അവളുടെ കണ്ണുകൾ കവിഞ്ഞൊഴുകി. പക്ഷെ കൺകോണിലെ ഒരോ നീർത്തുള്ളിക്കും വല്ലാത്തൊരു തിളക്കം…

ഇഷ്ടം…

Story written by Keerthi S Kunjumon

===========

കരഞ്ഞു കലങ്ങിയ ഗൗരിയുടെ കണ്ണുകൾ നോക്കി നിശ്ചലനായി  ജോയൽ ഒരു നിമിഷം വാതിൽ മറവിൽ നിന്നു…നെഞ്ചിൽ ഒരു നെരിപ്പോട് പോലെ എന്തോ നീറുന്നുണ്ട്….

നിറഞ്ഞു വന്ന കണ്ണുകളെ ഇരു കൈകളാലും അമർത്തി തുടച്ചുകൊണ്ട് അവൻ ഗൗരിയുടെ സമീപം ചെന്നിരുന്നു…

അപ്പോഴും ഇമചിമ്മാതെ അവൾ അവനെ തന്നെ നോക്കി, പിന്നെ പതിയെ അവന്റെ നെഞ്ചോടു  ചേർന്നിരുന്നു…നേർത്ത തേങ്ങലുകൾക്ക് ശബ്ദം ഏറി വന്നു….

“ആഹാ, എന്നതാ കൊച്ചേ…പോയതോ പോയി ഇനി അതും ഓർത്ത് കരഞ്ഞ് വല്ല ദീനോം  വരുത്തി വക്കാനാണോ നിന്റെ ഒരുക്കം…. ” അന്നമ്മച്ചിയുടെ  ശബ്ദത്തിൽ ശാസന ഉണർന്നു….

അവൾ തന്റെ കയ്യ് അയച്ചു കൊണ്ട് ജോയലിനെ വീണ്ടും നോക്കി. മരുന്നിന്റെ മണമുള്ള ആശുപത്രി മുറിയിൽ അവൾ വല്ലാതെ വീർപ്പുമുട്ടുന്നെന്ന് അവനു തോന്നി….

“അന്നമ്മച്ചി…സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വെച്ചോളൂ…ഇന്ന് ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞെ… “

അത് പറഞ്ഞ് അവൻ ഗൗരിയുടെ മുടിയിഴകളിൽ മെല്ലെ തലോടി….തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ,  അവൾ അവന്റെ നെഞ്ചോട് പറ്റി ചേർന്ന് കിടന്നു…. വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ എന്തോ ഒരു വീർപ്പ്മുട്ടൽ…ഗൗരിയെ  ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു… 

കഴിഞ്ഞ 9 മാസങ്ങൾ ജോയലും ഗൗരിയും കണ്ട സ്വപ്നങ്ങളിൽ കുഞ്ഞു കളിചിരികളും, കളിപ്പാട്ടങ്ങളുടെ കിലുക്കങ്ങളും,  താരാട്ടിന്റെ ഈണങ്ങളും നിറഞ്ഞിരുന്നു…പക്ഷെ  പ്രസവത്തോടെ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ ആ പ്രതീക്ഷകൾക്ക് നിറം മങ്ങി…

തടിയിൽ കൊത്തുപണികളോടെ തീർത്ത ഒരു ചെറിയ തൊട്ടിൽ…അവൾ അതിന് ഓരം ചേർന്ന് നിന്ന് പതിയെ ഒന്ന് ആട്ടി…അതിനുള്ളിൽ വെച്ചിരുന്ന കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്തവൾ നിൽകുമ്പോൾ, അവന്റെ  നെഞ്ച് പിടഞ്ഞു…

ഒരുപാട്,  ഒരുപാട്  കുഞ്ഞു കളിപ്പാട്ടങ്ങൾ…അവൾ പതിയെ ഓരോന്നിലേക്കും വിരലുകൾ ഓടിച്ചു…ആ കണ്ണുകളിൽ ഒരു കടൽ ഇരമ്പി….

