അർജുന്റെ കാൾ വരുമ്പോൾ നീരജ് തന്റെ പുതിയ ഗേൾ ഫ്രണ്ടിനൊപ്പം ഒരു പാർട്ടിക്കിടയിൽ നിൽക്കുകയായിരുന്നു…

സ്വപ്നം പോലെ…

Story written by Ammu Santhosh

============

“എനിക്ക് തന്റെ എക്സ് ബോയ്ഫ്രണ്ടിനെ ഒന്ന് മീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്. നമ്പർ ഉണ്ടാവുമല്ലോ? ഒന്ന് വിളിച്ചു ചോദിച്ചു ടൈം ഫിക്സ് ചെയ്യ് “

അർജുൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അമല ഒന്ന് പതറി. ചെറുതായി വിളറുകയും ചെയ്തു

“അതൊക്കെ ക്ലോസ്ഡ് ചാപ്റ്റർ അല്ലെ അർജുൻ?എന്തിനാ വെറുതെ..”

“ശ്ശെടാ താൻ എന്തിനാ പേടിക്കുന്നെ? നിങ്ങൾ ശത്രുക്കൾ അല്ലല്ലോ സുഹൃത്തുക്കൾ ആണ് താനും. എന്തായാലും കല്യാണം കഴിഞ്ഞ് പാർട്ടിക്കൊക്കെ പോവുമ്പോൾ കാണുമല്ലോ. തന്റെ എല്ലാ ഫ്രണ്ട്സിനെയും ഞാൻ പരിചയപ്പെട്ടു എന്റെ ഫ്രണ്ട്സിനെ താനും…പിന്നെ എന്താ പ്രശ്നം?”

” പ്രശ്നം ഒന്നുല്ല. നീരജ് ഒരു പ്രത്യേകതരം ആണ്. ബീഹെവ് ചെയ്യാൻ ശരിക്കറിയില്ല. ഞങ്ങൾക്കിടയിലെ വഴക്കുകളും അത് തന്നെ ആയിരുന്നു. അവനെ സംബന്ധിച്ച് കല്യാണം എന്ന കാഴ്ചപ്പാട് തന്നെ പുച്ഛം ആണ് , ജീവിക്കുന്നെങ്കിൽ ഒരു ലിവിങ് ടുഗെതർ അല്ലെങ്കിൽ ബ്രേക്ക്‌ അപ്പ്‌ എന്നൊക്കെ കൂടി പറഞ്ഞപ്പോൾ ഞാൻ തന്നെ ആണ് പിന്മാറിയത്. അർജുൻ പറയും പോലെ എനിക്ക് അയാളോട് ഇപ്പൊ സൗഹൃദം ഇല്ല..എന്നെ ഒത്തിരി വേദനിപ്പിച്ചു കടന്ന് പോയ ഒരു മുറിവാണ് അത് “അവളുടെ മുഖം വാടി

“ഹേയ്..ഡോണ്ട് ഗെറ്റ് അപ്സെറ്റ്. ഇതൊക്കെ എന്നോട് മുന്നേ പറഞ്ഞിട്ടുണ്ടല്ലോ..അമ്മു അയാളെ കല്യാണം ക്ഷണിച്ചിട്ടില്ല എന്ന് എനിക്ക് അറിയാം..എനിക്ക് അയാളെ ക്ഷണിക്കണം. എന്തിനാ വെറുതെ ഒരു അകൽച്ച..ആ കരട് അങ്ങനെ ഇരിക്കണ്ട..നമുക്ക് ഒന്നിച്ചു പോയി വിളിക്കാം അമ്മുക്കുട്ടി “

അവൾ ചിരിച്ചു

“ഞാൻ നമ്പർ തരാം അർജുൻ വിളിക്കു. എന്നിട്ട് സംസാരിക്കു. ഞാൻ വരുന്നില്ല “

അർജുൻ തെല്ല് ആലോചിച്ചു.

“ഒകെ ഗിവ് മി ” അവൾ നമ്പർ കൊടുത്തു

അർജുന്റെ കാൾ വരുമ്പോൾ നീരജ് തന്റെ പുതിയ ഗേൾ ഫ്രണ്ടിനൊപ്പം ഒരു പാർട്ടിക്കിടയിൽ നിൽക്കുകയായിരുന്നു

“എന്റെ പേര് അർജുൻ. ഞാൻ അമലയുടെ ഫിയാൻസിയാണ്. ക്യാൻ ഐ മീറ്റ് യൂ?”

