ഞാൻ നാളെ  തിരിച്ചു പോകും…ഈ പെണ്ണ് ഇവിടെ വന്നു കേറിയിട്ട് രണ്ടാഴ്ചയോളം ആയി..ഇന്നേ വരെ അച്ഛൻ ഒന്നും ചോദിച്ചില്ല..

പുതു വസന്തം 02

എഴുത്ത്: കർണൻ സൂര്യപുത്രൻ

=======

സഹദേവൻ എങ്ങോട്ടോ പോകാൻ ഇറങ്ങുകയായിരുന്നു…വിഷ്ണു ധൈര്യം സംഭരിച്ചു മുന്നിൽ ചെന്നു നിന്നു..

“എനിക്ക് അച്ഛനോട് സംസാരിക്കണം…”

ഷർട്ടിന്റെ കൈകൾ മടക്കി വച്ചുകൊണ്ട് സഹദേവൻ അവനെ  നോക്കി.

“ഞാൻ നാളെ  തിരിച്ചു പോകും…ഈ പെണ്ണ് ഇവിടെ വന്നു കേറിയിട്ട് രണ്ടാഴ്ചയോളം ആയി..ഇന്നേ വരെ അച്ഛൻ ഒന്നും ചോദിച്ചില്ല..അവളോട് മിണ്ടണ്ട, അവൾ  ഉണ്ടാക്കി വെയ്ക്കുന്ന ആഹാരത്തോട് വെറുപ്പ് കാട്ടുന്നതെന്തിനാ?.”

സഹദേവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

“നിന്റെ കെട്യോൾ ഉണ്ടാക്കി തരുന്നത് മര്യാദക്ക് തിന്നോളണം…അതല്ലേ  നീ പറഞ്ഞു വരുന്നത്?”

“എന്ന് ഞാൻ പറഞ്ഞോ..?എന്നെ വിശ്വസിച്ചു കയറി വന്ന പെണ്ണല്ലേ..അവളെന്തു തെറ്റ് ചെയ്തു..?”

“നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നത് തന്നെ തെറ്റ്..എടാ..ഒരു പെണ്ണിനെ ചെറുക്കന്റെ കൈ പിടിച്ചു കൊടുക്കേണ്ടത് പെണ്ണിന്റെ അച്ഛനോ അല്ലെങ്കിൽ അച്ഛന്റെ സ്ഥാനത്തുള്ളവരോ ആണ്..അതാണ്‌  വിവാഹം..ബന്ധുക്കളും കുടുംബക്കാരുമെല്ലാം ഒത്തു കൂടി നടത്തി കൊടുക്കണം..അല്ലാതെ കൂട്ടുകാര് ചേർന്ന് ഏതേലും അമ്പലത്തിൽ വച്ചു നടത്തിയ പിള്ളേരുകളിയെ  അംഗീകരിക്കാൻ മാത്രമുള്ള പുരോഗമനം ഒന്നും ഈ പാവം ഡ്രൈവർ സഹദേവന് ഇല്ല…എന്റെ മോൻ മാപ്പാക്കണം…”

മുണ്ട് മടക്കികുത്തി നടക്കാൻ തുടങ്ങിയശേഷം സഹദേവൻ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി..

“ഇത് എന്റെ വീടാ..ഇവിടുന്ന് അവളെ ഇറക്കി വിടാത്തത് ഒരു പെൺകുട്ടിയെ ചവിട്ടി പുറത്താക്കിയ പാപം  തലയിലാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാ…എന്ന് വച്ച് നിന്റെ അച്ചിയെ കാണുമ്പോൾ ഒച്ചാനിച്ചു നിൽക്കാനൊന്നും എന്നെ കിട്ടില്ല..എനിക്ക് വേണ്ടത് ഞാൻ എവിടുന്നേലും കഴിച്ചോളും..നിന്റെ ഗൾഫ് പണം വരുന്നതിനു മുൻപും ഞാൻ ജീവിച്ചിരുന്നു…ഇനിയും ജീവിക്കും…എനിക്ക് വേണ്ടി വെറുതെ ഭക്ഷണം ഉണ്ടാക്കി കഷ്ടപ്പെടേണ്ട എന്ന് നിന്റെ ഭാര്യയോട് പറഞ്ഞേക്ക്…”

സഹദേവൻ പുറത്തേക്ക് പോയി…നിരാശഭാവത്തോടെ തിരിഞ്ഞ വിഷ്ണു കണ്ടത് നന്ദന നിറകണ്ണുകളോടെ നില്കുന്നതാണ്…അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

“അഞ്ഞൂറാൻ  അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോടീ…സാരമില്ല…പതിയെ ശരിയാവും..നീ ഇതൊന്നും കാര്യമാക്കേണ്ട… .”

“എന്നാലും വിച്ചൂ….ഞാൻ കാരണം, അച്ഛൻ നിന്നോട് ഇത്രേം പരുഷമായി…”

“പിന്നേ..നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇതിനു മുൻപ് എന്നെ തോളിൽ ഇരുത്തി കൊഞ്ചിക്കുകയായിരുന്നു എന്ന്…ഓർമ വച്ച നാൾ  തൊട്ട് ഇതാ അച്ഛന്റെ സ്വഭാവം… നീ അത് വിട്..”.

************

രാത്രി ബാഗുകൾ എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ നേരം ഒരുപാട് വൈകി…നന്ദന കുളി കഴിഞ്ഞ് വന്നപ്പോൾ ചിന്താമഗ്നനായി വിഷ്ണു കട്ടിലിൽ ഇരിക്കുന്നുണ്ട്…..അവൾ അവന്റെ അടുത്തായി ഇരുന്നു…

“നീ എന്താ വിച്ചൂ ആലോചിക്കുന്നേ?”

“നിന്റെ കാര്യം തന്നെ..എനിക്ക് വേറെന്ത് ആലോചിക്കാൻ?”

“എന്റെ എന്തുകാര്യം?”

“എടീ ഞാൻ പോയാൽ നീ ഇവിടെ ഒറ്റയ്ക്ക് എങ്ങനാ?”

