വൈശാഖൻ മുളകൊണ്ട് ഉണ്ടാക്കിയ പൂക്കൂടകളും വിശറികളും ഒക്കെ കടയുടെ അടിയിലെ തട്ടിലേക്ക്…

വാടാമല്ലി

Story written by Sebin Boss

=========

“”ഏച്ചീ…പൂവും നാളികേരവും വാങ്ങീട്ടു പോണേ ””

വണ്ടി പാർക്ക് ചെയ്തു ക്ഷേത്രത്തിലേക്ക് നടന്നു വരുന്നവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ടെസി ടേപ്പ് റെക്കോർഡറെന്ന പോലെ ഉരുവിട്ട് കൊണ്ടിരുന്നു

“”ഏച്ചീ…ചെരിപ്പിവിടെ സൂക്ഷിക്കാട്ടോ…പൈസയൊന്നും വേണ്ടായേ “”‘ അവൾ തന്റടുത്തേക്ക് വരുന്നവരെ നോക്കി ചിരിച്ചുകൊണ്ട് പൂക്കടയുടെ സൈഡിൽ വെച്ചിരിക്കുന്ന പല ശിഖരങ്ങൾ ഉള്ള, ഒരാൾ പൊക്കമുള്ള മുള സ്റ്റാൻഡിൽ ചെരിപ്പുകൾ തൂക്കി ഇട്ടിരിക്കുന്ന സ്റ്റാൻഡിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

“‘മോളെ .. ഈ ബാഗ് ഇവിടെ വെക്കാൻ പറ്റുമോ. മോൻ എന്നെയിറക്കി കാറും കൊണ്ട് പോയി . “” പൂവും നാളികേരവും വാങ്ങിയ ശേഷം കുലീനത തുളുമ്പുന്നൊരു സ്ത്രീ ചോദിച്ചപ്പോൾ ടെസി ചിരിച്ചുകൊണ്ട് അവളിരിക്കുന്നെ മേശയുടെ അങ്ങേയറ്റത്തിന് പുറകിൽ ഉള്ള സ്റ്റൂളിലേക്ക് ചൂണ്ടിക്കാണിച്ചു .

“”അവിടെ വെച്ചോളൂ ചേച്ചീ..””

കടയുടെ പുറകിൽ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ആയിരുന്നു. അതിന് മുന്നിൽ ടാർപോളിൻ വലിച്ചു കെട്ടി ആണവളുടെ പൂക്കട.

മുന്നിലെ മേശയിൽ നിരത്തിയിട്ടിരുന്ന പൂക്കളും , പിന്നെ മുള ചീന്തി ഉണ്ടാക്കുന്ന വിശറികളും പൂക്കൂടകളും. ഒരേ താളത്തിൽ ടെസിയുടെ വിരലുകൾ പൂക്കൾ കോർത്തു മാല ആക്കിക്കൊണ്ടിരുന്നു.

“‘എന്നാ ഒരഹങ്കാരം ആണെന്ന് നോക്കിക്കേ . നമ്മളിത്രേം രൂപക്ക് പൂക്കളൊക്കെ മേടിച്ചിട്ടും അവളൊന്ന് എണീറ്റോയെന്നു നോക്കിക്കേ . ഒരു മര്യാദ വേണ്ടേ? “‘ പൂക്കളും നാളികേരവും മേടിച്ചിട്ട് രണ്ട് സ്ത്രീകൾ കുശുകുശുത്തു

“‘ടെസിയമ്മോ …. നവരാത്രി മഹോത്സവമാ വരുന്നെ കേട്ടോ . പൂക്കളും നാളികേരവുമൊക്കെ അല്‌പം കൂടുതൽ കരുതിക്കോണം. ജനക്കൂട്ടം ഉണ്ടാകും.. മഴ ഇല്ലെങ്കിൽ “‘

ചായ കുടിച്ചു മടങ്ങുകയായിരുന്ന തിരുമേനി ടെസിയോട് പറഞ്ഞിട്ട് കൊരുത്ത് വെച്ചിരിക്കുന്ന മാലകൾ എടുത്തു.

“‘ കരുതിക്കോളാം തിരുമേനീ …”’ ടെസി ചിരിച്ചു

“”ഓ !! നസ്രാണിച്ചിയാ..അതാ ഒരു മര്യാദേം ഇല്ലാതെ ക്ഷേത്ര വളപ്പിൽ. അല്ല ഇവളുണ്ടാക്കുന്ന മാല ആണോ ദേവി അണിയുന്നെ? “” ആ സ്ത്രീകൾ ടെസിയെ നോക്കി പിറുപിറുത്തു

“‘പരസ്പര ബഹുമനത്തോടെ, അലിവോടും അനുകമ്പയോടും കൂടെ ദേവിയുടെ മുന്നിൽ ചെന്ന് തൊഴണം . ദുഷിച്ച മനസ്സോടെ എത്ര കേണു പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല “‘

അവരുടെ അടുത്തൂടെ കടന്നു പോയ തിരുമേനി പറഞ്ഞപ്പോൾ അവർ മുഖം കുനിച്ചു ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു .

ഇരുട്ടേറിയിരുന്നു …

നടയടക്കാറായതിനാൽ ക്ഷേത്രത്തിനുള്ളിലെ വെച്ചുവാണിക്കടകളിൽ കറങ്ങി നടക്കുന്നവർ ഒഴികെ പുതുതായി ആരും എത്തുന്നുണ്ടായിരുന്നില്ല

“” ടെസിമോളെ..പോകാറായോ ?”

