ഭദ്രകാളി
Story written by Jisha Raheesh
============
“എടാ വിനുവേ നീയറിഞ്ഞോ അപ്രത്തെ ഗൗരിയ്ക്ക് ബാധ കേറീന്ന്..”
വിമലയുടെ ശബ്ദം കേട്ടതും, ഞായറാഴ്ച രാവിലത്തെ സുഖകരമായ ഉറക്കത്തിന്റെ ആലസ്യം വിനുവിനെ വിട്ടൊഴിഞ്ഞു പോയിരുന്നു…
ഈശ്വരാ..പണി പാളിയാ..
“അമ്മ വല്ലോം പറഞ്ഞായിരുന്നോ…?”
പുതപ്പ് വലിച്ചു മാറ്റി എഴുന്നേൽക്കുന്നതിനിടയിൽ, ഉള്ളിലെ ആകാംക്ഷ തെല്ലും പുറത്തു കാട്ടാതെ വിനു വിളിച്ചു ചോദിച്ചു…
സാധാരണ ഒരു ബക്കറ്റ് വെള്ളം ദേഹത്ത് ഒഴിച്ചാലും, അതും തുടച്ചേച്ചു വീണ്ടും പോയിക്കിടന്നുറങ്ങുന്നവനാണ്…
വിമല അവനെ ഒന്ന് തറപ്പിച്ചു നോക്കി…
“അതേടാ..ആ കുരുത്തം കെട്ട പെണ്ണിന്റെ ദേഹത്ത് എന്തോ ബാധ കൂടീന്നോ, ഒഴിപ്പിക്കാനായിട്ട് പൂജേo മന്ത്രോമൊക്കെ നടത്താൻ പോവാണൊന്നൊക്കെ കേട്ടു…ഒച്ചപ്പാടും ബഹളവുമൊക്കെയാണെന്ന്…കല്യാണം അന്വേഷിച്ചു വന്ന രണ്ടു കൂട്ടരാ മടങ്ങിയത്..”
വിമല ആവേശത്തോടെ പറഞ്ഞു..
അയൽക്കാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല..മുട്ടൻ വഴക്കാണ് അമ്മയും അവരും തമ്മിൽ..ചുരുളിയെ വെല്ലുന്ന പല പദ പ്രയോഗങ്ങളും താൻ പഠിച്ചതും ആ വഴക്കിനിടയിൽ നിന്നാണന്നവൻ തെല്ല് ഉൾപ്പുളകത്തോടെ ഓർത്തു…
ദേവ്യേ….കഴിഞ്ഞയാഴ്ചയും, കലുങ്കിൽ, ഇരുന്നവളെ കമന്റടിച്ചതിനു കല്ലെടുത്തെറിഞ്ഞതാണ് കുരിപ്പ്…
“അല്ലാ അമ്മേ..ദേഹോപദ്രവം വല്ലോം ഉണ്ടോ..? “
“ഉം…”
അമ്മയൊന്ന് അമർത്തി മൂളി…വിനുന്റെ ഉള്ളൊന്നാളി…ബുദ്ധിയും വിവരോം ഇല്ലാത്ത പെണ്ണാണ്..അല്ലെങ്കിലേ അവൾക്കെന്നെ കണ്ണിന് മുൻപിൽ കണ്ടൂടാ…
“ഇന്നലെ രാവിലെ സരസു ചേച്ചി അവടേ ചെന്നിരുന്നത്രെ..അടുക്കളപ്പുറത്തു രമയുമായി സംസാരിച്ചോണ്ടിരിക്കുന്നതിനിടെ ആ പെണ്ണ് തീക്കൊള്ളിയെടുത്തെറിഞ്ഞൂന്ന്..കയ്യിൽ നല്ലൊരു പൊള്ളലുണ്ട്…”
ഹാ പഷ്ട്…അത് കലക്കി..അല്ലേലും ആ പരദൂഷണം തള്ളയ്ക്ക് ഒരു പൊള്ളലിന്റെ കുറവുണ്ടായിരുന്നു..സ്വന്തമായി, ചൊവ്വല്ലാത്ത സന്താനങ്ങൾ മൂന്നാലെണ്ണം ഉണ്ടെങ്കിലും, നാട്ടുകാരുടെ പിള്ളേരുടെ കുറ്റോം കൊറവും പറഞ്ഞു നടക്കലാണ്, അവരുടെ വിശ്രമവേളകൾ ആനന്ദകരമാക്കാനുള്ള മാർഗ്ഗം…
“അല്ലമ്മേ…പെട്ടെന്നിപ്പോ ഇങ്ങനെ വരാൻ…”
“പെട്ടെന്നൊന്നും അല്ലെടാ..”