ഭിത്തിയിൽ അങ്ങിങ്ങായി ഒരുപാട് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ…അവയിൽ ഒന്നിൽ ചുണ്ടുകൾ ചേർത്തവൾ വിങ്ങി പൊട്ടി…അതിനും അപ്പുറം പിടിച്ചു നിൽക്കാൻ അവനായില്ല. ഓടിച്ചെന്നു അവളെ പിന്നിലൂടെ ചുറ്റിപിടിച്ചപ്പോൾ, ആർത്തലച്ചുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണു…

“ഗൗരി നീ കുറച്ചു നേരം കിടക്ക്…മറ്റൊന്നും ആലോചിക്കേണ്ട… “

“ജോ…ഇവിടെ ഇരിക്കണേ എന്റെ കൂടെ… “

“മ്മ്…ഞാൻ ഇവിടെ തന്നെ ഉണ്ടാക്കും…”

ജോയൽ അവളുടെ നെറുകിൽ മെല്ലെ ചുംബിച്ചു….

ഗൗരി പതിയെ മയക്കത്തിലേക്ക് വഴുതി വീണു…ജോയൽ മുറിയിൽ നിന്നും കുഞ്ഞിനായി വാങ്ങിയതെല്ലാം സ്റ്റോർ റൂമിലേക്ക് മാറ്റി..ഇനി  ഗൗരിയെ വേദനിപ്പിക്കുന്ന ഒരു ഓർമകളും അവിടെ ഉണ്ടാകരുതെന്ന് ജോയൽ തീരുമാനിച്ചു…

വീണ്ടും അവളോട്‌ ചേർന്നിരിക്കുമ്പോൾ അവന്റെ കണ്ണുകൾ മെല്ലെ ഷെൽഫിൽ ഇരുന്ന ആ ചുവന്ന ബോക്സിൽ ഉടക്കി..തന്റെ ഡയറി…പ്രിയപെട്ടതൊക്കെ ഓർമകളായി അക്ഷരങ്ങളിൽ  സൂക്ഷിച്ചു വെച്ച ഡയറി…ജോയൽ  പതിയെ ഓരോ താളുകൾ മറിച്ചു…

****************

“അവളുടെ എള്ളിൻപൂ പോലുള്ള മൂക്കിൽ തുമ്പിലെ കരിനീല കല്ല് വെച്ച മൂക്കുത്തിയോടായിരുന്നു എന്റെ ആദ്യ പ്രണയം…കോളേജിലെ ആദ്യ ദിനങ്ങളിൽ തന്നെ അവളെ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു…തനി നാട്ടിൻപുറത്ത്കാരി തൊട്ടാവാടി പെണ്ണെന്ന എന്റെ ധാരണ തിരുത്തികുറിച്ച് കൊണ്ട്, അവളോട്‌  മോശമായി പെരുമാറിയ സീനിയറിന്റെ ചെകിടടക്കം ഒന്ന് പൊട്ടിച്ച് തിരിച്ചു വന്ന ഗൗരി എനിക്കൊരു അതിശയം ആയിരുന്നു…..

പിന്നെ ഒരിക്കൽ കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ കണ്ടു, മുഖത്തു ഭാവ വിന്യാസങ്ങളോടെ മനോഹരമായി ചുവടുകൾ വെക്കുന്ന ഗൗരിയെ…ഏറെ നേരം ആ  ചിലങ്കയിലേക്കും മുഖത്തേക്കും മാറി മാറി ഞാൻ നോക്കി നിന്നു…

പതിയെ അവൾ എന്റെ മനസ്സിൽ ആഴത്തിൽ പതിയുമ്പോഴും ഒന്നും അവളെ അറിയിക്കാൻ എനിക്ക് മനസ്സ് വന്നില്ല…എന്തിന് ഒരേ ക്ലാസ്സിൽ ഒരുമിച്ചു ആറു മാസത്തോളം പഠിച്ചിട്ടും അവളോട് ഞാൻ ഒരു വാക്ക് പോലും മിണ്ടിയില്ല…ഞങ്ങൾ തീർത്തും അന്യരെ പോലെ തുടർന്നു… 

