Story written by Indu Rejith
=========
“എടി അലീനെ നിന്റെ അപ്പനല്ലേ സ്റ്റാൻഡിൽ ഇരുന്ന് പാടണത്…ഇന്ന് ഞാനും കൊടുത്തുട്ടോ രണ്ടു രൂപ…ഒരു ഗതിം പരഗതിം ഇല്ലാത്തതിന്നോടൊന്നും പിശുക്ക് കാണിക്കാൻ അത്ര കഠിന ഹൃദയ ഒന്നുമല്ലാട്ടോ ഞാൻ…..”
മുന്നിലേക്ക് ചേലിൽ മുറിച്ചിട്ട മുടി ചെവിക്കു പിന്നിലേക്ക് പിടിച്ചു വെച്ച് നിമ്മി അത് പറയുമ്പോൾ കൂട്ടുകാരികൾക്ക് ഇടയിൽ നിന്ന് ലീന വല്ലാതെ ചൂളിപോയിരുന്നു…തന്നെ അപമാനിക്കാൻ എന്തെങ്കിലും നോക്കിയിരിക്കയാ ആ കുട്ടി, ഇന്നത് തന്റെ അപ്പന്റെ പേരിൽ…..
നിമ്മിയുടെ നേർക്ക് ഒന്ന് പൊട്ടിത്തെറിക്കെന്നവളുടെപെണ്മനസ്സ് അലമുറയിട്ടിട്ടും അവൾ സംയമനം പാലിച്ചു…
“അവൾ പറഞ്ഞതിൽ ഒരു തരത്തിൽ നോക്കുമ്പോൾ എന്താ തെറ്റ്…ഒരായിരം തവണ പറഞ്ഞിട്ടുണ്ട് അടുത്തുള്ള കവലയിലും ബസ്സ്റ്റോപ്പിലും ഒന്നും പോയിരുന്നു പാടി എന്നെ നാണം കെടുത്തല്ലപ്പാ എന്ന്….”
അപ്പോൾ പുള്ളിക്കാരന്റെ ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു മറുപടി ഉണ്ട്…ചില സാഹിത്യകാരെപ്പോലെ…അതിങ്ങനെയാ…. “സംഗീതത്തെ ദൈവം ചിലപ്പോൾ ചെളിയിലേക്ക് മൂടി തുറന്നു വിടും അതുമല്ലെങ്കിൽ ആകാശത്തേക്ക്”…. ആകാശത്തേക്ക് പറക്കുന്ന സംഗീതത്തെ കിട്ടുന്നവർ ഭാഗ്യവാൻമാർ അവർ ആരാലും ആരാധിക്കപ്പെടും…ചെളിയിൽ നിന്ന് സംഗീതം കിട്ടുന്നവരിലേറെയും കവലയിലിരുന്നു പാടും…നിൻറ്റപ്പന് പണ്ടെന്നോ പുഞ്ച വരമ്പിൽ നിന്ന് കളഞ്ഞു കിട്ടിയതാ ഈ മൊതലിനെ….ചെളിയിലായാലും ആകാശത്തായാലും സംഗീതം അന്നം മുടക്കില്ല…അതാ ശാസ്ത്രം അല്ല ഈ അപ്പന്റെ ഉറച്ച വിശ്വാസം…..” നിനക്ക് വിശ്വാസമില്ലെന്നാണെങ്കിൽഅടുപ്പത്തു പോയൊന്നു നോക്കിട്ട് വാ എന്നുടെ കൂട്ടിച്ചേർക്കും…തിള പൊന്തുന്ന കഞ്ഞിയിൽ നോക്കുമ്പോൾ അപ്പന്റെ തിയറി ആണ് ശരിയെന്ന് എനിക്കും തോന്നും..വിശപ്പിനെക്കാൾ വലിയ ചോദ്യമോ അന്നത്തേക്കാൾ വലിയ ഉത്തരമോ ഈ മണ്ണിലിന്നോളം ഇല്ല പോലും..
