Story written by Shincy Steny Varanath
=============
ഇരിക്കുന്ന ഇരിപ്പുകണ്ടില്ലേ…വല്ല സങ്കടവുമുണ്ടോന്ന് നോക്ക്…അല്ലേലും അവളുടെ കുഞ്ഞല്ലല്ലോ പോയത്…ഒരു വികാരവുമില്ലാത്തൊരു സാധനം…സുമതി, സുപ്രിയ ഇരിക്കുന്ന മുറിയിൽ വന്നു നോക്കിയിട്ടു പറഞ്ഞു.
സുമതിയുടെ മൂത്തമകൻ്റെ മോൻ ആദി സ്കൂളിൽ പോയിട്ട് തിരികെ എത്തിയില്ല. സ്കൂളിലന്വേഷിച്ചപ്പോൾ അന്ന് അവിടെ ചെന്നിട്ടുമില്ല. മധുവിൻ്റെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് ആദി. ആദ്യ ഭാര്യയുടെ മരണശേഷം വിവാഹം കഴിച്ചതാണ് സുപ്രിയയെ. ഇപ്പോൾ ഇവർക്ക് ഒരു വയസ്സുകാരി ദിയ മോളും ഉണ്ട്.
അനിയൻ്റെ കുടുംബത്തോടൊപ്പമാണ് താമസമെങ്കിലും, ആദിയെ കാണാതായപ്പോൾ മുതൽ സുമതി കുത്തും കോളും വെച്ച് പിറുപിറുത്തു കൊണ്ട് സുപ്രിയയുടെ പുറകെയാണ്. മധുവും സഹോദരങ്ങളുമെല്ലാം കുട്ടിയെ അന്വേഷിച്ച് നടക്കുവാണ്.
ഇരിപ്പുറക്കാതെ വീണ്ടും സുപ്രിയയെ തേടി സുമതി ചെല്ലുമ്പോൾ, ദിയമോളെ തട്ടി ഉറക്കുവാണ്.
“സ്വന്തം കുഞ്ഞാണെങ്കിൽ അവളിങ്ങനെ കിടക്കുവോ…ഒരു കൂസലുമില്ലാതെ കിടക്കണ കണ്ടില്ലേ…എൻ്റെ ചങ്ക് പൊടിയുവാ…എൻ്റെ കുഞ്ഞ് പോയാലെന്താ, അവൾക്ക് സൗകര്യമായില്ലേ…അവൾക്കും കുഞ്ഞിനും സുഖിച്ച് ജീവിക്കാല്ലോ…” സുമതി കത്തിക്കേറുവാണ്.
സുമതിയേപ്പോലും ഞെട്ടിച്ചു കൊണ്ട് സുപ്രിയ ചാടി എഴുന്നേറ്റു, ”നിങ്ങളെന്താ പറഞ്ഞത്, എനിക്ക് കൂസലില്ലെന്നല്ലേ…സങ്കടമില്ലെന്ന്…പിന്നെ ഒരു വികാരവുമില്ലെന്ന്…ശരിയാ…നിങ്ങളീപ്പറഞ്ഞതൊക്കെ എനിക്ക് നിങ്ങടെ മോൻ താലികെട്ടിയ അന്ന് നഷ്ടപ്പെട്ടത…എനിക്കും ഒരു മോനുള്ള കാര്യം നിങ്ങള് സൗകര്യപൂർവ്വം മറന്നുകളഞ്ഞില്ലായിരുന്നോ അന്ന്. എൻ്റെ കുഞ്ചൂനെ…എൻ്റെ മോനെ കൂടെ നിർത്താൻ പറ്റില്ലെന്ന് ഏറ്റവും അധികം വാശി ഒരമ്മയായ നിങ്ങൾക്കല്ലായിരുന്നോ…വല്ലവൻ്റം കുഞ്ഞിനെ പോറ്റാൻ നിങ്ങടെ മോനെ കിട്ടില്ലെന്ന്…അന്ന് പൊടിഞ്ഞില്ലായിരുന്നല്ലോ ഈ ചങ്ക്…അവൻ നിങ്ങടെ സ്വന്തമല്ലാത്തതുകൊണ്ടാകുമല്ലേ…”
”വേറൊരു ജീവിതം ഇനി എനിക്ക് വേണ്ടാന്നും, ഇനി വേണെന്ന് തോന്നിയാലും എൻ്റെ മോനില്ലാതെയൊരു ജീവിതം സ്വപ്നത്തിൽ പോലും പറ്റില്ലെന്നു ” കരഞ്ഞു പറഞ്ഞിട്ടും ആരും കേട്ടില്ല. ആങ്ങളമാർക്കൊരു ബാധ്യതയാകാതിരിക്കാൻ എന്നെ വേറെ കെട്ടിക്കാനായിരുന്നു എല്ലാവർക്കും തിടുക്കം.