“അതൊന്നും സാരമില്ലെടാ..വെറുതെ ജോലി കളയണ്ട…ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം…”

വിഷ്ണു മെല്ലെ, അവളുടെ  നേരെ തിരിഞ്ഞിരുന്നു…

“കമ്പനിയിൽ നിന്ന് കുറച്ച് കാശ് കിട്ടാനുണ്ട്…പിന്നെ പലരും കടം മേടിച്ചതും…പോയില്ലെങ്കിൽ അതൊക്കെ നഷ്ടപ്പെടും…അതുകൊണ്ട് മാത്രമാ പോകുന്നെ..എല്ലാം കിട്ടിയതിനു ശേഷം ഇങ്ങോട്ട് വരും…ഇനി ഇവിടെ മതി..നിന്നെ ഒറ്റയ്ക്ക് ആക്കാൻ വയ്യ …”

നന്ദന ലൈറ്റ് ഓഫ്‌ ചെയ്ത് മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു…

“നന്ദൂ..”

“ഉം..”

“നിനക്ക് അമ്മയെ കാണാൻ തോന്നുന്നുണ്ടോ?”

“ഉണ്ട്‌… “

“നീ എനിക്ക് കുറച്ചു സമയം കൂടി താ..എല്ലാം ശരിയാക്കാം…”

വിഷ്ണുവിന്റെ മനസ്സിൽ  ചില കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു..ശാരദാമ്മയുടെ പതിനഞ്ചു സെന്റ്‌ സ്ഥലം അവന്റെ പേരിൽ ഉണ്ട്‌…അത് വിറ്റു കിട്ടുന്ന കാശും പിന്നെ ബാങ്ക് ലോൺ ഒക്കെ എടുത്ത് ഒരു ചെറിയ വീട് വാങ്ങണം..എന്നിട്ട് നന്ദനയുടെ അമ്മയെ അങ്ങോട്ടേക്ക്‌ കൊണ്ടു വരണം….

“വിച്ചൂ…”

“എന്താടീ…”

“ഇസബെൽ അവിടെ ഉണ്ടാവില്ലേ? നീ എങ്ങനെ അവളുടെ മുഖത്തു നോക്കും?”

“അവള് ജോലി റിസൈൻ ചെയ്ത് തിരിച്ചു പോയെടീ…”

നന്ദനയ്ക്ക് വല്ലാത്ത ഹൃദയവേദന തോന്നി…ഒരു പെണ്ണിന്റെ സ്വപ്‌നങ്ങൾ താൻ കാരണം തകർന്നു…

“നീ അതൊന്നും ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കണ്ട…..വയറ്റിലുള്ള കുഞ്ഞിനെ അത് ബാധിക്കും..”

“അതല്ലെടാ വിച്ചൂ…ഏതെങ്കിലും ഒരു കാലത്ത് നിനക്ക് ചെയ്തത് തെറ്റായിപോയി എന്ന് തോന്നിയാലോ?”

അവൻ മെല്ലെ അവളുടെ വലതു കൈ പിടിച്ചു…

“നന്ദൂ…എത്രയോ വര്ഷങ്ങളായി ഞാൻ നിന്റെ കൂടെ ഇല്ലേ? നിനക്ക് അറിയാല്ലോ എന്നെ…ഞാൻ ഈ  ചെയ്യുന്നത് ത്യാഗം ഒന്നുമല്ല…എന്റെ കടമയാണ്..അതേ പോലെ നീ ചെയ്യേണ്ടത് ഒരു കുഞ്ഞുവാവയെ എനിക്ക് തരിക എന്നത് മാത്രമാണ്…ഉറങ്ങിക്കോ…”

പിറ്റേന്ന് രാവിലെ…വിഷ്ണു പോകാനിറങ്ങുകയാണ്…പ്രജീഷും ശരത്തും ബാഗുകൾ കാറിൽ വച്ചു കാത്തു നില്കുന്നു…എയർപോർട്ടിലേക്ക് അവളും വരുന്നെന്നു പറഞ്ഞിട്ട് അവൻ സമ്മതിച്ചില്ല..ദേഷ്യത്തോടെ ചുണ്ടുകൾ കൂർപ്പിച്ചു നിൽക്കുന്ന അവളുടെ ചുമലിൽ രണ്ടു കൈകളും വച്ച് പുഞ്ചിരിയോടെ അവൻ പറഞ്ഞു…

“പിണങ്ങല്ലേടീ..നിന്നെ കണ്ടാൽ എനിക്ക് പോകാൻ തോന്നില്ല..അതാ കാരണം..”

വിഷ്ണു അവളെ മെല്ലെ കെട്ടിപിടിച്ചു..

“ആരോഗ്യം ശ്രദ്ധിക്കണം..ഭക്ഷണം കൃത്യമായി കഴിക്കണം…ഹോസ്പിറ്റലിൽ പോകേണ്ട ദിവസം അപ്പുറത്തെ സരോജിനി ചേച്ചിയെ വിളിച്ചോ..ഞാൻ അവരോട് കാര്യം പറഞ്ഞിട്ടുണ്ട്..പ്രജീഷോ ശരത്തോ കൂടെ വന്നോളും..അവരുടെ നമ്പർ നിന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്… “

അവൾ ഒന്നു മൂളി…വിഷ്ണു അച്ഛന്റെ റൂമിലേക്ക് നടന്നു..സഹദേവൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു..അവൻ അച്ഛന്റെ കാലു തൊട്ട് വന്ദിച്ചു…

“ഞാൻ ഇറങ്ങുന്നു..”..

പ്രതികരണം ഒന്നുമുണ്ടായില്ല..

“തെറ്റ് ചെയ്തത് ഞാനാ…എന്നെ വെറുത്തോ…അവൾ ഒരു പാവമാണ്..വേറാരും ഇല്ല..ഗർഭിണി ആണ്…”

സഹദേവൻ ഞെട്ടലോടെ വിഷ്ണുവിനെ നോക്കി…

“അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നെ മനസ്സിലാക്കുമായിരുന്നു..സാരമില്ല..”

വിഷ്ണുവിന്റെ കണ്ഠമിടറി..അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നു…കാറിൽ കയറി ഇരുന്ന് അവൻ അവളോട് പോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി..അവൾ നിറകണ്ണുകളോടെ നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല…കാർ മുന്നോട്ട് നീങ്ങി…

**************

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..കണ്ണാടിയുടെ മുന്നിൽ നിന്ന് നന്ദന  വയറിലേക്ക് നോക്കി….എബീ…നമ്മുടെ കുഞ്ഞ് വലുതാവുകയാണ്….ഇതൊന്നും കാണാതെ നീ പോയല്ലോ…അവളുടെ മനസ്സ് വിങ്ങി…

പണ്ടൊരിക്കൽ അവളുടെ  മടിയിൽ തലവച്ചു കിടക്കവേ എബി പറഞ്ഞു…

“നന്ദൂ…നമ്മുടെ കുഞ്ഞിന് അലീന എന്ന് പേരിടണം..ആൺകുട്ടി ആണേൽ നിനക്ക് ഇഷ്ടമുള്ളത് ഇട്ടോ “.

അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു..

“അതെന്താ ആ പേരിനോട് ഇത്ര പ്രിയം?”

“ഓർഫനേജിൽ ഒരു സിസ്റ്റർ ഉണ്ടായിരുന്നു..അവരുടെ പേരാ..എന്നെ വല്യ ഇഷ്ടമായിരുന്നു..ശരിക്കും ഒരു മാലാഖ..”

“ആഹാ..എന്നാ എനിക്കൊന്ന് കാണണം..”

“ഇനി പറ്റില്ല നന്ദൂ… ” എബി ആകാശത്തേക്ക് വിരൽ ചൂണ്ടി…

“അവിടെയെങ്ങോ നിന്ന് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും…”

നന്ദനയ്ക്ക് വല്ലാത്ത സങ്കടം വന്നു..അവൾ  അവന്റെ നെറ്റിയിൽ ചുംബിച്ചു..

“സിസ്റ്റർ പോയതിനു ശേഷം എനിക്ക് ആരെയെങ്കിലും സ്നേഹിക്കാൻ ഭയമായിരുന്നു…നമ്മൾ  സ്നേഹിക്കുന്നവർ പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷമാകുമ്പോൾ ഉണ്ടാവുന്ന വേദന താങ്ങാൻ പറ്റില്ല..അവർ ഇല്ലാത്തതിന്റെ വേദനയെക്കാൾ നൂറിരട്ടിയാണ് അവരുടെ ഓർമ്മകൾ കടന്നു വരുമ്പോൾ ഉണ്ടാകുന്നതിന്..”

എബീ…നീ അന്ന് പറഞ്ഞത് സത്യമാണ്..ആ വേദന ഇന്ന് ഞാൻ അനുഭവിക്കുന്നു…ഓർമകളുടെ കാരമുള്ളുകൾക്കിടയിൽ കുരുങ്ങി എന്റെ ഹൃദയം  പിടയുകയാണ് .

അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നന്ദന ചിന്തകളിൽ നിന്നും തിരിച്ചു വന്നത്…അവൾ  അങ്ങോട്ട് നടന്നു…വാതിൽക്കൽ എത്തിയപ്പോൾ അവൾ കണ്ടത് നിലത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന സഹദേവനെ ആണ്..വെള്ളം നിറച്ച ചരുവവുമായി നടക്കുമ്പോൾ തെന്നി വീണതാണെന്ന് അവൾക്കു മനസ്സിലായി..അവൾ മെല്ലെ അടുത്ത് ചെന്നു പിടിച്ചെഴുന്നേൽപ്പിച്ചു….അയാൾ അവളുടെ കൈ  തട്ടി മാറ്റി മുന്നോട്ട് നടക്കാൻ തുടങ്ങി…പക്ഷെ കഠിനമായ വേദന കാരണം കാല് നിലത്ത് കുത്താൻ കഴിയുന്നില്ല…നന്ദന വീണ്ടും അടുത്തേക്ക് ചെന്ന് സഹദേവന്റെ ഇടത് കൈ എടുത്ത് തന്റെ തോളിൽ വച്ചു..എന്നിട്ട് അയാളുടെ  അരക്കെട്ടിലൂടെ ചുറ്റി പിടിച്ച് മെല്ലെ റൂമിലേക്ക് നടത്തിച്ചു….കട്ടിലിൽ കിടത്തിയ ശേഷം പതിയെ അവൾ ചോദിച്ചു… “മരുന്ന് വല്ലതും ഉണ്ടോ?”

സഹദേവൻ അവളെ ഒന്ന് നോക്കി…എന്നിട്ട് മനസ്സില്ലാമനസ്സോടെ  ജനൽപടിയിലേക്ക് കൈ  ചൂണ്ടി..അവിടെ ഒരു എണ്ണക്കുപ്പി ഉണ്ടായിരുന്നു..അവൾ അതിൽ നിന്നും കുറച്ചെടുത്ത് അയാളുടെ കാലിൽ പുരട്ടി തടവിതുടങ്ങി..കുറച്ചു സമയം കഴിഞ്ഞപ്പോൾ  അവളോട്‌ പറഞ്ഞു.

“മതി..വേദന കുറവുണ്ട്…” അവൾ  മെല്ലെ എഴുന്നേറ്റു തിരിച്ചു നടക്കാൻ തുടങ്ങി..

“ഒന്ന് നിന്നേ…”

അവൾ ഭയത്തോടെ തിരിഞ്ഞു നോക്കി..

“എപ്പോഴാ ഇനി ആശുപത്രിയിൽ  പോകേണ്ടത്?”

“ഇന്ന് പോകണം…ഞാൻ  റെഡി ആകുകയായിരുന്നു..”

“ഞാൻ കൂടെ വരാം…..അയൽക്കാരിയുടെ കൂടെ നീ പോകുമ്പോൾ നാട്ടുകാര് എന്നോടാ ചോദിക്കുന്നെ, അതെന്താടോ സഹദേവാ, മരുമോളെ കൂട്ടി നിനക്ക് പൊയ്ക്കൂടെന്ന്..”

“ഇത്രേം നാളും അങ്ങനെ തന്നല്ലേ പോയ്കൊണ്ടിരുന്നത്…അച്ഛൻ ബുദ്ധിമുട്ടണ്ട..” തനിക്കത് പറയാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടി എന്നാലോചിച്ചപ്പോൾ അവൾക്ക് തന്നെ അത്ഭുതം തോന്നി..

സഹദേവന് മുഖത്തടിയേറ്റ പോലെ ആയി..എന്നാലും  അത് പുറത്ത് കാട്ടാതെ  അയാൾ അവളെ  രൂക്ഷമായി  നോക്കി..

“എന്റെ ബുദ്ധിമുട്ട് നീ ചിന്തിക്കണ്ട, മോൻ ഒരുത്തിയെ ഗർഭിണിയാക്കി കൂട്ടികൊണ്ടു വന്ന മാനക്കേടിന്റെ അത്രയൊന്നും വരില്ല അത്..അച്ഛന് ആളുകളുടെ മുന്നിൽ അഭിമാനിക്കാനുള്ള വക  മോൻ ഉണ്ടാക്കി തന്നല്ലോ…അവനു പെണ്ണുകെട്ടാൻ അത്രയും മുട്ടിനില്കുകയായിരുന്നേൽ എന്നോട് പറയാമായിരുന്നു…നിന്റെ വീട്ടിൽ വന്ന് ഞാൻ  അന്തസ്സായി  ചോദിച്ചേനെ….”

