ഇഷ്ടപെട്ട ആൾ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചപ്പോൾ സ്ത്രീധനമൊന്നും പ്രതീക്ഷിക്കണ്ട എന്നാണു അമ്മ ആദ്യം പറഞ്ഞത്…

പല വീഥികൾ…

Story written by Susmitha Subramanian

============ 

“അപർണേടെ അച്ഛനും അമ്മയും മരിച്ചു”

ഉറക്കം നഷ്ടപെടുത്തിയതിന്റെ ഈർഷ്യയിലാണ് കാൾ എടുത്തത് തന്നെ. പക്ഷെ മറുതലയ്ക്കൽ അമ്മ പറയുന്നത് കേട്ടതും പിടഞ്ഞെഴുനേറ്റു…

” എന്ത് പറ്റിയതാ ? “

” ആ ത്മഹത്യ ആയിരുന്നു . ബാങ്ക് ജപ്തി ചെയാൻ ഇന്ന് ആളുവരുമെന്നു അറിയിച്ചിരുന്നു. വേറെ ഒരു വഴിയും കണ്ടുകാണില്ല . നീ വരുന്നുണ്ടോ ?പോസ്റ്റുമാർട്ടം കഴിഞ്ഞു വൈകീട്ടത്തേയ്ക് അടക്കുണ്ടാകും  “

നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു ഇന്നല്ലെ. നാളെ അവധിയുമാണ്. ഇന്നിനിയിപ്പോൾ ഉറങ്ങാനും സാധിക്കില്ല. ഇവിടുന്ന് ആറുമണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിലേയ്ക്…

“ഞാൻ വരാം , അമ്മെ “

അത്രയും ദൂരം ഒറ്റയ്ക്കു ഡ്രൈവ് ചെയാനുള്ള മനസികാവസ്ഥയല്ലാത്തതുകൊണ്ട് മനീഷയെ കൂട്ടിനു വിളിച്ചു. ഓർമ്മകൾ എത്ര വേഗമാണ് പിന്നോട്ട് പായുന്നത്…

അപർണ്ണയും ഞാനും ഒരേ പ്രായക്കാർ. അയല്പക്കം…ഒരേ സ്കൂളിൽ ഒന്നുമുതൽ പ്ലസ് ടു വരെ ഒന്നിച്ചു പഠിച്ചവർ. എന്റെ വീട്ടിലെ പോലെ അവിടെയും രണ്ടു പെണ്മക്കൾ. പ്ലസ് ടു കഴിഞ്ഞപ്പോൾ തുടർപഠനത്തിനായി അപർണ കോയമ്പത്തൂരിലേയ്ക്ക്  പോയി. ഒട്ടും ഇഷ്ടമിലാതെയാണ് അന്നവൾ മറുനാട്ടിലേയ്ക് വണ്ടികയറിയത്.

“അവളെയും  എൻജിനീയറിങ്ങിനു വിട്ടൂടായിരുന്നോ? നാല് ലക്ഷം രൂപ വിദ്യാഭ്യാസ ലോൺ എടുത്താണ് അപ്പുനെ പഠിക്കാൻ വിട്ടിരിക്കുന്നത്.” ബിന്ദു ആന്റി അമ്മയോട് പറയുന്നത് കേട്ടു.

“അവൾക് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നെങ്കിൽ  എൻട്രൻസ് എഴുതി എടുത്തേനേ…ഇനിയിപ്പോ ഡിഗ്രി ചെയ്‌താൽ മതി…അത്രയ്ക് ആഗ്രഹം ആണെങ്കിൽ അടുത്ത വര്ഷം എൻട്രൻസ് എഴുതി കിട്ടുമോയെന്നു നോക്കട്ടെ…” അമ്മയുടെ മറുപടിയ്ക് തീർത്തും പുച്ഛിചൊരു ചിരി സമ്മാനിച്ചുകൊണ്ട്  കൊണ്ട് ബിന്ദു ആന്റി തിരിഞ്ഞു നടന്നു.

