മഴ മറച്ചത്…
Story written by Saji Thaiparambu
=============
“മേ ഐ കമിങ്ങ് “
മൊബൈലിലേക്ക് മുഖം പൂഴ്ത്തിയിരുന്ന രാജേഷ്, ശബ്ദം കേട്ട് വാതിൽക്കലേക്ക് നോക്കി.
മുന്നിലതാ ഓഫീസ് റൂമിന്റെ ഹാഫ് ഡോർ തുറന്ന് പിടിച്ച് കൊണ്ട് അന്നാപോൾ നില്ക്കുന്നു.
ഒരു നിമിഷം അയാളുടെ നെഞ്ചിലൊരു ഇടി മുഴക്കമുണ്ടായി.
“എന്റെ നമ്പർ ബ്ലോക്ക്ചെയ്ത് വച്ചാൽ ഞാൻ അതോടെ ഒതുങ്ങുമെന്ന് നിങ്ങൾ കരുതി അല്ലേ?”
അവളുടെ ചോദ്യശരങ്ങൾ വന്ന് തറച്ചപ്പോൾ, രാജേഷിന്റെ ദേഹമാകെ വിയർപ്പ് പൊടിഞ്ഞു.
ആ കണ്ണുകളിലേക്ക് നോക്കാൻ അവന് ധൈര്യമുണ്ടായില്ല.
“എയ്, എന്താ അന്നാ നീ ഇങ്ങനെയൊക്കെ പറയുന്നത്. നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ വഞ്ചിച്ച് കടന്ന് കളഞ്ഞതാണെന്ന് “.
ഉള്ളിലെ വീർപ്പ്മുട്ടൽ മറച്ച് പിടിച്ച് അയാൾ പറഞ്ഞൊപ്പിച്ചു.
“ഉം, ഇനിയിപ്പോ അത്ര പെട്ടെന്നൊന്നുo നിങ്ങൾക്കെന്നെ ഉപേക്ഷിക്കാനാവില്ല, അവസാനമായി കണ്ടപ്പോൾ അതിനുള്ളതെല്ലാം ഒപ്പിച്ചു വച്ചിട്ടാണല്ലോ നിങ്ങൾ പോയത് “
അവളുടെ മുന വെച്ചുള്ള സംസാരം കേട്ട് അയാൾ അമ്പരന്നു.
“നീ എന്തൊക്കെയാണീ വിളിച്ച് കൂവുന്നത്, ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും”
അതും പറഞ്ഞ് അയാൾ വേഗം ചെന്ന്, ഓഫീസിന്റെ വാതിൽ ചേർത്തടച്ചു.
“ഞാൻ പറഞ്ഞത് സത്യമാ, നിങ്ങളുടെ നിക്ഷേപം ഇപ്പോൾ എന്റെ ഗ ർഭപാത്രത്തിലുണ്ട്, അവിവാഹിതയായ ഞാനൊരു അമ്മയായിരിക്കുന്നു, അതും നിങ്ങൾ കാരണം.”
അവളത് പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പ് അയാൾ തളർന്ന് ചെയറിലേക്ക് അമർന്നിരുന്നു.
“ഇത് കേട്ടിട്ട് നിങ്ങൾക്കൊന്നും പറയാനില്ലേ “
തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അവനെ നോക്കി അവൾ അക്ഷമയായി. പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് കർച്ചീഫെടുത്ത് അയാൾ മുഖം അമർത്തി തുടച്ചു. എന്നിട്ട് ഒരു ഉറച്ച തീരുമാനത്തിലെത്തിയ പോലെ അവളോട് പറഞ്ഞു.
“എന്തായാലും വന്നത് വന്നു. ഇനി അതീന്ന് എങ്ങനെ തലയൂരാം എന്ന് ചിന്തിക്കാം”
“ഓഹോ, ഇത് ഞാൻ നേരത്തെ തന്നെ പ്രതീക്ഷിച്ചതാ, പക്ഷേ അതിന് ഞാൻ സമ്മതിച്ച് തരുമെന്ന് കരുതണ്ടാ, നിങ്ങളെന്നെ വിവാഹം കഴിക്കണം, അതിൽ കുറഞ്ഞ ഒരു കോംപ്രമയിസിനും ഞാൻ ഒരുക്കമല്ല “
അവൾ പറഞ്ഞ് തീർന്നപ്പോഴേക്കും അയാളുടെ മൊബൈൽ റിങ്ങ് ചെയ്തു. അങ്ങേ തലയ്ക്കൽ ദീപയായിരുന്നു.