പരിഹാസം വിഷ്ണുവിനെ ലക്ഷ്യം വച്ചതോടെ  നന്ദനയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടി..അവളുടെ നിയന്ത്രണം വിട്ടു…

“പേടിയില്ലാതെ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾ മോന് കൊടുത്തിട്ടുണ്ടോ?ഇപ്പോഴും നിങ്ങളുടെ മുന്നിൽ നിൽക്കാൻ അവനു പേടിയാണ്…ഇത്രേം വർഷമായിട്ടും  മകന്റെ മനസ്സറിയാൻ ശ്രമിച്ചു നോക്കിയിട്ടുണ്ടോ..അത് പോട്ടെ, എന്നെങ്കിലും സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ ?”

അവൾ നിന്നു കിതച്ചു…സഹദേവൻ തരിച്ചിരിക്കുകയാണ്..ഇത്രയും ദിവസം തലകുനിച്ചു നടന്നവൾ..ശബ്ദം പോലും വീടിനകത്തു കേട്ടിരുന്നില്ല…അവളാണ് ഒരു പെൺസിംഹത്തെ പോലെ തന്റെ മുന്നിൽ…

“അച്ഛന് അഭിമാനിക്കാം…വേറൊരാളുടെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണിനെ മരണത്തിന്റെ വക്കിൽ നിന്നും സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നവനാ ഇപ്പൊ പരിഹസിച്ച സ്വന്തം മോൻ….”

ഹൃദയമിടിപ്പ് നിന്നത് പോലെ സഹദേവന്  തോന്നി..

“നീയെന്താ പറഞ്ഞത്?” അവിശ്വസനീയതയോടെ  അയാൾ  ചോദിച്ചു..

“സത്യം…അച്ഛൻ അറിയണ്ട എന്ന് വിച്ചു പറഞ്ഞതാ…പക്ഷെ അവനെ അവഹേളിക്കുന്നത് കേട്ടുനിൽക്കാൻ ഇനി വയ്യ…” അവൾ കരഞ്ഞുപോയി…എല്ലാമവൾ തുറന്നു പറഞ്ഞു..കുട്ടിക്കാലം തൊട്ടുള്ള അവരുടെ സൗഹൃദം, എബിയുടെ കടന്നു വരവ്..അവരുടെ പ്രണയം, പിന്നെ അവന്റെ വേർപാട്, ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതും വിഷ്‌ണു അവളെ പിന്തിരിപ്പിച്ചതും എല്ലാം…

“എബിയുടെ കുഞ്ഞാ എന്റെ ഉള്ളിൽ….ആ കുഞ്ഞ് അതിന്റെ അച്ഛനെപോലെ അനാഥനായി വളരരുത് എന്ന ഒറ്റ ചിന്തമാത്രമേ  വിഷ്ണുവിന് ഉണ്ടായിരുന്നുള്ളൂ..അതിന് വേണ്ടി അവന്റെ ജീവിതം കളഞ്ഞു..സ്നേഹിച്ച പെണ്ണിനേയും…”

ഒരു കരച്ചിൽ അവളുടെ വാക്കുകളെ വിഴുങ്ങി..എന്ത് ചെയ്യണമെന്നറിയാതെ ശില പോലെ ഇരിക്കുകയായിരുന്നു സഹദേവൻ…കുറെ നേരം കഴിഞ്ഞ് അവൾ  എഴുന്നേറ്റു കണ്ണുകൾ തുടച്ചു…

“ഞാൻ ആശുപത്രിയിൽ പോയിട്ട് വരാം. ഡോക്ടർ ഉച്ചവരെയേ ഉളളൂ..ഈ കാലും വച്ച് പുറത്ത് പോയി ആഹാരം കഴിക്കാൻ നിൽക്കണ്ട..ഞാൻ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്…” മറുപടിക്ക്‌ കാത്തു നില്കാതെ അവൾ പുറത്തേക്ക് നടന്നു…

കുറച്ചു കഴിഞ്ഞപ്പോൾ പ്രജീഷ് വന്നു. അവൻ ബൈക്ക് മുറ്റത്തിന്റെ സൈഡിൽ നിർത്തി ഇറങ്ങി നന്ദനയെ നോക്കി പുഞ്ചിരിച്ചു..അവൾ കാർ കീ അവനു കൊടുത്തു..സീറ്റിൽ ഇരുന്ന് സരോജിനി ചേച്ചിയെ ഫോൺ ചെയ്യാൻ തുടങ്ങുമ്പോഴേക്കും മുന്നിലെ ഡോർ തുറന്ന് സഹദേവൻ അകത്തു കയറി..പ്രജീഷ് അമ്പരപ്പോടെ അയാളെയും അവളെയും മാറി മാറി നോക്കി.

“നീയെന്താടാ മിഴിച്ചിരിക്കുന്നേ? വണ്ടിയെടുക്ക്” സഹദേവൻ ദേഷ്യപ്പെട്ടു..

“സാധാരണ രണ്ടെണ്ണം കൂടുതൽ അടിച്ചാലാ നടക്കാത്ത സ്വപ്നമൊക്കെ കാണുന്നെ, ഇപ്പൊ പച്ചയ്ക്കും കാണാൻ തുടങ്ങി..എനിക്കെന്തോ കുഴപ്പമുണ്ട്..”

വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് പ്രജീഷ് സ്വയം പറഞ്ഞു..

“പിറുപിറുക്കാതെ ഉറക്കെ പറ…ഞാനും കൂടെ കേൾക്കട്ടെ “

“ഏസി ഇടണോന്ന് ചോദിച്ചതാ..”

സഹദേവൻ അവനെ തുറിച്ചു നോക്കി..

“നീ അധികം ഉണ്ടാക്കാൻ നിൽക്കല്ലേ…നേരെ നോക്കി ഓടിക്ക്…”

പ്രജീഷ് ചിരി കടിച്ചമർത്തി കൊണ്ട് കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിച്ചു..സഹദേവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു നന്ദന. അവൾക്ക് ഒരേ സമയം സന്തോഷവും  സങ്കടവും വന്നു….ഇപ്പോൾ അച്ഛന് എല്ലാമറിയാം…ആരുടെയോ കുഞ്ഞിനെ സ്വന്തം മകന്റെ കുട്ടിയായി അംഗീകരിക്കാനൊന്നും അദ്ദേഹത്തിന് പറ്റില്ല…അത് കൊണ്ടു തന്നെ  ഇവിടെ നിന്നും പോണം…അവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു..

