെ കുഞ്ഞ്..

അവന്റെ തൊണ്ടയിൽ എന്തൊ വന്നു വിങ്ങി കഴച്ചു.

“ഞാൻ ജോലിക്ക് പൊക്കോളാം ” അവൻ ചാടിയെഴുനേറ്റു

“വേണ്ട…പച്ചക്കറിക്കടയിലെ ജോലിക്ക് മാന്യത ഇല്ല. നിങ്ങളുടെ അന്തസ്സിന് ചേരുന്ന പണി കിട്ടുമ്പോൾ പോയാൽ മതി “

“നന്ദേട്ടാ പറ…എടീ അബോർഷൻ പാപമാണ്ന്ന് ..”

“നിങ്ങളുടെ കുഞ്ഞായി ജീവിക്കുന്നതിലും വലിയ നരകം ഉണ്ടോ?”

നന്ദൻ നിസഹായനായി ഇവരുടെ കല്യാണം നടത്തി കൊടുക്കാൻ തോന്നിയത് ഏത് കഷ്ടകാലം പിടിച്ച സമയത്താ ഭഗവാനെ!

“എന്റെ സുനി നീ ഒന്നുടെ ചിന്തിക്കുക ” നന്ദൻ പറഞ്ഞു

“എന്റെ സുനിയോ?”

അവൾ തുറിച്ചു നോക്കി

“അല്ല ഇവന്റെ സുനി” നന്ദൻ വിക്കി

“ഇങ്ങേരുടെ സുനിയോ?ഞാനോ?”

“അയ്യോ ആരുടെയെങ്കിലും സുനി..പോരെ..എന്റെ കൊച്ചേ നി ഒന്നുടെ ആലോചിച്ചു നോക്കിക്കോ ഇവൻ ജോലിക്ക് പോകുമെന്നല്ലേ പറയുന്നത്? പോകാൻ ഒരു അവസരം കൊടുക്ക് “

“അയ്യോടാ അവസരം കൊടുത്താൽ പോകുന്ന ഒരാൾ..പിന്നെ എനിക്ക് അബോർഷൻ ചെയ്യാൻ പറ്റില്ല. ഒടുവിൽ ഇയാൾ എന്റെ തലയിൽ തന്നെ വരും..ഞാൻ പോവാ “

അരവിന്ദ് മുന്നോട്ടു നീങ്ങി അവളുടെ മുന്നിൽ ചെന്നു കുനിഞ്ഞു

“അയ്യോ ” അവൾ പിന്നോട്ട് മാറി

“കാലിൽ പിടിക്കാൻ വന്നതാ..കാല് പിടിക്കാം. പോവരുത്. ഞാൻ ജോലിക്ക് പോകും. എന്റെ കുഞ്ഞിനാണെ സത്യം..നിനക്ക് അറിയാല്ലോ എന്റെ കുടുംബത്തിൽ ഒരു കുഞ്ഞില്ല..ചേട്ടന് കുഞ്ഞില്ല. ചേച്ചിക്ക് കുഞ്ഞില്ല. അമ്മയ്ക്കും അച്ഛനും എന്ത് സന്തോഷം ആകും..നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം..”

“ഉറപ്പാണോ?”

“എന്റെ ദൈവത്തിനാണ് സത്യം “

നന്ദൻ നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു

“പക്ഷെ ഞാൻ ഇപ്പൊ പോവാ ഒരു രണ്ടു മാസം കഴിഞ്ഞു വരാം..”

“അങ്ങനെ പറയല്ലേ…ഞാൻ ജോലിക്ക് പോവുന്നത് നിനക്ക് കാണണ്ടേ?”

അവളുടെ ചുണ്ടിൽ ഒരു ചിരി വന്നു..

“ഞാൻ പൊയ്ക്കോളാം..പച്ചക്കറിക്കട നടത്തിയാൽ പോരെ? നല്ല അന്തസ്സുള്ള ജോലിയല്ലേ നന്ദേട്ട അത്. തക്കാളിക്കൊക്കെ എന്താ വില..!”

“ഇനി എന്നെ വെറുതെ പോലും രണ്ടു പേരും വിളിക്കരുത്..ഞാൻ ഈ സേവനം അവസാനിപ്പിക്കുക…നിന്റെയൊക്കെ വഴക്ക് തീർത്തു വരുമ്പോൾ എന്റെ ഭാര്യ എന്നെ ഡിവോഴ്സ് ചെയ്യും…കേട്ടല്ലോ “

നന്ദൻ ഇറങ്ങി പോയി..