“” കൂട പത്തുപന്ത്രെണ്ണം ഉണ്ട് വൈശാഖേട്ടാ. വിശറിയും കുറെയുണ്ട് . അത് സാരമില്ല . നവരാത്രി ആഘോഷമല്ലേ മറ്റന്നാൾ മുതൽ അപ്പൊ തീർന്നോളും “”

“‘എന്നാ പൈസപ്പെട്ടി എടുത്തോ കയ്യിൽ, നമുക്ക് പോയേക്കാം “”

“‘എന്ത് പൈസപ്പെട്ടി വൈശാഖേട്ടാ. ചിട്ടിപൈസ കൊടുത്തു . നാളത്തെ പൂക്കൾക്കുളളതും കൊടുത്തു. ബാക്കിയിനി ഇതേയുള്ളൂ “‘ ടെസി നൂറിന്റെ നോട്ടും പത്തിന്റെ അഞ്ചാറുനോട്ടും പൊക്കി കാണിച്ചു ചിരിച്ചു

“‘ അത് ധാരാളമല്ലേ മോളെ. നിനക്ക് ബാധ്യത ഒന്നുമില്ലല്ലോ. ഇത്രയേലും ബാലൻസ് വന്നാൽ ഭാഗ്യം. എനിക്ക് അതുമില്ല. ഇതാരുടേയാ ഈ ബാഗ് ?”’

വൈശാഖൻ മുളകൊണ്ട് ഉണ്ടാക്കിയ പൂക്കൂടകളും വിശറികളും ഒക്കെ കടയുടെ അടിയിലെ തട്ടിലേക്ക് എടുത്തുവെച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മേശക്ക് കീഴെയുള്ള സ്റ്റൂളിൽ ഇരിക്കുന്ന ബാഗ് കണ്ടത്

“‘അയ്യോ ..അതൊരു ചേച്ചീടെയാ .. ചേച്ചി പോയില്ലേ അപ്പോൾ..അയ്യോ ചെരിപ്പൊന്നും ഇല്ലല്ലോ . ചേച്ചി ചെരിപ്പിവിടെയൂരി ഇട്ടിട്ടാ പോയെ .അവര് ബാഗ് എടുക്കാൻ മറന്നു പോയോ.. “”

“‘ബെസ്റ്റ് …നീ കണ്ടില്ലേ ആളെ ? എങ്ങനെയാ അവർ വന്നെ?..വണ്ടിക്കാണോ ? അതോ ബസിനോ ?”’

“‘ വണ്ടിയിലാ വൈശാഖേട്ടാ . ആ ചേച്ചിയെ ഇറക്കീട്ട് മോൻ വണ്ടിയും കൊണ്ട് പോയെന്നു പറഞ്ഞിട്ടാ ബാഗിവിടെ വെച്ചേ . ശ്ശൊ..കുട്ട നെയ്തോണ്ടിരുന്നതുകൊണ്ട് ഞാൻ ശ്രദ്ധിച്ചുമില്ല . അവരുവരാതെ എങ്ങനെയാ ഇനി പോകുന്നെ “‘ ടെസിക്ക് വേവലാതിയായി.

“” ടൂറിസ്റ്റു ബസ് അല്ലാതെ വേറെയൊന്നുമില്ല മുന്നിൽ.. ബാഗ് നമുക്ക് വീട്ടിലേക്ക് കൊണ്ട് പോകാം മോളെ . നാളെ വരുമ്പോ കൊണ്ട് വന്നാൽ മതി .സമയമിത്രേം ആയില്ലേ “” വൈശാഖൻ ഒന്ന് ചുറ്റിയിട്ട് വന്നു പറഞ്ഞു.

“”ഹ്മ്മ് ..എന്നാൽ പോയേക്കാം “”‘ ടെസിയും അത് ശെരിവെച്ചു

“‘റെഡിയല്ലേ..എടുക്കുവാണേ “‘ വൈശാഖൻ സ്റ്റൂളിൽ നിന്ന് ടെസിയെ ഇരുകൈകളിലും കോരിയെടുത്തു .

“‘ഇതെങ്ങോട്ടാ വൈശാഖേട്ടാ .. “” ഓട്ടോയിലേക്ക് കൊണ്ട് പോകാതെ ക്ഷേത്രത്തിന്റെ അങ്ങേയറ്റത്തെ വെച്ചുവാണിക്കടകളുടെ അടുത്തേക്ക് നടക്കുന്നത് കണ്ട ടെസി ചോദിച്ചു .

“‘അവരുണ്ടോന്ന് ഒന്ന് നോക്കീട്ട് പോകാം . “”

“‘അതിന് വൈശാഖേട്ടൻ തന്നെ പോയി നോക്കിയാൽ പോരാരുന്നോ . എന്നേം എടുത്തോണ്ട് ഇത്രേം ദൂരം. പണ്ടത്തെപ്പോലെ അല്ലാട്ടോ . വെയിറ്റ് കൂടി “” ടെസി അയാളുടെ കഴുത്തിൽ കൈകൾ പിണച്ചുകിടന്നു കൊണ്ട് ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.

“”എടി മണ്ടി ..അതിന് നിനക്കല്ലേ അവരെ കണ്ട് പരിചയം.. ഞാൻ എങ്ങനെ അറിയാനാ?”” വൈശാഖൻ അവളെ കളിയാക്കി.

“‘എന്നാ വിക്രമാദിത്യനും വേതാളവും കൂടി ഇങ്ങോട്ട്. കുപ്പിവള വല്ലോം വേണോടീ പെണ്ണെ .. അതോ പൊട്ടോ കൺമഷിയോ ..”‘ ടാർപോളിൻ കൊണ്ട് കടയുടെ ഒരു സൈഡ് മൂടിക്കൊണ്ടിരുന്ന വെച്ചുവാണിക്കടക്കാരൻ ശങ്കരേട്ടൻ അവരെ കണ്ട് ചിരിച്ചോണ്ട് അടുത്തേക്ക് വന്നു

“‘എന്തിനാ ശങ്കരേട്ടാ എന്നെ വിക്രമാദിത്യൻ എന്ന് എപ്പഴും വിളിക്കുന്നെ..”‘ വൈശാഖൻ കുസൃതയോടെ കണ്ണിറുക്കി.