“ഏട്ടാ ഇത് വരെ ഇറങ്ങിയില്ലേ, ഇന്ന് മോളെ ഡോക്ടറുടെ അടുത്ത് കാണിക്കാൻ നേരത്തെ എത്താമെന്ന് പറഞ്ഞതല്ലേ ഇപ്പോൾ മണി അഞ്ചരയായി.”
ശരിയാണ് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മോൾക്ക് ചെറിയ പനിയുണ്ടായിരുന്നു.
“ദീപാ, ഞാനിപ്പോൾ തിരിച്ച് വിളിക്കാം, കുറച്ച് തിരക്കിലാ”
അവൾ മറുപടി പറയുന്നതിന് മുമ്പ് അയാൾ ഫോൺ കട്ട് ചെയ്തു.
“ഭാര്യയായിരിക്കും?, സാരമില്ലാ, അവരെ ഉപേക്ഷിക്കാനൊന്നും ഞാൻ പറയില്ല, പക്ഷേ അവർക്ക് കൊടുക്കുന്ന അതേ സ്ഥാനം എനിക്ക് വേണം, അത് നിങ്ങളുടെ വീട്ടിൽ തന്നെ വേണമെന്നില്ല, എനിക്ക് നിങ്ങളൊരു വാടക വീട് ഏർപ്പാടാക്കി തന്നാൽ മതി.”
ഇവൾ വിടുന്ന ലക്ഷണമില്ലല്ലോ? എന്ന് അയാൾ മനസ്സിലോർത്തു.
“നീ ഇരിക്ക്, ഞാനൊന്ന് യൂറിൻ പാസ്സ് ചെയ്യട്ടെ”
അതും പറഞ്ഞയാൾ അറ്റാച്ച്ഡ് ബാത്ത് റൂമിലേക്ക് കയറി. ഡോർ അടച്ച് കുറ്റിയിട്ടിട്ട്, ടൗണിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്ന അയാളുടെ സുഹൃത്ത് ഡോ: ശ്യാമിനെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു.
ഏറെ നേരത്തെ സംഭാഷണത്തിന് ശേഷം ഡോ: ശ്യാം, അബോർഷൻ തന്നെയാണ് നല്ലതെന്ന അഭിപ്രായം പറഞ്ഞു.
ബാല്യകാല സുഹൃത്തിന്റെ മാനവും, കുടുംബവും രക്ഷിക്കാൻ ഡോ: ശ്യാം, തന്റെ സഹപ്രവർത്തകയായ ഗൈനക്കോളജിസ്റ്റ് , ഡോ: സൂസൻ ബെന്നിയെ അറേഞ്ച് ചെയ്ത് കൊടുക്കാമെന്നും, അന്നയെ അനുനയിപ്പിച്ച് കൂട്ടി കൊണ്ട് വന്നാൽ മതിയെന്നും അയാൾ രാജേഷിനെ ഉപദേശിച്ചു.
ഫോൺ കട്ട് ചെയ്തിട്ട് രാജേഷ്, തുറന്ന് വച്ചിരുന്ന പൈപ്പ് അടച്ചു. വെളിയിലിറങ്ങി അന്നയെ നോക്കി മന്ദഹസിച്ചു. അവളവനെ ചോദ്യഭാവത്തിൽ നോക്കി.
“അന്നാ…നീ പറഞ്ഞത് സത്യമാണെങ്കിൽ, ഇപ്പോൾ മൂന്ന് മാസമായിക്കാണും, അപ്പോൾ നമുക്ക് ആദ്യമൊരു ഡോ:ക്ടറെ കാണിച്ച് ചെക്കപ്പ് നടത്തണ്ടെ ?
അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. അയാൾ തുടർന്നു.
“എന്റെ ഒരു ഫ്രണ്ടിന്റെ ഹോസ്പിറ്റൽ ടൗണിലുണ്ട്, നീ എഴുന്നേല്ക്ക് നമുക്ക് അങ്ങോട്ട് പോകാം “
അപ്പോഴേക്കും അയാളുടെ ഫോൺ പിന്നെയും ശബ്ദിച്ചു.
“എന്റെ ദീപേ..ഇവിടെ നൂറുകൂട്ടം പണിയുണ്ട്, നീ എങ്ങനെയെങ്കിലും കുഞ്ഞിനെയും കൊണ്ട് പോകാൻ നോക്ക് “
അത് പറഞ്ഞയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു. ക്ളോക്കിൽ മണി ആറ് അടിച്ചു. അവർ ഓഫീസ് പൂട്ടി ഇറങ്ങിയപ്പോഴേക്കും മഴ വീണിരുന്നു..