“നാല് ലക്ഷം രൂപ ഉണ്ടെങ്കിൽ നിന്നെയൊന്നും ആശ്രയിക്കാതെ എനിക്ക് വയസാം കാലത്തു ജീവിക്കാം, കേട്ടോടി ?” അവരുടെ സംസാരം കേട്ടിരുന്ന എന്നോടായി അമ്മ പറഞ്ഞു.

അല്ലെങ്കിലും അമ്മയ്‌ക്ക എല്ലാം സമ്പാദിക്കലാണ് . മറ്റുള്ളർ, അത് ചെയ്തു ഇത് ചെയ്തു എനിക്കും അതുപോലെ വേണം. എന്നെങ്ങാൽ അമ്മയോട് പറഞ്ഞാൽ  ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കണം. ആളുകളെ കാണിക്കാനായിട് ജീവിക്കരുതെന്ന മറുപടി വരും.

ഓരോ തവണ അപർണ വരുമ്പോഴും മാറ്റങ്ങൾ അറിയാൻ ഉണ്ടായിരുന്നു. വസ്ത്രധാരണവും ആഡംബരവും കൂടി…ഉപയോഗിക്കുന്ന കോസ്മെറ്റിക്സിന്റെ വില കേട്ടപ്പോൾ “നിന്നെ കാണാൻ നല്ല ഭംഗിയുണ്ടല്ലോടി, പിന്നെയെന്തിനാ എത്രയും വിലയുടെ ? ” ഒരിക്കൽ ഞാൻ തന്നെ ചോദിച്ചു പോയി. അവളതു അവഗണിച്ചു. അല്ലെങ്കിലും അവളുടെ അച്ഛനും അമ്മയും ചെയ്തു കൊടുക്കുന്ന സൗകര്യങ്ങൾക്ക് ഞാൻ എന്തിനു അഭിപ്രായം പറയണം.

ഞാൻ ഡിഗ്രിയും പി ജിയും കഴിഞ്ഞു. ജോലിക്കു വേണ്ടി ഇത്തിരി അലയേണ്ടി വന്നെങ്കിലും നല്ലൊരു കമ്പനിയിൽ ജോലികിട്ടി. അതിനിടയിൽ എന്റെ അനിയത്തിയും ഡിഗ്രിക്ക് ചേർന്നു. അവൾക്കു പിന്നെ എല്ലാവരും ഡോക്ടറും എൻജിനീയറും ആയിട്ടെന്തിനാ എന്നുള്ള മൈൻഡ് ആണ്. അപർണയുടെ അനിയത്തിയെ മെഡിസിന് വിട്ടു, വിദ്യാഭ്യാസ ലോൺ എടുത്തിട്ട് തന്നെ…

ആദ്യമായി സാലറി കിട്ടിയപ്പോൾ അമ്മയ്ക്ക് കൊണ്ട് പോയി കൊടുത്തു

“വേണ്ട, നിന്റെയൊന്നും ചിലവിനല്ലല്ലോ ഇത്‌ വരെയും കഴിഞ്ഞത്.നീ തന്നെ വച്ചോ…”

കേട്ടപ്പോൾ വിഷമം തോന്നി. അച്ഛനും അനിയത്തിക്കും ആദ്യ സാലറിയില് നിന്ന് സമ്മാനങ്ങൾ വാങ്ങിയപ്പോൾ അമ്മയെ അവഗണിച്ചു. അല്ലെങ്കിലും അമ്മയ്‌ക് എന്ത് കൊടുത്താലും തൃപ്തിയില്ല. പഠനം കഴിഞ്ഞു അതികം വൈകാതെ അനിയത്തിക്കും ജോലിയായി. അവളും സാലറി അമ്മയെ ഏൽപ്പിച്ചപ്പോൾ എനിക്ക് കിട്ടിയ അതെ മറുപടി തന്നെയാണ് കിട്ടിയത്. എന്നെ പോലെ തന്നെ അവളും ചെയ്തു. എനിക്കും അച്ഛനും ഡ്രസ്സ് എടുത്തപ്പോൾ അമ്മയ്‌ക് എടുത്തു കൊടുത്തില്ല