ഒരിക്കൽ നാട്ടിലേക്കുള്ള മടക്കയാത്രയിൽ, കൂട്ടത്തിലെ ഓരോരുത്തർ ഇറങ്ങുമ്പോഴും അവളെന്നെ നോക്കും…പിന്നെ എന്തോ ഓർത്തെന്നപോലെ ചിന്തയിൽ മുഴുകും…എത്ര നേരം അങ്ങനെ തുടർന്നു എന്നറിയില്ല…ഒടിവിൽ കൂട്ടുകാർ എല്ലാവരും ഇറങ്ങി….ഞാൻ പതിയെ ട്രെയിനിന്റെ ഡോറിന് അരികിൽ വന്നു നിന്നു…..

“അതെ അധികം ഇവിടെ നിൽക്കണ്ടാട്ടൊ…അത്ര സേഫ് അല്ല…. “

ഗൗരി…. !!

ഞാനാകെയൊന്ന് പരിഭ്രമിച്ചു…ഇപ്പൊ കേട്ടത് സത്യമോ അതോ സ്വപ്നമോ എന്ന് ഓർത്ത് മിഴിച്ചു നില്ക്കുമ്പോൾ,  മെല്ലെ കൈകൾ ഞൊടിച്ചുകൊണ്ട് അവൾ വീണ്ടും എന്നെ ചിന്തയിൽ നിന്ന് ഉണർത്തി…

അവൾ തിരികെ നടക്കുമ്പോൾ അവൾക്ക് പിറകിലായി യാന്ത്രികമായി ഞാൻ നടന്നു…പതിയെ ഇരുവശങ്ങളിലായി ഇരിക്കുമ്പോൾ എന്റെ നെഞ്ചിടിപ്പിന് വേഗമേറി….

“അല്ല ജോയലിന് എന്നോട് എന്തെങ്കിലും ദേഷ്യം ഇണ്ടോ….. “

“ഇല്ല”… എന്ന അർത്ഥത്തിൽ ഞാൻ തല കുലുക്കി…

“പിന്നെ എന്താ താൻ എന്നോട് മിണ്ടാത്തത്…കണ്ടിട്ടും കാണാത്ത പോലെ നടക്കുന്നത്… “

“അത്…അത്…താനും ഒന്നും മിണ്ടുന്നില്ലല്ലോ… “

“അതിന് മിണ്ടാൻ വരുമ്പോഴൊക്കെ താൻ ഒഴിഞ്ഞു മാറുന്ന പോലെ തോന്നും… “

“ഏയ്‌…മനപ്പൂർവ്വം ആകില്ലെടോ…ഇപ്പൊ സംസാരിക്കുന്നില്ലേ…ഇനിയും സംസാരിക്കാം… ” ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞൊപ്പിച്ചു…

ശരിയാ…ഗൗരി എത്ര പ്രാവശ്യം ഒന്ന് മിണ്ടാൻ ശ്രമിച്ചു…പക്ഷെ ഞാനാണ് ഒഴിഞ്ഞു മാറിയത്…ഒരു നിമിഷം സംസാരിച്ചാൽ…അവളോടുള്ള എന്റെ ഇഷ്ടം പുറത്ത് വന്നാലോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി ….

പക്ഷെ അവൾ പോലും അറിയാതെ….എത്രയോ അവളെ പിന്തുടർന്നു….ഞാൻ മനസ്സിൽ ഓരോന്ന് അങ്ങനെ ഓർക്കുമ്പോഴും അവൾ വാ തോരാതെ സംസാരം തുടർന്നു…ആ യാത്ര അവിടെ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷം….