ജാതകത്തിൻ്റെ പേരും പറഞ്ഞ് 18 വയസ്സ് തികഞ്ഞപ്പോൾ ഒന്ന് ബാധ്യതയൊഴുവാക്കിയവർക്ക് അറിയാല്ലോ, കെട്ടിയോൻ മരിച്ച് തിരികെ വന്ന് നിൽക്കുന്നവൾ ജോലി മേടിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള സാധ്യതയൊന്നുമില്ലാന്ന്…അല്ലേൽ പിന്നേം പഠിപ്പിക്കണം. അതിലൊക്കെ എളുപ്പം ഒന്നൂടെ കെട്ടിക്കലാണല്ലോ…
നിങ്ങളുടെ മോൻ്റെ ആലോചനയും ഡിമാൻ്റും കേട്ടപ്പോൾ കരഞ്ഞ് പറഞ്ഞതാ, പറ്റില്ലെന്ന്…മോനില്ലാതെ ഒരു ദിവസം പോലും ജീവിക്കാനാകില്ലെന്ന്…ആര് കേൾക്കാൻ. ഇത്ര നല്ല ബന്ധം രണ്ടാം കെട്ടിൽ കിട്ടില്ലെന്ന്…വീട്ടിൽ നിർത്തി അവര് നോക്കിക്കോളാന്ന് എൻ്റെ മോനെ…നിങ്ങടെ മോനെ കെട്ടാൻ സമ്മതിക്കാനും ഞാൻ കൊണ്ടു കുറേ അടി…ആ ത്മഹത്യാ ഭീഷണി. എല്ലാരും കൂടി തടവിലാക്കില്ലേ…നിങ്ങളോ മോനോ എൻ്റെ ഇഷ്ടത്തെക്കുറിച്ച് ചോദിച്ചോ???കല്യാണത്തലേന്ന് എൻ്റെ മോനെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞതാ…പിന്നെ ഞാൻ കരഞ്ഞിട്ടില്ല…കരയാൻ അതിലും വലുതൊന്നും ഇനി എൻ്റെ ജീവിതത്തിൽ നടക്കാനുമില്ല…എന്നെപ്പോലെ തന്നെ ഒരു മോനുണ്ടായിരുന്ന മധുവേട്ടന് രണ്ടാം കെട്ടിൽ മോനെ നഷ്ടപ്പെട്ടില്ല…അവന് അച്ഛനെം അമ്മേനെം കിട്ടി. എൻ്റെ മോന് ആരുമില്ലാതായി. സ്വന്തം മോനെപ്പോലെ നോക്കണം എന്ന് എപ്പഴും നിങ്ങള് പറയൂല്ലോ, എൻ്റെ മോനെ അനാഥനാക്കിയിട്ടാണ് നിങ്ങടെ ഉപദേശം…അവൻ്റെ വാശിക്ക് ഞാനെന്തെങ്കിലും വഴക്കു പറഞ്ഞാൽ രണ്ടാനമ്മയായതുകൊണ്ടാന്ന് പറഞ്ഞ് കുഞ്ഞ് മനസ്സിൽ വി ഷവും കുത്തിവെയ്ക്കും. എല്ലാം ഉള്ളിലൊതുക്കി രണ്ട് വർഷമായി ഞാൻ ചത്ത് ജീവിക്കുന്നത് “