“‘അപ്പൊ ഞാൻ വേതാളം അല്ലെ ..എന്തൊരു വളിച്ച കോമഡി .. “‘ ടെസി കെറുവിച്ചു

“‘ഹഹ ..തേൻ മിട്ടായി വേണോടീ . ഓ !! നീ നമ്മുടെ കടേലെയൊന്നും വാങ്ങില്ലല്ലോ .അങ്ങാടീലെ സിദ്ധിഖിന്റെ പാൽ ഹൽവയല്ലേ കഴിക്കൂ ..” ശങ്കരേട്ടൻ കടയിൽ നിന്ന് തേൻ മിട്ടായിയുടെ പാക്കറ്റ് എടുത്തു കൊണ്ട് പറഞ്ഞു.

“”ശങ്കരേട്ടാ ….ശീതളേച്ചിക്ക് അല്ലെ ഹൽവ വാങ്ങുന്നെ..എനിക്ക് മധുരമിഷ്ടമില്ല . എന്നാ ശങ്കരേട്ടൻ താ . പേഴ്സിൽ പൈസയുണ്ട് എടുത്തോ “‘ രണ്ടുകൈ കൊണ്ടും വൈശാഖന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് ടെസി കഴുത്തിൽ തൂക്കിയിട്ട മണിപേഴ്സിലേക്ക് കണ്ണുകൾ താഴ്ത്തി .

“‘ഓ ..നിന്റെ പൈസേം കൊണ്ട് വേണ്ടേ എന്നുവെച്ചാൽ എനിക്ക് അരി മേടിക്കാൻ “‘ ശങ്കരേട്ടൻ അവളുടെ പേഴ്‌സ് തുറന്ന് തേൻ മിട്ടായിയുടെ പാക്കറ്റ് പേഴ്സിലേക്ക് കയറ്റിവെച്ചു

“‘ശങ്കരേട്ടാ ..പൈസ വാങ്ങണം ..അല്ലേൽ എനിക്ക് മിട്ടായി വേണ്ട .പൈസ എടുത്തേ ..വൈശാഖേട്ടാ പൈസയെടുത്തു കൊടുത്തേ “” ടെസി ശാഠ്യ ത്തോടെ പറഞ്ഞു.

അത് കേട്ടതും ശങ്കരേട്ടന്റെ മുഖം വാടി .

“‘എന്റെ ശങ്കരേട്ടാ ..നിങ്ങക്കവളെ അറിയാവുന്നതല്ലേ .ജോർജ്ജേട്ടന്റെ അല്ലെ മോൾ . പട്ടിണിയാണേലും അഭിമാനം വിട്ടൊരു പരിപാടിയുമില്ല . ആ പൈസയെടുക്ക് .അല്ലേൽ അവൾ പോകുന്ന വഴി വല്ലിടത്തും എറിഞ്ഞുകളയും . “‘

“‘ഇതിനു പറയുന്നത് അഭിമാനമെന്നല്ല മോളെ ..അഹങ്കാരമെന്നാ . ഇച്ചിരിയില്ലാതിരുന്നപ്പോ മുതൽ നിന്നെ ഞാൻ കാണാൻ തുടങ്ങീതാ മോളെ . ജോർജ്ജിനോട് എനിക്ക് പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട് . എനിക്ക് മാത്രമല്ല . ഈ നാട്ടുകാർക്ക് മുഴുവനും . പക്ഷെ ഇത് കടപ്പാടിന്റെ പേരിൽ തന്നതല്ല . എന്റെ മോളായിട്ട് കരുതി തന്നെ തന്നതാ “‘ ശങ്കരേട്ടന്റെ കണ്ഠം ഇടറിയപ്പോൾ ടെസി ഒരു കൈകൊണ്ടയാളുടെ കയ്യിൽ പിടിച്ചു .

“‘അതവിടെ ഇരുന്നോട്ടെ ശങ്കരേട്ടാ . അപ്പ പറഞ്ഞിട്ടുള്ളത് അർഹതയില്ലാത്തതൊന്നും കയ്യിൽ വെച്ചുകൊണ്ടിരിക്കരുതെന്നാണ് . ഇത് ….ഇത്..ഞാൻ മേടിച്ചോളാം . പക്ഷെ ഞാൻ എന്നും ശീലമാക്കിയാലോ . ശങ്കരേട്ടന് നഷ്ടമാ കേട്ടോ””‘ ടെസി ചിരിച്ചു കൊണ്ടയാളെ സമാധാനിപ്പിച്ചു

“‘ നീയന്നു കുഞ്ഞതാണേലും ഓർമയുണ്ടാവൂല്ലോ . അന്നത്തെ വെള്ളപ്പൊക്കത്തിൽ നാടും വീടും നഷ്ടപ്പെട്ടവരാ ഈ നാട്ടിൽ ഉള്ളവരിൽ ഭൂരിഭാഗവും . കോരിച്ചൊരിയുന്ന മഴയത്ത് രക്ഷാപ്രവർത്തിന് ഇറങ്ങിയവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു നിന്റെ അപ്പൻ ജോർജ്ജ് . പാലത്തിൽ കുടുങ്ങി പോയ ബസ് ഒഴുക്കിൽ പെട്ട് മുങ്ങിയപ്പോൾ ആർത്തലച്ചു വരുന്ന വെള്ളത്തെ വകവെക്കാതെ ആറ്റിൽ ചാടിയത് നിന്റെയപ്പൻ ആയിരുന്നു .”’