“കാശു അവളോട് തന്നെ വയ്ക്കാൻ പറഞ്ഞത്, ഞാൻ ആയിട്ട് നിങ്ങൾക്കിഷ്ടപെട്ടതൊന്നും വാങ്ങി തന്നിട്ടില്ലല്ലോ . നിങ്ങൾ ഇഷ്ടമുള്ളതൊക്കെ ചെയ്തോട്ടെ എന്ന് കരുതിയാ…എന്റെ മക്കൾ സമ്പാദിക്കുമെന്ന് അമ്മയ്ക്കറിയാം. എന്നാലും അവളൊരു മിഠായി പോലും എനിക്ക് വാങ്ങി തന്നില്ലല്ലോടി…”

ഒരു കരച്ചിൽ വന്നു എന്റെ തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു. അന്നെന്റെ സാലറിയിൽ നിന്നും അമ്മ ഒരു കുഞ്ഞു പങ്ക് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ?

അതവണത്തെ കുറി കിട്ടിയപ്പോൾ ഞാനും അനിയത്തിയും കൂടി അമ്മയുടെ കരിമണി മാല രണ്ടു മടക്കാക്കി കൊടുത്തു. ഇതിനാണോ എന്റെ കയ്യിൽ നിന്ന് മാല വാങ്ങി കൊണ്ടുപോയത് . നിനക്കൊന്നും വേറെ പണിയുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചു അമ്മ ചൂടായി.

പക്ഷെ രാവിലെ അമ്പലത്തിൽ വച്ച് കണ്ട പഴയ കൂട്ടുകാരിയോട്  അമ്മ പറയുന്നത് കേട്ടു “എന്റെ വലിയൊരു ആഗ്രഹമാ മക്കൾ സാധിച്ചു തന്നത് . ഓരോ തവണ ജൂവലറിയിൽ പോകുമ്പോഴും ഇതൊന്നു രണ്ടു മടക്കാക്കണമെന്നു വിചാരിക്കും. പക്ഷെ മക്കൾക്ക് വേണ്ടി എന്തെങ്കിലും വാങ്ങി പോകും…”

ഇഷ്ടപെട്ട ആൾ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചപ്പോൾ സ്ത്രീധനമൊന്നും പ്രതീക്ഷിക്കണ്ട എന്നാണു അമ്മ ആദ്യം പറഞ്ഞത്. ഇങ്ങോട്ട് ചോദിച്ചാൽ അങ്ങോട്ട് പുരുഷധനവും വേണ്ടി വരുമെന്ന് !വിവാഹത്തിന് ജൂവലറിയിൽ പോയത് മോതിരം പണിയിക്കാൻ ആണ്. അതും എന്റെ ചിലവ്…സേവ് ദി ഡേറ്റും എൻഗേജ്മെന്റുമൊക്കെ അമ്മ കട്ട് ചെയ്തു. മനസുമടുത്താണ് വിവാഹ സാരി എടുക്കാൻ പോയത്. പക്ഷെ ഇഷ്ടപെട്ടത് എടുത്തോളാൻ പറഞ്ഞു അച്ഛൻ. വീട്ടിൽ വന്നപ്പോൾ അമ്മ ലോക്കറിൽ നിന്ന് എടുപ്പിച്ച സ്വർണം കൊണ്ട് വന്നു തന്നു.