പോകണം…ആർക്കും ബാധ്യത ആവാതെ  എങ്ങോട്ടെങ്കിലും പോകണം..

************

“നിങ്ങൾ ഈ കുട്ടിയുടെ ആരാ?” ഡോക്ടർ ഗീതാ മോഹൻ രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു…സഹദേവൻ ഒന്ന് പതറി..

“ഭർത്താവിന്റെ അച്ഛനാ..”

“ഹസ്ബൻഡ് നാട്ടിലില്ലേ?”

“ഇല്ല ഡോക്ടറേ ദുബായിലാ “

“അതേയ്…ഹെൽത്ത് വളരെ വീക്ക് ആണ്..ഇവൾക്ക് നിങ്ങളൊന്നും കഴിക്കാൻ കൊടുക്കാറില്ലേ…വീട്ടിലെ സ്ത്രീകൾക് അറിയാല്ലോ ഈ സമയത്ത് എന്തൊക്കെയാ വേണ്ടതെന്ന്…”

സഹദേവന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..പച്ച കർട്ടന്റെ മറയ്ക്കുള്ളിൽ നിന്ന് നഴ്സും പിന്നാലെ നന്ദനയും ഇറങ്ങി വന്നു..

“നന്ദന ഒരു ടീച്ചറല്ലേ..? വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് ഇതൊക്കെ ഞാൻ പറഞ്ഞു തരണോ?എന്തെങ്കിലും സംഭവിച്ചിട്ട് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…ഈ  മെഡിസിൻസ് കണ്ടിന്യു ചെയ്താൽ മതി…കൃത്യസമയത്ത് ഭക്ഷണം കഴിക്ക്..അധികം അധ്വാനമുള്ള ജോലികളൊന്നും എടുക്കരുത്..പെയിനോ മറ്റു  അസ്വസ്ഥതകളോ  തോന്നിയാൽ അപ്പോൾ തന്നെ വന്ന് അഡ്മിറ്റ്‌ ആവണം..കേട്ടല്ലോ..”

അവൾ തലയാട്ടി…പുറത്തിറങ്ങി അവൾ ഫാർമസിയിലേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു..

“നീ എവിടെക്കാ?”

“മരുന്ന് വാങ്ങാൻ..”

“അവിടെ പോയി ഇരിക്ക്‌..ഞാൻ വാങ്ങിച്ചോളാം…” സഹദേവൻ ചെയറിലേക്ക് കൈ ചൂണ്ടി..എന്നിട്ട് അവളുടെ കൈയിൽ നിന്നു ഫയൽ വാങ്ങി…നന്ദന ബാഗ് തുറന്നു കാശെടുത്തു നീട്ടി…അത് ഗൗനിക്കാതെ  അയാൾ  ഫാർമസിയിലേക്ക് നടന്നു….

കസേരയിൽ ഇരുന്ന ശേഷം അവൾ ഫോൺ  എടുത്ത് വിച്ചുവിനെ വിളിച്ചു..

“നന്ദൂ…ഡോക്ടർ എന്ത് പറഞ്ഞു?”

“കുഴപ്പമൊന്നും ഇല്ലെടാ…”

“പ്രജീഷ് വിളിച്ചിരുന്നു..അച്ഛൻ കൂടെ വന്നു അല്ലേ?”

“ഉം വന്നു..”

“ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ…എല്ലാം ശരിയാകും…”

“വിച്ചൂ…”

“എന്താടീ..?”.

“നിന്നെ കാണാൻ കൊതിയാവുന്നു..ദിവസം കഴിയുന്തോറും എന്തോ ഒരു പേടി..നിനക്ക് പെട്ടെന്ന് വന്നൂടെ?”

“വരാൻ ശ്രമിക്കുന്നുണ്ടെടീ…നീ പേടിക്കാതിരിക്ക്..ഒന്നും സംഭവിക്കില്ല..”

“ഉം..”

“നന്ദൂ….ഞാൻ  ഡ്രൈവിങ്ങിലാണ് പിന്നെ വിളിക്കാട്ടോ…”

അവൻ ഫോൺ വച്ചു…കുറച്ചു കഴിഞ്ഞപ്പോൾ  സഹദേവൻ മരുന്നുകളും വാങ്ങി വന്നു..

“പോകാം..”

അവൾ  തലയാട്ടി…അയാൾക്ക് പിന്നാലെ അവൾ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു..

*************

ഹാളിലെ സോഫയിൽ വെറുതെ ചാരി കിടക്കുകയായിരുന്നു നന്ദന….കാൽപെരുമാറ്റം കേട്ട് അവൾ കണ്ണ് തുറന്നു..സഹദേവനെ കണ്ടതും  അവൾ  എണീക്കാൻ നോക്കി.

“നീയെന്താ കാണിക്കുന്നേ? ഈ വയറും വച്ച് പെട്ടെന്ന് ചാടി എണീക്കരുതെന്നുള്ള അറിവ് പോലുമില്ല അല്ലേ?. “

അയാൾ ദേഷ്യപ്പെട്ടു..എന്നിട്ട് കയ്യിലെ സഞ്ചി അവൾക്കു നേരെ നീട്ടി…

“കുറച്ചു പഴങ്ങളാ…ഇടക്കിടക്ക് കഴിച്ചോണ്ടിരിക്കണം…തീരുമ്പോ പറഞ്ഞാൽ മതി…. “

അവൾ തലയാട്ടി..

“വേറെ എന്തെങ്കിലും വേണോ?”

അവൾ ഒന്ന് ആലോചിച്ചു..

“എനിക്ക്…ഒരു ബിരിയാണി വാങ്ങി തരുമോ?” ചെറിയ ചമ്മലോടെ അവൾ  ചോദിച്ചു…

സഹദേവൻ ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നടന്നു…വാതിൽക്കെത്തിയിട്ട് തിരിഞ്ഞു നിന്ന് അവളെ നോക്കി..

“ഈ കു ന്തം ഇരുപതിനാല് മണിക്കൂറും കൈയിൽ പിടിച്ചു നടക്കുന്നതെന്തിനാ…കുഞ്ഞിന് കേടാണ്..ആവശ്യത്തിന് മാത്രം  എടുത്താൽ പോരേ?”

മൊബൈൽ ഫോണിനെ ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായതോടെ അവൾ  വേഗം അത് സോഫയിലേക്ക് ഇട്ടു..

