Story written by Indu Rejith
============
ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ…നാക്കെടുക്കാൻ വയ്യത്തതിനെ വീട്ടുകാർ തലേൽ കെട്ടിയവെച്ചതാകുമല്ലേ…അതോ പൂവള്ളിയിലെ സ്വത്തും പണവും കണ്ട് ഈ ബുദ്ധിമാന്റെ മൂളയിൽ ഉദിച്ച ബുദ്ധിയാ ഇത്…എന്തായാലും അടിമുടി ബോറിങ് ആയി തോന്നുവാ എനിക്ക് ഈ ലൈഫ്…
പിങ്കിയുടെ പരിഭവം കേട്ടതും ഗ്ലാസിലൂടെ കാറിന്റെ പിറകിലത്തെ സീറ്റിൽ ഇരുന്ന് ഉറങ്ങുന്ന അമലയിലേക്ക് അയാൾ ഒന്ന് കണ്ണു പായിച്ചു….
നല്ല ഉറക്കമാ ആള്…..
ഉണർന്നിരിക്കുമ്പോൾ പറയാനും എനിക്ക് മടിയൊന്നുമില്ല പപ്പാ….എന്റെ ഫ്രണ്ടിസ്ന്റെ പേരന്റ്സ്ഒക്കെ എന്ത് ഫ്രണ്ട്‌ലി ആണെന്ന് അറിയോ പപ്പയ്ക്ക്…വീട്ടിലിരുന്നാൽ ഒന്നു മിണ്ടീം പറഞ്ഞു ഇരിക്കാൻ പറ്റുമോ എനിക്ക്…അതിനൊക്കെ ഭാഗ്യം വേണം…ഫുൾടൈം അടുക്കള പണി…അത് കഴിഞ്ഞാലോ ഏതെങ്കിലും മാസിക വായിച്ചൊരിരുപ്പ്…അതാ വീട്ടിലേക്ക് വിളിക്കുമ്പോൾ ഞാൻ വരാത്തത്…
അയാൾ വീണ്ടും അമലയേ നോക്കി…
ശരിയാ മോള് പറഞ്ഞത് ചിലപ്പോൾ എനിക്കും അവളത്ര പോരെന്നു തോന്നാറുണ്ട്…നിനക്ക് പറ്റിയൊരമ്മ അല്ല അല്ലിയോ….ഇനിയിപ്പോ വേറൊരമ്മയെ മാറ്റിയെടുക്കാൻ പറ്റില്ലല്ലോ…വിനോദ് മകളുടെ കവിളിൽ തലോടി…ഒന്ന് ചിരിച്ചു….
പെട്ടന്ന് ഫോണിൽ ബെൽ കേട്ടതോടെ പിങ്കി സംസാരം നിർത്തി ഹാൻഡ്‌ബാഗിൽ നിന്ന് ഫോണെടുത്തു….ഫോണിന്റെ കവറിൽ എഴുതിയ വാചകം അയാളെ ആനന്ദിപ്പിച്ചിരിക്കണം…
ഡാഡി’ സ് ഏഞ്ചൽ….പിന്നെ വോൾപേപ്പർ…അതും താനും പിങ്കിയും…
ആരാ മോളെ വിളിച്ചേ…നയന ആണ് പപ്പാ എവിടെയായി എന്ന് തിരക്കാനാകും..ഇനിയിപ്പോ എത്താറായില്ലേ തിരിച്ചു വിളിക്കണില്ല…മോൾടെ ഫോണിൽ അമ്മേടെ ഫോട്ടോ ഒന്നുല്ലേ….
നൈസ് കൊസ്ട്യൻ….ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ടൈമുമാത്രം അമലമേഡത്തിന്റെ ടൈംടേബിളിൽ ഇല്ലെന്ന് ഭർത്താവിന് അറിയില്ലെന്നുണ്ടോ…
അല്ലാതെ നീ അവളെ വിളിക്കാഞ്ഞിട്ടല്ല അല്ല അല്ലെ മോളെ…
അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല….