“അമ്മയും അച്ഛനും ഇവിടെ ഇല്ലാഞ്ഞത് നന്നായി..അല്ലെ വഴക്ക്‌ അവർ കൂടി കേട്ടെനെ “

അവൻ പുഞ്ചിരിയോടെ പറഞ്ഞു

അവൾക്ക് ചിരി വന്നു

ഈ ബുദ്ധി പറഞ്ഞു തന്നത് അവന്റെ അമ്മയാണെന്ന് അവൾ പറഞ്ഞില്ല

“എന്റെ മോളെ ഇതാണ് പറ്റിയ അവസരം.പെണ്ണിന്റെ കയ്യിൽ ഉള്ള ബ്രഹ്മാസ്ത്രം. നി ധൈര്യമായി പ്രയോഗിച്ചോ. ഞാൻ ഉണ്ട് കൂടെ..എനിക്ക് അറിയാം നിനക്ക് അവനെ ജീവനാണെന്ന്. പക്ഷെ ജീവിക്കാൻ അത് പോരാ.. “

അമ്മ പറഞ്ഞത് അവൾ ഓർത്തു

“നിനക്ക് കൊതി എന്തെങ്കിലും ഉണ്ടോ? മാങ്ങാ മസാലദോശ…ഞാൻ വാങ്ങി വരാം..”

“അതിന് കാശ് ഉണ്ടോ..?”

“നിന്റെ കയ്യിൽ വാങ്ങിച്ചതിന്റ ബാക്കി” അവൻ ചമ്മലോടെ ചിരിച്ചു

“എനിക്ക് കൊതിയുണ്ട്..പക്ഷെ പറയില്ല. നിങ്ങളു ജോലി ചെയ്തു വരുമാനമൊക്കെ ആവുമ്പോൾ പറയും. അന്ന് വാങ്ങി തന്നാ മതി “

അവന്റെ മുഖം വാടി

“അത് തരാം..മാങ്ങാ വല്ലോം ആണെങ്കിൽ ഞാൻ തൊടിയിൽ നിന്ന് പറിച്ചു തരാം..എന്നോട് ക്ഷമി…”

അവൾ ആ മുഖത്തെ ദയനീയതയിലേക്ക് നോക്കി

“അലിയരുത്..വീഴരുത്..അവൻ പലതും പറയും..സ്ട്രോങ്ങ്‌ ആയി നിന്നോണം..ജോലിക്ക് പോയി തുടങ്ങി കഴിഞ്ഞാൽ പൊയ്ക്കോളും..അത് വരെ ബലം പിടിച്ചു നിന്നോണം. അത് വരെ നിന്റെ പ്രേമം അലമാരയിൽ വെച്ചു പൂട്ടിക്കോണം “

അമ്മയുടെ വാക്കുകൾ ഓർത്തപ്പോൾ അവൾ തിരിഞ്ഞു വീടിന്റെ ഉള്ളിലേക്ക് പോയി

അവൻ കുറച്ചു നേരം കൂടി ഇരുന്നിട്ട് സ്വന്തം വീട്ടിലേക്കും പിന്നെ പച്ചക്കറിക്കടയിലേക്കും..

ദിവസങ്ങൾ മാസങ്ങൾ ഒക്കെ കഴിഞ്ഞു പോയി

“എന്താ കൊതി? അത് ഇത് വരെ പറഞ്ഞില്ലല്ലോ “

അവൾ ഒന്ന് ചിരിച്ചു

“എനിക്ക് കൊതി ഒന്നുല്ല വെറുതെ പറഞ്ഞതാ..നിങ്ങൾ ഒന്ന് ജോലിക്ക് പോയി കണ്ട മതി.വേറെ ഒന്നും വേണ്ട..സ്വന്തമായി ജോലി ചെയ്തു കിട്ടുന്നത് തുച്ഛം ആണെങ്കിൽ കൂടി അതിന് ഒരു അന്തസ്സ് ഉണ്ട്…ഏത് ജോലിക്കും അത് ഉണ്ട് “

അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു

“ശര്യാ…”

പിന്നെ കയ്യിൽ ഇരുന്ന കവറിൽ നിന്ന് ഒരു പൊതി എടുത്തു കൊടുത്തു

“ഒരു മുക്കൂത്തിയാ..ചെറുത് ആണ്…കുഞ്ഞത്..പക്ഷെ നീ ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും…ഇടുമോ?”

അവൾ നിറഞ്ഞ കണ്ണുകളോടെ ആ നെഞ്ചിൽ മുഖം അമർത്തി കെട്ടിപിടിച്ചു

“ദേഹത്ത് വിയർപ്പാ കൊച്ചേ കുളിച്ചേച്ച് വരാം “

അവൻ അകന്ന് മാറാൻ ശ്രമിച്ചു

“ഈ വിയർപ്പിന്റെ മണമാ എന്റെ കൊതി… ” അവൾ അടച്ച ശബ്ദത്തിൽ പറഞ്ഞു

അവൻ നേർത്ത ചിരിയോടെ ആ നെറ്റിയിൽ മുഖം അമർത്തി

ജീവിതം…എത്ര ഭാവത്തിലാ മുന്നിലങ്ങനെ പൂവായി വിരിയുന്നത്?