അങ്ങനെ ഒരു കോളേജ് യൂണിയൻ ഇനാഗുറേഷൻ ദിവസം, ഒരുപാട് തിരക്കുകൾ…അതിനിടയിൽ എവിടെയൊക്കെ നിന്നോ ഗൗരിയെ കാണുന്നുണ്ട്…അവളും എന്നെ ശ്രദ്ധിക്കാതെ ഇരുന്നില്ല…

അപ്പോഴൊക്കെ എന്റെ ഏറ്റവും നല്ല കൂട്ടുകാരിയും യൂണിയൻ പ്രസിഡന്റും ആയ അനു എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു, ഓരോരോ ചുമതലകൾ എന്നെ ഏൽപ്പിച്ചുകൊണ്ട്…അവൾക്ക് എല്ലാ പിന്തുണയുമായി ഞാനും…

പരിപാടിക്ക് ശേഷം, ഒരുപാട് ഓടിനടന്ന് അനു  ആകെ കുഴഞ്ഞു…എനിക്ക് അരികിൽ വന്നിരുന്നു ഒരുപാട് താങ്ക്സ് ഒക്കെ പറഞ്ഞു…കുറച്ചു നേരം സംസാരിച്ചു…അപ്പോഴും എന്റെ കണ്ണുകൾ ഗൗരിയെ തേടിക്കൊണ്ടിരുന്നു … 

ഞാനും അനുവും ഇരുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ കൂട്ടുകാരികൾക്ക് ഒപ്പം നിൽക്കുന്ന അവളെ ഞാൻ കണ്ടു…ഇടക്കിടക്ക് അവൾ എന്നെ നോക്കുന്നു എന്ന് തോന്നിയപ്പോൾ,  പതിയെ ഞാൻ അനുവിന്റെ കൈകളിൽ പിടിച്ചു സംസാരിക്കാൻ തുടങ്ങി…അടികൂടി…ഒരുപാട് ചിരിച്ചു…ഗൗരിക്ക് അതൊന്നും ഇഷ്ടമായില്ലെന്ന് ആ മുഖത്തെ ദേഷ്യം കണ്ടാൽ അറിയാം…

പിന്നെയും പലപ്പോഴും  ഞാൻ അനുവിനൊപ്പം നടന്നു…കോളേജിൽ,  ക്യാന്റീനിൽ…ഗ്രൗണ്ടിൽ…ഒരിക്കൽ അനുവിന്റെ കയ്യിൽ പിടിച്ചങ്ങു നടന്നു…ഗൗരിയുടെ മുന്നിൽ വെച്ച് തന്നെ…ആ  മനസ്സൊന്ന് അറിയാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി…അപ്പോൾ അടുത്തിരുന്ന ബാഗും വലിച്ചെടുത്തു ചവിട്ടി തുള്ളി പോകുന്ന ഗൗരിയെ കണ്ടപ്പോ ഒരുപോലെ ചിരിയും, സങ്കടവും, പിന്നെ ഒരുപാട് ഇഷ്ടവും തോന്നി….

പിന്നെ രണ്ട് ദിവസത്തേക്ക് എനിക്ക് മുഖം തരാതെ ഉള്ള ആ നടത്തം എന്നെ ചെറുതായി വേദനിപ്പിച്ചപ്പോഴും,  അവളുടെ കുശുമ്പ് ഞാൻ ഒത്തിരി ആസ്വദിച്ചു…

“ഗൗരി, എനിക്ക് ഒരു സഹായം വേണം… “

എന്താ….? ഒട്ടും ഗൗരവം വിടാതെ അവൾ ചോദിച്ചു…

“അത് എനിക്ക് ഒരു കുട്ടിയെ ഇഷ്ടാ… “

“ആരെ…ആരെയാ ജോയൽ…നമ്മുടെ ക്ലാസ്സിൽ ഉള്ളതാണോ…പേര് എന്താ… ” അതറിയാനുള്ള അവളുടെ ആകാംഷ കണ്ടപ്പോൾ എനിക്ക് ചിരി വന്നു…

“അതൊക്കെ പറയാം…ബട്ട്‌, നീ എന്നെ സപ്പോർട്ട് ചെയ്യണം… “

“ആ…ആരാ..അത് പറ…” അവൾ ആവേശത്തോടെ ചോദിച്ചു…

“അത്..നമ്മുടെ അനു !!!”