വിമല ശബ്ദം കുറച്ചു, രഹസ്യം പറയുന്നത് പോലെ പറഞ്ഞതും വിനോദ് അമ്മയുടെ വാക്കുകൾക്കായി കാതോർത്തു…
“ആ പെണ്ണിന് എന്തോ ഒരു കുഴപ്പണ്ട്..മുന്നേ തന്നെ എനിക്കത് തോന്നിയതാ..ഭദ്രകാളി..തള്ളയെക്കാൾ കാഞ്ഞ വിത്താ അത്….”
ഒരിക്കൽ, അവരുടെ പറമ്പിലെ പ്ലാവിലെ ഇലകൾ മുഴുവനും, ഞങ്ങടെ മുറ്റത്താണ് വീഴുന്നതെന്നും പറഞ്ഞു, അപ്പുറത്തെ മുറ്റം അടിച്ചു വാരുന്ന പെണ്ണിനെ, ഒരു കാര്യവുമില്ലാതെ അമ്മ വെറുതെ ഒന്ന് ചൊറിയാൻ പോയതാ..ചൂലുമായി തിരിഞ്ഞു നിന്ന് നല്ലത് നാലു പറഞ്ഞു..അവള് കേറി മാന്തിയപ്പോൾ അമ്മ പത്തിയും മടക്കി തോറ്റു പിന്മാറുന്നത് ഞാൻ കണ്ടതാ…
അന്ന് തൊടങ്ങി അമ്മയ്ക്ക് ഗൗരിയോട് ഇത്തിരി പേടി കലർന്ന ദേഷ്യവും എനിക്ക് ആരാധനയുമാണ്…
തീക്കൊള്ളിയാണെന്ന് അറിയാവുന്നത് കൊണ്ട്, നേരിട്ട് മുട്ടാൻ നിക്കാതെ, മനസ്സറിയിക്കാൻ, പണി പതിനെട്ടും നോക്കിയിട്ടും പെണ്ണ് അടുപ്പിച്ചിട്ടില്ല…
അമ്മയും രമേച്ചിയും പണ്ട് വല്യ കൂട്ടുകാരികളായിരുന്നു..ഒരുമിച്ചു കളിച്ചു വളർന്ന രണ്ടാളും പ്രേമിച്ചതും ഒരുത്തനെ..ഗൗരിയുടെ അമ്മയ്ക്ക് ഇച്ചിരി കുബുദ്ധി കൂടുതൽ ആയിരുന്നത് കൊണ്ട് അയാളെ വളച്ചെടുത്തു അവരങ്ങ് കെട്ടി…
കുറച്ചു കാലം മോഹഭംഗവുമായി നടന്നെങ്കിലും ഗൗരിയുടെ അച്ഛന്റെ ആത്മാർത്ഥസുഹൃത്തും സ്കൂൾ മാഷുമായ ബാലനെ കെട്ടി അമ്മയും നിരാശാകാമുകിയിൽ നിന്നും വീട്ടമ്മയുടെ റോളിലെത്തി….
ആത്മാർത്ഥ സുഹൃത്തുക്കൾ ബദ്ധവൈരികളായത്, അയൽക്കാരായ ഭർത്താക്കന്മാർ അറിഞ്ഞത് പിന്നീടായിരുന്നു…
തരം കിട്ടുമ്പോഴൊക്കെ,.ഒരു കാര്യവുമില്ലാതെ, പരസ്പരം ചൊറിയലും മാന്തലുമാണ് ഇരുവരുടെയും ഇഷ്ടവിനോദം..പതിയെ പതിയെ, ഇത് നിത്യസംഭവമായതോടെ ഭർത്താക്കന്മാരും മക്കളും അയൽക്കാരും ഉൾപ്പെടെ ആരും ആ വഴക്കിൽ ഇടപെടാതായി…
ഒരിക്കൽ, അവരുടെ വഴക്ക് കയ്യാങ്കളിയിലേയ്ക്ക് തിരിയുമെന്ന് തോന്നിയപ്പോൾ, അപ്പുറത്ത് ഗൗരി വന്നു രമയെ പിന്തിരിപ്പിക്കാൻ ശ്രെമിക്കുന്നതിനിടയിൽ,ഇപ്പുറത്തു വിനോദും വിമലയെ പിടിച്ചു മാറ്റികൊണ്ടു പോവാൻ എത്തിയിരുന്നു..ഉദ്യമത്തിൽ വിജയിച്ച് തിരിഞ്ഞു നടക്കുമ്പോൾ, അമ്മമാർ കാണാതെ വിനു ഗൗരിയെ നോക്കിയൊന്ന് കണ്ണിറുക്കിയിരുന്നു..