”അന്നാ…നമുക്കൊരു ടാക്സി വിളിച്ച് പോകാം, എന്റെ കാറെങ്ങാനും, ദീപ വഴിയിൽ വച്ച് കണ്ടാൽ ആകെ കുഴപ്പമാകും”
രാജേഷ് അവളോട് പറഞ്ഞു
പിന്നെയും കുറച്ച് നേരം കൂടി കഴിഞ്ഞാണ് ടാക്സി കിട്ടിയത്. അപ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു.,
“ഒന്ന് വേഗം വിടടോ “
പുറകിലിരുന്ന്, അന്നയെ ചേർത്ത് പിടിച്ച് കൊണ്ട്, ഡ്രൈവറോഡ് അയാൾ ധൃതികൂട്ടി.
“നല്ല മഴയാ സാറേ..റോഡ് ശരിക്ക് കണ്ടൂടാ “
ഡ്രൈവർ വിനയത്തോടെ പറഞ്ഞു. പിന്നിലെ ശീൽക്കാരങ്ങളിൽ അയാൾ അസ്വസ്ഥനായിരുന്നു.
കുമ്പളം പാലത്തിലേക്ക് കയറിയപ്പോഴേക്കും എതിരെ ഓവർ ടേക്ക് ചെയ്ത് വന്ന ഒരു ഓട്ടോറിക്ഷ കൃത്യം കാറിന്റെ മുന്നിലെ ബബ്ബറിൽ വന്നിടിച്ചു.
ഓട്ടോറിക്ഷ പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് മറിഞ്ഞു.
“നാശം വന്ന് കയറിക്കോളും “
അതും പറഞ്ഞയാൾ പിറകിലേക്ക് തിരിഞ്ഞ് നോക്കി. പക്ഷേ പേമാരിയുടെ ഘോരശബ്ദവും, ഇ ണ ചേരുന്നതിന്റെ ഉന്മാദല ഹരിയും കാരണം പുറകിലിരുന്നവർ ഒന്നും അറിഞ്ഞിരുന്നില്ല.
ഒന്ന് ശങ്കിച്ച് വണ്ടി നിർത്തിയിട്ട്, അയാൾ ചുറ്റിലും നോക്കി. ആരും കണ്ടില്ല എന്ന്ഉറപ്പ് വരുത്തിയിട്ട് വണ്ടി മുന്നോട്ടെടുത്തു.
ആശുപത്രിയിൽ എത്തി, ടാക്സി പറഞ്ഞ് വിട്ട് അന്നയെയും കൂട്ടി രാജേഷ്, സൂസൻ ഡോക്ടറുടെ റൂമിനെ ലക്ഷ്യമാക്കി നടന്നു .
“ഭാഗ്യം ആരുമില്ല”
ആശ്വാസത്തോടെ, ഡോ: സൂസൻ എന്ന പേരെഴുതിയ ഡോറിൽ തട്ടി അനുവാദം ചോദിച്ച് അകത്തേക്ക് കയറി.
“ഇരിക്കൂ”
മുഖത്തെ ചന്ദനപൗഡറും, ചുണ്ടിലെ ലിപ്സ്റ്റിക്കും ഇളകാതെ പുഞ്ചിരിച്ച് കൊണ്ട് സൂസൻ മൊഴിഞ്ഞു.
“കാര്യങ്ങളെല്ലാം ഡോ: ശ്യം എന്നോട് പറഞ്ഞിട്ടുണ്ട്, മിസ്റ്റർ രാജേഷ് പുറത്ത് വിശ്രമിച്ചോളൂ. ഞങ്ങൾ കുട്ടിയെ വിശദമായിട്ടൊന്ന് പരിശോധിക്കട്ടെ “
“ഓകെ ഡോ: “
അയാൾ ഡോക്ടറെ വണങ്ങി പുറത്തേക്കിറങ്ങി.
ആശുപത്രിയിലെ വിസിറ്റിങ്ങ് റൂമിൽ വിശ്രമിക്കുമ്പോൾ കാഷ്വാലിറ്റിയുടെ മുന്നിൽ ആകെയൊരു ബഹളം, എന്താണെന്നറിയാൻ അയാൾ പുറത്തേക്ക് എത്തി നോക്കി .
അവിടെ നിന്ന ഒരാളോട് വിവര മന്വേഷിച്ചു.