അമ്മ ചീ ത്തയാ പപ്പാ…സ്നേഹിക്കാൻ അറിയില്ല ആരെയും…അമ്മ ഇങ്ങനെ ഒനും ആയിരുന്നില്ല..ചിലപ്പോൾ അമ്മയേക്കാൾ സുന്ദരി ആയ മകളെ അമ്മയ്ക്ക് ഇഷ്ടമുണ്ടാവില്ല. എന്നോട് അസൂയ അത് തന്നെ…
അയാൾ ഒന്നും മറുപടി പറഞ്ഞില്ല…
അവളുടെ സൗന്ദര്യത്തിൽ എന്തോ അയാൾക്ക് അഭിമാനം തോന്നിയില്ല….
ഹോസ്റ്റൽ എത്താറായി അല്ലെ പപ്പാ……
അവൾ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിപ്പിച്ചിരുന്നു അപ്പോളേക്കും….
ആയി…മോള് അമ്മയെ വിളിക്ക്…നല്ല ഉറക്കമാ….
ഉണർന്നിട്ട് എന്തിനാ…അവിടെ ഉള്ളോരേ കണ്ടാൽ അമ്മ പപ്പയുടെ പിന്നിലേക്ക് മറയും…തനിക്ക് ഒരു കുറവ് ഉണ്ടെങ്കിൽ അത് അംഗീകരിക്കാനുള്ള കഴിവ് കൂടിയില്ല അവർക്ക്…ഇന്ന് കൂടെ പോന്നത് തന്നെ പൂവള്ളി വഴി പോകാന്നു പറഞോണ്ടല്ലേ..അല്ലെങ്കിൽ എന്നെ കൊണ്ടാക്കാൻ എഴുന്നള്ളുന്നത് ചുരുക്കമല്ലേ….
പൂവള്ളി….ഒരിക്കൽ കൂടി അയാൾ ആവർത്തിച്ചു…
നീ നിസ്സാരമായി പറഞ്ഞു തീർത്ത ആ മൂന്നക്ഷരം ആ ഇരിക്കുന്നവളുടെ ആത്മാവ് ആണ് അത് അറിയോ മോൾക്ക്…അയാളുടെ ശബ്ദം പുറത്തേക്കുവന്നിരുന്നില്ല..
എന്താ പപ്പാ…
ഹേയ്…
ഇനി പപ്പാ പറഞ്ഞത് ഞാൻ കേട്ടില്ലെന്ന് വേണ്ടാ…അത്രയ്ക്ക് ഇഷ്ടാ എനിക്കെന്റെ പപ്പയെ…..
ഹലോ…നമ്മൾ എത്തിട്ടോ…അമ്മയെന്നവൾ അവളെ നേരിട്ട് വിളിക്കുന്നത് തന്നെ ചുരുക്കമാണ് അത്കൊണ്ട് ആ വിളിയിൽ അയാൾക്കും പരിഭവം ഉണ്ടായിയിരിക്കില്ല….
അയാൾ തലതിരിച്ചവളെ നോക്കി പുഞ്ചിരിച്ചു…
നല്ല ഉറക്കാരുന്നല്ലോ…ദാ ഈ കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകെന്റെ അമലു…..
പപ്പ അമലു എന്ന് വിളിക്കുമ്പോൾ മാത്രം ആ കവിളിൽ പൊടിയുന്ന ഒരു ചിരിയുണ്ട്…അപ്പോൾ അമ്മയെ കാണാൻ വല്ലാത്തൊരു ചന്തമാണ്…എന്നെക്കാളും ചന്തം…ആ ചന്തം എനിക്കിഷ്ടല്ല അതോണ്ട് പപ്പയുടെ അമലു വിളിയും രസിക്കാറില്ല…..
നിങ്ങൾ ഇറങ്ങിക്കോ..ഞാൻ വരുവാ…
കാറിൽ നിന്ന് ഇറങ്ങി അയാൾ…അവൾ ഡോർ തുറന്നിറങ്ങി മുഖം കഴുകുന്നത് വരെ കാത്തു നിന്നു…ഒരു കൈയിൽ പിങ്കിയുടെ ബാഗും സാധനങ്ങളും എടുത്തു..മറ്റേ കൈ അയാൾ അമലയ്ക്ക് നേരെ നീട്ടി…വീണ്ടും ആ ചിരി അമലയുടെ മുഖത്ത് വിരിഞ്ഞു വന്നു…അവൾ വെളുത്തു നീണ്ടഅവളുടെ വിരലുകൾ അയാളുടെ വിരലുകളിൽ കൊരുത്തു..