”’ അവസാനത്തെ ആളെയും രക്ഷിച്ചിട്ട് കരയിൽ കേറിയപ്പോഴാണ് ദേവീ വിഗ്രഹം ഒഴുകിവരുന്നത് കണ്ടത്. പോകല്ലേയെന്ന് എല്ലാരും ഒന്നടങ്കം പറഞ്ഞതാ . പക്ഷെ അവൻ കേട്ടില്ല . കുന്നത്ത് മലയിൽ ഉരുൾ പൊട്ടി മലവെള്ളം ആർത്തലച്ചു വന്നത് പെട്ടന്നായിരുന്നു . മൂന്നാം നാൾ അടിവാരത്തടിഞ്ഞ മരത്തിൽ അവന്റെ ശരീരം കിട്ടുമ്പോൾ ദേവീവിഗ്രഹം തുണിയിൽ കെട്ടിപ്പൊതിഞ്ഞ നിലയിൽ ഭദ്രമായുണ്ടായിരുന്നു. കടപ്പാട് അല്ല…എന്ത് കൊടുത്താലും പകരം വെക്കാൻ ആവില്ലന്നറിഞ്ഞിട്ടും നീയിപ്പോൾ ഈ ക്ഷേത്രവളപ്പിൽ പൂക്കടയും കൊണ്ടിരിക്കുന്നത് ക്ഷേത്ര കമ്മറ്റിയുടെ തീരുമാനമാണ് . അതുകൊണ്ട് തന്നെയാണ് മറ്റൊരു പൂക്കടയും ഇവിടെ അനുവദിക്കാത്തതും .ഇതൊന്നും മനുഷ്യന്റെ തീരുമാനം അല്ല..ക്ഷേത്രം പുനരുദ്ധരിച്ചപ്പോൾ മേലെപ്പാട്ട് തിരുമേനി പറഞ്ഞതാണ് ജോർജ്ജിന്റെ വീട്ടുകാർ എന്നും ഇവിടെ കാണണം എന്ന്””

“‘ശങ്കരേട്ടാ ഞാൻ…”‘ ടെസ്സിയുടെ കണ്ണുകളും നിറഞ്ഞു .

“” സാരമില്ല..എന്നും ഞാൻ ഓർക്കുന്നതാ ഇതൊക്കെ . എന്റെ മക്കളും ഉണ്ടായിരുന്നല്ലോ ആ ബസിൽ . ജോർജ്ജ് നാട്ടുകാരെ രക്ഷിക്കുമ്പോ നീയും റോസിയും അവിടെ മണ്ണിനടിയിലാ . നിന്റെ കാലും ജോർജ്ജിന്റെ ജീവനും നഷ്ടമായപ്പോൾ റോസിയുടെ മാനസിക നില തെറ്റി . എന്നാലും ദൈവമനുഗ്രഹിച്ചിട്ട് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ. അല്ലാ.. നിങ്ങള് വന്ന കാര്യം പറഞ്ഞില്ല “”

“‘ അത് ശങ്കരേട്ടാ …ഇവളുടെ കടേൽ ഒരു സ്ത്രീ ബാഗ് വെച്ചുമറന്നു . അവരിവിടെങ്ങാനും ഉണ്ടോന്ന് നോക്കാനിറങ്ങിയതാ . ഇവൾ അല്ലെ അവരെ കണ്ടിട്ടുള്ളൂ “‘

“‘എല്ലാരും പോയല്ലോടാ വൈശാഖാ ..ഈ നിക്കുന്നോര് നാളെ രാവിലെ കല്യാണത്തിന് കൂടാൻ മലബാറീന്നു വന്നവരാ . ഇക്കൂട്ടത്തിൽ ഉള്ളവരാണോ മോളെ ..ബാഗിൽ എന്തോന്നാ ? പൈസ വല്ലതുമാണോ ..അതോ വേറെ വല്ല ഏടാകൂടവുമാണോ..ഇപ്പോഴത്തെ കാലമല്ലേ ..വിശ്വസിക്കാൻ പറ്റില്ലാ..അതാണേ ചോദിച്ചേ “‘

“‘ പോ ഒന്ന് ശങ്കരേട്ടാ ..അവരെ കാണാൻ നല്ല ഭംഗിയാ .. ഒരു ദേവിയെ പോലെ..അത്രക്ക് ഐശ്വര്യവമാ “” ടെസി നിഷേധിച്ചു.

“‘എന്നാലും നീയാ ബാഗൊന്ന് നോക്കിക്കേ വൈശാഖാ ..അവളെ ഇവിടെയിരുത്ത് “” ശങ്കരേട്ടൻ കടക്കുള്ളിലെ കസേര പുറത്തേക്കെടുത്തിട്ടു

“” സ്വർണമാണല്ലോ ദേവീ … കുറെയുണ്ടല്ലോ .. “‘ ബാഗിൽ നിറയെ സ്വർണം കണ്ട ശങ്കരേട്ടൻറേം വൈശാഖന്റെയും കണ്ണുകൾ മിഴിഞ്ഞു

” ഇവൾടെ സ്വഭാവം അറിയാവുന്നത് കൊണ്ട് മാത്രം ഞാൻ പറയുന്നില്ല . അഥവാ പറയുവാണേൽ ഇത് ദേവി ആയിട്ട് നിങ്ങടെ കഷ്ടപ്പാട് കണ്ടിട്ട് കൊണ്ട് വെച്ച സമ്മാനം ആണെന്നെ ഞാൻ പറയൂ..”‘

“‘പിന്നെ.. ദേവിക്ക് അതല്ലേ പണി. മനുഷ്യപ്പിറവിയെടുത്തു സ്വർണം കൊണ്ട് തരാൻ . പാവം ചേച്ചി .. അവരിപ്പോ കിടന്ന് കരയുന്നുണ്ടാവും . വൈശാഖേട്ടാ ..ഇത് കമ്മറ്റി ഓഫീസിൽ കൊടുക്ക് . ഇതും കൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റത്തില്ല . അടച്ചുറപ്പില്ലാത്ത വീടാ “” ടെസി ഇരുവരെയും നോക്കി പറഞ്ഞു

“‘എത്രമാത്രം സ്വർണവും പണവുമാണ് കാണിക്കയായിട്ട് വരുന്നത്. ഇതൊക്കെ ദേവിക്കെന്തിനാ ..നീയല്ലേ ടെസിമോളെ പറഞ്ഞത് ..അവരെ കാണാൻ ദേവിയെ പോലെയുണ്ടെന്ന്. ദേവിയായിട്ട് നിനക്ക് തന്നതാണെന്ന് വിചാരിക്ക്..ആ ആറ്റിറമ്പിൽ നിന്ന് വേറെയെവിടേലും മാറി താമസിക്ക് . ഇത്തവണയും മഴ കനക്കുമെന്നാ വാർത്തയിൽ . നല്ലൊരുമഴ പെയ്താൽ രണ്ടാളിന്റേം വീട്ടിൽ വെള്ളം കേറും ”’