“എടി , എല്ലാം നിനക്കായിട്ട് പലപ്പോഴായി വാങ്ങിയതാണ്. പത്തുമുപ്പതു പവൻ കാണും. നീ ഇത് നിന്റെ ആവശ്യത്തിന് എടുക്കാവൂ, എനിക്കറിയാം എന്റെ മക്കൾ എല്ലാം സൂക്ഷിച്ചും കണ്ടുമേ ചെയ്യൂവെന്ന്‌…”

ഞാൻ ഒട്ടും പ്രതീക്ഷിച്ചതേ അല്ലായിരുന്നു അത്. അച്ഛൻ വന്നിട് ഒരു പാസ്ബുക്ക് തന്നു നിന്റെ ആവശ്യത്തിനാണ്, രണ്ടു ലക്ഷം ഫിക്സഡ് ഡെപ്പോസിറ് ഇട്ടത്. വളരെ തുച്ഛമായ വരുമാനത്തിൽ നിന്ന് അച്ഛനും അമ്മയും ഇത്രയൊക്ക സമ്പാദിച്ചു എന്നറിഞ്ഞപ്പോൾ എനിക്കും അനിയത്തിക്കും അത്ഭുതമായിരുന്നു.

“ചെറുതാണെങ്കിലും പെണ്ണിന് സ്വന്തമായി ഒരു വരുമാനം വേണം. അവിടെ ചെന്ന് ജോലിക് പോകാതെ ഇരിക്കരുത്. “

എത്രയുമേ അമ്മ കല്യാണത്തിന് മുൻപ് പറഞ്ഞുള്ളു…ഇവിടുത്തെ ജോലി കളഞ്ഞു പോകുന്നത് അമ്മയ്‌ക് വിഷമമായിരുന്നു. എങ്കിലും അവിടെ അതിനേക്കാൾ നല്ലൊരു ജോലിക് ഞാൻ കയറി.

“കടമൊന്നുമില്ലാതെയാ മോൾടെ കല്യാണം നടത്തുന്നത് ” സന്തോഷത്തോടെ അച്ഛനുമമ്മയും പറയുന്നത് കല്യാണ തിരക്കിലും ഞാൻ കേട്ടു. സിനോജോ  വീട്ടുകാരോ ഒരിക്കലും സ്വർണത്തിന്റെ കണക്കുകൾ ഒന്നും ചോദിച്ചില്ല. അതികം വൈകാതെ തന്നെ കിട്ടിയതൊക്കെ വച്ച് ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ വീടെടുത്തു. അതും അമ്മയുടെ തീരുമാനമായിരുന്നു. നിന്റെ കൈയിൽ ഉള്ളതുകൂടെ കൊടുത്താണ് എടുക്കുന്നതെങ്കിൽ ഒരാളുടെ പേരിലായിട്ട് ഒന്നും എടുക്കരുതെന്ന്…അനിയത്തിയുടെ വിവാഹവും കടമിലാതെ തന്നെ അച്ചന്റെ പെൻഷൻ തുക കൊണ്ട് നടത്തി

“നിന്റെ സഹായമൊന്നും ഞങ്ങള്ക് വേണ്ട” എന്ന് കല്യാണം ഉറപ്പിച്ച അന്ന്  തന്നെ അമ്മ പറഞ്ഞിരുന്നു. മേൽഉദ്യോഗസ്ഥരുടെ ശല്യം വന്നു പറയുമ്പോൾ അച്ഛനോട് എത്രയോ തവണ ഞങ്ങൾ പറഞ്ഞിട്ടുണ്ട് ഈ ജോലി കളയാൻ എന്ന് ആത്മനിന്ദയോടെ ഓർത്തു.

പഠനം കഴിഞ്ഞു അപർണ്ണയും ജോലിക്കു കയറി. സ്വന്തമായി വണ്ടി എടുത്തു

“സി സി എടുത്ത് വാങ്ങിയതാടി.” ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു.

“അപ്പൊ നിന്റെ വിദ്യാഭ്യാസ ലോൺ ?”

“നിലവിൽ അച്ഛൻ അടക്കുന്നു.”  പിന്നീട് ഇടയ്ക് വിളിക്കാറുണ്ട് അപ്പു

“അച്ഛൻ ഇപ്പൊ പഴേ പോലൊന്നുമല്ലെടി. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം.”