“മ്മ്… “

ഗൗരി ഒരു നിമിഷം സ്തബ്ധയായി…പതിയെ സ്വബോധം വീണ്ടെടുത്ത പോലെ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു… 

“എടൊ….എനിക്ക് ഇത് അവളോട്‌ ഒറ്റക്ക് പറയാൻ ഒരു മടി….താനും കൂടെ വേണം എന്നൊരു തോന്നൽ…ഒരു സപ്പോർട്ടിനു…വരില്ലേ… “

“ഞാൻ…എനിക്ക്… “

“എന്താ…താനും വരും…നമ്മൾ ഒന്നിച്ചു പോകും…ഉച്ചക്ക് ഞാൻ  സിൽവർ ജൂബിലി ഹാളിൽ വെയിറ്റ് ചെയ്യാം…  “

ഗൗരി വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു… പോരാത്തതിന് രാവിലെ തന്നെ അവൾ ലീവ് എടുത്ത് വീട്ടിലേക്ക് പോയി എന്നും  അവളുടെ ഫ്രണ്ട് വഴി അറിഞ്ഞു….

“നല്ല പണിയാടോ താൻ കാണിച്ചത്…ഉച്ചക്ക് കൂടെ വരാം എന്ന് പറഞ്ഞിട്ട് മുങ്ങിയല്ലേ….”

ട്രെയിനിൽ അവളുടെ സീറ്റിനു എതിർ വശത്തായി ഞാൻ ഇരുന്നപ്പോൾ അവൾ ആകെ പകച്ചുപോയി…

“അത് പിന്നെ വീട്ടിൽ നിന്ന് ഒരു കാൾ വന്നപ്പോ…അമ്മയെയും അപ്പയെയും കാണാൻ തോന്നി… ” മറ്റെവിടേക്കോ നോക്കി അവൾ പറഞ്ഞു…

“ആ സാരമില്ല…അനുവും വരുന്നുണ്ട്…ട്രെയിൻ എടുക്കാൻ ഇനിയും ഹാഫ് അവർ ഇല്ലേ…അവൾ ഉടനെ എത്തും…അപ്പൊ ഞാൻ കാര്യം അവതരിപ്പിക്കും..നീ കൂടെ കട്ടക്ക് നിന്നെക്കണം..കേട്ടല്ലോ “

അത് കേട്ടപ്പോഴേക്കും,  അവളുടെ മുഖം ആകെ ഇരുണ്ടു…പെട്ടെന്ന് ഗൗരി സീറ്റിൽ നിന്ന് എണീറ്റ് ഡോറിന് അരികിൽ പോയി നിന്നു…

“എന്താ ഗൗരി… “

“ഒന്നുല്ല…സമയം ഉണ്ടല്ലോ ട്രെയിൻ എടുക്കാൻ…കുറച്ചു  നേരം ഇവിടെ നിക്കാൻ തോന്നി…” 

“മ്മ്… “

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി…

“ശേ…അനു വന്നില്ലല്ലോ….” ഞാൻ ഉള്ളിൽ ഒരു ചിരിയോടെ സങ്കടം അഭിനയിച്ചു…

“ഗൗരി, അനു….. “

“മിണ്ടിപ്പോകരുത്…ഞാൻ മുഴുമിപ്പിക്കും മുന്നേ അവൾ എന്റെ വായ അടപ്പിച്ചു

“എനിക്കൊന്നും കേൾക്കണ്ട…താൻ ആരെ വേണേലും പ്രേമിക്ക്…എനിക്കെന്താ…അത്, ആരാന്ന് വെച്ചാ അവരോട് പോയി പറയ്‌…എന്നോട് പറഞ്ഞു വന്നിട്ട് ഒരു കാര്യവും ഇല്ല…എനിക്ക് സപ്പോർട്ട് ചെയ്യാൻ ഇപ്പൊ സൗകര്യം ഇല്ല.. ” അതും പറഞ്ഞ് അവൾ മാറി നിന്നു….

അവൾ ആകെ പൊട്ടി തെറിച്ചപ്പോൾ ഞാനും ഒന്നു പേടിച്ചു, പക്ഷെ ആ നിൽപ്പ് കണ്ടപ്പോ അറിയാതെ ചിരി വന്നു…

“ഗൗരി, നീ എന്തിനാ ഇത്രെയും ചൂടായത്….”