“‘ നിലത്തൂടെ നടക്കാനേ ടെസിക്ക് വയ്യാത്തുള്ളൂ ശങ്കരേട്ടാ .. രണ്ടു കാലും കയ്യുമുള്ളോരേ വെള്ളത്തിൽ ഞാൻ തോൽപ്പിക്കും “”

”അതുപിന്നെ ജോർജ്ജിന്റെ മോളല്ലേ നീ . പിച്ചവെക്കാൻ പഠിപ്പിച്ചത് വെള്ളത്തിലും “‘ ശങ്കരേട്ടൻ ചിരിച്ചു

“‘എന്നാ ഞാനിത് കമ്മറ്റിയോഫീസിൽ ഏല്പിച്ചിട്ട് വരാം ടെസിമോളെ “‘ വൈശാഖൻ ബാഗുമെടുത്തു അങ്ങേയറ്റത്തുള്ള ഓഫീസിലേക്ക് നടന്നു .

“”എഴുപത്തിയഞ്ച് പവനുണ്ട് . തൂക്കി റെസീപ്റ്റും തന്നു മോഹൻ സാർ . അല്ലേൽ നീ ഉറങ്ങുവേലാന്ന് മോഹൻ സാറിനറിയാം “” വൈശാഖൻ തിരികെ വന്നു അവളുടെ കയ്യിലേക്ക് റെസീപ്റ്റ് കൊടുത്തിട്ട് പറഞ്ഞു .

” എന്നാൽ പോയേക്കാം .. റെഡിയല്ലേ .. പോകുവാ ശങ്കരേട്ടാ … “‘ വൈശാഖൻ അവളെ കൈകളിൽ കോരിയെടുത്തു .

“”അടാറ് പീസ് .. കാൽ ഇല്ലെങ്കിലെന്നാ ..അയാള് സൗന്ദര്യം കണ്ടു കെട്ടിയതാവും . നോക്കടാ..അയാളുടെ ഭാഗ്യം “”

അവളുടെ നിറഞ്ഞ യൗവ്വനം വൈശാഖന്റെ നെഞ്ചിൽ അമർന്നപ്പോൾ അതിലെ വായിൽ നോക്കി അലഞ്ഞു നടന്നിരുന്ന രണ്ടു ചെറുപ്പക്കാർ പറഞ്ഞത് കേട്ടപ്പോൾ വൈശാഖൻ രോക്ഷത്തോടെ തിരിഞ്ഞു .

“‘വൈശാഖേട്ടാ ..പ്ലീസ് വേണ്ട .. “‘ ടെസി അവന്റെ കണ്ണിൽ നോക്കി കെഞ്ചി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

“‘നിനക്കൊന്നും അമ്മേം പെങ്ങന്മാരുമില്ലെടാ ..പുണ്യസ്ഥലത്ത് വന്നിട്ടാണ് അവരാ … അപരാധം പറയുന്നേ . “‘ അത് കേട്ടുകൊണ്ട് വന്ന ശങ്കരേട്ടൻ അവരെ ആട്ടി

“‘ടെസിയും വൈശാഖനും..ഞങ്ങക്ക് അറിയാം അവരെ….ആങ്ങളേം പെങ്ങളുമൊന്നുമല്ലല്ലോ..നിങ്ങളിത്ര ചൂടാകാൻ “‘ മുടി നീട്ടി വളർത്തിയ ചുവന്ന കണ്ണുകൾ ഉള്ള പയ്യൻ പറഞ്ഞു.

“‘ രക്തബന്ധം വേണമെന്നില്ലടാ കൂടപ്പിറപ്പാകാൻ ..നിന്റെ ഒക്കെ കൂട്ടുകാർ നിന്റെയൊക്കെ വീട്ടിൽ വരുമ്പോ നിന്റെ അമ്മേനേം പെങ്ങളേം ഇങ്ങനെയാണോ പറയുന്നേ ..അവരെല്ലാം വിളിക്കുന്നത് അമ്മേന്നും ചേച്ചീന്നുമല്ലേ നിങ്ങടെ വീട്ടിൽഉള്ളോരെ വിളിക്കുന്നെ ? രക്തബന്ധം അല്ലാത്തോരെ തപ്പി നടന്നു സദാചാരം പഠിപ്പിക്കാൻ വന്നേക്കുന്നു . വേദങ്ങളും ഉപനിഷത്തുകളും ചരിത്രവുമൊന്നുമല്ല പിള്ളേരെ പഠിപ്പിക്കേണ്ടത്.. സമൂഹത്തിലെങ്ങനെ മാന്യമായി ഇടപെടണമെന്നാ .നീയൊക്കെയാണ് വരും തലമുറയുടെ ശാപം ..പോയിനെടാ അവിടുന്ന് “‘ ശങ്കരേട്ടൻ അവരെ ആട്ടിയോടിച്ചു .

“‘ഒരു ത്രീവീൽ സ്‌കൂട്ടർ വാങ്ങാൻ പറ്റിയിരുന്നേൽ ഇതൊന്നും കേക്കണ്ടായിരുന്നു അല്ലെ വൈശാഖേട്ടാ “”‘

ക്ഷേത്ര വളപ്പിനു വെളിയിൽ ഇട്ടിരുന്ന ഓട്ടോയുടെ സീറ്റിലേക്ക് ഇരുത്തിയപ്പോൾ ടെസി പറഞ്ഞു

“‘ആളുകൾ ഇന്നുമിന്നലേയും പറയാൻ തുടങ്ങിയത് അല്ലല്ലോ ഇത്. നിന്നെ മൂന്ന് വയസ് ഉള്ളപ്പോൾ മുതൽ എടുത്തോണ്ട് നടക്കാൻ തുടങ്ങിയതാ ഞാൻ . അതിനു മുൻപ് എടുക്കാത്തത് കുഞ്ഞിപ്പിള്ളേരെ എടുക്കാൻ അറിയില്ലാത്തോണ്ടാ . അന്നുമുതൽ ഇന്നുവരെ എനിക് നീ ഒരുപോലാ . “”‘

ടെസിയൊന്നും പറഞ്ഞില്ല .