ഞാൻ ഒന്നും പറഞ്ഞില്ല

“എടി കല്യാണം ഉറപ്പിച്ചുട്ട , കൂടെ പഠിച്ചിരുന്ന ആളാ.” വിശേഷങ്ങൾ പറയുന്നതിന്റെ ഇടയ്ക് അവൾ പറഞ്ഞു

“അച്ഛനോട് മിനിമം അമ്പതു പവനെങ്കിലും ഇല്ലാതെ ഇറങ്ങില്ലെന്നു പറഞ്ഞിട്ടുണ്ട്. അവർ കുറച്ചു സാമ്പത്തികം ഉള്ള ആളുകളാ…”

“അച്ഛനെ കൊണ്ട് ഇനിയും ലോൺ എടുപ്പിക്കല്ലെടി…” കുറച്ചു ദേഷ്യത്തോടെ തന്നെ പറഞ്ഞു

“നിന്റെ കല്യാണത്തിനും ഒത്തിരി സ്വർണം ഉണ്ടായിരുന്നല്ലോ”

“അതൊന്നും കടം വാങ്ങിയതല്ല”

” ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ മതി. വരാൻ പറ്റുമെങ്കിൽ കല്യാണത്തിന് വാ…”

അവൾ കാൾ കട്ട് ചെയ്തു.

പിന്നീട് ഞങ്ങൾ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല. വീട് പണയപ്പെടുത്തി അവളുടെ കല്യാണം അതി ഗംഭീരമായി നടത്തിയതും ലോണിന് മുകളിൽ ലോൺ എടുത്ത് അവളുടെ അനിയത്തീടെ കല്യാണം നടത്തിയതും അമ്മ പറഞ്ഞു അറിഞ്ഞു.

ഒരിക്കൽ വഴിയിൽ വച്ച് അപർണേടെ അച്ഛനെ കണ്ടു. എനിക്ക് തീർത്തും അപരിചിതനായ ഒരാൾ. എന്നെ കണ്ടപ്പോൾ ക്ഷീണിച്ച ഒരു ചിരി സമ്മാനിച്ചു.

“മിക്കവാറും അങ്ങേരു ആത്മഹത്യ ചെയ്യും.” അമ്മ അന്ന് പറഞ്ഞിരുന്നു. ഞാൻ നല്ല വഴക്കും തിരിച്ചു പറഞ്ഞു.

ഞങ്ങളെ രണ്ടും കെട്ടിച്ചു വിട്ടു കഴിഞ്ഞു ആ രണ്ടു സെന്റിലെ വീടിനു മുകളിൽ വാടകയ്ക്ക് കൊടുത്തു അച്ഛനും അമ്മയും…

“വയ്യാതാകുന്ന കാലം വരെയും നിങ്ങളെ കഷ്ടപെടുത്തരുത്. അതിനും മുൻപ് ഭഗവാൻ ഞങ്ങളെ വിളിക്കാൻ പ്രാർത്ഥിക്കാറുണ്ട്. ” അമ്മ പലപ്പോഴും പറയുന്നതാണ്.

മരണ വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു . അവർക്കരികിലേയ്ക്ക് നടക്കുമ്പോൾ കേട്ടു “പിള്ളേരയൊക്കെ നല്ലരീതിയിൽ ആക്കി. എന്നിട് വയസാം കാലത്തു ആരും ഉണ്ടായില്ല. ലോൺ അടക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞപ്പോൾ അച്ഛനും അമ്മയുമായിട്ട് ഉണ്ടാക്കിയ ബാധ്യതയൊന്നും ഞങ്ങൾക്ക് ഏൽക്കാൻ പറ്റില്ലെന്ന് പറഞ്ഞത്രേ…അവർക്കു രണ്ടാൾക്കും ഈ വീടും വേണ്ടെന്ന്…”

ഞാൻ അപർണേടെ അച്ഛന്റെ മുഖത്തേയ്ക്കു  നോക്കി. വിഷമം തോന്നിയില്ല. കാരണം വർഷങ്ങൾക്കിപ്പുറം ഇന്നാണ് ഞാൻ അദ്ദേഹത്തെ ഇത്ര ശാന്തനായി കണ്ടേക്കുന്നത്…