“ഒരു വികാരവുമില്ലാത്തതെന്ന് മധുവേട്ടനും ഇടയ്ക്കിടെ പറയാറുണ്ട്. ശരിയാ ഒരു വികാരവും എനിക്കില്ല. എൻ്റെ മോൻ അമ്മാവൻ്റെം അമ്മായിടെം അടീം കൊണ്ട്, സ്വന്തമായൊരു ഇഷ്ടവും പറയാൻ അവകാശമില്ലാതെ അധിക പറ്റായി ജീവിക്കുകയാണല്ലോന്നോർക്കുമ്പോൾ എനിക്കെന്ത് വികാരമാണ് ഉണ്ടാകേണ്ടത്. ആദീടെ ക്ലാസും റ്റ്യൂഷനും, വീട്ടിലുള്ളവരുടെ സൗകര്യവുമെല്ലാം പരിഗണിച്ച് വല്ലപ്പോഴുമൊന് വീട്ടിൽ ചെല്ലുമ്പോൾ, അമ്മേടെ മടിയിലൊന്ന് കിടക്കാൻ കൊതിയായിന്ന് എൻ്റെ മോൻ പറയുമ്പോൾ ഞാനൊരു കല്ലായിപ്പോകുന്നതിലെന്താ അത്ഭുതം. തിരികെപ്പോരുമ്പോൾ ഞങ്ങളൊന്നു വിളിച്ചിരുന്നെങ്കിൽ എന്നോർത്ത് നോക്കി നിൽക്കുന്ന എൻ്റെ മോനെ കണ്ടിട്ട് പോരുന്ന ഞാനെങ്ങനെയൊക്കെ നിങ്ങളെ സന്തോഷിപ്പിക്കണം. നിങ്ങൾക്ക് കൊച്ചുമകനെ കുറച്ചു നേരം കാണാതിരുന്നപ്പോൾ സങ്കടം, മകനെ കാണാതായപ്പോൾ മധുവേട്ടന് പരവേശം…ഇനിയെങ്കിലും നിങ്ങൾക്ക് എന്നെ മനസ്സിലാകുവോ…ഇതും എൻ്റെ മകനാ…അതും എൻ്റെ മകനാ…എനിക്ക് രണ്ട് പേരും വേണം…” അലറിക്കരഞ്ഞ് സുപ്രിയ കട്ടിലിലേയ്ക്ക് വീണു.
സുമതി, സുപ്രിയയുടെ ഇതുവരെ കാണാത്ത ഭാവ പകർച്ചയിൽ ഞെട്ടിത്തരിച്ച് നിൽക്കുവാണ്.
മൊബൈലിൽ ഗെയിം കളിക്കുന്നതിന് അച്ഛൻ വഴക്കു പറഞ്ഞിതിന് നടുവിടാൻ പോയതാണ് ആദി, റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തീന്ന് അറിഞ്ഞ വിവരം പറയാൻ വന്ന മധുവിൻ്റെ അനിയൻ്റ ഭാര്യ സന്ധ്യ, സുപ്രിയയുടെ സംസാരം മുഴുവൻ കേട്ടു. അവര് സുമതിയെം കൂട്ടി പുറത്തിറങ്ങി.
പോലീസ് സ്റ്റേഷനിൽ നിന്ന് ആദിയെം കൂട്ടി തിരികെ വരുമ്പോൾ മധുവിൻ്റെ ഒരു കൈയിൽ കുഞ്ചുവുമുണ്ടായിരുന്നു…
സുപ്രിയയും ദിയമോളും കിടക്കുന്ന മുറിയിലേയ്ക്ക് മധു ചെല്ലുമ്പോൾ, സുപ്രിയയുടെ കണ്ണീര് തോർന്നിട്ടില്ലായിരുന്നു.
പ്രിയാ…എഴുന്നേൽക്ക്…മതി കരഞ്ഞത്…
”നീയെന്താ എന്നോടൊന്നും പറയാതിരുന്നത്…ഇത്രയും സങ്കടം ഉള്ളിലുണ്ടായിരുന്നെങ്കിൽ എന്നോടൊന്ന് സൂചിപ്പിക്കെണ്ടായിരുന്നോ…അമ്മയോട് നീ ഇന്ന് പറഞ്ഞതെല്ലാം സന്ധ്യ പറഞ്ഞു ” സുപ്രിയയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മധു പറഞ്ഞു.