“പ് ഫാ..”
ശബ്ദം അധികമുയർത്താതെ, ഗൗരിയിൽ നിന്നും പുറപ്പെട്ട ആ ആട്ടിൽ ഹിമാലയം മുട്ടെ വിനു വളർത്തിക്കൊണ്ട് വന്ന മോഹങ്ങളായിരുന്നു ഒറ്റയടിയ്ക്ക് നിലം പരിശായത്…
എന്നിട്ടും ചെക്കൻ പ്രതീക്ഷ കൈ വിടാതെ ഒരു കയ്യകലത്തിൽ അവളുടെ പിറകെ തന്നെ കൂടി…
“അതേയ്..സന്ധ്യയ്ക്കുള്ള അവളുടെ കാവിൽ പോക്ക് കണ്ടപ്പോഴേ ഞാൻ മനസിലോർത്തതാ..ദേഹത്ത് ഗന്ധർവ്വൻ കൂടിയതാണെന്നാ കേക്കണത് …”
വിനോദിന് പുച്ഛമാണ് തോന്നിയത്…
ഗന്ധർവ്വൻ പോയിട്ട് വല്ല മാ ടനോ, മ റുതയോ പോലും ആ മുതലിന്റെ അടുത്തൂടെ പോവാൻ ഒന്നറക്കും..എന്നിട്ടാ…ഭദ്രകാളി..
കാണാൻ സുന്ദരിയാ..പക്ഷെ പറഞ്ഞിട്ടെന്താ, വായ തുറന്നാൽ പോയി..
കീഴ്ച്ചുണ്ടിൽ വിരൽ ചേർത്ത് അട്ടം നോക്കി ആലോചനയോടെ വിനു നിൽക്കുമ്പോഴാണ്…
“എന്തോ നോക്കി നിക്കുവാടാ..വേണേൽ പോയി ചായെടുത്ത് കുടിക്ക്..”
ആവേശം തീർന്നതോടെ അമ്മ വീണ്ടും കലിപ്പിലായെന്നറിഞ്ഞതും മെല്ലെ വലിഞ്ഞു…
അവളെ ഒളിഞ്ഞു നോക്കാനായി കാവിൽ പോവുന്നതറിഞ്ഞാൽ, അമ്മ തന്നെ എന്നെ നുറുക്കിയെടുത്തു അച്ചാറിട്ട്, അമ്മ തന്നെ കൂട്ടിതീർക്കും..
വിനു ഓർത്തു..
അമ്മയെ ഒരു പൊടിയ്ക്കടക്കണം..അച്ഛനും താനും ശ്രെമിച്ചതാണെങ്കിലും..കണ്ണുനീർ എന്ന ആണവായുധത്തിനു മുൻപിൽ കീഴടങ്ങിയതാണ്…
എന്നാലും ലവൾ…?
വിനു പിന്നെയും ഗൗരിയെ കുറിച്ചോർത്തു..
ഇനി ഉള്ളതായിരിയ്ക്കോ..?
തുറന്നിട്ട് ജനലിലൂടെ വേലിയ്ക്കപ്പുറത്തെ വീട്ടിലേയ്ക്ക് എത്തി നോക്കി വിനു ആലോചിച്ചു..
മൂന്നാല് ദിവസമായി അവളെ പുറത്തേയ്ക്കൊന്നും കണ്ടിട്ടില്ല…പരീക്ഷയായത് കൊണ്ട് പഠിക്കുകയാവുമെന്ന് കരുതി…അൽ പഠിപ്പിയാണ്…..