പപ്പയ്ക്ക് ഈ ഷോ നിർത്താറായില്ലേ…മറ്റുകുട്ട്യോൾ കണ്ടാൽ എന്നെ കളിയാക്കാൻ ഇത് മതി…
അല്ലാ ഞാൻ നിന്റെ അമ്മയുടെ കൈയിൽ പിടിച്ചല്ലേ എപ്പോളും നടക്കാറ് അല്ലാതെ ഞങ്ങളെ കണ്ടിട്ടുണ്ടോ നീയ്…എന്നിട്ടിന്നിന്നെന്താ ഒരു പുതുമ..
കോളേജ് പിള്ളേർടെ കമന്റടി കേൾക്കണ്ടത് ഞാനാ, അതൊന്നും അറിയാഞ്ഞിട്ടാ നിങ്ങൾ…അമ്മ പപ്പയോട് കാട്ടണസ്നേഹത്തിന്റെ ഒരു തരി എനിക്ക് തരാറുണ്ടോ…ഇവിടെ നിന്നാ മതി നിങ്ങൾ ബാഗൊക്കെ ഞാൻ കൊണ്ടോയി വെച്ചോളാം…
പൂവള്ളിക്ക് വരുന്നുണ്ടോ നീയ് വരുന്നുണ്ടേ വൈകിട്ട് കൊണ്ടാക്കാരുന്നു….
എന്തിനാ പൂവള്ളിയിലെ പൊട്ടികൊച്ചിന്റെ മോള് വന്നെന്ന് അയലത്തുകാരെകൊണ്ട് പറയിച്ചെന്നെ നാണം കെടുത്താനാ….
നിർബന്ധിക്കാൻ തോന്നിയില്ല ഒറ്റമോളല്ലേ കൊഞ്ചിച്ചു വഷളാക്കിയതും താൻ തന്നെ ആണ്. സ്ഥാലകാലബോധമില്ലാതെ വായിൽ വരുന്നത് പറയും അവൾ..അയാൾ അമലയെ നോക്കി…അവളുടെ കണ്ണും ഹോസ്റ്റലിൽന് മുന്നിലെ പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളുടെ പിന്നാലെ ആണെന്ന് അയാൾക്ക് തോന്നി….
അമലു….
സുന്ദരമായ മിഴികളുയർത്തി പിരികക്കൊടി ഒന്ന് പൊക്കി എന്തെ എന്നവൾ ചോദിച്ചു…അവള് പറഞ്ഞത് താൻ കേട്ടില്ലേ..സാരമില്ല അവൾ കുട്ടിയല്ലേ…എന്നവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു…ഇത്രയും അവളെ സ്നേഹിക്കുന്ന തന്നെ ആ കുട്ടി എന്താടോ മനസിലാക്കാത്തെ…
തനിക്ക് അകത്തേക്ക് പോകാൻ ഇഷ്ടമല്ലെന്ന് എനിക്ക് അറിയാം കേട്ടോ…
തലയൊന്ന് തിരിച്ച് അങ്ങനെ ഒന്നുമില്ലെന്നവർ പറയാതെ പറഞ്ഞു…..
കുറച്ചു കഴിഞ്ഞപ്പോൾ പിങ്കി വെളിയിലേക്ക് ഇറങ്ങി വന്നു. വാ പപ്പാ ഫ്രണ്ടിസിനു കാണണം എന്ന്…പപ്പാ മാത്രം വന്നാമതി….
അമല അയാളെ പിന്നിൽ നിന്നും മുന്നോട്ട് തള്ളി അവളോടൊപ്പം പോകാൻ പറഞ്ഞു…
ഇല്ലില്ല താനില്ലാതെ ഞാൻ പോകില്ല..മോളൊരു കാര്യം ചെയ്യൂ…ഫ്രണ്ട്സിനോട് ഇങ്ങോട്ട് വരാൻ പറ….
ഹേയ് അത് വേണ്ടാ….