”സ്വന്തം മകനെ കൂടെ നിർത്തണമെന്ന് അറിയാത്ത അച്ചനല്ലല്ലോ മധുവേട്ടൻ…മാറ്റിനിർത്തുന്ന കാര്യം ചിന്തിക്കാനും ആകില്ലല്ലോ…അതുപോലല്ലേ ഞാനെന്ന് ഇതുവരെ ചിന്തിക്കാത്തതെന്തേ…” എഴുന്നേൽക്കുന്നതിനിടയിൽ സുപ്രിയ ചോദിച്ചു.
”തെറ്റ് പറ്റിപ്പോയെടി…ക്ഷമിക്ക്. ഇങ്ങനൊന്നും ചിന്തിച്ചില്ല. മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം ആയിക്കാണുന്നത് ചിന്തിക്കാനും കൂടി ആയില്ല എന്നതും ഒരു കാരണമാണ്. നിനക്ക് എതിർപ്പുണ്ടോന്ന് ചോദിക്കാനും പറ്റീല്ല. നിൻ്റെം കുഞ്ചൻ്റെ കണ്ണീരാകും, നമ്മള് ആദീനെ ഇത്രേം സ്നേഹിച്ചിട്ടും നമ്മളെ ഓർക്കാതെ ഓടിപ്പോകാൻ അവന്ന് തോന്നിച്ചത് എന്നിപ്പോൾ തോന്നിപ്പോകുവാ…
എല്ലാം നല്ലതിനാടി..ആദി ഇങ്ങനൊന്ന് നമ്മളെ പേടിപ്പിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും ഇനിയും ചിന്തിക്കില്ലായിരുന്നു…തെറ്റിൻ്റെ കാലം ഇനിയും നീണ്ട് പോയെനെ…ചിലപ്പോൾ കുഞ്ചൂന് അമ്മേനെ ഒരിക്കലും തിരികെ കിട്ടാതെയും വന്നേനെ…
നീ വാ…നമ്മുടെ രണ്ട് മക്കളും പുറത്തുണ്ട്. തിരികെ വരുന്ന വഴി നിൻ്റെ വീട്ടിൽ കേറി കുഞ്ചൂനെ കൂട്ടി. ഇനി അവൻ ഇവിടെ കാണും, നമ്മുടെ മകനായി…ആദിടെം ദിയമോടെം ചേട്ടായിയായി…രണ്ട് വർഷം കുഞ്ഞൂന് നഷ്ടപ്പെട്ട സ്നേഹം ഇനിയുള്ള കാലം നമ്മുക്ക് കൊടുത്ത് വീട്ടാം…നീ എൻ്റെ മോൻ്റെ അമ്മയായപ്പോൾ ഞാൻ കുഞ്ചൂന് അച്ഛനാകേണ്ടതായിരുന്നു…ഞാൻ മാറി ചിന്തിച്ചിരുന്നെങ്കിൽ എത്രയോ സ്വർഗ്ഗമായേനെ നമ്മുടെ വീടെന്ന് ഞാനിപ്പോഴാ ചിന്തിക്കുന്നത്. നിൻ്റെ ചിരിയും എനിക്ക് കാണാമായിരുന്നു…ഇനി ദിയ മോള് രണ്ട് ചേട്ടൻമാരുടെ പുന്നാര അനിയത്തിയായി വളരട്ടെ… ” മധു ചേർത്ത് പിടിച്ച് പറഞ്ഞു നിർത്തുമ്പോൾ വലിയൊരു സ്വപ്നം കൈയിൽ വന്നു ചേർന്നുന്ന് വിശ്വസിക്കാനാവാതെ മുഖം പൊത്തിക്കരയുകയായിരുന്നു സുപ്രിയ.
സന്തോഷത്താൽ ആ കണ്ണുകൾ ആദ്യമായി നിറഞ്ഞൊഴുകി…