കവലയിലും അത് തന്നെയായിരുന്നു ചർച്ചാ വിഷയം..ഗൗരിയുടെ ദേഹത്തെ ബാധ…
രാത്രിയേറെയായിട്ടും സമാധാനം കിട്ടാതായതോടെ, വിനു കറുത്ത ഹുഡഡ് ടീ ഷർട്ടും ട്രാക്ക് പാന്റും എടുത്തണിഞ്ഞു….
ശബ്ദമുണ്ടാക്കാതെ പതിയെ വാതിൽ തുറന്നു പുറത്ത് കടന്നു…
ചുറ്റും നോക്കികൊണ്ട്, ധൃതിയിൽ ഗൗരിയുടെ വീടിന്റെ പിന്നാമ്പുറത്തെത്തി..നല്ല നിലാവെളിച്ചമുണ്ട്..അവളുടെ മുറിയുടെ ചാരിയിട്ട, ജനൽപാളികളിലൊന്നിന്റെ മുകളറ്റം അല്പം തുറന്നു കിടക്കുന്നത് കണ്ടു..
ഏന്തി വലിഞ്ഞു കയറി നിന്നു ഉള്ളിലേയ്ക്ക് നോക്കി..അരണ്ട വെളിച്ചത്തിൽ കട്ടിലിൽ ആരെയും കാണുന്നില്ല..പൊടുന്നനെയാണ് അകത്തെ ജനലരികിൽ നിന്നും ആ മുഖം മുൻപിൽ പ്രത്യക്ഷപ്പെട്ടത്..ഇരുണ്ട മുഖത്തെ ദംഷ്ട്രകളും ചോ രയൊലിക്കുന്ന നാവും…
പ്ടും..
ചക്ക വെട്ടിയിട്ടത് പോലെ വിനു പിറകിലേയ്ക്ക് മറിഞ്ഞു..പക്ഷെ നിമിഷാർദ്ധത്തിൽ പിടഞ്ഞെഴുന്നേറ്റ്, ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗതയിൽ, വേലിപ്പടർപ്പ് ചാടിക്കടന്നു, കുതിച്ചു, സ്വന്തം വീട്ടിൽ എത്തിയിരുന്നു വിനോദ്..
അപ്പുറത്തെ വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു, വാതിൽ തുറക്കുമ്പോഴേയ്ക്കും സ്വന്തം കട്ടിലിൽ, പുതപ്പിനുള്ളിൽ ശ്വാസം കിട്ടാതെ അണയ്ക്കുയായിരുന്നു വിനോദ്..…
പണ്ട് സ്കൂളിൽ, നൂറു മീറ്റർ ഓട്ടമത്സരത്തിനു, ഏറ്റവും അവസാനത്തവനായി എത്തിയപ്പോൾ, ഗൗരിയുടെ മുഖത്ത് കണ്ട പുച്ഛം അവനോർത്ത് പോയിരുന്നു…
പതിവിലും നേരത്തെ എഴുന്നേറ്റ്, കോലായിൽ പോയി, കൈകൾ മുകളിലോട്ട് ഉയർത്തി മൂരി നിവർത്തുന്നതിനിടെ, വിനോദ് ഗൗരിയുടെ വീട്ടിലേയ്ക്ക് പാളിയൊന്ന് നോക്കി..
ഭാഗ്യം..ആരെയും പുറത്ത് കാണാനില്ല..
ആശ്വാസത്തോടെ തിരിഞ്ഞപ്പോഴാണ് ചാരുകസേരയിൽ പത്രവും പിടിച്ചിരിക്കുന്ന പിതാശ്രീയെ കണ്ടത്..വല്ലാത്തൊരു നോട്ടം കണ്ടാണ് വിനു പുരികം ഉയർത്തിയത്….
“ഉം..?”
“നീയിന്നലെ പാതിരാത്രി കഴിഞ്ഞിട്ട്, എന്തിനാ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത്…?”
പെട്ട്..ഇങ്ങേർക്ക് രാത്രി ഉറക്കോമില്ലേ..?
“അത്..ഞാനൊന്ന് മൂ ത്രമൊഴിക്കാൻ…”
“ഉം..അമ്മയറിഞ്ഞാൽ പിന്നെ നിനക്ക് മൂ ത്രമൊഴിക്കേണ്ടി വരില്ല..”