അത് എന്താ ഇവിടെ വന്നാൽ അവർക്ക് അമ്മയേം പരിചയപ്പെടാല്ലോ…
കൊണ്ടുവന്നിട്ട് എന്തിനാ ഈ നാക്കെടുക്കാത്ത ത്തള്ളയെ കാണിച്ചു നാണം കെടാനോ…
അയാൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി…എങ്കിലും എല്ലാം ഉള്ളിലൊതുക്കി അയാൾ പിങ്കിയോട് സംസാരിച്ചു…പിങ്കി പോയ് ഫ്രണ്ട്സിനെ എല്ലാം കൂട്ടികൊണ്ട് വരാൻ വെറുതേ എന്റെ ക്ഷമ പരീക്ഷിക്കരുത്…..
പപ്പാ പറഞ്ഞോണ്ട് മാത്രം ഓക്കേ…ദേ നിങ്ങൾ ജയിച്ചൂന് കരുതണ്ട..അമലുവിന് നേരെ ചൂണ്ടിയവിരൽ പിടിച്ചൊടിക്കാൻ തോന്നിയിട്ടും അയാൾ സംയമനം പാലിച്ചു..
ഫ്രണ്ട്സിനെയും കൊണ്ടുവന്ന് അവൾ ഓരോത്തരെ പരിചയപ്പെടാൻ തുടങ്ങി….
ഇത് എന്റെ പപ്പാ…ഇത് അമ്മാ…
നീ ഇവളെ പൊട്ടിത്തള്ള എന്നല്ലേ വിളിക്കാറ് ഇന്നെന്താ ഒരു പുതുമ..ഈ കുട്ടികളെ ബോധിപ്പിക്കാനാ..പിങ്കിയുടെ മുഖത്ത് ഭാവവ്യത്യാസം തെളിഞ്ഞിരുന്നു….
അമ്മയെ നീ അങ്ങനെയാ വിളിക്കാറ്…നയനയുടെ ചോദ്യം കേട്ടതും…അവൾ പൊട്ടിത്തെറിച്ചു…
നീ എന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ വന്നേക്കരുത്….
മോളെ നയനെ…നീ ഒന്നും പറയണ്ട നാക്കിനു ലൈസൻസ് ഇല്ലാത്ത കുട്ട്യാ എന്റെ പിങ്കി…ഗംഗാസ്നാനം നടത്തിയാലും നാറ്റം പോകില്ല…
അമല അയാളെ വിലക്കാൻ തുടങ്ങി…
ഇല്ല അമലു ഇനി എനിക്ക് ഇത് വെച്ചു പൊറുപ്പിക്കാൻ പറ്റില്ല…നീയെന്താ കല്ലിൽ തീർത്ത ജന്മം ആണോ..അവളെ നൊന്ത് പെറ്റ് ഇത്രത്തോളം എത്തിച്ചാവളല്ലേ..ഇന്ന് നിന്റെ പേര് പറയുമ്പോൾ മാത്രം ഇവൾക്ക് ഇത്രയും ഉളുപ്പും അറപ്പും എന്തിനാണ്….
പപ്പാ…എന്നെ നാണം കെടുത്തിയാൽ ഉണ്ടല്ലോ…
അയാൾ മകളുടെ ഇരു കവിളത്തും ആഞ്ഞടിച്ചു…നുള്ളിനോവിച്ചിട്ടില്ല നിന്നെ ഞാൻ…അതിനു നിന്റമ്മ സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം…നീ പറഞ്ഞല്ലോ…പൂവള്ളിയിലേക്ക് പോകുന്നുന്നത് കൊണ്ടാണ് അവൾ കൂടെ വന്നതെന്ന്…നിന്നെ കൊണ്ടാക്കിമടങ്ങുമ്പോൾ കാറിൽ ഇരുന്നു കണ്ണീർ പൊഴിക്കുന്ന ഒരു മിണ്ടപ്രാണിയെ നിനക്ക് അറിയില്ല…പക്ഷേ എനിക്കറിയാം ആ നോവ് എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ് കൂടെ കൂട്ടാത്തത്…അറിഞ്ഞിരുന്നോ നീയ്…നിങ്ങക്ക് അറിയോ കുട്ടികളെ വീട്ടിൽ വന്നാൽ ചിരിച്ചമുഖത്തൊടിവൾ ഇവളുടെ മുഖത്ത് നോക്കില്ല…നല്ലത് വെച്ചുണ്ടാക്കി കൊടുത്താൽ സന്തോഷത്തോടെ ഒരു വാക്ക് പറയില്ല…എന്നിട്ട് പ ഴി മുഴുവനും അവൾക്കും….