“‘ ആ സ്വർണം ഉണ്ടായിരുന്നേൽ സ്‌കൂട്ടി വാങ്ങാമായിരിന്നു . ആറ്റിറമ്പീന്ന് താമസോം മാറ്റാമായിരുന്നു “‘ വൈശാഖൻ ഓട്ടോ സ്റ്റാർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.

“‘വൈശാഖേട്ടനും ഇങ്ങനെയാണോ പറയുന്നേ . അത് നമ്മുടെ അല്ലല്ലോ . ഈയവസ്ഥ നമുക്കാണ് വരുന്നതെങ്കിൽ എന്താണെന്ന് ഒന്നാലോചിച്ചു നോക്കിയേ . വാണിയേച്ചിയുടെ കല്യാണത്തിനുള്ള പൈസ ഒപ്പിക്കാൻ കരഞ്ഞോണ്ട് വൈശാഖേട്ടൻ ഓടിനടന്നത് മറന്നോ .. ഒരുപക്ഷെ അവരുടെ മോളുടെ കല്യാണത്തിനുള്ള സ്വർണം വല്ലതുമാണെൽ ..”‘

“‘നിവൃത്തികേട്‌ കൊണ്ട് പറഞ്ഞതാ മോളെ .. ശീതളിന് ഇത് എട്ടാം മാസമാ…രണ്ടെണ്ണം അബോർഷൻ ആയതുകൊണ്ട് നേരത്തെ അഡ്മിറ്റ് ആക്കണം . അതിനും വേണം പൈസ . ഒന്ന് നിലവിളിച്ചാൽ കേൾക്കാൻ പോലും അടുത്താരുമില്ല .”

“‘അമ്മയുണ്ടല്ലോ സഹായത്തിന് …”‘

“‘റോസി ചേച്ചി ഉള്ളതാണ് ഒരു ധൈര്യം . പക്ഷെ പെട്ടന്ന് ടെൻഷൻ ആയാൽ റോസിച്ചേച്ചിക്കും പണ്ടത്തെ പോലെ ആകുമെന്ന് നിനക്കറിയില്ലേ ..””

റോഡിൽ വണ്ടിയൊതുക്കി , കുത്തനെയുള്ള ഇറക്കത്തിലൂടെ ടെസിയെയും കോരിയെടുത്തു ഇറങ്ങുമ്പോൾ വൈശാഖന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .അവരുടെ വീടിരിക്കുന്നിടത്തേക്ക് വണ്ടി ഇറങ്ങി ചെല്ലില്ല .

”’ ഊം “‘ ടെസിയേയും എടുത്തു കൊണ്ട് വൈശാഖൻ വരുന്നത് കണ്ടപ്പോൾ ഇരുത്തിയൊന്ന് മൂളിയിട്ട് തിണ്ണയിൽ നിന്ന് അകത്തേക്ക് കയറിയ വൈശാഖന്റെ ഭാര്യ ശീതളിന്റെ മുഖഭാവം കണ്ടപ്പോൾ മുൻപേ നിറഞ്ഞിരുന്ന ടെസ്സിയുടെ കണ്ണുകൾ അണപൊട്ടിയൊഴുകി .

“‘കടും കാപ്പിയെടുക്കടി..നിനക്കെന്നാ പറ്റിയെ . മുഖം വളിച്ചോണ്ട് കേറിപ്പോന്നത്‌? അവളെന്നാ കരുതും . ഒന്നാമത് സദാചാരപോലീസിന്റെ കമന്റ് കേട്ടിട്ട് അവള് പിടിവിട്ടാ ഇരിക്കുന്നെ “‘

“‘ഏത് ത ന്തയില്ലാത്തവനാ പറഞ്ഞെ ..എന്നതാ പറഞ്ഞെ ..”‘ ശീതൾ നിറവയറും തിരുമ്മി തിണ്ണയിലേക്ക് ഇറങ്ങി ടെസ്സിയുടെ കൈപിടിച്ചു

“‘എന്റെ കൊച്ചെ .അങ്ങേരേം നിന്നേം എനിക്ക് നല്ലോണം അറിയാം . അമ്മാവന്റെ മോൾ പെങ്ങളാണെന്ന് പറഞ്ഞു കല്യാണത്തിന് സമ്മതിക്കാത്തതാ നിന്റെ വൈശാഖേട്ടൻ . മരിക്കുന്നേനു മുന്നേ എന്റച്ഛൻ വിശ്വസിച്ചു കൈപിടിച്ചു കൊടുത്തത് കൊണ്ട് മാത്രമാണ് അങ്ങേരെന്നെ കെട്ടിയത് .നീ കരയാതെടി ..ഇന്നാശൂത്രീൽ പോകണ്ട ദിവസമാരുന്നു .അങ്ങേരത് മറന്നു പോയി .വിളിച്ചിട്ടൊട്ട് എടുത്തുമില്ല ..ഞാൻ അതല്ലേ കെറുവിച്ചേ ..നീയിരിക്ക് കട്ടനെടുക്കാം . റോസിച്ചേച്ചി കുളിക്കാൻ പോയതാ . കഴിഞ്ഞോ ആവോ ..റോസി ചേച്ചിയെ…””

ശീതൾ മുറ്റത്തിന്റെ അതിരിൽ ഉള്ള ടെസ്സിയുടെ വീട്ടിലേക്ക് നോക്കി വിളിച്ചു

”’മനപ്പൂർവ്വം മറന്നതല്ലെടി ശീതു . വണ്ടി വർക്ഷോപ്പിൽ ആയി . രണ്ട് ദിവസം കറണ്ട് ഇല്ലാരുന്നല്ലോ . ഫോൺ പാർട്ടിയോഫീസിൽ കുത്തിയിട്ടേക്കുവാരുന്നു . നാളെ പോകാം ആശൂത്രീൽ “‘ വൈശാഖൻ കുളിക്കാനായി തോർത്തും സോപ്പുമെടുത്തു വന്നു

“‘ എങ്ങോട്ടാ ..ആറ്റിലേക്കെങ്ങും പോകണ്ട . ഇവിടെങ്ങാനും കുളി മനുഷ്യാ . രണ്ട് ദിവസമായി രാത്രീലെന്നാ മഴയാ . ആറ് കവിഞ്ഞു , ഇന്നൂടി പെയ്താൽ പറമ്പിൽ വെള്ളം കേറും .”‘ ശീതൾ നാലു ഗ്ലാസിൽ കട്ടൻ കാപ്പിയെടുത്തോണ്ട് വന്നു പറഞ്ഞു .