ആക്കിയ ചിരിയോടെ അച്ഛൻ പറഞ്ഞത് കേട്ട്, ഉള്ളിലുയർന്ന ആന്തലോടെ വിനു അകത്തേയ്ക്കൊന്ന് എത്തി നോക്കി..
“നിങ്ങളെന്നെ കൊ ലയ്ക്ക് കൊടുക്കുമോ മൈ ഡിയർ ഡാഡി..?”
പുച്ഛിച്ചൊരു ചിരി പകരം കിട്ടിയപ്പോൾ ചുണ്ടൊന്ന് കോട്ടി, വിനോദ് തിരിഞ്ഞു നടന്നു..
“എടാ..ഇനിയാ കൊച്ചിന്റെ ദേഹത്ത് കൂടിയ ബാധ നീയാണോ..?”
പിറകിൽ നിന്നും അച്ഛന്റെ ചോദ്യം കേട്ട് കണ്ണുരുട്ടി, അകത്തേയ്ക്ക് കയറിയെങ്കിലും വിനോദിന്റെ മനസ്സൊന്ന് പാളി…
ങേ..ഇനി ആണോ..?
ഹേയ്…അങ്ങനെ വരാൻ വഴിയില്ല..കാണുമ്പോഴൊക്കെ അവളെന്നെ അന്തസായി ആട്ടി വിട്ടിട്ടുണ്ട്..
എന്നാലും…
മുട്ടയിടാൻ നടക്കുന്ന പിടക്കോഴിയുടെ മനസ്സുമായി വിനോദ് വൈകുന്നേരം വരെ തള്ളി നീക്കി..
സന്ധ്യയ്ക്ക് കാവിൽ ചെന്ന് നോക്കിയെങ്കിലും അവൾ വന്നിട്ടില്ല..
ജീവനിൽ കൊതിയുള്ളത് കൊണ്ട് ഇനിയൊരിക്കൽ കൂടെ അവളുടെ വീട്ടിൽ പോവാനുള്ള ധൈര്യവുമില്ല..
എന്നാലും വിനു സന്ധ്യകളിലെ കാവിൽ പോക്ക് മുടക്കിയില്ല..
അന്ന് പതിവ് പോലെ കാവിലെ മഞ്ചാടി മരത്തിനു കീഴെ നിൽക്കുമ്പോഴാണ് തൊട്ടരികെ ആരോ വന്നു നിന്നത്..
ഗൗരി…
ഞെട്ടൽ മാറും മുൻപേയവൾ ഷർട്ട് കൂട്ടിപ്പിടിച്ചിരുന്നു..
“ഒളിഞ്ഞു നോക്കാൻ നിക്കുവാണല്ലേ അലവലാതി..?”
വിനു ഒന്ന് പകച്ചു..സുഖമില്ലാത്ത കുട്ടിയാണ്..
“നിന്റെ ദേഹത്തെ ബാധ ഒഴിഞ്ഞു പോയോ..?”
തെല്ലു പേടിയോടെയാണ് ചോദിച്ചത്..
“അങ്ങനെ ഒഴിഞ്ഞു പോവാനല്ലല്ലോ ഞാനിങ്ങനെ പിടിച്ചു വെച്ചേക്കണത്..”
ഒരു നിമിഷം കഴിഞ്ഞു ഗൗരിയുടെ മുഖത്തെ കുസൃതിച്ചിരി കണ്ടപ്പോഴാണ് വിനുവിന്റെ തലയിലെ ബൾബ് കത്തിയത്..
“എടി….?”
“ഉം..”
ഗൗരി തെല്ലു നാണത്തോടെ തല താഴ്ത്തി..
ഉഫ്..എന്റെ സാറെ..
ഇങ്ങനെയൊരു ഭാവം അവൾക്കുണ്ടെന്ന് മനസ്സിലായതും വിനോദിന്റെ അടിവയറ്റിൽ മഞ്ഞു വീണിരുന്നു…
തലയിലെ മഞ്ഞ ബൾബുകൾ മാറി മാറി കത്തിയ നേരം…
“എടി..നീയെന്തിനാടി, അന്ന് രാത്രി എന്നെ പേടിപ്പിച്ചത്..ഞാനെങ്ങാനും തട്ടിപ്പോയിരുന്നെങ്കിലോ..?”