“ഞാൻ കവലയിൽ  പോയിട്ട് വരാം..ഇവിടുത്തെ ഹോട്ടലിലെ ബിരിയാണി അത്ര നന്നല്ല…” ആരോടെന്നില്ലാതെ പറഞ്ഞ് സഹദേവൻ പുറത്തേക്കിറങ്ങി…

**************

ഒരു ദിവസം രാവിലെ മുറ്റത്തു നിന്നും ആരോ സംസാരിക്കുന്നത് കേട്ടാണ് നന്ദന പുറത്തിറങ്ങിയത്..

പ്രജീഷും ശരത്തും  സഹദേവനോട്  ഗൗരവത്തിൽ എന്തോ പറയുന്നു..അവൾ  അവരോട് ഒന്ന് പുഞ്ചിരിച്ചു….

“കയറി ഇരിക്ക്..ഞാൻ  ചായ എടുക്കാം..” അവൾ അകത്തേക്ക് നടക്കാൻ തുനിയവേ ശരത്ത് വിളിച്ചു..

“നന്ദനാ..”

അവൾ ചോദ്യഭാവത്തിൽ  അവനെ നോക്കി..

“പെട്ടന്ന് റെഡിയാവ്…നമുക്ക് ഒരിടം വരെ  പോകണം.. “

അവൾ കാര്യം മനസ്സിലാകാതെ സഹദേവനെ നോക്കി..അയാൾ ചെല്ല് എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു..ഡ്രസ്സ്‌ മാറുമ്പോൾ, അരുതാത്തത് എന്തോ സംഭവിച്ചു എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു…

ശരത്താണ് കാറോടിച്ചത്..സഹദേവൻ മുൻപിൽ ഇരിക്കുന്നുണ്ട്..പ്രജീഷ് അവളുടെ അടുത്തും..ആരും ഒന്നും സംസാരിക്കുന്നില്ല…ആ  നിശബ്ദത അവളെ വല്ലാതെ ഭയപ്പെടുത്തി..കാർ തന്റെ തറവാട്ടു മുറ്റത്തേക്ക് കയറുന്നത് നന്ദന അമ്പരപ്പോടെ കണ്ടു….മുറ്റത്തു കൂടി നിൽക്കുന്ന ആളുകൾ…ഇവിടേക്ക് വരണമെങ്കിൽ  ഒറ്റ കാരണമേ ഉളളൂ…

“അമ്മ..?” അവൾ പ്രജീഷിനെ നോക്കി..അവൻ വേദനയോടെ തല കുനിച്ചതും അവളിൽ നിന്നും ഒരു ആർത്തനാദം പൊട്ടിപ്പുറപ്പെട്ടു…കാർ നിർത്തിയ ഉടനെ അവൾ ഇറങ്ങി കരഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു…ആളുകൾ അവളെ കണ്ട് എന്തൊക്കെയോ അടക്കം പറഞ്ഞു തുടങ്ങി…അവൾ പടികൾ കയറാൻ തുടങ്ങിയതും രണ്ട് അമ്മാവന്മാരും അവരുടെ ആൺമക്കളും നിരന്നു നിന്നു..

“നിൽക്കെടീ…എങ്ങോട്ടാ ചാടിക്കേറി പോകുന്നെ?..” ചെറിയമ്മാവന്റേതാണ്  ചോദ്യം..

“എനിക്കെന്റെ അമ്മയെ കാണണം..” അവൾ  എങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു..

“നിന്റെ അമ്മയോ? ഇവിടെ നിനക്കതിനു  യാതൊരു ബന്ധങ്ങളും ഇല്ല..എല്ലാം ഇട്ടെറിഞ്ഞു ഞങ്ങളെ നാണം കെടുത്തി ഇറങ്ങിപ്പോയവളല്ലേ  നീ?  വന്ന വഴി  തിരിച്ചു പൊയ്ക്കോ..അതാ  നല്ലത്.. ” അയാളുടെ സ്വരത്തിൽ ഭീഷണി കലർന്നു..

“പോട്ടെ, ശിവാ…ആ  കൊച്ച് അവസാനമായി  അമ്മയെ ഒന്ന് കണ്ടോട്ടെ…വെറുതെ ഒരു പ്രശ്നമുണ്ടാക്കേണ്ട..” നാട്ടുകാരിൽ ഒരാൾ അനുനയിപ്പിക്കാൻ ശ്രമിച്ചു..

“അച്യുതേട്ടൻ ഇതിൽ ഇടപെടേണ്ട..ഇത്  ഞങ്ങളുടെ കുടുംബകാര്യമാ “

മൂത്ത അമ്മാവന്റെ മകൻ  വിനോദ് മുന്നോട്ട് നീങ്ങി നിന്നു പറഞ്ഞു..എന്നിട്ട് നന്ദനയെ നോക്കി..

“നീ പോകുന്നോ അതോ  ചവിട്ടി പുറത്തിടണോ?”

“ത ന്തക്ക് പിറന്നവനാണെങ്കിൽ ഒന്നവളെ തൊട്ട് നോക്കെടാ..”

പിന്നിൽ നിന്ന് ഒരലർച്ച കേട്ട് എല്ലാവരും ഞെട്ടി അങ്ങോട്ട് നോക്കി..മുണ്ട് മടക്കി കുത്തി, ഷർട്ടിന്റെ കൈകൾ തെറുത്ത് കയറ്റി  സഹദേവൻ നന്ദനയുടെ അടുത്തേക്ക് വന്നു…കൂടെ എന്തിനും തയ്യാറായി പ്രജീഷും ശരത്തും..

“ഇവൾ അകത്തു കയറും…അമ്മയെ കാണും..തടയാൻ നട്ടെല്ലുള്ളവർ  തടഞ്ഞു  നോക്ക്…”

ആ ശബ്ദം അത്രക്ക് ഉറച്ചതായിരുന്നു..എല്ലാവരും ഒന്ന് പതറി..

“നീയൊക്കെ ഇവളോടും  ഇവളുടെ അമ്മയോടും കാണിച്ച ക്രൂരതയൊക്കെ  ഞാൻ  അന്വേഷിച്ചറിഞ്ഞു…അത് പണ്ട്..ഇപ്പൊ ഇവളെന്റെ മകന്റെ ഭാര്യയാ..എന്ന് വച്ചാൽ എന്റെ മകൾ….ഞാൻ നിൽകുമ്പോൾ എന്റെ മോളെ തൊടാൻ മാത്രം ചങ്കൂറ്റമുള്ളവനാരാണെന്നു എനിക്കൊന്നറിയണമല്ലോ..”