നീരജ് ഒരു നിമിഷം നിശബ്ദനായി. തന്റെ അരയിൽ ചുറ്റിയിരുന്ന പെൺകുട്ടിയുടെ കൈ എടുത്തു മാറ്റിയിട്ട് അവൻ പാർട്ടി റൂമിന്റെ പുറത്തേക്ക് നടന്നു

അമല

ഒരു ചിത്രശലഭം നെഞ്ചിൽ ചിറകടിച്ചു പറക്കും പോലെ..

ഉണ്ണി എന്നൊരു വിളിയൊച്ച കാതിൽ വീണത് പോലെ

അമ്മ വിളിക്കും പോലായിരുന്നു അവളും വിളിച്ചു കൊണ്ടിരുന്നത്

ഉണ്ണീ….എന്ന്

“ഹലോ നീരജ് “

“ഹലോ ” വീണ്ടും ശബ്ദം കേട്ടപ്പോൾ അയാൾ പെട്ടെന്ന് പ്രതികരിച്ചു

“എപ്പോ ഫ്രീ ആകും?”

“നിങ്ങൾ എന്തിനാ ഇപ്പൊ എന്നെ കാണുന്നത്?” പെട്ടെന്ന് അങ്ങനെ ചോദിക്കാൻ ആണ് അവന് തോന്നിയത്.

മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി കേട്ടു

“ചൂടാവല്ലേ മാഷേ..നമുക്ക് ഒരു അഞ്ചു മിനിറ്റ് കാണാം..നാളെ വൈകുന്നേരം അഞ്ചു മണിക്ക് കോഫീ ഡെയിലിൽ വെച്ച്. വരണം. ഐ വിൽ ബി ദേയർ “

ഫോൺ കട്ട്‌ ആയി

അവന് ആകെ ഒരു പരിഭ്രമം തോന്നി പെണ്ണുങ്ങൾ പുതുമ ഒന്നുമല്ല

പലരുടെയും പേര് മുഖം ഒന്നും ഓർമയില്ല

പക്ഷെ അമല

അവൾ വ്യത്യസ്തയായിയിരുന്നു. ഒരു പാട് എല്ലാത്തിലും

തന്റെ ജീവിതത്തിൽ അങ്ങനെ ഒരു പെണ്ണ് ഉണ്ടായിട്ടില്ല. പക്ഷെ തന്റെ ചിന്താഗതി അല്ലായിരുന്നു അവൾക്ക്

ഒന്നിൽ പോലും പൊരുത്തമില്ല

ഒന്നിച്ചു എവിടെ എങ്കിലും ടൂർ പോവണം ന്ന് പറഞ്ഞാൽ പറയും അതൊക്കെ കല്യാണം കഴിഞ്ഞിട്ട്

പാർട്ടികളിൽ ഒപ്പം കൂട്ടാൻ ശ്രമിച്ചാൽ പറയും ക ള്ള് പാർട്ടി അല്ലെ ഞാൻ ഇല്ല

പെണ്ണുങ്ങൾ ഡ്രിങ്ക്സ് കഴിക്കും അമലാ എന്ന് പറഞ്ഞാൽ പറയും ഡ്രിങ്ക്സ് കഴിക്കാത്ത ആണുങ്ങൾ ഉണ്ടല്ലോ

സ്‌മോക്കിങ് ഒരു പാപമല്ല എന്ന് പറഞ്ഞാൽ ഉടനെ മറുപടി വരും അതിന്റെ മണം എനിക്ക് ശര്ദില് വരും. എന്റെ വീട്ടിൽ ആരും ഇങ്ങനെ ഒന്നുമല്ല

ദേഷ്യം വരും

വഴക്ക് ആവും

പിണങ്ങിയിരിക്കും

അവൾ തന്നെ വന്നു മിണ്ടും “ഉണ്ണിക്കുട്ടന് ദേഷ്യം ആണോ?” കള്ളച്ചിരി ഉണ്ടാകും

എപ്പോഴോ അവളെ തനിക്ക് മടുത്തു. ഒന്നിനും സമ്മതിക്കാതെ ഒരു സ്വാതന്ത്ര്യവും ഇല്ലാതെ സദാ കല്യാണം എപ്പോഴാ എന്ന് ചോദിച്ച്…ഒഴിവാക്കുകയായിരുന്നു. അപ്പോഴത്തെ ഒരു മടുപ്പിൽ ചെയ്തതാണ്..

പക്ഷെ പിന്നീട് അവൾ പോയി കുറച്ചു നാളൊക്കെ കഴിഞ്ഞപ്പോ ഒരു ശൂന്യത..ആദ്യമൊക്കെ മനസിലായില്ല. പിന്നെ തിരിച്ചറിഞ്ഞു അവൾ ആഴത്തിൽ വേര് പടർത്തിയ വൃക്ഷം പോലെ തന്നിൽ..