“കണക്കായിപ്പോയി..പേടിത്തൊണ്ടൻ..എന്റെ പിള്ളേർക്ക് അച്ഛനായി നിങ്ങൾ തന്നെ വേണയോയെന്ന് എനിക്കൊന്ന് ആലോചിക്കണം..”
ഗൗരി ചുണ്ടു കോട്ടി പോവാൻ തുടങ്ങിയതും വിനു അവളെ വട്ടം പിടിച്ചിരുന്നു…
“അങ്ങനെയങ്ങ് പിണങ്ങി പോവല്ലേ കൊച്ചേ. എത്ര കഷ്ടപ്പെട്ടു വളച്ചെടുത്തതാ ഞാൻ..”
“അയ്യടാ..”
മുട്ടുകൈ കൊണ്ട് വിനോദിന്റെ ഇടനെഞ്ചിലൊന്ന് കുത്തിയിരുന്നു ഗൗരി..നെഞ്ച് വേദനിച്ചെങ്കിലും അവൻ പിടുത്തം വിട്ടില്ല..
രണ്ടു ദിവസം കഴിഞ്ഞു വിനോദിന്റെ വീടിന്റെ മുൻപിലൊരു കാർ വന്നു നിന്നു..
വിനോദാണ് ആദ്യം ഇറങ്ങിയത്…പിറകെ ഗൗരിയും..വിനോദ് അണിയിച്ച താലിയും പൂമാലയും അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു..
ഗൗരിയുടെ വീട്ടിലേയ്ക്ക് ഒന്ന് പാളി നോക്കിയതും മുൻവശത്തെ വാതിൽ അടഞ്ഞു കിടക്കുന്നു..അവളുടെ അച്ഛനും അമ്മയും അനിയനുമെല്ലാം കുടുംബത്തിൽ ഏതോ കല്യാണം കൂടാൻ പോയതാണത്രേ..
ഇറയത്തിരുന്ന് സംസാരിച്ചു കൊണ്ടിരുന്ന അച്ഛനും അമ്മയും പകച്ചെഴുന്നേറ്റതും വിനോദ് ഒന്ന് പരുങ്ങി…
വിനോദ് ഗൗരിയുടെ കയ്യിൽ പിടിച്ചു രണ്ടു മൂന്ന് ചുവടുകൾ വെച്ചതും, വിമല വെട്ടിത്തിരിഞ്ഞു അകത്തേയ്ക്ക് കയറി..
ഇനി വല്ല വെട്ടുക ത്തിയും എടുക്കാനാവുമോ..?
വിനോദിന്റെ കാലൊന്ന് വിറച്ചു..
“എടി..പ്രശ്നമാവുമെന്നാ തോന്നുന്നേ..നമുക്ക് പോയാലോ..?”
വിനോദ് പിറുപിറുത്തതും ഗൗരി അവന്റെ കയ്യിലൊന്ന് അമർത്തി..
“ഒന്ന് ചുമ്മാതിരി മനുഷ്യാ…”
വിനോദിനോടായി ശബ്ദം താഴ്ത്തി പറഞ്ഞിട്ട്, അപ്പോഴും പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്ന അച്ഛനെ നോക്കിയവൾ ഒന്ന് ചിരിച്ചു കാട്ടി…
ഒരു നിലവിളക്കും കയ്യിൽ പിടിച്ചു ചിരിയോടെ പുറത്തേയ്ക്ക് വന്ന അമ്മയെ കണ്ടതും വിനോദിന്റെ കണ്ണ് തള്ളി….
“അമ്മേ..വിടെടി..”
കൈത്തണ്ടയിൽ ഗൗരി അമർത്തിയൊന്ന് നുള്ളിയപ്പോഴാണ് സ്വപ്നം അല്ലെന്ന് വിനോദ് തിരിച്ചറിഞ്ഞത്…
നിലവിളക്കും വാങ്ങി, വലത് കാൽ വെച്ചു കയറി, അമ്മയ്ക്ക് പിറകെ അകത്തേയ്ക്ക് നടക്കുന്ന അവളെ നോക്കി, അന്തിച്ചു നിൽക്കുന്ന വിനോദിന്റെ തോളിലൂടെ കയ്യിട്ട അച്ഛന്റെ മുഖത്തെ ഭാവം..