പിങ്കിയുടെ കരിനീലിച്ച കവിളിൽ കോപം പൊന്തിവന്നുകൊണ്ടിരുന്നു…
തല്ലിയാൽ നന്നാവും എന്ന തോന്നലൊന്നും എനിക്കില്ല…വേണോങ്കിൽ ഇത് എനിക്ക് വീട്ടിൽ വച്ചേ ആകാമായിരുന്നു…പക്ഷേ ഇത് എവിടെ വരെ പോകുമെന്ന് ഞാനൊന്ന് പരീക്ഷിച്ചു…പരീക്ഷണത്തിൽ ഞങ്ങളുടെ മകൾ തന്നെ ജയിച്ചു..അതിനുള്ള മെഡൽ ആണിപ്പോൾ കൊടുത്തത്…..
ഞാൻ കാണിച്ചിത്തരുന്നുണ്ട് നിങ്ങക്ക്…
ചാവുമെന്നാണോ…പേടിപ്പിക്കുന്നെ നീ..എങ്കിൽ ചാകടി സ്വന്തം ത ന്തയേം ത ള്ളയേം മനസിലാക്കാത്ത ശ വമേ….
അമലു പൊട്ടിക്കരഞ്ഞു കൊണ്ട് പിങ്കിയെ കെട്ടിപ്പിടിക്കാൻ ഒരുങ്ങി….
അമലു…തൊട്ട് പോകരുത് അവളെ…കാറിൽ കയറ് നമുക്ക് പോകാം…..
അമലയുടെ കണ്ണുകൾ മകളുടെ കണ്ണിലെ കണ്ണുനീരിനെ ഒപ്പിയെടുത്തു കൊണ്ടിരുന്നു..അമലു വരാൻ കാറിൽ കയറാൻ….
പിങ്കി നിനക്ക് നന്നാവാൻ ആണ് ഭാവമെങ്കിൽ വന്ന് കേറിക്കോ പൂവള്ളിയിൽ വരെ പോയി മനസ്സൊന്നു ഫ്രഷാക്കി വരാം…അവൾ വരില്ലെന്ന് ആംഗ്യം കാട്ടി അമല അയാളുടെ നെഞ്ചിൽ വീണു കണ്ണുനീർ പൊടിച്ചു..എങ്ങനെയൊക്കെയോ അവർ കാറിൽ കയറി..
എന്റെ കുഞ്ഞ് എന്തെങ്കിലും ചെയ്യുമെന്നവൾ അവളുടെ ഭാഷയിൽ അയാളോട് പറഞ്ഞു കൊണ്ടേ ഇരുന്നു…
കാർ സ്റ്റാർട്ട് ചെയ്തതും ഡോർ തുറന്ന് അവൾ കാറിന്റെ മുൻ സീറ്റിൽ കയറി…പരസ്പരം ഒന്നും മിണ്ടാതെയുള്ള ആ യാത്ര പൂവള്ളിയിൽ അവസാനിച്ചു…
കണ്ണു തുടച്ച് ആദ്യം പുറത്തേക്ക് ഇറങ്ങിയത് അമലയാണ്…അയാളുടെ കൈകൾ പിടിക്കാതേ…ചരടുപൊട്ടിയ പട്ടം കണക്കെ അവൾ ഉരുളൻ കല്ലുകളുള്ള മുറ്റത്തൂടെ നഗ്നപാദയായി മുന്നോട്ട് നടന്നു…
പിങ്കി നീ പറഞ്ഞില്ലേ..നിന്റെ അമ്മ നാക്കെടുക്കാത്തവൾ ആണ്…ചിരിക്കാത്തവൾ ആണ്…ചീത്തയാണ് എന്നൊക്കെ..ദാ ഇവിടെ ഈ പടവിൽ ഇരുന്നാൽ നിനക്ക് കാണാം യഥാർത്ഥ അമലയെ….