സഹദേവൻ അവളെ  ചേർത്തു പിടിച്ചു മുന്നോട്ട് നടന്നു…അയാളുടെ ഭാവം കണ്ട് അക്ഷരാർത്ഥത്തിൽ എല്ലാവരും ഭയന്നു പോയിരുന്നു…വഴി മറച്ചു നിന്നവരൊക്കെ ഇരു വശങ്ങളിലേക്കും മാറി….

വെള്ളത്തുണി പുതപ്പിച്ചു കിടത്തിയ അമ്മയെ കണ്ടതും നന്ദനയുടെ കാലുകൾ കുഴഞ്ഞു…സഹദേവൻ അവളെ മെല്ലെ പിടിച്ചിരുത്തി…അമ്മയുടെ മാറിലേക്ക് തല വച്ചു കിടന്ന് അവൾ വാവിട്ടു കരഞ്ഞു….

************

ചിത എരിഞ്ഞടങ്ങി…നന്ദന അമ്മയുടെ കട്ടിലിൽ കിടക്കുകയാണ്…അപ്പുറത്തെ മുറിയിൽ അമ്മായിമാർ അസഭ്യ വർഷം നടത്തുന്നത് കേട്ടിട്ടും അവൾക്കൊന്നും തോന്നിയില്ല…അവളുടെ മനസ്സ് നിറയെ അമ്മയായിരുന്നു..ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷവും സമാധാനവും  എന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ..അതായിരുന്നു അമ്മ…

വിവാഹം കഴിഞ്ഞ് ഈ  വീട്ടിലെത്തിയ അന്ന് മുതൽ  മരണം വരെ  യാതനകൾ മാത്രമായിരുന്നു…ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം…അതിന് ശേഷം അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു…പുലർച്ചെ എഴുന്നേറ്റു വീട്ടു ജോലിയെല്ലാം ചെയ്ത് തീർത്തു പണിക്കു പോകും..പാടത്തും പറമ്പത്തുമെല്ലാം കഷ്ടപ്പെട്ട് പണിയെടുത്ത് വീട്ടിൽ വന്നാൽ പിന്നെയും ജോലി..മറ്റുള്ളവർക്ക് ആ  അമ്മയും മകളും  വേലക്കാരികൾ മാത്രമായിരുന്നു. അസുഖം വന്നാൽ പോലും ഒന്ന്  വിശ്രമിക്കാൻ ഭയക്കുന്ന  അമ്മ…അവളെ പഠിപ്പിക്കുന്നതിനു എല്ലാവരും എതിർത്തു..അമ്മ കാലു പിടിച്ചു കരഞ്ഞതിനാൽ മാത്രമാണ് അനുവാദം കിട്ടിയത്…ഒരു ദിവസമെങ്കിലും അമ്മ ആരെയും ഭയക്കാതെ സന്തോഷത്തോടെ, സമാധാനത്തോടെ ഉറങ്ങുന്നത് കാണണം എന്നായിരുന്നു ആഗ്രഹം..ഇപ്പോൾ ഇതാ  ഒരിക്കലും ഉണരാത്ത  ഉറക്കത്തിലേക്ക് അമ്മ പോയിരിക്കുന്നു…ആരുടേയും ശല്യമില്ലാത്ത  സുഖനിദ്ര….അമ്മയുടെ മണമുള്ള ആ കട്ടിലിലേക്ക് മുഖം ചേർത്തു വച്ച് നന്ദന പൊട്ടികരഞ്ഞു….

പുറത്ത് കാറിൽ ചാരി നില്കുകയാണ്  സഹദേവൻ..പ്രജീഷും ശരത്തും കുറച്ചു മാറി നിന്ന് സംസാരിക്കുന്നു..അവർ വിഷ്ണുവിനെ വിളിച്ചു കാര്യം പറഞ്ഞു കഴിഞ്ഞു…ഒരു പെൺകുട്ടി ട്രേയിൽ കട്ടൻചായയുമായി  അവർക്കരികിലെത്തി.

“ചായ കുടിക്ക്..” അവൾ പുഞ്ചിരിച്ചു

“വേണ്ട മോളെ..” സഹദേവൻ പറഞ്ഞു..

“ഞാൻ പ്രിയ..നന്ദനയുടെ മാമന്റെ മോളാ…സോറി അങ്കിളെ…ഇവരൊക്കെ ഇങ്ങനെ തന്നാ…മാറ്റാൻ പറ്റില്ല…നന്ദനയുടെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമമുണ്ട്…ആന്റി നന്ദനയെ കാണണം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇവിടുള്ളവർ വിട്ടില്ല…കണ്ണടയുന്നതിന് തൊട്ട് മുൻപ് വരെ  അവളെ ചോദിച്ചു…ഞാനും കുറേ പറഞ്ഞു നോക്കിയതാ..പക്ഷെ ആരും അനുവദിച്ചില്ല…എന്റെ അച്ഛനും അമ്മയുമടക്കം ഇവിടുള്ളവരെല്ലാം മനസാക്ഷി ഇല്ലാത്തവരാ…അങ്കിൾ ക്ഷമിക്കണം…അവളെ ഇവിടെ നിർത്തണ്ട..പ്രഗ്നന്റ് അല്ലേ..എല്ലാരും കൂടെ അവളെ വിഷമിപ്പിക്കും…അത് കുഞ്ഞിനെ ബാധിക്കും…”

അവൾ പറഞ്ഞു..

ആ മുഖത്തെ വിഷാദം കണ്ട സഹദേവൻ വാത്സല്യത്തോടെ അവളുടെ തലയിൽ  കൈ  വച്ചു…

“ഇവിടുള്ള എല്ലാവരും മൃ ഗങ്ങൾ ആണെന്നാ  ഞാനും വിചാരിച്ചേ…പക്ഷെ അല്ല…മോൾക്ക്‌ നല്ലതേ  വരൂ…”

പ്രിയ തിരിഞ്ഞു നടന്നു..കുറച്ചു നേരം  ചിന്തിച്ചു നിന്ന ശേഷം  സഹദേവൻ പ്രജീഷിനെ കൈ കാട്ടി വിളിച്ചു..അവൻ ഓടി അടുത്ത് വന്നു..

“വിഷ്ണുവിനോട് പറഞ്ഞോ? ഞാൻ ഫോണെടുക്കാൻ മറന്നു പോയി..”

“പറഞ്ഞു. അവൻ പെട്ടെന്ന് തന്നെ നാട്ടിൽ വരാൻ നോക്കുന്നുണ്ട്..”