എന്നാ പിന്നെ അനുഭവിച്ചോ..…
എന്നായിരുന്നില്ലേ..?
അകത്തേയ്ക്ക് നടക്കുമ്പോൾ വിനോദ് ആലോചിച്ചു…
പോര് കോഴികളെ പോലെ ആയിരുന്ന, മരുമകളും അമ്മായിഅമ്മയും തമ്മിലുള്ള ഒട്ടിപ്പിടുത്തം, അപ്പോഴും ദഹിക്കാതെ, വിനോദ് മുറിയ്ക്കകത്ത്, തലങ്ങും വിലങ്ങും നടക്കുമ്പോഴാണ് ഗൗരി മുറിയിലേയ്ക്ക് വന്നത്..
“എന്തോന്നാടി ഇതൊക്കെ…?
എന്ത്..?
മാറിൽ കൈകൾ പിണച്ചു നിന്നുകൊണ്ടവൾ കള്ളച്ചിരിയോടെ ചോദിച്ചു…
“അതല്ല..നീയും അമ്മയും..?”
ഗൗരി പൊട്ടിച്ചിരിച്ചു…
“അതേയ്..ഞാനിപ്പോൾ ഇങ്ങനെ നിങ്ങടെ മുറിയിൽ നിൽക്കുന്നുണ്ടേൽ അതിനൊരു പ്രധാന കാരണം നിങ്ങടെ അമ്മയാണ്..”
വിനു മനസ്സിലാകാത്തത് പോലെ നോക്കി..
“മനുഷ്യാ, നിങ്ങടെ അമ്മയാണ് ഈ ബാധയുടെ ഐഡിയ എനിക്ക് ഉപദേശിച്ചു തന്നത്..”
ഗൗരി പൊട്ടിച്ച ബോംബിന്റെ ഷോക്കിൽ നിൽക്കുകയായിരുന്ന വിനോദിന്റെ കണ്ണുകൾ ചിരിയോടെ വാതിൽക്കൽ നിന്നിരുന്ന വിമലയിലെത്തി…
“അതേടാ…നിന്റെ കയ്യിലിരിപ്പ് വെച്ച് നിന്നെ മേയ്ക്കാൻ, അടക്കവും ഒതുക്കവുമുള്ള ഒരു ശാലീന സുന്ദരിയൊന്നും മതിയാവില്ല…ഇതേയ് പുലിക്കുട്ടിയാ..നിന്റെ കാവിനുള്ളിലെ കാത്തിരിപ്പൊക്കെ എന്നേ ഞാനറിഞ്ഞതാ..പക്ഷേങ്കി ഇവളെയും ചോദിച്ചു ചെന്നാൽ ഇവളുടെ അമ്മ എന്നെ ആട്ടിയിറക്കും..”
ഗൗരി ചിരിയോടെ അമ്മയ്‌ക്കരികിലേയ്ക്ക് നടന്നു…
“അതേയ്..എന്റെ അമ്മയോടുള്ള ദേഷ്യം വെച്ചു അമ്മായിയമ്മ പോരൊന്നും എടുക്കില്ലെന്ന് എനിയ്ക്ക് വാക്ക് തന്നിട്ടുണ്ട്..”
“അല്ലെങ്കിലും രമയോട് എനിക്കിപ്പോൾ ദേഷ്യമൊന്നും ഇല്ലെടി കൊച്ചേ..അവള് കാരണമല്ലേ ഇവന്റെ അച്ഛനെയും ഇവനെയും എനിക്ക് കിട്ടിയത്..പിന്നെ ഈ കാന്താരിയെയും..”
അമ്മ ചിരിയോടെ ദിവ്യയെ ചേർത്ത് പിടിച്ചു എന്നെ നോക്കി കണ്ണിറുക്കി…
പഴയ കൂട്ടുകാരിയ്ക്ക് നൈസായിട്ട് ഒരു പണി കൊടുത്തതാണ്, മകന്റെ മനസ്സറിഞ്ഞ എന്റെയമ്മ..
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ..
അച്ഛനല്ലേ അപ്പുറത്ത് നിന്നും പാടുന്നത്..?
അനുഭവം ഗുരുവെന്നതാണല്ലോ…..
~സൂര്യകാന്തി ?