“ഓഹ് എന്ത് പറയാനാ സാറേ, ഏതോ വലിയ വണ്ടിക്കാരൻ കുമ്പളം പാലത്തിൽ വച്ചൊരു ഓട്ടോറിക്ഷ ഇടിച്ച് കായലിലിട്ടിട്ട് പോയി. ആ സമയത്ത് പാലത്തിന്റെ താഴെ ഉണ്ടായിരുന്ന ചീനവലക്കാരാ ഓട്ടോയിലുണ്ടായിരുന്നവരെയും കൊണ്ട് വന്നിരിക്കുന്നെ “
“എന്നിട്ട് അവർക്ക് കുഴപ്പം വല്ലതുമുണ്ടോ ?
അയാൾ ഉദ്വേഗത്തോടെ ചോദിച്ചു.
“ഡ്രൈവർക്ക് ജീവനില്ലാ എന്നാ പറയുന്നെ, പിന്നെ പരിക്ക് പറ്റിയ യാത്രക്കാരെ ഐ സി യുവിലേക്ക് കേറ്റിട്ടുണ്ട് “.
അതും പറഞ്ഞയാൾ, ആശുപത്രിക്ക് പുറത്തേക്കിറങ്ങി പോയി.
“അന്നയുടെ കൂടെ വന്നതാരാ ”
ഡ്യൂട്ടി നഴ്സിന്റെ ചോദ്യം കേട്ട് അയാൾ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
“നിങ്ങളെ ഡോ: വിളിക്കുന്നു”
റൂമിലേക്ക് ചെല്ലുമ്പോൾ, ഡോ : സൂസൻ വാഷ് ബെയ്സനിൽ കൈ കഴുകുകയായിരുന്നു.
“ഇരിക്കു”,
നനഞ്ഞ കൈകൾ , ടവ്വൽ കൊണ്ട് തുടച്ചിട്ട് സൂസൻ , കസേരയിലമർന്നിരുന്നു,
“സ്കാൻ ചെയ്തതിന് ശേഷം, ട്യൂ ബൽ പ്രെഗ്നൻസിയാണെന്നും, ഇത് മുന്നോട്ട് കൊണ്ട് പോയാൽ ഡിഫിക്കൽറ്റാണെന്നും അവളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ്, അ ബോർട്ട് ചെയ്തത് , അത് കൊണ്ട് ഫീസ് കുറച്ച് കൂടും”
യാതൊരു ഉളുപ്പുമില്ലാതെ സൂസനത് പറഞ്ഞപ്പോൾ സമ്മതത്തോടെ അയാൾ തലയാട്ടി.
“ഒബ്സർവേഷൻ റൂമിൽ കുട്ടിയുണ്ട്, ചെന്ന് കൂട്ടികൊണ്ട് പൊയ്ക്കോളു”
ഡോക്‌ടർക്ക് നന്ദി പറഞ്ഞ്, പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകൾ എടുത്ത് മേശപ്പുറത്ത് വച്ചിട്ട് അയാൾ അവിടെ നിന്നിറങ്ങി.
അന്നയുടെ തോളിലൂടെ കൈയ്യിട്ട്, അവളെചേർത്ത് പിടിച്ച് കൊണ്ട് കോറിഡോലൂടെ നടന്ന് ഐസിയുവിന്റെ മുന്നിലെത്തിയപ്പോൾ, വാതിൽ തുറന്ന് അറ്റന്റർ സെട്രക്ചറിൽ പൊതിഞ്ഞ ഒരു ശരീരവുമായി പുറത്തേക്ക് വന്നു.
“ആരാ മരിച്ചെ, ഇപ്പോൾ ആക്സിഡന്റായി കൊണ്ട് വന്നവരാണോ?”
രാജേഷ് ഉത്ക്കണ്ഠയോടെ ചോദിച്ചു.
“അതെ, കൂടെയുണ്ടായിരുന്ന കുഞ്ഞ് മരിച്ചു, അമ്മ ക്രിട്ടിക്കൽ സ്റ്റേജിലാ “
അതും പറഞ്ഞ് അറ്റൻറർ വെള്ളത്തുണി, മുഖത്ത് നിന്ന് മാറ്റി.
ആ മുഖത്ത് നോക്കിയ രാജേഷ് ഇടി വെട്ടേറ്റവനെ പോലെ വിറച്ചു പോയി.
ചേതനയറ്റ് കിടക്കുന്നത്, തന്റെ പൊന്നുമോളാണെന്ന് അറിഞ്ഞപ്പോൾ, ആ ശരീരത്തിന് മുകളിലേക്ക് അയാൾ ബോധമറ്റ് വീണു.
~സജി തൈപറമ്പ്