“അവനെന്തിനാ  പോയത്? ഈ കുട്ടിയെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട്? ആരെങ്കിലും അടുത്തില്ലാതെ പറ്റുമോ? ഒരു ഉത്തരവാദിത്തം ഇല്ലാത്ത കഴുത…”

ആ ദേഷ്യത്തിന് പിന്നിലെ സ്നേഹം പ്രജീഷിന് മനസ്സിലായി…മുരടൻ എന്ന് കളിയാക്കി വിളിച്ചതിൽ  അവൻ മനസ്സാ പശ്ചാത്തപിച്ചു…

“ഞാൻ പോയി അവളെ  വിളിച്ചോണ്ട് വരാം..നിങ്ങള് വണ്ടി തിരിച്ചിട്ടോ..” സഹദേവൻ അകത്തേക്ക് നടന്നു…

കട്ടിലിൽ അതേ കിടപ്പായിരുന്നു നന്ദന. പ്രിയ അടുത്തിരിപ്പുണ്ട്..സഹദേവനെ കണ്ടതും പ്രിയ എഴുന്നേറ്റു..അയാൾ  അടുത്ത് ചെന്ന് നന്ദനയുടെ തോളിൽ പിടിച്ചു…

“മോളേ…എഴുന്നേൽക്ക്..നമുക്ക് പോകാം..”

അവൾ അനങ്ങാതെ കിടക്കുകയാണ്..സഹദേവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..കരഞ്ഞു തളർന്ന ആ  മുഖം കണ്ടതും അയാൾക്ക് വല്ലാത്ത വേദന തോന്നി..തന്റെ മകനെ വിശ്വസിച്ചു ആ വീട്ടിൽ കയറി വന്ന പെണ്ണാണ്. ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു..പിന്നീട് എപ്പോഴോ അത് മാറി ഇഷ്ടമായി..സ്നേഹത്തോടെ സംസാരിക്കണമെന്ന് വിചാരിച്ചിട്ടും പലപ്പോഴും സാധിച്ചില്ല….ദുരഭിമാനവും മുൻകോപവും തന്നെ തടഞ്ഞു….

അയാൾ അവളെ  താങ്ങിപിടിച്ചു പുറത്തേക്ക് നടത്തിച്ചു..വരാന്തയിൽ അവളുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെ ഇരിപ്പുണ്ട്..സഹദേവൻ അവരെ നോക്കി..

“എന്റെ മോളെ ഞാൻ  കൊണ്ടു പോവുന്നു..നീയൊന്നും പേടിക്കണ്ട..അവകാശം പറഞ്ഞു കൊണ്ട് ഇനിയിങ്ങോട്ട് വരില്ല…”

അവളെ കാറിൽ  കയറ്റിയിരുത്തി ആയാളും അടുത്തിരുന്നു….ശരത്തിന്റെ കൈയിൽ നിന്നും വാട്ടർബോട്ടിൽ വാങ്ങി തുറന്ന് അവളുടെ നേരെ നീട്ടി..അവൾ കണ്ണും തുറന്ന് പിന്നോട്ട് ചാഞ്ഞിരുന്നതല്ലാതെ അത് വാങ്ങിയില്ല..സഹദേവൻ ഒരു കൈകൊണ്ട് അവളുടെ തലയ്ക്കു പിറകിൽ താങ്ങി…എന്നിട്ട് ബോട്ടിൽ ചുണ്ടോട് അടുപ്പിച്ചു…

“കുടിക്ക് മോളെ,…കുറച്ചെങ്കിലും കുടിക്ക്..” അപേക്ഷയുടെ സ്വരം നിരസിക്കാൻ നന്ദനയ്ക്ക് കഴിഞ്ഞില്ല..ഒരിറക്ക് വെള്ളം കുടിച്ചു…

“മതി അച്ഛാ…എന്നെകൊണ്ട് പറ്റുന്നില്ല..” ആ കണ്ണുകൾ നിറഞ്ഞൊഴുകി..അവൾ തിരിഞ്ഞു പിറകിലേക്ക് നോക്കി..തറവാട് കാഴ്ചയിൽ  നിന്നും മറയുന്നു..അമ്മയുടെ തളർന്ന മുഖം മനസ്സിൽ  തെളിഞ്ഞു വന്നതോടെ  അവൾ പൊട്ടിക്കരഞ്ഞു..സഹദേവൻ അവളെ  നെഞ്ചോട് ചേർത്തു പിടിച്ചു..കരയരുത് എന്ന് പറയാൻ കഴിയില്ല,  അവളുടെ അമ്മയാണ് മരിച്ചു പോയത്…എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയില്ലായിരുന്നു…..

“അങ്ങനെ അമ്മയും പോയി…ഒന്നും എന്റെ അമ്മയ്ക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ എനിക്ക് പറ്റിയില്ല..എന്റെ കുഞ്ഞിനെ കാണണമെന്ന് ആ പാവം ആശിച്ചിട്ടുണ്ടാവില്ലേ? ” കരച്ചിലിനിടയിലൂടെ  അവളുടെ വാക്കുകൾ പുറത്ത് വന്നു…

“ഉണ്ടാവും…നിനക്ക് നല്ലത് വരണമെന്ന് മാത്രമേ അമ്മ ആഗ്രഹിച്ചിട്ടുണ്ടാകൂ…മോളേ, നീ  കരയുന്നത്  വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ദോഷമാണ്..അതിനെന്തെങ്കിലും പറ്റിയാൽ അമ്മയുടെ ആത്മാവിനു സങ്കടമാവും…ആരുമില്ലാതായി  എന്ന തോന്നൽ  വേണ്ട..വിഷ്ണുവുണ്ട്, ഞാനുണ്ട്, പിറക്കാൻ പോകുന്ന കുഞ്ഞുണ്ട്…ഇതൊക്കെയല്ലേ നിന്റെ അമ്മയുടെയും സ്വപ്‌നങ്ങൾ?..ഏതെങ്കിലും ലോകത്തിരുന്ന് അവർ  നിന്നെ കാണുന്നുണ്ടാകും…”

തന്റെ ശബ്ദമിടറുന്നത്, സഹദേവൻ അറിഞ്ഞു…അയാൾ  നന്ദനയെ ഒന്നുകൂടെ  ചേർത്തു പിടിച്ചു..കാലങ്ങളായി  ഹൃദയത്തിനുള്ളിലെങ്ങോ മരവിച്ചു കിടന്ന  പിതൃവാത്സല്യം തന്റെ  കണ്ണുകളിലൂടെ  ഒഴുകിയിറങ്ങുന്നത്  അയാളറിഞ്ഞു…ഇത് മരുമകൾ അല്ല, എന്റെ മകളാണ്…അതെ, എന്റെ പൊന്നുമോൾ….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…