“ഒന്നുമില്ല ജോയൽ … “

“ഒന്നുല്ലാഞ്ഞിട്ടാണോ ഇങ്ങനെ ദേഷ്യപ്പെട്ടത്…ഞാൻ അനുവിനെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞത് മുതൽ തുടങ്ങിയതാ നിന്റെ ഈ മാറ്റം…നിനക്ക് എന്താ അവളോട്‌ ഒരു ദേഷ്യം പോലെ… “

“എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല, സ്നേഹവും ഇല്ല… “

“ങേ സ്നേഹമില്ലേ…അപ്പൊ എന്നോടും ഒട്ടും ഇല്ലേ…നിന്റെ ഈ കണ്ണുകൾ അത് സമ്മതിക്കുന്നില്ലല്ലോ ഗൗരി… “

ഗൗരി വേഗം അവളുടെ കണ്ണുകൾ പിൻവലിച്ചു നടക്കാൻ തുടങ്ങി…ജോയൽ അവളുടെ കൈകളിൽ പിടുത്തം ഇട്ടു..

“ഇനിയും ഓടി ഒളിക്കേണ്ട…എനിക്കറിയാം എന്നോടുള്ള നിന്റെ ഇഷ്ടം… “

“മതി ജോയൽ…മതിയാക്കാം, ഞാൻ പോകുന്നു “

“എന്നാ മോള് പോകും മുന്നേ ഒന്നൂടെ കേട്ടോ, എന്റെ മനസ്സിൽ എന്നും ഒരുത്തിക്കെ സ്ഥാനം ഉള്ളു..ഒരു കരിനീല കല്ല് വെച്ച മുക്കൂത്തി  ഇട്ടു എന്റെ ചങ്കിലേക്ക് ഇടിച്ചങ്ങു കേറിവന്നവൾ…തൊട്ടാവാടി എന്ന് കരുതിയവരെകൊണ്ട് തന്റേടി എന്ന് പറയിപ്പിച്ചവൾ, അവളുടെ  ചിലങ്കയുടെ താളം എന്റെ ഹൃദയത്തിലാ പതിഞ്ഞത്….ഒരു പാവം നമ്പൂതിരികുട്ടി…ന്റെ ഗൗരികുട്ടി…അവൾക്ക് ഈ നസ്രാണി ചെക്കനെ ഇഷ്ടാവോ എന്തോ…?”

അവളുടെ കണ്ണുകൾ കവിഞ്ഞൊഴുകി…പക്ഷെ കൺകോണിലെ ഒരോ നീർത്തുള്ളിക്കും വല്ലാത്തൊരു തിളക്കം.. 

അവൻ അവളിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് ചോദിച്ചു…

“ഇഷ്ടകുമൊ  ഗൗരി… ?”

അത് കേട്ടതും  അവൾ അവനെ വാരിപ്പുണർന്നു….

“ആ അങ്ങനെ വഴിക്ക് വാ മോളെ…..ഇതിനൊക്കെ വേണ്ടിയാ വെറുതെ അനുവിനോടുള്ള ഇല്ലാത്തൊരു ഇഷ്ടം പറഞ്ഞു നിന്നെ കുശുമ്പ് കെറ്റിയത്… “

**അനു കാളിങ്…

**പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തു…

ഗൗരി പെട്ടെന്ന് ഫോൺ വാങ്ങി കട്ട്‌ ചെയ്തു….

എനിക്ക് ചിരി അടക്കാനായില്ല..അത് കണ്ടവൾക്കും…

പിന്നെ പ്രണയത്തിന്റെ കാലം…ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി അതങ്ങനെ മുന്നോട്ട് പോയി…കോളേജ് മുഴുവൻ പാട്ടായി…എല്ലാ സഹായത്തിനും, സാഹസത്തിനും ചങ്ക് കൂട്ടുകാർ ഒപ്പം നിന്നു….പിന്നെ എല്ലാ പിന്തുണയോടും കൂടി അനുവും…..