അപ്പോഴേക്കും അവളുടെ കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞു പിന്നെ മറക്കാൻ ശ്രമിച്ചു

പുതിയ പെൺകുട്ടികൾ..

പുതിയ സ്ഥലങ്ങൾ

പക്ഷെ ജീവിതം അമലയ്ക്ക് ശേഷവും മുൻപും എന്ന് മാറ്റിയെഴുതിയ പോലെ.

നീരജ് വരുമെന്ന് ഉറപ്പില്ലെങ്കിലും അർജുൻ പറഞ്ഞ സമയം തന്നെ ചെന്നു. അവന്റെ പ്രതീക്ഷകൾ തെറ്റി. നീരജ് അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു

“അർജുൻ “അവൻ കൈ നീട്ടി

“നീരജ് ” അവന്റെ ശബ്ദം ഒന്ന് അടച്ചു

അർജുൻ കാണാൻ സുന്ദരനായ ചെറുപ്പക്കാരനായിരുന്നു. നല്ല ഒരു സുഗന്ധം അവനെ ചൂഴ്ന്നു നിന്നു. തെളിച്ചമുള്ള കണ്ണുകൾ. തന്റെ പോലെ മ ദ്യപിച്ചു ചുവന്ന കണ്ണുകളല്ല അവന് നീരജ് ഓർത്തു

“കോഫീ പറയട്ടെ?” നീരജ് തലയാട്ടി

“രണ്ടു കോഫീ ” അർജുൻ വെയിറ്ററോടു പറഞ്ഞു

അർജുൻ വെഡിങ് ഇൻവിറ്റേഷൻ നീട്ടി

“നീരജ് വരണം. ഈ വരുന്ന പതിനാലിനാണ് “

നീരജിന് പെട്ടെന്ന് അവനോട് ഒരു സ്നേഹം തോന്നി

നല്ലവനാണ് അമലയ്ക്ക് ചേരും

“അമ്മുവിനോട് അടുപ്പമുള്ള എല്ലാരേയും ഞങ്ങൾ ഒന്നിച്ചാണ് വിളിച്ചത്. നീരജിനെ വിളിക്കാൻ അവൾക്ക് മടി. ചിലപ്പോൾ എനിക്ക് എന്ത് തോന്നും എന്ന് കരുതി ആവും.”

നീരജ് ഇൻവിറ്റേഷൻ തുറന്നു നോക്കി മനോഹരമായ ഒന്ന്

അവൻ പുഞ്ചിരിച്ചു

“ഞാൻ വരും. “

“താങ്ക്യൂ “

അർജുൻ പുഞ്ചിരിച്ചു

കോഫീ കുടിച്ചു പിരിയാൻ തുടങ്ങുമ്പോൾ നീരജ് അവന്റെ വിരലുകളിൽ ഒന്ന് തൊട്ടു

“നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും നല്ല മനസ്സുണ്ടായത്? എങ്ങനെയാണ് എന്നെ ക്ഷണിക്കാൻ തോന്നിയത്?”

“ഞാൻ അമ്മുവിനെ സ്നേഹിക്കുന്നു “

അർജുൻ മെല്ലെ പറഞ്ഞു. ഒന്ന് നിർത്തി തുടർന്നു

“നിങ്ങളെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. അവളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം അവളുടെ പ്രിയമുള്ളവരെല്ലാം ഉണ്ടാവും. നിങ്ങൾ കൂടി ഉണ്ടെങ്കിൽ അവൾക്ക് കൂടുതൽ സന്തോഷം ആവും. ഒരു ജീവിതം തുടങ്ങുമ്പോൾ എല്ലാവരുടെയും അനുഗ്രഹം വേണം, പ്രാർത്ഥന വേണം. നിങ്ങളുടെയും “

നീരജിന്റ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവൻ മുന്നോട്ടാഞ്ഞവനേ കെട്ടിപിടിച്ചു

“അവൾ പാവമാണ് “അവൻ ഇടറിയ ഒച്ചയിൽ പറഞ്ഞു

“അറിയാം..”അർജുൻ ചിരിച്ചു

നീരജ് ഒരു നിമിഷം കൂടി അങ്ങനെ നിന്നിട്ട് പെട്ടെന്ന് കാറിനരികിലേക്ക് നടന്നു. പിന്നെ എന്തൊ ആലോചിച്ചു നിന്നിട്ട് തിരിഞ്ഞ് അവനരികിൽ വന്നു

“Arjun…you are the real man..She deserves you..Congrats “

അർജുൻ പുഞ്ചിരിച്ചു

പിന്നെ നീരജിനെ ചേർത്ത് പിടിച്ചു കാറിനരികിലേക്ക് നടന്നു

~അമ്മു സന്തോഷ്