പിന്നെ പുസ്തകതാള് മറിച്ചു കൊണ്ടിങ്ങനെ ഇരിക്കും…അപ്പോൾ അപ്പൻ വന്നു വിളിക്കും എഴുനേറ്റ് വാ കൊച്ചേ വല്ലോം കഴിച്ചിട്ട് മതി പഠിത്തം എന്ന്….
“ആലിലക്കണ്ണാ നിന്റെ…മുരളിക കേൾക്കുമ്പോൾ…..”……കൂ….. കൂ…….
നിമ്മിയും ഗ്യാങ്ങും പാട്ടുപാടി കളിയാക്കാൻ തുടങ്ങിയതും അവൾ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു..
പട്ടിണി കിടക്കുന്നതിനുണ്ടല്ലോ ഇതിനും ചന്തമെന്നവളുടെ മനസ്സ് കൂടെ കൂടെ ആവർത്തിച്ചു…..
വേണ്ടാ…..
പ്രതികരിക്കാൻ തനിക്കെന്താണ് യോഗ്യത ഈ കൂട്ടം കൂടിനിക്കണ കുട്ടികളുടെ വിഹിതവും തന്റെ ആമാശയത്തിൽ അന്തിഉറങ്ങിയിട്ടുണ്ടാവുമെന്നോർത്തവൾ നിസ്സഹായയായി മിഴിനീര് തുടച്ച് അവിടെ നിന്നും എങ്ങനെയൊക്കെയോ രക്ഷപെട്ടു…അപ്പോളും ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു….
ആ പാട്ട്…. “ആലിലക്കണ്ണാ നിന്റെ……..”
കോളേജ് വിട്ടതും അപമാനവും ദുഃഖവും സഹിക്കാഞ്ഞവൾ എന്തൊക്കെയോ പിറുപിറുത്തു വീട്ടിലേക്ക്കേറി…ബാഗ് ചായ്യിപ്പിലേക്ക് വലിച്ചെറിഞ്ഞു….
“ഇന്നത്തോടെ നിർത്തുവാ ഞാൻ എല്ലാം മടുത്തു എനിക്ക്…..”
ചാരം നിറച്ച ചാക്കിനു മേൽ സുഖിച്ചു കിടന്ന കരിമ്പൂച്ച അവളെ നോക്കി മുരണ്ടുകൊണ്ട് എണീട്ടോടി…പ്ലേറ്റിൽ ആറ്റിയ കഞ്ഞി പ്ലാവിലയിൽ കോരി അമ്മച്ചിക്ക് കൊടുക്കുവായിരുന്നു അപ്പനപ്പോൾ….
“അഹ് ഇങ്ങ് എത്തിയോ…ഇന്നത്തെ തെണ്ടൽ കഴിഞ്ഞോ അപ്പാ…ഒരായിരം തവണ പറഞ്ഞിട്ടില്ലേ അപ്പാ ഞാൻ നിങ്ങളോട്…കൂടെ പഠിക്കണപിള്ളേരെ ഓർത്തെങ്കിലും ഇന്നാട്ടിലെ ബസ് സ്റ്റാൻഡിൽ വന്നിരുന്നു പാടരുതെന്ന്…എന്നെ ഇങ്ങനെ നാണം കെടുത്താനാ ഭാവമെങ്കിൽ തൊടിയിലെ ഏതെങ്കിലും മരത്തിൽ ഒരു കുരുക്കിട്ട് ഈ നശിച്ച ജീവിതം ഞാനങ്ങു വേണ്ടെന്നു വെക്കും…പതുപ്പത്തിനെട്ടു വയസ്സ് പ്രായമുള്ള ഏത് ഒരു പെങ്കൊച്ചിനും ഉള്ള അതേ തൊലിക്കട്ടിയെ എനിക്കുമുള്ളു അപ്പാ…വയ്യാത്ത മനുഷ്യനാണ് എന്നെനിക്ക് അറിയാം ഈ വീട്ടിലിരുന്നു ചെയ്യാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്തമതി അതുമല്ലെങ്കിൽ ഞാൻ പോകാം എന്തെങ്കിലും ഒരു പണിക്കൂടെ…ഇനി അതും പറ്റില്ലെന്നാണെകിൽ പട്ടിണി കിടന്നു ചാവാനും എനിക്ക് സന്തോഷേ ഉള്ളു…ഇനി വയ്യ…
അമ്മച്ചിയുടെ വാ കൈയിൽ നനവുമുക്കി തുടച്ചിട്ട് കട്ടിലിലേക്ക് തിരികെ കിടത്തിയിട്ട് വാതിലിനരികിലേക്ക് നടന്നു അപ്പൻ..