ഒടുവിൽ കുടുംബവും പള്ളിയും, പട്ടക്കാരും എല്ലാം എതിർത്തിട്ടും,  ഗൗരി എന്ന നമ്പൂതിരി കുട്ടിയെ ജോയൽ വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ, ഒരിക്കലും ഒറ്റക്ക് ആവില്ല എന്നൊരു വാക്ക് മാത്രേ അവൾക്ക് നല്കിയിരുന്നുള്ളു… 2 വീട്ടുകാരും കയ്യൊഴിഞ്ഞപ്പോൾ ആകെ ഉണ്ടായിരുന്നത്, അകന്ന ബന്ധത്തിൽ ഉള്ള അന്നമ്മച്ചി മാത്രമായിരുന്നു….

*************

“കുഞ്ഞേ….അടുക്കളയിൽ സാധനങ്ങൾ ഒന്നും ബാക്കിയില്ല…എന്തേലും വാങ്ങി വാ ” അന്നമ്മച്ചിയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി…

സാധനങ്ങൾ വാങ്ങി, അന്നമ്മച്ചിയെ ഏല്പിച്ചു തിരികെ വരുമ്പോൾ, ജോയലിന്റെ കാതുകളിൽ,  പതിഞ്ഞ സ്വരത്തിൽ ഒരു തേങ്ങൽ  വന്നു പതിച്ചു…മുറിയിലേക്ക് ഓടി ചെല്ലുമ്പോൾ കാൽമുട്ടിൽ തല ചേർത്ത് വെച്ച് കരയുന്ന ഗൗരിയെയാണ് കണ്ടത്…അവൻ അവളെ തട്ടി വിളിച്ചു…

ഒടുവിൽ ബലമായി ആ  കൈകൾ വിടുവിക്കുമ്പോൾ,  മു ലപ്പാൽ കിനിഞ്ഞ് നനഞ്ഞൊട്ടിയ തന്റെ മാ റിടം നോക്കി വീണ്ടും അവൾ വാവിട്ട് കരഞ്ഞു…ജോയൽ അവളെ ഇറുക്കെ വാരിപ്പുണർന്നു…എത്ര നേരം അങ്ങനെ കടന്നു പോയി എന്നവർ അറിഞ്ഞില്ല….

പിന്നീട് പഴയ കളിയും ചിരിയുമുള്ള ഗൗരിയെ വീണ്ടെടുക്കാൻ അവൻ ആവതും ശ്രമിച്ചുകൊണ്ടേ ഇരുന്നു…യാത്രകൾ ഗൗരിക്ക് പുതിയ ഉണർവ് നൽകി…അങ്ങനെ വീണ്ടും,  ഒരു  ശൈത്യ കാലത്ത് രാവിലെ ജോയൽ ഉണർന്നെണീക്കുമ്പോൾ, ഗൗരി അവന് അരികിൽ ഇല്ലായിരുന്നു… 

“ഗൗരി…ഗൗരി… “

കുറെ വിളിച്ചിട്ടും കാണാതായപ്പോൾ അടുത്തുള്ള ക്ഷേത്രത്തിൽ പോയിട്ടുണ്ടാകും എന്ന് അവന് തോന്നി..ഉടനെ ബൈക്കും എടുത്ത് ജോയൽ ക്ഷേത്രത്തിൽ എത്തി…

ആൽത്തറക്ക് അരികിലേക്ക് നടക്കുമ്പോൾ തന്നെ,   പടിക്കെട്ടുകൾ ഇറങ്ങി  വരുന്ന ഗൗരിയെ കണ്ടു…പുളിയിലക്കര കസവ് മുണ്ടിൽ അവളെ കാണാൻ നല്ല ഐശ്വര്യം….അവൾ അരികിൽ വന്ന് അവനോട് ചേർന്ന് നിന്നു..