മുന്നോട്ട് നടന്നകലുന്ന ആ ശരീരം ഒരിക്കൽ പോലും അവരെ ഒന്ന് തിരിഞ്ഞു നോക്കിയില്ല…അമലയെ കണ്ടതും തൊഴുത്തിലെ പൂവാലി നീട്ടികരഞ്ഞു…അവ്യക്തമായ ഒരു ശബ്ദം മറുപടി എന്നപോൽ അമലയിൽ നിന്നുയർന്നപ്പോൾ പിങ്കി ഒന്ന് ഞെട്ടി…
മോളെ….അവൾ സംസാരിക്കാത്തവൾ ആയിട്ടല്ല നീ സംസാരിച്ചാലല്ലേ അവൾക്ക് ശബ്ദം ഉണ്ടാകു…ആ നാൾക്കാലിക്ക് ആരെങ്കിലും പറഞ്ഞു കൊടുത്ത അറിവാ അത് അല്ലാ..നമ്മൾ വേണ്ടേ കൂടെ ഉള്ളവരുടെ കുറവുകൾ മനസിലാക്കി കൂടെ നിർത്തേണ്ടത്…അമല നിനക്ക് അന്യയാണോ അമ്മയല്ലേ…അവളുടെ പഴയ അഴകിന്റെ ഒരു തരിപോലും നിനക്ക് കിട്ടിയിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ നീ…പിന്നെ എന്നോട് ചോദിച്ചില്ലേ സ്ത്രീധനം മോഹിച്ചാണോ അമ്മയെ കല്യാണം കഴിച്ചതെന്നു…ഒരിക്കലുമല്ല അവളുടെ പിന്നാലെ നടന്ന നാളിൽ എന്നോ നാവിൽ വീണതാ അമലു എന്നവിളി ആ വിളിക്ക് ഇന്നോളം ചന്തമൊട്ടും കുറച്ചിട്ടില്ല അച്ഛൻ…..
അയാൾ മകളുടെ കൈ പിടിച്ച് അമലയുടെ പിന്നാലെ നടന്നു…മുത്തശ്ശിയോടും ചിറ്റയോടും അയൽക്കാരോടും നിറഞ്ഞ ചിരിയോടെ ഇടപഴകുന്ന അമലയുടെ മുഖം അവളിൽ അത്ഭുതം നിറച്ചു…ഇത് പോലമ്മയെ കണ്ടിട്ടേ ഇല്ല ഞാൻ…അല്ലാ കാണാൻ ശ്രമിച്ചില്ല അതാ ശെരി…..
വൈകുന്നേരം വരെയും അമല മറ്റൊരു ലോകത്ത് ആയിരുന്നു..
തിരികെ പോകാനായി കാറിൽ കയറാൻ തുടങ്ങിയതും പിങ്കി കാറിന്റെ പിൻസീറ്റിലിരുന്നു…ആദ്യമായ് അമ്മയോടൊപ്പം..ആദ്യം അമല ഒന്ന് ഞെട്ടിയിരുന്നു..അവൾ തന്റെ മുഖം അമ്മയുടെ മടിയിൽ ചായ്ച്ചു കിടന്നു…പിന്നെപ്പോഴോ കൈകൊണ്ടവൾ കാൽവിരലുകളിൽ എത്തിപിടിച്ച് മാപ്പിരന്നുകൊണ്ടിരുന്നു..അമലയുടെ കണ്ണീർ തുള്ളികൾ മകളുടെ കവിളിൽ കരിനീലിച്ച പാടുകളിൽ തളം കെട്ടികിടന്നു..
അമലു..വിളികേട്ടതും അവളൊന്ന് ഞെട്ടി…
പപ്പയല്ല ഞാനാ….പപ്പ വിളിച്ചാലേ ഇഷ്ടപ്പെടു…ഇനി ഞാനും അങ്ങനെ വിളിക്കു…അമലു…അവൾ പിന്നെയും വിളിച്ചു….
കണ്ണിൽ ആനന്ദത്തിന്റെ നനവ് പടർന്നിട്ടാവണം മുന്നിലെ ഗ്ലാസിലൂടെ നോക്കിയിട്ടും അയാൾക്ക് പിൻസീറ്റിലെ കാഴ്ചകാണാനാകാഞ്ഞത്…
ശുഭം