“”’വാടകക്ക് ഒരു വീട് തപ്പുന്നുണ്ട് . അങ്ങാടീൽ ഒരെണ്ണം കിടപ്പുണ്ട് . വാടക എങ്ങനേലും ഒപ്പിക്കാം . സെക്യൂരിറ്റി പൈസയാണ് പാട് “‘ വൈശാഖൻ കട്ടൻ കാപ്പി കുടിച്ചു കൊണ്ട് കനക്കാൻ തുടങ്ങിയ മഴയിലേക്ക് നോക്കി പറഞ്ഞു.

“‘നിന്റെ കൈയിൽ പൈസ വല്ലതുമുണ്ടോടീ ടെസി ..? നമുക്കൊന്നിച്ചു താമസിക്കാല്ലോ ആ വീട്ടിൽ “

ശീതൾ പ്രതീക്ഷയോടെ ടെസിയെ നോക്കി

“‘ആ ബെസ്റ്റ് …!!റോസിച്ചേച്ചിക്കുള്ള മരുന്നും ബാക്കി വീട്ടുചിലവും കഴിഞ്ഞാൽ ഉള്ള പൈസയൊക്കെ നമ്മുടെ കാര്യത്തിന് എടുക്കുന്ന അവളോടാണ് നീ പറയുന്നേ . എടി പോ ത്തേ ..എന്തേലും നിവൃത്തിയുണ്ടേൽ അവൾ ആദ്യം തന്നെ തന്നേനെ . രണ്ട്‌ വീട്ടിൽ കിടന്നുറങ്ങുന്നെന്നെ ഉള്ളൂ.. എന്റെ കൂടപ്പിറപ്പ് തന്നെയാ അവൾ “‘

ശീതൾ നെയ്തുകൊണ്ടിരുന്ന പൂക്കൂടയുടെ ബാക്കി പണികൾ ചെയ്തുകൊണ്ടിരുന്ന ടെസി ഒന്ന് ചിരിച്ചു. വീട്ടിലെ പണികളൊക്കെയൊതുക്കി ബാക്കിയുള്ള സമയത്ത് ശീതളും പൂക്കൂടകൾ ഉണ്ടാക്കും . അത് വിറ്റുകിട്ടുന്ന പണം ടെസി ശീതളിനെ ഏൽപ്പിക്കുകയും ചെയ്യും

“‘ആ … എടി .. ഇന്നൊരു ബാഗ് കിട്ടി അതിൽ നിറച്ചും സ്വർണോം.ശങ്കരേട്ടൻ ഇവളോട് … “” പറയാൻ വന്ന വൈശാഖൻ എന്തോ ഓർത്തെന്ന പോലെ പാതിയിൽ നിർത്തി .

“‘ ബാഗോ ആരുടെ..എന്നിട്ടെന്നാ ചെയ്തു “‘ ശീതൾ ഉദ്വേഗത്തോടെ ചോദിച്ചു

“””ആ .. ഒരു ബാഗ്..അതിൽ അവരുടെ ഫോൺ നമ്പർ ഉണ്ടായിരുന്നു .ഞങ്ങളത് കമ്മറ്റിയോഫീസിൽ ഏൽപ്പിച്ചു . അവർ ആ സ്ത്രീയെ വിളിച്ചു പറഞ്ഞിട്ടുണ്ട് “”

“‘ഊം ..നന്നായി .. റോസി ചേച്ചിയെ കുളി കഴിഞ്ഞില്ലേ ..”‘ശീതൾ വിളിച്ചു ചോദിച്ചുകൊണ്ട് പുറത്തേക്കിറങ്ങി

“”പെണ്ണല്ലേ .. ഈ ദുരിതക്കയത്തിന്ന് രക്ഷപെടാൻ ആശ ഉണ്ടാകും . ഗർഭിണിയായിരിക്കുന്നത് കൊണ്ട് ഞാൻ സങ്കടപ്പെടുത്താറില്ല . ഇനി അതെങ്ങാനും വിറ്റു വീട് മാറാമെന്ന് പറഞ്ഞാൽ ഞാൻ പെട്ടുപോകും . ഇത്തവണ എങ്കിലും ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമുണ്ടെ .അവളുടെ പ്രെഷർ കൂട്ടണ്ട ഓരോന്ന് പറഞ്ഞിട്ട് “” വൈശാഖൻ ടെസിയോട് പറഞ്ഞിട്ട് കുളിക്കാനായി പുറത്തിറങ്ങി

രണ്ടു മൂന്ന് ദിവസങ്ങൾ പിന്നിട്ടു

ആൾക്കൂട്ടത്തിലെ തിരക്കിനിടയിൽ ടെസി ആ സ്ത്രീയുടെ മുഖം തിരഞ്ഞുകൊണ്ടിരുന്നെങ്കിലും അവരെ കാണുവാനായില്ല .

“‘ ടെസിമോളെ ..മഴ കനക്കുവാണല്ലോ . വൈശാഖനോട് വരാൻ പറഞ്ഞിട്ട് നേരത്തെ പോകാൻ നോക്ക് . വാർത്തയിലൊക്കെ അമ്പത്തിയെട്ടിലെ വെള്ളപ്പൊക്കം പോലെയാകുമെന്ന് ഉണ്ടായിരുന്നു . ഇപ്പത്തന്നെ പുറകിലെ ബലിനടയിൽ വെള്ളംകേറി മൂടി ”””‘ തിരുമേനി കോരിച്ചൊരിയുന്ന മഴയത്ത് ടെസിയുടെ അടുത്തേക്ക് ഓടിയെത്തി പറഞ്ഞു.