“ങേ…ന്റെ ഗൗരികുട്ടൻ ഇന്ന് ഹാപ്പി മൂഡിൽ ആണല്ലോ…എന്നിട്ട് എന്തെ എന്നെ വിളിക്കാതെ പോരുന്നെ?  “

അവൾ മിഴികൾ ഉയർത്തി നോക്കുമ്പോൾ, ആ കണ്ണുകൾ നിറഞ്ഞിരുന്നു…ജോയൽ അവളുടെ മുഖം മെല്ലെ  തന്റെ കൈകളിൽ കോരി എടുത്തു…

“എന്ത് പറ്റിയെടോ…? “

ഗൗരി അവന്റെ കൈകൾ എടുത്ത്  തന്റെ ഉദരത്തോട് ചേർത്ത് പിടിച്ചു  നിറ കണ്ണുകളാൽ പുഞ്ചിരി തൂകുമ്പോൾ അവനറിഞ്ഞു, അവർ സ്വപ്നം കണ്ട ആ കുഞ്ഞു കളിചിരികൾ വീണ്ടും അവർക്കായി കാത്തിരിക്കുന്നു എന്ന്…

പക്ഷെ അപ്പോഴും ദൂരെ മാറി നിൽക്കുന്ന രണ്ടു കണ്ണുകൾ തീവ്രമായ ദുഃഖത്താൽ, നഷ്ടബോധത്താൽ നിറഞ്ഞോഴുകി….ഗൗരിയും ജോയലും തന്നെ കടന്ന് പോകുമ്പോൾ അനു പിന്നിലേക്ക് മാറി നിന്നു…പണ്ടും അവരുടെ ഇഷ്ടത്തിന് മുന്നിൽ ഒഴിഞ്ഞു മാറിയിട്ടേ ഉള്ളു അവൾ…ഒരിക്കൽ ജോയൽ തന്നോട് കാണിച്ച അടുപ്പം അവൾ പ്രണയമായ് കരുതി….

അവനോടൊപ്പം ചിലവഴിച്ച ഒരോ നിമിഷങ്ങളെയും അവൾ പ്രണയിച്ചു….ഒപ്പം ഒരു കരുതലോടെ തന്റെ കൈകൾ ചേർത്ത് പിടിച്ചവൻ നടക്കുമ്പോൾ ഈ ലോകത്ത് മറ്റാരേക്കാളും സന്തോഷവതി അവളായിരുന്നു…

ആദ്യമായ് ആയിരുന്നു അത്രയും മനോഹരമായൊരു പിറന്നാൾ സമ്മാനം, തന്റെ ഒരുപാട്  ചിത്രങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു ആൽബം, അതിന്റെ അവസാനത്തെ പേജിൽ ജോയൽ വരച്ച അനുവിന്റെ ചിത്രത്തിന് ചുവടെ… “സ്നേഹപൂർവ്വം നിന്റെ ജോ”…..ആ വരികളിലൂടെ അനുവിന്റെ മനസ്സിൽ പ്രണയം നിറഞ്ഞു….

പലപ്പോഴും അവൻ പോലും അറിയാതെ, അവൻ ഉപേക്ഷിക്കുന്നവയൊക്കെ അനു ഒരു നിധി പോലെ സൂക്ഷിച്ചു വെക്കാൻ തുടങ്ങി…

എന്നാൽ ഒരു സുഹൃത്തിന് അപ്പുറം താൻ ജോയലിന് ആരുമല്ല എന്നും, ഗൗരിയെ ജോയൽ ഒരുപാട് സ്നേഹിക്കുന്നു എന്നും തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു…ജോയലിനെ അനു അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു…. 

അനു തന്റെ കയ്യിലിരുന്ന തൂവാലയിലേക്ക്  നോക്കി നിസ്സംഗമായി ഒന്ന് പുഞ്ചിരിച്ചു…എന്നോ ഒരിക്കൽ  ജോയലിന്റെ കയ്യിൽ നിന്നും അത് താഴെ വീണപ്പോൾ, അവൾ ഭദ്രമായി എടുത്ത് വെച്ചിരുന്നു അത് ….

പക്ഷെ ഒരിക്കലും തുറന്ന് പറയാൻ കഴിയാതെ പോയൊരു പ്രണയത്തിന്റെ ബാക്കി പത്രമായി, അത് ഇന്നും  അവശേഷിക്കുന്നു…

അതെ ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപെടുമ്പോളാകും അതിന് തീവ്രത ഏറുന്നത്…….

~കീർത്തി എസ് കുഞ്ഞുമോൻ