“അപ്പാ…..”
കുറച്ച് ഉച്ചതിലവൾ വിളിച്ചു….
“മോളിങ്ങു വാ അമ്മച്ചി വയ്യാതിരിക്കുമ്പോൾ അടുത്ത് നിന്നിങ്ങനെ ഉച്ചത്തിൽ സംസാരിക്കണത് നല്ലതല്ല….”
“വാ തിണ്ണയിലേക്ക് അപ്പൻ തരാം എല്ലാത്തിനും മറുപടി…..” എന്റെ കൊച്ചിനെ നാണം കെടുത്താനല്ല അപ്പൻ ഇന്നാട്ടിൽ ഇരുന്ന് പാടണെ…നിനക്ക് അറിയാല്ലോ അമ്മച്ചിടെ കാര്യം…എപ്പോളാ ഒരു വയ്യാഴിക വരണേ എന്ന് നമ്മൾ മനുഷ്യൻമാർക്ക് മുൻകൂട്ടി കാണാൻ പറ്റുമോ…അപ്പുറത്തും ഇപ്പുറത്തും ഉള്ളോരേ പറഞ്ഞെല്പിച്ചു പോകാവുന്ന ദൂരത്തിന് പരിമിതികൾ ഉണ്ട് ഈ അപ്പന്…ഒന്ന് വരണോന്ന് വെച്ചാൽ ഇതാകുമ്പോൾ വല്യ പ്രയാസം ഉണ്ടാവില്ല…കൈയിൽവണ്ടി കാശ് ഇല്ലെങ്കിലും അറിയാവുന്ന ഏതെങ്കിലും ചെറുപ്പക്കാരുടെ കൈയും കാലും പിടിച്ചെങ്കിലും ഇങ്ങ് എത്താല്ലോ…എന്റെ ശരീരത്തിൽ പണിമുടക്കാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്ന് ഈ തൊണ്ടയും നാവും ആണെന്ന് എന്റെ കൊച്ചു മറന്നു പോയോ..ആവുന്ന രീതിയിൽ അധ്വാനിച്ചു നിങ്ങളെ ഊട്ടണ്ടേ ഞാൻ…ഈ ശബ്ദം കൂടി നഷ്ടയാൽ അമ്മച്ചിയുടെ കട്ടിലിനോട് ചേർന്ന് ഒരു പായിട്ട് ചുരുളാനെ അപ്പനാകു…മറ്റുള്ളോർക്ക് പറഞ്ഞു ചിരിക്കാണെങ്കിലും ഒരു അപ്പനും അമ്മച്ചിയുമൊക്കെ ഉണ്ടാവണം മോളെ….ഞങ്ങൾ ഇല്ലെങ്കിൽ നിനക്കാര പിന്നെ….ഈ പാട്ടുപാടലിന്റെ പേരിൽ ഞാനും കുറെ പരിഹാസം കേട്ടതാ ഇന്നും കേൾക്കുന്നു…എന്നിട്ട് എന്താ പറഞ്ഞവര് അവരുടെ പാട്ടിനു പോയി എനിക്ക് പാട്ട് പട്ടിണിക്ക് മരുന്നുമായി..കൂടെപ്പിറപ്പായി കിട്ടിയതാ ഈ സംഗീതവാസന പക്ഷേ ഒരു കാലം വരെയും എല്ലുനുറുങ്ങേ പണിയെടുത്തു തന്നെയാ ജീവിച്ചേ അന്നെനിക്ക് കുറെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഉണ്ടായിരുന്നു…എന്റെ സംഗീതത്തോടുള്ള വട്ടിന്റെ പേരിൽ അവരും കളിയാക്കിയിട്ടുണ്ട് കുറെ…എന്തോ എന്നിട്ടും അത് ഉപേക്ഷിക്കാൻ തോന്നിയില്ല…ഒരു വീഴ്ച ഉണ്ടായതോടെ അവരെല്ലാം അകന്നപ്പോളും ആ വട്ട് ആണെനിക്ക് അത്താണി ആയത്….”