“‘ആണോ തിരുമേനി .. വൈശാഖേട്ടനോട് ഒന്ന് വിളിച്ചു പറയാമോ . മഴ ആയതുകൊണ്ട് ആളുമില്ല. ഇന്ന് നേരത്തെ പോയേക്കാം “” ടെസി കയ്യെത്തും ദൂരത്തുള്ള പൂക്കളും കൂടകളും വാരി പെറുക്കി കൊണ്ട് പറഞ്ഞു.

“‘ഹമ് .. പറഞ്ഞേക്കാം “‘ തിരുമേനി തിടുക്കത്തിൽ നടന്നു നീങ്ങിയപ്പോൾ ശങ്കരേട്ടൻ ഓടിയെത്തി

“” മോളെ … നിങ്ങടെ വീട്ടിൽ വെള്ളം കേറാൻ തുടങ്ങി . വൈശാഖൻ വിളിച്ചാരുന്നു . അവൻ അങ്ങോട്ട് പോയിട്ടുണ്ട് ..ബാ ..അവൻ വേറെ ഓട്ടോ പറഞ്ഞുവിട്ടിട്ടുണ്ട്..അച്ഛനെപ്പോലെ കണ്ടാൽ മതി കേട്ടോ ..എടുക്കുവാണേ “‘

ശങ്കരേട്ടൻ തിടുക്കപ്പെട്ടു പറഞ്ഞിട്ട് അനുവാദത്തിനു കാക്കാതെ ടെസിയെ വാരിയെടുത്തു അപ്പോഴേക്കും മുന്നിൽ എത്തിയ ഓട്ടോയിൽ ടെസിയെ ഇരുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടു

“”എന്റെ ഈശോയെ “‘

എന്നുമിറങ്ങുന്നിടത്തു ഇറങ്ങി , വീട്ടിലേക്കുള്ള കുത്തനെയിറക്കത്തിലൂടെ മുട്ടിൽ ഇഴഞ്ഞു നീങ്ങുമ്പോൾ വീട്ടിലേക്ക് വെള്ളം അടിച്ചു കയറുന്നത് കണ്ടു ടെസി ഉച്ചത്തിൽ നിലവിളിച്ചു

“” ഹോയ് ..പോയ് ..ഹോയ്യ് ഹോയ്യ് “‘

വീടിന്റ മുകളിലെ പറമ്പിൽ നിന്ന് മുറ്റത്തേക്കും ഇറങ്ങിയും തിരിച്ചുകയറിയും നെഞ്ചിലടിച്ചു കരയുന്ന അമ്മയെ കണ്ടതും ടെസ്സിയുടെ ചങ്കിടിച്ചു.

“‘അമ്മെ .. ശീതളേച്ചിയും വൈശാഖേട്ടനും എന്തിയെ…അമ്മെ… പറ…ശീതളേച്ചിയും വൈശാഖേട്ടനും എന്തിയെന്ന് പറ..പറയമ്മേ …””

“” ഹോയ് ..പോയ് ..ഹോയ്യ് ഹോയ്യ് “‘ റോസി അവളെ നോക്കാതെ വീടിന് താഴെയുള്ള പറമ്പിലൂടെ കലിതുള്ളിയൊഴുകുന്ന ആറ്റിലേക്ക് ചൂണ്ടിക്കാണിച്ചു

“”എന്റെ ഈശോയെ …അമ്മേ ..ഇവിടെ തന്നെ നിന്നോണം കേട്ടോ…ദൈവത്തെയോർത്തു താഴേക്കിറങ്ങല്ലേ “‘ പണ്ടത്തെ അപകടം കണ്മുന്നിൽ ആവർത്തിച്ചപ്പോൾ അമ്മയുടെ മാനസിക നില വീണ്ടും തകരാറിലായെന്ന് ടെസിക്ക് മനസ്സിലായി .

അകലേക്ക് ഒഴുകി പോകുന്ന ശീതളിനെയും കൊണ്ട് നീന്തിവരുന്ന വൈശാഖൻ ഇടക്ക് മുങ്ങിത്താഴുന്നത് കണ്ടതും ടെസി റോസിയോട് പറഞ്ഞിട്ട് വെള്ളത്തിലേക്ക് ചാടി

വൈശാഖനെയും ശീതളിനെയും ഓരോരുത്തരായി കരയിലേക്ക് കയറ്റിയ ടെസി അമ്മയെ തിരഞ്ഞപ്പോഴാണ് റോസി നിന്നിടത്തെ മണ്ണ് ഇടിഞ്ഞുകിടക്കുന്നത് കണ്ടത്

“‘അമ്മെ ..അമ്മെ..ഈശോയെ ..എന്റെ അമ്മ … അയ്യോ ”’

ടെസി നിലവിളിച്ചു കൊണ്ട് ചുറ്റിനും നോക്കി.

“”മോളെ ..ടെസിമോളെ ..പോകല്ലേടീ ..എടി ..വേണ്ടടി വെള്ളം വീണ്ടും കൂടുവാ “”

വൈശാഖൻ കരഞ്ഞു കൊണ്ട് അവളെ പിടിക്കുന്നതിനും മുൻപേ , അകലെ ഒരു കൈ ഒഴുകി പോകുന്നത് കണ്ടതും ടെസി ചാടിയിരുന്നു .

പിറ്റേന്ന് റോസിയോടൊപ്പം ടെസ്സിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ അതിനപ്പുറത്തു കമ്മറ്റി ഓഫിസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും ആ സ്ത്രീ മറന്നു വെച്ച ആ ബാഗും ഒഴുകി അടിഞ്ഞിരുന്നു.

~സെബിൻ ബോസ്