ഇന്ന് കൂട്ടുകാരികൾ കളിയാക്കിയതിന്റെ പേരിൽ നീ നിനക്ക് ഏറെ പ്രിയപ്പെട്ട പുസ്തകത്തെ വലിച്ചെറിഞ്ഞില്ലെ….എല്ലാം അവസാനിപ്പിക്കാം എന്ന് മനസ്സിലുറപ്പിച്ചില്ലേ…തോറ്റുകൊടുക്കാൻ എളുപ്പം ഉണ്ടല്ലേ കുഞ്ഞേ….നിനക്കറിയില്ലെങ്കിൽ അപ്പനൊരു രഹസ്യം പറഞ്ഞു തരാം, പഠിക്കാനുള്ള പുസ്തകത്തിൽ ചോദ്യവും ഉത്തരവും മാത്രമല്ല ഉള്ളത്…ഒരായിരം മറുപടികളുണ്ട്…നിന്നെ പരിഹസിച്ചുവർക്കും പിന്നിൽ നിന്ന് കുത്തിയവർക്കും എല്ലാം ഉള്ളത്…അതിൽ ഓരോന്നും ആർക്ക് ഉള്ളതെന്ന് തീരുമാനിക്കേണ്ട ജോലിയെ നിനക്കുള്ളു…പോയി പഠിക്ക് കുഞ്ഞേ…ആരുടെ മുന്നിലും അക്ഷരങ്ങൾ നിന്നെ തോൽപ്പിക്കില്ല…ഇനിയും നിനക്ക് ഉണ്ടായ നാണക്കേടും വിഷമം മാറിയില്ലെങ്കിൽ ഈ അപ്പൻ കൈകൂപ്പി മാപ്പ് അപേക്ഷിക്കാം….എന്റെ കൊച്ചിന്റെ മുന്നിലല്ലേ അതിനും അപ്പനുമടിയില്ല…
?????
അന്നെനിക്ക് നേരെ കൂപ്പാനൊരുങ്ങിയ കൈകളിൽ കൈചേർത്ത് നിന്ന് ഞാൻ കുറെ കരഞ്ഞിരുന്നു…ഇന്നും അപ്പൻ കൈകൂപ്പാൻ ഒരുങ്ങിയിരുന്നു മുന്നിൽ കൂടിയിരുന്ന ആൾക്കൂട്ടത്തിന് നേർക്ക്…രോഗിയായ അച്ഛൻ തന്റെ മകളെ ഡോക്ടർ ആക്കിയിരിക്കുന്നു…ഇതിലും വലിയ പ്രതികാരം ഒന്നും ഒരു അസുഖത്തോടും കാട്ടാനില്ല….തന്നെ അനുമോദിക്കനുള്ള ചടങ്ങിൽ എത്തിയ മന്ത്രി മൈക്കിലൂടെ അത് പറഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യായിട്ട് എന്റെ അപ്പൻ കരയണത് ഞാൻ കണ്ടു….ചടങ്ങെല്ലാം കഴിഞ്ഞ് അപ്പനെയും പിറകിൽ ഇരുത്തി ടുവീലറിൽ വീട്ടിലേക്ക് പോകുമ്പോൾ…മൈക്ക്സെറ്റ് പിള്ളേര് ആ പഴയ പാട്ടിട്ടു…..
“ആലില കണ്ണന്റെ പാട്ട്……”
ഒരു മധുരപ്രതികാരത്തിന്റെ ചിരിയോടെ അവൾ…അപ്പാ എന്നൊന്ന് വിളിച്ചു….l
“മുറുകെ പിടിച്ചിട്ടുണ്ട് മോളെ പേടിക്കണ്ട എന്നായിരുന്നു മറുപടി…..”
അവളുടെ കണ്ണിൽ പൊടിഞ്ഞ നനവിനെ കാറ്റുകവർന്നിരുന്നു അപ്പോഴേക്കും….
ശുഭം